Main News

ബ്രിട്ടനിൽ തെരേസ മേയ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഡാമിയന്‍ ഗ്രീനിന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നീലച്ചിത്രങ്ങളും അശ്ലീല ഫോട്ടോകളും കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. ഒൻപതുവർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഓഫീസ് കമ്പ്യൂട്ടറിൽനിന്നും നീലച്ചിത്രങ്ങളും മറ്റും കണ്ടെത്തുന്നത്. എന്നാൽ ഡാമിയനല്ല ഇത് ഡൗൺലോഡ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തെരേസ മേയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന്റെ മറുപടി പോലീസുകാർക്ക് വിശ്വാസ്യമായി തോന്നിയില്ല. ഇതിനുപിന്നാലെ മറ്റൊരു യുവതി അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണവും ഉന്നയിച്ചു. 2015ല്‍ ലണ്ടനിലെ ഒരു പബ്ബില്‍വച്ച് ഡാമിയന്‍ തന്റെ കാലില്‍ സ്‌പര്‍ശിക്കുകയും അസഭ്യപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്ബെ ആരോപിച്ചത്. ലൈംഗിക പീഡന വിവാദം കൂടി പുറത്തുവന്നതോടെ പഴയ നീലച്ചിത്ര വിവാദം വീണ്ടും കുത്തിപൊക്കുകയായിരുന്നു. പുതിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. മന്ത്രിമാര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തി ഡാമിയന്‍ ഗ്രീനിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി തേരേസ മേയ് നിര്‍ബന്ധിതയാക്കുകയായിരുന്നു. ലൈംഗിക പീഡന ആരോപണം അദ്ദേഹം ഇപ്പോഴും നിഷേധിക്കുന്നു.

എഡിന്‍ബറ: വന്യമൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്ന ട്രാവലിംഗ് സര്‍ക്കസ് കമ്പനികള്‍ക്ക് ഇനി മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ പ്രവേശനമുണ്ടാകില്ല. എന്‍വയണ്‍മെന്റ് സെക്രട്ടറി റോസന്ന കണ്ണിംഗ്ഹാം അവതരിപ്പിച്ച ബില്ലിനെ 98 ശതമാനം പൊതുജനങ്ങളും അംഗീകരിച്ചു. വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നതെന്നും വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ വിലക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃക കാട്ടുക കൂടിയാണെന്ന് റോസന്ന കണ്ണിംഗ്ഹാം പറഞ്ഞു.

പരമാവധി മൃഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനായി വന്യമൃഗങ്ങള്‍ എന്നതിന് പ്രത്യേക വിശദീകരണം നിയമത്തില്‍ നല്‍കിയിട്ടില്ല. ഇത് കോടതികള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമുള്ള അവസരം നല്‍കും. ഇപ്പോള്‍ ട്രാവലിംഗ് സര്‍ക്കസുകള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബില്‍ ഇനി സ്റ്റാറ്റിക് സര്‍ക്കസുകളില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനെയും നിരോധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പക്ഷികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍, ഗ്രേഹൗണ്ട് റേസിംഗ് മുതലായവയും നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സര്‍ക്കസുകളിലെ വന്യമൃഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം യുകെയില്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2013ലെ സഖ്യസര്‍ക്കാര്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമനിര്‍മാണം മാത്രം ഉണ്ടായില്ല. യുണൈറ്റഡ് കിംഗ്ഡം രാജ്യങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമനിര്‍മാണം നടത്തുന്നത്.

വാഷിംഗ്ടണ്‍: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്തലൈസര്‍ പരിശോധനയാണല്ലോ ആദ്യം നടത്തുന്നത്. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലോകത്തെല്ലായിടത്തും പോലീസിന്റെ ആയുധവും ഇതു തന്നെ. സാധാരണ മദ്യപിച്ചവരുടെ ഉച്ഛ്വാസ വായുവിലെ ആല്‍ക്കഹോള്‍ അംശമാണ് ഇത് കണ്ടെത്താറുള്ളത്. അന്തരീക്ഷ വായുവിലെ ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ ചരിത്രം ഒരു ബ്രെത്തലൈസറിനും അവകാശപ്പെടാനുമില്ല. പക്ഷേ അമേരിക്കയിലെ മോണ്ട്‌ഗോമറിയില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മദ്യപാന പാര്‍ട്ടിയില്‍ ഈ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി നടത്തിയ വീടിനുള്ളിലെ വായുവില്‍ പോലീസിന്റെ ഒരു ബ്രെത്തലൈസര്‍ കണ്ടെത്തിയത് 0.01 ശതമാനം ആല്‍ക്കഹോള്‍ ആയിരുന്നത്രേ! 70ഓളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ഇടപെട്ട പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബ്രെത്തലൈസറിന്റെ ഈ കണ്ടുപിടിത്തം. നവംബര്‍ മധ്യത്തിലാണ് ടെക്കില ട്യൂസ്‌ഡേ എന്ന പേരില്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടി ശല്യമായിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും മോണ്ട്‌ഗോമറി കൗണ്ടി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

ഒരു അമേരിക്കന്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു മദ്യപാന പാര്‍ട്ടി നടത്തിയത്. സിഗ്മ ആല്‍ഫ എപ്‌സിലോണ്‍ ഫ്രറ്റേണിറ്റി എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. സംഭവത്തില്‍ വാടക വീട്ടിലെ താമസക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിനുമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3,15,000 ഡോളര്‍ പിഴ ഇവര്‍ നല്‍കേണ്ടി വരും. വീട്ടിനുള്ളില്‍ ഒട്ടേറെ ഒഴിഞ്ഞ കുപ്പികളും ക്യാനുകളും നിരന്നു കിടക്കുന്നതാണത്രേ പോലീസ് കണ്ടത്. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഒരാള്‍ വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് ചാടിയതായും വിവരമുണ്ട്.

ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ ആകമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള ഷോപ്പിംഗ് ഏരിയയില്‍ ആണ് സംഭവം നടന്നത്. 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ കാര്‍ മെല്‍ബണിലെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷന്‍ ഏരിയയില്‍ ആണ് കാല്‍നടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ വായുവില്‍ ഉയര്‍ന്നു ഫുട്പാത്തിലും റോഡിലുമായി വീണു. കാര്‍ ഇടയ്ക്ക് ബൊല്ലാര്‍ഡിലും ഇടിച്ചു. 19 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വെളുത്ത നിറമുള്ള സുസുക്കി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഷോപ്പിംഗ് ഏരിയയിലേയ്ക്ക് പാഞ്ഞു കയറിയത്.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. ഫയര്‍ഫോഴ്‌സും ആംബുലന്‍സ് സര്‍വീസുകളും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ഹോസ്പിറ്റലുകളിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെ പോലീസ് സംഭവസ്ഥലത്ത് വച്ചു തന്നെ കസ്റ്റഡില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ വംശജനാണ്. മനപ്പൂര്‍വ്വം നടത്തിയ ആക്രമണമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. പ്രകോപനകാരണം വ്യക്തമല്ല. ഭീകരാക്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പാരീസ്: എണ്ണ, പ്രകൃതി വാതക ഖനനം 2040 മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഫ്രാന്‍സ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിക്കൊണ്ട് പാര്‍ലമെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലുള്ള ഖനന പെര്‍മിറ്റുകള്‍ 2040ല്‍ ഇല്ലാതാകും. പുതിയവയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്നും തീരുമാനമായി. രാജ്യത്തും അതിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലും എണ്ണ ഖനനം നടത്തുന്നതും പര്യവേഷണം നടത്തുന്നതും 2040നു ശേഷം നിയമവിരുദ്ധമായിരിക്കും.

ഇത്തരമൊരു നിയമം പാസാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഫ്രാന്‍സിന് സ്വന്തമായി. എന്നാല്‍ പുതിയ നിയമത്തിന് ഫ്രാന്‍സില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 99 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. തങ്ങള്‍ അവതരിപ്പിച്ച ഈ നിയമത്തിന്റെ ചുവട് പിടിച്ച് മറ്റു രാജ്യങ്ങള്‍ സമാനമായ നിയമങ്ങള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷയാണ് ഫ്രാന്‍സിനുള്ളത്.

ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ ലോകത്തെ നയിക്കാന്‍ ഫ്രാന്‍സ് മുന്‍നിരയിലുണ്ടാകുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. യുഎന്‍ കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷിനില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ച തുക തങ്ങള്‍ നല്‍കാമെന്നും മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. 2040ല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്ന് ഇല്ലാതാക്കുന്ന പദ്ധതിക്കും ഫ്രാന്‍സ് തുടക്കം കുറിച്ചിരുന്നു.

കാരൂര്‍ സോമന്‍

രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ഞാന്‍ സ്‌പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്‌കോട്ട് കുതിരയോട്ടമാണ്.

കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. രാജാക്കന്മാരുള്ള രാജ്യങ്ങളില്‍ അതൊരു വിനോദമാണ്. മുന്‍പ് രാജാക്കന്മാര്‍ രാജ്യങ്ങളെ കീഴടക്കിയിരുന്നത് കുതിരയോട്ടത്തില്‍ കൂടിയായിരുന്നെങ്കില്‍ ഇന്നുള്ളവര്‍ കുതിരയോട്ട മത്സരത്തിലൂടെ മില്യന്‍സാണ് കീഴടക്കുന്നത്. ദുബൈയിലെ വേള്‍ഡ് കപ്പ്, എമിറേറ്റ്‌സ് മെല്‍ബോണ്‍കപ്പ് അതിനുദാഹരണങ്ങള്‍.

വികസിത രാജ്യങ്ങളില്‍ ധാരാളം കുതിരയോട്ട മത്സരങ്ങള്‍ കാണാറുണ്ട്. കുതിരയോട്ടങ്ങളില്‍ രാജാവോ, പ്രജയോ ആരു വിജയിച്ചാലും ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരമാണത്. അതില്‍ അഹങ്കരിക്കുന്നവരാണ് കൂടുതലും. കാറ്റിനെക്കാള്‍ വേഗതയില്‍ കുതിരക്കുളമ്പടികള്‍ മണ്ണില്‍ പൊടിപറത്തിക്കൊണ്ട് ഒരാള്‍ മറ്റൊരാളെ കീഴ്‌പ്പെടുത്തുന്ന മരണപ്പാച്ചിലില്‍ ദൃഷ്ടികളുറപ്പിച്ചു നോക്കുന്നവരുടെ ജിജ്ഞാസ, ഭീതി, നിശ്വാസം ആശ്വാസത്തെക്കാള്‍ അപ്പരപ്പാണുണ്ടാക്കുക. മനുഷ്യന്റെ മനസ്സ് അമ്പരപ്പിച്ചു കൊണ്ടോടുന്ന കുതിരക്കറിയില്ലല്ലോ മനുഷ്യമനസ്സിന്റെ ചാഞ്ചല്യം. വിജയശ്രീലാളിതനായി വന്ന കുതിരയെ ആരാധനയോടെയാണ് ഞാന്‍ കണ്ടത്. നൂറ്റാണ്ടുകളായി ശക്തിശാലികളായ മനുഷ്യരെപ്പോലെ കുതിരകളും നമ്മെ കീഴടക്കുന്നു.

ലണ്ടനേറ്റവുമടുത്ത് ബര്‍ക്ഷയര്‍ എന്ന സ്ഥലത്ത് നടക്കുന്ന വിശ്വപ്രസിദ്ധ കുതിരയോട്ട മത്സരമാണ് ‘റോയല്‍ ആസ്‌ക്കോട്ടട്ട്. ബ്രിട്ടീഷ് റോയല്‍ ഫാമിലിയുടെ കൊട്ടാരമായ വിന്‍സന്റ് കാസിലിന്റെ അടുത്താണ് ആസ്‌ക്കോട്ട്. രാജകുടുംബാഗങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമാണ് കുതിരയോട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാക്കുകളില്‍ ഒന്നാണ് 1711-ല്‍ തുടങ്ങിയ ആസ്‌ക്കോട്ട് ട്രാക്ക്.

2006-ല്‍ പുതുക്കി പണിതതാണ് ഇപ്പോഴത്തെ ട്രാക്കും പവലിയനും. ബ്രിട്ടനില്‍ ഒരു വര്‍ഷം മൊത്തം 32 റേസ് ആണ് അരങ്ങേറുന്നത്. അതില്‍ 9 എണ്ണം ഈ ട്രാക്കില്‍ തന്നെയാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ആസ്‌ക്കോട്ട് ഗോള്‍ഡ് കപ്പ് എന്ന് മത്സരമാണ്.മൂന്ന് ദിവസങ്ങള്‍ ആയി ആണ് മത്സരം നടക്കുന്നത്. നാലു കിലോമീറ്റര്‍ ആണ് ഒരു ലാപ്പ്. നമ്മുടെ വള്ളംകളി പോലെ പല ഗ്രേഡില്‍ ഉള്ള കുതിരകള്‍ക്ക് വ്യത്യസ്ത മത്സരങ്ങള്‍ ഉണ്ട്. ഗോള്‍ഡ് കപ്പ്. ലോയല്‍ ഹണ്ട് കപ്പ്, ക്വീന്‍ വാസ് എന്നിവയാണ് പ്രധാന ട്രോഫികള്‍. അതിലെ തന്നെ ഏറ്റവും പ്രശസ്ത ഗോള്‍ഡ് കപ്പാണ്. 2,50,000 പൗണ്ട് ആണ് ഇതിന്റെ സമ്മാനത്തുക. ഫോര്‍മുല വണ്‍ കറോട്ട മത്സരം പോലെ മികച്ച കുതിരയ്ക്കും, മികച്ച ജോക്കിക്കും, മികച്ച പരിശീലകനും, മികച്ച ഓണര്‍ക്കും സമ്മാനം ഉണ്ട്. ഒരു മുതലാളിക്ക് ഒന്നിലധികം കുതിരകള്‍ ഉണ്ടാവാം.

ഗ്രാന്‍ഡ് സ്റ്റാന്റ്, സില്‍വര്‍ റിംഗ്, റോയര്‍ എന്‍ക്ലോഷര്‍ എന്നീ മൂന്ന് പവലിയനുകള്‍ ആണ് ഉള്ളത്. സില്‍വല്‍ റിങ്ങില്‍ ആണ് ഏറ്റവും താഴ്ന്ന ടിക്കറ്റ് വില. വെറും നൂറു പൗണ്ട്. ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ ഇരുന്നൂറു മുതല്‍ അഞ്ഞൂറ് പൗണ്ട് വരെ ഉള്ള ടിക്കറ്റ്. റോയല്‍ എന്‍ക്ലോഷര്‍ എന്ന സ്റ്റാന്‍ഡില്‍ കയറാന്‍ കാശ് മാത്രം പോര, നല്ല തറവാട്ടില്‍ ജനിക്കുകയും വേണം. കാരണം രാജകുടുംബാംഗങ്ങള്‍ക്കും, വി.ഐ.പികള്‍ക്കും മാത്രം ഉള്ളതാണ് ആ ടിക്കറ്റ്.

മറ്റൊരു പ്രധാന കാര്യം ഡ്രസ്സ് കോഡ് ആണ്. റേസ് കാണാന്‍ വരുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ് ഡ്രസ്സ് കോഡ്. പുരുഷന്‍ ടൈയും സ്യൂട്ടും, സ്ത്രീകള്‍ സ്മാര്‍ട്ട് ഫോര്‍മല്‍സ് എന്നിവ നിര്‍ബന്ധം. ജീന്‍സ് ഷര്‍ട്ട് ധരിച്ചു വന്നാല്‍ അകത്തേക്കുള്ള പ്രവേശനം അസാധ്യം. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്ന് സ്ത്രീകള്‍ ധരിക്കുന്ന തൊപ്പിയാണ്. നമ്മുടെ നാട്ടില്‍ കൊച്ചമ്മമാര്‍ കല്യാണത്തിന് സ്വര്‍ണ്ണം അണിഞ്ഞു വരുന്നപോലെ ആണ് അവര്‍ക്ക് ആ തൊപ്പി ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. വിവിധ ഇനം തൂവലുകള്‍ കൊണ്ട് അലങ്കരിച്ച് സുന്ദരമായ തൊപ്പികള്‍ അണിഞ്ഞു നടക്കുന്ന സുന്ദരികളുടെ ഇടയില്‍ എത്തിയാല്‍ ഏതോ ഫാഷന്‍ റാമ്പില്‍ പെട്ട് പോയ ഒരു പാവം എലിക്കുഞ്ഞിന്റെ അവസ്ഥയാകും പലര്‍ക്കും. ബ്രിട്ടനിലെ മാത്രമല്ല, യൂറോപ്പിലെ തന്നെ മള്‍ട്ടി ബില്യനയര്‍മാരാണ് കാണികളില്‍ ഭൂരിഭാഗവും. ശരിക്കും ടൈറ്റാനിക് കപ്പലില്‍ കയറിയ അനുഭൂതിയായിരിക്കും.

റേസ് കാണാന്‍ കുതിര പട്ടാളത്തിന്റെ അകമ്പടിയോടെ ഒരു രഥത്തില്‍ ആനയിക്കപ്പെടുന്ന രാജ്ഞിയുടെ വരവ് ഒരു കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ പല കൗണ്ടറിന്റെ മുന്നിലും നീളന്‍ ക്യൂ കാണാം. എല്ലാവരുടെയും കയ്യില്‍ നോട്ടു കെട്ടുകളും കാണും. എങ്കിലും ഉറപ്പിക്കാം. അത് ഒരു ബെറ്റിംഗ് കൗണ്ടര്‍ ആയിരിക്കും. കുതിരയോട്ടം കാണുന്നതിനെക്കാള്‍ ഉപരി കുതിരപന്തയം വയ്ക്കാനാണ് ആ കോടീശ്വരന്മാര്‍ പലരും അന്ന് ഇവിടെ വരുന്നത്. ഒരു പൗണ്ട് മുതല്‍ ഒരു മില്യണ്‍ പൗണ്ട് വരെ അവിടെ വാത് വയ്ക്കുന്ന വിദ്വാന്മാര്‍ ഉണ്ട്. കോടികള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ക്ക് ഈ ചൂതാട്ടം ഇല്ലാതെ എന്താഘോഷം.

റേസ് തുടങ്ങുന്നതിനു പത്തു മിനിറ്റ് മുന്‍പുവരെ ജയിക്കുന്ന കുതിരയുടെ പേരിലും, സമയത്തിന്റെ പേരിലും ഒക്കെ വാതു വയ്ക്കാം. ബാന്റ് മേളവും, പരമ്പരാഗത സംഗീതവും സമാപിച്ച ശേഷമാണ് റേസ് തുടങ്ങുക. ഊട്ടിയിലും മറ്റും നാം കാണുന്ന കുതിരകളുടെ ഏകദേശം ഇരട്ടി വലിപ്പം ഉണ്ട് റേസില്‍ പങ്കെടുക്കുന്ന ഓരോ കുതിരകള്‍ക്കും. റേസ് കഴിഞ്ഞു എലിസബത്ത് രാജ്ഞിയാണ് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നത്

ലണ്ടന്‍: ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദ്. ഹിതപരിശോധനാ ഫലത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ഐഎംഎഫ് ശരിയായ നിര്‍ണ്ണയമല്ല നടത്തിയതെന്ന ബ്രെക്‌സിറ്റ് അനുകൂലികളുടെ കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. യുകെ സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വിശകലനത്തിനിടെ സംസാരിക്കുകയായിരുന്ന ലഗാര്‍ദ്. ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് നടത്തിയ പ്രവചനങ്ങള്‍ സത്യമായിരുന്നുവെന്ന് ലഗാര്‍ദ് സമര്‍ത്ഥിച്ചു.

ബ്രിട്ടീഷ് ഇക്കോണമി ഇപ്പോള്‍ നടത്തുന്ന പ്രകടനം ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ പറഞ്ഞതിനു തുല്യമാണ്. ബ്രിട്ടനില്‍ ആവശ്യത്തിന് വിദഗ്ദ്ധന്‍മാരുണ്ടെന്ന മൈക്കിള്‍ ഗോവിന്റെ പരാമര്‍ശത്തെയും അവര്‍ പരിഹസിച്ചു. നിങ്ങള്‍ വിദഗ്ദ്ധരായിട്ടും സാമ്പത്തിക വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായിരുന്നില്ലേ എന്നാണ് അവര്‍ ചോദിച്ചത്. പൗണ്ടിന്റെ വിലയിടിയുകയും നാണ്യപ്പെരുപ്പം ഉയരുകയും ചെയ്തു. വേതനം കുറയുകയും നിക്ഷേപങ്ങളുടെ നിരക്ക് കുറയുകയും ചെയ്തു. തങ്ങള്‍ പ്രവചിച്ചതിലും താഴെയാണ് ഇവയെന്നാണ് ലഗാര്‍ദ് വിലയിരുത്തുന്നത്.

ബ്രെക്‌സിറ്റ് നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയനുമായി പ്രശ്‌നരഹിതമായ വ്യാപാര ചര്‍ച്ചകള്‍ തുടങ്ങാനായാലും യുകെയുടെ ജിഡിപി 2017ല്‍ 2.2 ശതമാനം മുതല്‍ 1.4 ശതമാനം വരെയും 2018ല്‍ 2.2 ശതമാനം മുതര്‍ 1.8 ശതമാനം വരെയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് ഹിതപരിശോധനയ്ക്ക് മുമ്പ് ഐഎംഎഫ് പ്രവചിച്ചിരുന്നു. ഏറ്റവും പുതിയ വിലയിരുത്തല്‍ അനുസരിച്ച് 2017ല്‍ 1.6 ശതമാനവും 2018ല്‍ 1.5 ശതമാനവും വളര്‍ച്ച മാത്രമാണ് ഐഎംഎഫ് പ്രവചിക്കുന്നത്.

ലണ്ടന്‍: കണ്‍സര്‍വേറ്റീസ് ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് സെക്രട്ടറിയും പ്രധാനമന്ത്രി തെരേസ മേയുടെ അടുത്ത അനുയായിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ഗ്രീനിന്റെ ഹൗസ് ഓഫ് കോമണ്‍സ് കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കള്ളം പറഞ്ഞതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് രാജി. ക്യാബിനറ്റ് സെക്രട്ടറി സര്‍ ജെറമി ഹെയ്‌വുഡ് നടത്തിയ അന്വേഷണത്തില്‍ ഗ്രീന്‍ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തില്‍ കള്ളം പറഞ്ഞുവെന്നും നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും ഹെയ്‌വുഡ് കണ്ടെത്തി.

ജൂണിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് തന്നെയാണ് ഗ്രീനിനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചത്. നാണക്കേടുമായി ഗ്രീന്‍ പുറത്തേക്ക് പോകുന്നത് പ്രധാനമന്ത്രിക്ക് ലഭിച്ച തിരിച്ചടിയായാണ് ഇതോടെ വിലയിരുത്തുന്നത്. നവംബറിനു ശേഷം പുറത്തേക്കു പോകുന്ന മൂന്നാമത്തെ ക്യാബിനറ്റ് അംഗവും ഇത്തരം ഒരു ആരോപണത്തില്‍ കുടുങ്ങി രാജിവെക്കുന്ന ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റുമാണ് ഗ്രീന്‍.

താന്‍ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് രാജിക്കത്തില്‍ വിശദീകരിച്ച ഗ്രീന്‍ താന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ കുറച്ചു കൂടി വ്യക്തത വരുത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. 2008ലാണ് അശ്ലീല ചിത്രങ്ങള്‍ ഗ്രീനിന്റെ കമ്പ്യൂട്ടറില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പോലീസുമായി ഗ്രീന്‍ സംസാരിച്ചത് 2013ലാണ്. മന്ത്രിയും ജനപ്രതിനിധിയുമായ ഗ്രീന്‍ പക്ഷേ പൊതു ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങല്‍ ലംഘിച്ചുവെന്നാണ് ഹെയ് വുഡ് കണ്ടെത്തിയത്. സത്യസന്ധത എന്നതാണ് അവയില്‍ ഏറ്റവും പ്രധാമെന്നും ഹെയ് വുഡ് വ്യക്തമാക്കി.

  • ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ ഓരോ വീടുകളുടെയും കൗൺസിൽ ടാക്സ് അടുത്ത വർഷം 100 പൗണ്ട് വരെ കൂടാൻ സാധ്യത.  കൗൺസിലുകൾക്ക് കൂടുതൽ അധികാരം നല്കി ഗവൺമെന്റ് ഉത്തരവിറക്കി.  അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് ആറ് ശതമാനം വരെ വർദ്ധിപ്പിക്കാൻ ലോക്കൽ കൗൺസിലുകൾക്ക് സ്വാതന്ത്യം നല്കിയാണ് ഗവൺമെന്റ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ വീടിനും 100 പൗണ്ട് വരെ  വർദ്ധന ഉണ്ടാകാം. വർദ്ധനയ്ക്ക് അനുമതി തേടുന്ന ലോക്കൽ റെഫറണ്ടം ഇനിയാവശ്യമില്ല.

ലോക്കൽ ഗവൺമെന്റ് സെക്രട്ടറി സാജിദ് ജാവേദ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന ടാക്സ് വർദ്ധനയുടെ ക്യാപ് 1.99 ശതമാനത്തിൽ നിന്ന് 2.99 ശതമാനമാക്കി ഉയർത്താൻ ലോക്കൽ കൗൺസിലുകൾക്ക് അനുമതി നല്കി. അതു കൂടാതെ സോഷ്യൽ കെയർ നല്കുന്ന കൗൺസിലുകൾക്ക് മറ്റൊരു മൂന്ന് ശതമാനം വർദ്ധനയും കൗൺസിൽ ടാക്സിൽ വരുത്തുന്നതിനും അധികാരം നല്കിയിട്ടുണ്ട്. അതായത് 2018 ഏപ്രിൽ മുതൽ കൗൺസിലുകൾക്ക് ടാക്സിൽ 5.99 ശതമാനം വരെ വർദ്ധന വരുത്താം. പ്രധാനമന്ത്രിയുടെ ഓഫീസ് വർദ്ധനയ്ക്ക് അനുമതി നല്കിക്കഴിഞ്ഞു. അധിക ഒരു ശതമാനം വർദ്ധന നിലവിലെ നാണ്യപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് എന്നു ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗവൺമെൻറിന്റെ പുതിയ നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക നയമാണ് ഗവൺമെന്റ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

പുതിയ നിർദ്ദേശം നടപ്പാക്കിക്കഴിഞ്ഞാൽ ഓരോ കൗൺസിലുകൾക്കും ലോക്കൽ റഫറണ്ടം നടത്താതെ കൗൺസിൽ ടാക്സ് സ്വമേധയാ വർദ്ധിപ്പിക്കാനാകും. ഒരു ശരാശരി ബാൻഡ് ഡി വീടിന് 1686 പൗണ്ട് അടുത്ത വർഷം മുതൽ കൗൺസിൽ ടാക്സ് കൊടുക്കേണ്ടി വരും. വർഷങ്ങളായി സെൻട്രൽ ഗവൺമെന്റ് ലോക്കൽ കൗൺസിലുകൾക്ക് കൊടുക്കേണ്ടിയിരുന്ന വിഹിതം വെട്ടിക്കുറച്ചതു മൂലം ലോക്കൽ കൗൺസിലുകൾ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ ചെയർമാൻ ലോർഡ് പോർട്ടർ പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഫണ്ടിംഗ് ഗ്യാപ് 5.8 ബില്യൺ പൗണ്ടായി ഉയരുമെന്നാണ് കണക്ക്. കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണം, ഭവന രഹിതരുടെ സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ഇല്ലാതെ പല ലോക്കൽ കൗൺസിലുകളും ബുദ്ധിമുട്ടുന്നുണ്ട്.

 

തിരുവനന്തപുരം: മൗനിയാകാന്‍ തനിക്ക് മനസ്സില്ലെന്ന് ജേക്കബ് തോമസ്. അഴിമതിക്കെതിരെ നില്‍ക്കുന്നവരെ മൗനിയാക്കാന്‍ ശ്രമം നടക്കുന്നു. ഇപ്പോള്‍ സ്രാവുകള്‍ക്കൊപ്പം നീന്തുകയാണ്. ഇനിയും സ്രാവുകള്‍ക്കൊപ്പം തന്നെ നീന്തല്‍ തുടരും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പലതും നേരിടേണ്ടി വരും. സസ്‌പെന്‍ഷനെ കുറിച്ച് അറിവ് കിട്ടിയിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതി വിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധ നിയമം നടപ്പിലാകുന്നുണ്ടെന്ന് ജനം കരുതുന്നുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു.

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയെ തുടര്‍ന്നാണാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.ജേക്കബ് തോമസ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറകട്‌റാണ്.

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഇതുകൊണ്ടാണ് പേടിക്കുന്നതെന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഓഖി ദുരന്തത്തില്‍എത്ര പേര്‍ മരിച്ചുവെന്നോ കാണാതായെന്നോ ആര്‍ക്കും അറിയില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്കാരെല്ലാം ഒന്നാണ്. സുനാമി പാക്കേജിലെ 1600 കോടി രൂപ അടിച്ചുമാറ്റി. സുനാമി ഫണ്ട് ഉപയോഗിച്ചിരുന്നുവെങ്കില്‍ ചെല്ലാനത്ത് ഇന്ന് ഈ കാഴ്ച കാണേണ്ടിവരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

RECENT POSTS
Copyright © . All rights reserved