ലോകത്തെ ഏറ്റവും നീളമേറിയ ഡിഎന്‍എ സീക്വന്‍സ് ഡീകോഡ് ചെയ്തതായി യുകെ ശാസ്ത്രജ്ഞര്‍. സാധാരണ ഡിഎന്‍എ സീക്വന്‍സുകളേക്കാള്‍ 10,000 ഇരട്ടി ദൈര്‍ഘ്യമുള്ള ഡിഎന്‍എ സീക്വന്‍സാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്കാണ് ഇതില്‍ ലോക റെക്കോര്‍ഡ്. ഈ സീക്വന്‍സിന്റെ ഇരട്ടിയുള്ളതാണ് തങ്ങള്‍ ചുരുളഴിച്ചിരിക്കുന്നതെന്നാണ് യുകെ ശാസ്ത്രജ്ഞര്‍ അറിയിക്കുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ മാറ്റ് ലൂസും സംഘവുമാണ് പുതിയ റെക്കോര്‍ഡിന് ഉടമകളായത്. ഈ ഗവേഷണ ഫലം പുതിയൊരു മത്സരത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു ക്രോമസോമിനെ മുഴുവനായി ഡീകോഡ് ചെയ്യാന്‍ കഴിയുമോ എന്ന വിധത്തിലുള്ള പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്.

മനുഷ്യ ഡിഎന്‍എയാണ് ശാസ്ത്രജ്ഞര്‍ ഡീകോഡ് ചെയ്തത്. നിലവില്‍ ഡിഎന്‍എയെ ചെറിയ കഷണങ്ങളായി മുറിച്ച് പിന്നീട് സീക്വന്‍സിംഗില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ രീതി ജനറ്റിക് ഇന്‍ഫര്‍മേഷന്‍ സീക്വന്‍സിംഗിനെ കൂടുതല്‍ എളുപ്പവും വേഗത്തിലുമാകകുമെന്ന് പ്രതീക്ഷിക്കുന്നു. കൈപ്പത്തിക്കുള്ളില്‍ ഒതുങ്ങുന്ന നാനോപോര്‍ സീക്വന്‍സിംഗ് മെഷീന്‍ ഉപയോഗിച്ച് പൂര്‍ണ്ണരൂപത്തിലുള്ള മനുഷ്യ ജീനോം സീക്വന്‍സിംഗ് നടത്താനും ഡോ. മാറ്റ് ലൂസിന്റെ സംഘത്തിന് സാധിച്ചു. ഈ ഉപകരണം ഡിഎന്‍എ സീക്വന്‍സിംഗിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. ഏറ്റവും ദൈര്‍ഘ്യമേറിയ സീക്വന്‍സ് കണ്ടെത്താന്‍ ആര്‍ക്കു കഴിയും എന്നതില്‍ ഒരു സൗഹാര്‍ദ്ദപരമായ മത്സരം നിലവിലുണ്ടെന്ന് ഡോ.ലൂസ് പറഞ്ഞു.

ഡിഎന്‍എ സീക്വന്‍സിംഗില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ വികസനമാണ് ഉണ്ടായത്. ഇപ്പോള്‍ വളരെ ചെലവു കുറഞ്ഞ രീതിയായി ഇത് മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വ്യക്തിപരമായ ഡിഎന്‍എ സീക്വന്‍സിംഗ് അത്ര വിദൂരമായ ലക്ഷ്യമല്ല. ഒരു ഡോക്ടറുടെ അടുത്തെത്തിയാല്‍ ഡിഎന്‍എ വിവരങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ സാങ്കേതികത വളരുകയാണ്. അതായത്, ഒരു കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ ജനിതക വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസിലാകുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.