സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യ ജീവിതത്തെ ഏതൊക്കെ വിധത്തില്‍ ബാധിക്കുന്നു എന്ന കാര്യത്തില്‍ പഠനങ്ങള്‍ കൂടുതലായി നടന്നു വരികയാണ്. യുവാക്കളിലും കൗമാരക്കരിലും സ്മാര്‍ട്ട്‌ഫോണുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഗുരുതരമായ പ്രത്യാഘാതം കൂടി സ്മാര്‍ട്ട്‌ഫോണുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു. ബ്രിട്ടനിലെ അഞ്ചിലൊന്ന് കുടുംബങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ദിനംപ്രതി കലഹങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വെളിപ്പെടുത്തല്‍. കുടുംബ ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത് എന്ന് അറിയാനുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം മാതാപിതാക്കളും കൗമാരക്കാരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അടിമത്വത്തെക്കുറിച്ച് സര്‍വേയില്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് കുട്ടികളും കുട്ടികളുടെ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളും വിമര്‍ശിക്കുന്നത് കലഹങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണത്തിനിടയിലും അല്ലാതെയുമുള്ള സംസാരമാണ് ഈ വിധത്തില്‍ കലഹങ്ങളിലേക്ക് വഴിമാറുന്നത്. കൗമാരക്കാരായ തങ്ങളുടെ കുട്ടികള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് രക്ഷിതാക്കളും വിശ്വസിക്കുന്നു. അതേസമയം 29 ശതമാനം കുട്ടികള്‍ പറയുന്നത് തങ്ങളുടെ മാതാപിതാക്കളും ഫോണില്‍ സമയം ചെലവഴിക്കുന്നുവെന്നാണ്.

1200 മാതാപിതാക്കളിലും 13 മുതല്‍ 17 വയസു വരെ പ്രായമുള്ള അവരുടെ കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. മൊബൈല്‍ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ഭക്ഷണ സമയത്തും ഉറങ്ങാന്‍ കിടക്കുമ്പോഴും മറ്റും ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ 70 ശതമാനം പേരും ലംഘിച്ചിട്ടുണ്ട്. കൗമാരക്കാരായ കുട്ടികളാണ് നിയമലംഘനം ഏറ്റവും കൂടുതല്‍ നടത്തിയതെന്നും 17 ശതമാനം മാതാപിതാക്കളും ഈ ‘ചട്ടലംഘനം’ നടത്തിയിട്ടുണ്ടെന്നും സര്‍വേയില്‍ വെളിപ്പെടുത്തി.
ജിപി സര്‍ജറികളില്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രോഗനിര്‍ണ്ണയം മൂന്നാഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടി. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്ഥാപിക്കുന്ന മൊബൈല്‍ യൂണിറ്റുകളിലൂടെ സിടി, എംആര്‍ഐ സ്‌കാനിംഗ് സൗകര്യവും രോഗികള്‍ക്ക് ലഭ്യമാകും. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗനിര്‍ണ്ണയ സംവിധാനങ്ങളുടെ സേവനം ലഭിക്കും. ഗുരുതര രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ താമസം നേരിടുന്നുവെന്ന കുപ്രസിദ്ധി രാജ്യത്തിന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. 10 വര്‍ഷം നീളുന്ന പദ്ധതിയാണ് ഇതിനായി എന്‍എച്ച്എസ് തയ്യാറാക്കിയിരിക്കുന്നത്.

ബ്രെസ്റ്റ് ക്യാന്‍സര്‍, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് പദ്ധതിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് റഫര്‍ ചെയ്യുന്ന കാലതാമസമുള്‍പ്പെടെ പരിഹരിക്കാന്‍ അടിയന്തര ടെസ്റ്റുകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘സ്‌കാന്‍ ഫസ്റ്റ് ആസ്‌ക് ക്വസ്റ്റ്യന്‍സ് ലേറ്റര്‍’ എന്ന സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രാഥമികമായി നടത്തുന്ന ഇത്തരം പരിശോധനകള്‍ക്കു ശേഷമാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

നിലവില്‍ ക്യാന്‍സര്‍ സംശയങ്ങളുമായെത്തുന്ന രോഗികളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ശരാശരി 62 ദിവസങ്ങള്‍ എടുക്കാറുണ്ട്. ഇക്കാലമത്രയും രോഗികള്‍ ആശങ്കയില്‍ കഴിയേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഈ കാലയളവില്‍ രോഗം കൂടുതല്‍ പടരുകയും ചെയ്‌തേക്കാം. എന്‍എച്ച്എസിന്റെ ഈ പദ്ധതിയേക്കുറിച്ച് ഹെല്‍ത്ത് സെക്രട്ടറി ഇന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വിശദീകരിക്കും.
കുഞ്ചറിയാ മാത്യൂ
കഴിഞ്ഞ മൂന്നരമാസമായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് നേരിടുന്ന വില തകര്‍ച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. സെപ്റ്റംബറില്‍ മാത്രം രണ്ട് ശതമാനത്തിനടുത്താണ് സ്വര്‍ണ്ണ വിലയില്‍ കുറവുണ്ടായത്. ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതും, യു.എസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കൂടിയതുമാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയായത്. സ്വര്‍ണ്ണത്തിന്റെ വില കൂടുതല്‍ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മഞ്ഞലോഹം ഇന്ത്യയിലെ മികച്ച നിക്ഷേപങ്ങളിലൊന്നാണ്. ലോകത്തുള്ള മൊത്തം സ്വര്‍ണ്ണത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യക്കാരുടെ കൈവശമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണവിലയില്‍ നേരിടുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യക്കാരന്റെ നിക്ഷേപത്തിന്റെ മൂല്യം കുറയാന്‍ കാരണമാകും. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കഴിഞ്ഞയാഴ്ച്ചയില്‍ ക്ലോസിംഗ് വില 22,760 രൂപയാണ്. അതിന് തൊട്ട് മുന്‍പുള്ള ആഴ്ച്ചയിലെ വില 22,960 രൂപയായിരുന്നു.
ന്യൂസ് ഡെസ്ക്
പ്രാർത്ഥനകൾ വിഫലമായി… വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു. 40 വയസായിരുന്നു. വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറിന് അല്പം മുൻപ് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അപകടത്തിൽ പരിക്കേറ്റ മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തു. സെപ്റ്റംബർ 25നാണ് ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
ജോജി തോമസ്
പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അടുത്ത കാലത്തായി സമൂഹത്തില്‍ ഏറെ നിറഞ്ഞു നില്‍ക്കുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ ചര്‍ച്ചകളിലൊന്നും കഴിഞ്ഞകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും ശാസ്ത്രീയ അടിത്തറയോടെ പുനര്‍നിര്‍മ്മിതി നടത്തേണ്ടതിന്റെ ആവശ്യകതയ്ക്കും കാര്യമായ മുന്‍ഗണന ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ കേരളകരയ്ക്ക് അദ്ഭുതപൂര്‍വ്വമായ മാറ്റങ്ങളാണ് സംഭവിച്ചത്. സാമൂഹിക സാമ്പത്തിക പുരോഗതിക്ക് അതീതമായ മണ്ണിനെയും പ്രകൃതിയെയും മറന്നുകൊണ്ട് മനുഷ്യര്‍ നടത്തുന്ന വികസന ആഭാസത്തിന്റെ നേര്‍ക്കാഴ്ച്ചയായി തീര്‍ന്നു കേരളം.

പ്രവാസി മലയാളികളുടെ പണത്തിന്റെ കുത്തൊഴുക്കോടുകൂടി പ്രത്യേകിച്ച് ഗള്‍ഫ് പണത്തിന്റെ വരവോടു കൂടിയാണ് കേരളത്തിലെ കോണ്‍ക്രീറ്റ് യുഗം ആരംഭിക്കുന്നത്. ആദ്യകാലങ്ങളില്‍ മലതുരന്നും പാടം നികത്തിയും വീട് പണിത മലയാളിയുടെ കണ്ണ് പിന്നീട് പുഴയോരത്തും കായൽത്തീരങ്ങളിലുമായി. പുഴയോരത്തൊരു വീടെന്നത് മലയാളിയുടെ കാല്‍പ്പനിക സങ്കല്‍പ്പങ്ങളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ആധുനിക കാലഘട്ടത്തിലെ വികസനത്തിന്റെ പ്രതീകമായി ഉയര്‍ന്നു വന്ന ഡാമുകള്‍ വര്‍ഷംതോറുമുണ്ടാകാറുള്ള ചെറിയ പ്രളയത്തില്‍ നിന്ന് പുഴയോരത്തെ വീടുകളെ സംരക്ഷിച്ചെങ്കിലും കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്ത് ചെറുതും വലുതുമായ 82 ഓളം ഡാമുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മന്‍സൂണ്‍ കാലത്ത് വെള്ളമൊഴുകേണ്ട വഴികളെല്ലാം അടയ്ക്കുകയും പ്രളയകാലത്ത് വെള്ളം കയറികിടക്കേണ്ട സ്ഥലങ്ങളെല്ലാം കൈയ്യേറുകയും ചെയ്തതോടെ മഹാപ്രളയത്തിലെ വെള്ളം മുഴുവന്‍ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇരച്ചു കയറി. പ്രളയമുണ്ടായപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ പല വന്‍ വികസനങ്ങളും നടന്നത് പ്രളയജലത്തിന് അഭയം നല്‍കേണ്ട ഇടങ്ങള്‍ ആയിരുന്നു. ആറന്മുള വിമാനത്താവളം നിര്‍മ്മിച്ചിരുന്നെങ്കില്‍ അതും വെള്ളത്തിനടയിലായേനെ.

വികസന പ്രവര്‍ത്തനങ്ങളും നിര്‍മ്മാണങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ വികസന വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടും. കണ്ണൂരിലെ കീഴാറ്റൂരില്‍ സമീപകാലത്ത് വയല്‍കിളികള്‍ നടത്തിയ സമരത്തോട് സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം പ്രളയാനന്തര കേരളത്തിൽ ശ്രദ്ധേയമാകുന്നു. റോഡിനും വീടിനും വേണ്ടി നികത്തിയ നെല്‍വയലുകളിലൂടെ പ്രളയജലത്തിന് ഒഴുകിപോകാന്‍ സാധിക്കാതെ വന്നതാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. നാലംഗമുള്ള കുടുംബത്തിന് വേണ്ടി നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറഞ്ഞ വീടിനെക്കുറിച്ച് ചിന്തിക്കാത്ത അവസ്ഥയിലേക്ക് മലയാളിയുടെ സങ്കല്‍പ്പങ്ങള്‍ മാറി. ഈ വലിയ വീടുകള്‍ ഭൂമിക്ക്‌മേല്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും ആരും ചിന്തിച്ചില്ല. മലതുരന്ന് പണിത വലിയ വീടിന് മുകളിലേക്ക് പെരും മഴയത്ത് മലയിടിഞ്ഞ് വീണപ്പോള്‍ നമ്മള്‍ പ്രകൃതിയെ കുറ്റപ്പെടുത്തി. കേരളത്തിലെ പല വീടുകളും കണ്ടാല്‍ റിസോര്‍ട്ടോ, ഹോട്ടലോ ആണോയെന്ന് തെറ്റിദ്ധരിക്കപ്പെടും. പല വികസിത രാജ്യങ്ങളില്‍പ്പോലും കേരളത്തിലെപോലെ ആഢംബര വസതികള്‍ ഇല്ല. ഭൂമിക്ക്‌മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും വിഭവങ്ങളുടെ ദുരുപയോഗത്തിന് കാരണമാവുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വീടുകളില്‍ 14 ശതമാനത്തോളം ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളുടെ ഉള്‍പ്പെടെയുള്ള ആഢംബര ഭവനങ്ങളുടെ മേല്‍ കനത്ത നികുതി ചുമത്താവുന്നതാണ്.
നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളും അനധികൃത നിര്‍മ്മാണങ്ങളഉം സമ്മാനിച്ച മനുഷ്യ നിര്‍മ്മിത ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമവും നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമവും കടലാസില്‍ മാത്രമായി ഒതുങ്ങി. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നതില്‍ സിനിമാ താരങ്ങളും മാന്ത്രിമാരുള്‍പ്പെടുന്ന രാഷ്ട്രീയക്കാരും മുന്‍നിരയിലായിരുന്നു. നെല്‍വയല്‍ നിര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ സമീപകാലത്ത് ഒരു മന്ത്രി തന്നെ രാജിവെക്കേണ്ടി വന്നതും ഒരു പ്രമുഖ സിനിമാ താരത്തിനെതിരെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമം ലംഘിച്ചതായി പരാതി ഉയര്‍ന്നതുമെല്ലാം ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ഈ വിഷയങ്ങളെല്ലാം പൊതുശ്രദ്ധയില്‍ കൊണ്ടുവരികയും നടപടികള്‍ എടുക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. നിയമം നടപ്പാക്കുകയും നിയമലംഘനം തടയുകയും ചെയ്യുന്നവര്‍ നോക്കു കുത്തികളാവുകയോ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കാരണം. പാരിസ്ഥിതിക പ്രധാന്യത്തിന്റെ അടിസ്ഥാനത്തില്‍ പുഴ, കായല്‍, കടല്‍ത്തീരങ്ങളില്‍ നിന്ന് 50 മുതല്‍ 500 മീറ്റര്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതില്‍ ഏറ്റവും കുറഞ്ഞ അകലം 50 മീറ്റര്‍ ആണ്. പക്ഷേ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പുഴയോരങ്ങളിലും കായല്‍ കടല്‍ത്തീരങ്ങളിലും 50 മീറ്ററിനുള്ളില്‍ നടന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിടെ ബാഹുല്യം വളരെ വലുതാണ്. മനുഷ്യന്‍ പ്രകൃതിയുടെ മേല്‍ നടത്തിയ അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ് കേരളത്തിലെ പ്രളയമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടുത്തിടെ രണ്ട് വേദികളിലാണ് സൂചിപ്പിച്ചത്.

ഇവിടെ പ്രസക്തമായ വിഷയം ശാസ്ത്രീയമായ അടിത്തറയോടെയുള്ള പുന്‍ നിര്‍മ്മിതിയും പഴയകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുമാണ്. 1924 ലെ മഹാപ്രളയത്തിന് ശേഷം അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തീരുനാള്‍ വെള്ളം കയറിയ ഇടമൊക്കെ കൃഷിയിടമാക്കുകയും വീടുകള്‍ പണിയുന്നത് വെള്ളം കയറാത്തിടത്ത് മാത്രമാക്കാന്‍ ഉത്തരവിടുകയും ചെയ്‌തു. അന്നത്തെ ജനത പ്രളയജലമെത്തിയ സ്ഥലങ്ങളിലെ ജലനിരപ്പ് ഭിത്തിയിലും ഫലകങ്ങളിലും മറ്റും രേഖപ്പെടുത്തി. ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖയായി ഇത്തരം സൂചികകള്‍. ആധുനിക കേരളത്തിന്റെ പുനര്‍ സൃഷ്ടി എത്രമാത്രം ശാസ്ത്രീയമായ അടിത്തറയോടെയാവണമെന്ന തിരിച്ചറിവാണ് നമ്മുടെ പൂര്‍വ്വികര്‍ വരച്ചിട്ട ഈ സുചികകള്‍ നല്‍കുന്നത്.
നമ്മുടെ ഭൂമിയെയും പരിസ്ഥിതിയുടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും കോലാഹലങ്ങള്‍ ഉയര്‍ത്തിയതുമാണ് കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടെ പരിസ്ഥിതിലോല മേഖലകളില്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ പെരുവഴിയിലാക്കാനോ ഉപജീവന മാര്‍ഗ്ഗം ഇല്ലാതാക്കാനോ സാധിക്കില്ല. പക്ഷേ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സന്ദേശം നാം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും പരിസ്ഥിതിലോല മേഖലകളിലെ മനുഷ്യരുടെ അനാവശ്യവും അതിരുകളില്ലാത്തതുമായ ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമുണ്ടാക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്ററും ട്രഷറി ചീഫ് സെക്രട്ടറിയുമായ ലിസ് ട്രസ്. നിലവിലുള്ള 70 മൈല്‍ പരിധിയില്‍ നിന്ന് സ്പീഡ് ലിമിറ്റ് 80 മൈലാക്കി ഉയര്‍ത്തുന്നത് പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് മിനിസ്റ്റര്‍ വാദിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് ട്രസ് ഈ വാദമുന്നയിച്ചത്. 2003ലാണ് ടോറികള്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2011ല്‍ അത് പൊടിതട്ടിയെടുത്തെങ്കിലും സ്പീഡ് ലിമിറ്റ് ഇപ്പോഴും 70 മൈലില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് തിങ്ക്ടാങ്കിന്റെ ഡിബേറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രസ് ഈ ആശയം വീണ്ടും അവതരിപ്പിച്ചത്. മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റിനെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാമെന്നും അത് 80 മൈലായി ഉയര്‍ത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് വീണ്ടും ആലോചിച്ചുകൂടായെന്നും അവര്‍ ചോദിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പലപ്പോഴും സമയം നഷ്ടമാകുകയാണെന്നും വേഗ പരിധി ഉയര്‍ത്തുന്നത് ഉദ്പാദനക്ഷമത കൂട്ടുമെന്നും അവര്‍ പറഞ്ഞു.

2011ല്‍ ഇപ്പോള്‍ ചാന്‍സലറായ അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് 80 മൈല്‍ ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടോറി കോണ്‍ഫറന്‍സിലായിരുന്നു ഈ പ്രഖ്യാപനവും. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങള്‍ കൃത്യമാകാറില്ലെന്നും അവര്‍ പറഞ്ഞു. ഭാവി പ്രവചിക്കാന്‍ ട്രഷറിയില്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റായിരിക്കും യോജിച്ച മേഖലയെന്നും അവര്‍ വ്യക്തമാക്കി.
മിനി ന്യൂക്ലിയര്‍ സ്റ്റേഷനുകളെ പിന്തുണയ്ക്കുന്നവര്‍ യുകെയില്‍ ആരംഭിക്കാനിരിക്കുന്ന ചെറുകിട പദ്ധതികള്‍ക്കായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത് ബില്യന്‍ കണക്കിന് പൗണ്ട്. ഔദ്യോഗിക രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. വന്‍കിയ ന്യൂക്ലിയര്‍ പ്രോജക്ടുകളേക്കാള്‍ സുരക്ഷിതമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചെറുകിട പദ്ധതികള്‍ക്കു വേണ്ടി ഇവര്‍ വാദിക്കുന്നത്. കാറ്റാടിപ്പാടങ്ങള്‍ക്കും സോളാര്‍ പവര്‍ പ്രോജക്ടുകള്‍ക്കും വേണ്ടി വരുന്ന വലിയ സാമ്പത്തികച്ചെലവുമായി താരതമ്യം ചെയ്താല്‍ ഇവ വളരെ ചെലവു കുറഞ്ഞതാണെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്ലാന്റുകള്‍ക്കായി ആവശ്യപ്പെടുന്ന വന്‍ ബജറ്റ്, ചെലവു കുറവാണെന്ന അവകാശവാദത്തെ ഇല്ലാതാക്കുന്നതാണെന്ന വിലയിരുത്തല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

ചില എനര്‍ജി കമ്പനികള്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനായി 3.6 ബില്യന്‍ പൗണ്ട് വരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഗവണ്‍മെന്റ് കമ്മീഷന്‍ഡ് റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. റെഗുലേറ്റര്‍മാരുടെ അംഗീകാരത്തിനായി പ്ലാന്റുകളുടെ ഡിസൈന്‍ സമര്‍പ്പിക്കുന്നതിനായി 480 മില്യന്‍ പൗണ്ട് നല്‍കണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ടത്രേ. സാധാരണഗതിയില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോളുണ്ടാകുന്ന ചെലവുകള്‍ കമ്പനികള്‍ തന്നെയാണ് വഹിക്കാറുള്ളത്. പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനായി 10 കമ്പനികളാണ് നേരിട്ടുള്ള സര്‍ക്കാര്‍ നിക്ഷേപത്തിന് അപേക്ഷിച്ചിരിക്കുന്നത്.

എക്‌സ്‌പെര്‍ട്ട് ഫിനാന്‍സ് വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ സ്‌മോള്‍ റിയാക്ടേഴ്‌സിന്റെ ബ്രീഫിംഗ് പേപ്പറുകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ പേരുവിവരങ്ങള്‍ ഈ രേഖയിലുണ്ടെങ്കിലും ഏതു കമ്പനിയാണ് പൊതുധനത്തിനായി ആവശ്യമുന്നയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ചെറുകിട പ്ലാന്റുകള്‍ എന്നത് കാലഹരണപ്പെട്ട ആശയമാണെന്ന് ഈ രേഖകള്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയ ഡേവിഡ് ലോറിയെന്ന ന്യൂക്ലിയര്‍ പോളിസ് കണ്‍സള്‍ട്ടന്റ് പറയുന്നു. ഇത്തരം പ്ലാന്റുകളുടെ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമായി 44 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
ചെറുപ്പക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് സമയ പരിധി നിര്‍ണ്ണയിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ക്ക് നിര്‍ദേശം. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ ആപ്പുകള്‍ യുവാക്കളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഓരോ ദിവസവും പുറത്തു വരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ദുഃഖിതനായ ഒരു പിതാവെന്ന നിലയിലാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് ഹാന്‍കോക്ക് പറഞ്ഞു. യുകെയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡെയിം സാലി ഡേവിസിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായാണ് അദ്ദേഹം അറിയിച്ചത്. ആല്‍ക്കഹോള്‍ ഉപയോഗത്തിന് നിര്‍ദേശിച്ചിരിക്കുന്ന പരിധിയുടെ മാതൃകയില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധിയുണ്ടെങ്കിലും ഉപയോക്താക്കള്‍ അത് പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നതില്‍ കമ്പനികള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുള്‍പ്പെടെയുള്ള ആപ്പുകളില്‍ ഫെയിസ്ബുക്ക് ഇക്കാര്യം കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നുവെന്നതില്ഡ ഒരു പിതാവെന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിനു മുമ്പായി അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനായി സ്‌ക്രോള്‍ ഫ്രീ സെപ്റ്റംബര്‍ പോലെയുള്ള ക്യാംപെയിനുകള്‍ നടത്തിയിരുന്നു. റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് നടത്തിയ ഈ ക്യാംപെയിന്‍ ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നായിരുന്നു ജനങ്ങളോട് ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനോ ഉപയോഗം പരമാവധി കുറയ്ക്കാനോ മൂന്നില്‍ രണ്ടാളുകള്‍ താല്‍പര്യപ്പെടുന്നുണ്ടെന്ന് ആര്‍എസ്പിഎച്ച് ജൂലൈയില്‍ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു.
വത്തിക്കാൻ സിറ്റി: ഇംഗ്ലണ്ടിൽനിന്നുള്ള 36 കത്തോലിക്കാ മെത്രാന്മാർ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. സെപ്റ്റംബർ 23 മുതൽ 30 വരെ ആയിരുന്നു ആദ് ലിമിനാ സന്ദർശനം.
പ്രാർഥനയ്ക്കും സുവിശേഷപ്രസംഗത്തിനും മെത്രാന്മാരുടെ ജീവിതത്തിൽ ഒന്നാംസ്ഥാനം ഉണ്ടായിരിക്കണമെന്നു കൂടിക്കാഴ്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാൻ മെത്രാൻമാർക്കു സാധിക്കണം.
മാർപാപ്പ എന്ന നിലയിൽ 2013 മാർച്ച് മുതലുള്ള ജീവിതത്തിലും ശുശ്രൂഷയിലും സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരുദിവസം പോലും തന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്് അദ്ദേഹം പറഞ്ഞു.
ബിഷപ്സ് കോൺഫറൻസി ന്‍റെ പ്രസിഡന്റ് വെസ്റ്റ് മിൻസ്റ്റർ ആർച്ച്ബിഷപ് കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ നേതൃത്വത്തിലെത്തിയ സംഘം വത്തിക്കാനിലെ കാര്യാലയങ്ങൾ സന്ദർശിച്ച് കൂടിയാലോചനകൾ നടത്തി. വിശുദ്ധ പത്രോസിന്റയും പൗലോസിന്റെയും കബറിടങ്ങൾ സന്ദർശിച്ച് ദിവ്യബലി അർപ്പിക്കുകയും വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കലും തന്റെ പ്രഥമ ആദ് ലിമിനാ സന്ദർശനം നടത്തി.
ബിർമിങ്ഹാം: ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു. എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.
ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124 പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും 74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.









