Main News

വെള്ളിയാഴ്ച്ച സ്‌കൂള്‍ പ്രവൃത്തി സമയം വെട്ടിക്കുറക്കാന്‍ പദ്ധതിയുമായി ഡാവന്‍ട്രിയിലെ ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ അധികൃതര്‍. 400ഓളം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ മേധാവി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രവൃത്തി സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തെ സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കൂടുതല്‍ വിശ്രമസമയം അനുവദിക്കാനുമാണ് സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സ്‌കൂള്‍ വിശദീകരിച്ചു. അതേസമയം പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ നേരത്തെ അടച്ചാല്‍ ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളെ നോക്കാന്‍ ഇതര മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഇതിനായി ചൈല്‍ഡ് കെയറിനെയും മറ്റും ആശ്രയിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

സ്‌കൂള്‍ സമയം വെട്ടിക്കുറച്ചാല്‍ കുട്ടികളുടെ ഒരു അധ്യയന വര്‍ഷത്തില്‍ ലഭ്യമാകുന്ന അക്കാദമിക് ദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് കുട്ടിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും അവര്‍ രേഖപ്പെടുത്തി. സ്‌കൂളിന്റെ തീരുമാനത്തില്‍ മിക്ക രക്ഷിതാക്കളും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ജോലി സമയം പുനഃക്രമീകരിക്കേണ്ടി വരുമെന്നും അതല്ലെങ്കില്‍ ഡേ കെയര്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ ജോലി സംബന്ധിച്ച് സ്‌കൂളിന് യാതൊരുവിധ ബോധ്യവും ഇല്ലാത്തത് പോലെയാണ് പെരുമാറുന്നതെന്ന് കെല്ലി ഹോംസ് വിമര്‍ശിച്ചു. അതേസമയം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും സ്‌കൂള്‍ അടയ്ക്കുകയെന്ന് ആഷ്ബി ഫീല്‍ഡ്‌സ് പ്രൈമറി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ അറിയിച്ചു.

പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമെ പുതിയ തീരുമാനം നടപ്പിലാക്കുകയുള്ളു. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുകയെന്നതാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെങ്കില്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന അത്രപോലും അവധി ദിനങ്ങള്‍ ലഭിക്കാറില്ലെന്ന വസ്തുത മനസിലാക്കണം. ലോകത്തിലെ ഇതര തൊഴില്‍ മേഖലകള്‍ പരിചയപ്പെട്ടാല്‍ തങ്ങള്‍ എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് അധ്യാപകര്‍ക്ക് മനസിലാകുമെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രാജ്യത്തെ വിദ്യഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് താഴ്ന്ന പഠന നിലവാരം. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കണമെങ്കില്‍ നിലവാരമുള്ള അധ്യാപകരെ സൃഷ്ടിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമസമയം അനുവദിക്കുന്നതിലൂടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമെ അത് സാധ്യമാവുകയുള്ളുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

ബിറ്റ്‌കോയിന്‍ മൂല്യം സ്വര്‍ണ്ണത്തെയും മറികടക്കുമെന്ന് പ്രമുഖ നിക്ഷേപകന്‍. ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം 7 ലക്ഷം ഡോളറിന് മുകളിലെത്തുമെന്ന് ഇന്‍വെസ്റ്ററായ ജോണ്‍ ഫെഫറാണ് അവകാശപ്പെടുന്നത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഫര്‍ ക്യാപിറ്റല്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപവത്തിന്റെ പാര്‍ട്ണറാണ് ഇദ്ദേഹം. ന്യയോര്‍ക്കില്‍ നടന്ന സോണ്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ പരാമര്‍ശ വിധേയമായ സ്ഥാപനമാണ് ഇത്. നിക്ഷേപം നടത്താന്‍ ഏറ്റവും നല്ല സ്റ്റോക്കുകള്‍ ഏതാണെന്ന് നിക്ഷേപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഇവന്റാണ് ഇത്. അതില്‍ ആദ്യമായാണ് ക്രിപ്‌റ്റോകറന്‍സി പരാമര്‍ശവിധേയമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

ലോകത്ത് ആദ്യമായി നിക്ഷേപത്തില്‍ സ്വര്‍ണ്ണത്തിന് പകരക്കാരനായെത്തുന്നത് ബിറ്റ്‌കോയിനാണെന്ന് ഫെഫര്‍ പറഞ്ഞു. നോണ്‍ സോവറിന്‍ ശേഖരമായി ഇത് പരിഗണിക്കപ്പെടുകയാണെങ്കില്‍ സ്വര്‍ണ്ണത്തിന് പകരമായി റിസര്‍വ് കറന്‍സിയായിപ്പോലും ബിറ്റ്‌കോയിന്‍ മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ മറ്റ് ക്രിപ്‌റ്റോഅസറ്റുകള്‍ക്ക് ഈ സാധ്യത കുറവാണെന്നും ഫെഫര്‍ വ്യക്തമാക്കി. വിദേശ റിസര്‍വിന്റെ 25 ശതമാനം ബിറ്റ്‌കോയിനായി മാറിയാല്‍ ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്കിന്റെ മൊത്തം മൂല്യം 6.4 ട്രില്യന്‍ ഡോളറിന് സമമാകും. നിലവില്‍ ഒരു ബിറ്റ്‌കോയിന് 9000 ഡോളറാണ് മൂല്യം. നിലവില്‍ ഇതിന്റെ മാര്‍ക്കറ്റ് ക്യാപ് 150 ബില്യന്‍ ഡോളറാണ്.

ഇതാദ്യമായാണ് സോണ്‍ ഇവന്റില്‍ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപ സാധ്യത പരാമര്‍ശിക്കപ്പെടുന്നത്. പ്രമുഖ ഹെഡ്ജ് ഫണ്ട് നിക്ഷേപകരില്‍ പലരും ഡിജിറ്റല്‍ അസറ്റുകളില്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രമുഖ നിക്ഷേപകനായ ജോര്‍ജ് സോറോസ് ബിറ്റ്‌കോയിനില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അസറ്റുകള്‍ വെറും നീര്‍ക്കുമിളകളാണെന്ന് നേരത്തേ വിമര്‍ശനം ഉന്നയിച്ചയാളാണ് ഇദ്ദേഹമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമ്മാവനുമായി യൂണിവേഴ്‌സിറ്റി ഫീസിന്റെ കാര്യത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ വംശജയായ ഗുര്‍പ്രീത് കൗറാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വയം തീകൊളുത്തിയ കൗര്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷേ ശരീരത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ കൗറിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ല. 30കാരിയായ കൗര്‍ തന്റെ അമ്മാവനായ ഹര്‍ചരണ്‍ജിത്തിനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞ കുറേക്കാലമായി ജിവിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അമ്മാവനുമായി കൗര്‍ തര്‍ക്കിച്ചിരുന്നതായി മൊബൈല്‍ ഫോണില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വീടിന്റെ പുറകിലുള്ള ഗാര്‍ഡനില്‍ വെച്ചാണ് കൗര്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. മാര്‍ക്കറ്റിലായിരുന്ന അമ്മായി തിരിച്ചു വന്നതിന് ശേഷമാണ് കൗറിനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തീകൊളുത്തി ഏതാണ്ട് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് കൗറിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. അതിന് മുന്‍പ് തന്നെ അവര്‍ക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഗാര്‍ഡന്‍ പരിസരത്ത് നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഒരു സ്ത്രീ കരയുന്നത് കേട്ടതായും അയല്‍വാസികള്‍ പറയുന്നു.

പുതിയ യൂണിവേഴ്‌സിറ്റി കോഴ്‌സിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൗര്‍. ഇതിന്റെ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇംഗ്ലീഷില്‍ പ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റ് പാസായാല്‍ മാത്രമെ കൗറിന്റെ വിസ പുതുക്കി നല്‍കാന്‍ കഴിയുകയുള്ളുവെന്ന് ഹോം ഓഫീസ് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യമുള്ളത്രയും ജീവിച്ചു കഴിഞ്ഞെന്നും ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കൗറിന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. 20മില്യണിലധികം വിലയുള്ള വീട്ടിലാണ് കൗര്‍ താമസിക്കുന്നത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടുമുന്‍പ് തന്റെ മുറി വൃത്തിയാക്കുകയും ചെയ്തിരുന്നു.

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.

2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.

ആല്‍ഫി ഇവാന്‍സിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി ആല്‍ഫിക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരാണ്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ശക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫിക്ക് വേണ്ടി ആളുകള്‍ തടിച്ചുകൂടുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ലണ്ടന്‍, ബെല്‍ഫാസ്റ്റ്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

പ്രക്ഷോഭം വര്‍ദ്ധിച്ചതോടെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ആശുപത്രിക്ക് വെളിയിലിറങ്ങുമ്പോള്‍ യൂണിഫോം മറച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായേക്കാമെന്ന പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് രംഗത്ത് വന്നു. ആല്‍ഫിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഈ ഘട്ടത്തില്‍ സംയമനം പാലിക്കണമെന്നും ആശുപത്രി അധികൃതരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇവാന്‍സ് വ്യക്തമാക്കി. ഡോക്ടര്‍മാരുമായുള്ള യോഗത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇവാന്‍സ് അറിയിച്ചിരുന്നു. നേരത്തെ ആശുപത്രി തങ്ങളെ ക്രിമിനലുകളെപ്പോലെയാണ് കാണുന്നതെന്ന് ഇവാന്‍സ് ആരോപിച്ചിരുന്നു.

ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ നിന്നുള്ള എംഇപിയായ സ്റ്റീവന്‍ വൂള്‍ഫ് കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ആല്‍ഫിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം തന്നെയാണ് കാംമ്പയിന്‍ ആരംഭിച്ച വിവരം അറിയിച്ചത്. ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ടോം ഇവാന്‍സ് പ്രതിഷേധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ഹാളില്‍ ആല്‍ഫിക്ക് വേണ്ടി നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. നൂറു കണക്കിന് പേരാണ് ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത്. സമരങ്ങളില്‍ ഒരോ ദിവസം കൂടുന്തോറും ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരുന്നു. പക്ഷേ യാത്രയെ അതിജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കോടതി തടയുകയായിരുന്നു.

മലയാളം യുകെ ന്യൂസ് ഡെസ്ക്

ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.

അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.

നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.

ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.

ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ്‌ അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ്‌ നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും  ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .

ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍  ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും  ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.

നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ്‌ മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.

സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും  അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച്  കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.

ഷാജന്‍ സ്കറിയ കരഞ്ഞ് കാലുപിടിക്കുന്ന വോയ്സ്‌ ക്ലിപ്പ് പുറത്ത്; ശബ്ദരേഖ പുറത്ത് വിട്ടത് സുഭാഷിനെതിരെ വധ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തില്‍: പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

ആല്‍ഫി ഇവാന്‍സിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആല്‍ഫീസ് ആര്‍മി എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ വരും ദിവസങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ഫിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. റോമിലേക്കുള്ള യാത്ര കുട്ടി അതിജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ വാദം കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചത്. കോടതി വിധി പുറത്ത് വന്നതിന് ശേഷം ആല്‍ഫിയുടെ മാതാവ് കേയിറ്റ് ജെയിംസ് പുറത്തുവിട്ട ആശുപത്രി ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ബോധരഹിതനായി കിടക്കുന്ന കുട്ടിയുടെ കവിളില്‍ തലോടി അടുത്തിരിക്കുന്ന കെയിറ്റിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. സമീപത്തായി പിതാവ് ഇവാന്‍സ് കിടക്കുന്നതും കാണാമായിരുന്നു.

‘എന്റെ ലോകം നീ മാത്രമാണ് എനിക്ക് പ്രിയപ്പെട്ടവനെ’ എന്ന അടികുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മസ്തിഷ്‌ക രോഗം ബാധിച്ച 23 മാസം മാത്രം പ്രായമുള്ള ആല്‍ഫി ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിനൊടപ്പം പോരാടുകയാണ് ഇവാന്‍സും കെയിറ്റും. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച ഇവാന്‍സിന് അനുകൂലമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചെങ്കിലും യാത്ര ചെയ്യാനുള്ള അനുമതി യുകെ കോടതി നിഷേധിച്ചു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ആല്‍ഫി.

കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലും കോടതി പരിസരത്തും ആല്‍ഫിക്ക് അനുകൂലമായ പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് തടിച്ചു കൂടിയത്. കുഞ്ഞിനെ റോമിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പ്രതിഷധകര്‍ ആവശ്യപ്പെട്ടു. ആല്‍ഫിക്ക് തെറ്റായ ചികിത്സയാണ് ലിവര്‍പൂള്‍ ആശുപത്രിയില്‍ നല്‍കുന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. അവന്‍ തിരിച്ചുവരുമെന്നാണ് മിക്ക ആളുകളും പ്രതീക്ഷിക്കുന്നത്. പകുതി അബോധാവസ്ഥയിലാണ് ആല്‍ഫിയിപ്പോള്‍. നേരത്തെ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ശ്വാസമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവ നീക്കം ചെയ്തതായി ഇവാന്‍സ് അറിയിച്ചു.

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടി എനര്‍ജി കമ്പനികള്‍. ബ്രിട്ടനിലെ മൂന്ന് പ്രമുഖ എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എനര്‍ജി, ഫസ്റ്റ് യൂട്ടിലിറ്റി എന്നിവര്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചതും വിലക്കുറവുള്ളതുമായ ഡീലുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. അതായത് സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 111 പൗണ്ട് വരെ നഷ്ടമായേക്കും. കുറഞ്ഞ നിരക്കുള്ള ഡീലുകളില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഏതു നിമിഷവും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറേണ്ടി വരും എന്ന നിബന്ധനയാണ് ഇ.ഓണ്‍ മുന്നോട്ടു വെക്കുന്നത്.

മീറ്ററുകള്‍ മാറുന്നതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താനായി സ്മാര്‍ട്ട് മീറ്റര്‍ ഒണ്‍ലി താരിഫുകള്‍ കമ്പനികള്‍ അവതരിപ്പിച്ചു തുടങ്ങിയതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയിലെ 50 മില്യന്‍ വീടുകളിലും ബിസിനസുകളിലുമായി 2020 അവസാനത്തോടെ സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ സ്ഥാപിക്കണമെന്നാണ് എനര്‍ജി കമ്പനികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതില്‍ പരാജയപ്പെട്ടാല്‍ 7 ബില്യന്‍ പൗണ്ട് വരെ പിഴ നല്‍കേണ്ടി വരുമെന്ന ഭീഷണിയും കമ്പനികള്‍ നേരിടുന്നുണ്ട്. കമ്പനികള്‍ നേരിടുന്ന വലിയൊരു വെല്ലുവിളി, ഈ മീറ്ററുകള്‍ സ്ഥാപിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയാണ്.

അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ പരമാവധി സ്മാര്‍ട്ട് മീറ്ററുകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനികള്‍. അതേസമയം മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ സപ്ലയര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയുമാണന്ന പരാതിയും വ്യാപകമാണ്. സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും അത് നിയമപരമായ അനിവാര്യതയാണെന്നും കമ്പനികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനായി തങ്ങളുടെ ഏറ്റവും മികച്ച പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി അപേക്ഷകളില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റി ആന്റ് കോളേജ് അഡിമിനിസ്‌ട്രേഷന്‍ സര്‍വീസ് (യുസിഎഎസ്) ഉത്തരവിട്ടിട്ടുണ്ട്. 100ലധികം കറുത്തവരായ അപേക്ഷകരോട് കൂടുതല്‍ വിവരങ്ങള്‍ യുസിഎഎസ് ഉദ്യോഗസ്ഥര്‍ ചോദിച്ച് മനസിലാക്കിയതായി ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് പ്രകാരം ലഭ്യമായ രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വെളുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളും കറുത്തവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലും വ്യത്യാസമുണ്ടെന്ന് രേഖകള്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനില്‍ നിന്നുള്ള 419 കറുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ക്കൊപ്പം അധിക രേഖകള്‍ ഹാജരാക്കേണ്ടി വന്നതായി ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. എന്നാല്‍ വെളുത്തവരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരം രേഖകളുടെ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് യുസിഎഎസിനുള്ളത്. വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നതും നേരിട്ട് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖത്തിലൂടെയുമാണത്. എന്നാല്‍ ഇവയിലൊന്നും ഉദ്യോഗാര്‍ത്ഥിയുടെ വംശീയ വിവരങ്ങള്‍ ആവശ്യപ്പെടുകയില്ലെന്ന് യുസിഎഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വളരെ കൃത്യമായ അന്വേഷണം അടിയന്തരമായി നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം വംശീയപരമായ നടപടികള്‍ ഉണ്ടായി എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. വിദ്വേഷപ്രവൃത്തിക്ക് യാതൊരുവിധ ന്യായീകരണവും നല്‍കാന്‍ യുസിഎഎസിന് അര്‍ഹതയില്ലെന്നും ലേബര്‍ ഷാഡോ എജ്യൂക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടുന്നതിനായി യുസിഎഎസ് എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും റൈനര്‍ ആവശ്യപ്പെട്ടു. വിന്‍ഡ്‌റഷ് ജനറേഷനിലുള്ള കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ രേഖകള്‍ ഹോം ഓഫീസില്‍ നിന്ന് നശിപ്പിക്കപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

സിംഗിള്‍ മാര്‍ക്കറ്റില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരില്‍ നിന്ന് ട്രാവല്‍ ഓതറൈസേഷന്‍ ഫീ ആയി 7 യൂറോ വീതം ഈടാക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കുന്നു. യൂണിയന്‍ രാജ്യങ്ങളിലെ അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിശദീകരിക്കപ്പെടുന്നു. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഈ ഫീസ് ബാധകമാകും. യൂറോപ്യന്‍ യൂണിയനില്‍ സ്വതന്ത്ര സഞ്ചാരത്തിന് അനുമതിയുള്ള ഇഇഎ/ഇഎഫ്ടിഎ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫീസ് നല്‍കേണ്ടി വരില്ല.

പുതിയ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ETIAS) അനുസരിച്ച് ഷെങ്കന്‍ ഏരിയയിലേക്ക് പ്രവേശിക്കുന്നവര്‍ യാത്രക്കു മുമ്പായി ഒരു ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചു നല്‍കി ട്രാവല്‍ ഓതറൈസേഷന് വേണ്ടി അപേക്ഷിക്കണം. ഇതിനൊപ്പമാണ് ഫീസ് അടക്കേണ്ടത്. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഇന്റര്‍പോള്‍ ഡേറ്റാബേസുകളിലേക്കാണ് നല്‍കുന്നത്. എയര്‍ലൈനുകളും ഫെറി സര്‍വീസുകളും കോച്ച് ഓപ്പറേറ്റര്‍മാരും യാത്രക്കാരില്‍ ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതേസമയം യൂറോപ്പ് യാത്രക്ക് വിസ ആവശ്യമായ രാജ്യങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല.

ഇപ്പോള്‍ യൂറോപ്പില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷം ഉണ്ടാവില്ലെന്ന് തെരേസ മേയ് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും തുടരില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അതായത് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ പദ്ധതിയില്‍ ബ്രിട്ടീഷുകാര്‍ക്ക് ഇളവിനായി ചര്‍ച്ചകള്‍ക്ക് പോലും ഇടമില്ലാത്ത് സ്ഥിതിയാണ് ഉള്ളത്. പുതിയ സംവിധാനം യുകെയുടെ കാര്യത്തില്‍ എങ്ങനെ നടപ്പാക്കുമെന്നത് ഭാവി ബന്ധത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂ എന്ന് യൂറോപ്യന്‍ കമ്മീഷന്റെ ബ്രെക്‌സിറ്റ് മദ്ധ്യസ്ഥതാ വിഭാഗം വക്താവ് പറഞ്ഞു.

Copyright © . All rights reserved