ലണ്ടന്‍: പഴയ 10 പൗണ്ട് നോട്ടുകളുടെ കാലാവധി മാര്‍ച്ച് 1 വരെ മാത്രമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പ്ലാസ്റ്റിക് നോട്ടുകള്‍ അവതകരിപ്പിച്ചതോടെയാണ് പേപ്പര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 14നായിരുന്നു പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നിലവില്‍ വന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും ബാങ്കുകളില്‍ അവ മാറ്റിയെടുക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2000 നവംബര്‍ 7നാണ് ചാള്‍സ് ഡാര്‍വിന്റെ ചിത്രത്തോടുകൂടിയ 10 പൗണ്ടിന്റെ നോട്ട് അവതരിപ്പിച്ചത്.
അന്ധര്‍ക്കും ഭാഗികമായി അന്ധതയുള്ളവര്‍ക്കും തിരിച്ചറിയാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടാണ് പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍. പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ഇപ്പോള്‍ വിനിമയത്തിലുള്ള 10 പൗണ്ട് നോട്ടുകളില്‍ 55 ശതമാനവും പ്ലാസ്റ്റിക് നോട്ടായി മാറിക്കഴിഞ്ഞു. 359 മില്യന്‍ പേപ്പര്‍ നോട്ടുകളും നിലവിലുണ്ട്. നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റന്റെ ചിത്രമാണ് ഈ നോട്ടിലുള്ളത്. കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഒരു നോട്ടിന് ആയുസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ അളവില്‍ മൃഗക്കൊഴുപ്പ് പ്ലാസ്റ്റിക് നോട്ടുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയതിനു പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. 5 പൗണ്ട് നോട്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ 10 പൗണ്ടിനു പിന്നാലെയും തുടരുകയാണ്. നിരോധിച്ച 5 പൗണ്ടിന്റെ പേപ്പര്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഇപ്പോഴും കഴിയുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
ബര്‍മിംഗ്ഹാം: ഹൃദ്രോഗബാധിതനായ ആളെ ചികിത്സിക്കാന്‍ എത്തിയ ആംബുലന്‍സ് വഴിമുടക്കിയെന്ന് ആരോപിച്ച് കുറിപ്പെഴുതിയ സംഭവത്തിലെ രോഗി മരിച്ചു. രക്തം ഛര്‍ദ്ദിച്ച് അവശനായ രോഗിയെ ആംബുലന്‍സ് ജീവനക്കാര്‍ പരിചരിക്കുന്നതിനിടെയായിരുന്നു പ്രദേശവാസിയായ കെട്ടിടമുടമ ആംബുലന്‍സ് തന്റെ വഴിമുടക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആംബുലന്‍സിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഇയാള്‍ ഒരു കുറിപ്പ് എഴുതി പതിക്കുകയായിരുന്നു. നിങ്ങള്‍ ജീവന്‍ രക്ഷിക്കാനായിരിക്കും വന്നത്. പക്ഷേ എന്റെ വഴി മുടക്കിക്കൊണ്ട് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യരുതെന്നായിരുന്നു കുറിപ്പ്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹാര്‍ട്ട്‌ലാന്‍ഡ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് ഇയാള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ എത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ രോഗിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു. അതിനിടെയാണ് പ്രദേശവാസിയുടെ പരാക്രമം. ആംബുലന്‍സിന്റെ വശങ്ങളില്‍ അടിച്ചുകൊണ്ട് തന്റെ കാര്‍ ഇറക്കാന്‍ കഴിയുന്നില്ല എന്ന അക്രോശവുമായി ഒരാള്‍ എത്തുകയായിരുന്നു.
പിന്നീട് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് ആംബുലന്‍സിനു മുന്നില്‍ ജീവനക്കാര്‍ കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ആംബുലന്‍സ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില് പോസ്റ്റ് ചെയ്തു. സ്വാര്‍ത്ഥതയുടെ പരകോടി എന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനത്തിനാണ് വിധേയമായത്. ,
ചണ്ഡീഗഢ്: റയാന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഹരിയാന പോലീസ്. കൊലപാതക കേസ് തെളിഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ സന്ദീപ് കിര്‍വാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അന്വേഷണത്തില്‍ പാളിച്ച പറ്റിയതായി അന്വേഷണ സംഘം സമ്മതിച്ചത്. സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കമ്മീഷണറെ അറിയിച്ചു.
സ്‌കൂളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ ആദ്യത്തെ എട്ട് സെക്കന്റില്‍ അശോക് കുമാര്‍ പ്രദ്യുമനെ സ്‌കൂള്‍ ശൗചാലയത്തിലേക്ക് വിളിച്ചു കൊണ്ടുപോവുന്നത് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലനടത്തിയത് ഇയാളെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഈ ദൃശ്യങ്ങളില്‍ അശോക് കുമാറിന്റെ ദൃശ്യങ്ങള്‍ക്കു പുറമേപ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. എന്നാല്‍ പോലീസ് വിദ്യാര്‍ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.
പ്രദ്യുമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കഴിഞ്ഞ ദിവസമാണ് കേസന്വേഷണം ഏറ്റെടുത്ത സിബിഐ പുറത്തുവിട്ടത്. പോലീസ് കണ്ടെത്തിയതു പോലെ സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറല്ല യഥാര്‍ഥ കൊലപാതകിയെന്നും റയാന്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കൊല നടത്തിയതെന്നും സിബിഐ കണ്ടെത്തി. സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ അശോക് കുമാറിനെ കുറ്റക്കാരനായി ചിത്രീകരിച്ച് കേസ് വേഗം ഒതുക്കി തീര്‍ക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും സിബിഐ കണ്ടെത്തി.
സ്‌കൂള്‍ ബസ് കണ്ടക്ടറായ അശോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാനായി പോലീസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന ആരോപണവും സിബിഐ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് കൊലപാതകിയെ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസില്‍ സ്‌കൂളിലെപതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കൃത്യത്തില്‍ ബസ് കണ്ടക്ടറായ അശോക് കുമാറിന് പങ്കില്ലെന്നും സിബിഐ തെളിയിച്ചു. സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് കൊല നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫരീദാബാദിലെ ജുവൈനല്‍ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.
കേസ് അന്വേഷണത്തിലുണ്ടായ പാളിച്ചയുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. അന്വേഷണം അട്ടിമറിക്കപ്പെട്ടത് ഏത് സാഹചര്യത്തിലാണെന്നത് സംബന്ധിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥരെ കുറിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: ഏറ്റവും ആഡംബരം നിറഞ്ഞ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള മത്സരം എയര്‍ലൈന്‍ കമ്പനികള്‍ക്കിടയില്‍ മുറുകിയതോടെ ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യങ്ങളുടെ രീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. യാത്രകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് വ്യത്യസ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇവയില്‍ ഏറ്റവും വിപ്ലവകരമായ മാറ്റമാണ് എമിറേറ്റ്‌സ് കൊണ്ടുവരുന്നത്. കാര്‍ നിര്‍മാതാക്കളില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് തയ്യാറാക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളായിരിക്കും ഇനി മുതല്‍ എമിറേറ്റ്‌സ് വിമാനങ്ങളിലെ ഹൈലൈറ്റ്.
ബോയിംഗ് 777 ജെറ്റ് വിമാനങ്ങളിലാണ് ഇവ അവതരിപ്പിക്കാന്‍ പോകുന്നത്. ഓരോ ഫസ്റ്റ് ക്ലാസ് യാത്രക്കാരനും 40 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് എമിറേറ്റ്‌സ് നല്‍കുന്നത്. 7 അടി നീളവും 5 അടി 8 ഇഞ്ച് വീതിയുമുള്ള സ്യൂട്ടുകളാണ് ക്രമീകരിക്കുന്നത്. ഇക്കോണമി യാത്രക്കാര്‍ സാധാരണ മട്ടില്‍ ഇരിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി 6 സീറ്റുകളാണ് നല്‍കുന്നത്. ഇവ പൂര്‍ണ്ണമായും സ്വകാര്യത ഉറപ്പാക്കുന്ന ക്യാബിനുകളായിരിക്കും. മൂന്ന് നിരകളിലായി ക്രമീകരിക്കുന്ന ഇവയില്‍ എല്ലാ സീറ്റുകളിലും വിന്‍ഡോയുണ്ടാകും. മധ്യനിരയിലെ സ്യൂട്ടിന് വിര്‍ച്വല്‍ വിന്‍ഡോകളായിരിക്കും ഉണ്ടാകുക.
യാത്രക്കാര്‍ക്ക് സ്‌റ്റെയിനര്‍ സഫാരി ബൈനോക്കുലറുകളും നല്‍കും. മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കാറുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സ്യൂട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിനും മറ്റുമായി ജീവനക്കാരെ വിളിക്കാനുള്ള സൗകര്യത്തിനു പുറമേ വീഡിയോ കോളിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് 70 കിലോ ബാഗേജ് സൗജന്യമായി കൊണ്ടുപോകുകയും ചെയ്യാം. ലണ്ടന്‍-ദുബായ്-സിഡ്‌നി റൂട്ടിലെ റിട്ടേണ്‍ ടിക്കറ്റിന് 7220 പൗണ്ടായിരിക്കും ഈടാക്കുകയെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ റൂട്ടിലെ ഇക്കോണമി നിരക്ക് 700 പൗണ്ട് മാത്രമാണ്.
ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചു. ഇന്നലെ രാത്രി പ്രാദേശിക സമയം 9.20നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകകേന്ദ്രം ഇറാഖിലെ കുര്‍ദിസ്ഥാനിലെ സല്‍മാനിയയിലാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കുവൈറ്റ്, യുഎഇ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.
ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയില്‍ മാത്രം 129 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുളള എട്ട് ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍പോളെ സഹാബ് എന്ന ഗ്രാമത്തിലാണ് കൂടുതലാളുകള്‍ മരിച്ചത്.
മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്. കുവൈറ്റില്‍ അനുഭവപ്പെട്ട് ഭൂചലനം മൂന്ന് മിനിറ്റോളം നീണ്ടുനിന്നതായി ജനങ്ങള്‍ പറയുന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. കുവൈറ്റിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും തീവ്രത അനുഭവപ്പെട്ടത്.
ഫാ.ബിജു കുന്നയ്ക്കാട്ട്
പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ എന്നും തലവേദന തന്നെയാണ്. അഴിയാത്ത കുരുക്കുകളായി അവ മുമ്പില്‍ നില്‍ക്കുമ്പോള്‍ പലരും ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ പകച്ചുനിന്നുപോകാറുണ്ട്. എന്നാല്‍ ചില ബുദ്ധിമാന്മാര്‍ അവയ്ക്കുള്ള പരിഹാരം പറഞ്ഞുതരും. പക്ഷേ അതിനു വ്യത്യസ്ഥമായി ചിന്തിക്കണം. ഈ കഥ കേള്‍ക്കൂ:
വാര്‍ദ്ധക്യത്തിലെത്തി മരിച്ച ഒരു പിതാവ് തന്റെ മൂന്ന് മക്കള്‍ക്കു സമ്പാദ്യമായി കരുതി വച്ചിരുന്നത് 17 താറാവുകളെയാണ്. തങ്ങളുടെ പിതാവിന്റെ മരണശേഷം വില്‍പ്പത്രം കണ്ട മക്കള്‍ അമ്പരന്നു, തങ്ങള്‍ക്കുള്ളത് പതിനേഴ് താറാവുകള്‍ മാത്രം. മൂന്നു മക്കളും അവയെ എങ്ങനെ വീതം വച്ചെടുക്കണം എന്ന നിര്‍ദ്ദേശമായിരുന്നു അവരെ കൂടുതല്‍ കുഴപ്പിച്ചത്: മൂത്ത മകന് 17 താറാവുകളുടെ പകുതി, രണ്ടാമത്തെ മകന് 17 താറാവുകളുടെ മൂന്നില്‍ ഒന്ന്, ഇളയ മകന് 17 താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം. പല രീതിയില്‍ ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. പറഞ്ഞിരിക്കുന്നതുപോലെ ചെയ്യണമെങ്കില്‍ ഒരു താറാവിനെയെങ്കിലും മുറിച്ചെടുക്കേണ്ടതായി വരും. അതുശരിയല്ല. എന്തു ചെയ്യണമെന്നറിയാതെ നിന്ന അവര്‍ ഒടുവില്‍ അവരുടെ ഗ്രാമത്തിലെ ജ്ഞാനിയായ ഒരു മനുഷ്യനെ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചു.
വില്‍പ്പത്രത്തിലെ വിചിത്രമായ സമസ്യ ശാന്തനായി കേട്ട ആ ജ്ഞാനി പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തി. താറാവുകള്‍ പതിനേഴില്‍ നില്‍ക്കുമ്പോളാണ് പ്രശ്‌നം. അദ്ദേഹം തന്റെ കയ്യില്‍ നിന്ന് ഒരു താറാവിനെക്കൂടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താറാവുകളുടെ എണ്ണം 18. തുടര്‍ന്ന് അദ്ദേഹം വില്‍പ്പത്രം വീണ്ടും വായിച്ചു. ആകെ താറാവുകളുടെ പകുതി മൂത്ത മകന്; 18 ന്റെ പകുതി 9 താറാവുകള്‍ അവനു കൊടുത്തു. രണ്ടാമത്തെ മകന് ആകെ താറാവുകളുടെ മൂന്നില്‍ ഒരു ഭാഗം: 6 താറാവുകള്‍ അവനും കിട്ടി. ഇളയ മകന് ആകെ താറാവുകളുടെ ഒന്‍പതില്‍ ഒരു ഭാഗം: രണ്ടു താറാവുകള്‍ അവനും കിട്ടി. ഇപ്പോള്‍ മൂന്ന് പേര്‍ക്കും കൊടുത്ത താറാവുകള്‍ കൂട്ടി നോക്കിയാല്‍ 9+6+2= 17. ആദ്യം ഉണ്ടായിരുന്ന കൃത്യം എണ്ണം താറാവുകള്‍. വീതം വെയ്പ് കഴിഞ്ഞപ്പോള്‍ ഒരു താറാവു ബാക്കി. സുഗമമായ ഭാഗം വെയ്പിനായി ജ്ഞാനിയായ ആ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത അദ്ദേഹത്തിന്റെ താറാവിനെ അദ്ദേഹത്തിനു തന്നെ തിരിച്ചുകിട്ടി. പ്രശ്‌നത്തിനു പരിഹാരവും കണ്ടു.
പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമില്ലാത്ത ജീവിതങ്ങളില്ല. പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരവുമുണ്ട്. പക്ഷേ, പലപ്പോഴും പരിഹാരം പ്രതീക്ഷിക്കുന്ന അത്ര എളുപ്പമാകണമെന്നില്ല. ചുറ്റുമുള്ളവരുടെ ജീവിതങ്ങളെ നോക്കി, അവര്‍ക്കൊക്കെ എന്തു സുഖമാണ്, ഒരു ബുദ്ധിമുട്ടും അവര്‍ക്ക് ജീവിതത്തിലില്ലല്ലോ’ എന്ന് പലരും പറയാറുണ്ട്. ‘ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച’ എന്ന ഈ പ്രതിഭാസത്തില്‍ എല്ലാവരും അവനവന്റെ ദുഃഖങ്ങളും പ്രയാസങ്ങളും മാത്രമാണ് വലുതായി കാണുന്നത് എന്ന് മാത്രം. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അവയെ എങ്ങനെ പരിഹരിക്കാനാകും എന്നാണ് നാം ചിന്തിക്കേണ്ടത്.
പ്രശ്‌നങ്ങളെ സമീപിക്കുന്ന രീതിയാണ് ഒന്നാമത്തേതും ഏറെ പ്രധാനപ്പെട്ടതും. ചിലര്‍ വളരെ വികാരപരമായി ഇത്തരം കാര്യങ്ങളെ എടുക്കുകയും ആദ്യത്തെ ശ്രമത്തിനുശേഷം മടുത്തുപേക്ഷിക്കുകയും ചെയ്യാറുണ്ട്. എത്ര അധ്വാനിച്ചിട്ടായാലും മുന്നില്‍ നില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന ഉറച്ച തീരുമാനം മനസിലുണ്ടെങ്കില്‍ പിന്നെ അതിനെ എങ്ങനെ പരിഹരിക്കാമെന്ന് ശാന്തമായി ആലോചിക്കുകയാണ് വേണ്ടത്. ജ്ഞാനിയായ ആ മനുഷ്യന്‍ തന്റെ മുന്നിലെത്തിയ പ്രശ്‌നത്തിന് പരിഹാരം കണ്ടത് അങ്ങനെയാണ്.
ശാന്തമായി ചിന്തിക്കുകയും സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് വ്യത്യസ്ഥമായ വഴികള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കും പതിവുശൈലി വിട്ട് ചിന്തിക്കേണ്ടിയിരിക്കുന്നു. ”Think out of the box’ എന്ന ഇംഗ്ലീഷ് ശൈലിയുടെ അര്‍ത്ഥത്തില്‍ തന്നെ. ഏതു പ്രശ്‌നങ്ങള്‍ക്കും വളരെ ‘സ്മാര്‍ട്ട്’ ആയ ഉത്തരങ്ങള്‍ നല്‍കുന്നവരാണ് ഇന്നത്തെ ആധുനിക മാനേജ്‌മെന്റ് യുഗത്തില്‍ അംഗീകാരം നേടുന്നത്.
നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരെത്തന്നെ സമീപിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. തങ്ങള്‍ക്ക് ഇത് പരിഹരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ആ മൂന്നു മക്കളും അവിടെത്തന്നെ നിന്നിരുന്നെങ്കില്‍ അവര്‍ക്കാര്‍ക്കും തങ്ങളുടെ പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനാവുമായിരുന്നില്ല. ഇതിന് ഉത്തരം കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും യോജിച്ച ആളിന്റെ അടുക്കല്‍ തന്നെ അവര്‍ എത്തി എന്നതും ശ്രദ്ധിക്കേണ്ടതാണ്. പല വ്യക്തികളും തങ്ങളുടെ കുടുംബജീവിതത്തിലും സൗഹൃദബന്ധങ്ങളിലും വ്യക്തി ജീവിതത്തിലും താളപ്പിഴകള്‍ ഉണ്ടാകുമ്പോള്‍ ‘സ്വയം ചികിത്സ’ നടത്താനും ആരെയും അറിയിക്കാതെ മൂടി വയ്ക്കാനും ശ്രമിക്കുമ്പോള്‍ പ്രശ്‌നത്തിന്റെ കുരുക്കുകള്‍ സ്വയം മുറുക്കുന്നു. എല്ലാകാര്യങ്ങളിലും ‘സ്വയം പര്യാപ്തത’ നേടാനായെന്ന് പറഞ്ഞഭിമാനിക്കുമ്പോള്‍ ഇത്തരം ചില ഇരുണ്ട വശങ്ങള്‍ അതിനുണ്ടെന്നു മറക്കരുത്. സ്വയം പര്യാപ്തത നേടുമ്പോഴും പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഊഷ്മളത നമുക്ക് പ്രശ്‌നങ്ങളില്‍ കൈത്താങ്ങാകും.
ഈ കഥയിലെ ‘ഹൈലൈറ്റ്’ 18-ാമത്തെ താറാവാണ്. പതിനേഴു താറാവുകള്‍ കീറാമുട്ടിയായി നിന്നപ്പോള്‍ 18-ാമത്തെ താറാവ് ‘ സ്വര്‍ണ്ണ’ത്താറാവായി അവതരിച്ചു. നമ്മുടെ ഏതു പ്രശ്‌നങ്ങളിലും ഒരു ‘പൊതുതാല്‍പര്യവസ്തു’ (Common Ground) വിനെ കണ്ടെത്താനായാല്‍ പരിഹാരമുണ്ടാകാം. 18-ാമതൊരു താറാവു കൂടി വന്നപ്പോള്‍ കണക്കുകൂട്ടലുകള്‍ വളരെ എളുപ്പമായി. നമ്മുടെ അഴിയാപ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ അറിവുള്ള ഒരാള്‍ തരുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു ഉപദേശം, എല്ലാവരും അംഗീകരിക്കുന്ന ഒരു വ്യക്തിയുടെ സ്‌നേഹപൂര്‍വ്വമായ ശാസന, ചില സന്ദര്‍ഭങ്ങളില്‍ കൂട്ടത്തില്‍ മുതിര്‍ന്ന ആളോ കുടുംബത്തലവനോ അധികാരിയോ എടുക്കുന്ന ഒരു ഉറച്ച തീരുമാനം, വിട്ടുകൊടുക്കാനും ക്ഷമിക്കാനും സന്നദ്ധമാകുന്ന ഒരു മനസ്സ്, വീടിന്റെ നന്മയ്ക്കായി മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനം, വേറൊരാളുടെ ന്യായയുക്തമായ അഭിപ്രായത്തെ ബഹുമാനിക്കാനും അംഗീകരിക്കാനും കാണിക്കുന്ന എളിമയുള്ള മനസ്, അധികാരികളോടും മുതിര്‍ന്നവരോടുള്ള അനുസരം ഇങ്ങനെ എന്തുമാകാം നമ്മുടെ പ്രശ്‌നപരിഹാരത്തിനുള്ള Common Ground.
’18-ാമത്തെ അടവ്’ എന്ന് മലയാള ഭാഷയിലൊരു ശൈലിയുണ്ട്. 17 അടവുകളും പയറ്റിയിട്ടും വിജയിക്കാത്തപ്പോള്‍ 18-ാമത്തെ അടവില്‍ വിജയം കാണുന്നു. മുകളില്‍ സൂചിപ്പിച്ച പലതും നമ്മുടെ 18-ാമത്തെ അടവും പ്രശ്‌നപരിഹാരങ്ങള്‍ക്കു വഴിയുമാകട്ടെ. പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ മനസിടിഞ്ഞു നില്‍ക്കാതെ പരിഹാരത്തിന് ’18-മാത്തെ അടവ്’ കണ്ടെത്തി ജീവിതം പ്രകാശപൂരിതമാക്കാന്‍ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയിസ് ഹാമില്‍ട്ടണിന്റെ ടീം ബ്രസീലില്‍ കൊള്ളയടിക്കപ്പെട്ടു. ലോക ചാംപ്യന്‍ഷിപ്പ് നേടിയ മെഴ്‌സിഡസ് ടീം ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സ് നടന്ന ദിവസമാണ് കൊള്ളയടിക്കപ്പെട്ടത്. മത്സരം നടന്ന ഇന്റര്‍ലാഗോസ് സര്‍ക്യൂട്ടില്‍ നിന്ന് താമസിച്ചിരുന്ന ഹോട്ടലിലേക്ക് മിനിബസില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമികള്‍ തടഞ്ഞു നിര്‍ത്തുകയും കൊള്ളയടിക്കുകയുമായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. തന്റെ ടീമംഗത്തിന്റെ തലയില്‍ തോക്ക് ചൂണ്ടിക്കൊണ്ടായിരുന്നു കൊള്ളയെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു.
സംഭവത്തില്‍ ടീമംഗങ്ങള്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പറഞ്ഞ ഹാമില്‍ട്ടണ്‍ വിലപ്പെട്ടതെല്ലാം കൊള്ളയടിക്കപ്പെട്ടതായും വ്യക്തമാക്കി. മിനിബസുകളില്‍ ട്രാക്കില്‍ നിന്ന് ഹോട്ടലിലേക്ക് സഞ്ചരിക്കുന്ന മെക്കാനിക്കുകള്‍ക്കും സ്റ്റാഫിനും തങ്ങളുടെ ടീമിന്റെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിക്കരുതെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്രിട്ടീഷ് കാറോട്ടക്കാരനായ വില്യംസിന്റെ ടീം കഷ്ടിച്ചാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഹാമില്‍ട്ടണിന്റെ ടീമിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടതായി വില്യംസിന്റെ ടീം അറിയിച്ചു. ബ്രസീലിലെ സ്‌പോര്‍ട് അധികൃതര്‍ സഞ്ചരിച്ച വാഹനം മറ്റൊരിടത്ത് കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ഫോര്‍മുല വണ്ണും സംഘാടകകരും ഇതിനെ ചെറുക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു.
റിയാദ്: സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. നിബന്ധനകളോടെയാണ് സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന പ്രദേശത്ത് മാത്രമേ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ അനുവാദമുള്ളൂ. ഒറ്റക്കോ പുരുഷന്‍മാരായ കുടുംബാംഗങ്ങള്‍ക്കൊപ്പമോ എത്തുന്നവര്‍ക്ക് ഇരിപ്പിടത്തിനാണ് ഈ സൗകര്യമേര്‍പ്പെടുത്തുന്നത്. ഫാമിലി സെക്ഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം പ്രത്യേക സൗകര്യങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒരുക്കാനും ഭരണകൂടം ഉത്തരവിട്ടു.
അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്‌റ്റേഡിയങ്ങളില്‍ സ്‌പോര്‍ട്‌സ് ആസ്വദിക്കാനാകുമെന്ന് ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലുള്ള പ്രധാന സ്‌റ്റേഡിയങ്ങളില്‍ കുടുംബങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പരിഷ്‌കാരത്തിനും പിന്നില്‍. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം നല്‍കാന്‍ അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന ദേശീയ ദിനാഘോഷങ്ങളില്‍ റിയാദ് സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഏറെ ജനപിന്തുണ നേടിയ തീരുമാനമായിരുന്നു ഇത്. സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയില്‍പ്പെടുത്തിയാണ് യാഥാസ്ഥിതിക രീതികളില്‍ നിന്ന് സൗദി പിന്‍മാറുന്നത്.
ലണ്ടന്‍: യുകെയിലെ സ്ലോട്ടര്‍ഹൗസുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു. എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് ഇന്നലെ അവതരിപ്പിച്ച പുതിയ പദ്ധതിയനുസരിച്ചാണ് ഇത്. അടുത്ത് സ്പ്രിംഗ് മുതല്‍ ഈ നിബന്ധന കര്‍ശനമാക്കാനാണ് ശുപാര്‍ശ. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നയിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങള്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൃഗങ്ങളെ ക്രൂരമായാണോ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കാനാണ് ഈ വ്യവസ്ഥ. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
90 ദിവസം വരെയുള്ള ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. സ്ലോട്ടര്‍ഹൗസുകളില്‍ മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവയുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടൂ സിസ്റ്റേഴ്‌സ് എന്ന യുകെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഏറ്റവും വലിയ ചിക്കന്‍ വിതരണക്കാരുടെ സ്ലോട്ടര്‍ഹൗസിലെയും പ്ലാന്റിലെയും ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. തിരിച്ചയച്ച ഉല്‍പ്പന്നങ്ങള്‍ ലേബല്‍ മാറ്റി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തിരികെ എത്തിക്കുന്നത് ഇതിലൂടെ വ്യക്തമായിരുന്നു.
വൃത്തിഹീനമായ സാഹചര്യചങ്ങളില്‍ മാംസം കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കശാപ്പിനായി എത്തിച്ച മൃഗങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെയും പന്നികളുടെ മുഖത്ത് സിഗരറ്റിന് കുത്തി പൊള്ളലേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അനിമല്‍ എയ്ഡ് എന്ന സംഘടന പുറത്തു വിട്ടിരുന്നു. ഇവയുടെ പശ്ചാത്തലത്തില്‍ യുകെ സൂപ്പര്‍ മാര്‍ക്കറ്റുകളും തങ്ങള്‍ക്ക ഇറച്ചിയുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരുടെ ഉല്‍പാദന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലിങ്കണ്‍ഷയര്‍: കടുത്ത ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സിനായി അമ്മക്ക് കാത്തിരിക്കേണ്ടി വന്നത് നീണ്ട 7 മണിക്കൂര്‍. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടുത്ത ശ്വാസംമുട്ടലും ചുമയും മൂലം അവശയായ സ്‌കാര്‍ലറ്റ് സില്‍ക്‌സ് എന്ന കുട്ടിയുമായി താന്‍ മണിക്കൂറുകളോളം കാത്തിരുന്നതിന്റെ കഥ വിവരിച്ചുകൊണ്ട ഹന്ന മേരി എന്ന മാതാവാണ് രംഗത്തെത്തിയത്. നോണ്‍ എമര്‍ജന്‍സി നമ്പറായ 101ലാണ് ഹന്ന മേരി വിളിച്ചത്. കുട്ടിയുടെ ശരീരതാപം, ശ്വാസോച്ഛാസത്തിന്റെ നിരക്ക് തുടങ്ങിയവയേക്കുറിച്ച് അവര്‍ ചോദിച്ചറിയുകയും ആംബുലന്‍സ് വിളിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
പുലര്‍ച്ചെ 2 മണിയോടെ ആംബുലന്‍സ് സര്‍വീസില്‍ വിളിച്ചു. പക്ഷേ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ആംബുലന്‍സ് സര്‍വീസില്‍ നിന്ന് തിരികെ വിളിക്കുകയും ഏറ്റവും അടുത്തുള്ള ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഒരു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്താല്‍ മാത്രമേ അടുത്തുള്ള എ ആന്‍ഡ് ഇ യൂണിറ്റില്‍ എത്താനാകൂ. അതിനിടയില്‍ കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ താന്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് ഹന്ന മേരി ഉന്നയിക്കുന്നത്.
തങ്ങള്‍ തിരക്കിലാണെന്ന മറുപടിയാണ് ആംബുലന്‍സ് സര്‍വീസ് നല്‍കിയത്. കുട്ടിക്ക് രണ്ടാമത്തെ തവണയാണ് ഇങ്ങനെയുണ്ടാകുന്നതെന്നും എമര്‍ജന്‍സി സര്‍വീസില്‍ നിന്ന് രണ്ടാമത്തെ തവണയാണ് ഈ ദുരവനുഭവം നേരിടുന്നതെന്നും അവര്‍ പറഞ്ഞു. 42.5നു മേല്‍ ശരീരതാപം ഉയര്‍ന്നാല്‍ മസ്തിഷ്‌കത്തിന് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സുകള്‍ വിളിക്കാനാണ് നിര്‍ദേശിക്കപ്പെടാറുള്ളത്. പക്ഷേ തനിക്കുണ്ടായ ദുരനുഭവം താരതമ്യമില്ലാത്തതാണെന്നും ഹന്ന മേരി പറയുന്നു.