യൂറോടണല്‍ ട്രെയിനില്‍ കയറിപ്പോയെന്ന് കരുതുന്ന 13കാരിയെ കാണാതായി. സെറീന അലക്‌സാന്‍ഡര്‍ ബെന്‍സണ്‍ എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.50ന് വിംബിള്‍ഡണിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് കുട്ടിയെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പച്ച നിറത്തിലുള്ള യൂണിഫോമാണ് കുട്ടി അണിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സെറീന പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വഴി കടന്നു പോയിരുന്നുവെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. മുതിര്‍ന്ന ഒരാള്‍ക്കൊപ്പമായിരിക്കാം കുട്ടി ഇവിടെയെത്തിയതെന്നും പോലീസ് വിശദീകരിക്കുന്നു.
കുട്ടിയുടെ അമ്മ പോളണ്ടിലാണ് താമസിക്കുന്നത്. പിതാവിനൊപ്പം സെറീന വിംബിള്‍ഡണിലും. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് വ്യക്തമാക്കി. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന അപ്പീല്‍ പുറത്തിറക്കിയിരിക്കുകയാണ് മെറ്റ് പോലീസ്. ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് കുട്ടി മുതിര്‍ന്നയാള്‍ക്കൊപ്പം യാത്ര ചെയ്തിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. വിവരം ലഭിക്കുന്നവര്‍ 020 3276 2588 എന്ന നമ്പറില്‍ വാന്‍ഡ്‌സ് വര്‍ത്ത് സിഐഡിയെ അറിയിക്കാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച രാവിലെ തന്നെ കുട്ടി ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം രാജ്യം വിട്ടിരിക്കാമെന്നാണ് സ്‌കോട്ട്‌ലഡ് യാര്‍ഡ് വിശ്വസിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും കുട്ടി പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളും പ്രസ്താവനയില്‍ അറിയിച്ചു.
ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെയുള്ള നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് അയര്‍ലന്‍ഡ്. ഇതു സംബന്ധിച്ചുള്ള ഹിതപരിശോധനയില്‍ 66.4 ശതമാനം ആളുകള്‍ നിയമത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും കടുത്ത ഗര്‍ഭച്ഛിദ്ര നിയമം നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതില്‍ കടുത്ത വിലക്കുകളാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള നിയമമാണ് രാജ്യം പിന്തുടരുന്നത്. ഗര്‍ഭച്ഛിദ്രത്തിനായി അപേക്ഷിച്ചാല്‍ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കപ്പെടുകയായിരുന്നു പതിവ്. ഇതു മൂല നിരവധി ഗര്‍ഭിണികള്‍ക്ക് ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകളില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.
ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനത്തോടെ നിയമഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അയര്‍ലന്‍ഡിലെ സത്രീകള്‍ക്ക് മഹത്തായ ഒരി ദിവസമാണ് ഇതെന്ന് ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍, ഓര്‍ല ഓ’ കോണര്‍ പറഞ്ഞു. ഐറിഷ് സമൂഹത്തില്‍ സ്ത്രീകള്‍ സ്ഥാനം നേടുന്നു എന്നതിന്റെ സൂചനയാണിതെന്നും അവര്‍ പറഞ്ഞു. ടുഗെതര്‍ ഫോര്‍ യെസ് ഗ്രൂപ്പ്, ഒബ്‌സ്‌റ്റെട്രീഷ്യന്‍മാര്‍ എന്നിവര്‍ ഈ ഹിതപരിശോധനാ ഫലത്തെ സ്വാഗതം ചെയ്തു.
നിയമത്തിനെതിരെ നിലപാടെടുത്തിരുന്ന പ്രധാനമന്ത്രി ലിയോ വരദ്കറാണ് ഹിതപരിശോധനാ ഫലമനുസരിച്ചുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപൂര്‍വമായ വോട്ടിലൂടെ അടുത്ത തലമുറക്കു വേണ്ടിയാണ് ജനത പ്രതികരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1995ല്‍ മാത്രമാണ് അയര്‍ലന്‍ഡ് വിവാഹമോചനം നിയമപരമാക്കിയത്. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ ആദ്യ രാജ്യമെന്ന പദവിയും യാഥാസ്ഥിതകരാഷ്ട്രമായ അയര്‍ലന്‍ഡിനുണ്ട്.
ഷിബു മാത്യൂ
പ്രസ്റ്റൺ. പ്രസ്റ്റണിൽ കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയ നോബിയ്ക്ക് മെയ് 28 തിങ്കളാഴ്ച യുകെ മലയാളികൾ അന്തിമോപചാരമർപ്പിക്കും. പ്രസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് രൂപതാ റെക്ടർ റവ. ഫാ. വർഗീസ് പുത്തൻപുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും , പരേതയുടെ ആത്മ ശാന്തിക്കായുള്ള പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും നടക്കും. തുടർന്ന് വൈകുന്നേരം അഞ്ചു മണിവരെ ജയ നോബിയുടെ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. ബന്ധുക്കളും , സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിയ്ക്കും.
ഒരു കുടുംബ ചിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴക്കടുത്തു അറക്കുളത്ത് കുപ്പോടയ്ക്കൽ കുടുംബാംഗമായ നോബി ജോസഫിന്റെ ഭാര്യയാണ് പരേതയായ ജയ. നാൽപ്പത്തിയേഴ് വയസ്സ് പ്രായമുണ്ട്. ഈരാറ്റുപേട്ടക്കടുത്തുള്ള കളത്തുക്കടവാണ് ജയയുടെ ജന്മദേശം. വലിയ മംഗലം കുടുംബാംഗമാണ്. 2003ലാണ് ജയയും കുടുംബവും യുകെയിലെത്തിയത്. പ്രസ്റ്റണിലെ റോയൽ പ്രസ്റ്റൺ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി നോക്കി വരികയായിരുന്നു. രണ്ട് മക്കളാണിവർക്കുള്ളത്. മൂത്ത മകൾ നിമിഷ നോബി (16 വയസ്സ്) ലെങ്കാസ്റ്റർ ഗേൾസ് ഗ്രാമർ സ്ക്കൂളിൽ GCSE വിദ്യാർത്ഥിനിയാണ്. നിമിഷയുടെ സഹോദരൻ നോയൽ നോബി (10 വയസ്സ് ) സെന്റ് ഗ്രിഗൊറിസ് കാത്തലിക് പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നു വർഷമായി ജയ ക്യാൻസറിന്റെ പിടിയിലായിരുന്നുവെങ്കിലും അടുത്തകാലത്ത് രോഗം ഭേദമായിവന്ന അവസ്ഥയിൽ എത്തിയിരുന്നു . അതിനു ശേഷം സെന്റ് കാത്തറിന്‍സ് ഹോസ്പിസിന്‍റെ പ്രതേക പരിചരണത്തിൽ ആയിരുന്നു .
പ്രാർത്ഥനാശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം നടപടികൾ പൂർത്തിയാക്കി അടുത്ത ആഴ്ച്ച അവസാനത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കും. അറക്കുളം സെന്റ് തോമസ്സ് ഓൾഡ് ചർച്ചിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും. സംസ്കാര ചടങ്ങുകളുടെ തീയതിയും സമയക്രമവും മൃതദേഹം നാട്ടിലേയ്ക്ക് അയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷമേ തീരുമാനിക്കുകയുള്ളുവെന്ന് ബന്ധുക്കൾ അറിയ്ച്ചു.
ബിനോയ് ജോസഫ്
ജന്മനാടിനെ മറക്കാത്ത പ്രവാസികളുടെ സൗഹൃദക്കൂട്ടായ്മ കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസറിനെക്കുറിച്ച് ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ബ്രിട്ടനിൽ രൂപീകൃതമായ ജ്വാല എന്ന കൂട്ടായ്മയാണ് കുടുംബശ്രീയും ആരോഗ്യ വകുപ്പുമായി ചേർന്ന് കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. അങ്കമാലി താലൂക്കിന് കീഴിൽ വരുന്ന ഗവൺമെന്റ് ആശുപത്രികളിലെ ഡോക്ടർമാരും പാലിശേരി പിഎച്ച്സിയിലെ സ്റ്റാഫുകളും കുടുംബശ്രീ പ്രവർത്തകരും ജ്വാലയോടൊപ്പം മാതൃകാപരമായ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കും. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ പാലിശേരി കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ഇരുനൂറോളം വനിതകൾ പങ്കെടുക്കും. ഡോ. രശ്മി എസ് കൈമൾ (കൺസൽട്ടന്റ് ഫാമിലി ഫിസിഷ്യൻ), ഡോ. സെറിൻ കുര്യാക്കോസ് (അസിസ്റ്റൻറ് സർജൻ ആൻഡ് ഫാമിലി ഫിസിഷ്യൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം പകർന്ന് നല്കിക്കൊണ്ട് ഇക്കോ ഫ്രണ്ട്ലിയായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ സ്ത്രീകൾക്കായി സ്തനാർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും അതിനു വേണ്ട ഫണ്ടിംഗ് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് ജ്വാല എന്ന കൂട്ടായ്മ ബ്രിട്ടണിലെ കിംഗ്സ്റ്റൺ അപ്പോൺ ഹള്ളിൽ രൂപപ്പെട്ടത്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ നഴ്സായ ബോബി തോമസിന്റെ നേതൃത്വത്തിലാരംഭിച്ച സൗഹൃദക്കൂട്ടായ്മയായ ജ്വാല സംഘടിപ്പിക്കുന്ന ആദ്യ ബോധവൽക്കരണ പരിപാടിയാണ് പാലിശേരിയിൽ നടക്കുന്നത്. മഹനീയമായ സ്ത്രീത്വത്തിന്റെ വേദനയുടെ നിസ്സഹായമായ നിമിഷങ്ങൾ കൺമുന്നിൽ ദർശിച്ച ഓർമ്മകളാണ് ഈ ആശയം പ്രവർത്തന പഥത്തിലെത്തിക്കാൻ ബോബിയ്ക്കും സുഹൃത്തുക്കൾക്കും പ്രചോദനമായത്.
വിദേശങ്ങളിൽ താമസിക്കുന്നവർക്ക് ചികിത്സാ ചിലവ് ഒരു വലിയ ഭാരമാവില്ലെങ്കിലും, വേദനകൾക്കിടയിൽ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് ഒരു സാന്ത്വനമാകുവാനാണ് ‘ജ്വാല ‘ എന്ന ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്. മാറി വരുന്ന ജീവിതരീതികളും ആഹാരക്രമങ്ങളും നമ്മുടെ നാട്ടിൽ സ്തനാർബുദ രോഗികളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങുമ്പോൾ തന്നെ ഒരു കുടുംബം ചെലവ് താങ്ങാനാവാതെ നിശ്ചലമാവുകയാണ്. ഗവൺമെന്റ് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റുകളും മറ്റും സംവിധാനങ്ങളുമുണ്ടെങ്കിലും സാധാരണക്കാർ പലപ്പോഴും അറിയുന്നില്ല, അല്ലെങ്കിൽ പോകാൻ മടിക്കുന്നു സ്ഥിതിയാണ് നിലവിലുള്ളത്. കുടുംബശ്രീയടക്കമുള്ള സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും സഹകരണം ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ഗ്രാമീണ സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസർ സ്ക്രീനിങ്ങിന് എന്നിവയ്ക്ക് അവസരമൊരുക്കുക എന്ന ദൗത്യമാണ് ‘ജ്വാല’ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന ജ്വാലയ്ക്ക് പിന്തുണയുമായി കേരളത്തിലെ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജ്വാലയുടെ പ്രവർത്തകർ. കേരളത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി ജ്വാല ഹള്ളിൽ ഫണ്ട് റെയിസിംഗ് ഇവൻറ് സംഘടിപ്പിച്ചിരുന്നു.
അമിതവണ്ണക്കാരായ ജോലിക്കാര്‍ക്ക് അനുഗ്രഹമായി യുകെ ഗവണ്‍മെന്റ് പുതിയ തീരുമാനത്തിലേക്കെന്ന് സൂചന. ഇത്തരക്കാര്‍ ജോലിക്ക് താമസിച്ച് എത്തിയാല്‍ മതിയെന്ന വിധത്തില്‍ ജോലി സമയം പുനര്‍നിര്‍ണയിക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായാണ് വിവരം. ഡിസ്‌ക്രിമിനേഷന്‍ നിയമമനുസരിച്ചാണ് പുതിയ നിര്‍ദേശം. തിരക്കേറിയ സമയത്തെ യാത്ര, ജോലി സ്ഥലത്ത് ആവശ്യമായ വലിയ കസേരകള്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ അമിതവണ്ണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കും.
വിയന്നയില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ യുകെ സര്‍ക്കാര്‍ ഉപദേശകന്‍ പ്രൊഫ.സ്റ്റീഫന്‍ ബെവന്‍ ഈ വിഷയത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമിത വണ്ണക്കാരായവരെ സംരക്ഷിത വിഭാഗത്തില്‍ പെടുത്തണമെന്നും ബോഡി ഷെയിമിംഗ് നടത്തുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാ്ന്‍ കഴിയുന്ന വിധത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും 2000ത്തോളം വരുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ മുന്നില്‍ അദ്ദേഹം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത് യുകെയിലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ ബെവന്‍ ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വണ്ണമുള്ളവര്‍ സമൂഹത്തില്‍ വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചിലൊരാളെങ്കിലും ഒരു പൊണ്ണത്തടിയുള്ളയാള്‍ തങ്ങളുടെ കുടുംബത്തില്‍ വിവാഹം കഴിച്ചെത്തുന്നത് വെറുക്കുന്നവരാണ്.
റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്.
നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.
മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.
ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്.
വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ബോംബെ ഭെല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മുന്‍പ്, ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.
ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ലെന്നും പരമേശ്വര പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാർട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസർക്കാർ ആയതിനാൽ നിലവിലാർക്കാണ് സ്ഥാനം നൽകേണ്ടതെന്നു തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യും. കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയില്ലെങ്കിലും എല്ലാവരും ഒറ്റക്കെട്ടാണെന്നും പരമേശ്വര പറഞ്ഞു.
ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായി മാറുകയാണ് ഹാക്കിനിയിലെ ദി ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക്. ഇസ്ലാമില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അനുവദിനീയമാണെന്ന പഠനം പുറത്ത് വന്നതിന് പിന്നാലെയാണ് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് സംഭാവനകളായി ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുമെന്ന നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികളില്‍ നിന്ന് പരമാവധി സഖാത്ത് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു പണ്ഡിതരുടെ പ്രഖ്യാപനങ്ങള്‍. ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ നിരവധി ഫത്വകളും ഇറങ്ങിയിട്ടുണ്ട്.
എന്നാല്‍ അടുത്തിടെ ഒരു ഇസ്ലാമിക പണ്ഡിതന്‍ ക്രിപ്‌റ്റോകറന്‍സി ഹലാലാണെന്ന് വ്യക്തമാക്കിയിരുന്നു. ശരീയ്യ നിയമപ്രകാരം ക്രിപ്‌റ്റോ ഇടപാടുകള്‍ അധാര്‍മികമല്ലെന്നാണ് സിറിയയിലെ ഇസ്ലാമിക പണ്ഡിതന്‍ കണ്ടെത്തിയത്. ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ ചൂതുകളിക്ക് തുല്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പള്ളിയില്‍ ക്രിപ്‌റ്റോകറന്‍സി സംഭാവനയായി സ്വീകരിക്കാന്‍ തീരുമാനിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ തങ്ങളുടെ സമ്പത്തിന്റെ 2.5 ശതമാനം ദാനം ചെയ്യണമെന്നാണ് ഇസ്ലാമിക നിയമത്തില്‍ പറയുന്നത്. റമദാന്‍ മാസത്തിലെ സംഭാവനകള്‍ സ്വീകരിക്കാനുള്ള എല്ലാ മാര്‍ഗങ്ങഴും ഉപയോഗിക്കാനായിരിക്കും പള്ളികള്‍ ശ്രമിക്കുക. ബിറ്റ്‌കോയിന്‍, എഥീരിയം ഇനത്തില്‍ 10,000 പൗണ്ടെങ്കിലും സംഭാവനയായി സമാഹരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇന്ത്യോനേഷ്യന്‍ കമ്പനിയായ മുഹമ്മദ് അബൂബക്കര്‍ ഓഫ് ബ്ലോസം ഫിനാന്‍സ് ബിറ്റ്‌കോയിന്‍ ശരീയ്യ നിയമപ്രകാരം അനുവദനീയമാണോയെന്ന് അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യത്തെില്‍ നിരവധി മതപണ്ഡിതന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ മിക്കവരും വ്യക്തമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നു. ലോകത്തുള്ള വിശ്വാസികളുടെ മതപരമായ ഇത്തരം സംശയങ്ങള്‍ കൃത്യമായ ഗവേഷണത്തിലൂടെ പരിഹരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും സിഇഒ മാത്യു മാര്‍ട്ടിന്‍ പറയുന്നു. കമ്പനി നടത്തിയ പഠനത്തില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.