Main News

ലണ്ടന്‍: കുടിയേറ്റക്കാരെ ബാധിക്കാനിടയുള്ള സര്‍ക്കാര്‍ നയത്തിനെതിരെ എംപിമാര്‍. അക്കൗണ്ട് ഉടമകളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ 60ലേറെ എംപിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ നിലവില്‍ വന്ന നിയമമനുസരിച്ചുള്ള ആദ്യ പരിശോധന ജനുവരിയില്‍ നടക്കാനിരിക്കെയാണ് ഹോം സെക്രട്ടറി ആംബര്‍ റൂഡിന് എംപിമാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്. ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന്‍ ലൂകാസ്, ലേബര്‍ എംപി ഡേവിഡ് ലാമി, മനുഷ്യാവകാശ സംഘടന ലിബര്‍ട്ടി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും 70 ദശലക്ഷം അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള ചുമതലയാണ് ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും പുതിയ നിയമത്തിലൂടെ നല്‍കിയിരിക്കുന്നത്. ബ്ലാക്ക്, ഏഷ്യന്‍, ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും നിയമപരമായി യുകെയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെപ്പോലും തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു. തികച്ചും മനുഷ്യത്വ വിരുദ്ധമെന്നാണ് നിയമത്തെ എംപിമാരും അക്കാഡമിക് സമൂഹവും ക്യാംപെയിന്‍ ഗ്രൂപ്പുകളും വിശേഷിപ്പിക്കുന്നത്.

കുടിയേറ്റക്കാരുടെ കാര്യത്തില്‍ പരാതികള്‍ പരിഹരിക്കാന്‍ പോലും കാര്യക്ഷമത കാണിക്കാത്ത ഹോം ഓഫീസ് ഈ ഉദ്യമവുമായി ഇറങ്ങിയാല്‍ അബദ്ധങ്ങളില്‍ ചാടുമെന്നും കുടിയേറ്റക്കാര്‍ പലരും അന്യായമായി തിരികെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. വിസ കാലാവധി കഴിഞ്ഞവരുടെയും അഭയാര്‍ത്ഥികളുടെയും ഡീപോര്‍ട്ടേഷന് വിധിക്കപ്പെട്ട വിദേശ പൗരന്‍മാരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തില്‍ത്തന്നെ നിയമ വിരുദ്ധമായി കഴിയുന്ന 6000ത്തോളെ പേരെ പിടികൂടാനാകുമെന്നാണ് ഹോം ഓഫീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പോര്‍ട്ട്‌സ്മൗത്ത്: യുകെ റോയല്‍ നേവിയുടെ ഭാവി മുന്‍നിര യുദ്ധക്കപ്പലായി കരുതപ്പെടുന്ന, ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബെത്തില്‍ ചോര്‍ച്ച കണ്ടെത്തി. 3.1 ബില്യന്‍ പൗണ്ട് മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ വിമാനവാഹിനി ഈ മാസം ആദ്യം എലിസബത്ത് രാജ്ഞിയാണ് കമ്മീഷന്‍ ചെയ്തത്. കപ്പലിന്റെ ഒരു പ്രൊപ്പല്ലര്‍ ഷാഫ്റ്റിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്നാണ് റോയല്‍ നേവി വക്താവ് അറിയിക്കുന്നത്. കടലില്‍ നടന്ന പരീക്ഷണ ഓട്ടങ്ങള്‍ക്കിടയിലാണ് ചോര്‍ച്ചയുണ്ടെന്ന് വ്യക്തമായത്.

മണിക്കൂറില്‍ 200 ലിറ്റര്‍ വെള്ളം വീതം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ടെന്നാണ് കണ്ടെത്തിയതെന്ന് സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കപ്പല്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുകയാണെന്നും നേവി വക്താവ് വ്യക്തമാക്കി. റോയല്‍ നേവിയുടെ പ്രധാന കപ്പലായി ഉയര്‍ത്തിക്കാടട്ടുന്ന ക്വീന്‍ എലിസബത്ത് നീറ്റിലിറക്കിയപ്പോള്‍ത്തന്നെ ചോര്‍ച്ച കണ്ടെത്തിയത് നേവിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രൊപ്പല്ലര്‍ ഷാഫ്റ്റിന്റെ സീലുകളിലൊന്നിലാണ് തകരാറുള്ളത്. പോര്‍ട്ട്‌സ്മൗത്തില്‍ വെച്ചുതന്നെ ഈ പ്രശ്‌നം പരിഹരിക്കാനാണ് പദ്ധതി.

എന്നാല്‍ കപ്പലിന്റെ കടലിലുള്ള പരീക്ഷണ ഓട്ടങ്ങളെ ഈ തകരാറ് ബാധിച്ചിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. കമ്മീഷനിംഗിനു മുമ്പ് തന്നെ ഈ തകരാറിനെക്കുറിച്ച് അധികൃതര്‍ക്ക് അറിയാമായിരുന്നെന്നും കമ്മീഷനിംഗ് മാറ്റിവെക്കാതിരിക്കാന്‍ ഈ വിവരം മറച്ചുവെച്ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. മറ്റു കപ്പലുകളിലും ഈ വിധത്തിലുള്ള ചോര്‍ച്ചകള്‍ സാധാരണമാണ്. അവ പെട്ടെന്നു തന്നെ പരിഹരിക്കാനും സാധിക്കും. എന്നാല്‍ പുതിയ കപ്പലില്‍ ഇത്രയും വലിയ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടതാണ് നേവിയെ അമ്പരപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്

ആന്റി ടെററിസം പോലീസും Ml5ഉം സംയുക്തമായി നടത്തിയ റെയ്ഡിൽ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഇന്റലിജൻസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെഫീൽഡിലും ചെസ്റ്റർഫീൽഡിലുമാണ് വീടുകളിൽ റെയ്ഡ് നടന്നത്.  റെയ്ഡിനെത്തുടർന്ന് ഷെഫീൽഡിൽ മൂന്നു പേരും ചെസ്റ്റർഫീൽഡിൽ ഒരാളും അറസ്റ്റിലായി.അറസ്റ്റിലായ യുവാക്കൾ 22, 31,36, 41 വയസുള്ളവരാണ്. ചെസ്റ്റർഫീൽഡിലെ വീട്ടിലേയ്ക്ക് ആർമി ബോംബ് സ്ക്വാഡിനേയും അടിയന്തരമായി എത്തിച്ചു. വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് ബോംബ് സ്ക്വാഡ് എത്തിയത്. അറസ്റ്റിലായവരെ വെസ്റ്റ് യോർക്ക് ഷയറിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

ചെസ്റ്റർഫീൽഡിലെ അറസ്റ്റിനെ തുടർന്ന് സമീപ വീടുകളിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. റോഡുകളും ബ്ലോക്ക് ചെയ്തു. വൻ പോലീസ് സന്നാഹത്തെത്തുടർന്ന് ജനങ്ങളും ആശങ്കയിലായി. സമയാസമയങ്ങളിൽ റെയ്ഡിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് ജനങ്ങളുമായി പങ്കുവെച്ചിരുന്നു. ബ്രിട്ടണിലെ ക്രിസ്മസ് മാർക്കറ്റുകളിൽ സ്ഫോടനം നടത്താനുള്ള ഇസ്ളാമിക് സ്റ്റേറ്റിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നത് ഏറ്റവും നിർണായകമായ സമയത്താണെന്ന് പോലീസ് കരുതുന്നു. മാർക്കറ്റുകളിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയാണ് പോലീസ് തകർത്തത്.

ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് ഭയാനകമെന്ന് പുതിയ കണക്കുകള്‍. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് എന്‍എച്ച്എസ് നേരിടുന്നതെന്നാണ് പുതിയ വിശകലനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ചരിത്രത്തില്‍ ആദ്യമായി 10,000 കടന്നു. നഴ്‌സുമാരുടെ പോസ്റ്റുകള്‍ 40,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജോലി സാഹചര്യങ്ങള്‍ മോശമാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന.

ഏകദേശം പത്തിലൊന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിന്റര്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്താണ് എന്‍എച്ച്എസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമത്തെയാണെന്ന വിവരവും പുറത്ത് വരുന്നത്. വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്‍എച്ച്എസ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ 2027ഓടെ 1,90,000 ജീവനക്കാര്‍ കൂടുതലായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ 80ലേറെ എന്‍എച്ചഎസ് ട്രസ്റ്റുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലേബറാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. എന്‍എച്ച്എസ് ജീവനക്കാരോടുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമീപനം ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരേപോലെ ദോഷകരമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

കുഞ്ചെറിയാ മാത്യു

ലക്ഷങ്ങള്‍ വാങ്ങി മേടിച്ച ടെയോട്ടാ ആഡംബര കാറിന്റെ എയര്‍ ബാഗുകളില്‍ ഒന്നുപോലും വന്‍ ദുരന്തം ഉണ്ടായിട്ടും പ്രവര്‍ത്തിക്കാതിരുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. കാര്‍ വലിയ അപകടത്തെ നേരിട്ടിട്ടും എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിന്റെ കാരണം തേടിയുള്ള ഉടമസ്ഥന്റെ യാത്ര അവസാനിക്കുന്നത് വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമായ വിവരവുമായാണ്.

വളരെ നാളത്തെ ആശുപത്രിവാസത്തിനുശേഷം എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിന്റെ കാരണം തേടി വാഹന നിര്‍മ്മാതാക്കളെ സമീപിച്ച ഉടമസ്ഥനോട് കമ്പനിയുടെ സാങ്കേതിക വിഭാഗത്തില്‍ നിന്ന് ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ”അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ” സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ അപകടം ഉണ്ടായാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കുകയുള്ളൂ എന്ന വസ്തുത കാറിന്റെ ഉടമ അപ്പോള്‍ ആണ് മനസിലാക്കുന്നത്.

കാറിന്റെ നിര്‍മ്മാതാക്കളുടെ മാനുവലില്‍ ഇത് കൃത്യമായി പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇതിനെക്കുറിച്ച് ധാരണയില്ല. അതുകൊണ്ട് തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം ആവശ്യമായിരിക്കുന്നു.

വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാനക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ടാണ് ഈ ആരോപണം ഉന്നയിച്ചത്. ഉത്തര കൊറിയയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇത്തരം ഒരു ആരോപണം അമേരിക്ക ഉന്നയിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണമെന്ന് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പറയുന്നു.

ഉത്തരകൊറിയയാണ് വാനക്രൈ ആക്രമണത്തിന് പിന്നിലെന്ന് ബ്രിട്ടനും മൈക്രോസോഫ്റ്റും നേരത്തേ ആരോപിച്ചിരുന്നു. 150 രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനക്രൈ എന്ന റാന്‍സംവെയര്‍ ആക്രമിച്ചത്. ഫയലുകള്‍ ലോക്ക് ചെയ്യുന്ന വൈറസ് അവ തിരികെ നല്‍കണമെങ്കില്‍ ബിറ്റ്‌കോയിനില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളുടെ നഷ്ടം മൂലം കോടിക്കണക്കിന് പൗണ്ട് നഷ്ടം രേഖപ്പെടുത്തിയ ആക്രമണത്തില്‍ ഫയലുകള്‍ തിരികെ കിട്ടാനായി പലരും പണം നല്‍കുകയും ചെയ്തു.

ആശുപത്രികള്‍, ഓഫീസ് ശൃംഖലകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ വാനക്രൈ ആക്രമണം ബാധിച്ചു. നിരവധി എന്‍എച്ച്എസ് ആശുപത്രികളുടെയും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഇതു മൂലം തകരാറിലായിരുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ചികിത്സാ രേഖകളും ലഭിക്കാതായത് ജിപി സര്‍ജറികളുടെ പ്രവര്‍ത്തനവും തകരാറിലാക്കി.

കസബയെയും നായകന്‍ മമ്മൂട്ടിയെയും വിമര്‍ശിച്ച നടി പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മന്ത്രി തോമസ് ഐസക്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ കുറിപ്പ്:

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.

സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല. സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.
വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .

സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.

ലണ്ടന്‍: കനത്ത മൂടല്‍മഞ്ഞ് മൂലം ഗതാഗത സംവിധാനങ്ങള്‍ ഇന്ന് താറുമാറായേക്കാമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് ഫോഗ് മുന്നറിയിപ്പ് നല്‍കിയത്. കനത്ത മൂടല്‍മഞ്ഞ് ഇന്ന് ഉച്ച വരെ തുടര്‍ന്നേക്കാമെന്നാണ് പ്രവചനം. കാഴ്ചാ പരിധി 100 മീറ്ററിലും താഴെയായി ചുരുങ്ങിയേക്കാമെന്നതിനാല്‍ റോഡ്, റെയില്‍, വിമാന ഗതാഗതം തടസപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സതേണ്‍, സെന്‍ട്രല്‍ ഇംഗ്ലണ്ടിലും വെയില്‍സിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും രൂപപ്പെട്ട മൂടല്‍മഞ്ഞ് ഇന്ന് ഉച്ചവരെ തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.

റോഡ് യാത്രകള്‍ വൈകാന്‍ ഇടയുണ്ട്. വിമാനങ്ങള്‍ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗ് തുടരുകയാണ്. വിന്റര്‍ കടുത്തതോടെ കഴിഞ്ഞയാഴ്ച മിക്കയിടങ്ങളിലും മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഹീത്രൂവിലും മാഞ്ചസ്റ്ററിലുമുണ്ടായ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇന്നും നൂറോളം യുകെ, യൂറോപ്പ് സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് മൂലം വിമാനങ്ങള്‍ റദ്ദാക്കിയത് 20,000ത്തോളം യാത്രക്കാരെ ബാധിക്കും. റയന്‍എയര്‍, ഈസിജെറ്റ്, ഫ്‌ളൈബി വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

സറേ: ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ മണ്ഡലമായ സറേയില്‍ ഡെന്റിസ്റ്റുകള്‍ എന്‍എച്ച്എസ് രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മടിക്കുന്നു. ഡെന്റല്‍ സര്‍വീസ് ബജറ്റില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകല്‍ മൂലമാണ് ഈ പ്രതിഷേധം. സറേയിലെ മൂന്ന് പ്രദേശങ്ങളില്‍ എന്‍എച്ച്എസ് രോഗികള്‍ക്ക ദന്തചികിത്സ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ പകുതിയോളം സര്‍ജറികള്‍ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല. വര്‍ഷങ്ങളായി കുറഞ്ഞ ബജറ്റിലാണ് തങ്ങള്‍ സേവനം നടത്തി വന്നതെന്നും അവയില്‍ നിന്നാണ് ഇപ്പോള്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തിയിരിക്കുന്നതെന്നുമാണ് ഡെന്റിസ്റ്റുകള്‍ പറയുന്നത്. 2006ല്‍ ഒരു രോഗിക്ക് 35 പൗണ്ട് എന്നതായിരുന്നു ഫണ്ടിംഗ് ലഭിച്ചിരുന്നത്. അതില്‍ നിന്ന് 7.50 പൗണ്ട് ഇപ്പോള്‍ കുറച്ചിരിക്കുകയാണ്.

കുട്ടികളുടെ ദന്തപ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദന്തക്ഷയത്തിന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഇപ്പോള്‍ സൗജന്യ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. ഓരോ ദിവസവും ശരാശരി 160 കുട്ടികളെ ഈ ദന്തരോഗവുമായി ഡെന്റിസ്റ്റുകള്‍ക്ക് അരികില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജനറല്‍ അനസ്‌തേഷ്യ നല്‍കി പല്ലെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 2012നെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: വിന്ററില്‍ രോഗബാധകള്‍ നിരീക്ഷിക്കുന്നതിന് സാങ്കേതികതയുടെ സഹായം തേടി എന്‍എച്ച്എസ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. നോറോവൈറസും വിന്ററിനോടനുബന്ധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധികളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ആശുപത്രികളില്‍ എത്ര രോഗികള്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്ന് നേരത്തേ മനസിലാക്കാന്‍ സാധിക്കും.

അപ്രകാരം ആവശ്യമുള്ള രോഗികള്‍ക്കു വേണ്ടി ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനും കിടക്കകള്‍ തയ്യാറാക്കിവെക്കാനും സാധിക്കും. 2012ലെ ഒളിമ്പിക്‌സിന്റെ സമയത്ത് രോഗങ്ങള്‍ പ്രവചിക്കാനായി ഈ വിധത്തില്‍ ഡേറ്റ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷം പ്രാദേശികമായുള്ള വിന്റര്‍ ഓപ്പറേഷന്‍ ടീമുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ പ്രവചനങ്ങളും ഇതിനൊപ്പം ചേര്‍ത്താണ് രോഗങ്ങളേക്കുറിച്ചുള്ള പ്രവചനം സാധ്യമാക്കുന്നത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇതിനായുള്ള വിവരശേഖരണം ആരംഭിച്ചു കഴിഞ്ഞു. ജിപി പ്രാക്ടീസുകളില്‍ നിന്നും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ നിന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഡേറ്റ തയ്യാറാക്കുന്നത്. ഈ വിവരങ്ങളുടെ വിശകലനത്തിലൂടെ രോഗങ്ങളെക്കുറിച്ച് സൂചന ലഭിക്കുന്നത് ആശുപത്രികള്‍ക്ക് തയ്യാറാകാനുള്ള സമയം നല്‍കും. രോഗികള്‍ നിറഞ്ഞ് വാര്‍ഡുകള്‍ അടക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved