Main News

ഇന്ത്യയും പാകിസ്ഥാനും 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വിഭജനത്തിന്റെ കൈപ്പുനീര് കുടിച്ച ഒരു വലിയ സമൂഹം തങ്ങള്‍ നേരിട്ട ദുരവസ്ഥയേക്കുറിച്ചുകൂടി ചിന്തിക്കുന്നു. വിഭജനത്തിനു ശേഷം പ്രവാസികളാക്കപ്പെടുകയും ബ്രിട്ടനില്‍ എത്തി അവിടെ ജീവിച്ചു തുടങ്ങുകയും ചെയ്ത ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ ഗാര്‍ഡിയന്‍ ദിനപ്പത്രത്തില്‍ പങ്കുവെച്ചു. വിഭജന കാലത്ത് ലക്ഷങ്ങള്‍ക്കാണ് അതിന്റെ ദുരിതം പേറേണ്ടി വന്നത്. ലക്ഷക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും നൂറ്കണക്കിന് മൈലുകള്‍ യാത്ര ചെയ്യേണ്ടതായി വന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സഹോദരങ്ങളെപ്പോലെ കഴിഞ്ഞ സമുദായങ്ങള്‍ വര്‍ഗീയ കലാപങ്ങളില്‍ പരസ്പരം വാളെടുത്തു. പത്ത് ലക്ഷത്തിലേറെ ആളുകളാണ് വിഭജനകാലത്തെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. 10 മുതല്‍ 12 ദശലക്ഷം ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടി വന്നു. ഇപ്രകാരം അതിരുകള്‍ക്കപ്പുറവും ഇപ്പുറവുമായി വിഭജിക്കപ്പെട്ടവരില്‍ ചിലരും അവരുടെ അടുത്ത തലമുറയുമാണ് അനുഭവങ്ങള്‍ പങ്കു വെക്കുന്നത്.

വിഭജനത്തിന്റെ ഏറ്റവും നടുക്കുന്ന ഓര്‍മ്മ തന്റെ കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെടുന്നതിന് ദൃക്‌സാക്ഷിയേകേണ്ടി വന്നതാണെന്ന് നാസിം ഫാത്തിമ സുബൈറിഎന്ന് 82 കാരിയായ റിട്ടയേര്‍ഡ് ഫോസ്റ്റര്‍ കെയറര്‍ പറയുന്നു. ഒരു താക്കോല്‍ ദ്വാരത്തിലൂടെയാണ് ഈ കാഴ്ച താന്‍ കണ്ടത്. തന്റെ പിതാവ് പ്രാര്‍ത്ഥിക്കുന്നതും രണ്ടുവയസുകാരനായ സഹോദരന്‍ കരയുന്നതും താന്‍ കണ്ടു. പിതാവ്, മാതാവ്, മുത്തശ്ശി, നാല് സഹോദരന്‍മാര്‍, സഹോദരിമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. തന്റെ തലയില്‍ ആരോ അടിച്ചതിന്റെ പാട് ഇപ്പോഴുമുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ മാത്രമാണ് ആ കുടുംബത്തില്‍ രക്ഷപ്പെട്ടത്.

നമുക്ക് വേരുകള്‍ ഇല്ലെന്നാണ് റിട്ടയേര്‍ഡ് ജിപിയായ 60കാരന്‍ വിജയ് പറയുന്നത്. ഹിന്ദുക്കളായിരുന്നു തന്റെ കുടുംബം. വിഭജനകാലത്ത് തന്റെ പിതാവിന് 25 വയസായിരുന്നു പ്രായം. അമ്മ കൗമാരക്കാരിയും. അവര്‍ക്ക് അവരുടെ ബാല്യകാലത്തേക്കുറിച്ച് പറയാന്‍ ഒന്നുമില്ലെന്ന് വിജയ് പറയുന്നു. 1947 മുമ്പുള്ള കാലത്തേക്കുറിച്ച് അവര്‍ക്ക് അറിയില്ല. സ്വാതന്ത്ര്യത്തിനു വിഭജനത്തിനും മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ ജീവിച്ചു തുടങ്ങിയചതെന്ന് വിജയ് വ്യക്തമാക്കി. വിഭജനത്തിനു ശേഷമാണ് യുകെയിലേക്ക് ആദ്യത്തെ കുടിയേറ്റം ആരംഭിച്ചതെന്നും ചരിത്രം.

ട്രെയിനിനുള്ളില്‍ വെടിവെപ്പ് ആരംഭിച്ചപ്പോള്‍ അച്ഛന്‍ തങ്ങളെ ബെഡ്‌റോളിനുള്ളില്‍ ഒളിപ്പിച്ച കഥയാണ് പട്രീ്ഷ്യ എന്ന 75കാരിയായ റിട്ടയേര്‍ഡ് നഴ്‌സിന് പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ക്കു നേരെയും അതിക്രമങ്ങളുണ്ടായി. പാകിസ്ഥാനിലേക്കുള്ള ട്രെയിനിലായിരുന്നു തങ്ങള്‍. യാത്രക്കിടെ എവിടെയോ ട്രെയിന്‍ നിന്നും. പിന്നെ ട്രെയിനിലുള്ളവര്‍ക്കു നേരെ വെടിയുണ്ടകള്‍ പതിക്കുകയായിരുന്നു. ട്രെയിനിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്ത നിരവധി പേര്‍ മരിച്ചതായി ഇവര്‍ ഓര്‍ക്കുന്നു. നിരവധി പേര്‍ക്ക് സ്വാതന്ത്ര്യദിനം ഇത്തരം ഓര്‍മകളുടേതു കൂടിയാണ്.

ലണ്ടന്‍: സ്പ്രിംഗിലാണ് വീടുകള്‍ വാങ്ങാന്‍ ഏറ്റവും യോജിച്ച സമയമെന്ന് പറയാറുണ്ട്. എന്നാല്‍ വാസ്തവം അതല്ലെന്നാണ് ചരിത്രം പറയുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന വസ്തു കൈമാറ്റത്തിന്റെ വിവരങ്ങള്‍ അനുസരിച്ച് സമ്മര്‍ ആണ് വീട് വാങ്ങാന്‍ യോജിച്ച സമയമെന്ന് വ്യക്തമാക്കപ്പെടുന്നു. എന്നാല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ സ്പ്രിഗ് ആണ് യോജിച്ച സമയമെന്ന് നിങ്ങളോട് പറയുമെന്ന് മിറര്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ എട്ടിലും സമ്മറിലാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വില്‍പനകള്‍ നടന്നത്. രണ്ട് വര്‍ഷങ്ങളില്‍ മാത്രമാണ് ്‌സ്പ്രിംഗിലെ വില്‍പനകള്‍ പൊടിപൊടിച്ചത്. കഴിഞ്ഞ വര്‍ഷം സ്പ്രിംഗിലായിരുന്നു കച്ചവടങ്ങള്‍ ഏറെ നടന്നത്. 2016 മാര്‍ച്ചിനും മെയ് മാസത്തിനും ഇടയില്‍ 2,38,211 റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി വിറ്റു. ജൂണ്‍ -ഓഗസ്റ്റ് കാലയളവില്‍ 2,27,382 കച്ചവടങ്ങളാണ് നടന്നത്. എന്നാല്‍ 2015 സമ്മറില്‍ 2,57,515 വില്‍പനകള്‍ നടന്നു. സ്പ്രിംഗില്‍ 2,01,654 വില്‍പനകള്‍ മാത്രമാണ് നടന്നത്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ ട്രെന്‍ഡാണ് കാണാന്‍ കഴിയുന്നതെന്നും സര്‍വേ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഓട്ടം സമ്മറിനെ കവച്ചുവെയ്ക്കുന്നതും കാണാനാകും. എന്നാല്‍ വിലയേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് വീടുകള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയം വിന്റര്‍ ആണെന്നും പഠനം വ്യക്തമാക്കുന്നു.

ലണ്ടന്‍: മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് മെഗാ സ്റ്റാര്‍ ടോം ക്രൂസിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ രണ്ട് അസ്ഥികള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്ക് ഭേദമായി വീണ്ടും ചിത്രീകരണം ആരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിരുന്ന മതിലിലേക്ക് ഉയരത്തില്‍ നിന്ന് വീണതാണ് പരിക്കിന് കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ലണ്ടനിലെ ബ്ലാക്ക്ഫ്രയറില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 55കാരനായ സൂപ്പര്‍താരം ആക്ഷന്‍ രംഗങ്ങള്‍ സ്വന്തമായാണ് ചെയ്യാറുള്ളത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ക്രെയിനില്‍ റോപ്പുകൡ തൂങ്ങിയായിരുന്നു ചാടിയത്. എന്നാല്‍ ചാട്ടത്തില്‍ താരത്തിനുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മതിലില്‍ ഇടിച്ചുവീണ ക്രൂസിന്റെ കണങ്കാലുകള്‍ക്കാണ് ഒടിവുണ്ടായത്.

എക്‌സ്‌റേ പരിശോധനയിലാണ് പരിക്കിന്റെ ആഴം മനസിലായത്. താരം ചികിത്സക്കായി അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015ല്‍ വന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രത്തില്‍ വിമാനത്തില്‍ തൂങ്ങിയുള്ള സ്റ്റണ്ട് ടോം ക്രൂസ് ചെയ്തിരുന്നു. 2013ല്‍ ബുര്‍ജ് ഖലീഫയില്‍ തൂങ്ങിയുള്ള സാഹസിക അഭ്യാസമാണ് മിഷന്‍ ഇംപോസിബിളിനു വേണ്ടി ക്രൂസ് ചെയ്തത്.

മലയാളം യുകെ ന്യൂസ് ടീം.

സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന്  എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.

പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. റെഡ് ഫോർട്ടിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലി സ്വീകരിക്കും. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.

രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…

സ്വന്തം ലേഖകൻ

ഇലക്ട്രിസിറ്റി നിരക്കിൽ ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ചിരിക്കുന്ന വർദ്ധന സെപ്റ്റംബർ 15 മുതൽ നിലവിൽ വരും. ആറു മില്യണിലധികം കസ്റ്റമർസിനെ ഇത് ബാധിക്കും. 12.5 ശതമാനം വർദ്ധനയാണു ബ്രിട്ടീഷ് ഗ്യാസ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള നിരവധി മലയാളികളെയും ഇത് ബാധിക്കും. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് ഗ്യാസിൻറെ കണക്ഷൻ ഉപേക്ഷിച്ച് മറ്റു കമ്പനികളിലേയ്ക്ക് മാറാനുള്ള തീരുമാനത്തിലാണ്. വില താരതമ്യം ചെയ്യുന്ന സൈറ്റുകളിൽ കസ്റ്റമർസിൻറെ തിരക്കാണ്. മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്തുന്നതിനായി ഈ സൈറ്റുകളിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാത്ത വില വർദ്ധനയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ആറു വമ്പൻ കമ്പനികളാണ് യുകെയിലെ ഇലക്ട്രിസിറ്റി, ഗ്യാസ് മാർക്കറ്റുകൾ കുത്തകയാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഡി.എഫ് എനർജി, എൻ പവർ, ഇ ഓൺ, സ്കോട്ടിഷ് പവർ, എസ്.എസ്.ഇ എന്നിവയാണ് നിലവിൽ യുകെ എനർജി മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ സ്റ്റാൻഡാർഡ് വേരിയബിൾ താരിഫിലുള്ള കസ്റ്റമർസിനാണ് ഇരുട്ടടിയായി വിലവർദ്ധന നേരിടേണ്ടി വരുന്നത്. 2013 നു ശേഷം വില വർദ്ധിപ്പിച്ചിട്ടില്ല എന്ന ന്യായമാണ് ബ്രിട്ടീഷ് ഗ്യാസ് അമിത വില വർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റിയും ഗ്യാസും കണക്ഷൻ ഉള്ളവർക്ക് നല്കി വന്ന ഡ്യുവൽ ഫ്യുവൽ ഡിസ്കൗണ്ടും എടുത്തുകളഞ്ഞു. യുകെ ഗവൺമെന്റിൻറെ എനർജി പോളിസിയും ട്രാൻസ്പോർട്ട് ചാർജ് വർദ്ധനയുമാണ് വില കൂട്ടാൻ കാരണമായി ബ്രിട്ടീഷ് ഗ്യാസ് എടുത്തു കാണിക്കുന്നത്.

 

 

 

മൂന്ന് കള്ളന്മാർ ചേർന്ന് ലണ്ടനിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ സ്ത്രീയെ മറിച്ചിട്ട് ആക്രമിക്കുകയും മാല മോഷ്ടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നു. സൗത്ത് ലണ്ടനിലെ ലെവിഷാമിലാണ് സംഭവം. അമ്പലത്തിന് പുറത്തുനിന്നിരുന്ന സ്ത്രീയുടെ അടുത്തേക്ക് ഹെൽമറ്റ് ധരിച്ച ഒരാൾ കടന്നുവരികയും കഴുത്തിൽക്കിടന്ന സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകമായിരുന്നു. സ്ത്രീ ചെറുത്തുനിന്നപ്പോൾ അവരെ വലിച്ച് തറയിലേക്കിട്ടു. 52-കാരിയുടെ മാലയാണ് നഷ്ടപ്പെട്ടത്.

മാലപൊട്ടിച്ചശേഷം ഇയാൾ അരികിലേക്ക് വന്ന രണ്ട് ബൈക്കുകളിലൊന്നിൽ കയറിപ്പോവുകയും സ്ഥലം വിടുകയായിരുന്നു. സിസിടിവി ക്യാമറകളിലാണ് മോഷണദൃശ്യം ചിത്രീകരിക്കപ്പെട്ടത്. മൂന്ന് അക്രമികൾക്കായും തിരച്ചിൽ തുടങ്ങിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഒരാൾ മാത്രമാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റുള്ളവർ ഇയാൾക്കുവേണ്ടി കാത്തുനിൽക്കുകയാണ്. സ്ത്രീയെ നിലത്തിട്ട് വലിച്ച് അക്രമിക്കുമ്പോൾ സമീപത്തുകൂടി ഒന്നിലേറെ കാറുകൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അവരൊന്നും ഇതിൽ ഇടപെടുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്.

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ ബാറ്റില്‍ ക്യാംപില്‍ പുതുതായി സൈന്യത്തില്‍ പ്രവേശനം ലഭിച്ചു വന്ന കൗമാരക്കാരായ ട്രെയിനികളെ പീഡിപ്പിച്ചതിന് ഇന്‍സ്ട്രക്ടര്‍മാര്‍ക്കെതിരെ കേസ്. 17 പേര്‍ക്കെതിരെയാണ് മോശം പെരുമാറ്റത്തിനും ശാരീരികോപദ്രവം ഏല്‍പ്പിച്ചതിനും കേസെടുത്തത്. സ്‌കോട്ട്‌ലന്‍ഡിലെ കിര്‍ക്കുഡ്‌ബ്രൈറ്റിലെ ബാറ്റില്‍ ക്യാംപില്‍ 17 വയസുള്ള റിക്രൂട്ടുകള്‍ക്കാണ് പീഡനം നേരിടേണ്ടി വന്നത്. പരിശീലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും ബൂട്ട് ഉപയോഗിച്ച് തങ്ങളുടെ തല വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചെന്നും ചാണകവും ആട്ടിന്‍ കാഷ്ഠവും മുഖത്ത് പൂശുകയും വായില്‍ ഇടുകയും ചെയ്‌തെന്ന് ഇരകളാക്കപ്പെട്ട 6 പേര്‍ പരാതിപ്പെട്ടു.

ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്. ഇതോടെ മിലിട്ടറി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് പരിശീലകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിന് 10 ലക്ഷം പൗണ്ട് ചെലവായിട്ടുണ്ട്. കേസില്‍ ഹാരോഗേറ്റ് ആര്‍മി ഫൗണ്ടേഷന്‍ കോളേജിലെ 17 മുന്‍ പരിശീലകര്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ആര്‍മി വക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 21, 22 തിയതികളില്‍ ബുള്‍ഫോര്‍ഡ് കോര്‍ട്ട് മാര്‍ഷല്‍ സെന്ററിലാണ് കോടതി നടപടികള്‍. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും വക്താവ് പറഞ്ഞു.

എന്നാല്‍ പരിശീലകര്‍ കുറ്റം നിഷേധിച്ചു. കോടതിയില്‍ ഹാജരാകുമെന്നും അവര്‍ അറിയിച്ചു. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന കേണല്‍ റിച്ചാര്‍ഡ് കെംപ് പറഞ്ഞത്. ഇങ്ങനെയൊരു സംഭവം മുമ്പ് കേട്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശീലനകാലത്ത് ഇത്തരം പീഡനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: വിമാനങ്ങളില്‍ മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അവ ഫലപ്രദമല്ലെന്ന് ക്യാബിന്‍ ജീവനക്കാര്‍. പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. 30,000ലേറെ ക്യാബിന്‍ ജീവനക്കാര്‍ അംഗങ്ങളായ യുണൈറ്റ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അംഗങ്ങളില്‍ 78 ശതമാനം പേര്‍ക്കും യാത്രക്കാരില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ടെന്ന് യൂണൈറ്റ് അറിയിച്ചു. നാലിലൊന്ന് പേര്‍ മാത്രമാണ് മദ്യപാനികളെ നിയന്ത്രിക്കാന്‍ നിയമം സഹായകമായെന്ന് അറിയിച്ചതെന്നും യുണൈറ്റ് അറിയിച്ചു.

2016 ജൂലൈയിലാണ് പുതിയ നിയമം നിലവില്‍ വന്നത്. പോലീസ്, വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, വിമാനത്താവളങ്ങളിലെ റീട്ടെയ്‌ലര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് നിയമം നടപ്പാക്കുന്നത്. എയര്‍ നാവിഗേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് മദ്യപിച്ചുകൊണ്ടോ മദ്യലഹരിയിലോ വിമാനങ്ങളില്‍ പ്രവേശിക്കരുത്. യാത്രക്കായി എത്തുന്നവര്‍ക്ക് മദ്യം വില്‍ക്കുന്നതില്‍ നിന്ന് എയര്‍ലൈനുകളെയും എയര്‍പോര്‍ട്ട് ബാറുകളെയും റീട്ടെയിലര്‍മാരെയും യുകെ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോഡ് ഓഫ് പ്രാക്ടീസ് ഓണ്‍ ഡിസ്‌റപ്റ്റീവ് പാസഞ്ചേഴ്‌സ് വിലക്കുന്നു.

വാങ്ങുന്ന മദ്യം തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് യാത്രക്കാര്‍ക്ക് റീട്ടെയിലര്‍മാര്‍ നിര്‍ദേശവും നല്‍കാറുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങളൊന്നും ഫലിക്കുന്നില്ലെന്നാണ് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ അറിയിക്കുന്നത്. മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് മാത്രമല്ല വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്ക് പ്രശ്‌നങ്ങള്‍ നീളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇവരില്‍ 10 ശതമാനം പേര്‍ അറിയിക്കുകയും ചെയ്യുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 2016ല്‍ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയ 421 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ ഭൂരിപക്ഷവും മദ്യലഹരിയിലായിരുന്നു.

ലണ്ടന്‍: ഒരേ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഒരേ ജോലി ചെയ്യുന്നവരുമായ കറുത്തവര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ബ്രിട്ടനില്‍ ലഭിക്കുന്നത് വ്യത്യസ്ത വേതനമെന്ന് വെളിപ്പെടുത്തല്‍. കറുത്തവര്‍ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എ ലെവല്‍ വിദ്യാഭ്യാസമുള്ള കറുത്തവര്‍ക്ക് അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 10 ശതമാനം കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. മണിക്കൂറില്‍ ശരാശരി 1.20 പൗണ്ടാണ് ഈ വിധത്തില്‍ ഇവര്‍ക്ക് നഷ്ടമാകുന്നതെന്ന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിഗ്രി വരെ വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് 14 ശതമാനം കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. ഉയര്‍ന്ന ബിരുദങ്ങളോ ഡിപ്ലോമകളോ ഉള്ള ബ്ലാക്ക്, ആഫ്രിക്കന്‍, കരീബിയന്‍, ബ്ലാക്ക് ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് വെളുത്തവരേക്കാള്‍ 20 ശതമാനം കുറഞ്ഞ വേതനമാണ് ലഭിച്ചു വരുന്നതെന്നും ടിയുസി വെളിപ്പെടുത്തുന്നു. ജിസിഎസ്ഇയില്‍ സി ഗ്രേഡ് ലഭിച്ചവ കറുത്തവര്‍ അവരുടെ അതേ യോഗ്യതയുള്ള വെളുത്തവരേക്കാള്‍ 12 ശതമാനവും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ 5 ശതമാനവും കുറഞ്ഞ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. ശരാശരിയില്‍ നിന്ന് 8.3 ശതമാനം കുറഞ്ഞ വേതനമാണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മണിക്കൂറിന് ഓരോ തൊഴിലാളിക്കും നല്‍കുന്ന വേതനം അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. വംശീയത തൊഴിലിടങ്ങളില്‍ ഇപ്പോളും രൂക്ഷമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇത്. തൊഴിലാളികള്‍ക്ക് അവരുടെ വംംശീയത അനുസരിച്ച് നല്‍കുന്ന ശമ്പളത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കണമെന്ന് ഈ കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ടിയുസി ആവശ്യപ്പെട്ടു. അപ്രകാരം ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന്റെ രൂക്ഷത മനസിലാക്കാന്‍ കഴിയൂ എന്നും ടിയുസി വ്യക്തമാക്കി.

ഷിബു മാത്യൂ.
അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തില്‍ന് ഇന്ന് 86 തികഞ്ഞു. സീറോ മലബാര്‍ സഭയും അതിലുപരി ചങ്ങനാശ്ശേരി അതിരൂപതക്കാരും അഹ്‌ളാദിക്കുന്ന ദിവസമാണിന്ന്. സീറോ മലബാര്‍ സഭയുടെ നെടുംതൂണായി സഭയെ വളര്‍ത്തിയ അഭിവന്ദ്യ പിതാവിനെ ഒരിക്കല്‍ ബെനഡിക്ട് മാര്‍പ്പാപ്പ ഇങ്ങനെ വിശേഷിപ്പിച്ചു. ഇതാ വരുന്നു ‘സഭയുടെ കിരീടം’ .

‘എനിക്കു ജീവിക്കുകയെന്നാല്‍ സഭയാണ്’ (For me to live is Church) എന്ന ആദര്‍ശവാക്യം ഹൃദയത്തിലേറ്റുവാങ്ങി സഭയെ അതിന്റെ തനിമയില്‍, തന്റെ വിശ്രമജീവിതകാലത്തും സുധീരം മുന്നോട്ടുനയിക്കുന്ന അഭിവന്ദ്യ മാര്‍ ജോസഫ് പവ്വത്തിലിന് കേരള കത്തോലിക്കാ സഭയും വിശ്വാസികളും ജന്മദിന ആശംസകള്‍ നേരുമ്പോള്‍ ചവറപ്പുഴ ജെയിംസച്ചന്റെ ലേഖനം ഇവിടെ പ്രസക്തമാണ്. അച്ചന്റെ ലേഖനം ഞങ്ങള്‍ മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു.

കിരീടമേ മാപ്പ്…

ചരിത്രം സൃഷ്ടിക്കുന്നവനാണ് മനുഷ്യന്‍. എല്ലാ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ഓരോ കാലഘട്ടത്തിലും ചില മനുഷ്യര്‍ ചരിത്രം തങ്ങളുടെതാക്കി മാറ്റാറുണ്ട്. മഹാത്മാ ഗാന്ധിയെ പോലെ, നെല്‍സണ്‍ മണ്ടേലയെ പോലെ, മദര്‍ തെരേസയെ പോലെ .. സഭയിലും ഇങ്ങനെയുള്ള പ്രതിഭാസങ്ങള്‍ കാണാം. ഓരൊ കാലത്തിലും സഭയെ നേരായ വഴിയില്‍ നയിക്കാന്‍ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്. അവരെ പ്രവാചകന്മാരെന്നോ, ഇടയന്മാരെന്നോ, നേതാക്കന്മാരെന്നോ എന്തു വേണമെങ്കിലും വിളിക്കാം. എന്തായാലും അവര്‍ സഭയില്‍ പ്രവാചക ധര്‍മ്മമാണ് ചെയ്യുക; നേതാക്കന്മാരുടെ കര്‍മ്മമാണ് നടത്തുക; ഇടയന്മാരുടെ വഴിയെയാണ് നടക്കുക.

മാര്‍ത്തോമ്മാ നസ്രാണി സഭാ ചരിത്രത്തിന് അവഗണിക്കാനാവാത്ത ഒരു പ്രവാചക ശബ്ദത്തെപറ്റിയാണ് ഈ കുറിപ്പ്. എന്നും സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന വലിയ ഇടയന്‍. ആദരവോടെ അകലെ നിന്ന് വീക്ഷിക്കുകയും തീഷ്ണതയോടെ വായിക്കുകയും കേള്‍ക്കുകയും, പുത്രസഹചമായ സ്‌നേഹത്തോടെ ചിന്തകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ പുണ്യ പിതാവുമായി. ഉറച്ച കാഴ്ച്ചപ്പാടുകളും അടിപതറാത്ത കാല്‍വയ്പ്പുകളുമായി കഴിഞ്ഞ അന്‍പതു വര്‍ഷക്കാലമായി നസ്രാണി സഭയെ മുന്നില്‍ നിന്ന് നയിക്കുന്ന മാര്‍ യൗസേപ്പ് പൗവ്വത്തില്‍ മെത്രാപ്പോലിത്തയാണ് ആ വ്യക്തി.

പതിനാറാം നൂറ്റാണ്ടിനു ശേഷം നാലു പ്രധാന വ്യക്തികളിലൂടെയാണ് നസ്രാണി സഭ മുന്നേറിയത്. കരിയാറ്റില്‍ മാര്‍ യൗസേപ്പ് മെത്രാപ്പോലിത്താ, പാറേമാക്കല്‍ തോമ്മാ കത്തനാര്‍, നിധീരിയ്ക്കല്‍ മാണി കത്തനാര്‍, പ്ലാസിഡച്ചന്‍ എന്നിവരായിരുന്നു ആ നാലുപേര്‍. കരിയാറ്റില്‍ പിതാവ് തന്റെ സഭൈക്യ ചിന്തയാലും, പാറേമാക്കലച്ചന്‍ തന്റെ ധീരതയാലും, നിധീരിക്കല്‍ മാണികത്തനാര്‍ തന്റെ ദീര്‍ഘ വീക്ഷണത്താലും, പ്ലാസിഡച്ചന്‍ തന്റെ അഗാധമായ പാണ്ഡിത്യത്താലും നസ്രാണി സഭയിലെ നാലു കാലഘട്ടങ്ങളിലെ നാലു വിശ്വാസ ഗോപുരങ്ങളായി മാറി. കരിയാറ്റില്‍ മല്‍പ്പാന്‍ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസം പോലും മാതൃസഭയില്‍ മെത്രാനടുത്ത ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന? മുന്‍പ് മുമ്പ് അദ്ദേഹം ‘വധിയ്ക്കപ്പെട്ടു’. പാറേമ്മാക്കലച്ചനും, നിധീരിയ്ക്കല്‍ മാണികത്തനാരും, പ്ലാസിഡച്ചനും മെത്രാന്മാരായില്ല. എങ്കിലും ജനഹൃദയങ്ങളിലും സഭാചരിത്രത്തിലും ഇവര്‍ക്ക് നാലുപേര്‍ക്കുമുള്ള സ്ഥാനം നസ്രാണി സഭയിലെ ഏതൊരു മെത്രാനെക്കാളും ഉപരിയും ഉന്നതവുമാണ്. ഇവര്‍ക്ക് ശേഷം ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ, ചരിത്രതാളുകളില്‍ ഇടം പിടിച്ചയാള്‍ മാര്‍ പൗവ്വത്തിലാണ്. ഈ നാലുപേര്‍ക്കു ശേഷം നസ്രാണി സഭയുടെ നെടുംതൂണെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് മാര്‍ പൗവ്വത്തിലിനെയാണ്. കാരണം മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും, പാറേമ്മാക്കലിന്റെ ധീരതയും, നിധീരിയ്ക്കലിന്റെ ദീര്‍ഘവിക്ഷണവും, പൊടിപാറയുടെ പാണ്ഡിത്യവും ഒന്നുപോലെ സമ്മേളിച്ചിട്ടുണ്ട് അദ്ദേഹത്തില്‍. അതുകൊണ്ട് തന്നെയാവണം ഉറച്ച കാഴ്ച്ചപാടുകളും അടി പതറാത്ത കാല്‍വയ്പുകളുമായി നസ്രാണി സഭയെ കഴിഞ്ഞ അന്‍പതു വര്‍ഷക്കാലം അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയും പിന്നില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നത്.

1. മാര്‍ കരിയാറ്റിയുടെ സഭൈക്യ ചിന്തയും മാര്‍ പൗവ്വത്തിലിന്റെ സഭാ ദര്‍ശനവും.

നസ്രാണി സഭയില്‍ നിന്ന് ആദ്യമായി റോമില്‍ ഉപരിപഠനം നടത്തി ബിരുദധാരിയായ ആളാണ് കരിയാറ്റില്‍ മാര്‍ യൗസേപ്പ് മല്‍പ്പാന്‍. കൂനന്‍ കുരിശു സത്യത്തോടെ മാതൃസഭയില്‍ നിന്ന് അകന്നു പോയ പുത്തന്‍കൂറ്റുകാരുടെ പുനരൈക്യ പ്രാപ്തിക്കായി പാറേമ്മാക്കലച്ചനോടൊപ്പം ദീര്‍ഘവും ദുഷ്‌കരവുമായ റോമായാത്ര അദ്ദേഹം നടത്തി. ‘സ്വസഹോദരന്മാരുടെ പുനരൈക്യത്തിനായി ഏതറ്റം വരെ പോകാനും ജീവന്‍ പോലും നല്‍കാനും തയ്യാറാണ്’ എന്നു പ്രഖ്യാപിച്ച കരിയാറ്റി തന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുമാറ് രക്തസാക്ഷിയായി. ‘എക്യുമെനിസം’ എന്ന വാക്ക് സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് മുന്‍പ് തന്നെ ‘എക്യുമനിസ’ത്തിനായി ജീവന്‍ നല്‍കിയ കരിയാറ്റില്‍ പിതാവിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് മാര്‍ പൗവത്തില്‍. മാര്‍ത്തോമ്മാ ശ്ലീഹായുടെ മക്കള്‍ ഭിന്നിച്ചു കഴിയേണ്ടവരല്ല, അവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ സാക്ഷ്യം നല്‍കി. ഇന്ത്യയില്‍ നിലയ്ക്കല്‍ പ്രസ്ഥാനത്തിലും, പുറത്തു prooriente അദ്ദേഹം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. സഹോദരീ സഭകളിലെ നേതൃത്വങ്ങള്‍ക്ക് ഒരുപോലെ വിശ്വാസവും ആദരവും സ്‌നേഹവും ആത്മാര്‍ത്ഥതയും മാര്‍ പൗവ്വത്തില്‍നോട് തോന്നാന്‍ കാരണം സഭൈക്യത്തിനായുള്ള അദ്ദേഹത്തിന്റെ തികഞ്ഞ ആത്മാര്‍ത്ഥത ഒന്നു കൊണ്ട് തന്നെയാണ്. സഭൈക്യം ചാനല്‍ ചര്‍ച്ചകളിലും ചായകുടികളിലും കെട്ടിപുണരലൂകളിലും മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് മാര്‍ കരിയാറ്റിക്ക് ശേഷം മാര്‍ പൗവ്വത്തില്‍ മുമ്പോട്ടു വച്ച സഭൈക്യ ദര്‍ശനം ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്‍തുടരേണ്ടതുമാണ്.

2. പാറേമ്മാക്കലിന്റെ നെഞ്ചുറപ്പും മാര്‍ പൗവ്വത്തിലിന്റെ ഉറച്ച നിലപാടുകളും.

ചങ്കുറപ്പുള്ള ഒരു നസ്രാണിയെയാണ് പാറേമ്മാക്കലച്ചനില്‍ നാം കാണുക. മാതൃസഭയുടെ തനിമയും വ്യക്തിത്വവും ആരുടെ മുമ്പിലും അടിയറ വയ്ക്കാതെ, കാര്യങ്ങള്‍ തുറന്നു പറയുവാനും, അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും നെഞ്ചുറപ്പോടെ നില്‍ക്കുന്ന പാറേമ്മാക്കലച്ചനാണ് വര്‍ത്തമാന പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുക. നട്ടെല്ലുള്ള ഈ നസ്രാണിക്കൊരു പിന്‍ഗാമിയെ മാര്‍ പൗവ്വത്തില്‍ പിതാവില്‍ നമ്മുക്ക് ദര്‍ശിക്കാം.

മാതൃസഭയുടെ അജപാലനാധികാരങ്ങള്‍ക്കായി ലത്തീന്‍ സഭാധികാരികളുടെ മുന്‍പില്‍ നില്‍ക്കുമ്പോഴും, ക്രിസ്തീയ വിശ്വാസസംഹിതയ്ക്കും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരെ അക്ഷരങ്ങള്‍കൊണ്ട് എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന് ഉറച്ച നിലപാടുകളാണ്.

കാര്യസാധ്യത്തിനായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സ്ഥാനമാനങ്ങള്‍ക്കായി നെട്ടോട്ടമോടാനോ അദ്ദേഹം തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കത്തോലിക്കാ വിശ്യാസവും ഒന്നിച്ചു പോകില്ലായെന്നും വിശ്വാസവും ആശയവും രണ്ടായിതന്നെ കാണണമെന്നും വിട്ടിവീഴ്ച്ചകളില്ലാതെ അദ്ദേഹം ഇന്നും പ്രഖ്യാപിക്കുന്നു. വിശ്വാസത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ത്ത് കെട്ടാന്‍ ശ്രമിക്കുന്ന ചില സഭാ നേതാക്കന്മാരുടേ പ്രസ്താവനകളോട് ഇത് ചേര്‍ത്ത് വായിക്കേണ്ടതാണ്. വിശ്വാസത്തെ വെറും ആശയത്തിന്റെ മടിയിലിരുത്താന്‍ അദ്ദേഹം തയ്യാറല്ല. കമ്മ്യൂണിസത്തെ നോക്കി പുഞ്ചിരിക്കാത്തതുകൊണ്ടും ഭരണ നേതൃത്വത്തിലുള്ളവരോട് മൃദു സമീപനം പുലര്‍ത്താതതുകൊണ്ടും അദ്ദേഹത്തിന് മാലയിടാനും സമ്മാനങ്ങള്‍ നല്‍കാനും നേതാക്കന്മാരില്ല. ഈ ഉറച്ച നിലപാടുകള്‍ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് മതൃകയാണ്; സഭയിലും സമൂഹത്തിലും.

തന്നെക്കാളും പ്രായം കുറഞ്ഞ കരിയാറ്റിലച്ചനെ മല്‍പ്പാന്‍ എന്നു മാത്രമെ പാറേമ്മാക്കലച്ചന്‍ വിശേഷിപ്പിച്ചു കാണുന്നുള്ളു.(കരിയാറ്റിയുടെ മെത്രാഭിഷേകത്തിന് ശേഷം മെത്രാപ്പോലിത്താ എന്നാണ് വിളിക്കുക). തന്നെക്കാളും പ്രായം കുറഞ്ഞ ആളാണെങ്കിലും റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റില്‍ മല്‍പ്പാന്റെ അറിവിനേയും പാണ്ഡ്യത്യത്തെയും പാറേമാക്കലച്ചന്‍ ആദരിക്കുന്നു. ഈ ഒരു ഗുണ വിശേഷം മാര്‍ പൗവ്വത്തിലും കാണാം. സഭാശസ്ത്രത്തിലോ, ബൈബിളിലോ, ആരാധനക്രമത്തിലോ അദ്ദേഹത്തിന് ബിരുദങ്ങളില്ല. ഈ കുറവ് അദ്ദേഹം നികത്തിയത് ആ വിഷയങ്ങളില്‍ അഗ്രഗണ്യരായ സഹോദര വൈദീകരുടെ അറിവും, സാമിപ്യവും, ഉപദേശവും കൊണ്ടായിരുന്നു. അങ്ങനെ ഈ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയ മെത്രാന്മാരെക്കാളും അറിവും പാണ്ഡ്യത്യവും അദ്ദേഹത്തിനുണ്ടായി. അതായത് സീറോ മലബാര്‍ സഭയില്‍ ആരാധനക്രമ, സഭാ വിഞ്ജാനീയ രംഗങ്ങളില്‍ മാര്‍ പൗവ്വത്തില്‍ന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ദൈവ ശാസ്ത്രഞ്ജന്മാരുണ്ടായി. ഉപരിപഠനം നടത്താത്ത പാറേമ്മാക്കലച്ചന്‍ ചരിത്രവും, വിഞ്ജാനവും, ആദ്ധ്യാത്മികതയും നിറഞ്ഞു നില്‍ക്കുന്ന ‘വര്‍ത്തമാന പുസ്തകം’ രചിച്ചതുപോലെ; സഭാ വിഷയങ്ങളില്‍ ഉപരി പഠനം നടത്താത്ത മാര്‍ പൗവത്തില്‍ ജീവിക്കുന്ന ‘വിഞ്ജാനകോശ’മാവുകയും ജ്ഞാനം നേടാന്‍ നിരന്തരം ശ്രമിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

3. മാണികത്തനാരുടെ ദീര്‍ഘ വീക്ഷണവും മാര്‍ പൗവ്വത്തില്‍ന്റെ മാതൃസഭാ ദര്‍ശനവും.

സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ് നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്‌നിച്ച പുണ്യാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക് നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം വയ്ക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.

സീറോ മലബാര്‍ സഭയ്ക്ക് സ്വയം ഭരണാവകാശം വേണമെന്നും ഈ സഭയ്ക്ക് ഒരു സഭാ തലവന്‍ ഉണ്ടാകണമെന്നും ആഗ്രഹിച്ച് പ്രവര്‍ത്തിച്ചയാളാണ് മാര്‍ പൗവ്വത്തില്‍. അദ്ദേഹത്തിന്റെ പ്രധാന ശ്രമ ഫലമായാണ് സീറോ മലബാര്‍ സഭ major ArchiEpiscopal സഭയായി മാറിയത്. പക്ഷേ മാണി കത്തനാര്‍ക്ക് സംഭവിച്ചതു പോലെ ഇവിടെയും സംഭവിച്ചു…അദ്ദേഹം സഭാ തലവനായില്ല. ദൈവഹിതം വ്യത്യാസ്തമായിരുന്നിരിക്കാം. പക്ഷേ, അന്നും ഇന്നും ഈ സഭയെ മുന്നില്‍ നിന്ന്; കല്ലേറു മുഴുവന്‍ കൊണ്ട് നയിക്കുന്നത് മാര്‍ പൗവ്വത്തില്‍ തന്നെയല്ലേ? കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കത്തോലിയ്ക്കാ സഭയുടെ നാവും മനസാക്ഷിയുമായി അദ്ദേഹം തുടരുന്നു. മരണം വരെ മെത്രാനാകാതെ നിധീരിയ്ക്കല്‍ മാണി കത്തനാര്‍ സഭയ്ക്ക് നേതൃത്വം നല്‍കിയതുപോലെ; സഭാ തലവനാകാതെ സഭയ്ക്ക് മാര്‍ഗ്ഗദര്‍ശിയും വഴികാട്ടിയുമായി മാര്‍ പൗവ്വത്തില്‍ തുടരുന്നു.

4. പ്ലാസിഡച്ചന്റെ പാണ്ഡിത്യവും മാര്‍ പൗവ്വത്തിലിന്റെ വിജ്ഞാന ദര്‍ശനവും.

‘വിശ്വാസത്തില്‍ ക്രിസ്ത്യാനി, സംസ്‌കാരത്തില്‍ ഭാരതീയന്‍, ആരാധനക്രമത്തില്‍ പൗരസ്ത്യന്‍’ നസ്രാണി സഭയ്ക്ക് ഈ മഹത്തായ വീക്ഷണം തന്നത് പ്ലാസിഡച്ചനാണ്. പ്ലാസിഡച്ചന്റെ അഗാധമായ പാണ്ഡിത്യമാണ് ഈ സഭയുടെ തനിമ വീണ്ടെടുക്കല്‍ പ്രക്രീയക്ക് ആക്കവും ആഴവും നല്‍കിയത്. പ്ലാസിഡച്ചന്റെ ഈ വിഞ്ജാനതൃഷ്ണ മാര്‍ പൗവ്വത്തിലിനുണ്ട്. പുസ്തകങ്ങളെ സ്‌നേഹിക്കുന്ന, വായനയെ ഇഷ്ടപ്പെടൂന്ന, വായിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന മാര്‍ പൗവ്വത്തില്‍; പ്ലാസിഡച്ചന്‍ ഈ സഭയ്ക്ക് പകര്‍ന്നു നല്‍കിയ ജ്ഞാന സമ്പത്ത് ആസ്വദിക്കുകയും ആസ്വദിക്കുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ വിജ്ഞാനദാഹമാണ് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ സഭാ വിജ്ഞാന പുനരുദ്ധീകരണ രംഗത്ത് മുന്നില്‍ നില്‍ക്കാനും നേതൃത്വം വഹിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കുറെ വര്‍ഷങ്ങളായി ഭാരത സഭയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു മെത്രാന്‍ മാര്‍ പൗവ്വത്തിലിനെ പോലെ വേറെ ഉണ്ടാവില്ല. അതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളയാളും വേറെ കാണില്ല.വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിയ്ക്കാതെ, വിമര്‍ശനങ്ങളെ അസ്വദിച്ച് മാര്‍ പൗവ്വത്തില്‍ സഭയ്ക്ക് വിളക്കായി മാറുന്നു.

പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ് വിശേഷിപ്പിച്ചത് ‘ആധുനിക സഭാപിതാവ്’ എന്നാണ്. പൗവത്തില്‍ പിതാവിനെ എന്താണ് വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ് 16?ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ് മെത്രാന്‍മാരോട് പറഞ്ഞത്രെ ‘ഇതാ സഭയുടെ കിരീടം’. അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്. ഈ വിശേഷണത്തിന് അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട് ഈ സഭയില്‍? മാതൃ സഭയുടെ പൊന്‍ കിരീടത്തെക്കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. ചിന്തകള്‍ അവസാനിപ്പിക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ കുറ്റവും മരിച്ചു കഴിഞ്ഞ് നന്മയും പറയുന്ന മലയാളി തഴക്കത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടാണ് മാര്‍ പൗവ്വത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതെഴുതുന്നത്. അതോടൊപ്പം അദ്ദേഹത്തിലൂടെ നസ്രാണി സഭയ്ക്ക് ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദിയും, വിമര്‍ശനങ്ങളും കല്ലേറുമേറ്റ് സഭയുടെ വിശ്വാസവും തനിമയും സംരക്ഷിയ്ക്കുന്ന പിതാവിന്റെ നിലപാടുകളോട് വിശ്വസ്തത കാണിക്കാത്തതിന് നസ്രാണി സഭയുടെ മാപ്പും, അദ്ദേഹത്തിന് ആദരവും. അദ്ദേഹത്തിന്റെ തീഷ്ണതയും സഭാ സ്‌നേഹവും സത്യ വിശ്വാസവും നസ്രാണി സഭയ്ക്ക് ഒരു ഉറച്ച കോട്ടയാകട്ടെ.

ഈശോയില്‍ സ്‌നേഹപൂര്‍വ്വം.
ചവറപ്പുഴ ജയിംസച്ചന്‍

www.marggam.blogspot.co.in എന്ന ബ്ലോഗില്‍ നിന്ന് എടുത്തത്.

RECENT POSTS
Copyright © . All rights reserved