റെഡ് ലൈറ്റുകളില്‍ പിന്നില്‍ വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടാന്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നിലുള്ള വഴികള്‍ എന്താണ്? ആംബുലന്‍സിനെ കടത്തി വിടുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ള വഴി. അതിനായി സിഗ്നല്‍ കടന്നു പോകേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം സിഗ്നല്‍ കടന്നു പോകുന്നത് ശിക്ഷാര്‍ഹമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 999 വാഹനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പോലും സിഗ്നലില്‍ നിന്ന് ബസ് ലെയിനിലേക്കും മറ്റും മാറുന്നത് 1000 പൗണ്ട് വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ശരിയായ ഉദ്ദേശ്യത്തോടെയാണെങ്കിലും ഇങ്ങനെയുണ്ടാകുന്ന നിയമ ലംഘനത്തിന് ലൈസന്‍സില്‍ മൂന്ന് പോയിന്റുകള്‍ വരെ ലഭിക്കാനും കാരണമായേക്കും. ബോക്‌സ് ജംഗ്ഷനിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുന്നതെങ്കില്‍ പിഴ ഇതിലും കനത്തതാകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹൈവേ കോഡിലും റൂള്‍ 219ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി വാഹനം അടുത്തെത്തിയാല്‍ അത് എങ്ങോട്ടാണ് പോകുന്നതെന്ന് നിരീക്ഷിക്കുക. പരിഭ്രാന്തരാകാതെ ആവശ്യമായ രീതിയില്‍ പെരുമാറുകയെന്നാണ് റൂള്‍ പറയുന്നത്.

നിങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാതെ വേണം നിങ്ങള്‍ വാഹനം മാറ്റിക്കൊടുക്കാന്‍. ജംഗ്ഷനുകളിലോ റൗണ്ട് എബൗട്ടുകളിലോ പരുക്കന്‍ ബ്രേക്കിംഗ് പാടില്ല. തിരക്കേറിയ സിഗ്നലുകളില്‍ മറ്റു വാഹനങ്ങളെ കടന്നു പോകാന്‍ കഴിയില്ലെന്ന് എമര്‍ജന്‍സി വാഹനങ്ങളിലുള്ളവര്‍ക്കും അറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ലൈറ്റുകളും സൈറനുകളും ഓഫാക്കാറുണ്ട്. അതുകൊണ്ട് പരിഭ്രാന്തരാകാതെ സന്ദര്‍ഭത്തിന് അനുസരിച്ച് പെരുമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.

ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്.
വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ബോംബെ ഭെല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മുന്‍പ്, ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബെംഗളൂരു∙ എച്ച്.ഡി.കുമാരസ്വാമി തന്നെ അഞ്ചുവർഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിനു നൽകേണ്ടതെന്നോ ഏതൊക്കെയാണ് ഞങ്ങൾക്ക് വേണ്ടതെന്നോ ചർച്ച ചെയ്തിട്ടില്ല. അഞ്ചുവർഷം എന്തൊക്കെ ചെയ്യണമെന്നും തീരുമാനിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നും പരമേശ്വര പറഞ്ഞു.
ആർക്കു മുഖ്യമന്ത്രി പദം നൽകുമെന്നതല്ല, നല്ല ഭരണം കാഴ്ച വയ്ക്കുകയെന്നതാണു ഞങ്ങൾക്കു പ്രധാനം. പാർട്ടിയിലെ സ്ഥാനങ്ങൾക്കു വേണ്ടി ആരും തന്നോടോ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടോ സംസാരിച്ചിട്ടില്ല. പ്രവർത്തകർക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു മാത്രമേ അറിയൂ. സ്ഥാനമാനങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ലെന്നും പരമേശ്വര പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ഒട്ടേറെ നേതാക്കന്മാരുണ്ട്. പാർട്ടിയുടെ വിലയേറിയ സ്വത്തുതന്നെയാണത്. സഖ്യസർക്കാർ ആയതിനാൽ നിലവിലാർക്കാണ് സ്ഥാനം നൽകേണ്ടതെന്നു തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണ്. എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്യും. കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയില്ലെങ്കിലും എല്ലാവരും ഒറ്റക്കെട്ടാണെന്നും പരമേശ്വര പറഞ്ഞു.
ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായി മാറുകയാണ് ഹാക്കിനിയിലെ ദി ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക്. ഇസ്ലാമില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അനുവദിനീയമാണെന്ന പഠനം പുറത്ത് വന്നതിന് പിന്നാലെയാണ് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് സംഭാവനകളായി ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുമെന്ന നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികളില്‍ നിന്ന് പരമാവധി സഖാത്ത് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു പണ്ഡിതരുടെ പ്രഖ്യാപനങ്ങള്‍. ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ നിരവധി ഫത്വകളും ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ഒരു ഇസ്ലാമിക പണ്ഡിതന്‍ ക്രിപ്‌റ്റോകറന്‍സി ഹലാലാണെന്ന് വ്യക്തമാക്കിയിരുന്നു. ശരീയ്യ നിയമപ്രകാരം ക്രിപ്‌റ്റോ ഇടപാടുകള്‍ അധാര്‍മികമല്ലെന്നാണ് സിറിയയിലെ ഇസ്ലാമിക പണ്ഡിതന്‍ കണ്ടെത്തിയത്. ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ ചൂതുകളിക്ക് തുല്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പള്ളിയില്‍ ക്രിപ്‌റ്റോകറന്‍സി സംഭാവനയായി സ്വീകരിക്കാന്‍ തീരുമാനിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ തങ്ങളുടെ സമ്പത്തിന്റെ 2.5 ശതമാനം ദാനം ചെയ്യണമെന്നാണ് ഇസ്ലാമിക നിയമത്തില്‍ പറയുന്നത്. റമദാന്‍ മാസത്തിലെ സംഭാവനകള്‍ സ്വീകരിക്കാനുള്ള എല്ലാ മാര്‍ഗങ്ങഴും ഉപയോഗിക്കാനായിരിക്കും പള്ളികള്‍ ശ്രമിക്കുക. ബിറ്റ്‌കോയിന്‍, എഥീരിയം ഇനത്തില്‍ 10,000 പൗണ്ടെങ്കിലും സംഭാവനയായി സമാഹരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യോനേഷ്യന്‍ കമ്പനിയായ മുഹമ്മദ് അബൂബക്കര്‍ ഓഫ് ബ്ലോസം ഫിനാന്‍സ് ബിറ്റ്‌കോയിന്‍ ശരീയ്യ നിയമപ്രകാരം അനുവദനീയമാണോയെന്ന് അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യത്തെില്‍ നിരവധി മതപണ്ഡിതന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ മിക്കവരും വ്യക്തമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നു. ലോകത്തുള്ള വിശ്വാസികളുടെ മതപരമായ ഇത്തരം സംശയങ്ങള്‍ കൃത്യമായ ഗവേഷണത്തിലൂടെ പരിഹരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും സിഇഒ മാത്യു മാര്‍ട്ടിന്‍ പറയുന്നു. കമ്പനി നടത്തിയ പഠനത്തില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
എന്‍എച്ച്എസ് ബജറ്റ് നാല് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് ടോറി എംപി സാറ വോളാസ്റ്റണ്‍. കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷയും മുന്‍ ജിപിയുമാണ് ഈ മുതിര്‍ന്ന ടോറി എംപി. മൂന്ന് വര്‍ഷത്തെ പ്രതിവര്‍ഷ വര്‍ദ്ധന മാത്രമാണ് എന്‍എച്ച്എസ് ബജറ്റില്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് മതിയാകില്ലെന്ന് അവര്‍ പറഞ്ഞു. ദീര്‍ഘകാല ശരാശരിയായ 3.7 ശതമാനത്തിലും ഏറെയാകാണം ബജറ്റെന്ന് വൊളാസ്റ്റണ്‍ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു. വിന്റര്‍ പ്രതിസന്ധികള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഫണ്ടിംഗ് രീതികള്‍ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്‍എച്ച്എസ് ചെലവുകള്‍ പരിഹരിക്കുന്നതിനായി ഹൗസ്‌ഹോള്‍ഡ് ടാക്‌സ് ബില്ലില്‍ 2000 പൗണ്ടെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൊളാസ്റ്റണ്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. വെയിറ്റിംഗ് ടൈം ടാര്‍ജറ്റുകള്‍ കൈവരിക്കണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇക്കണോമിക് തിങ്ക് ടാങ്കായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നത്. പ്രതീക്ഷിക്കുന്നതിലും കുറവാണ് അനുവദിക്കുന്ന ഫണ്ടിംഗ് എങ്കില്‍ അത് ദുരന്തമാകുമെന്ന് അവര്‍ പറഞ്ഞു.

മൂന്ന് ശതമാനമെന്നാണ് കേള്‍ക്കുന്നത്. അത് ഒട്ടും മതിയാകില്ല. എന്‍എച്ച്എസിന്റെ തുടക്കം മുതലുള്ള ഫണ്ടിംഗിന്റെ ദീര്‍ഘകാല ശരാശരി 3.7 ശതമാനമാണ്. ഇത് നാല് ശതമാനമെങ്കിലുമാക്കി ഉയര്‍ത്തണം. അതും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി എന്‍എച്ച്എസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിച്ചുരുക്കലിനാണ് വിധേയമായിട്ടുള്ളത്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് അവര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ഉണ്ടാകാനിടയുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ തടവുകാരെ ഉപയോഗിക്കാമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക്. വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികളുടെ ക്ഷാമമുണ്ടാകാമെന്ന ആശങ്ക തടവുകാര്‍ക്കും തൊഴിലുടമകള്‍ക്കും പുതിയ അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍, കൃഷി മേഖലകളിലുള്‍പ്പെടെ തടവുകാരെ ജോലിക്കാരായി നിയോഗിക്കാനാകും. ഈ മേഖലകളിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് കരുതുന്നത്. പുതിയ എജ്യുക്കേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്ട്രാറ്റജി അടിവരയിട്ടുകൊണ്ടാണ് ജസ്റ്റിസ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

റിലീസ് ഓണ്‍ ടെംപററി ലൈസന്‍സ് ഫോര്‍ വര്‍ക്ക് (ROTL) കുറച്ചു കൂടി വിശാലമാക്കുന്നതോടെ കൂടുതല്‍ തടവുകാര്‍ക്ക് മോചനത്തിന് അവസരമാകുകയും അതിനൊപ്പം കുറഞ്ഞ കാലയളവിലേക്ക് വിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ തൊഴിലുമകള്‍ക്കും സാധിക്കും. വേണമെങ്കില്‍ സ്ഥിരം ജീവനക്കാരായി ഇവരെ നിയമിക്കാന്‍ കഴിയുമെന്നും ഗോക്ക് പറഞ്ഞു. തടവുകാരുടെ പുനരധിവാസമാണ് മുന്‍ഗണനകളില്‍ ഒന്നെന്ന് ജനുവരിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ത്തന്നെ ഗോക്ക് വ്യക്തമാക്കിയിരുന്നു.

സിവില്‍ സര്‍വീസിലേക്ക് ശിക്ഷ കഴിഞ്ഞിറങ്ങിയ മുന്‍ കുറ്റവാളികളെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റിനിടയില്‍ ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വിഷയമാകില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. ഒരു സാംസ്‌കാരിക മാറ്റത്തിനാണ് ഇതിലൂടെ താന്‍ ആഹ്വാനം നല്‍കുന്നതെന്നും ഗോക്ക് പറഞ്ഞു. ശിക്ഷ കഴിഞ്ഞ് വരുന്ന മുന്‍ കുറ്റവാളികളെ തൊഴിലിടങ്ങളില്‍ നിയോഗിക്കുന്നതിലൂടെ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 15 ബില്യന്‍ പൗണ്ട് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന്‍ വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്‍കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്‌ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഹന്ന ലാംഗ്ടണ്‍ എന്ന 26 കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ആര്‍എസിയെ വിവരമറിയിച്ചിട്ടും തനിക്ക് സഹായം ലഭിക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്ന് ഹന്ന പറയുന്നു. ഗര്‍ഭിണിയായതിനാല്‍ തനിക്ക് മുന്‍ഗണന ലഭിക്കേണ്ടതായിരുന്നു. റെസ്‌ക്യൂ വാഹനം 90 മിനിറ്റിനുള്ളില്‍ എത്തേണ്ടതായിരുന്നുവെന്നും ഹന്ന പറഞ്ഞു. പിന്നീട് ആര്‍എസി വാഹനം എത്തിയപ്പോള്‍ തനിക്കു മുന്നിലൂടെ പാഞ്ഞു പോകുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചിട്ടും അവര്‍ അത് ഗൗനിച്ചില്ല.

ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാറിനരികില്‍ ആരും ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. കാര്‍ ഓടിച്ചു പോകാന്‍ കഴിയില്ല, പിന്നെ താന്‍ എവിടെ പോകാനാണ് എന്ന് ഹന്ന ചോദിക്കുന്നു. ഓടുന്നതിനിടയിലാണ് കാറിന്റെ ക്ലച്ച് തകരാറിലാണെന്ന് മനസിലായത്. കാര്‍ ഗിയറിലേക്ക് മാറ്റാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. 70 മൈല്‍ റോഡിന്റെ അരികിലായിരുന്നു താന്‍ നിന്നിരുന്നത്. ലോറികള്‍ പാഞ്ഞു പോകുമ്പോള്‍ തന്റെ കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് താന്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും അത് വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

രാത്രിയായിരുന്നു, തണുപ്പ് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. കാറിലെ ഹീറ്റര്‍ തകരാറിലായിരുന്നു. തന്റെ കയ്യില്‍ ജാക്കറ്റും ഉണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞു. A550യില്‍ വെല്‍ഷ് റോഡിലാണ് സംഭവമുണ്ടായത്. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഹന്ന കാറിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഹോളിഡേ ആയിരുന്നതിനാല്‍ നിരവധി ബ്രേക്ക് ഡൗണുകള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നെന്നും തങ്ങളുടെ ജീവനക്കാര്‍ ഹന്നയുടെ കാര്യത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടതായിരുന്നെന്നും ആര്‍എസി വക്താവ് പറഞ്ഞു. ഹന്നയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.
യുകെയിലെ നാണ്യപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ നിരക്ക് 2.4 ശതമാനത്തില്‍ എത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2.5 ശതമാനത്തില്‍ തന്നെ നിരക്കുകള്‍ തുടരുമെന്ന പ്രവചനങ്ങള്‍ തകര്‍ത്തുകൊണ്ടാണ് 2.4 ശതമാനം എന്ന നിരക്കിലേക്ക് നാണ്യപ്പെരുപ്പം എത്തി നില്‍ക്കുന്നത്. ഈ പ്രവണത വേതനനിരക്കിലും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള സമ്മര്‍ദ്ദം കുറയ്ക്കും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ മാര്‍ച്ചില്‍ 2.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് 2.4 ശതമാനമായി കുറഞ്ഞു.

വേതന നിരക്കില്‍ ഉണര്‍വുണ്ടാകാനും ഇത് കാരണമായിട്ടുണ്ട്. മാര്‍ച്ചിലുണ്ടായ ഞെരുക്കത്തില്‍ നിന്ന് വേജസ് കരകയറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാണ്യപ്പെരുപ്പ നിരക്ക് 2 ശതമാനത്തിലെത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇല്ലെങ്കില്‍ അടിസ്ഥാന നിരക്കുകളില്‍ വര്‍ദ്ധന വരുത്തേണ്ടി വരുമെന്ന് നേരത്തേ സെന്‍ട്രല്‍ ബാങ്ക് സൂചന നല്‍കിയിരുന്നു. വീണ്ടു പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനു മേലുള്ള സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. അതേസമയം പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ 0.6 ശതമാനം കുറഞ്ഞ് 1.33യിലെത്തിയിട്ടുണ്ട്. യൂറോക്കെതിരെ 0.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 1.14ലും എത്തി.

നാണ്യപ്പെരുപ്പം കുറയുന്നത് ജനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്ന് ട്രഷറി ഫിനാന്‍ഷ്യല്‍ സെക്രട്ടറി മെല്‍ സ്‌ട്രൈഡ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നാണ്യപ്പെരുപ്പത്തെ പിന്നിലാക്കുന്ന നിലയിലേക്കാണ് ഇനിയെത്തേണ്ടതെന്നും അതിലൂടെ സമ്പദ് വ്യവസ്ഥ എല്ലാവര്‍ക്കും ഗുണകരമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.