സഭയിലെ പ്രതിഷേധ സ്വരങ്ങളെ അടിച്ചൊതുക്കാൻ അടിയന്തിര നടപടി തുടങ്ങി. ആത്മീയതയിലും അച്ചടക്കത്തിലും കഴിഞ്ഞിരുന്ന കന്യാസ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയാൽ സഭയുടെ നേതൃത്വം മുട്ടുമടക്കേണ്ടി വരുമെന്ന യഥാർത്ഥ്യം മനസിലാക്കിയാണ് കർശന നിർദ്ദേശങ്ങൾ നല്കിയിരിക്കുന്നത്. പീഡനക്കേസിൽ ഉൾപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മിഷനറിസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അഞ്ച് കന്യാസ്ത്രീകൾ നടത്തിയ ഐതിഹാസിക സമരത്തിന് പിന്തുണ നല്കിയ സത്യസ്തർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചു. എറണാകുളത്ത് നടന്ന നീതി നിഷേധത്തിനെതിരായ സമരം വൻജനപിന്തുണ ആർജിച്ചതും സഭാ നേതൃത്വത്തിനെതിരെ വിശ്വാസികൾ വിരൽ ചൂണ്ടുകയും ചെയ്യുന്ന സ്ഥിതി ഭാവിയിലെങ്കിലും ഒഴിവാക്കാനുള്ള അടിയന്തിര നടപടികളാണ് സഭാ നേതൃത്വത്തിന്റെ രഹസ്യ നിർദ്ദേശപ്രകാരം നടപ്പാക്കുന്നത്. സഭാ നേതൃത്വത്തിന്റെ നടപടികൾക്കെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.

മാനന്തവാടി സീറോ മലബാർ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗവുമായ സിസ്റ്റർ ലൂസി കളപ്പുരയെ പള്ളിയുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ നിന്ന് ഇടവക വിലക്കി. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാൻ മൂവാറ്റുപുഴ പിറമാടം ദയറയിലെ യുഹാനോനെതിരെയും നടപടിയുണ്ടായി. സിസ്റ്റർ ലൂസിക്കെതിരെ ഇടവക വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തിയെന്നും അതിനാലാണ് നടപടിയെന്നും ഇടവക വിശദീകരിച്ചു.

വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റർ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നും മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തുനിന്ന് സിസ്റ്റര്‍ ലൂസി മഠത്തിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തിരുന്നു. അതേസമയം സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയില്‍ വിശദീകരണവുമായി കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്റ്റീഫന്‍ കോട്ടയ്ക്കല്‍ രംഗത്ത് വന്നു. സിസ്റ്റര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും സഭാപരമായ വിലക്കുകള്‍ സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വികാരി പറഞ്ഞു. ഇടവക അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ സുപ്പീരിയറെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നും സമരപരിപാടികളില്‍ പങ്കെടുക്കുകയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് സഭാ നേതൃത്വം രേഖാമൂലം മുന്നറിയിപ്പ് നല്‍കി.

അതേസമയം നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് യുഹാനോന്‍ റമ്പാൻ പ്രതികരിച്ചു. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ സമ്മര്‍ദമാണ് ഇത്തരമൊരു നിര്‍ദേശം തനിക്കു നല്‍കാന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്‍നിരയിലേക്ക് ആദ്യം വന്നപ്പോള്‍ തന്നെ കേരളത്തിലെ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിന് ആദ്യം മുതല്‍ക്കേ യുഹാനോന്‍ റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഇദ്ദേഹത്തിന് നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.