Main News

ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും.

റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ’ സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കുറയുന്നത് രാജ്യത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് തിങ്ക് ടാങ്ക്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം രാജ്യത്തിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് ഗ്ലോബല്‍ ഫ്യൂച്ചര്‍ എന്ന സ്വതന്ത്ര തിങ്ക് ടാങ്ക് വെളിപ്പെടുത്തുന്നു. 23,000 നഴ്‌സുമാര്‍ക്കും 18,000 ഡോക്ടര്‍മാര്‍ക്കും വേണ്ടി ചെലവഴിക്കാനാകുമായിരുന്ന തുകയാണ് പൊതുധനത്തില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഇമിഗ്രേഷന്‍ നിയന്ത്രണം 2023ഓടെ ബ്രിട്ടന് 12 ബില്യന്‍ പൗണ്ടിന്റെ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡിവിഡെന്റ് എന്ന പേരില്‍ എന്‍എച്ച്എസിന് വാഗ്ദാനം നല്‍കിയിരിക്കുന്ന തുകയുടെ 60 ശതമാനം ഇതിലാണ് വരിക. ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ മൈഗ്രേഷന്‍ കണക്കുകള്‍ ഇന്ന് പുറത്തു വരാനിരിക്കെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2017 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ മൊത്തം ഇമിഗ്രേഷന്‍ 244,000 ആയി ഇടിഞ്ഞിട്ടുണ്ട്.

മൊത്തം കുടിയേറ്റം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ ഓരോ വര്‍ഷവും 1.35 ബില്യന്‍ പൗണ്ടിന്റെ നഷ്ടമായിരിക്കും ഉണ്ടാവുക. കുടിയേറ്റത്തില്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ടായാല്‍ നഷ്ടം അതിഭീമമായിരിക്കുമെന്നും ഗ്ലോബല്‍ ഫ്യൂച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇമിഗ്രേഷന്‍ നിയന്ത്രിക്കുന്നത് പൊതു ഖജനാവിനെയാണ് ദോഷകരമായി ബാധിക്കുന്നതെന്നും തിങ്ക് ടാങ്ക് വ്യക്തമാക്കുന്നു.

മോസ്കോ∙ ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിൻ ഗ്രീസ്മൻ (38, പെനൽറ്റി), പോൾ പോഗ്ബ (59), കിലിയൻ എംബപെ (65) എന്നിവർ ഫ്രാൻസിന്റെ ലീഡുയർത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകൾ ഇവാൻ പെരിസിച്ച് (28), മരിയോ മാൻസൂക്കിച്ച് (69) എന്നിവർ നേടി.

ഗോളുകൾ വന്ന വഴി

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ, സെൽഫ് ഗോൾ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 0

18–ാം മിനിറ്റിൽ ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാൻസ് ലീഡെടുക്കുന്നു. ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോർ 1–0

ഇവാൻ പെരിസിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 1 – ക്രൊയേഷ്യ – 1

18–ാം മിനിറ്റിൽ ലീഡ് നേടിയ ഫ്രാൻസിനെ 28–ാം മിനിറ്റിൽ ക്രൊയേഷ്യ ഒപ്പം പിടിക്കുന്നു. ഡെമഗോജ് വിദയിൽനിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി. ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1–1

അന്റോയിൻ ഗ്രീസ്മൻ (ഫ്രാൻസ്) ഫ്രാൻസ് 2 – ക്രൊയേഷ്യ – 1

ക്രൊയേഷ്യയ്ക്ക് പാരയായി വിഎആർ! ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിഎആറിന്റെ സഹായത്തോടെ വിധിക്കുന്നു. ഫ്രാൻസിന് പെനൽറ്റി. കിക്കെടുത്ത അന്റോയിൻ ഗ്രീസ്മൻ അനായാസം ലക്ഷ്യം കാണുന്നു. സ്കോർ 2–1

പോൾ പോഗ്ബ (ഫ്രാൻസ്) ഫ്രാൻസ് 3 – ക്രൊയേഷ്യ – 1

59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാ‍ൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1

കിലിയൻ എംബപെ (ഫ്രാൻസ്) ഫ്രാൻസ് 4 – ക്രൊയേഷ്യ –1

ആവേശം വാനോളമുയരെ. നാലു മിനിറ്റിനിടെ പിറന്നത് രണ്ടു ഗോളുകൾ. 65–ാം മിനിറ്റിൽ കിലിയൻ എംബപെയിലൂടെ ഫ്രാൻസിന് നാലാം ഗോൾ. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് കിലിയൻ എംബപെയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബപെയുടെ കിടിലൻ ഫിനിഷിങ്. ക്രൊയേഷ്യൻ ഗോൾകീപ്പർ സുബാസിച്ചിന് ഒന്നും ചെയ്യാനില്ല. സ്കോർ 4–1

മരിയോ മാൻസൂകിച്ച് (ക്രൊയേഷ്യ) ഫ്രാൻസ് 4 – ക്രൊയേഷ്യ –2

നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4

 

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പണം റീഫണ്ട് ചെയ്യാമെന്ന ഓഫറില്‍ പ്രീമിയര്‍ ഇന്‍ ഹോട്ടലിന് തിരിച്ചടി. ആറ് വര്‍ഷമായി നടന്നു വരുന്ന ഈ ഓഫറിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തി. ഗുഡ്‌നൈറ്റ് ഗ്യാരന്റ് എന്ന പേരില്‍ അവതരിപ്പിച്ച ഈ റീഫണ്ട് ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഓഫര്‍ കബളിപ്പിക്കലാണെന്നും ചിലര്‍ പറയുന്നു. ഓഫര്‍ അനുസരിച്ച് പണം തിരികെ ലഭിക്കണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ റിസപ്ഷനില്‍ നിന്ന് പണം നല്‍കുന്ന രീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്.

750 ഹോട്ടലുകളുള്ള വമ്പന്‍ ഹോട്ടല്‍ ശൃംഖലയാണ് പ്രീമിയര്‍ ഇന്‍. തങ്ങളുടെ ഈ റീഫണ്ട് പദ്ധതി ഒരു കേന്ദ്രീകൃത രീതിയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. 2012ലാണ് ഈ പദ്ധതി ഹോട്ടല്‍ അവതരിപ്പിച്ചത്. എന്നാല്‍ റീഫണ്ടിനായി ആവശ്യമുന്നയിക്കുന്നവരുടെ എണ്ണം പെരുകിയതോടെ പദ്ധതിയില്‍ പ്രീമിയര്‍ ഇന്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കാമെന്നാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ശേഷം പണം തിരികെ വാങ്ങാന്‍ എത്തുന്നവരെ കണക്കിലെടുത്തായിരിക്കാം ഹോട്ടല്‍ നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് നിഗമനം.

ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്ന കാലം അവസാനിച്ചുവെന്നാമ് കസ്റ്റമര്‍ കംപ്ലെയിന്റ് വെബ്‌സൈറ്റായ റിസോള്‍വറിന്റെ വക്താവ് മാര്‍ട്ടിന്‍ ജെയിംസ് പറയുന്നത്. പ്രീമിയര്‍ ഇന്നിന്റെ നടത്തിപ്പുകാര്‍ നിങ്ങള്‍ക്ക് സൗജന്യമായല്ല സേവനം നല്‍കുന്നതെന്നും ജെയിംസ് പറഞ്ഞു. അവര്‍ തങ്ങളുടെ നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ ഓഫര്‍ ഇത്രയും കാലം നിലനിന്നു എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനമായ ഇന്ന് യുകെയിലെ റെയില്‍ ഗതാഗതം സ്തംഭിക്കും. ജീവനക്കാര്‍ ഫുട്‌ബോള്‍ മാച്ച് കാണുന്നതിനായി കൂട്ടത്തോടെ ലീവെടുത്തതോടെ നോര്‍ത്തേണ്‍ 170 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കാനിടയുണ്ടെന്നും വിവരമുണ്ട്. ചെഷയര്‍, ലങ്കാഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളെ സര്‍വീസ് റദ്ദാക്കല്‍ സാരമായി ബാധിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സും ക്രൊയേഷ്യയുമായുള്ള ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്നത്.

നോര്‍ത്തേണ്‍ ജീവനക്കാരുടെ കോണ്‍ട്രാക്റ്റ് അനുസരിച്ച് ഏഴ് ദിവസത്തെ നോട്ടീസ് നല്‍കിയില്ലെങ്കിലും ഞായറാഴ്ച ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതില്‍ തടസമില്ല. ഇങ്ങനെയുണ്ടായ പ്രതിസന്ധിയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും ലിവര്‍പൂള്‍ മേയര്‍ സ്റ്റീവ് റോത്തര്‍ഹാമും നോര്‍ത്തേണിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നോര്‍ത്തേണും ഗോവിയ തെംസ് ലിങ്ക് റെയില്‍വേയും മെയ്മാസത്തിലെ ഷെഡ്യൂള്‍ മാറ്റത്തിനു ശേഷം നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

സര്‍വീസ് വൈകലുകളും റദ്ദാക്കലുകളും പതിവാകുകയും ഈ സംഭവങ്ങള്‍ വിവാദമാകുകയും ചെയ്തതോടെ ഗോവിയ തെംസ് ലിങ്ക് റെയില്‍വേ ചീഫ് എക്‌സിക്യൂട്ടീവ് ചാള്‍സ് ഹോള്‍ട്ടന്‍ രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു. ഫൈനല്‍ ദിനത്തില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതില്‍ നോര്‍ത്തേണ്‍ വക്താവ് ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ 170 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്നും വക്താവ് പറഞ്ഞു.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി രേഖാമൂലം പരാതി നല്‍കിയില്ലെന്ന വാദം പൊളിയുന്നു. കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായതോടൊണ്. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. 2017 ജൂലൈ 11ന് നല്‍കിയ കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ സഭവിട്ട പുറത്തുപോകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രി വ്യക്തമാക്കുന്നു.

എന്നാല്‍, തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. പരാതി ലഭിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകള്‍ കാണാതായെന്നും പരാതി നല്‍കിയ കന്യാസ്ത്രി ആരാണെന്ന് വ്യക്തമല്ലെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

ആര്‍ച് ബിഷപ്പിനെതിരെ കത്തില്‍ പറയുന്ന പ്രധാന പരാതികള്‍ ഇപ്രകാരമാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു.

പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.

കേസില്‍ അന്വേഷണസംഘം നാളെ കര്‍ദിനാളിന്റെ മൊഴിയെടുക്കും. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍, കുറവിലങ്ങാട് പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

 

യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്.  എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.

ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.

ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ നടക്കും. പതിനായിരത്തില്‍പ്പരം വിശ്വാസികളെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായെന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ മലയാളം യുകെയോട് പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ ഹോളി ഫാമിലി കമ്മ്യൂണിറ്റി (കിംഗ്‌സിലില്‍) യുടെ നേതൃത്വത്തിലാണ് ഇത്തവണ തീര്‍ത്ഥാടനം നടക്കുന്നത്.

ഫാ. ഫിലിപ്പ് പന്തമാക്കല്‍

രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി കോച്ചുകളിലും മറ്റു വാഹനങ്ങളില്‍ നിന്നുമായിട്ടായിരിക്കും വിശ്വാസികള്‍ എത്തിച്ചേരുക. രൂപതയുടെ എല്ലാ റീജിയണുകളിലും ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. പതിനായിരത്തോളം വിശ്വാസികള്‍ പ്രഥമ തീര്‍ത്ഥാടനത്തിന് കഴിഞ്ഞ വര്‍ഷം വാല്‍സിംഹാമില്‍ എത്തിച്ചേര്‍ന്നിരുന്നു.

നാളെ രാവിലെ 9 മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. 11.15 മുതല്‍ 1 മണി വരെയുള്ള ഉച്ചഭക്ഷണ സമയത്ത് അടിമവെയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ നിരക്കില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. 1 മണിക്ക് മൈലുകള്‍ നീളമുള്ള ചരിത്രപ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. സന്തോഷത്തിന്റെയും ദുഖത്തിന്റെയും പ്രകാശത്തിന്റെയും മഹിമയുടെയും രഹസ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇരുപത് ജപമാല സ്റ്റേഷന്‍സ് പ്രദക്ഷിണം കടന്നു പോകുന്ന വീഥികളില്‍ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു മണിയോട് കൂടി പ്രദക്ഷിണം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കും. തുടന്ന് ആഘോഷമായ ദിവ്യബലി നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങള്‍ ആലപിക്കും. ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലക്‌സ് ഹോപ്‌സ് വചന സന്ദേശം നല്‍കും. അഞ്ചു മണിയോടെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ രണ്ടാമത് തീര്‍ത്ഥാടനം അവസാനിക്കും.

സ്വര്‍ഗ്ഗത്തിലേയ്ക്ക് തീര്‍ത്ഥാടനം ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ തിരുന്നാള്‍ ആഘോഷം. പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ സഭാ വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് പ്രാര്‍ത്ഥനയില്‍ സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഹോളി ഫാമിലി കമ്മ്യൂണിറ്റിയും അറിയിച്ചു.

ആപ്പിളിന്റെ പുതിയ മാക്ബുക്ക് പ്രോ വേര്‍ഷന്‍ വിപണിയിലെത്തി. 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ വലുപ്പത്തില്‍ ഇറക്കിയിരിക്കുന്ന പുതിയ മോഡലിന് വില അല്‍പ്പം കൂടുതലാണ്. 13 ഇഞ്ചിന് 1,749 പൗണ്ടും 15 ഇഞ്ചിന് 2,349 പൗണ്ടുമാണ് വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇവയുടെ വില യഥാക്രമം 1,49,900 രൂപയും 1,99,900 രൂപയുമാണ്. നിലവിലെ മാക്ബുക്ക് പ്രോ ഡിവൈസുകളെക്കാളും വലിയ അപ്‌ഡേഷനുകളാണ് പുതിയ മോഡലിന് കമ്പനി അവകാശപ്പെടുന്നത്. വേഗതയേറിയ പെര്‍ഫോമന്‍സ്, പുതിയ ഇന്റള്‍ സിപിയു, പുതിയ റാം, സ്റ്റോറേജ് ഓപ്ഷന്‍, t2 സബ് പ്രോസസര്‍ സെക്യൂരിറ്റി, തുടങ്ങിയവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.

15 ഇഞ്ച് ഡിസ്‌പ്ലേ, 6 കോര്‍ ഇന്‍ന്റല്‍ കോര്‍ i7, i9 പ്രോസസര്‍, 32GB സിസ്റ്റം മെമ്മറി, 4TB SSD സ്‌റ്റോറേജ്, 4GB വീഡിയോ മെമ്മറി, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 15 ഇഞ്ച് മാക്ക്ബുക്കിന്റെ മറ്റു പ്രധാന സവിശേഷതകള്‍. ലാര്‍ജ് ഡിസ്‌പ്ലേ മറ്റു മോഡലുകളെക്കാളും ഉപഭോക്താവിനെ സംതുപ്തനാക്കും. 13 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് കോര്‍ ഇന്‍ന്റ്ല്‍ കോര്‍ i5, i7 പ്രോസസര്‍, 2tb ssd സ്‌റ്റോറേജ്, ട്രൂ ടോണ്‍ ഡിസ്‌പ്ലേ, ടച്ച് ബാര്‍, ടച്ച് ഐഡി എന്നിവയാണ് 13 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രധാന സവിശേഷതകള്‍.

മികച്ച ടൈപ്പിംഗിനായി തേര്‍ഡ് ജനറേഷന്‍ കീബോര്‍ഡ്, കൂളിംഗ് സിസ്റ്റം, ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. ശബ്ദ സംവിധാനത്തില്‍ നിലവിലുള്ള ടോപ് മോഡലുകളെ പിന്നിലാക്കാന്‍ പ്രാപ്തിയുള്ളതാണ് ഡൈനാമിക് സ്റ്റീരിയോ സ്പീക്കറുകള്‍. പുതിയ ഫീച്ചറുകള്‍ വീഡിയോ ഓഡിയോ എഡിറ്റിംഗ് പ്രൊഫഷണല്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ മുല്യമുള്ള ലാപ്‌ടോപ് മോഡലുകളിലൊന്നാണ് മാക്ക്ബുക്ക് പ്രോ. മറ്റു ബ്രാന്റുകളേക്കാളും മികച്ച പെര്‍ഫോമന്‍സ് അവകാശപ്പെടാന്‍ കഴിയുന്ന ഈ മോഡലുകള്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved