ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ശേഷം യാത്രക്കാരെ അഭിസംബോധന ചെയ്യാന്‍ കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ്. ഹൈഡ്രോളിക് ഫ്‌ളൂയിഡ് ചോര്‍ച്ചയെത്തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനു ശേഷം ക്യാബിനിലെത്തി ക്യാപ്റ്റന്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനെ യാത്രക്കാര്‍ കയ്യടിച്ച് അനുമോദിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി മോഡലായ ഹോഫിറ്റ് ഗോലാന്‍ വിമാനത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാര്‍ പരിഭ്രാന്തരായിരിക്കുന്നതും പലരും നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വിമാനം നിയന്ത്രണത്തിലാക്കിയതിനു ശേഷം കോക്പിറ്റില്‍ നിന്ന് ക്യാപ്റ്റന്‍ പുറത്തു വരുന്നതും സംസാരിക്കുന്നതും യാത്രക്കാര്‍ അദ്ദേഹത്തെ അനുമോദിക്കുന്നതും വീഡിയോയിലുണ്ട്. നേപ്പിള്‍സില്‍ നിന്നെത്തിയ വിമാനം പുലര്‍ച്ചെ 12.30നാണ് ഗാറ്റ്വിക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. സ്‌കൂള്‍ കുട്ടികളുടെ സംഘങ്ങളും വിമാനത്തിലുണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് വിമാനം പിന്നീട് കെട്ടിവലിച്ച് മാറ്റുകയായിരുന്നു. ഹൈഡ്രോളിക് ഫ്‌ളൂയിഡ് റണ്‍വേയില്‍ പരക്കുകയും ചെയ്തു.

ഇസ്രയേലിന്റെ പാരിസ് ഹില്‍ട്ടണ്‍ എന്നറിയപ്പെടുന്ന മോഡലാണ് ഹോഫിറ്റ് ഗോലാന്‍. ഞങ്ങളുടെ പൈലറ്റ് ഒരു ഹീറോയാണ് എന്ന അടിക്കുറിപ്പോടെയാണ് ഹോഫിറ്റ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പൈലറ്റിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എമര്‍ജന്‍സി ലാന്‍ഡിംഗില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലണ്ടന്‍: ബ്രിട്ടിഷ് സെക്യൂരിറ്റി സര്‍വീസ് കുട്ടികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ കേന്ദ്രങ്ങളിലും മയക്കുമരുന്ന് വ്യാപാരികള്‍ക്കിടയിലും വളര്‍ന്നു വരുന്ന അധോലോക സംഘങ്ങള്‍ക്കിടയിലും കുട്ടികളുടെ സാന്നിദ്ധ്യമുറപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടിഷ് പോലീസും ഇതര സെക്യൂരിറ്റി ഏജന്‍സികളും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ഇത്തരത്തില്‍ ചാരവൃത്തിക്കായി നിയോഗിക്കുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇത് ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് എടുക്കുകയെന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

കുട്ടികള്‍ കൗമാര പ്രായത്തിലെത്തുമ്പോള്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രസ്വഭാവമുള്ള സംഘങ്ങളിലേക്കും ആകൃഷ്ടരാകാന്‍ ഇത്തരം ചാരവൃത്തികള്‍ കാരണമായേക്കാം. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും ചെറിയ പ്രായം മുതല്‍ക്കെ ഇവരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഒന്ന് മുതല്‍ നാല് മാസം വരെയാണ് ഒരു കുട്ടിയെ സെക്യൂരിറ്റി സര്‍വീസുകള്‍ ഇത്തരം ഇന്‍ഫര്‍മേഷന് വേണ്ടി ആശ്രയിക്കുന്നത്. കുട്ടികളെ മതിയായ സുരക്ഷയില്ലാതെ അണ്ടര്‍ കവര്‍ ഓപ്പറേഷന് ഉപയോഗിച്ചതായി വ്യക്തമാണെന്ന് ലെജിസേ്‌ലേഷന്‍ സ്‌ക്രൂട്ടിനി കമ്മറ്റി ചെയര്‍മാന്‍ ലോര്‍ഡ് ട്രെഫ്ഗാണ്‍ വ്യക്തമാക്കി.

ചാരവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ മാനസികനിലയിലും ശാരീരികക്ഷമതയിലും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി ലോര്‍ഡ് ട്രെഫ്ഗാണ്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരം ജോലികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളെ ക്ഷേമത്തെക്കുറിച്ചുള്ള കമ്മറ്റിയുടെ ആകുലതകള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായി നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി സര്‍വീസ് പല ജുവനൈല്‍ നിയമങ്ങളും പാലിക്കാതെയാണ് കുട്ടികളെ ജോലിക്കായി നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 മുതല്‍ പ്രായമുള്ളവരെ കൗമാരക്കാരായി കണക്കാക്കുമെങ്കിലും ഇത്തരം അപകടം നിറഞ്ഞ ജോലികളില്‍ സാധാരണയായി ഇവരെ ഉപയോഗിക്കാറില്ല.
രോഗികളെ നിരീക്ഷിക്കാന്‍ നൂതനമായ പദ്ധതികള്‍ എന്‍എച്ച്എസ് തയ്യാറാക്കുന്നു. ബാര്‍ കോഡുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനമേറ്റെുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന പ്രസംഗത്തില്‍ മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിക്കും. ഹെല്‍ത്ത് സര്‍വീസിനെ ലോകത്തെ ഒന്നാം നിരയിലേക്കെത്തിക്കുന്ന സംവിധാനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 500 മില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്. ബാര്‍കോഡുകളും റിസ്റ്റ്ബാന്‍ഡുകളും നല്‍കുന്നതിലൂടെ രോഗികള്‍ ഏതൊക്കെ ആശുപത്രികളില്‍ പോയാലും അവരെ നിരീക്ഷിക്കാനാകും.

രക്തസമ്മര്‍ദ്ദം തുടങ്ങിയ വൈറ്റലുകള്‍ നിരീക്ഷിക്കാനായിരിക്കും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത്. വീട്ടിലുള്ള രോഗികളുടെ പരിശോധന നടത്താന്‍ ഇതുപയോഗിച്ച് സാധിക്കും. രോഗികളെ ആശുപത്രികളില്‍ നിന്ന് നേരത്തേ ഡിസ്ചാര്‍ജ് ചെയ്യാനും ഇത് സഹായിക്കും. എന്‍എച്ച്എസ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളായിരിക്കും ഉപയോഗിക്കുകയെന്ന് ജെറമി ഹണ്ടിനു ശേഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തെത്തിയ ഹാന്‍കോക്ക് ഉറപ്പു നല്‍കുന്നു. മിക്ക ആശുപത്രികളും ഫാക്‌സ് മെഷീനുകളും 15 വര്‍ഷത്തോളം പഴക്കമുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച സര്‍ജന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗികളുടെ സുരക്ഷയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ് ഹാന്‍കോക്ക് പറയുന്നത്. ഇത് ശക്തമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ക്ക് സാധിക്കും. സെന്‍ട്രല്‍ ലണ്ടനിലെ സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ ഹോസ്പിറ്റലായ റോയല്‍ മാഴ്‌സ്‌ഡെന്‍ ഇപ്പോള്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. താനും വിര്‍ച്വല്‍ ജിപി കണ്‍സള്‍ട്ടേഷന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹാന്‍കോക്ക് പറയുന്നു.
ഹോണ്‍ചര്‍ച്ചിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദി ആല്‍ബനി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ചു. സ്‌കൂളിന്റെ അച്ചടക്കം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം പുതിയ നീക്കം കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കുന്നത് നിരോധിക്കുന്ന യുകെയിലെ ആദ്യത്തെ സ്‌കൂളാണ് ദി ആല്‍ബനി. കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ പ്രാചീന നിയമം വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. വരാന്തയിലും ക്ലാസ് മുറികളിലും ഇരുന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 30 മിനിറ്റ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു.

വളരെ അച്ചടക്കത്തോടെ ക്യൂ നിന്നുവേണം സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകളില്‍ പ്രവേശിക്കാന്‍. നിശ്ബദത പാലിക്കാനുള്ള പുതിയ നിയമം കളിസ്ഥലങ്ങളിലും ബാധകമാണ്. കളിക്കുമ്പോള്‍ കുട്ടികള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്നാണ് അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. 2015ലാണ് അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നതിനാവശ്യമായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുന്നത്. 2016 സെപ്റ്റംബറില്‍ വാല്‍ മാസോണ്‍ ഹെഡ് ടീച്ചറായി സ്ഥാനമേറ്റതിന് ശേഷം അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് 11 വര്‍ഷം ഹ്യുമാനിറ്റീസ് ടീച്ചിംഗ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് വാല്‍ മാസോണ്‍.

ഈ വര്‍ഷം ജൂണിലാണ് നിശബ്ദത പാലിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. കുട്ടികളിലെ അച്ചടക്കം വളര്‍ത്താന്‍ കര്‍ശനമായി നിയമങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മാസോണ്‍ പറഞ്ഞു. വളരെ ഉയര്‍ന്ന അക്കാദമിക് നിലവാരത്തിലേക്ക് വളരാന്‍ അത് സഹായിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ക്ലാസില്‍ ഏകാന്തമായിരിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയായി. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും തുല്യമായി അക്കാദമിക് സാഹചര്യമൊരുക്കാനാണ് സ്‌കൂള്‍ ശ്രമിക്കുന്നതെന്നും മാസോണ്‍ വ്യക്തമാക്കി. അതേസമയം നിരവധി മാതാപിതാക്കള്‍ സ്‌കൂളിന്റെ തീരുമാനത്തിനെതിരായി രംഗത്ത് വന്നു. ചിലര്‍ കുട്ടികളെ സ്‌കൂളിലേക്ക് പഠനത്തിനയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കുട്ടിയെ മാസങ്ങളായി ഇവര്‍ ഭീഷണിപ്പെടുത്തുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഒരു കുട്ടിയുടെ മാതാവ് പറയുന്നു.
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.
അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.
ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബര്‍ബെറി 2017ല്‍ കത്തിച്ചു കളഞ്ഞത് 298 മില്യന്‍ പൗണ്ടിന്റെ തുണിത്തരങ്ങള്‍. ഗ്രേ മാര്‍ക്കറ്റില്‍ വില കുറച്ച് വില്‍ക്കുന്നതും ‘മറ്റുള്ളവരിലേക്ക്’ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത് തടയുന്നതിനുമാണത്രേ ബര്‍ബെറി ഈ കടുംകൈ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 90 മില്യന്‍ പൗണ്ടിന്റെ ലക്ഷ്വറി തുണിത്തരങ്ങള്‍ ഈ വിധത്തില്‍ കത്തിച്ചു കളഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഈ വ്യവസായത്തില്‍ ഇത് പതിവാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1450 പൗണ്ടിന്റെ ട്രെഞ്ച് കോട്ടിനും അവയുടെ ചെക്ക്ഡ് ഡിസൈനിനും പേരുകേട്ട കമ്പനിയാണ് ബര്‍ബെറി. വിപണിയില്‍ തിരിച്ചടി നേരിട്ടിട്ടും ഈ വിധത്തില്‍ നശിപ്പിച്ചു കളയുന്ന തുണിത്തരങ്ങളുടെ മൂല്യം 50 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുടെ ഈ രീതി ഓഹരിയുടമകളുടെ അപ്രീതി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നുണ്ട്. പ്രൈവറ്റ് ഇന്‍വെസ്റ്റര്‍മാര്‍ എന്ന നിലയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ തങ്ങള്‍ക്ക് തരാവുന്നതായിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പ്രത്യേക ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചാണ് ഇവര്‍ തുണികള്‍ നശിപ്പിക്കുന്നത്. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് 9.6 ബില്യന്‍ പൗണ്ട് മൂല്യമുള്ള കമ്പനിയാണ് ബര്‍ബെറി. ബ്രാന്‍ഡ് വാല്യു നിലനിര്‍ത്താനും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സംരക്ഷിക്കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നതെന്നാണ് ഈ വ്യവസായത്തിലുള്ളവര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ സമ്പ്രദായത്തിനെതിരെ പരിസ്ഥിതി വാദികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡിസൈനര്‍ ലേബലിലുള്ള ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ വിറ്റഴിക്കുന്നതും തെറ്റായ ആളുകളിലേക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നതിലൂടെ ബ്രാന്‍ഡ് മൂല്യം ഇടിയുന്നത് തടയാനുമാണത്രേ വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ വിറ്റുപോകാത്ത ഉല്‍പന്നങ്ങള്‍ നശിപ്പിക്കുന്നത്! നിര്‍മാതാക്കളുടെ അനുമതിയില്ലാതെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്ന േ്രഗ മാര്‍ക്കറ്റില്‍ ഇവ എത്തുന്നതിന് തടയിടുകയും ഈ രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാധിക്കുന്നു. ചൈനയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ഉയര്‍ന്ന വിലയാണ് സര്‍പ്ലസ് സ്റ്റോക്ക് ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി തെരേസ മേയുടെ വിവാദ പോസ്റ്റ് ബ്രെക്‌സിറ്റ് വ്യാപാര ഉടമ്പടി രാജ്യത്തിന് വന്‍ ബാധ്യത വരുത്തുമെന്ന് വിലയിരുത്തല്‍. വ്യവസായങ്ങള്‍ക്ക് പ്രതിവര്‍ഷം 700 മില്യന്‍ പൗണ്ടിന്റെ ബാധ്യത യൂറോപ്യന്‍ യൂണിയനുമായി രൂപീകരിക്കുന്ന ഈ കരാറിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എച്ച്എംആര്‍സി കസ്റ്റംസ് തലവന്‍മാര്‍ വിലയിരുത്തുന്നു. ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്ലാനില്‍ മേയ് അവതരിപ്പിച്ച ഫെസിലിറ്റേറ്റഡ് കസ്റ്റംസ് അറേഞ്ച്‌മെന്റ് എന്ന ഈ ഓപ്ഷനാണ് മന്ത്രിസഭയില്‍ നിന്നുള്ള കൂട്ടരാജിക്ക് പോലും കാരണമായത്. ഈ പദ്ധതി രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്ന് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തിയിരുന്നു.

10 ദിവസങ്ങള്‍ക്കു മുമ്പ് ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് ഡേവിഡ് ഡേവിസ് രാജി വെച്ചതിനു കാരണവും പ്രധാനമന്ത്രിയുടെ ഈ നയം തന്നെയാണ്. ഇത് യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളില്‍ ബ്രിട്ടനെ തളര്‍ത്തുമെന്നായിരുന്നു ഡേവിസ് പറഞ്ഞത്. 700 മില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെങ്കിലും ഒരു നോ ഡീല്‍ ബ്രെക്‌സിറ്റിനേക്കാള്‍ ഭേദമായിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്. ധാരണകളില്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പായാല്‍ 17 ബില്യന്‍ മുതല്‍ 20 ബില്യന്‍ വരെയുള്ള ഭീമമായ ബാധ്യതയായിരിക്കും സൃഷ്ടിക്കുക.

എഫ്‌സിഎ ഇല്ലാതെയുള്ള ബ്രെക്‌സിറ്റില്‍ ബിസിനസുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ കടുത്ത കസ്റ്റംസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടയുണ്ടെന്നാണ് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് പറയുന്നത്. എഫ്‌സിഎ ഇത് ഒഴിവാക്കുമെന്ന് എച്ച്എംആര്‍സി സെക്കന്‍ഡ് പെര്‍മനന്റ് സെക്രട്ടറി ജിം ഹാര ലോര്‍ഡ്‌സിനെ അറിയിച്ചു.
തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തെ വിമര്‍ശിച്ച് മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍. സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം കോമണ്‍സില്‍ ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് ജോണ്‍സണ്‍ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ടോറി പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ടായിരുന്നു ജോണ്‍സണ്‍ പ്രസംഗിച്ചത്. മേയുടെ ബ്രെക്‌സിറ്റ് നയം സംഭ്രമം നിറഞ്ഞതാണെന്ന് ജോണ്‍സണ്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ലങ്കാസ്റ്റര്‍ ഹൗസ് സ്പീച്ചില്‍ ബ്രെക്‌സിറ്റിനെക്കുറിച്ച് സംസാരിച്ചതിനു ശേഷം മേയ് സംശയത്തിന്റെ പുകമറയിലാണെന്നും ഐറിഷ് ബോര്‍ഡര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി നീക്കുപോക്കുകള്‍ക്ക് പ്രധാനമന്ത്രി തയ്യാറായിരിക്കുകയാണെന്നും ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ ജോണ്‍സണ്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വളരെ വിചിത്രമായ പ്രതികരണമാണ് മേയ് നല്‍കിയത്. താന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലാണെന്നും ജോണ്‍സണിന്റെ പ്രസംഗം കാണാനുള്ള സമയമില്ലെന്നും മേയ് പറഞ്ഞു. ബ്രെക്‌സിറ്റിന് അനുമതി നല്‍കിയ പൗരന്‍മാരെ പ്രധാനമന്ത്രി വഴി തെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ച ജോണ്‍സണ്‍ പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവും പരോക്ഷമായി ഉന്നയിച്ചു. ബ്രെക്‌സിറ്റിനെ സംരക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നായിരുന്നു പരാമര്‍ശം. ജോണ്‍സണ്‍ പ്രസംഗിക്കുമ്പോള്‍ മേയ് കോമണ്‍സില്‍ ഉണ്ടായിരുന്നില്ല.

ബ്രെക്‌സിറ്റിലെ തന്ത്രപ്രധാന നീക്കങ്ങള്‍ മറ്റ് മുതിര്‍ന്ന എംപിമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അതേ സമയത്ത് തെരേസ മേയ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഡേവിഡ് ഡേവിസും ബോറിസ് ജോണ്‍സണും രാജിവെച്ചതിനു പിന്നാലെ ടോറി പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെ ശക്തമായ പോര്‍മുഖവും തുറന്നിരിക്കുകയാണ്. അതിന്റെ സൂചനയാണ് പാര്‍ലമെന്റില്‍ പ്രത്യക്ഷമായത്.
യുകെയിലെ പ്രമുഖ ക്യാന്‍സര്‍ ജനറ്റിക്ക് പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ (ഐസിഎസ്) പ്രൊഫസറായി നസ്‌നീന്‍ റഹ്മാനെതിരെയാണ് 45 സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നസ്‌നീന്‍ തന്റെ ജോലി രാജിവെച്ചു. ജോലി സ്ഥലത്തുവെച്ച് കീഴ് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് നസ്‌നീനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. പരാതിയിന്മേല്‍ ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ പ്രൊഫസര്‍ നിഷേധിച്ചു.

നസ്‌നീന്റെ പെരുമാറ്റം തങ്ങളുടെ ആത്മവിശ്വാസത്തെയും ജോലിയെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചതായി പരാതി നല്‍കിയ സഹപ്രവര്‍ത്തകരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്‌നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്‌നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരോട് ശത്രുതാപരമായി പെരുമാറുന്നതും ജോലി സ്ഥലത്ത് വെച്ച് അപമര്യാദയോടെ സമീപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പരാതിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നസ്‌നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. രോഗങ്ങളുടെ മൂലകാരങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്‌നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.
2011നു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശിശു മരണ നിരക്കുകളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ജനിക്കുന്ന 1000 കുട്ടികളില്‍ നാല് പേര്‍ തങ്ങളുടെ ആദ്യ ജന്മദിനത്തിനു മുമ്പു തന്നെ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം ആയിരത്തില്‍ 3.9 കുട്ടികള്‍ മാത്രമായിരുന്നു മരിച്ചിരുന്നത്. മൊത്തം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുള്ളതിനാല്‍ അതിന് ആനുപാതികമായി കണക്കാക്കുമ്പോളാണ് മരണനിരക്കുകള്‍ വര്‍ദ്ധിച്ചതായി കാണാന്‍ കഴിയുന്നത്. ശിശു മരണ നിരക്ക് 2010ല്‍ 4.3ല്‍ നിന്ന് 4.0 ആയി കുറഞ്ഞിരുന്നു. അതിനു ശേഷം മരണനിരക്കില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്കുകള്‍ കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായും ഇതിനെ കാണാം. 2003ല്‍ മരണ നിരക്കുകള്‍ ആയിരത്തില്‍ 5.3ല്‍ നിന്ന് 4.3 ആയി കുറയ്ക്കാന്‍ സാധിച്ചിരുന്നു. 1980ലെയും 1991ലെയും നിരക്കുകളേക്കാള്‍ കുറയ്ക്കാനും സാധിച്ചിരുന്നു.

ശിശു മരണനിരക്ക് കുറഞ്ഞതിനൊപ്പം ജനന നിരക്കിലും കുറവുണ്ടായിട്ടുണ്ടെന്നത് ഒഎന്‍എസിന്റെ മറ്റൊരു സ്റ്റാറ്റിസ്റ്റിക്‌സാണ് വ്യക്തമാക്കുന്നത്. 2006നു ശേഷം ജനന നിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 679,106 ജനനങ്ങളാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2017ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശിശുമരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ശിശുമരണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാണാം. ഇതാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ശിശു മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.