Main News

കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ലോകത്തെല്ലായിടത്തും ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രപഞ്ചത്തില്‍ നാം ഒറ്റക്കല്ലെന്നും ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ സന്ദര്‍ശനത്തിന് എത്തിയെന്നുമൊക്കയായിരുന്നു വാര്‍ത്ത. ഇതിനു തെളിവായി കാലിഫോര്‍ണിയയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘ പറക്കുംതളിക’ യുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അസംഭവ്യമാണെന്ന് വിശ്വസിക്കുന്നവര്‍ അത് ഉത്തര കൊറിയ അമേരിക്കക്ക് മേല്‍ നടത്തിയ ന്യൂക്ലിയര്‍ ആക്രമണമാണെന്നു വരെ പറഞ്ഞു.

എന്നാല്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണമാണ് ഇതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. കാലിഫോര്‍ണിയയുടെ ആകാശത്ത് സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട വലിയ ഓവല്‍ ആകൃതിയിലുള്ള പ്രകാശമാണ് തെറ്റിദ്ധാരണകള്‍ക്ക് ഇടനല്‍കിയത്. റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും അതിശയകരമായ ഈ ദൃശ്യം പലരും ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സെലിബ്രിറ്റികള്‍ പോലും വിവരമറിയാതെ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സേവന വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് സംഭവം എലോണ്‍ മസ്‌കിന്റെ റോക്കറ്റാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നേരിട്ട് രംഗത്തെത്തേണ്ട്ി വന്നത്. സാന്റ ബാര്‍ബറ കൗണ്ടിയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. അഭ്യൂഹങ്ങള്‍ പരന്നതിനേത്തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തിന്റെ വീഡിയോ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ന്യൂക്ലിയര്‍ ഏലിയന്‍ യുഎഫ്ഒ എന്ന അടിക്കുറിപ്പുമായി എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

മാഞ്ചസ്റ്റര്‍: ഭരണഘടനയില്‍ മതേതരത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സ്‌കൂള്‍ ടാബ്ലോകളില്‍ മാത്രം ഒതുങ്ങുന്നതാണ് മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ അനുഭവം. തങ്ങളുടെ ആരാധനാലയങ്ങള്‍ മറ്റു മതസ്ഥര്‍ക്കായി തുറന്നുകൊടുക്കാന്‍ മടി കാണിക്കുന്ന സമൂഹവും നമ്മുടേത് തന്നെ. അതേസമയം മറ്റ് മതത്തിലുള്ളവര്‍ക്കും അവരുടെ ആരാധനക്കായി സ്വന്തം പള്ളി തുറന്നു കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് ഓള്‍ഡ്ഹാമിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളി. ഓള്‍ഡ്ഹാമിലെ സെന്റ് തോമസ് വേര്‍നെത്ത് പള്ളിയാണ് ഈ ഉദ്യമത്തിലൂടെ മാതൃകയാകുന്നത്.

ഇതിന്റെ ഭാഗമായി പള്ളിയില്‍ ആരാധനക്കെത്തുന്നവര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് പള്ളി വികാരി നിക്ക് ആന്‍ഡ്രൂസ് പറഞ്ഞു. 40 പേര്‍ മാത്രമാണ് പള്ളിയിലെ ഇടവകാംഗങ്ങള്‍. അതുകൊണ്ട് തന്നെ പ്രൊട്ടക്ടട് വിഭാഗത്തിലുള്ള പള്ളി സ്ഥിതി ചെയ്യുന്നത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണ് പള്ളിയില്‍ നടക്കുന്നത്. മറ്റ് സമുദായങ്ങളിലുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ കഴിയുമെന്ന വിശാല ചിന്തയിലാണ് ഈ ഉദ്യമം.

തന്റെ ഈ ആശയത്തിന് അംഗീകാരം നല്‍കണമെന്ന് മാഞ്ചസ്റ്റര്‍ ഡയോസീസ് ചാന്‍സലര്‍ ജെഫ്രി ടാറ്റര്‍ഷാലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വികാരി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിയുടെ സംരക്ഷണം നിര്‍വഹിക്കുന്ന വിക്ടോറിയന്‍ സൊസൈറ്റിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്. ഇത്തരമൊരു ആശയം പള്ളിക്ക് ദോഷകരമാകുമെന്ന് സൊസൈറ്റി പറയുന്നു. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങള്‍ 1970കളില്‍ മാത്രമാണ് സ്ഥാപിച്ചതെന്നും അതിനാല്‍ അവ എടുത്തു മാറ്റുന്നതില്‍ പ്രശ്‌നമില്ലെന്നുമുള്ള എതിര്‍വാദവുമായി വികാരിയും രംഗത്തെത്തിയിട്ടുണ്ട്.

ലണ്ടന്‍: 1989ലെ ടിയാനന്‍മെന്‍ സംഭവത്തില്‍ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യരേഖ. ചൈനീസ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് നയതന്ത്ര രേഖയാണ് വെളിപ്പെടുത്തുന്നത്. വെടിവെപ്പിന് 24 മണിക്കൂറുകള്‍ക്ക് ശേഷം തയ്യാറാക്കിയ രേഖയില്‍ ഇതേ വരെ നിലവിലുണ്ടായിരുന്ന കണക്കുകള്‍ക്ക് വിരുദ്ധമായി വിവരങ്ങളാണ് ഉള്ളത്. ടിയാനന്‍മെന്‍ വെടിവെപ്പില്‍ 5000 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കണക്കുകള്‍.

മുറിവേറ്റ വിദ്യാര്‍ത്ഥിനികളെയുള്‍പ്പെടെ ബയണറ്റ് ഉപയോഗിച്ച് പട്ടാളക്കാര്‍ കുത്തിക്കൊന്നുവെന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഹോസുകളിള്‍ വെള്ളം പമ്പ് ചെയത് ഓടകളിലേക്ക് ഒഴുക്കിക്കളഞ്ഞുവെന്നും ബ്രിട്ടീഷ് രേഖ വിവരിക്കുന്നു. പരിക്കേറ്റ മൂന്ന് വയസുകാരിയായ മകളുടെ അടുത്തേക്ക് ഓടുകയായിരുന്നു അമ്മയെ വെടിവെച്ച് വീഴ്ത്തുന്നത് കണ്ടുവെന്നും ഈ രേഖയില്‍ പറയുന്നു. അന്ന് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ അലന്‍ ഡൊണാള്‍ഡ് 1989 ജൂണ്‍ 5ന് തയ്യാറാക്കിയ കേബിളാണ് ഇത്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന ഒരു നല്ല സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും കത്തില്‍ സര്‍ അലന്‍ ഡൊണാള്‍ഡ് വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ യുകെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1989 ജൂണ്‍ 4-ാം തിയതി ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പ്രക്ഷോക്ഷത്തെ അടിച്ചമര്‍ത്താന്‍ കമ്യൂണിസ്റ്റ് ഭരണകൂടം പട്ടാളത്തെ നിയോഗിക്കുകയും അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം വെടിവെക്കുകയുമായിരുന്നു. 241 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും 5000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ചൈന സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് പറയുന്നു.

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരുമേജറടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറി ജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചവരില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ഇവര്‍. പാക്‌ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്.

പ്രകോപനത്തെ തുടര്‍ന്ന് പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അടുത്തിടെ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവാകുകയാണ്. നവംബര്‍ 16 നാണ് ഇതുനുമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചത്.

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 32 ആയി. സവായ് മദോപുരിലെ ദുബിയില്‍ ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ബാണാസ് നദിയിലാണ് ബസ് പതിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സവായി മധോപൂരില്‍ നിന്നും ലാല്‍സോട്ടിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇയാള്‍ ബസിന്റെ കണ്ടക്ടര്‍ ആയിരുന്നു. ഇടുങ്ങിയ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച ശേഷമാണ് നദിയില്‍ വീണത്.

ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല്പത് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസില്‍ വലിയ തോതില്‍ ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള തീര്‍ഥാടകരായിരുന്നു ബസില്‍. ലാല്‍സോട്ടിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍. നദിയില്‍ നിന്നും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

ലണ്ടന്‍: യുകെ ക്രിസ്തുമസ് തിരിക്കില്‍ മുങ്ങുമ്പോള്‍ സാധാരണക്കാരുടെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വില ഉയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്ന സമയത്ത് ഇന്ധനവില ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് ആഘാതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 23നും ന്യൂ ഇയറിനുമിടയില്‍ ഒട്ടേറെ ലെഷര്‍ ട്രിപ്പുകള്‍ നടക്കാറുള്ളതാണ്.

      

120.69 പെന്‍സ് ആണ് ശരാശരി പെട്രോള്‍ വില. കഴിഞ്ഞ വര്‍ഷം ഇത് 115.8 പെന്‍സ് മാത്രമായിരുന്നു. 2015ല്‍ 103.4 പെന്‍സ് ആയിരുന്നു ക്രിസ്തുമസ് കാലത്തെ പെട്രോള്‍ വില. 2013ലാണ് ഇതിനു മുമ്പ് ക്രിസ്തുമസ് കാലത്ത് ഇന്ധനവില ഉയര്‍ന്നിട്ടുള്ള്. അന്ന് പെട്രോളിന് 131 പെന്‍സും ഡീസലിന് 138.4 പെന്‍സും ആയിരുന്നു വില. ഡീസല്‍ വില ഈയാഴ്ച ശരാശരി 123.2 പെന്‍സ് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 118.4 പെന്‍സും 2015ല്‍ 106.8 പെന്‍സും ആയിരുന്നു.

ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളുടെ അവസരങ്ങളിലും മറ്റും യാത്രക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 3.4 ശതമാനം വര്‍ദ്ധിക്കും. മോട്ടോര്‍വേ പമ്പുകളിലെ ഇന്ധനവില സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

ബ്രസല്‍സ്: നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്‌പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന വിസ ഇളവുകളും ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും നഷ്ടമാകും. ഇത് ഏത് നിറത്തിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ബാധകമാകുമെന്നും വിവരമുണ്ട്. യൂറോപ്യന്‍ യാത്രകള്‍ക്കായി അമേരിക്കന്‍ എസ്റ്റ പദ്ധതിയുടെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പാക്കാന്‍ സാധ്യയുണ്ടെന്നും സൂചനയുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. 1988ല്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ശൈലിയിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം അതിനു മുമ്പ് ഒരു നൂറ്റാണ്ടോളം കാലം നിലവിലുണ്ടായിരുന്ന നീല പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍: സെയിന്‍സ്ബറിയിലെ പ്രീമിയം ബീഫ് ബര്‍ഗറായ ടേസ്റ്റ് ദി ഡിഫറന്‍സ് അബര്‍ദീന്‍ ആന്‍ഗസ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഇവയില്‍ ഇ-കോളി ബാക്ടീരിയ ബാധയുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ബര്‍ഗര്‍ കഴിച്ച പന്ത്രണ്ടോളം പേര്‍ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സെയിന്‍സ്ബറിയിലെ ഷെല്‍ഫുകളില്‍ നിന്ന് ഈ ബര്‍ഗറുകള്‍ നീക്കം ചെയ്തു. ക്രിസ്തുമസിന് മുമ്പായി ഇവ വാങ്ങി ശേഖരിച്ചിരിക്കുന്നവര്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വയറിളക്കം, കടുത്ത വയര്‍ വേദന, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. 12 പേര്‍ ചികിത്സ തേടിയതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സെയിന്‍സ്ബറി അറിയിച്ചു.

തങ്ങള്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യുന്ന സപ്ലയറുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലെന്ന നിലയില്‍ ഈ ബര്‍ഗറുകള്‍ വാങ്ങിയിട്ടുള്ളവര്‍ അവ കഴിക്കരുതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പറഞ്ഞു. വാങ്ങിയിട്ടുള്ളവര്‍ അവ തിരികെ സ്റ്റോറുകളില്‍ എത്തിച്ചാല്‍ പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ സെയിന്‍സ്ബറി വ്യക്തമാക്കി. 2018 ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങള്‍ വരെ എക്‌സ്പയറിയുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

ബ്രെക്സിറ്റ് നടപ്പായാലുടൻ പഴയ പ്രതാപത്തിലേക്ക് ബ്രിട്ടീഷ് പാസ്പോർട്ടിനെ മടക്കിക്കൊണ്ടുവരാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചു. നിലവിൽ യൂറോപ്യൻ യൂണിയന്റെ എംബ്ളത്തോടു കൂടിയ ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് നീല നിറമായി മാറും. യൂറോപ്യൻ യൂണിയന്റെ എംബ്ളം പുതിയതായി നടപ്പാക്കുന്ന പാസ്പോർട്ടിൽ നിന്ന് നീക്കപ്പെടും. യുകെയിൽ കഴിഞ്ഞ മുപ്പതു വർഷത്തോളമായി ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടാണ് ഉപയോഗത്തിലിരിക്കുന്നത്. അതിനു മുമ്പ് നൂറ് വർഷത്തോളം നീല നിറത്തിലുള്ള പാസ്പോർട്ട് ആണ് ബ്രിട്ടൻ ഉപയോഗിച്ചിരുന്നത്. സമ്പൂർണമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് പുറത്തിറക്കുന്നത്.

ഇമിഗ്രേഷൻ മിനിസ്റ്റർ മാർട്ടിൻ ലൂയിസാണ് പുതിയ പാസ്പോർട്ട് നിലവിൽ വരുന്ന കാര്യം പുറത്തു വിട്ടത്. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരുമെങ്കിലും തുടർന്നും ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടായിരിക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും നല്കുന്നത്. എന്നാൽ അതിൽ യൂറോപ്യൻ യൂണിയന്റെ യാതൊരു റഫറൻസും ഉണ്ടാവില്ല. 2019 ഒക്ടോബർ മുതൽ നല്കപ്പെടുന്ന പാസ്പോർട്ടുകൾ നീല നിറത്തിലുള്ളതായിരിക്കും. ബർഗണ്ടി കളറിലുള്ള പാസ്പോർട്ട് ഉള്ളവർക്ക് അവയുടെ പുതുക്കൽ തീയതി വരെ നിലവിലുള്ള പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.

നിലവിൽ ഇന്ത്യയsക്കം 76 രാജ്യങ്ങളിൽ നീല നിറത്തിലുള്ള പാസ്പോർട്ടാണ്  ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, അമേരിക്ക, ക്യാനഡ തുടങ്ങി മിക്ക കോമൺവെൽത്ത് രാജ്യങ്ങളിലും നീല  നിറത്തിലുള്ള പാസ്പോർട്ടാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്ന അവസരം നമ്മുടെ ദേശീയത ഉയർത്തിക്കാട്ടാനുള്ള അവസരമാണെന്നും അതിന്റെ  പ്രതീകമായി പുതിയ പാസ്പോർട്ട് നടപ്പിലാക്കുന്നത് തികച്ചും ഉചിതമാണെന്നും മാർട്ടിൻ ലൂയിസ് പറഞ്ഞു. ഇതിന്റെ അച്ചടിക്കായി പുതിയ കോൺട്രാക്ട് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്‍: വിന്ററില്‍ രോഗികളുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി പരഹരിക്കാന്‍ പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ എന്‍എച്ച്എസ് മാറ്റിവെച്ചു. തിമിരം, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ജനുവരി പകുതി വരെ മാറ്റിവെക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ദേശിച്ചത്. ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കും രോഗികളുടെ ജീവന്‍ രക്ഷിക്കാനായി നടത്തുന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളു.

ഈ വിന്ററില്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം എത്ര രൂക്ഷമാണെന്നും അക്കാര്യത്തില്‍ എന്‍എച്ച്എസ് നേതൃത്വത്തിനുള്ള ആശങ്ക എത്രമാത്രമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ നടപടി. രൂക്ഷമായ കാലാവസ്ഥയില്‍ ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രോഗികള്‍ നിറഞ്ഞു കവിയുന്നതു മൂലം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദവും കനത്തതാണ്.

കിടക്കള്‍ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായി ക്ലിനിക്കുകളും ഡേ കേസ് സര്‍ജറികള്‍ക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളും അധികം വരുന്ന രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുകാണ്. കഴിഞ്ഞ വിന്ററില്‍ ചില ആശുപത്രികള്‍ ജിമ്മുകളും സ്‌റ്റോറുകളും വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതേ സ്ഥിതിവിശേഷം തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved