Main News

ലണ്ടന്‍: ബ്രിട്ടനില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ. നിലവിലുള്ള 67 വയസില്‍ നിന്ന് 68 വയസായാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചിക്കുന്നത്. സര്‍ക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതി 2037 മുതല്‍ ഫലത്തില്‍ വരുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. ഈ മാറ്റം 60 ലക്ഷത്തിലേറെ ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ 47 വയസുള്ളവര്‍ സ്‌റ്റേറ്റ് പെന്‍ഷനായി അപേക്ഷിക്കണമെങ്കില്‍ ഇനി മുതല്‍ ഒരു വര്‍ഷം അധികം ജോലി ചെയ്യേണ്ടി വരും.

സര്‍ക്കാര്‍ പിന്തുടരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നാണ് ലേബര്‍ പ്രതികരിച്ചത്. പാര്‍ട്ടി പദ്ധതിയിട്ടിരുന്ന കാലയളവിനേക്കാള്‍ കൂടൂുതല്‍ കാലം ഏകദേശം 34 മില്യന്‍ ആളുകള്‍ ഇതനുസരിച്ച് ജോലി ചെയ്യേണ്ടി വരുമെന്ന് ലേബര്‍ ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡെബ്ബി അബ്രഹാംസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങുന്ന ഈ പദ്ധതി 1970 ഏപ്രില്‍ 6നും 1978 ഏപ്രില്‍ 5നും ഇടയില്‍ ജനിച്ചവരായിരിക്കും ഇതിനു കീഴില്‍ വരുന്നത്.

1970 ഏപ്രില്‍ 5ന് ജനിച്ചവര്‍ ഈ പദ്ധതിക്കു കീഴില്‍ വരില്ല. 2046-47 കാലയളവില്‍ 74 ബില്യന്‍ പൗണ്ട് ലാഭമുണ്ടാക്കുമെന്നാണ് ഈ പദ്ധതിയേക്കുറിച്ചുള്ള പ്രതീക്ഷ. ജീവിത ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ചാണ് ഈ മാറ്റമെന്നാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്. ജോണ്‍ ക്രിഡ്‌ലാന്‍ഡ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നത്.

നഴ്‌സിംഗ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു UNA യോര്‍ക്ഷയര്‍ സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക് whatsapp കൂട്ടായ്മ നിലവില്‍ വന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ജീവിത സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള നേഴ്‌സ്മാരോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്. തങ്ങള്‍ അനുഭവിച്ചതും തങ്ങള്‍ക്കു ചെയ്യാന്‍ പറ്റാതിരുന്നതുമായ കാര്യങ്ങള്‍ തങ്ങളുടെ സഹോദരന്മാരും സഹോദരിമാരും ഏറ്റെടുത്തു വരുന്ന തലമുറക്കുവേണ്ടി നടത്തുന്ന ഈ സമരത്തിന് അകമഴിഞ്ഞ ഉപാധ്യകളില്ലാത്ത പിന്തുണയാണ് ഈ കൂട്ടായ്മ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങി അന്താരാഷ്ട്ര സംഘടനകളോട് ഈ വിഷയത്തില്‍ ഇടപെടാനും ഇന്ത്യ ഗവണ്മെന്റിനും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു കത്തെഴുതിക്കഴിഞ്ഞു ഈ കൂട്ടായ്മ.

അസന്ഘടിതമായിരുന്ന ഈ മേഖലയെ സംഘടിപ്പിച്ചു ന്യായമായ കൂലിക്കും തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടുവാനും വേണ്ടി സമരമുഖത്തുള്ള നേഴ്‌സ്മാരോട് പിന്തുണ അറിയിക്കുവാന്‍ വേണ്ടി പ്രകടനങ്ങള്‍ നടത്തുവാനും , തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുവാനും ഈ വിഷയത്തില്‍ അനുഭാവപൂര്‍വമായ തീരുമാനം എടുക്കണം എന്നും കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും കൂട്ടായ്മ തീരുമാനിച്ചു.

പൊതുജനാരാഗ്യത്തിനു ഭീഷണിയായി മാറിയ കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെ ശക്തമായി അപലപിക്കുകയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ചൂഷണം അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭാവി പരിപാടികളും ഈ കൂട്ടായ്മ ഏറ്റെടുത്തുകഴിഞ്ഞു.

ലണ്ടന്‍: പ്രവാസി കേരള കൊണ്‍ഗ്രസ്സ് (എം) യുകെ ഘടകത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ പതിനഞ്ചു റീജിയനുകള്‍ ആയി തിരിച്ചു റീജിയണല്‍ കമ്മറ്റികള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ എന്നിവര്‍ അറിയിച്ചു. വിവിധ റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ അതാതു പ്രദേശത്തെ പാര്‍ട്ടി പ്രതിനിധികളെയും, നിലവിലുള്ള ഭാരവാഹികളെയും ചുമതലപ്പെടുത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം പിയുടെ യുകെ സന്ദര്‍ശന വേളയില്‍ വിവിധ റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം അറിയിച്ചിരുന്നു. അതെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എം എല്‍ എയുടെ സാനിദ്ധ്യത്തില്‍ കൂടിയ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് വിവിധ റീജിയനുകള്‍ രൂപീകരിക്കുകയും ഭാരവാഹികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തത്.

ഇതനുസരിച്ചു ഓരോ റീജിയണിന്റെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് ഭാരവാഹിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഓരോ റീജിയനുകളിലും ഉള്ള പാര്‍ട്ടി പ്രതിനിധികളുടെയും, അനുഭാവികളുടെയും യോഗം അതാതു പ്രദേശങ്ങളില്‍ വിപുലമായി വിളിച്ചു ചേര്‍ത്ത് റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താഴെപ്പറയുന്ന വിധത്തിലാകും റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കേണ്ടത്. വിവിധ റീജിയനുകളും അവ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഭാരവാഹികളും താഴെപ്പറയുന്ന വിധത്തില്‍ ആകും. അവസാനം നല്‍കിയിരിക്കുന്ന ദേശീയ ഭാരവാഹിയുടെ മേല്‍നോട്ടത്തില്‍ ആവും റീജിയണല്‍ കമ്മറ്റികളുടെ രൂപീകരണം

ലണ്ടന്‍ റീജിയന്‍; സോജി ടി മാത്യു, എബ്രഹാം കുതിരവട്ടം, ജോമോന്‍ കുന്നേല്‍, ജിജോ അരയത്ത്

കെന്റ് റീജിയന്‍; എബി പൊന്നാംകുഴി, സഖറിയാസ് ഞാവള്ളി, ബേബിച്ചന്‍ തോമസ്, സി എ ജോസഫ്, ജോഷി സിറിയക്

ബ്രൈറ്റന്‍ റീജിയന്‍. ജിജോ അരയത് ,ഷാജി തോമസ്, ജോഷി ജേക്കബ്

സറെ റീജിയന്‍. സി എ ജോസഫ്, ടോമിച്ചന്‍ കൊഴുവനാല്‍, ജോണി കല്ലട, ടോമിച്ചന്‍ കൊഴുവനാല്‍

സൗത്താംപ്ടണ്‍ റീജിയന്‍. ബെന്നി അമ്പാട്ട് ,ഡാന്റോ പോള്‍,അനീഷ് ജോര്‍ജ്, ബെന്നി അമ്പാട്ട്

ബ്രിസ്റ്റോള്‍ റീജിയന്‍. മാനുവല്‍ മാത്യു, ജോര്‍ജ് ജോസഫ്, റോബിന്‍ പോള്‍, മാനുവല്‍ മാത്യു

കേംബ്രിഡ്ജ് റീജിയന്‍. ജോയ് വള്ളോംകോട്ട്, സിനീഷ് മാത്യു, ബെന്നി, മാനുവല്‍ മാത്യു

ഓക്‌സ്ഫോര്‍ഡ് റീജിയന്‍. പയസ് അനാലില്‍, ബിജു മാത്യു, ബോബി മാത്യു, ബിനു മുപ്രാപ്പള്ളില്‍

ബര്‍മിംഗ്ഹാം റീജിയന്‍. ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി, ജിജി വരിക്കാശ്ശേരി, വിനോദ് ചുങ്കക്കാരോട്ട്, ബിനു മുപ്രാപ്പള്ളില്‍, ജോബിള്‍ ജോസ്, ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി

നോട്ടിങ്ഹാം റീജിയന്‍. അഡ്വ. ജോബി പുതുക്കളങ്ങര, ഷാജി മാളിയേക്കല്‍, ബെന്നി, ജെയ്മോന്‍ വഞ്ചിത്താനം, വിജയ് ജോസഫ്, ജെയിംസ് തോമസ്, ജിജി വരിക്കാശ്ശേരി

മാഞ്ചെസ്റ്റെര്‍ റീജിയന്‍. ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടില്‍, മനോജ് ,തോമസ് വാരികാട്ട് ,മാനുവല്‍ ബോസ്, സലാപ്പി പുതുപ്പറമ്പില്‍, ജോണി കണിവേലില്‍,ഷൈമോന്‍ തോട്ടുങ്കല്‍
പ്രെസ്റ്റന്‍ റീജിയന്‍., ജോഷി നടുത്തുണ്ടം, അലക്‌സ് പള്ളിയമ്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍

ന്യൂകാസില്‍ റീജിയന്‍. ഷെല്ലി ഫിലിപ്പ്, ഷിബു എട്ടുകാട്ടില്‍, ബിനു കിഴക്കയില്‍ ,ജൂബി എം .സി ,ജിജോ മാധവപ്പള്ളില്‍,സജി കാഞ്ഞിരപ്പറമ്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍

സ്‌കോട്‌ലന്‍ഡ് റീജിയന്‍. ടോം മാത്യു, സോണി ജോസഫ്, ടിജോ, ടോമിച്ചന്‍ കൊഴുവനാല്‍

വെയില്‍സ് റീജിയന്‍ എം സി ജോര്‍ജ്, രജി ജോസഫ്, ആല്‍വിന്‍ ജോര്‍ജ്, സി എ ജോസഫ്

ഇവരുടെ നേതൃത്വത്തില്‍ ചേരുന്ന റീജിയണല്‍ കമ്മറ്റികളുടെ രൂപീരണത്തിനുശേഷം റീജിയണല്‍ ഭാരവാഹികളുടെ വിപുലമായ യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

യു.കെയിലെ മലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന പ്രഥമ വള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങള്‍ സംഘാടകര്‍ ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 22 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം മാറ്റുരയ്ക്കാന്‍ വെയില്‍സില്‍ നിന്നും സ്‌ക്കോട്ട്‌ലാന്റില്‍ നിന്നുമെല്ലാം ടീമുകള്‍ എത്തിച്ചേരുന്നുണ്ട്. പല ടീമുകളും ഒരു ഫാമിലി ടൂര്‍ എന്ന നിലയില്‍ പ്രാദേശിക അസോസിയേഷനുകള്‍ നേതൃത്വം നല്‍കി ബസ്സ് ബുക്ക് ചെയ്ത് വരുന്നതിനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്.

മത്സരാര്‍ത്ഥികള്‍ക്കെന്നത് പോലെ കുട്ടികള്‍ക്കും മറ്റും എന്‍ജോയ് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഉണ്ടാവുമോ എന്നുള്ളതും സംഘാടകരോട് അന്വേഷിക്കുന്നുണ്ട്. കുട്ടുകള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം എന്‍ജോയ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലുള്ള വിവിധ സൗകര്യങ്ങള്‍ ജൂലൈ 29 ശനിയാഴ്ച്ച നടത്തപ്പെടുന്ന വള്ളംകളി മത്സരത്തോട് അനുബന്ധിച്ച് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ്, ചീഫ് ഓര്‍ഗനൈസര്‍ റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

650 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടര്‍. വള്ളംകളി മത്സരം അരങ്ങേറുന്നത് ഈ പാര്‍ക്കിലെ വളരെ വിശാലമായ തടാകത്തിനുള്ളിലാണ്. 5 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള തടാകങ്ങളും ചെറു നദികളും വച്ച് നോക്കിയാല്‍ ഡ്രേക്കോട്ട് വാട്ടറിനൊപ്പം കിടപിടിയ്ക്കത്തക്ക സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്.

ഏറ്റവും ശ്രദ്ധേയമായത് വിശാലമായ പാര്‍ക്കിങ് സൗകര്യമാണ്. അഞ്ഞൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം സാധാരണ നിലയില്‍ തന്നെ ലഭ്യമാണ്. പ്രത്യേക പരിപാടികള്‍ നടക്കുമ്പോള്‍ 2000ല്‍പരം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ക്രമീകരണങ്ങള്‍ നടത്താം. ഇത് കൂടാതെ ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. വള്ളംകളി മത്സരം നടക്കുന്ന ജൂലൈ 29 ശനിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് തന്നെ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്കായുള്ള കൗണ്ടറുകള്‍ തുറക്കുന്നതാണ്. പാര്‍ക്കിംഗ് അറ്റന്റുമാര്‍ ഡ്രേക്കോട്ട് വാട്ടറിലേയ്ക്ക് എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്.

ഒരു കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന മതില്‍ക്കെട്ടിന് ചേര്‍ന്ന് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന് അവസരമുണ്ടായിരിക്കും. ഈ മതില്‍കെട്ടിനോട് ചേര്‍ന്ന് നല്ല വീതിയിലുള്ള റോഡ് ആയതുകൊണ്ട് നാലോ അഞ്ചോ നിരയായി ആളുകള്‍ നിന്നാല്‍ പോലും മത്സരം വീക്ഷിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരേ സമയം അയ്യായിരത്തില്‍പരം ആളുകള്‍ക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

മത്സരം നടക്കുന്നതിനു നേരേ എതിര്‍ ദിശയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.

ഡ്രേക്കോട്ട് സെയിലിങ് ക്ലബുമായി സഹകരിച്ചാണ് മിതമായ നിരക്കില്‍ ബോട്ടിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ബോട്ടിങ് ആരംഭിക്കുന്നത്. മത്സരം നടക്കുന്നതിന് തടസ്സമുണ്ടാവാത്ത വിധം തടാകത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നാവും ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ അന്നേ ദിവസം തയ്യാറാക്കിയിട്ടുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും ലഭിക്കുന്നതായിരിക്കും.

കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം പാര്‍ക്കിലുണ്ട്. കുട്ടികള്‍ക്കായുള്ള സാധാരണ പാര്‍ക്കുകളില്‍ ലഭ്യമായിട്ടുള്ളതിലധികം ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം ഇവിടെ സമയം ചെലവഴിക്കുന്നവര്‍ക്ക് മത്സരങ്ങളും ലൈവ് സ്റ്റേജ് പ്രോഗ്രാമും നേരിട്ട് കാണുന്നതിന് സാധിക്കാതെ വരും. എന്നാല്‍ ഇവര്‍ക്ക് വേണ്ടി പടുകൂറ്റന്‍ ഓപ്പണ്‍ എയര്‍ എച്ച്.ഡി ക്വാളിറ്റി ബിഗ്‌സ്‌ക്രീന്‍ കുട്ടികളുടെ കളി സ്ഥലത്തിന് സമീപം അറേഞ്ച് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി ഫേസ് പെയിന്റിങ് പോലുള്ള വിനോദങ്ങളും ഉണ്ടായിരിക്കും.

മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെയുള്ള ഭക്ഷണ പാനീയങ്ങള്‍ ഈ കൗണ്ടറുകളില്‍ നിന്നും ലഭ്യമായിരിക്കും.

കൂടാതെ സൈക്ലിങ് ഇഷ്ടപ്പെടുന്ന ഫാമിലികള്‍ക്ക് ഡ്രേക്കോട്ട് പാര്‍ക്ക് ഒരു ഇഷ്ട കേന്ദ്രമായിരിക്കും. മത്സരം നടക്കുന്ന തടാകത്തിന് ചുറ്റിലുമുള്ള അഞ്ച് മൈല്‍ ദൈര്‍ഘ്യമുള്ള റോഡില്‍ സൈക്ലിങ് അനുവദനീയമാണ്. എന്നാല്‍ താത്പര്യമുള്ളവര്‍ സൈക്കിളുകള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവരേണ്ടതാണ്.

വള്ളംകളി മത്സരത്തില്‍ വിവിധ ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒരു ഫാമിലി ഫണ്‍ ഡേ എന്ന നിലയില്‍ മലയാളി കുടുംബങ്ങള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം കൂടിയാണ് യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലണ്ടന്‍ എന്നിവരുടെ പിന്തുണയോടെ അണിയിച്ചൊരുക്കിയിട്ടുള്ളത്. യൂറോപ്പില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ വള്ളംകളി മത്സരത്തില്‍ പങ്കാളികളാവുന്നതിനുള്ള അവസരം എല്ലാ യു.കെ മലയാളികളും വിനയോഗിക്കണമെന്ന് സ്വാഗതസംഘത്തിന് വേണ്ടി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

മലയാളം യുകെ ന്യൂസ് ടീം.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള നഴ്സുമാരുടെ അവകാശ സമരത്തിന് പ്രവാസി മലയാളികളുടെ പിന്തുണ അനുദിനം വർദ്ധിക്കുന്നു. ധാർമ്മിക പിന്തുണ നല്കിയും സാമ്പത്തികമായി സഹായിച്ചും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ രംഗത്ത് എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സജീവമായ പിന്തുണയും പ്രചാരണവുമാണ് പ്രവാസി നഴ്സുമാർ നല്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ കഴിയുന്നതും നഴ്സുമാരുടെ അവകാശ സമരത്തെ അവഗണിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നഴ്സിംഗ് സമൂഹത്തിൻറെ പിന്തുണ സമരമുഖത്തുള്ള നഴ്സുമാർക്ക് ആവേശവും പ്രചോദനവുമാണ് നല്കുന്നത്. യുകെയിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ കേരളത്തിലേക്ക് പോകുന്ന മലയാളി നഴ്സുമാരിൽ പലരും കുടുംബസമേതം സമര പന്തലിൽ എത്തി സമരം ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കും.

യുകെയിലെ ന്യൂകാസിൽ അപ്പോൺ ടൈനിലിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മ  UNA യുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിലെയും റോയൽ വിക്ടോറിയ ഇൻഫേർമറിയിലെയും മലയാളി നഴ്സുമാരുടെ കൂട്ടായ്മ സമരരംഗത്ത് ഉള്ള നഴ്സുമാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. “ദൈവത്തിൻറെ സ്വന്തം നാട്ടിലെ മാലാഖാമാരുടെ ആവശ്യങ്ങൾ ന്യായമാണ്. നഴ്സുമാരുടെ  ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം.  സമരമുഖത്തുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്.. സമരം ശക്തമായി തുടരുക.. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാവും”. ന്യൂകാസിൽ നോർത്ത് ഈസ്റ്റ് കൂട്ടായ്മയിലെ നഴ്സുമാർ പറഞ്ഞു. UNA യുടെ ധീരമായ നേതൃത്വം നഴ്സുമാർക്ക് ആശയും ആവേശവുമാണ് നല്കുന്നത് എന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ നിഷാ ബിനോയി പറഞ്ഞു.

ജൂലൈ 20ന് നഴ്സുമാരുടെ സമരവുമായി ബസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ UNA യുമായി ചർച്ച നടത്തുന്നുണ്ട്. സുപ്രീം കോടതി നിർദ്ദേശിച്ച 20,000 രൂപ അടിസ്ഥാന ശമ്പളമായി നഴ്സുമാർക്ക് നല്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം 17, 200 രൂപയായി ഉയർത്തണമെന്ന് മിനിമം വേജസ് കമ്മിറ്റി ജൂലൈ 10 ന് ഗവൺമെന്റിന് ശുപാർശ നല്കിയിരുന്നു. സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായായതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പണിമുടക്ക് UNA മാറ്റി വച്ചിരുന്നു.

[ot-video][/ot-video]

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. പുറമ്പോക്ക് ഭൂമി കയ്യേറിയാണ് തീയേറ്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിതിന്റെ പ്ശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. ഈ മാസം 27ന് ഭൂമി അളക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡി സിനിമാസിനു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ കളക്ടറാണ് കയ്യേറ്റം സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കളക്ടര്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ കളക്ടര്‍ എസ്.എം.ജയയുടെ കാലത്താണ് ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നത്. രാജഭരണത്തിനു കീഴിലുണ്ടായിരുന്ന ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയാക്കി നിജപ്പെടുത്തിയിരുന്നു.

ദേശീയ പാതയ്ക്കായി അതില്‍ നിന്ന് കുറച്ചു ഭൂമി നല്‍കിയിരുന്നു. ഇവിടെ പിന്നീട് ചില പോക്കുവരവുകള്‍ നടന്നിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചാലക്കുടി ശ്രീധരമംഗലം ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ തിരുക്കൊച്ചി മന്ത്രിസഭ കൈമാറിയ ഒരേക്കര്‍ സ്ഥലത്ത് 8 ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

ലണ്ടന്‍: ആറ് തരത്തിലുള്ള ക്യാന്‍സറുകള്‍ ബാധിച്ചവര്‍ 5 വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് പഠനം. ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ അഞ്ച് മടങ്ങ് കുറവാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. മറ്റ് 11 തരം ക്യാന്‍സറുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. പാന്‍ക്രിയാസ്, കരള്‍, മസ്തിഷ്‌കം, ശ്വാസകോശം, അന്നനാളം, ഉദരം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് ഏറ്റവും മാരകം. ഇവ ബാധിച്ചവര്‍ രോഗമുക്തി നേടുന്നതിന്റെ നിരക്കാണ് വിശകലന വിധേയമാക്കിയത്. അഞ്ച് ചാരിറ്റികള്‍ ചേര്‍ന്ന് രൂപീകരിച്ച ലെസ് സര്‍വൈവബിള്‍ ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കിയത്.

ഈ ക്യാന്‍സറുകള്‍ ബാധിച്ചവര്‍ 5 വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കുന്നത് വെറും 14 ശതമാനം മാത്രമാണ്. അതേ സമയം മറ്റുവിധത്തിലുള്ള ്അര്‍ബുദങ്ങള്‍ ബാധിച്ചവരില്‍ 64 ശതമാനം പേര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കാറുണ്ട്. വളരം വിരളവും എന്നാല്‍ മാരകവുമായ ക്യാന്‍സറുകളേക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടക്കാത്തതും ഈ പ്രശ്‌നത്തിന് കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. രോഗം കണ്ടെത്തുന്നതില്‍ നേരിടുന്ന കാലതാമസവും ലക്ഷണങ്ങളേക്കുറിച്ച് ധാരണയില്ലാത്തതും ചികിത്സക്കുള്ള സൗകര്യങ്ങളുടെ കുറവും മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

യുകെയില്‍ ഇത്തരം മാരക ക്യാന്‍സറുകളുടെ പഠനങ്ങള്‍ക്കായി മറ്റ് ക്യാന്‍സറുകളുടെ പഠനത്തിന് അനുവദിച്ചതിന്റെ 17 ശതമാനം തുക മാത്രമാണ് യുകെയില്‍ അടുത്ത കാലത്ത് ലഭിച്ചത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ യുകെ, ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റ്, ബ്രെയിന്‍ ട്യൂമര്‍ ചാരിറ്റി, ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹാര്‍ട്ട്‌ബേണ്‍ കോര്‍ എന്നീ ചാരിറ്റികളാണ് ഈ പഠനത്തിനായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്.

ലണ്ടന്‍: ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാന്‍ ശ്രമിച്ച ഉപഭോക്താവിനെ കോസ്റ്റ കോഫി ജീവനക്കാരന്‍ അതിന് അനുവദിച്ചില്ല. വാട്ടര്‍ലൂ സ്റ്റേഷനിലെ ഔട്ട്‌ലെറ്റിലാണ് സംഭവം. ഏഡ്രിയന്‍ പിന്‍സെന്റ് എന്നയാളാണ് ഭിക്ഷക്കാരന് ഒരു സാന്‍ഡ് വിച്ചും സോഫ്റ്റ് ഡ്രിങ്കും വാങ്ങി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഔട്ടലെറ്റിലെ ബാരിസ്റ്റ ഇവ നല്‍കാന്‍ തയ്യാറായില്ലെന്ന് പിന്‍സെന്റ് അറിയിച്ചു. ജീവനക്കാരനുമായുള്ള സംഭാഷണം മൊബൈലില്‍ ചിത്രീകരിച്ചതും പുറത്തു വിട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ താന്‍ പ്രോസിക്യൂട്ട് ചെയ്‌തേക്കാമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

സ്റ്റേഷന്‍ പോളിസികള്‍ക്കു വിരുദ്ധമാണ് ഭിക്ഷക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് ജീവനക്കാരന്‍ പിന്‍സെന്റിനോട് പറയുന്നത്. ഇത് തങ്ങളുടെ നയമല്ലെന്നും സ്‌റ്റേഷന്‍ നിയമങ്ങളു പോലീസും അപ്രകാരമാണ് പറയുന്നതെന്നുമാണ് ജീവനക്കാരന്‍ പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സ്റ്റേഷനോ അതിന്റെ നടത്തിപ്പുകാരായ തങ്ങള്‍ക്കോ അങ്ങനെ ഒരു നയം ഇല്ലെന്ന് നെറ്റ് വര്‍ക്ക് റെയില്‍ അറിയിച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാനാണ് പിന്‍സെന്റ് ശ്രമിക്കുന്നതെന്ന് കോസ്റ്റ കോഫി ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നറിയാന്‍ അയാളെയും പിന്‍സെന്റ് കൂടെ കൊണ്ടുവന്നിരുന്നു. സംഭവം തനിക്ക് വലിയ അപമാനമായെന്ന് പിന്‍സെന്റ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭക്ഷണം വാങ്ങാന്‍ വരുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ നയമല്ലെന്നായിരുന്ന കോസ്റ്റയുടെ ഔദ്യോഗിക വിശദീകരണം. ജീവനക്കാര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാവാമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോഫി ഹൗസ് ചെയിന്‍ ആയ കോസ്റ്റ കോഫി വിശദീകരിച്ചു.

ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ ഇരയായത് പൂര്‍ണ്ണ ഗര്‍ഭിണിയായ സത്രീ. ലണ്ടനില്‍ കഴിഞ്ഞ നാലാം തിയതിയാണ് സംഭവം ഉണ്ടായത്. മൈല്‍ എന്‍ഡില്‍ ബോ റോഡിലൂടെ നടന്നു വരികയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അതിരാവിലെ നടക്കുകയായിരുന്ന ഇവരെ സമീപിച്ച ഒരാള്‍ ദമ്പതികള്‍ക്കു നേരെ ആഡിഡ് എറിയുകയായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇവരുടെ വയറിന് പൊള്ളലേറ്റു. പങ്കാളിയുടെ മുഖത്തും പൊള്ളല്‍ ഏറ്റിട്ടുണ്ട്.

ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പൊള്ളലേറ്റ സ്ത്രീയുടെ വയറിനാണ് പരിക്ക്. എന്നാല്‍ മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രോസിക്യൂട്ടര്‍ കവിത താഴ്‌സണ്‍ പറഞ്ഞു. സ്ത്രീയുടെ പങ്കാളിയുടെ മുഖത്താണ് പരിക്കേറ്റത്. ഈ ആക്രമണത്തിനു മുമ്പായി സോമാലി വംശജരുടെ സംഘവുമായി ഇവര്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. മുസ്തഫ അഹമ്മദ് എന്ന 19 കാരനാണ് സംഭവത്തില്‍ പിടിയിലായത്.

ലണ്ടനില്‍ ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പേര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ക്കാണ് പരിക്കേറ്റത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതാണ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതും പൊതുസ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നത് ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് തുല്യമായി കണക്കാക്കുന്നത് അടക്കമുള്ള നിയമനിര്‍മാണങ്ങളാണ് ആലേചിക്കുന്നത്.

ഷിജു ചാക്കോ 

യുകെ മലയാളിക്ക് ദുഖകരമായ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് നിത്യതയിലേക്ക് യാത്രയായ ടീന പോളിന് ഇന്നലെ യുകെ മലയാളികള്‍ കണ്ണീരോടെ വിട ചൊല്ലി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീനയുടെ സുഹൃത്തുക്കളും മറ്റ് മലയാളികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് അവസാനമായി ടീനയെ ഒരു നോക്ക് കാണുന്നതിനായി ഇന്നലെ കാര്‍ഡിഫില്‍ എത്തിച്ചേര്‍ന്നത്. നിറഞ്ഞ പുഞ്ചിരിയുടെയും സൗമ്യമായ പെരുമാറ്റത്തോടെയും രോഗാവസ്ഥയില്‍ പോലും കണ്ടിരുന്ന ടീന കാര്‍ഡിഫ് മലയാളികള്‍ക്ക് എത്ര മാത്രം പ്രിയങ്കരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ടീനയെ കാണാനെത്തിയ ഓരോരുത്തരുടെയും മുഖത്ത് കണ്ട കണ്ണീരിന്‍റെ നനവ്‌.

രാവിലെ 11.30ന് ക്രമീകരിച്ച പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനയിലും തിരുക്കര്‍മ്മങ്ങളിലും കാര്‍മ്മികരായി വൈദികരായി ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍, ഫാദര്‍ ആംബ്രോസ്, ഫാദര്‍ മാത്യു ചൂരപൊയ്കയില്‍, ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച്ച എമിറേറ്റ്‌സ് ഫ്‌ലൈറ്റില്‍ ടീനയുടെ ഭൗതിക ശരീരം നാലിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച ഇടവക പള്ളിയായ തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ആണ് ടീനയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ കാര്‍ഡിഫ് ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്. 30 വയസ് മാത്രമായിരുന്നു പ്രായം. 2010ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. ആരും പതറി പോകുന്ന അവസ്ഥ ആയിട്ടുകൂടി രോഗത്തോട് പോരാടി 2013ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം പിടികൂടിയത്.

ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു റ്റീനയ്ക്കെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017ല്‍ ആണ് ടീനയ്ക്ക് വീണ്ടും അര്‍ബുദ രോഗം പിടിപെട്ടത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരിയും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.

ഇന്നലെ നടന്ന ചടങ്ങിലെ ആമുഖ പ്രസംഗത്തില്‍ കാര്‍ഡിഫ്‌സ് പീറ്റേഴ്‌സ് റോമന്‍ കാത്തലിക് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ ടീന പോളിനെ അനുസ്മരിച്ചത് കൂടിയിരുന്ന നൂറുകണക്കിന് ആളുകളുടെ മിഴികള്‍ നിറച്ചു. ബിഷപ്പ് സ്രാമ്പിക്കല്‍ പിതാവ് റ്റീനയെക്കുറിച്ചു പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ടീന ഉറങ്ങുന്നതായിട്ടാണ് തോന്നിയത് എന്നാണ്.

ടീനയുടെ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം വരെ നിറമനസ്സോടെ ശ്രുശൂഷിച്ച ജോണ്‍ പോളിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എന്നാണ് അനുശോചനത്തില്‍ ഓരോരുത്തരും പറഞ്ഞത്. സ്വന്തം മകളുടെ കാര്യങ്ങള്‍ കൂടി മറന്നു കൊണ്ട് ആയിരുന്നു രോഗാവസ്ഥയില്‍ ജോണ്‍ പോളും ഭാര്യയും ടീനയെ ശ്രുശൂഷിച്ചതെന്നു ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ പറയുകയുണ്ടായി. ടീനക്ക് അന്ത്യ യാത്ര നല്‍കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഫാദര്‍ ആംബ്രോസ് നന്ദി രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved