Main News

2018 ഫുട്‌ബോള്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ആരാധകര്‍ കരുതിയിരിക്കണമെന്ന് മുതിര്‍ന്ന ടോറി എംപിയുടെ മുന്നറിയിപ്പ്. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ റഷ്യയിലെത്തുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെയും സമാന ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് എംപി മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടിഷ് പൗരന്മാര്‍ വളരെയധികം സൂക്ഷിക്കണമെന്ന് ഫോറിന്‍ അഫയേര്‍സ് കമ്മറ്റി അംഗമായ ടോം ട്യുജെന്‍ഹാറ്റ് പറയുന്നു. സെര്‍ജി സ്‌ക്രിപാലി നേരെയുണ്ടായിരിക്കുന്ന ആക്രമണത്തെ മുന്‍നിര്‍ത്തി ഇഗ്ലണ്ട് ആരാധകരെ അപായപ്പെടുത്താന്‍ റഷ്യ മുതിര്‍ന്നേക്കുമെന്ന് ട്യുജെന്‍ഹാറ്റ് ഉത്കണ്ഠ രേഖപ്പെടുത്തി. ഇംഗ്ലണ്ട് ആരാധകരെ ലക്ഷ്യം വെച്ച് അക്രമം അഴിച്ചുവിട്ട ചരിത്രം റഷ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ അതീവ കരുതലോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ട്യൂജെന്‍ഹാറ്റ് ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന റഷ്യയുടെ പ്രതികരണങ്ങളില്‍ ഞാന്‍ അപായ ഭീഷണി കാണുന്നുണ്ട്. സവിശേഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ബ്രിട്ടിഷ് ആരാധകരോടുള്ള അവരുടെ സമീപനത്തിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം അദ്ദേഹം പറയുന്നു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പോളോണിയം-210 എന്ന രാസ വസ്തുവാണ് ഇവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് റഷ്യന്‍ നിര്‍മ്മിത വിഷ വസ്തുവാണെന്ന് നേരത്തെ ബ്രിട്ടിഷ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ആരാധകര്‍ക്ക് നേരെ മുന്‍പ് റഷ്യന്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2016ലെ യൂറോകപ്പ് മത്സര വേദിയില്‍ വെച്ച് ഇത്തരം അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ഇനിയും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ തള്ളികളയാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ തെമ്മാടികള്‍ എന്നാണ് ഇംഗ്ലണ്ട്ആരാധകരെക്കുറിച്ച് റഷ്യയുടെ ആക്ഷേപമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാര്‍സെയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 സമനിലയിലായിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെ ആരാധകരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ പ്രേമികളെ സ്റ്റേഡിയത്തില്‍ വെച്ച് മര്‍ദ്ദനത്തിനിരയാക്കിയെന്ന് അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അക്രമത്തില്‍ തങ്ങളുടെ പൗരന്മാരെ ന്യായീകരിച്ച് റഷ്യ രംഗത്തു വന്നിരുന്നു.

ന്യൂസ് ഡെസ്ക്

യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും.

മണി സൂപ്പർ മാർക്കറ്റ് സ്റ്റൈൽ സിസ്റ്റം ഏർപ്പെടുത്താനാണ് യൂണിവേഴ്സിറ്റി മിനിസ്റ്ററുടെ തീരുമാനം. യൂണിവേഴ്സിറ്റികളുടെ നിലവാരം മനസിലാക്കി വിദ്യാർത്ഥികൾക്ക്  കോഴ്സുകളും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള റാങ്കിംഗ് ആണ് പദ്ധതിയിലുള്ളത്. ഇംഗ്ലീഷ് യൂണിവേഴ്സിറ്റികളിലെ ഓരോ സബ്ജക്ടിനും ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകൾ നിശ്ചയിക്കും. അദ്ധ്യാപന നിലവാരം, കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം, കോഴ്സിനുശേഷം കുട്ടികൾക്ക് ജോലിക്ക് ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാകും അവാർഡുകൾ നിശ്ചയിക്കുക.

തങ്ങൾക്ക് വേണ്ട കരിയറും  യൂണിവേഴ്സിറ്റിയും  ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാൻ റാങ്കിംഗ് സിസ്റ്റം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മിനിസ്റ്റർ സാം ഗിമാ പറഞ്ഞു. ആദ്യം 50 യൂണിവേഴ്സിറ്റികളിൽ ഈ പൈലറ്റ് റാങ്കിംഗ് നടപ്പിലാക്കും. വിജയകരമെന്നു കണ്ടാൽ പബ്ളിക് കൺസൽട്ടേഷനു ശേഷം മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. തനിക്ക് ലഭിച്ച ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അതു കേവലം മിക്കി മൗസ് ഡിഗ്രിയാണെന്നും ആരോപിച്ച് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാർത്ഥി കോടതി കയറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് സിസ്റ്റത്തിന് നീക്കം നടത്തുന്നത്.

ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി.

ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ കോബ്ര മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഹോം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലായിരിക്കും ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര യോഗം ചേരുക. അതേസമയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മോസ്‌കോ പ്രതികരിച്ചത്. നോവിചോക്ക് എന്ന റഷ്യന്‍ സൈനിക ഉപയോഗത്തിലുള്ള നെര്‍വ് ഏജന്റാണ് സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചതെന്ന് തെരേസ മേയ് തിങ്കളാഴ്ച കോമണ്‍സില്‍ പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതാണ് ഈ വിഷവസ്തുവിന്റെ ഉപയോഗം തെളിയിക്കുന്നത്. അല്ലെങ്കില്‍ റഷ്യയുടെ കൈകളില്‍ നിന്ന് ഇത് നഷ്ടപ്പെട്ട് മറ്റുള്ളവരില്‍ എത്തിയിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

ഇവയില്‍ എന്താണ് നടന്നിരിക്കുക എന്ന കാര്യം വിശദീകരിക്കണമെന്ന് ഫോറിന്‍ ഓഫീസ് റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ചക്കുള്ളില്‍ ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മോസ്‌കോ രാജ്യത്തിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ സൈനികപ്രവൃത്തിയായി ഇതിനെ കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യക്കെതിരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ രാജ്യം തയ്യാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോണ്‍ സന്ദേശത്തില്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണെ അറിയിച്ചത്.

അതേ സമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ് പറഞ്ഞു. പ്രകോപനത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് ഇതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ബിബിസിയോട് പറഞ്ഞത്.

ലണ്ടന്‍: രാജ്യത്തുള്ളവര്‍ എല്ലാവരും നിര്‍ബന്ധിതമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിക്കണമെന്ന് നിര്‍ദേശം. 2016ല്‍ ദേശീയോദ്ഗ്രഥനം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഡെയിം ലൂയിസ് കെയ്‌സി ന്നെ ഉദ്യേഗസ്ഥയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വിള്ളലുകള്‍ അടയ്ക്കാന്‍ ഒരു പൊതുഭാഷയ്ക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ത്രീ സമത്വം, വര്‍ക്കിംഗ് ക്ലാസില്‍ വെളുത്ത വര്‍ഗ്ഗക്കാരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇന്റഗ്രേഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഇംഗ്ലീഷ് ഭാഷാ ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണം. കമ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും മുതിര്‍ന്നവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റും ഇവയില്‍ ഉള്‍പ്പെടുന്നു. 2016ല്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും അവയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ കെയ്‌സി വിമര്‍ശിച്ചു. ബിബിസി റേഡിയോ 4ന്റെ വെസ്റ്റ്മിന്‍സ്റ്റര്‍ അവറിലായിരുന്നു ഇവരുടെ പ്രതികരണം. ഇന്റഗ്രേഷന്‍ സര്‍ക്കാരിന്റെ മുന്‍ഗണനാപ്പട്ടികയില്‍ ആദ്യം വരണമെന്നും അതിന് താമസമുണ്ടാകുന്നത് നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയെ ശാക്തീകരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് ഇന്റഗ്രേഷന്റെ ഭാഗമായി നടപ്പിലാക്കേണ്ടത്. രാജ്യത്തുള്ളവര്‍ എല്ലാവരും ഇംഗ്ലീഷ് ഭാഷ സംസാരിക്കണമെന്നത് നിര്‍ബന്ധിതമാക്കാന്‍ ഒരു നിശ്ചിത സമയപരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് മികച്ച ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമാണെന്ന് നിബന്ധനയുണ്ടെന്ന് പ്രതികരിച്ച കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററുമായ മാര്‍ക്ക് ഹാര്‍പര്‍ കെയ്‌സിയുടെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു.

അമ്മ വിദേശത്തായിരിക്കെ പിതാവ് അറസ്റ്റിലായതിനെ തുടര്‍ന്ന് കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയിലൂടെ ഹോം ഓഫീസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന തന്റെ കുട്ടികളെ കെന്നത്ത് ഒാറാന്യേന്‍ഡ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാനിരിക്കുന്നതിന്റെ മണിക്കൂറികള്‍ക്ക് മുന്‍പാണ് അറസ്റ്റിലാകുന്നത്. പിതാവ് അറസ്റ്റിലായതോടെ ഇയാളുടെ മൂന്ന് കുട്ടികളേയും സോഷ്യല്‍ കെയര്‍ ഏറ്റെടുത്തു. കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഓട്ടിസം ബാധിച്ച തന്റെ മറ്റൊരു മകന്‍ വീട്ടില്‍ ഉണ്ടെന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അറസ്റ്റിലായതിനു ശേഷം ഒാറാന്യേന്‍ഡു പറഞ്ഞു. സ്‌കൂളില്‍ പോയ എന്റെ മൂന്നു കുട്ടികള്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അവരുമായി ഇതുവരെ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒാറാന്യേന്‍ഡു പറയുന്നു.

മയക്കു മരുന്ന് കടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനായി കെന്നത്ത് ഒാറാന്യേന്‍ഡുവിനെ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ തന്ന് തന്നെ ആരോ വഞ്ചിക്കുകയായിരുന്നെന്നും ഒാറാന്യേന്‍ഡു പറയുന്നു. കേസില്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്താനും വിധി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലവധിയില്‍ ഡല്ലാസ് കോടതിയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്താണ് ഹോം ഓഫീസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ചെയിജ് ഡോട്ട് ഒആര്‍ജി ഒാറാന്യേന്‍ഡുവിനെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രാജ്യത്ത് കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒാറാന്യേന്‍ഡുവിന്റെ ഭാര്യ നൈജീരയയില്‍ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ സംരക്ഷിച്ചു പോന്നിരുന്നത് ഒാറാന്യേന്‍ഡുവാണ്. ഭാര്യയോട് പെട്ടന്നു തന്നെ തിരിച്ചു വരാന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് കുട്ടികളെ നോക്കാന്‍ ആളില്ലെന്നും ഭാര്യ തിരിച്ചു വരുന്നതു വരെ തന്നെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഒാറാന്യേന്‍ഡു അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് അധികൃതര്‍ നിഷേധിച്ചു. കുട്ടികള്‍ക്ക് സോഷ്യല്‍ കെയര്‍ ലഭ്യമാക്കുമെന്ന് ഹോം ഓഫീസ് അധികൃതര്‍ ഒാറാന്യേന്‍ഡുവിനോട് പറഞ്ഞു. കുട്ടികള്‍ അനാഥമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കുക സാധ്യമല്ലെന്ന് ഹോം ഓഫീസ് ഡിസംബറില്‍ പുറത്തിറക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാതാ-പിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഹോം ഓഫീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ബോംബ് ഭീതി. ചാപ്പൽ സ്ട്രീറ്റിലാണ് രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയെന്നു കരുതുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഈ ഏരിയയിലെ റോഡുകൾ അടച്ചു. പരിസര പ്രദേശം പോലീസ് വലയത്തിലാണ് ഇന്ന് നാല് മണിക്കു ശേഷമാണ് ബിൽഡിംഗ് സൈറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സംശയകരമായ വസ്തു കണ്ടെത്തിയത്. പൊട്ടാത്ത ബോംബാണ് എന്ന അനുമാനത്തിൽ വിവരം പോലീസിനെ ഉടൻ അറിയിക്കുകയായിരുന്നു. 100 മീറ്റർ ചുറ്റളവിൽ പോലീസ് ഉടൻ തന്നെ കോർഡൺ ഏർപ്പെടുത്തി.

സാൽഫോർഡിലെ ബ്ലാക്ക് ഫ്രയാർസ് സ്ട്രീറ്റിനും ബെയ്ലി സ്ട്രീറ്റിനും ഇടയിലാണ് ചാപ്പൽ സ്ട്രീറ്റ്. ലോവ് റി ഹോട്ടലിനു സമീപത്തുള്ള സ്ഥലത്താണ് ബോംബെന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഈ റൂട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്തുള്ള ബിൽഡിംഗുകളിലുള്ളവരെ പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ലണ്ടന്‍: അമ്പത് വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ ബ്രിട്ടനിലെ നാലാമത് എമര്‍ജന്‍സി സര്‍വീസായി മാറുമെന്ന് വിദഗ്ദ്ധര്‍. മോശം കാലാവസ്ഥയിലും മറ്റും എമര്‍ജന്‍സി സേവനങ്ങള്‍ നല്‍കാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ നിയോഗിക്കപ്പെടുമെന്ന് രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ദ്ധരാണ് സൂചന നല്‍കുന്നത്. 2068ല്‍ 500 മനുഷ്യരുടെ ശേഷിയുള്ള നൂറുകണക്കിന് റോബോട്ടുകള്‍ സേവനത്തിനിറങ്ങും. മനുഷ്യന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കും.

മൈനസ് താപനിലയില്‍ തെരച്ചിലുകള്‍ നടത്താനും മനുഷ്യര്‍ക്കും നിലവിലുള്ള യന്ത്രങ്ങള്‍ക്കും ചെയ്യാനാകാത്ത കാര്യങ്ങള്‍ നടപ്പിലാക്കാനും ഇവയ്ക്കാകും. എമ്മ കൊടുങ്കാറ്റ്, ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് പോലെയുള്ള കാലാവസ്ഥകളില്‍ ഈ സൈബോര്‍ഗുകളായിരിക്കും മനുഷ്യരെ സഹായിക്കുക. മഞ്ഞില്‍ കുടുങ്ങിയ കാറുകള്‍ വീണ്ടെടുക്കാനും മറിഞ്ഞ ലോറികള്‍ തിരികെയെത്തിക്കാനും മോട്ടോര്‍വേകളില്‍ നിന്ന് മഞ്ഞ് അതിവേഗം നീക്കം ചെയ്യാനുമൊക്കെ ഇവയുടെ സേവനം ആവശ്യമായി വരും.

നിലവിലുള്ള റെസ്‌ക്യൂ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുക, ഇവരെ ആശുപത്രികളില്‍ എത്തിക്കുക, വിഷമ സ്ഥിതിയിലുള്ളവരെ സമാശ്വസിപ്പിക്കുക തുടങ്ങി നിരവധി ഫങ്ഷനുകള്‍ ഇവയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധും എഴുത്തുകാരനുമായ മാറ്റ് ഷോര്‍ പറയുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കും സൈനികേതര സേവനങ്ങള്‍ക്ക് ആര്‍മിക്കും ഇവ ഉപയോഗ യോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: സെപ്‌സിസ് സ്ഥിരീകരിക്കാന്‍ ആശുപത്രി വൈകിയതു മൂലം 31കാരിയായ സ്ത്രീക്ക് നഷ്ടമായത് തന്റെ ഇരുകാലുകളും വലതുകയ്യും. ജീവന്‍ രക്ഷിക്കാന്‍ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതായും ഇടതു കയ്യിലെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടതായും വന്നു. മഗ്ദലേന മലേക് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. എക്ടോപിക്ക് പ്രഗ്നന്‍സി അഥവാ ട്യൂബുലാര്‍ പ്രെഗ്നന്‍സിയുമായി ആശുപത്രിയിലെത്തിയ ഇവരെ വേദനാ സംഹാരികളും മറ്റ് മരുന്നുകളും നല്‍കി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. കടുത്ത രക്തസ്രാവവും വയറില്‍ പേശിവലിവുമായി എത്തിയിട്ടും ആശുപത്രിയധികൃതര്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ വലിയ പിഴവ് വരുത്തിയത്.

2014 ഡിസംബര്‍ 25ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോളാണ് ട്യൂബുലാര്‍ ഗര്‍ഭം സ്ഥിരീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഫലോപ്പിയന്‍ ട്യൂബ് നീക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ശസ്ത്രക്രിയ നടത്തുന്നതും ആശുപത്രി വൈകിപ്പിച്ചു. ഇതിനിടയില്‍ ആശുപത്രിയില്‍ വെച്ചുതന്നെ അണുബാധയേറ്റ മഗ്ദലേനയുടെ ശരീരകോശങ്ങള്‍ മരിക്കാന്‍ ആരംഭിച്ചിരുന്നു. സെപ്‌സിസ് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് മഗ്ദലേനയുടെ സ്ഥിതി മോശമായത്. പിന്നീട് കൈകാലുകള്‍ മുറിച്ചുമാറ്റുന്നതിനായി ഇവര്‍ക്ക് ആറു മാസം വീണ്ടും കാത്തിരിക്കേണ്ടതായി വന്നു.

അതിനിടയില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ഡയാലിസിസിനായി ഇവര്‍ക്ക് ആശുപത്രിയില്‍ വരേണ്ടതായും വന്നിരുന്നു. നാല് മണിക്കൂറോളം നീളുന്ന സെഷനുകളായിരുന്നു ഇവ. രണ്ട് പെണ്‍കുട്ടികളുടെ മാതാവായിരുന്ന ഇവരുടെ വിവാഹബന്ധവും ഇതിനിടെ തകരാറിലായി. തനിക്ക് നഷ്ടമായതൊന്നും ആര്‍ക്കും തിരികെ നല്‍കാനാവില്ലെന്ന് മഗ്ദലേന പറയുന്നു. ഇപ്പോള്‍ തന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ആദ്യം മുതല്‍ പഠിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്ക് മുടികെട്ടിക്കൊടുക്കാനോ തന്റെ നഖങ്ങള്‍ക്ക് ചായം പൂശാനോ കഴിയില്ലെന്ന് അവര്‍ സങ്കടപ്പെടുന്നു. സംഭവത്തില്‍ എന്‍എച്ച്എസും ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഗ്ദലേനയ്ക്ക് ഇടക്കാല നഷ്ടപരിഹാരവും നല്‍കി.

ലണ്ടന്‍: അവയവമാറ്റ ശസ്ത്രക്രിയകളെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും വരാനിടയുള്ള കാലതാമസം രോഗികളിലേക്ക് ദാനമായി ലഭിച്ച അവയവങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അവയവങ്ങള്‍ ലഭിച്ചാല്‍ അവ എത്രയും വേഗം ശസ്ത്രക്രിയകള്‍ നടക്കുന്നയിടങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. സമയബന്ധിതമായി നടക്കുന്ന ഇത്തരം ശസ്ത്രക്രിയകളെ കാലതാമസം ബാധിച്ചേക്കുമെന്നാണ് എംപിമാരും എംഇപിമാരും മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ നടന്ന ആയിരത്തോളം ജീവന്‍രക്ഷാ അവയവ മാറ്റ ശസ്ത്രക്രിയകളില്‍ അവയവങ്ങള്‍ എത്തിയത് അയര്‍ലന്‍ഡ് യുകെ അതിര്‍ത്തി കടന്നാണെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബ്രെക്‌സിറ്റിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ എന്താണെങ്കിലും അവയവങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ നിലവിലുള്ള അതേ വ്യവസ്ഥകള്‍ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കൈമാറ്റങ്ങളുടെ ചുമതലയുള്ള എന്‍എച്ച്എസ് സമിതി പറയുന്നത്. ഇത്തരം കൈമാറ്റങ്ങള്‍ ലളിതമാക്കാനുള്ള വ്യവസ്ഥകള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു. അയര്‍ലന്‍ഡിലെ 692 ദാതാക്കളില്‍ നിന്നുള്ള 1068 അവയവങ്ങളാണ് ബ്രിട്ടനിലുള്ളവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ മാറ്റിവെച്ചത്. ഇതിലൂടെ യുകെയിലേക്കുള്ള ഏറ്റവും വലിയ ദാതാവായി അയര്‍ലന്‍ഡ് മാറിയിരിക്കുകയാണ്. അവയവ കൈമാറ്റങ്ങള്‍ വളരെ സൂക്ഷിച്ച് ചെയ്യേണ്ടവയായതിനാല്‍ വിമാനത്താവളങ്ങള്‍ വഴി പോലീസ് അകമ്പടിയോടെയാണ് ഇവ നടന്നു വരുന്നത്.

സിംഗിള്‍ മാര്‍ക്കറ്റ് എന്നത് വ്യാപാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷയ്ക്കായുള്ള രക്തം, അവയവങ്ങള്‍ എന്നിവ സുരക്ഷിതമായും വേഗത്തിലും എത്തിക്കാനുള്ള സംവിധാനം കൂടിയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംഇപി കാതറീന്‍ ബിയേര്‍ഡര്‍ പറയുന്നു. ബ്രെക്‌സിറ്റും ദൈര്‍ഘ്യമേറുന്ന കസ്റ്റംസ് പരിശോധനകളും അവയവ കൈമാറ്റങ്ങളെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അവയവ കൈമാറ്റങ്ങളെ അവ ബാധിക്കാത്ത വിധത്തില്‍ സജ്ജീകരിക്കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്റ്റ് കമ്മിറ്റിയംഗം ബെന്‍ ബ്രാഡ്‌ഷോയും ആവശ്യപ്പെട്ടു.

യുകെ റീട്ടെയില്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ക്ലയേര്‍സ് ആക്‌സസറീസ് തകര്‍ച്ചയുടെ വക്കിലെന്ന് സൂചന. അമേരിക്കയിലുള്ള സ്ഥാപനങ്ങകള്‍ പാപ്പരത്വം പദവി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് 1.4 ബില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതയാണ് കമ്പനി നേരിടുന്നത്. യുവതിക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള റീട്ടൈല്‍ സ്ഥാപനമാണ് ക്ലയേര്‍സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ചെറിയ തുകയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനം സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടാനുള്ള സാധ്യതകള്‍ വരെയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷത്തെ ബില്ലുകകളുടെ കുടിശ്ശികയിനത്തില്‍ റീട്ടൈല്‍ ശൃഖല നല്‍കാനുള്ള തുക ഏതാണ്ട് 43 മില്ല്യണ്‍ പൗണ്ടോളം വരും. ഈ തുക വരുന്ന മാര്‍ച്ച് 13ന് നല്‍കേണ്ടതാണ്.

അമേരിക്കയിലെ ബ്രാഞ്ചുകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി യുകെയിലെ കമ്പനിയുടെ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും പ്രതിസന്ധി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്ലയേര്‍സില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സമാന പ്രതിസന്ധിയാണ് ടോയിസ് ആര്‍ അസ് എന്ന സ്ഥാപനവും അഭിമുഖീകരിച്ചത്. യുകെയിലെ പ്രമുഖ കളിപ്പാട്ട വില്‍പ്പന സ്ഥാപനമായ ടോയിസ് ആര്‍ അസ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. 47 രാജ്യങ്ങളിലായി ഏതാണ്ട് 4,220 സ്ഥലങ്ങളില്‍ ക്ലയേര്‍സിന് ബ്രാഞ്ചുകളുണ്ട് ഇവ കൂടാതെ സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌റ്റോറുകളും നിരവധിയാണ്. ഓണ്‍ലൈന്‍ വ്യാപര മേഖലയുമായി കടുത്ത മത്സരത്തിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലയേര്‍സ്.

ഓണ്‍ലൈന്‍ രംഗത്തെ വ്യാപാര സാധ്യതകള്‍ വര്‍ധിച്ച സാഹചര്യം ക്ലയേര്‍സിന് സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. മാപ്ലിന്‍ എന്ന സ്ഥാപനവും കഴിഞ്ഞ ആഴ്ച്ച വിപണിയില്‍ പിടിച്ചു നില്‍ക്കാനാവാതെ അടച്ചു പൂട്ടിയിരുന്നു. പിസ്സ വ്യാപാര ശൃഖലയായ പ്രിസ്സോയും സമാന പ്രതിസന്ധി മൂലം തങ്ങളുടെ 100 റസ്റ്റോറന്റുകള്‍ പൂട്ടുകയാണെന്ന് അറിയിച്ചിരുന്നു. ക്ലയേര്‍സിന്റെ ഉടമസ്ഥാവകാശം സ്വകാര്യ ഓഹരി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്നും കമ്പനിക്ക് പണം നല്‍കിയവരിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാധ്യതകള്‍ തീര്‍ത്തില്ലെങ്കില്‍ എല്ലിയോട്ട് കാപിറ്റല്‍ മാനേജ്‌മെന്റ് മോണാര്‍ച്ച് അള്‍ട്ടര്‍നേറ്റീവ് കാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഉടമസ്ഥാവകാശം കൈമാറേണ്ടി വരിക. 2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ഏതാണ്ട് 350 ഓളം പുതിയ സ്‌റ്റോറുകളാണ് അപ്പോളോയുടെ നേതൃത്വത്തില്‍ ക്ലയേര്‍സ് ആരംഭിച്ചത്. 2007ലാണ് അപ്പോളോ ക്ലയേര്‍സ് ഏറ്റെടുക്കുന്നത്.

Copyright © . All rights reserved