Main News

ലണ്ടന്‍: യുകെയിലെ ഊര്‍ജ്ജ വ്യവസായ മേഖല വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. എനര്‍ജി ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഉണ്ടാകാനിടയുള്ള നഷ്ടം പരിഹരിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നതായാണ് സൂചന. എസ്എസ്ഇ പിഎല്‍സിയും ഇന്നോജി എസ്ഇയും ലയിക്കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജ വ്യവസായത്തില്‍ ഒരു ദശകത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ലയനമായിരിക്കും ഇതെന്നാണ് കരുതുന്നത്. ഇത് പൂര്‍ത്തിയായാല്‍ യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എനര്‍ജി സപ്ലയര്‍ ആയി കമ്പനി മാറും. സെന്‍ട്രിക്ക പിഎല്‍സിയുടെ ബ്രിട്ടീഷ് ഗ്യാസ് യൂണിറ്റാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനി.

പുതിയ കമ്പനിക്ക് 12 ദശലക്ഷത്തിലേറെ വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കള്‍ ഉണ്ടാകും. ഈ കമ്പനി രൂപീകൃതമാകുന്നതോടെ എനര്‍ജി വ്യവസായത്തിലെ ബിഗ് സിക്‌സ് എന്ന പ്രയോഗവും ഇല്ലാതാകും. ലക്ഷക്കണക്കിന് കുടുംബങ്ങളെ അമിത ഊര്‍ജ്ജ ബില്ലില്‍ നിന്ന് രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി തെരേസ മേയ് നിര്‍ദേശിച്ച് ഇത് എത്രയും വേഗം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പാര്‍ലമെന്റില്‍ പറഞ്ഞു.

ജര്‍മന്‍ ഉടമസ്ഥതയിലുള്ള ഇന്നോജിയുടെ എന്‍പവര്‍ കുറച്ചുകാലമായി മോശം പ്രവര്‍ത്തനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബില്ലിംഗ് സമ്പ്രദായത്തിലെ തകരാറ് മൂലം ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുകയും പിന്നീട് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തതിലൂടെ ഈ കമ്പനി വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ലയനത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്റർ : കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെ ആയി യുകെയിലെ സ്പോർട്സ് രംഗത്ത് മിന്നി തിളങ്ങി നിൽക്കുന്ന ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ അവാർഡ് സെറിമണിയും ചാരിറ്റി ലോഞ്ചിങ്ങും നവംബർ നാലാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററിൽ വച്ച് നടന്നു .”ഫ്രണ്ട്‌സ് ബീയോണ്ട്‌ ഫീൽഡ്‌സ് ” എന്ന പേരിൽ മൂന്നര മണിക്കൂർ നീളുന്ന നൃത്ത സംഗീത വിരുന്നാണ് മാഞ്ചെസ്റ്റെർ പാഴ്‌സ്‌വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടത് .

കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയവും കാതിനെ കുളിരണിയിക്കുന്ന സംഗീത മാമാങ്കവും, അവാർഡ് ദാന ചടങ്ങും വയലിൻ മാന്ത്രികൻ ഡോറിക് ചുകയുടെ വയലിൻ പെർഫോമൻസും,ചാരിറ്റി ലോഞ്ചിഗും  എല്ലാം ചേർന്ന മൂന്നരമണിക്കൂർ നീളുന്ന കലാവിരുന്നിന്‌  മാഞ്ചസ്റ്റർ  പാര്സവൂഡ് സ്കൂൾ ആഡിറ്റോറിയം സാഷ്യം വഹിച്ചു.

യുകെയിലെ വിവിധ സ്റ്റേജുകളിൽ ആങ്കറിങ്  രംഗത്ത് തിളങ്ങി നിൽക്കുന്ന സീമ സൈമണും ഐറിൻ കുശാലും വേദി ഏറ്റടുത്തതോടുകൂടി ഫ്രണ്ട് ബീയോണ്ട് ഫീൽഡ്‌സ് നു തുടക്കം ആയി . വിഘ്‌നേശ്വര സ്തുതിയോടെ ആരംഭിച്ച നാല് മണിക്കൂർ നീണ്ട കലാസന്ധ്യ  കാണികളെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തു എത്തിച്ചു എന്ന് പറയാം . ”സ്റ്റാൻക്ലിക്ക്!!! ഡെർബി എടുത്ത മനോഹരചിത്രങ്ങൾ നൃത്ത സംഗീത വിരുന്നിന്റെ എടുത്തുപറയത്തക്ക പ്രത്യേകത തന്നെയായിരുന്നു.

ക്ലബ് പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണും 1960 കളിലെ ധോണി എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ,ലങ്കാഷെയറെ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്റ്റാർ ബാറ്റ്സ്മാനും ആയിരുന്ന പത്മശ്രീ ഫറോഖ് എഞ്ചിനീയറും  ചേർന്ന് ചാരിറ്റി ക്ലബ്ബിന്റെ ചാരിറ്റി ലോഞ്ചിങ് നടത്തി . ക്ലബ്ബിന്റെ ആദ്യ ചാരിറ്റി മുംബയിലെ ചേരികളിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ക്ലബ് പ്രസിഡന്റ് കൈമാറി .

അവാർഡ് ദാനചടങ്ങിൽ  താരമായത് ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ ചുണക്കുട്ടികളാണ്. ഗ്രേറ്റർ മാഞ്ചെസ്റ്റെർ ക്രിക്കറ്റ്  ലീഗിൽ അണ്ടർ ഇലവനിൽ താരമായ ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ യുവതാരങ്ങളെ വാനോളം പ്രശംസിച്ചു ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ഫറോക് എൻജിനീയറും ഒപ്പം ഗ്രെയ്റ്റർ  മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ് ഡയറക്ടർ മാർട്ടിൻ കെയും. ഗ്രെയ്റ്റർ മാഞ്ചെസ്റ്റെർ ക്രിക്കറ്റ് ലീഗിൽ മുൻ നിരയിൽ നിക്കുന്ന ക്ലബ്ബിന്റെ മൂന്നു ടീമുകളെയും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ് ഡയറക്ടർ മാർട്ടിൻ കെയ് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്‌തു .

ഫ്രണ്ട്‌സ് ബീയോണ്ട് ഫീൽഡ്‌സ്‌നു ലൈറ്റ് ആൻഡ് സൗണ്ട് സപ്പോർട് നൽകിയ ഗ്രേസ് മെലഡീസിനും ഗ്രേസ് മെലഡീസിന്റെ അനുഗ്രഹീത ഗായകരായ ഉണ്ണിക്കൃഷ്ണൻ നായർ , ജിലു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം ഫ്രണ്ട് ബീയോണ്ട് ഫീൽഡ്‌സിനെ വേദിയെ ധന്യമാക്കിയ  അജിത് പാലിയത് , ആനി പാലിയത് , സൂരജ് സുകുമാർ , രഞ്ജിത് ഗണേഷ് , ബെന്നി ജോസഫ് എന്നിവരെ ക്ലബ്ബിന്റെ ഉപഹാരം നൽകി ആദരിച്ചു.

ലണ്ടന്‍: ഈ വിന്ററില്‍ ബ്രിട്ടനില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് മെറ്റ് ഓഫീസ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയാകാനുള്ള സാധ്യതയുണ്ടെന്നാണ മുന്നറിയിപ്പ്. ഈസ്റ്റേണ്‍ സ്‌കോട്ട്‌ലന്‍ഡിലെ കെയ്ന്‍ഗോമില്‍ ഇപ്പോള്‍ത്തന്നെ മഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഈയാഴ്ച ഉയര്‍ന്ന പ്രദേശങ്ങളില്‍ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വക്താവ് ഒലി ക്ലെയ്ഡന്‍ പറഞ്ഞു. നവംബറില്‍ പതിവുള്ള കാലാവസ്ഥയാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.

ലാ നിന പ്രതിഭാസം മൂലം ഈ വര്‍ഷം തണുത്ത കാലാവസ്ഥയും മഞ്ഞും നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും തണുപ്പേറിയ മാസമാകാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. 2010ലാണ് ഇതിനു മുമ്പ് ലാ നിന പ്രതിഭാസം ബ്രിട്ടനില്‍ എത്തിയിട്ടുള്ളത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലം ഇതേത്തുടര്‍ന്ന് മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

ഈ വര്‍ഷം രാജ്യമൊട്ടാകെ ശരാശരിയിലും താഴെയായിരിക്കും താപനിലയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഒരാഴ്ച വരെയെങ്കിലും ലണ്ടനിലും മഞ്ഞുവീഴ്ച പ്രവചിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ഇത് ഉണ്ടാകാനാണ് സാധ്യത. മേഘങ്ങളില്ലാത്ത ആകാശം ശൈത്യത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

ലണ്ടന്‍: നികുതി വെട്ടിക്കാനായി വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചെന്ന ആരോപണത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പ് പറയണമെന്ന് ജെറമി കോര്‍ബിന്‍. എലിസബത്ത് രാജ്ഞിയുടെ പ്രൈവറ്റ് എസ്‌റ്റേറ്റ് വിദേശത്ത് 10 മില്യന്‍ പൗണ്ട് നിക്ഷേപം നടത്തിയെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന പാരഡൈസ് പേപ്പേഴ്‌സില്‍ പരാമര്‍ശമുണ്ടായിരുന്നു. നിക്ഷേപത്തിന്റെ പേരില്‍ രാജ്ഞി മാപ്പ് പറയണമെന്നാണോ ആവശ്യമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നികുതി വെട്ടിക്കാന്‍ വിദേശത്ത് പണം സൂക്ഷിക്കുന്നവര്‍ തങ്ങള്‍ സമൂഹത്തോട് ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയണമെന്ന് ലേബര്‍ നേതാവ് പറഞ്ഞു.

പാരഡൈസ് പേപ്പേഴ്‌സിലൂടെ 13.4 മില്യന്‍ രേഖകളാണ് പുറത്തു വന്നത്. ആഗോള തലത്തില്‍ പ്രമുഖരും രാഷ്ട്രീയ നേതാക്കളും സ്‌പോര്‍ട്‌സ് എന്റര്‍ടെയിന്‍മെന്റ് രംഗത്തുള്ള ഒട്ടേറെപ്പേരും ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്ത് നികുതി വെട്ടിക്കാനായി വിദേശത്ത് നിക്ഷേപങ്ങള്‍ നടത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ട രേഖകളിലുള്ളത്. രാജ്ഞിയുടെ പ്രൈവറ്റ് എസ്‌റ്റേറ്റായ ദി ഡച്ചി ഓഫ് ലാന്‍കാസ്റ്റര്‍ കെയ്മന്‍ ദ്വീപുകളിലും ബര്‍മുഡയിലും 10 മില്യന്‍ പൗണ്ട് നിക്ഷേപിച്ചെന്നാണ് വെളിപ്പെടുത്തല്‍.

2004നും 2005നുമിടയിലാണ് ഈ നിക്ഷേപം നടന്നത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണോ എന്ന കാര്യം രേഖകളില്‍ വ്യക്തമല്ല. സാധാരണക്കാരായ ഉപഭോക്താക്കളില്‍ നിന്ന് വന്‍ നിരക്കില്‍ പലിശയീടാക്കിയതിന്റെ പേരില്‍ വിവാദത്തിലായിട്ടുള്ള ബ്രൈറ്റ് ഹൗസ് എന്ന കമ്പനിയില്‍ 3208 പൗണ്ട് രാജ്ഞി നിക്ഷേപിച്ചിട്ടുണ്ടെന്ന വളരെ ബാലിശമായ കണക്കുകളും രേഖകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് നിയമവിരുദ്ധമായി ആരെങ്കിലും വിദേശത്തി നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം നടണമെന്ന ആവശ്യവും കോര്‍ബിന്‍ ഉന്നയിച്ചു.

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് യുകെയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യം. എന്‍എച്ച്എസില്‍ രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി മറികടക്കാനാണ് ഇത്. ആശുപത്രി മേധാവികളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 60,000 യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷവും രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് രോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവാണ് ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നതില്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്ന് ആശുപത്രി സീനിയര്‍ മാനേജര്‍മാര്‍ പറയുന്നു. അഭിപ്രായ സര്‍വേയിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ വിട്ടുപോകുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി ആശുപത്രി മാനേജര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്താനും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ എന്‍എച്ച്എസ് ബുദ്ധിമുട്ടുകയാണ്. ജീവനക്കാരെ നിലനിര്‍ത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്‍എച്ച്എസിന്റെ പ്രധാന ജോലിയായി മാറിയിരിക്കുന്നതെന്നും ആശുപത്രി മേധാവികള്‍ പറയുന്നു. ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാമെന്ന് മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉദ്പാദനക്ഷമതമ വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇത്.

ഓക്സ്ഫോര്‍ഡില്‍ മലയാളി നിര്യാതനായി. ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ആദ്യകാല നേതാക്കന്മാരില്‍ ഒരാളായ സാമുവല്‍ വര്‍ഗീസ്‌ (57 വയസ്സ്) ആണ് നിര്യാതനായത്. ഇന്ന് വെളുപ്പിന് രണ്ടരയോടെ ഓക്സ്ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു സാമുവല്‍ വര്‍ഗീസിന്‍റെ വേര്‍പാട്.

ചങ്ങനാശ്ശേരി പാറമ്പുഴ സ്വദേശിയാണ് സാമുവല്‍ വര്‍ഗീസ്‌. മുന്‍പ് സൗദിയില്‍ ജോലി ചെയ്തിരുന്ന സാമുവലും കുടുംബവും 2004ല്‍ ആണ് യുകെയില്‍ എത്തിയത്. ഓക്സ്ഫോര്‍ഡിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്മുക്കുട്ടി ചാക്കോയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഷെറിന്‍, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.

 

ഗതാഗതമന്ത്രി തോമസ് ചാണ്ടി ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിനായി ഭൂമി കൈയേറിയിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍. കൈയേറ്റവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന അന്തിമറിപ്പോര്‍ട്ടിലാണ് മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള കളക്ടറുടെ കണ്ടെത്തലുകള്‍.

തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസോര്‍ട്ട് നിര്‍മാണത്തിനായി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് തോമസ് ചാണ്ടി സര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ല. വലിയകുളം-സീറോജെട്ടി റോഡിലെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണത്തിലാണ് കടുത്ത നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നികത്തിയ നിലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

2003 മുതല്‍ ബണ്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ബണ്ടാണ് പിന്നീട് റിസോര്‍ട്ടിലെ പാര്‍ക്കിംഗ് ഏരിയയായി മാറ്റിയത്. അനുമതിയില്ലാതെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ലേക്ക് പാലസിന്റെ ഉടമസ്ഥരായ വാട്ടര്‍ വേള്‍ഡ് ടൂറിസമാണ് നിലം നികത്തിയിരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നികത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാദ്: സൗദി രാജകുമാരനും അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി മുന്‍ കിരീടാവകാശിയായ മുഖ്‌രിന്‍ ബിന്‍ അബ്ദുള്‍ അസീല്‍ അല്‍ സൗദിന്റെ മകനാണ്. യെമനുമായി സൗദി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ പ്രദേശത്താണ് അപകടമുണ്ടായത്. ഹൂതി വിമതരുമായി സംഘര്‍ഷം നിലവിലുള്ള പ്രദേശമാണ് ഇത്.

സംഘര്‍ഷങ്ങളുള്ള പ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം സന്ദര്‍ശനം നടത്തുന്നതിനിടയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങല്‍ പുറത്തു വിട്ടിട്ടില്ല. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതി വിമതര്‍ അയച്ച മിസൈല്‍ കഴിഞ്ഞ ദിവസം സൗദി തകര്‍ത്തിരുന്നു.

അഴിമതിയാരോപണത്തെത്തുടര്‍ന്ന് 11 രാജകുമാരന്‍മാരെ കഴിഞ്ഞ ദിവസം സൗദി തടവിലാക്കിയിരുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ അഴിമതി വിരുദ്ധ സമിതിയാണ് ഈ നടപടിയെടുത്തത്. കിരീടാവകാശിയെന്ന് നേരത്തേ കരുതിയിരുന്ന പ്രമുഖന്‍ അടക്കമുള്ളവരാണ് ജയിലിലായത്. അതിനു പിന്നാലെയാണ് മറ്റൊരു രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

ലണ്ടന്‍: പനാമ ലീക്ക്‌സിനു ശേഷം പുതിയ വെളിപ്പെടുത്തലുകളുമായി ഐസിഐജെ. രാജ്യാന്തര തലത്തിലുള്ള കള്ളപ്പണ ഇടപാടുകള്‍ തന്നെയാണ് പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരില്‍ പുറത്തു വിട്ട രേഖകളില്‍ ഉള്ളത്. ലോകത്തെ വമ്പന്‍ ബിസിനസ് സംരംഭങ്ങള്‍, ലോകമൊട്ടാകെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍, സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പുതിയ വെളിപ്പെടുത്തലില്‍ പെട്ടിട്ടുണ്ട്.

13.4 ദശലക്ഷം ഫയലുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നികുതി വെട്ടിപ്പും അനധികൃത നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവയിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ പേരും പേപ്പറുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരേക്കുറിച്ചും പേപ്പറുകളില്‍ പരാമര്‍ശിക്കുന്നു.

714 ഇന്ത്യക്കാരുടെ വിവരങ്ങളും ഇവയിലൂടെ പുറത്തു വന്നിട്ടുണ്ട്. 180 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയില്‍ ഇന്ത്യക്ക് 19-ാം സ്ഥാനമാണ് ഉള്ളത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപിയായ ആര്‍.കെ.സിന്‍ഹ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഒരു ജര്‍മന്‍ ദിനപ്പത്രവും ഐസിഐജെയും 96 മാധ്യമസ്ഥാപനങ്ങളുമായിച്ചേര്‍ന്നാണ് ഈ വിവരങ്ങള്‍ സമാഹരിച്ച് പുറത്തുവിട്ടത്.

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. വില്‍സണ്‍ കൗണ്ടിയിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ അതിക്രമിച്ചു കടന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പള്ളിക്ക് സമീപം താമസിക്കുന്ന ഒരാള്‍ തോക്ക് പിടിച്ചു വാങ്ങി ഇയാളെ വെടിവെച്ചപ്പോള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഗ്വാഡാലുപ് കൗണ്ടിയില്‍ കാര്‍ ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തി. യുവാവ് കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.

ഡെവിന്‍ പാട്രിക് കെല്ലി എന്ന 26 കാരനാണ് അക്രമിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കറുത്ത വസ്ത്രത്തിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ചിട്ടുണ്ടായിരുന്നു. 5 വയസ് മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ പാസ്റ്റര്‍ ഫ്രാങ്ക് പോമെറോയിയുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 11 മണിക്കാണ് പള്ളിയില്‍ സര്‍വീസ് ആരംഭിച്ചത്. 11.20ഓടെ പള്ളിയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

കെല്ലിയുടെ തോക്ക് പിടിച്ച് വാങ്ങി വെടിയുതിര്‍ത്ത അയല്‍വാസി ഇയാളെ പിന്തുടര്‍ന്നെങ്കിലും വാഹനത്തില്‍ കയറി കെല്ലി രക്ഷപ്പെട്ടു. ഇയാള്‍ മരിച്ചത് വെടിയേറ്റാണോ അതോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പള്ളിക്കുള്ളില്‍ വെടിയേറ്റ് 23 പേരും രണ്ട് പേര്‍ പുറത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved