ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഒരു രാസഘടകം പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ രാസവസ്തുവിന്റെ സാന്നിധ്യം കൗമാര പ്രായക്കാരിലും കണ്ടെത്തിതായി പഠനം പറയുന്നു. 80 ശതമാനത്തോളം കൗമാരക്കാരായ ആണ്‍കുട്ടികളുടെ ശരീരത്തിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 17നും 19നുമിടയില്‍ പ്രായമുള്ള 94 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുടിവെള്ളം ലഭിക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും ടില്‍ റെസിപ്റ്റുകളിലും തുടങ്ങി മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ബിസ്‌ഫെനോള്‍ എ എന്ന രാസഘടകമാണ് വില്ലന്‍.

സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജനുമായി വളരെയേറെ സാമ്യമുള്ള ഈ രാസവസ്തു പുരുഷന്‍മാരില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാകുമെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. വളരെ സുരക്ഷിതമാണെന്നും മനുഷ്യരില്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്നും പ്ലാസ്റ്റിക് വ്യവസായ മേഖല അവകാശപ്പെടുന്ന ഇത് ചില ജീനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്നതായാണ് തെളിഞ്ഞത്. ഡെവണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ പഠനത്തില്‍ പങ്കെടുത്തത്.

ഒരാഴ്ചയോളം പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് അകലം പാലിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ടിന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും നിത്യോപയോഗത്തിന് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ മനുഷ്യശരീരത്തില്‍ ആറ് മണിക്കൂറുകള്‍ മാത്രമേ ഈ രാസവസ്തു നിലനില്‍ക്കുകയുള്ളു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും പഠനത്തില്‍ പങ്കെടുത്തവരുടെ ശരീരത്തില്‍ ഇതിന്റെ അംശങ്ങള്‍ കണ്ടെത്തി. അവയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നും വ്യക്തമായി. പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം മൂലം മനുഷ്യന് ഈ രാസവസ്തുവില്‍ നിന്ന് മോചനം അത്ര എളുപ്പമല്ലെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്.