Main News

ലണ്ടന്‍: ബ്രിട്ടനിലെ അടിസ്ഥാന സൗകര്യങ്ങളിലും എനര്‍ജി സപ്ലൈകളിലും ആക്രമണങ്ങള്‍ നടത്തി ആയിരങ്ങളെ ഇല്ലാതാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യസുരക്ഷയിലുള്ള ആശങ്ക പങ്കുവെച്ചത്. യുകെയുടെ അടിസ്ഥാന സൗകര്യങ്ങളേക്കുറിച്ച് റഷ്യ നിരീക്ഷണം നടത്തി വരികയാണെന്നും ഇവയിലെ ഊര്‍ജ്ജ വിതരണ സംവിധാനങ്ങള്‍ എപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം പ്രധാനമായും പഠന വിധേയമാക്കുന്നുണ്ടെന്നുമാണ് ഡിഫന്‍സ് സെക്രട്ടറി പറഞ്ഞത്.

വലിയ തോതില്‍ പരിഭ്രാന്തി സൃഷ്ടിച്ച ശേഷം പിന്മാറിക്കൊണ്ടുള്ള തന്ത്രമായിരിക്കും റഷ്യ പ്രയോഗിക്കുക. യുകെയ്ക്ക് മൂന്ന് സമുദ്രാന്തര വൈദ്യുതി ലൈനുകളാണ് ഉള്ളത്. 30 ലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നത് ഇവയിലൂടെയാണ്. ഇവയില്‍ ക്രെലിന്റെ കണ്ണുകള്‍ എത്തിയിട്ടുണ്ടെന്നും പവര്‍ സ്റ്റേഷനുകളെയും ഈ ലൈനുകളെയും റഷ്യ ആക്രമിച്ചേക്കാമെന്നുമാണ് വില്യംസണ്‍ പറയുന്നത്. അങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കാനാണ് പദ്ധതി.

ഇത്തരം ആക്രമണങ്ങളിലൂടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ നശിപ്പിക്കാമെന്നും രാജ്യമൊട്ടാകെ പരിഭ്രാന്തി പരത്താമെന്നും റഷ്യ കണക്ക് കൂട്ടുന്നു. സമുദ്രാന്തര്‍ഭാഗത്തെ ഈ ആക്രമണം കൂടാതെ ഒരു മിസൈല്‍ ആക്രമണമോ സൈബര്‍ ആക്രമണമോ പ്രതീക്ഷിക്കാമെന്നും വില്യംസണ്‍ പറഞ്ഞു. റഷ്യന്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈനിക ബജറ്റില്‍ കാര്യമായ വര്‍ദ്ധന വരുത്തണമെന്ന് കരസേനാ മേധാവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടറിയും ആവര്‍ത്തിക്കുന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ പനി മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കഴിഞ്ഞ വിന്ററിലേതിനേക്കാള്‍ മൂന്നിരട്ടി മരണങ്ങളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മരിച്ചവരുടെ എണ്ണം 155 കടന്നതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറല്‍ പനിയുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ച വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലും ജിപികളിലും എത്തുന്ന പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 35 പേരാണ് പനി മൂലം മരിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇതേ കാലയളവിലുള്ള പനിമരണങ്ങള്‍ 11 എണ്ണം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാലും ഈ വര്‍ദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നാമത്തെ ആഴ്ച വരെ 53 പേര്‍ മാത്രമായിരുന്നു മരിച്ചത്. 2014-15 കാലത്തെ വിന്റര്‍ പനിമരണങ്ങള്‍ക്കൊപ്പമെത്തുമോ ഈ കണക്കുകള്‍ എന്ന ആശങ്കയാണ് ആരോഗ്യവൃത്തങ്ങള്‍ പങ്കുവെക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ അനുസരിച്ച് 2010-11 കാലത്തേക്കാള്‍ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവരേക്കാള്‍ കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 2016-17 വര്‍ഷത്തേക്കാള്‍ 15 ലക്ഷം അധികം ആളുകള്‍ ഇത്തവണ ഫ്‌ളൂ പ്രതിരോധ കുത്തിവെയ്പ് എടുത്തിട്ടുണ്ട്. ഇത് രോഗത്തിന്റെ വ്യാപനത്തെ തടയുമെന്നായിരുന്നു പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് പനി ബാധിതരുടെ എണ്ണം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയാണെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച പനി മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത് 758 പേരാണ്. അതിന് മുമ്പത്തെ ആഴ്ചയില്‍ 598 പേരും ആശുപത്രികളില്‍ എത്തി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലും ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റുകളിലും പ്രവേശിപ്പിക്കപ്പെട്ടവര്‍ 198ല്‍ നിന്ന് 205 ആയി ഉയര്‍ന്നിട്ടുണ്ട്. 22 ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്. രാജ്യത്തെ ആശുപത്രികളുടെ ഒമ്പതില്‍ ഒന്നു മാത്രം വരുന്ന ഈ ട്രസ്റ്റുകളുടെ വിവരങ്ങള്‍ ബ്രിട്ടനിലെ പനിബാധിതരുടെ എണ്ണം സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.

തന്റെ തലപ്പാവിന ബാൻഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബൻ സിങ്ങിന്‍റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റൂബന്‍ സിങ്ങ് എന്താണ് ചെയ്‍തതെന്നല്ലേ? ആഴ്ചയിൽ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചു. ഏഴ് വ്യത്യസ്ത നിറമുള്ള കാറുകള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നാവും കരുതുന്നതെങ്കില്‍ കേട്ടോളൂ. റൂബന്‍ സിങ്ങിന്‍റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‍സ് കാറുകളായിരുന്നു.

Image result for indian-billionaire-who-matches-the-color-of-his-turban-with-a-matching-rolls-royce

റോൾസ് റോയ്സ് ഫാന്റം ഡോൺ, റെയ്ത്, ഗോസ്റ്റ് തുടങ്ങിയ എല്ലാ മോഡലുകളേയും റൂബൻ തന്‍റെ തലപ്പാവുകളുടെ നിറത്തില്‍ അണിനിരത്തി. റൂബൻ സിങ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്. ഏഴു ദിവസും തലപ്പാവിന്റെ നിറത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള റോൾസ് റോയ്സ് കാറിൽ എത്തുക എന്നതായിരുന്നു ചലഞ്ച്. ചലഞ്ച് ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിൽ സൂപ്പർതാരമായിരിക്കുകയാണ് റൂബൻ സിങ്.

ഓൾഡേ പിഎ, ഇഷർ ക്യാപിറ്റൽ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനാണ് ബ്രിട്ടനിലെ ഏറ്റവും വലിയ സിങ് കോടീശ്വരന്മാരിൽ ഒരാളായ റൂബൻ സിങ് . റോള്‍സ് റോയ്സും ഫെരാരിയും ലംബോർഗിനിയുമടക്കം നിരവധി സൂപ്പർകാറുകൾ റൂബന്‍ സിങ്ങിന്‍റെ ഗാരേജിലുണ്ട്.

 

ന്യയോര്‍ക്ക്: തന്റെ 50 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായകന്‍ എല്‍റ്റണ്‍ ജോണ്‍. ഫെയര്‍വെല്‍ യെല്ലോ ബ്രിക്ക് റോഡ് ടൂര്‍ എന്ന ലോക പര്യടന പരിപാടി പ്രഖ്യാപിച്ചുകൊണ്ടാണ് എല്‍റ്റണ്‍ ജോണ്‍ താന്‍ പര്യടനങ്ങള്‍ ഇതോടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. മൂന്ന് വര്‍ഷം നീളുന്ന ഈ പര്യടന പരിപാടിയില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 300ലേറെ പരിപാടികളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് തന്റെ കരിയറിലെ അവസാനത്തെ സംഗീത പര്യടനമായിരിക്കുമെന്നും ബാക്കിയുള്ള സമയം തന്റെ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍ പരിപാടി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

1973ലെ സ്വന്തം ആല്‍ബമായ ഗുഡ്‌ബൈ യെല്ലോ ബ്രിക്ക് റോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ പര്യടനപരിപാടിക്ക് പോപ്പ് താരം പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ പെന്‍സില്‍വാനിയയില്‍ നിന്ന് പര്യടനം ആരംഭിക്കും. 2020ല്‍ യുകെയില്‍ എത്തുന്ന യാത്രയില്‍ 10 നഗരങ്ങള്‍ സന്ദര്‍ശിക്കും. ഗോഥാം ഹാളില്‍ സിഎന്‍എന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ നല്‍കിയ ചെറിയ അവതാരികയ്ക്ക് ശേഷമായിരുന്നു സ്റ്റേജില്‍ പോപ് ഇതിഹാസം പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പായി എല്‍റ്റന്‍ ജോണിന്റെ സംഗീത ജീവിതത്തത്തേക്കുറിച്ചുള്ള ഒരു വിര്‍ച്വല്‍ റിയാലിറ്റി ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചു.

പിന്നീട് പിയാനോയുമായി സ്‌റ്റേജിലെത്തിയ ഗായകന്‍ തന്റെ എക്കാലത്തെയും ഹിറ്റുകളായ ടൈനി ഡാന്‍സര്‍- അപ്രോപ്രിയേറ്റ്‌ലി-ഐ ആം സ്റ്റില്‍ സ്റ്റാന്‍ഡിംഗ് എന്നിവ അവതരിപ്പിച്ചു. ഇവയ്ക്ക് ശേഷമാണ് തന്റെ പദ്ധതികള്‍ ആരാധകരുമായി അദ്ദേഹം പങ്കുവെച്ചത്.

സ്റ്റോക് ഓണ്‍ ട്രെന്റ്: കുട്ടികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മാതാവിന് സ്‌കൂള്‍ പരിസരത്ത് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. സ്റ്റോക് ഓണ്‍ ട്രെന്റിലെ ആബി ഹള്‍ട്ടന്‍ പ്രൈമറി സ്‌കൂളാണ് ബെര്‍നാഡെറ്റ് ഫിനെഗാന്‍ എന്ന മാതാവിനെ സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളുടെ മെനുവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ രക്ഷിതാക്കള്‍ നയിച്ച പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് വിലക്കിന് കാരണം.

സ്‌കൂളിന്റെ നയമനുസരിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, സാന്‍ഡ്‌വിച്ച്, ചോറ് അല്ലെങ്കില്‍ പാസ്ത, പാല്‍, ചീസ് അല്ലെങ്കില്‍ തൈര്, വെള്ളം എന്നിവ മാത്രമേ കൊണ്ടുവരുന്ന ഭക്ഷണത്തില്‍ അനുവദിക്കൂ. എന്നാല്‍ ചോക്കളേറ്റ് ബാറുകള്‍, മിഠായികള്‍, സോസേജ് റോളുകള്‍, സീരിയല്‍ ബാറുകള്‍, സ്‌ക്വാഷ്, ഫ്‌ളേവേര്‍ഡ് വാട്ടര്‍, ഫിസി ഡ്രിങ്കുകള്‍ എന്നിവ കുട്ടികള്‍ കൊണ്ടു വരരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിനു വേണ്ടി സ്‌കൂള്‍ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഉച്ചഭക്ഷണം കൊണ്ടുവരുന്ന കുട്ടികളോടുള്ളവിവേചനമാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെടുന്നു. ബാറ്റേര്‍ഡ് ഫിഷ്, ചിപ്‌സ്, ചീസ് ഓട്ട് കേക്ക്, ഡബിള്‍ ചോക്കളേറ്റ് മഫിന്‍ തുടങ്ങിയവ സ്‌കൂളില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌കൂളിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ഇവര്‍ പറയുന്നത്.

തന്റെ രണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം വിംറ്റോ സ്‌ക്വാഷ് നല്‍കാറുണ്ട്. അത് സ്‌കൂളിലും നല്‍കാനുള്ള അവകാശത്തിനായാണ് തന്റെ പോരാട്ടമെന്ന് ബെര്‍നാഡെറ്റ് ഫിനെഗാന്‍ പറയുന്നു. കുട്ടികളുടെ ഭക്ഷണത്തിനുള്ള അവകാശത്തിനായാണ് താന്‍ പൊരുതുന്നത്. സ്‌കൂള്‍ തന്നെ ഒറ്റപ്പെടുത്തിയതില്‍ പ്രശ്‌നമില്ല. തന്റെ സമരം മൂലം മറ്റുള്ളവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മറ്റ് രക്ഷിതാക്കള്‍ തന്റെ സമരത്തെ പിന്തുണക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

മലയാളം യുകെ ന്യൂസ് സെപ്ഷ്യല്‍

ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഐഫോണ്‍ എക്സിന് മാര്‍ക്കറ്റിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന ആപ്പിളിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (ഐ ഒ എസ്) പാളിച്ച മൂലം ഉണ്ടായ വൈറസ് ആക്രമണം. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വളരെയധികം കൊട്ടിഘോഷിച്ച് മാര്‍ക്കറ്റിലിറക്കിയ ഐഫോണ്‍ എക്സിന് ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ആപ്പിളിന്റെ മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത ആപ്പിള്‍ എക്സിന് ലഭിച്ചില്ല. ഇതിനാല്‍ തന്നെ ആപ്പിള്‍ എക്സ് 2018 മധ്യത്തോടെ ഉല്‍പാദനം നിര്‍ത്തുമെന്നാണ് അറിയുന്നത്. ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ കാണിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ ഐഫോണ്‍ എക്സിന് സാധിച്ചില്ല.

ഇതിനിടയില്‍ ഐഫോണ്‍ എക്സിന് വിപണിയില്‍ സംഭവിച്ച തിരിച്ചടി നേരിടുന്നതിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിള്‍ നീക്കം നടത്തുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളും അഭിരുചികളും കണ്ടറിഞ്ഞ് ഐഫോണ്‍ മോഡലുകള്‍ പരിഷ്‌കരിക്കുവാനാണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മാപ്പും മറ്റു സേവനങ്ങളും പരിഷ്‌കരിക്കുന്നതിനായി 4000 പേരെയാണ് ആപ്പിള്‍ പുതിയതായി നിയമിക്കുന്നത്. ഇതുകൂടാതെ ആപ്പിള്‍ ബാംഗ്ലൂരില്‍ ആരംഭിച്ച ആപ് ആക്സിലേറ്റര്‍ എന്ന പ്രോഗ്രാമിലൂടെ നിരവധി ഐഒഎസ് ഡെവലപ്പര്‍മാര്‍ പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആപ്പിളിന്റെ വിവിധ ഉപകരണങ്ങളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആപ്പിള്‍ തന്നെ ജോലിയും നല്‍കിയിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ദുര്‍ബലമാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്‌പെന്‍ഡിംഗ് വാച്ച് ഡോഗ്, ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ്. സമ്പദ് വ്യവസ്ഥ സ്ഥിരവും ശക്തവുമാണെന്ന പ്രധാനമന്ത്രി തെരേസ മേയുടെ അവകാശവാദത്തിന് വിരുദ്ധമാണ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് മേധാവി റോബര്‍ട്ട് ചോട്ടിന്റെ പ്രസ്താവന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നും ഓട്ടം ബജറ്റ് സമയത്തെ കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂ സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലും അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഒരു മാന്ദ്യത്തിന് സാധ്യതയുണ്ട്. കുറച്ചു കാലത്തെ സാമ്പത്തിക വളര്‍ച്ചക്ക് ശേഷം മാന്ദ്യത്തിന്റെ കാലത്തിലൂടെ കടന്ന് പോകുന്നതാണ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ സ്വഭാവം. 2017ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ കുറവ് വരുത്തി. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങള്‍ മൂലം വ്യവസായങ്ങളില്‍ നിക്ഷേപങ്ങള്‍ വരുന്നത് കുറഞ്ഞതും തിരിച്ചടിയായി. അതേസമയം മറ്റു വികസിത രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് മുന്നോട്ടായിരുന്നു.

രാജ്യത്തിന്റെ ഉദ്പാദന വളര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന നിരക്ക് കഴിഞ്ഞ നവംബറില്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഓഫീസ് വെട്ടിക്കുറച്ചിരുന്നു. നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന നിരക്കിലും കുറവ് വരുത്തി. ഉദ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 2017ന്റെ മൂന്നാം പാദത്തില്‍ 0.9 ശതമാനം മാത്രമായിരുന്നു മൊത്തം ഉദ്പാദന വളര്‍ച്ച.

ന്യൂയോര്‍ക്ക്: ലോകം കീഴടക്കിയാല്‍ മാത്രം പോര, അതുക്കും മേലെ നില്‍ക്കണമെന്നതാണ് ഫേസ്ബുക്കിന്റെ സമീപനമെന്ന് തോന്നും ഓരോ പുതിയ ഫീച്ചറുകളുടെയും അവതരണം കണ്ടാല്‍. ഇപ്പോള്‍ ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന സമയ നിര്‍ണ്ണയത്തിന്റെ രീതിയെയും പൊളിച്ചടുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. സമയത്തിന് ഒരു പുതിയ യൂണിറ്റാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ഒരു ഫ്‌ളിക്ക് എന്നത് സെക്കന്‍ഡിന്റെ 705,600,000ല്‍ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. അഥവാ 1.42 നാനോസെക്കന്‍ഡ്. ഈ നിര്‍വചനം സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും കമ്പ്യൂട്ടര്‍ ജനറേറ്റഡ് വിഷ്വല്‍ കലാകാരന്‍മാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകും.

ആപ്പുകളിലും മറ്റും വീഡിയോകള്‍ സുഗമമായി സ്ട്രീം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശദീകരണം. ഫേസ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി വിഭാഗത്തിലാണ് ഈ ഫ്‌ളിക്കുകള്‍ പിറന്നത്. ഫ്രെയിം ടിക്ക് എന്ന വാക്കിന്റെ മറ്റൊരു രൂപമാണ് ഇത്. സമയത്തിന്റെ ഏറ്റവും ചെറിയ രൂപവും നാനോസെക്കന്‍ഡിനേക്കാള്‍ വലുതുമാണ് ഇത്. C++ ലാംഗ്വേജിനുവേണ്ടിയാണ് ഈ പുതിയ യൂണിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും സ്‌ക്രീന്‍ റിഫ്രഷ് റേറ്റുകള്‍ സെക്കന്‍ഡുകളുടെ അംശത്തിലാണ് കണക്കാക്കുന്നത്. ഇത് പ്രോഗ്രാമര്‍മാര്‍ക്ക് ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സങ്കേതത്തിന് കഴിയുമെന്നാണ് കരുതുന്നത്.

വീഡിയോകളുടെ ഫ്രെയിംറേറ്റ് വിഭജനത്തിനായാണ് ഈ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്, കിലോഹെര്‍ട്‌സ് തുടങ്ങിയ യൂണിറ്റുകള്‍ക്ക് തുല്യമായ ഒന്നായി ഫ്‌ളിക്‌സിനെ പരിഗണിച്ചാല്‍ അത് ശാസ്ത്രലോകത്തിന് ഫേസ്ബുക്ക് നല്‍കുന്ന ഒരു വലിയ സംഭാവനയായി മാറും.

നോര്‍ത്ത് വെയില്‍സ്: സ്‌കൂളില്‍ പ്രണയം നിരോധിച്ച് ഹെഡ്ടീച്ചര്‍. നോര്‍ത്ത് വെയില്‍സിലെ മുന്‍നിര പബ്ലിക് സ്‌കൂളായ റൂഥിന്‍ സ്‌കൂളിലാണ് കുട്ടികള്‍ തമ്മിലുള്ള പ്രണയത്തിന് ഹെഡ് ടീച്ചര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ തമ്മിലുണ്ടാകുന്ന ബന്ധങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ഹെഡ്ടീച്ചറായ ടോബി ബെല്‍ഫീല്‍ഡ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസിലോ ലോവര്‍ സിക്‌സ്ത് ഫോമിലോ പഠിക്കുന്ന കുട്ടികള്‍ പ്രണയിക്കുന്നതായി തെളിഞ്ഞാല്‍ അവരെ പുറത്താക്കുമെന്നും ഇമെയില്‍ സന്ദേശത്തില്‍ ബെല്‍ഫീല്‍ഡ് പറഞ്ഞു.

തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളും ബെല്‍ഫീല്‍ഡ് നല്‍കുന്നുണ്ട്. ബന്ധങ്ങള്‍ തുടരുന്നവര്‍ക്ക് അടുത്ത സെപ്റ്റംബറില്‍ മറ്റു സ്‌കൂളുകള്‍ തേടാമെന്നതാണ് അവയിലൊന്ന്. പ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ യൂണിവേഴ്‌സിറ്റി പഠനം ബുദ്ധിമുട്ടിലാകുമെന്ന കാര്യം മനസില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതായത് തനിക്കു മുന്നില്‍ പ്രേമിക്കുന്നവരുടെ യൂണിവേഴ്‌സിറ്റി റഫറന്‍സുകള്‍ താന്‍ മോശം പരാമര്‍ശമായിരിക്കും നല്‍കുകയെന്നാണ് ഹെഡ്ടീച്ചര്‍ പറയുന്നത്.

പ്രണയ ബന്ധങ്ങള്‍ യൂണിവേഴ്‌സിറ്റി കാലഘട്ടത്തില്‍ ആരംഭിക്കാം, പക്ഷേ അത് റൂഥിന്‍ സ്‌കൂളില്‍ വേണ്ടെന്നാണ് ബെല്‍ഫീല്‍ഡിന്റെ നിലപാട്. പ്രേമിച്ചു നടക്കുന്നവരുടെ പട്ടിക താന്‍ തയ്യാറാക്കുന്നുണ്ടെന്നും അടുത്ത സെപ്റ്റംബറില്‍ ഇവരെ പുറത്താക്കുമെന്നുമാണ് അടുത്ത മുന്നറിയിപ്പ്. സ്‌കൂള്‍ പ്രേമിക്കാനുള്ള ഇടമല്ല, പ്രണയത്തിലേക്ക് ‘വഴിതെറ്റാതെ’ റൂഥിന്‍ സ്‌കൂളില്‍ പഠിക്കാനായി മാത്രം ആഗ്രഹിക്കുന്ന കുട്ടികളുണ്ട്. അവര്‍ക്ക് അവസരം നല്‍കാനായി പ്രണയിക്കുന്നവരെ മാറ്റുകയാണെന്നാണ് ന്യായീകരണം.

മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുള്ള അധ്യാപകനാണ് ബെല്‍ഫീല്‍ഡ്. വെല്‍ഷ് ഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചതിന്റെ പേരില്‍ 2015ല്‍ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പെണ്‍കുട്ടികള്‍ നൈറ്റ് ക്ലബ്ബില്‍ പോകുന്നത് പോലെയാണ് സ്‌കേര്‍ട്ടുകള്‍ ധരിച്ച് സ്‌കൂളിലെത്തുന്നതെന്നും മോശം വിദ്യാര്‍ത്ഥികളാണ് അസുഖമാണെന്ന് അഭിനയിച്ച് സ്‌കൂളില്‍ വരാത്തതെന്നുമുള്ള കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഇയാള്‍ ശമിച്ചത് വിവാദമായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അത് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ ദുരിതമായിരിക്കും സമ്മാനിക്കുകയെന്ന വെളിപ്പെടുത്തലുമായി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യതയെ ഇത് സാരമായി ബാധിക്കുമെന്നും ഹണ്ട് വ്യക്തമാക്കി. അത്തരം ഒരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളേക്കുറിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ഇതേത്തുടര്‍ന്ന് ഹണ്ടിനു മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരിക്കുകയാണ്. ബ്രെക്‌സിറ്റോടെ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റാനിടയുള്ളതിനാല്‍ ക്യാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യതയില്‍ കുറവ് വരാനിടയുണ്ടെന്നാണ് നിഗമനം.

മരുന്നുകളുടെ വിതരണത്തില്‍ സാരമായ കാലതാമസം വരാന്‍ സാധ്യതയുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കസ്റ്റംസ് നൂലാമാലകളില്‍പ്പെട്ടുണ്ടാകുന്ന താമസം ചില മരുന്നുകള്‍ നശിക്കാനും കാരണമായേക്കാം. നിശ്ചിത സമയം മാത്രം ആയുസുള്ളതും അന്തരീക്ഷ താപവുമായി പ്രതിപ്രവര്‍ത്തിക്കുന്നതുമായ മരുന്നുകള്‍ ഈ വിധത്തില്‍ ഉപയോഗശൂന്യമാകും. ഈ സാഹചര്യം ഒഴിവാക്കണമെങ്കില്‍ വ്യക്തമായ ധാരണകള്‍ ബ്രെക്‌സിറ്റില്‍ ഉണ്ടാകണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്.

ധാരണകള്‍ ഫലപ്രദമായി സൃഷ്ടിക്കാനായില്ലെങ്കില്‍ കമ്പനികള്‍ക്കും രാജ്യത്തിനും അത് ഒരുപോലെ ദോഷകരമായിരിക്കുമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റിയെ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള ക്യാന്‍സര്‍ മരുന്നുകളുടെ ലഭ്യത തുടരുന്നത് മാത്രമല്ല ഇവിടെ വിഷയമാകുന്നത്, യുകെയില്‍ ഉദ്പാദനം നടത്തുന്ന യൂറോപ്യന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ തടസങ്ങളില്ലാതെ നോക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിന് അനുഗുണമായ ഒരു ധാരണ ഇക്കാര്യത്തില്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും ഹണ്ട് രേഖപ്പെടുത്തി.

ബ്രെക്‌സിറ്റ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള ധാരണകള്‍ ഏപ്രിലിനു മുമ്പ് തയ്യാറാക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രി തെരേസ മേയ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ധാരണകളുടെ രൂപീകരണം കുറച്ചുകൂടി വൈകാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചിനുള്ളില്‍ ധാരണയായില്ലെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റുമെന്ന് വ്യവസായികള്‍ അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved