Main News

ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ വെറും ഒരു പൗണ്ട് മാത്രം ചെലവാകുന്ന ഈ കുത്തിവെയ്‌പ്പെടുത്താല്‍ അത് നിങ്ങളുടെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഉപകാരപ്പെടും. ശാരീരികവും മാനസികവുമായ വൈകല്യമുണ്ടാകാകുന്ന സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയില്‍ സുരക്ഷ നല്‍കുന്ന മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പാണ് ഇത്. ഗര്‍ഭം 32 ആഴ്ചയിലെത്തുന്നതിനു മുമ്പാണ് ഇത് നല്‍കേണ്ടത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും ഇനി മുതല്‍ ഈ കുത്തിവെയ്പ്പ് ലഭ്യമാകും. ബ്രിസ്റ്റോളിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഒരു പൈലറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതി വ്യാപകമാക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന മസ്തിഷ്‌ക തകരാറുകളാണ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നത്. മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പ് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കുന്നു. ഏറ്റവും മോശം അവസ്ഥയിലുള്ള സെറിബ്രല്‍ പാള്‍സിയെപ്പോലും ഇത് ചെറുക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പേശികളുടെയും അസ്ഥികളുടെയും വികസനത്തിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.

അമ്മയുടെ രക്തചംക്രമണ വ്യവ്സ്ഥയിലേക്ക് എത്തുന്ന മഗ്നീഷ്യം പ്ലാസന്റയിലൂടെ കുട്ടിയിലെത്തുകയും ഓക്‌സിജന്‍ കുറയുന്നതു മൂലം തലച്ചോറില്‍ രൂപപ്പെടാന്‍ ഇടയുള്ള വിഷവസ്തുക്കളുടെ രൂപീകരണം തടയുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. സെറിബ്രല്‍ പാള്‍സിക്കെതിരെയുള്ള ഏക പ്രതിരോധ മാര്‍ഗം ഇതു മാത്രമാണെന്ന് വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.

എയിംസ്ബറിയില്‍ വെച്ച് നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ രണ്ടു പേരിലെ സത്രീ മരിച്ചു. റഷ്യന്‍ നിര്‍മിത നെര്‍വ് ഏജന്റായ നോവിചോക്ക് വിഷബാധയാണ് ഇവര്‍ക്ക് ഏറ്റത്. ഡോണ്‍ സറ്റര്‍ഗസ് എന്ന 44 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ലി റൗളി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണത്തെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപല്‍, മകള്‍ യൂലിയ എന്നിവര്‍ക്കു നേരെ സാലിസ്ബറിയില്‍ വെച്ചുണ്ടായതിനു സമാനമായ ആക്രമണമാണ് ഇവര്‍ക്കു നേരെയും ഉണ്ടായത്. ജൂണ്‍ 30നാണ് ഇവരെ വിഷബാധയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്‌ക്രിപലിന് നേരെ പ്രയോഗിക്കാന്‍ എത്തിച്ച രാസായുധത്തില്‍ ബാക്കി വന്ന വസ്തുവില്‍ നിന്നായിരിക്കാം ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യ ആക്രമണത്തില്‍ ബ്രിട്ടന്‍ റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

സ്റ്റര്‍ഗസിന്റെ മരണത്തില്‍ നടുക്കവും ഭയവും രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇനി കൊലപാതകത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. കര്‍ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുവായ ജലന്ധര്‍ വൈദികന്‍ ആരോപിച്ചിരുന്നു. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുന്നെന്നും വൈദികന്‍ പറഞ്ഞു. കര്‍ദിനാളിനെ കാണാന്‍ പോയ സമയത്ത് 15 മിനുട്ട് മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കി കര്‍ദിനാള്‍ ആലഞ്ചേരിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചില്ലെന്നും സഭാ അധ്യക്ഷമാര്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുന്നെന്നും വൈദികന്‍ ആരോപിച്ചു.

ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കിയത്. 2014 മെയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നു സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ, ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി. ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) ഉള്‍പ്പെടെ 18 പേരാണ് സഭ വിട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ് (എംജെ) സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിന് പരാതി നല്‍കിയിരുന്നത്. പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസസഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്.

ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുള്ളത്. ബിഷപ്പിന്റെ താത്പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്.

മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയോ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നത് പോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നില്‍ക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുതിര്‍ന്ന കന്യാസ്ത്രീകളടക്കം 18 പേരാണ് സഭ വിട്ടുപോയത്. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീയുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്.

ബിഷപ്പിന് താത്പര്യമുള്ള ചില കന്യാസ്ത്രീകള്‍ അവര്‍ പല വിഷയങ്ങളില്‍ ആരോപണങ്ങളില്‍പെട്ടിട്ടും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ കത്തുകളുടെ പകര്‍പ്പ് അടക്കം ലൈംഗിക പീഡനം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് തെളിവായി നല്‍കിയിട്ടുണ്ട്.

പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സഭ ശ്രമിച്ചുവെന്നും ജലന്ധര്‍ രൂപത കന്യാസ്ത്രിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികന്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയ മെൽബണിലെ ട്രഗനൈനയിൽ മലയാളി പെൺകുട്ടി കാർ അപകടത്തിൽ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെൺകുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാർ ശരിയായ ദിശയിൽ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെൺകുട്ടിയുടെ മാതാവാണ് കാർ ഓടിച്ചത്. ഇവരും പെൺകുട്ടിയുടെ സഹോദരനും ഗുരുതരാവസ്ഥയിലാണ്‌. പിതാവിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചു പോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. റോക്ക്ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും  ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു. വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലായവർക്കായി പ്രാർഥനകളുമായി മലയാളി സമൂഹം ചിലവിടുകയാണ്‌. ഓർത്തഡോക്സ് കമ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.

28 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകള്‍ വാനോളം. നമുക്ക് ചരിത്രമെഴുതാനാകുമെന്നാണ് ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ രക്ഷകനായ ത്രീ ലയണ്‍സ് ഹീറോ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് പറഞ്ഞു. സ്വീഡന്‍ ഗോള്‍ നേടാന്‍ ലഭിച്ച അവസരം തടഞ്ഞിട്ട പിക്ക്‌ഫോര്‍ഡ് തന്നെയാണ് സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമാക്കിയതിലൂടെ കളിയിലെ കേമനായത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മോസ്‌കോയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.

ഇംഗ്ലണ്ട് അവസാനം ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നമുക്ക് ഒരു ഗെയിമുണ്ടാകും, അതിലൂടെ നാം ചരിത്രമെഴുതുമെന്ന് എപ്പോഴും ഞങ്ങള്‍ പറയുമായിരുന്നുവെന്ന് പിക്ക്‌ഫോര്‍ഡ് ബിബിസിയോട് പറഞ്ഞു. ക്യാപ്റ്റന്‍ ഹാരി കെയിനും പിക്ക്‌ഫോര്‍ഡിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. സെമിയില്‍ കടുത്ത മത്സരമായിരിക്കും ഉണ്ടാവുകയെന്നറിയാം. പക്ഷേ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ ഇത് ആസ്വദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും കെയിന്‍ പറഞ്ഞു.

ലെസ്റ്റർ സിറ്റി പ്രതിരോധ താരം ഹാരി മഗ്വയറും (30–ാം മിനിറ്റ്) ടോട്ടനം ഹോട്സ്പർ മിഡ്ഫീൽഡർ ഡെലെ അലിയുമാണ് (58) ഇം​ഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തിരിക്കുന്നത്. ഇടതു മൂലയിൽനിന്ന് ആഷ്‍ലി യങ്ങിന്റെ കോർണർ കിക്കിൽനിന്നായിരുന്നു മഗ്വയറിന്റെ ഹെഡർ ഗോൾ. മഗ്വയറിന്റെ ഉയർന്ന് ചാടിയുള്ള തകർപ്പൻ ഹെഡർ സ്വീഡിഷ് ​ഗോളി റോബിൻ ഓൾസനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. 58–ാം മിനിറ്റിലായിരുന്നു ഡെലെ അലിയുടെ ​ഗോൾ. ബോക്സിലേക്ക് ജെസ്സി ലിങാർഡ് നൽകിയ ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലെത്തിച്ചു.

ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇം​ഗ്ലണ്ടിന് അർഹിച്ച വിജയം സമ്മാനിച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് ടീം സെമിയിൽ. പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതായി എന്നതാണ് ഇം​ഗ്ലണ്ടിന്റെ വിജയത്തിന്റെ രഹസ്യം. സെമിയിൽ ക്രൊയേഷ്യയെ സമാന പ്രകടനം കാഴ്ച്ചവെക്കാനായാൽ ഇംഗ്ലണ്ട് ചരിത്രം കുറിക്കും.

മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്ന ഹോം ഓഫീസ് നടപടി വംശീയതയെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍. കുറഞ്ഞ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ചാല്‍ ഗൗരവമില്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവ ഹോം ഓഫീസ് നിരസിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ പരാതിപ്പെടുത്തുന്നവരെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഹോം ഓഫീസ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റൊരു സ്‌പെഷ്യലിസ്റ്റ് ലോയര്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹോം ഓഫീസ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ക്യൂബ, വിയറ്റ്‌നാം, ഫിജി, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വിസിറ്റിംഗ് വിസയ്ക്കായി ലഭിച്ച അപേക്ഷകള്‍ അകാരണമായി നിരസിച്ച ഒരുഡസന്‍ സംഭവങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോം ഓഫീസ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരമുള്‍പ്പെടെ നല്‍കേണ്ടി വരുമെന്ന് ഇമിഗ്രേഷന്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനും അഭിഭാഷകനും ബാരിസ്റ്ററുമായ ഏഡ്രിയന്‍ ബെറി പറഞ്ഞു. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹ്രസ്വകാല സന്ദര്‍ശക വിസകളിലുള്ള അനൗദ്യോഗിക വിലക്കിനെതിരെ ഇമിഗ്രേഷന്‍ ലോയര്‍മാരും ക്യാംപെയിനര്‍മാരും എംപിമാരും രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ കുട്ടികളെ പരിചരിക്കുന്നതിനായി വിസയ്ക്ക് അപേക്ഷിച്ച ബംഗ്ലാദേശി പിതാവിന്റെ അപേക്ഷ നിരസിച്ചതും സഹോദരിയുടെ വിവാഹത്തിനെത്താന്‍ ശ്രമിച്ച നൈജീരിയക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും പ്രത്യക്ഷ വംശീയതയാണ് ഇതെന്നുമാണ് വിമര്‍ശനം.

യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ ഇനി മുതല്‍ പൊടിരൂപത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനാകില്ല. ഗവണ്‍മെന്റിന്റെ പുതിയ പദ്ധതിയനുസരിച്ച് മേക്ക്അപ്പ്, ബേബി പൗഡര്‍, കോഫി, സ്‌പൈസസ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവ നിശ്ചിത അളവില്‍ കൂടുതല്‍ കൊണ്ടുപോകാനാകില്ല. പൗഡര്‍ രൂപത്തിലുള്ളവ 56 ഗ്രാം മാത്രമാണ് അനുവദനീയമായിട്ടുള്ളത്. ഇതിലൂടെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം യുകെയും എത്തും. കഴിഞ്ഞ മാസമാണ് ഈ രാജ്യങ്ങള്‍ പൊടികള്‍ വിമാനങ്ങളില്‍ നിരോധിച്ചത്.

സിഡ്‌നിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ വിമാനം തകര്‍ക്കാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം തകര്‍ത്തതിനു ശേഷമാണ് വ്യോമയാന രംഗത്ത് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഐസിസ് ശൈലിയിലുള്ള ആക്രമണ ശ്രമമാണ് ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ വിമാനത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമം സുരക്ഷാ പരിശോധയിലാണ് പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ നിയമമനുസരിച്ച് 56 ഗ്രാം പൊടികള്‍ കൈവശം വെക്കാമെങ്കിലും ഇവയും കര്‍ശനമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാകൂ.

12 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്നതിനു ശേഷമാണ് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാകുന്നത്. പുതിയ നിയന്ത്രണങ്ങള്‍ യാത്രക്കാരില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളില്‍ വലിയ ക്യൂ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്രെക്‌സിറ്റ് ആശയക്കുഴപ്പങ്ങള്‍ വിമാനത്താവളങ്ങളില്‍ സമയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് പുതിയ നിയന്ത്രണങ്ങളേക്കുറിച്ച് യാത്രക്കാര്‍ ആശങ്കപ്പെടുന്നത്.

എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്‌സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്‌സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളില്‍ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ടീം ലീഡറായിരുന്നു ഡാന്‍ ബറൗച്ച്.

പുതിയ പരീക്ഷണ വിജയം രോഗകളുടെ പ്രതിരോധശേഷി തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനില്‍ സാധാരണ നിലയില്‍ കാണുന്ന പ്രതിരോധശേഷിയുടെ പതിന്മടങ്ങ് ശക്തി വാക്‌സിന്‍ നല്‍കുമെന്നാണ് കരുതുന്നത്. എച്ച്.ഐ.വി വൈറസ് പ്രധാനമായും ബാധിക്കുന്ന മനുഷ്യന്റെ പ്രതിരോധ മികവിനെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. സമീപകാലത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഗവേഷണ വിജയങ്ങളിലൊന്നാണിത്. അതേസമയം പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളു.

90,000ത്തിലധികം ബ്രിട്ടിഷ് പൗരന്മാര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ട്. ഒരു വര്‍ഷത്തില്‍ 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് രോഗത്തിനും പിന്നീട് മരണത്തിനും കാരണമാകുന്ന ഈ വൈറസുകളെ നേരിടാന്‍ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. കുരങ്ങുകളിലാണ് ഇവ ആദ്യം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകര്‍ക്കുകയാണ് ഈ വൈറസിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇതര രോഗങ്ങള്‍ പെട്ടന്ന് പിടിപെട്ട് വൈറസ് ബാധയേറ്റയാള്‍ മരണപ്പെടുകയും ചെയ്യും.

ലണ്ടന്‍: മില്യണലധികം വിലമതിക്കുന്ന സൂപ്പര്‍ കാറുകള്‍ അനധികൃതമായ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തതിന് 80 പൗണ്ട് പിഴ ഈടാക്കി. ഈ കോടീശ്വരന്മാര്‍ക്ക് ഇത് ചെറിയ പിഴയാണെങ്കിലും നിരത്തില്‍ പണക്കൊഴുപ്പ് കാണിക്കുന്നവര്‍ക്കുള്ള ശിക്ഷയായിട്ടാണ് ആളുകള്‍ ഇതിനെ കാണുന്നത്. കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന മെയ്‌ഫെയര്‍ ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്കിംഗ് നിരോധിത മേഖലയായിരുന്നു. ഈ കാറുകള്‍ ആരുടെയാണെന്ന് വ്യക്തമല്ല. ഇത്തരം ആഢംബര വാഹനങ്ങള്‍ മെയ്‌ഫെയര്‍ ഹോട്ടലിന് സമീപ പ്രദേശങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്. റഷ്യയില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നും അവധി ആഘോഷിക്കാന്‍ യുകെയിലെത്തുന്ന കോടിപതികളുടെ മക്കള്‍ സ്ഥിര സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്.

150,000 പൗണ്ട് വിലയുള്ള ഫെറാറി 458, 250,000 വിലയുള്ള ലംബോര്‍ഗിനി, അര മില്യണോളം വിലവരുന്ന മറ്റൊരു കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഹോട്ടലിന് മുന്നിലെ തെരുവില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഈ കാറുകള്‍ ആരുടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തെരുവില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കിയ ശേഷവും ഇവര്‍ പാര്‍ക്ക് ചെയ്തുവെന്നാണ് കരുതുന്നത്. ഇത്തരക്കാരായ പ്ലേ ബോയ് റൈഡേഴ്‌സ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍ എന്നൊരു നിയമം കൗണ്‍സില്‍ കൊണ്ടുവരികയും ചെയ്തിരുന്നു.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാക്കുക, ജീവനോ സ്വത്തിനോ അപകടം വരാന്‍ സാധ്യതയുള്ള പെരുമാറ്റം തുടങ്ങിയവയ്ക്ക് തക്ക ശിക്ഷ നല്‍കുന്ന ഭേദഗതിയാണ് പബ്ലിക് സ്‌പേസ് പ്രൊട്ടെക്ഷന്‍ ഓര്‍ഡര്‍. പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് വാഹനത്തില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കി ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്ലേ ബോയ് റൈഡേഴ്‌സിന് 1,000 പൗണ്ട് വരെ പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിരവധി ആഢംബര കാര്‍ ഉപഭോക്താക്കളാണ് നിയമലംഗനം ശീലമാക്കിയിരിക്കുന്നത്. റെഡ്-യെല്ലോ ലൈനുകളില്‍ പാര്‍ക്ക് ചെയ്യുക, അനാവശ്യ ശബ്ദങ്ങളുണ്ടാക്കുക തുടങ്ങിയത് ഇത്തരം ഫാന്‍സി കാറുടമകളുടെ ശീലങ്ങളിലൊന്നാണ്. ഈ കാറുടമകളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ഡെയിലി മെയില്‍ അറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷം യുകെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായി തുടരേണ്ട നയതന്ത്ര-വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങളായി. വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ കൂടാതെ ഭാവിയിലെ യുകെയിലേക്ക് തൊഴിലെടുക്കാനും പഠനത്തിനുമായി എത്തുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ നിയന്ത്രിക്കേണ്ടതില്ലെന്നും കാബിനറ്റ് യോഗം തീരുമാനമെടുത്തിട്ടുണ്ട്. സമീപകാലത്ത് പല മേഖലകളില്‍ നിന്നും ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കുന്നതാണ് പുതിയ യോഗ തീരുമാനങ്ങള്‍. കാബിനറ്റ് അംഗങ്ങള്‍ പ്രധാനമന്ത്രി തെരേസ മെയ്‌ന്റെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 12 മണിക്കൂറോളം നീണ്ട യോഗം യൂറോപ്യന്‍ യൂണിയനുമായ സുതാര്യവും ശക്തവുമായ ബന്ധം നിലനിര്‍ത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനുമായി കൂടിച്ചേര്‍ന്ന കസ്റ്റംസ് ടെറിറ്ററി ആവശ്യമാണെന്ന് യോഗത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. ബ്രക്‌സറ്റിന് അനുകൂലിക്കുന്ന ടോറികള്‍ പുതിയ തീരുമാനങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.കെ-ഇ.യു ബന്ധം പഴയതുപോലെ നിലനിര്‍ത്തേണ്ടതില്ലെന്ന് വാദിക്കുന്നവരും യോഗ തീരുമാനങ്ങളെ എതിര്‍ത്ത് രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ.യു വുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുതിയ യോഗതീരുമാനങ്ങള്‍ കാരണമാകും എന്നാല്‍ ഏതൊക്കെ മേഖലകളിലാണ് ബന്ധങ്ങള്‍ ഉണ്ടാവുകയെന്നത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യത കൈവന്നിട്ടില്ല. ഇ.യുവുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വാദിച്ചു. യോഗത്തില്‍ പങ്കെടുത്ത മിക്കവര്‍ക്കും സമാന അഭിപ്രായം തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇക്കാര്യങ്ങള്‍ തെരേസ മെയ് സ്വന്തം പാര്‍ട്ടിയെയും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെയും ബോധ്യപ്പെടുത്തേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും റിപ്ലബിക് ഓഫ് അയര്‍ലണ്ടിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. വളരെ ഗൗരവത്തോടെ ഇക്കാര്യത്തെ നോക്കികാണണമെന്ന് ഭൂരിപക്ഷം ആവശ്യപ്പെട്ടു. ഇ.യുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന തരത്തിലുള്ള കരാര്‍ രൂപരേഖ ഒക്ടോബര്‍ ആദ്യത്തോടെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കരാര്‍ നിലവില്‍ വന്നില്ലെങ്കിലും 2019 മാര്‍ച്ചോടു കൂടി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved