ഹോം സ്‌കൂള്‍ പഠനത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ പ്രൈവറ്റ് ട്യൂട്ടര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. സഞ്ജീവ് മിത്തല്‍ എന്ന 49കാരനാണ് ശിക്ഷ ലഭിച്ചത്. മണിക്കൂറിന് 50 പൗണ്ട് വീതം ഫീസ് നല്‍കിയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ഇയാളുടെ സേവനം തേടിയിരുന്നത്. എട്ടും പത്തും വയസുള്ള കുട്ടികളെയാണ് 11-പ്ലസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചത്. എഡ്ജ്ബാസ്റ്റണിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആ കുട്ടിയുടെ വീട്ടില്‍വെച്ചു തന്നെയായിരുന്നു. കുട്ടിയുടെ അമ്മ അടുത്ത മുറിയില്‍ ഉള്ളപ്പോളായിരുന്നു സംഭവം. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്.
2016 നവംബര്‍ 24ന് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ എന്‍എസ്പിസിസിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ചാരിറ്റി നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനിടക്ക് തന്റെ പാദങ്ങളിലും കാലുകളിലും ഇയാള്‍ സ്പര്‍ശിക്കുമായിരുന്നെന്ന് ഒരു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. 2013നും 2015നുമിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 26ന് മിത്തല്‍ അറസ്റ്റിലായി.
കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ 2017 ജൂണ്‍ 19ന് ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ക്ക് തന്നോടുള്ള വിരോധമാണ് ഈ ആരോപണങ്ങള്‍ക്ക് കാരണമെന്നായിരുന്നു മിത്തല്‍ പ്രതികരിച്ചത്. കുറ്റങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തു. സ്പര്‍ശനത്തിലൂടെയുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ 9 കൗണ്ടുകള്‍ ഇയാള്‍ക്കെതിരെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച ചുമത്തി. ജെഎസ് ഹോം ട്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു കണക്കില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയായ ഇയാള്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചെന്നൈ: ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ജെസ്‌നയുടെ തിരോധാന അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
19 നും 21 നും മധ്യേ പ്രായം തോന്നിക്കുന്ന, പല്ലില്‍ കമ്പിയിട്ടിരിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട റാന്നിയില്‍ നിന്ന് കാണാതായ ജെസ്‌നയുമായി ഈ രണ്ടു ലക്ഷണങ്ങളും സമാനമായതോടെയാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ ഇതുവരെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭ്യമായിരുന്നില്ല. പിന്നീട് അന്വേഷണത്തിനായി പ്രത്യേക സംഘം ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയും അടുത്തിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ ഒരു യുവാവിനൊപ്പം ജെസ്‌നയെ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ സംഘം അവിടെയെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.
ഗ്രേറ്റ് യാര്‍മൗത്തില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പലില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ കുടുങ്ങിയിട്ട് 15 മാസത്തിലേറെയാകുന്നു. മലാവിയ ട്വന്റി എന്ന കപ്പലാണ് 2017 ഫെബ്രുവരി മുതല്‍ തുറമുഖത്ത് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓഫ്‌ഷോര്‍ സപ്ലൈ വെസലായ ഇതിന്റെ ക്യാപ്റ്റനായ നികേഷ് റസ്‌തോഗിയാണ് കപ്പല്‍ ഉപേക്ഷിച്ചു പോകാനാകാതെ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കമ്പനി തകര്‍ന്നതോടെ ജീവനക്കാരെ നിയോഗിക്കുന്ന ഏജന്റും സേവനം അവസാനിപ്പിച്ചു. 2018 ജനുവരി മുതല്‍ പുതിയ കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വന്നതോടെ ജീവനക്കാരെ പിന്‍വലിക്കുകയായിരുന്നു. ഇന്ത്യക്കാരായ ജീവനക്കാരെല്ലാം ഇതോടെ നാട്ടിലേക്ക് മടങ്ങി.
2017 സെപ്റ്റംബറില്‍ ആറ് മാസത്തെ കോണ്‍ട്രാക്ടില്‍ ജോലിക്ക് കയറിയ രണ്ട് ജീവനക്കാരും ക്യാപ്റ്റനും മാത്രമാണ് ഇപ്പോള്‍ കപ്പലില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തനിക്കും തന്റെ ജീവനക്കാര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ റസ്‌തോഗി പറഞ്ഞു. റൂട്ടീന്‍ മെയിന്റനന്‍സുകളും ഡ്രില്ലുകളും നടത്തി സമയം ചെലവഴിക്കുകയാണ് ഇവര്‍. കപ്പലിനുള്ളില്‍വെച്ചാണ് ഇവര്‍ ക്രിസ്തുമസ് ആഘോഷിച്ചത്. വീട്ടുകാരുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുന്നുണ്ട്. 2016ല്‍ റസ്‌തോഗിക്ക് മുമ്പുള്ള ക്രൂവുമായി ബന്ധപ്പെട്ടാണ് കപ്പലിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 2015 ഒക്ടോബര്‍ മുതല്‍ കപ്പലിലെ 33 ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടറായ പോള്‍ കീനാന്‍ പറഞ്ഞു.
2016 നവംബറില്‍ ഇതേത്തുടര്‍ന്ന് ഐടിഎഫ് കപ്പല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കപ്പല്‍ വിട്ടുനല്‍കണമെങ്കില്‍ നടത്തിപ്പുകാര്‍ 688,000 അമേരിക്കന്‍ ഡോളര്‍ അടക്കണമെന്ന് അറിയിപ്പ് നല്‍കി. മാനിംഗ് ഏജന്റിന്റെ ബാങ്കായ ഐസിഐസിഐയെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിഖയും ഈ തുകയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ശമ്പളക്കാര്യത്തില്‍ സ്തംഭനാവസ്ഥയാണെന്ന് യൂണിയന്‍ അറിയിച്ചു. കപ്പല്‍ വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ഈ ബാധ്യതകള്‍ തീര്‍ക്കാനാകും. എന്നാല്‍ ഗ്രേറ്റ് യാര്‍മാത്ത് തുറമുഖം കപ്പല്‍ 19-ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഉപയോഗിച്ച് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. തുറമുഖം ഉപയോഗിച്ചതിന്റെ ഫീസ് ഉള്‍പ്പെടെയുള്ള കുടിശിഖത്തുകയുടെ മൂന്നിരട്ടിയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചെങ്ങന്നൂരിൽ ഇടത് തരംഗം. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.
മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.
മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.
മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉം ചെന്നിത്തലയിൽ 2353 ഉം ചെറിയനാട് 2485 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.
181 ബൂത്തകളാണ് ആകെയുള്ളത്.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.
പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.
കൈരാന: യു.പിയിലെ കൈരാനയില്‍ പ്രതിപക്ഷ ഐക്യം നേടിയ ചരിത്രവിജയം ആഘോഷിച്ച് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുകയാണ് എന്നു പറഞ്ഞാണ് തബസും പ്രതികരിച്ചത്.
‘ഇത് സത്യത്തിന്റെ വിജയമാണ്. ഞാനിപ്പോഴും പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ഇവിടെ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. ഇനിയൊരു തെരഞ്ഞെടുപ്പും ഇ.വി.എം മെഷീന്‍ ഉപയോഗിച്ച് നടത്തേണ്ടെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. 2019ല്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വഴി തുറന്നിരിക്കുന്നു.’ എന്നാണ് അവര്‍ പറഞ്ഞത്.
60000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൈരാനയില്‍ തബസും മുന്നേറിക്കൊണ്ടിരിക്കുന്നത്. 271130 വോട്ടുകളാണ് തബസും നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൃഗംഗ സിങ്ങിന് 212845 വോട്ടുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ദളിത് പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിന് കിട്ടിയ ശിക്ഷയാണിതെന്നാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രികൂടിയായ ഓം പ്രകാശ് രാജ്ഭര്‍ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പറഞ്ഞത്.
2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ രൂപംകൊണ്ട പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാവും ഈ ഉപതെരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയെ സംബന്ധിച്ച് ഈ സീറ്റ് നഷ്ടമാകാതെ നിലനിര്‍ത്തുകയെന്നത് ആവശ്യമായിരുന്നു.
ബി.ജെ.പി എം.പി ഹുക്കും സിങ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഹുക്കുംസിങ്ങിന്റെ മകളാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയാണ് തബസും ഹസന്‍ മത്സരിച്ചത്. മെയ് 28നാണ് കൈരാനയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014നുശേഷം യു.പിയില്‍ നടക്കുന്ന നാലാമത്തെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പാണ് കൈരാനയിലേത്.
ഇ.വി.എം തകരാറിനെത്തുടര്‍ന്ന് കൈരാന വോട്ടെടുപ്പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ശാംലി ജില്ലയില്‍ ഉള്‍പ്പെടെ പല ബൂത്തുകളിലും കഴിഞ്ഞദിവസം റീ പോളിങ് നടത്തുകയും ചെയ്തിരുന്നു.
രോഗികള്‍ക്ക് അത്ര ആശാവഹമായ വാര്‍ത്തയല്ല എന്‍എച്ച്എസില്‍ നിന്ന് പുറത്തു വരുന്നത്. ജീവനക്കാരുടെ അപകടകരമായ കുറവ് മൂലം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 90 രോഗികളുടെ വരെ ചുമതലയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതുതായി ജോലിയിലെത്തുന്നവര്‍ക്കു പോലും ഇത്രയും രോഗികളുടെ പരിചരണത്തിനുള്ള ചുമതല നല്‍കുന്നത് ഗുരുതരമായ സ്ഥിചതിവിശേഷമാണെന്ന് വിലയിരുത്തപ്പെടുന്നു. 21 വികസിതരാജ്യങ്ങളില്‍ എന്‍എച്ച്എസിലാണ് ഡോക്ടര്‍മാരുടെ ഏറ്റവും കൂടുതല്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫയല്‍ ചെയ്യുന്ന എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധിക്യം വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാര്‍ അമിതജോലിഭാരവും വാര്‍ഡുകളിലെ സുരക്ഷാ പ്രശ്‌നങ്ങളും മൂലം വിട്ടുനില്‍ക്കുകയാണ്. എക്‌സെപ്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം തന്നെ 551 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി 55 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു.
95 ട്രസ്റ്റുകള്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ 1500 കവിയുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ട്രസ്റ്റുകളുടെ കടമയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ.ജീവേശ് വിജെസൂര്യ പറയുന്നു. ബ്രിട്ടനില്‍ 1000 പേര്‍ക്ക് 2.8 ഡോക്ടര്‍മാര്‍ എന്നതാണ് നിലവിലെ ശരാശരിയെന്ന് കിംഗ്‌സ് ഫണ്ടിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തു വന്നത്.
ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്.
പട്ടണങ്ങളും നഗരങ്ങളുമായുള്ള വ്യതിയാനം കുടിയേറ്റക്കാരുടെ വരവോടെ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരുള്ള മേഖലകളില്‍ ഈ വിഭജനത്തെക്കുറിച്ചുള്ള തോന്നല്‍ ഉയര്‍ന്ന തോതിലായി മാറിയെന്നും ബ്രിട്ടീഷുകാര്‍ കരുതുന്നു. അതേസമയം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്ന അഭിപ്രായം ജനതയ്ക്കുണ്ടെന്നും ഡെമോസ് പറയുന്നു. നോസ്റ്റാള്‍ജിയയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും കുരുങ്ങിക്കിടക്കുന്ന ജര്‍മനി, ഫ്രാന്‍സ് എന്നിവരെപ്പോലെയാകരുത് എന്നാണ് ജനത കരുതുന്നത്.
ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകള്‍ നടത്തിയ വിശകലനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെമോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1000 സ്‌കൈ ടിവി സബ്‌സ്‌ക്രൈബര്‍മാരിലായിരുന്നു പോള്‍ നടത്തിയത്. ഇവരില്‍ 43 ശതമാനം പേര്‍ ഇമിഗ്രേഷന് അനുകൂലമായി സംസാരിച്ചപ്പോള്‍ 44 ശതമാനം പേര്‍ ഇതിന് ദോഷഫലങ്ങളാണുള്ളതെന്ന് പ്രതികരിച്ചു.
ടെക്‌നോളജി ഭീമനായ ഗൂഗിള്‍ യുകെയില്‍ സോളാര്‍ പവര്‍ പദ്ധതി അവതരിപ്പിക്കുന്നു. പ്രോജക്ട് സണ്‍റൂഫ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി എനര്‍ജി കമ്പനി ഇയോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് വീടുകളില്‍ നിലവിലുണ്ടാകുന്ന അമിത വൈദ്യുതി ബില്ലുകള്‍ക്ക് പരിഹാരമാകാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വീടുകള്‍ക്ക് എത്രമാത്രം സോളാര്‍ പൊട്ടന്‍ഷ്യലുണ്ടെന്ന് കണക്കാക്കാന്‍ ഗൂഗിള്‍ എര്‍ത്ത്, മാപ്പ് എന്നിവയില്‍ നിന്ന് ലഭിക്കുന്ന ഡേറ്റയാണ് ഉപയോഗിക്കുന്നത്. 2015ല്‍ അമേരിക്കയില്‍ അവതരിപ്പിച്ച ഈ രീതി വളരെ കൃത്യമായ ഫലമായിരുന്നു നല്‍കിയതെന്നാണ് ഉപയോക്താക്കളുടെ പ്രതികരണം.
പ്രോപ്പര്‍ട്ടിയുടെ പ്രത്യേകതകളായ റൂഫ് ഏരിയ, ചരിവ്, കാലാവസ്ഥാ പ്രത്യേകതകള്‍, സൂര്യപ്രകാശത്തിന്റെ ലഭ്യത മുതലായ കാര്യങ്ങള്‍ ഈ വിധത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കും. ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ തിത്രേഡറുമായും ഈ പദ്ധതിയില്‍ ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. ഒരു വീടിന്റെ സോളാര്‍ പൊട്ടന്‍ഷ്യലില്‍ ഒരു മരത്തിന്റെ നിഴലുണ്ടാക്കുന്ന സ്വാധീനം പോലും മനസിലാക്കാന്‍ കഴിയുന്ന വിധത്തിലുളള സാങ്കേതികതയാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നല്‍ ഇത്തരം ടൂളുകള്‍ മുമ്പും ഇറങ്ങിയിട്ടുണ്ട്.
സോളാര്‍ സെഞ്ചുറിയുമായി ചേര്‍ന്ന് ഐക്കിയ ഇതേ മാതൃകയില്‍ ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. സോളാര്‍ റൂഫ് കാല്‍ക്കുലേറ്റര്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് ടെസ്ലയും തുടക്കമിട്ടിരുന്നു. എന്നാല്‍ വീടുകളുടെ റൂഫിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഉടമകള്‍ ഈ കമ്പനികള്‍ക്ക് നല്‍കേണ്ടി വരുമായിരുന്നു. ഗൂഗിളിന് സ്വന്തമായുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് കണക്കുകൂട്ടല്‍ നടത്തുന്നതിനാല്‍ ഈയിനത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ഭാരം ഒഴിവാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഈ അച്ഛനും അമ്മയ്ക്കും ഇപ്പോള്‍ മക്കള്‍ 20 പേരാണ്. പുതിയൊരു കുഞ്ഞതിഥി കൂടി അടുത്തു തന്നെയെത്തുമെന്ന് സൂ റാഡ്‌ഫോര്‍ഡ്-നോയല്‍ റാഡ്‌ഫോര്‍ഡ് ദമ്പതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം എന്ന വിശേഷണം സ്വന്തമാക്കിയ കഴിഞ്ഞ ഇവര്‍ യാതൊരു ബെനിഫിറ്റുകളുടെയും സഹായമില്ലാതെയാണ് കുട്ടകളെ വളര്‍ത്തുന്നത്. പുതിയ അതിഥിയെത്തുന്ന കാര്യം റാഡ്‌ഫോര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ഇത്തവണ പെണ്‍കുഞ്ഞായിരിക്കുമെന്നും ദമ്പതികള്‍ യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 43 കാരിയായി സൂ കഴിഞ്ഞ പ്രസവം 2017 സെപ്റ്റബറിലായിരുന്നു. 2017ലെ പ്രസവം അവസാനത്തെതാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തീരുമാനം മാറ്റുകയായിരുന്നു.
23 വയസ്സുകാരിയായ സോഫി, 22 വയസ്സുള്ള ക്ലോയ്, 20 വയസ്സുകാരന്‍ ജാക്ക്, 18 വയസ്സുള്ള ഡാനിയേല്‍, 16 വയസ്സുള്ള ലൂക്ക്, 15 വയസ്സുള്ള മിലി,14 വയസ്സുകാരി കാത്തി, 13 വയസ്സുകാരന്‍ ജെയിംസ്, 12 വയസ്സുള്ള എല്ലി, 11 വയസ്സുള്ള എയ്മി, 10 വയസ്സുള്ള ജോഷ്, 8 വയസ്സുകാരന്‍ മാക്‌സ്, 7 വയസ്സുകാരി ടില്ലി, 5 വയസ്സുള്ള ഓസ്‌കര്‍, 4 വയസ്സുള്ള കാസ്പര്‍, കൈക്കുഞ്ഞായ ഹാലി എന്നിവരാണ് ഇവരുടെ മക്കള്‍. 2014 ല്‍ ഇവരുടെ ഒരു കുഞ്ഞ് ഗര്‍ഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആല്‍ഫി എന്നാണ് ഇവര്‍ വിളിക്കുന്നത്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന നോയല്‍ റാഡ്‌ഫോര്‍ഡ് ബേക്കറിയില്‍ നിന്നാണ് കുടുംബത്തിന്റെ ചിലവിനുള്ള വരുമാനം കണ്ടെത്തുന്നത്.
ദിവസവും വെളുപ്പിനെ 5 മണിക്ക് ബേക്കറിയിലെത്തുന്ന നോയല്‍ കുഞ്ഞുങ്ങളെ സ്‌കൂളിലാക്കാന്‍ സമയമാകുമ്പോള്‍ വീട്ടിലേക്കു മടങ്ങും വീണ്ടും തിരികെ വരുന്ന നോയലിനൊപ്പം മുതിര്‍ന്ന കുട്ടികളുമുണ്ടാകും. അവര്‍ അച്ഛനെ ജോലിയില്‍ സഹായിക്കും. 240, 000 പൗണ്ട് വിലമതിക്കുന്ന വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച വലിയ വീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഈ വീട് സ്വന്തമാക്കുന്നത്. വര്‍ഷത്തില്‍ ഇതര രാജ്യങ്ങളിലേക്ക് യാത്രകള്‍ വരെ ഇവര്‍ കുടുംബ സമേതം നടത്താറുണ്ട്. ഏതാണ്ട് 300 പൗണ്ടാണ് ഇവര്‍ക്ക് ഒരു ആഴ്ച്ച ഭക്ഷണത്തിന് മാത്രമായി വേണ്ടത്. ഇത്രയധികം പണച്ചെലവുണ്ടെങ്കിലും നോയലും സൂ വും അതൊക്കെ തരണം ചെയ്താണ് ജീവിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്. ഈ അച്ഛനെയും അമ്മയെയും പോലെ 21ാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇവരെ സ്‌നേഹിക്കുന്നവരും.
തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന് ഹോം ഓഫീസ്. ഇമിഗ്രേഷന്‍ നിയമത്തിന് കീഴില്‍ വരുന്ന ഈ നിയമം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിനായിട്ടാണ് കൊണ്ടുവന്നത്. എന്നാല്‍ പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് സംശയമുള്ളവരെ പുറത്താക്കാന്‍ ഈ നിയമത്തിലൂടെ കഴിയും. അധികൃതരുടെ തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി നേരത്തെ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് താമസിച്ചിരുന്ന 19 വിദഗ്ദ്ധരായ തൊഴിലാളികളെ ഈ നിയമം ഉപയോഗിച്ച് പുറത്താക്കിയതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് സമ്മതിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇമിഗ്രേഷന്‍ ആക്ടിലെ വിവാദ സെക്ഷന്‍ 322(5) ആണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം അഫയേര്‍സ് സെലക്ട് കമ്മറ്റിക്ക് അയച്ചിരിക്കുന്ന കത്തിലാണ് ഹോം സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പുറത്താക്കിയ തൊഴിലാളികളില്‍ ഒരാള്‍ക്ക് യുകെയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സാജിദ് ജാവേദ് അറിയിച്ചു. മറ്റുള്ളവരുടെ കാര്യവും പരിഗണിക്കുന്നതായും ഈ മാസം അവസാനത്തോടെ അവരുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാക്കി അനുശ്രുതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോം ഓഫീസിലെ ലഭിച്ചിരിക്കുന്ന ഇതര അപേക്ഷകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ജവേദ് കത്തില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
കുറഞ്ഞത് 1000 വിദഗ്ദ്ധരായ തൊഴിലാളികളാണ് ഈ നിയമത്തിന് കീഴില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയേര്‍സ്, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് പ്രധാനമായും ഈ നിയമം കാരണം പുറത്തുപോകേണ്ടി വന്നിട്ടുളളത്. യുകെയിലെ തൊഴില്‍ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടിയ നികുതി നല്‍കുന്ന വലിയൊരു ശതമാനം തൊഴിലാളികളെയാണ് ഈ നിയമം ബുദ്ധിമുട്ടിലാക്കിയിരുന്നത്. പുതിയ ഭേദഗതി വരുന്നതോടെ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന നിരവധി കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകും. കുറ്റകരമായ പ്രവൃത്തികളൊന്നും ചെയ്തില്ലെങ്കിലും ഇത്തരം സംശയങ്ങളും നാട്കടത്തല്‍ ഭീഷണിയും നേരിടുന്നവര്‍ നിരവധിയാണ്.