ടെസ്‌കോയും സെയിന്‍സ്ബറീസും വിറ്റഴിച്ച മീറ്റ് ഫ്രീ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസ ശകലങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഈ ആരോപണം അന്വേഷിക്കും. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളില്‍ പോര്‍ക്ക്, ടര്‍ക്കി എന്നിവയുടെ മാംസത്തിന്റെ അംശമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത്തരമൊരു ആരോപണമുയരാനിടയായ സാഹചര്യങ്ങളാണ് പരിശോധനാ വിധേയമാക്കുന്നതെന്ന് എഫ്എസ്എ വക്താവ് അറിയിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു..

സെയിന്‍സ്ബറീസ് വിറ്റഴിച്ച വെജിറ്റേറിയന്‍ മീറ്റ്‌ബോള്‍സില്‍ പോര്‍ക്കിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ടെലഗ്രാഫ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെസ്‌കോയുടെ വെജ് മാക്കറോണിയില്‍ ടര്‍ക്കിയുടെ അംശമുണ്ടെന്നും വ്യക്തമായിരുന്നു. ഒരു ജര്‍മന്‍ ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയിലാണ് ഇവ പരിശോധനയ്ക്ക് അയച്ചതെന്നും നിരവധി സാമ്പിളുകള്‍ അയച്ചിരുന്നുവെന്നും ടെലഗ്രാഫ് അറിയിച്ചിരുന്നു. സെയിന്‍സ്ബറീസിന്റെ സ്വന്തം ബ്രാന്‍ഡായ മീറ്റ്ഫ്രീ മീറ്റ് ബോള്‍സിലും ടെസ്‌കോയുടെ വിക്കഡ് കിച്ചണ്‍ ബിബിക്യു ബട്ടര്‍നട്ട് മാക് 385 ഗ്രാം റെഡിമീലിലുമാണ് നോണ്‍വെജ് ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയത്.

മാംസമോ മൃഗ ചര്‍മ്മമോ ഈ ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിന്റെ തെളിവാണ് ഈ ഡിഎന്‍എ സാന്നിധ്യമെന്ന് ലബോറട്ടറി വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു ഡിഎന്‍എ സാന്നിധ്യം പ്രകടമായില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നത്.
നൂറുകണക്കിന് കുട്ടികള്‍ക്ക് മദ്യവും ലാഫിംഗ് ഗ്യാസും വിതരണം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബര്‍മിംഗ്ഹാമിലെ ഷീഷ ബാര്‍ അടച്ചുപൂട്ടി. ഗൂച്ച് സ്ട്രീറ്റ് നോര്‍ത്തിലെ ക്ലൗഡ് നയന്‍ എന്ന ബാറിന്റെ ലൈസന്‍സാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ റദ്ദാക്കിയത്. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലൈസന്‍സ് നിബന്ധനകള്‍ ബാര്‍ ലംഘിച്ചുവെന്നും ഉത്തരവാദിത്തത്തോടെ ബാര്‍ നടത്തുമെന്നതില്‍ ഉടമ മുഹമ്മദ് മാലിക്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ലൈസന്‍സിംഗ് സബ് കമ്മിറ്റി വിലയിരുത്തി. കുട്ടികള്‍ക്ക് പ്രവേശനം പൂര്‍ണ്ണമായി നിഷേധിക്കാമെന്ന് ബാറുടമ അറിയിച്ചെങ്കിലും കൗണ്‍സില്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

യുവാക്കളായ സഞ്ചാരികള്‍ക്കായി പകല്‍ സമയ പാര്‍ട്ടികള്‍ നടത്തിയതിന് 2017 ഏപ്രില്‍ മുതല്‍ നിരവധി കേസുകള്‍ ഈ ബാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ ബാര്‍ അടച്ചുപൂട്ടണമെന്ന് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ലാഫിംഗ് ഗ്യാസ് നല്‍കിയെന്നാണ് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യവും ഈ ബാറില്‍ നിന്ന് വിതരണം ചെയ്തിരുന്നു. ഫയര്‍ സേഫ്റ്റി സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

ബാറിന്റെ ലൈസന്‍സ് പിന്‍വലിക്കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് 14 മാസങ്ങളായി ബാര്‍ ലൈസന്‍സ് നിബന്ധനകള്‍ തുടര്‍ച്ചയായി ലംഘിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനമെന്നും പോലീസിന്റെ ലീഗല്‍ പ്രതിനിധി മോളി ജോയ്‌സ് പറഞ്ഞു. ബാറുടമയാണ് ഇവയ്ക്ക് ഉത്തരവാദിയെന്നും പോലീസ് വ്യക്തമാക്കി.
എലിസബത്ത് രാജ്ഞിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള കോള്‍ഡ്‌സ്ട്രീം ഗാര്‍ഡുകളുടെ പരേഡ് ഇത്തവണ ചരിത്രത്തിന്റെ ഭാഗമാകും. പരമ്പരാഗത വേഷത്തില്‍ മാത്രം സൈനികര്‍ പങ്കെടുക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ എന്നറിയപ്പെടുന്ന ഈ പരേഡില്‍ ഇത്തവണ ഒരു സിഖ് വംശജന്‍ ശ്രദ്ധ പിടിച്ചുപറ്റി. സിഖ് തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു ഗാര്‍ഡ്‌സ്മാന്‍ ചരണ്‍പ്രീത് സിങ് ലാള്‍ പരേഡില്‍ പങ്കെടുത്തത്. ഇന്നലെ നടന്ന പരേഡില്‍ പങ്കെടുത്ത ആയിരത്തോളം സൈനികരില്‍ ഈ പ്രത്യേകത മൂലം ചരണ്‍പ്രീത് സിങ് അതിഥികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് സിങ്ങിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ചരിത്രത്തില്‍ ആദ്യമായാണ് ട്രൂപ്പിംഗ് ദി കളര്‍ സെറിമണിയില്‍ പരമ്പരാഗത സൈനിക വേഷത്തില്‍ ധരിക്കുന്ന ഉയരമുള്ള ബെയര്‍സ്‌കിന്‍ ക്യാപ്പില്‍ നിന്ന് വ്യത്യസ്തമായി കറുത്ത നിറത്തിലുള്ള തലപ്പാവുമായി ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. പഞ്ചാബില്‍ ജനിച്ച് ബാല്യത്തില്‍ തന്നെ ലെസ്റ്ററിലേക്ക് കുടിയേറിയ ചരണ്‍പ്രീത് തന്റെ പരേഡിലെ പങ്കാളിത്തം ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന ഒന്നായി ജനങ്ങള്‍ നോക്കിക്കാണുമെന്ന് പറഞ്ഞു. ഇതിലൂടെ സിഖ് വംശജര്‍ മാത്രമല്ല, മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി സൈന്യത്തില്‍ ചേരാന്‍ പ്രചോദനമുണ്ടാകുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

രാജ്ഞിയുടെ ജന്മദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകള്‍ വര്‍ണ്ണാഭമായിരുന്നു. വില്യം-മെഗാന്‍ ദമ്പതികളും ചടങ്ങിനെത്തി. യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രൂപ്പിംഗ് ദി കളര്‍ പരേഡ് ആരംഭിച്ചത്. പതിനെട്ടാം നൂറ്റാണ്ട് വരെ ബ്രിട്ടീഷ് കൊട്ടാരങ്ങള്‍ക്കു മുന്നില്‍ ദിവസവും ട്രൂപ്പിംഗ് ദി കളര്‍ നടക്കുമായിരുന്നു. പിന്നീട് 1748 മുതലാണ് രാജ കുടുംബാംഗങ്ങളുടെ ജന്മദിനങ്ങള്‍ക്ക് മാത്രമായി ഈ ചടങ്ങ് പരിമിതപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്
ബ്രിട്ടണിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. യോർക്ക് ഷയറിലും ലിങ്കൺ ഷയറിലും വീടുകൾ കുലുങ്ങി. ശനിയാഴ്ച രാത്രി 11.15 നാണ് ഭൂമികുലുക്കം ഉണ്ടായത്. റിക്ചർ സ്കെയിലിൽ 3.9 മാഗ് നിറ്റ്യൂഡാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഭൂചലനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. നാശനഷ്ങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. നിരവധി പേർ സോഷ്യൽ മീഡിയയിൽ ചലനം അനുഭവപ്പെട്ടതായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷയറിലെ സ്പേൺ പോയിന്റ് കേന്ദ്രമാക്കിയാണ് ചലനം ഉണ്ടായത്. ക്ലീതോർപ്പ് സ്, ഹൾ എന്നീ സ്ഥലങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു.

ന്യൂസ് ഡെസ്ക്
വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. രണ്ടു ദിവസം മുമ്പ് ജയിൽ മോചിതനായെന്നാണ് വിവരം. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്.
ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്.
എന്നാല്‍ കേന്ദ്ര സർക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.
3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.
വീടിന് മുന്നില്‍ കാര്‍ ആരെങ്കിലും കാര്‍ പാര്‍ക്ക് ചെയ്ത് ചിലര്‍ നമ്മെ ബുദ്ധിമുട്ടിക്കാറില്ലേ? അവര്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് പെട്ടെന്ന് സ്വീകരിക്കാന്‍ കഴിയുകയെന്ന ചോദ്യത്തിന് ഉത്തരം ഒന്നും കഴിയില്ലെന്നതാണ്. ഇക്കാര്യത്തിലെ നിയമങ്ങള്‍ വളരെ രസകരമാണ്. നമ്മുടെ സ്വന്തം വീടിന് മുന്നിലെ വഴി തടസപ്പെടുത്തി ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ പ്രത്യക്ഷത്തില്‍ കുറ്റകരമാണെന്ന് നമുക്ക് തോന്നും. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സത്രീ ഇതേ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ കാര്‍ മാറ്റിയിടാനോ കുറ്റക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്യാനോ നിയമം അനുവദിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉടമസ്ഥയുടെ സ്വത്തിനോ ജീവനോ അപകടം സൃഷ്ടിക്കാതെ പാര്‍ക്ക് ചെയ്ത കാറിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു.
എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്ന് പരിശോധിക്കാം.

? വീടിന് മുന്നില്‍ വഴി തടസപ്പെടുത്തി കാര്‍ പാര്‍ക്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണോ.
അല്ല. ഇത്തരം കാര്യങ്ങള്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നവയല്ല. ഇത് ട്രെസ്പാസിംഗ് നിയമം മൂലമാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. അനുവാദമില്ലാതെ ഒരാളുടെ ഭൂമി വഴിയായി ഉപയോഗിക്കുന്നതിനെയാണ് ട്രെസ്പാസിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സിവില്‍ നിയമലംഘനമാണ്.
? പോലീസിന് ഈ കാറുകള്‍ മാറ്റാനുള്ള അധികാരമുണ്ടോ.
ഇല്ല. 1991 മുന്‍പ് ഇത്തരം കേസുകള്‍ പോലീസാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ കൈകാര്യം ചെയ്യുന്നത് പ്രദേശിക ഭരണകൂടങ്ങളാണ്. ലോക്കല്‍ കൗണ്‍സിലിന് കുറ്റക്കാരനില്‍ നിന്ന് പിഴ ഈടാക്കാനുള്ള അധികാരമുണ്ട്. പക്ഷേ അത് റോഡില്‍ നിര്‍ത്തിയിട്ടാല്‍ മാത്രമെ ബാധകമാവു. ഡ്രൈവ് വേയിലാണ് വാഹനമെങ്കില്‍ അതും സാധ്യമല്ല. ഡ്രൈവ് വേയിലുള്ള കാറുകള്‍ മാറ്റാന്‍ ലോക്കല്‍ അതോറിറ്റിക്കും സാധിക്കുകയില്ല.
? സ്വകാര്യ സ്ഥലത്ത് അനധികൃതമായി ഒരാള്‍ കാര്‍ പാര്‍ക്ക് ചെയ്താല്‍ എന്ത് ചെയ്യാന്‍ കഴിയും.
നിര്‍ഭാഗ്യകരം എന്നു പറയാമെല്ലോ ഇക്കാര്യത്തിലും അധികമൊന്നും നമുക്ക് ചെയ്യാനില്ല. പാര്‍ക്ക് ചെയ്ത ഡ്രൈവറുമായി സംസാരിച്ച് വാഹനം മാറ്റിയിടാനുള്ള നടപടി സ്വീകരിക്കുകയാണ് ഉചിതമെന്ന് ആര്‍.എ.സി വ്യക്തമാക്കുന്നു.

? നമുക്ക് നിയമപരമായ നീക്കം നടത്താന്‍ സാധിക്കുമോ
ട്രെസ്പാസിംഗ് നിയമം ഉപയോഗപ്പെടുത്തി സിവില്‍ കേസ് നല്‍കാന്‍ കഴിയും. നമുക്ക് അലോസരമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തുവെന്നാരോപിച്ച് കേസ് കൊടുക്കാനും കഴിയും. ഇത്തരം കേസുകളില്‍ കാറ് ഡ്രൈവ് വേയില്‍ നിന്ന് മാറ്റാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാം.
? തടസം സൃഷ്ടിച്ച കാര്‍ സ്വയം മാറ്റാന്‍ കഴിയുമോ.
പറ്റും. പക്ഷേ സെക്കന്റ് പാര്‍ട്ടിയുടെ കാറിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ ഉത്തരവാദിയായിരിക്കും. നിയമപരമായ അഭിപ്രായം തേടാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് പോലീസ് നിര്‍ദേശം. സെക്കന്റ് പാര്‍ട്ടിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ക്രിമിനല്‍ കേസാണ് ചാര്‍ജ് ചെയ്യപ്പെടുക.
വിമാനത്തിനകത്ത് വെച്ച് മദ്യപിക്കുന്നതും ഡ്യൂട്ടി-ഫ്രീ മദ്യം കൊണ്ടുപോകുന്നതും നിരോധിക്കാനൊരുങ്ങി ഈസിജെറ്റ്. വിമാനത്തിനുള്ളില്‍ വെച്ച് മദ്യലഹരിയിലായ യാത്രക്കാരന്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്നാണ് കമ്പനി പുതിയ നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സമീപകാലത്ത് വിമാനത്തില്‍ വെച്ച് മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈസിജെറ്റിന്റെ ബ്രിസ്റ്റോളില്‍ നിന്ന് മഹോണിലേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ഗുരുതര സെക്യൂരിറ്റി പ്രശ്‌നമാണെന്ന് കമ്പനി ചൂണ്ടി കാണിക്കുന്നു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറില്‍ നിന്നാണ് ഇയാള്‍ മദ്യം വാങ്ങിക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ മദ്യപിക്കാനും ആരംഭിച്ചു. പിന്നീട് ബഹളം വെക്കുകയും ജീവനക്കാരോട് തട്ടികയറുകയും ചെയ്യുകയായിരുന്നു.

ഇയാളെ പിന്നീട് സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട കടമ തങ്ങള്‍ക്കുണ്ടെന്ന് ഈസിജെറ്റ് വക്താവ് പറയുന്നു. മദ്യപാനം വിമാനയാത്രകള്‍ക്കിടയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് അതിനാലാണ് നിരോധന നീക്കവുമായി കമ്പനി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 5ന് ബ്രിസ്റ്റോള്‍-മഹോണ്‍ വിമാനത്തില്‍ നടന്ന സംഭവം അതിന് ഉദാഹരണമാണ്, ജീവനക്കാരെ അപമാനിക്കുന്ന വിധത്തില്‍ യാതൊരുവിധ പ്രതികരണങ്ങളും തങ്ങള്‍ അനുവദിക്കില്ലെന്നും വക്താവ് പറയുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളില്‍ മദ്യം വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരികയും ലൈസന്‍സ് അനുവദിക്കുകയുമായിരിക്കും നിരോധനത്തിലേക്കുള്ള ആദ്യപടി. അതിനു ശേഷം ഡ്യൂട്ടി ഫ്രീ മദ്യം വിമാനത്തിനുള്ളില്‍ വെച്ച് കഴിക്കുന്നത് മുഴുവനായും നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരികയും ചെയ്യാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ബ്രിസ്‌റ്റോളില്‍ നിന്ന് പ്രാഗിലേക്ക് പുറപ്പെടാനൊരുങ്ങിയ ഒരു വിമാനം റദ്ദാക്കിയതിന് പിന്നിലെയും വില്ലന്‍ മദ്യപാനികളായ യാത്രക്കാരായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ വിമാനത്തിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കുകയും മദ്യപിക്കുകയും ചെയ്തതോടെ വിമാനം റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു മില്യണ്‍ എന്‍.എച്ച്.എസ് ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കാനാണ് പുതിയ തീരുമാനം. 2020 ഓടെ ഇതിന്റെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങും. ശമ്പള വര്‍ദ്ധനവിനെ അനുകൂലിച്ച് ഹെല്‍ത്ത് സര്‍വീസ് യൂണിയനുകള്‍ വോട്ടു ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതിനായി 4.2 ബില്യണ്‍ പൗണ്ട് അധിക തുക കണ്ടെത്തും. ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന ട്രഷറി ഫണ്ടില്‍ ഉണ്ടാകുന്ന വര്‍ദ്ധനവുണ്ടാകുന്നതോടെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്.
എന്‍.എച്ച്.എസ് നഴ്‌സുമാര്‍, പാരമെഡിക്കുകള്‍, പോര്‍ട്ടേഴ്‌സ്, മാനേജേഴ്‌സ്, ഇതര ആംബുലന്‍സ് ട്രസ്റ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായിരിക്കും പ്രധാനമായും വേതന വര്‍ദ്ധനവ് ഉണ്ടാവുക. സമീപകാലത്ത് എന്‍.എച്ച്.എസില്‍ ഉണ്ടായിരിക്കുന്ന ജീവനക്കാരുടെ അപര്യാപ്തതയും ഇതോടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 100,000 ഒഴിവുകളാണ് നിലവില്‍ യു.കെയിലെ ആരോഗ്യ മേഖലയിലുള്ളത്. ജീവനക്കാരുടെ അപര്യാപ്തത രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കാനും ഇത് സഹായകമാവും.

വിവിധ തസ്തികകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് 6.5 ശതമാനം വേതന വര്‍ദ്ധനവായിരിക്കും ലഭിക്കുക. അതേസമയം ജി.എം.പി യൂണിയന്‍ പുതിയ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നു. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് യൂണിയന്‍ ചൂണ്ടികാണിക്കുന്നു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആന്റ് യൂണിയന്‍ പദ്ധതിയെ സ്വാഗതം ചെയ്തു. എന്‍.എച്ച്.എസിന്റെ പ്രശ്‌നങ്ങളെ ഒരു രാത്രികൊണ്ട് പരിഹരിക്കാനുള്ള കഴിവ് പുതിയ പദ്ധതിക്കില്ല. എന്നാല്‍ വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കാനെങ്കിലും ഇത് ഉപകരിക്കുമെന്ന് ഹെല്‍ത്ത് യൂണിയനുകളുടെ തലവനായ സാറ ഗോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയുടെ ആനുകൂല്യം ഡോക്ടര്‍മാര്‍ക്ക് ലഭ്യമാവുകയില്ല.
ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഹൗസ് ഓഫ് ഫ്രേസര്‍ 31 സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുകെയിലെ 59 സ്റ്റോറുകളില്‍ 31 എണ്ണത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 6000 പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റോറുകളിലെ 2000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകുമ്പോള്‍ ബ്രാന്‍ഡ് ആന്‍ഡ് കണ്‍സഷന്‍ റോളുകളില്‍ 4000 പേരെയും അടച്ചുപൂട്ടല്‍ ബാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് സ്‌റ്റോറും അടച്ചു പൂട്ടുന്നവയില്‍ പെടുന്നു.

ഈ സ്റ്റോര്‍ 2019 ആദ്യം വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഹൗസ് ഓഫ് ഫ്രേസര്‍ അറിയിച്ചു. ബിബിസി അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് വില്യംസണാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വളരെ കഠിനമായിരുന്നെന്നും എന്നാല്‍ ലാഘവ ബുദ്ധിയോടെ എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ റെസ്‌ക്യൂ പദ്ധതിക്കാി കമ്പനിക്ക് വായ്പ നല്‍കിയവരില്‍ നിന്ന് 75 ശതമാനം അംഗീകാരം ലഭിക്കേണ്ടതുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ജൂണ്‍ 22ന് തീരുമാനമെടുക്കും.

ഹാംലീസ് സി.ബാനറിന്റെ ചൈനീസ് ഉടമയ്ക്ക് ഹൗസ് ഓഫ് ഫ്രേസറിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന് കമ്പനിയുടെ ചൈനീസ് ഉടമ നാന്‍ജിംഗ് സെന്‍ബെസ്റ്റ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതനുസരിച്ച് മാത്രമേ ഈ വില്‍പന നടക്കൂ എന്നാണ് വിവരം.
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് യുകെയില്‍ വിലക്ക്. കള്ളപ്പണം വെളുപ്പിക്കല്‍ നിയന്ത്രണച്ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് മോണിറ്ററി വാച്ച്‌ഡോഗായ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 5 മാസത്തേക്ക് വിലക്കിയിട്ടുണ്ട്. ഇത് കൂടാതെ 896,100 പിഴ നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചകളില്‍ രണ്ടാമത്തേതാണ് കാനറ വരുത്തിയിരിക്കുന്നതെന്നാണ് മോണിറ്ററി ഹാബിറ്റ്‌സ് അതോറിറ്റി വിലയിരുത്തിയത്. 2012നും 2016നുമിടയിലാണ് ഈ വീഴ്ചകള്‍ സംഭവിച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് എഫ്‌സിഎ ട്രേഡില്‍ വിലക്കേര്‍പ്പെടുത്താറുള്ളത്. 2013ലാണ് എഫ്‌സിഎ ബാങ്കിന്റെ ആന്റി മണി ലോന്‍ഡറിംഗ് രീതികള്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയത്. ബിസിനസ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് 2015ല്‍ ഇക്കാര്യത്തില്‍ എഫ്‌സിഎ ബാങ്കിനെ ശകാരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുകെയിലെ അഡ്മിനിസ്‌ട്രേറ്റീവ് സെന്ററിലേക്ക് മൂന്ന് വര്‍ഷത്തേക്കാണ് ജീവനക്കാരെ നിയമിക്കാറുള്ളത്. ഇങ്ങനെയെത്തിയവര്‍ക്ക് യുകെ, യൂറോപ്യന്‍ യൂണിയന്‍ മണി ലോന്‍ഡറിംഗ് നിയമങ്ങളേക്കുറിച്ച് കാര്യമായ ജ്ഞാനമില്ലെന്നും എഫ്‌സിഎ കണ്ടെത്തിയിരുന്നു.