ലിവർപൂൾ: താന്‍ ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിലെ ഡിമെന്‍ഷ്യാ രോഗിയായ 78 വയസുള്ള വയോവൃദ്ധയെ ലൈംഗിക പീഡനത്തിനിരയാക്കിയ മലയാളിക്ക് ബ്രിട്ടനില്‍ 20 മാസം തടവു ശിക്ഷ. ലിവര്‍ പൂളിലെ വെസ്റ്റ് ഡെര്‍ബിക്കു സമീപം താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോളമന് തോമസാണു (46) ബ്രിട്ടനിലെ മലയാളി സമൂഹത്തിനാകെ അപമാനകരമായ കുറ്റകൃത്യത്തിലൂടെ ജയില്‍ശിക്ഷയ്ക്കു വിധേയനായത്. നഴ്സിങ് ഹോമില്‍ കെയററായി ജോലി ചെയ്തിരുന്ന സോളമന് രാത്രി രണ്ടുമണിയോടെ ഡിമന്‍ഷ്യാ രോഗിയായ വൃദ്ധയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു കേസ്.
ഈ സമയം വൃദ്ധയുടെ മുറിയിലെ മോഷന്‍ സെന്‍സര്‍ അലാം ഓഫാക്കിയിരുന്നതായും കണ്ടെത്തി. സഹപ്രവര്‍ത്തകയായ യുവതിയാണു സംഭവം നേരില്‍കണ്ടു മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് ചെയ്തത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഈ ജീവനക്കാരി വൃദ്ധയുടെ മുറിയില്‍ ചെന്നപ്പോള്‍ ഇവര്‍ ഇരിക്കുന്ന അവസ്ഥയിലും സോളമന് അര്‍ദ്ധ നഗ്നനായി ഇവരുടെ മുന്പില് മുട്ട് കുത്തി നില്‍ക്കുന്നതായും കാണുകയായിരുന്നു. വൃദ്ധയുടെ നൈറ്റ് ഗൌണ്‍ അഴിച്ച് മാറ്റിയിരുന്നതായും ഇവര്‍ പറഞ്ഞു. തന്നെ കണ്ട ഉടന്‍ തന്നെ സോളമന് മുറി വിട്ടു പുറത്ത് പോയതായും ഇവര്‍ അറിയിച്ചു.
പിന്നീട് ഇക്കാര്യം ആരോടും പറയരുത് എന്ന് സോളമന് തന്നോട് യാചിച്ചതായും ഇവര്‍ പോലീസിനു മൊഴി നല്കി. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യം ആയതിനാല്‍ ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോള്‍ സോളമന് ആരോപണം നിഷേധിച്ചെങ്കിലും വൃദ്ധയുടെ മാറിടത്തില്‍നിന്നു ലഭിച്ച ഉമിനീരെന്നു കരുതുന്ന സ്രവം സോളമന്റേതാണെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിശദീകരിച്ചു. എല്ലാത്തരം പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാക്കി ആറുമാസം മുമ്പാണ് സോളമന് വെസ്റ്റ് ഡെര്‍ബിയിലെ ‘ലൌ ടു കെയര്‍’ എന്ന നഴ്സിങ് ഹോമില്‍ ജോലിക്കു കയറിയത്.
മൂന്നു കുട്ടികളുടെ പിതാവാണു സുവിശേഷ പ്രസംഗകന് കൂടിയായ സോളമന്. സംഭവത്തിനുശേഷം രോഗിയായ വൃദ്ധയുടെ കളിചിരികള്‍പോലും കുറഞ്ഞതായും ഏഷ്യന്‍ ഡോക്ടര്‍മാരോടുപോലും അവര്‍ സംശയത്തോടും ആശങ്കയോടുംകൂടെയാണ് ഇടപെടുന്നതെന്നും വൃദ്ധയുടെ മകള്‍ പറഞ്ഞു. 20 മാസത്തെ ജയില്‍ശിക്ഷയ്ക്കു പുറമേ, ലൈംഗിക അതിക്രമം നടത്തുന്നവരുടെ പട്ടികയില്‍ പത്തുവര്‍ഷത്തേക്കു സോളമന്റെ പേരു ചേര്‍ക്കാനും ജഡ്ജി എലിസബത്ത് നിക്കോള്‍സ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു.
Also read:
ലണ്ടന്‍: വിവാദമായ സാറ്റ് പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതിനു പകരം 9 വയസുള്ള കുട്ടികള്‍ക്കായി ടൈംടേബിള്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തും. സാറ്റ് പരീക്ഷകള്‍ 2023 മുതല്‍ ഒഴിവാക്കാനാണ് പദ്ധതി. ടൈം ടേബിള്‍ ടെസ്റ്റുകള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകും. കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയേക്കുറിച്ചുള്ള ചിത്രം അധ്യാപകര്‍ക്ക് ലഭിക്കുന്നതിന് ഈ പരീക്ഷ ഉപകരിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞു. കീ സ്റ്റേജ് 1 ടെസ്റ്റില്‍ വായന, എഴുത്ത്, കണക്ക്, സയന്‍സ് എന്നിവയിലുള്ള പരീക്ഷകളാണ് നിര്‍ബന്ധിതമായി നടത്തിയിരുന്നത്.
സ്കൂളുകളുടെ നിലവാരം അളക്കുന്നതിനും ഉപയോഗിച്ചിരുന്ന ഈ നിര്‍ബന്ധിത പരീക്ഷ ഏഴ് വയസ് പ്രായമുള്ളവര്‍ എഴുതണമായിരുന്നു. കുട്ടികള്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണമുയര്‍ന്നതോടെ വിവാദത്തിലായ ഈ പരീക്ഷില്‍ ഇംഗ്ലണ്ടില്‍ മാത്രം ഓരോ വര്‍ഷവും 5 ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും ഈ പരീക്ഷയ്ക്ക് എതിരായിരുന്നു. കുട്ടികള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നായിരുന്നു ഇതിനെ അനുകൂലിക്കുന്നവര്‍ വാദിച്ചിരുന്നത്.
സ്കൂളുകള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ നടത്തുന്ന ബേസ് ലൈന്‍ അവലോകനമാണ് ഇനി മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളില്‍ ഒന്ന്. സ്കൂളില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പുരോഗതി വിലയിരുത്താന്‍ ഇത് മാനദണ്ഡമാക്കും. 11 വയസാകുമ്പോള്‍ സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.
ലണ്ടന്‍: കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ എക്സ് അമേരിക്കയില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കും. എന്നാല്‍ ഇപ്രകരാം അമേരിക്കയില്‍ നിന്ന് ഐഫോണ്‍ വാങ്ങി യുകെയില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എത്ര പേര്‍ക്ക് അറിയാം. യൂറോപ്പില്‍ ഐഫോണിന് വിലക്കൂടുതലാണ്. അതുകൊണ്ടാണ് ചിലര്‍ ട്രാന്‍സ്അറ്റ്ലാന്റിക് വിമാനങ്ങള്‍ കയറി ഇവ വാങ്ങാന്‍ അമേരിക്കയിലേക്ക് പറക്കുന്നത്. വിമാനയാത്രക്കുള്ള നിരക്കു കൂടി പരിഗണിച്ചാലും ഐഫോണിന്റെ വിലയില്‍ കാര്യമായ ലാഭം ലഭിക്കും. എന്നാല്‍ അന്താരാഷ്ട്ര ഇലക്ട്രോണിക്സ് കള്ളക്കടത്തുകാരന് എന്ന പദവിയും ഇതിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് വാസ്തവം.
256 ജിബി ഐഫോണ്‍ എക്സിന് യുകെയില്‍ 1149 പൗണ്ടാണ് വില. യൂറോസോണില്‍ ഇതിന് 1319 യൂറോ നല്‍കണം (1186 പൗണ്ട്). എന്നാല്‍ അമേരിക്കയില്‍ ഇതിന് 869.33 പൗണ്ടിന് തുല്യമായ 1149 ഡോളര്‍ മാത്രമാണ് വില. 280 പൗണ്ടിന്റെ ലാഭം! ഐസ്ലാന്‍ഡിലെ വൗഎയര്‍ ഗാറ്റ്വിക്ക്-ന്യൂയോര്‍ക്ക് റൂട്ടില്‍ റിട്ടേണ്‍ ടിക്കറ്റിന് ഈടാക്കുന്നത് 278 പൗണ്ട് മാത്രമാണ് എന്നറിയുമ്പോളാണ് ഇതിലെ ലാഭം മനസിലാകുക. അതായത് ഐഫോണ്‍ എക്സ് വാങ്ങുകയും ചെയ്യാം അതില്‍ ലഭിക്കുന്ന ലാഭത്തിന് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുകയുമാകാം.
യൂറോപ്പില്‍ വാറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് വിലയീടാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ സെയില്‍സ് ടാക്സ് വളരെ കുറവുമാണ്. ന്യൂയോര്‍ക്കില്‍ 8.75 ശതമാനം മാത്രമാണ് സെയില്‍സ് ടാക്സ്. എന്നാല്‍ ഈ വിധത്തില്‍ വാങ്ങുന്ന ഐഫോണ്‍ യുകെയില്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് എച്ച്എംആര്‍സി വ്യക്തമാക്കുന്നു. 390 പൗണ്ട് വരെ മൂല്യമുള്ള വസ്തുക്കള്‍ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി കൊണ്ടുവരാം. അതിനു മേല്‍ മൂല്യമുള്ളവയ്ക്ക് ഇറക്കുമതിച്ചുങ്കവും നികുതികളും നല്‍കണമെന്നാണ് ചട്ടം. വ്യക്തിഗത ഉപയോഗത്തിനുള്ളതെന്നത് പോലും ഇതില്‍ ന്യായീകരണമാകില്ല. കസ്റ്റം്സ് പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ നിങ്ങളെ കള്ളക്കടത്തുകാരനായി പരിഗണിച്ചായിരിക്കും വിചാരണ ചെയ്യുക.
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ 3.9 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്ത്. എന്‍എച്ച്എസ് ജീവനക്കാരും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ചാന്‍സലര്‍ക്ക് കത്തയച്ചു. കുറച്ചു വര്‍ഷങ്ങളായി നിലവിലുള്ള നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 800 പൗണ്ട് എങ്കിലും അധികം നല്‍കണമെന്നാണ് ആവശ്യം. നാണയപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ 2010 മുതല്‍ 15 ശതമാനം കുറവാണ് ശമ്പളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ജാവനക്കാര്‍ പറയുന്നു. 14 യൂണിയനുകള്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രത്യേക വിഭാഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് ശമ്പളനിയന്ത്രണം നീക്കുന്നത് ശരിയായ രീതിയല്ലെന്നും യൂണിയനുകള്‍ പറഞ്ഞു. എല്ലാ യൂണിയനുകളിലുമായി 10 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ഈ കത്തല് ഒപ്പ് വെച്ചിട്ടില്ല. ശമ്പള നിയന്ത്രണം നീക്കിയാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നും യൂണിയനുകള്‍ വ്യക്തമാക്കുന്നു.
40,000 പോസ്റ്റുകള്‍ എന്‍എച്ച്എസില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അടുത്ത വര്‍ഷത്തോടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ശമ്പളവര്‍ദ്ധനവ് ഈ നിരക്കില്‍ നടപ്പാക്കിയാല്‍ സര്‍ക്കാരിന് 2.5 ബില്യന്‍ പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരും.
പോലീസില്‍ 1 ശതമാനം വേതന വര്‍ദ്ധനവും 1 ശതമാനം ബോണസുമാണ് നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് 1.7 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. നിലവിലുള്ള ബജറ്റില്‍ നിന്ന് തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തിയത്. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്.
മലയാളം യുകെ ന്യൂസ് ടീം
നോട്ടിങ്ങാമിലെ ബെന്നി ജോസഫിന്റെയും മറ്റ് ഏഴു പേരുടെയും ജീവനെടുത്ത എം. വൺ മോട്ടോർവേ അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഡ്രൈവർ ലൈസൻസില്ലാതെയാണ് മോട്ടോർവേയിൽ ട്രക്ക് ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ ലൈസൻസ് വെഹിക്കിൾ ആൻഡ് ഓപ്പറേറ്റർ സർവീസസ് ഏജൻസി (VOSA) തടഞ്ഞു വച്ചിരുന്ന സമയത്താണ് ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. 31കാരനായ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിൽ ഡ്രൈവർ മോട്ടോർവേയിൽ ട്രക്ക് നിർത്തിയിട്ടു. സ്ലോ ലെയിനിൽ ട്രക്ക് നിറുത്തിയ ഡ്രൈവർ പന്ത്രണ്ടര മിനിറ്റു നേരം ഉറങ്ങി. ബെന്നി ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിറുത്തി ഇട്ടിരുന്ന ട്രക്കിനെ ഇടിക്കാതെ പെട്ടെന്ന് മിഡിൽ ലെയിനിലേയ്ക്ക് മാറിയപ്പോൾ പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുകെയിൽ നടന്ന 25 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ജീവനാശമാണ് M1ലെ അപകടത്തിൽ ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ബെന്നി ഓടിച്ചിരുന്ന ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ എല്ലാം. ട്രക്ക് ഡ്രൈവർ പോളിഷുകാരനാണ്. അതിദാരുണമായ ദുരന്തത്തിന്റെ വിവരങ്ങൾ ജഡ്ജ് ഫ്രാൻസിസ് ഷെറിഡിയന്റെ മുമ്പിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ട്രക്ക് ഡ്രൈവർ റിസാക്ക് മസിയേക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടത്. ബക്കിങ്ങാംഷയറിലെ ന്യൂ പോർട്ട് പാഗ്നിലിനുത്താണ് അപകടം നടന്നത്. ആഗസ്റ്റ് 26 നടന്ന അപകടത്തിൽ മരണമടഞ്ഞവർ എല്ലാവരും ഇന്ത്യാക്കാരാണ്. കോട്ടയം സ്വദേശി ഋഷിയും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച ബെന്നി ജോസഫിന്റെ സംസ്കാരം ചേർപ്പുങ്കൽ പള്ളിയിൽ തിങ്കളാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മാസം 24ാം തിയതി വൈകുന്നേരം ഹൃദയാഘാതം മൂലം മരിച്ച ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് ഇന്നു മാഞ്ചസ്റ്റര്‍ സമൂഹം കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്കി. എന്റെ ബാല്യകാല സുഹൃത്തായിരുന്ന ബോബന്റെ (ജോംലാല്‍) മരണം എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ബിജു ആന്റണി കരഞ്ഞുകൊണ്ടു പറഞ്ഞു. ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ജോംലാല്‍ മുന്പില് ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ വിശ്വസി സമൂഹത്തില്‍ വരുന്ന പുരോഹിതരെ എവിടെ കൊണ്ടുപോയി വിടുന്നതിനും ജോംലാല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ലയെന്നു ബിജു പറഞ്ഞു.
ജോംലാലിന്റെ കുടുബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച കസിന്, എലിസബത്ത് കുടുംബത്തിനു ഒരു നല്ല മനുഷ്യനെയും, ഫാമിലി മാനെയുമാണ് നഷ്ടമായത് എന്ന് പറഞ്ഞു. സ്ഥിരമായി പള്ളിയില്‍ പോകുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ആളായിരുന്നു ജോംലാല്‍ പെരുമ്പിള്ളച്ചിറയെന്നു ഫാദര്‍ തോമസ് തൈക്കൂട്ടം പ്രസംഗത്തില്‍ അനുസ്മരിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ജോംലാലും കുടുബവും ലൂര്‍ദ്ദിനു തീര്‍ത്ഥയാത്ര പോയിരുന്നു. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആ യാത്രയില്‍ ജോംലാലിനോടൊപ്പം ഉണ്ടായിരുന്നു. ആ പോയ സുഹൃത്തുക്കള്‍ എല്ലാം തന്നെ ജോംലാലിനു വിട നല്കാന് എത്തിയിരുന്നു. വൈകുന്നേരം 5 മണിക്ക് ജോംലാലിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ വാഹനം മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിയപ്പോള്‍തന്നെ പള്ളിയും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് നടന്ന കുര്ബാനക്കും മറ്റു ചടങ്ങുകള്‍ക്കും ഫാദര്‍ ലോനപ്പന് അരങ്ങാശ്ശേരി നേതൃത്വം കൊടുത്തു. 6 പുരോഹിതര്‍ സഹ കാര്‍മ്മികന്‍മാരായി ഉണ്ടായിരുന്നു. വിവിധ സംഘടനകള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് ആദരിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
മൃതദേഹം നാളെ രാവിലെ നാട്ടിലേക്കു കൊണ്ടുപോകും. പിന്നീട് സ്വദേശമായ കോതമംഗലം ചേലാട് പള്ളിയില്‍ സംസ്കരിക്കും. ജോംലാലിന്റെ ഭാര്യയും മൂന്നു വയസുള്ള കുട്ടിയുമുണ്ട് ഒരു സഹോദരനും അപ്പനും അമ്മയും അടങ്ങുന്ന കുടുംബമാണ് ജോംലാലിന്റേത്.
ലണ്ടന്‍: ജിബിഎസ് അണുബാധയ്ക്കെതിരെ പ്രസവമടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആന്റിബയോട്ടിക് ചികിത്സ നല്കാന് തീരുമാനം. ഗ്രൂപ്പ് ബി സ്ട്രെപ് എന്ന ഈ അണുബാധ നൂറ്കണക്കന് നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയുണ്ടാകുന്ന ഇരുപതില്‍ രണ്ട് കുട്ടികള്‍ക്ക് വൈകല്യങ്ങളും 20ല്‍ ഒരാള്‍ക്ക് മരണവും സംഭവിക്കുന്നതായി കണ്ടെത്തി. ഇതിന് മാറ്റം വരുത്തുന്നതിനായി റോയല്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് ചികിത്സ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
37 ആഴ്ചകള്‍ ആകുന്നതിനു മുമ്പ് പ്രസവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്കാണ് ഈ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. അത്തരക്കാര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കും. ഗ്രൂപ്പ് ബി സ്ട്രെപ് ബാക്ടീരിയ യോനീനാളത്തിന്റെ താഴെയുള്ള ഭാഗത്താണ് കാണപ്പെടുന്നത്. പ്രസവസമയത്ത് കുട്ടിയിലേക്ക് ഇത് ബാധിക്കുകയാണ് ചെയ്യുന്നത്. ഈ ബാക്ടീരിയയെ ഇല്ലാതാക്കാനാണ് പ്രസവമടുക്കുന്ന സ്ത്രീകള്‍ക്ക് ആന്റിബയോട്ടിക് നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ പ്രസവങ്ങളില്‍ ജിബിഎസ് സാന്നിധ്യം സ്ഥിരീകരിച്ചവര്‍ 35, 37 ആഴ്ചകളില്‍ ഇതിനായി വീണ്ടും പരിശോധനകള്‍ നടത്തണം. ഇത്തരക്കാര്‍ ആന്റിബയോട്ടിക് ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക രോഗമാണ് ജിബിഎസ്. ഇതിനെതിരെ ചികിത്സ നല്കിയാലും തിരിച്ചു വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് ബാധിച്ച സ്ത്രീകളില്‍ ലക്ഷണങ്ങളൊന്നും പ്രത്യക്ഷമാകാറില്ല. ഗര്‍ഭിണികള്‍ ഇതിന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. ്
ലണ്ടനില്‍: കണക്കില്‍ ഏറ്റവും വിലമതിക്കുന്ന അക്കത്തിന് യാതൊരു മൂല്യവുമില്ലെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണ്. പൂജ്യം ആണ് ആ അക്കം. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും പൂജ്യമാണ് അടിസ്ഥാനം എന്ന് അറിയുമ്പോളാണ് ഇതിന്റെ മഹത്വത്തേക്കുറിച്ച് വ്യക്തമാകുക.ഈ മഹത്തായ സംഖ്യയെ ഗണിതത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്നത് നമുക്ക് എക്കാലത്തും അഭിമാനിക്കാനും വക നല്കുന്നു. ഇത് കേവലം അവകാശവാദം മാത്രമല്ല. കണക്കുകൂട്ടലുകളില്‍ പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയ ഏറ്റവും പഴയ രേഖ എഴുതിയിരിക്കുന്നത് സംസ്കൃത ലിപിയിലാണ്. ഇപ്പോള്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ബോദലെയ്ന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബക്ഷലി ലിഖിതമാണ് ആ രേഖ.
പൂവരശിന്റെ തൊലിയില്‍ നിര്‍മിച്ച 70ഓളം താളുകളിലായാണ് ഈ ലിഖിതങ്ങള്‍ കണ്ടെത്തിയത്. 1881ലാണ് ഈ ലിഖിതം കണ്ടെത്തിയത്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള പെഷവാറിലെ ബക്ഷലി എന്ന പ്രദേശത്തു നിന്നാണ് ഇത് ലഭിച്ചത്. 1902ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്തിയ ഇത് 3-ാം നൂറ്റാണ്ടിലേതാണെന്ന് കാര്‍ബണ്‍ ഡേറ്റിംഗില്‍ വ്യക്തമായി. മുമ്പ് കരുതിയതിനേക്കാള്‍ 500 വര്‍ഷം കൂടി ഇതിന് പഴക്കമുണ്ടെന്നാണ് വ്യക്തമായത്. പൂജ്യം രേഖപ്പെടുത്തിയതായി ലോകത്ത് കണ്ടെത്തിയ ഏറ്റവും പഴയ രേഖയാണ് ഇതെന്ന് പുതിയ പരിശോധന സ്ഥിരീകരിക്കുന്നു.
സംസ്കൃതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ രേഖ പറയുന്നത് പുരാതന സില്‍ക്ക് റോഡിലെ വ്യാപാരികളെ പരിശീലിപ്പിച്ചിരുന്ന പാഠങ്ങളാണ് ഇതെന്നാണ്. ചില ഗണിത പ്രശ്നങ്ങളും ആള്‍ജിബ്ര സമവാക്യങ്ങളും ഇതില്‍ നിന്ന് കണ്ടെടുക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഒറ്റയ്ക്ക് വ്യക്തിത്വമുള്ള സംഖ്യയായല്ല പൂജ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. 101 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇത് പത്തിനു ശേഷമുള്ള 11 എന്ന സംഖ്യയല്ലെന്ന് വ്യക്തമാക്കാനാണ്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിശമന സേന നടത്തിയ രക്ഷാപ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ക്ക് വീഴ്ചയും സംഭവിച്ചതായി തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. റൂഫില്‍ ഹെലികോപ്ടര്‍ വരുമെന്ന അഗ്നിശമന സേനാംഗങ്ങളുടെ വാക്ക് വിശ്വസിച്ച് കാത്തിരുന്ന 40ഒൊളം പേര് കൊല്ലപ്പെട്ടുവെന്ന് ഷക്കീല ഫ്ളോറ നെഡ എന്ന സ്ത്രീ വെളിപ്പെടുത്തി. തന്നെ മകനാണ് രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.
35ഓ 40ഓ ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തുമെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് റൂഫിലേക്ക് നീങ്ങി. അവരില്‍ ഒരു ഇറാനിയന്‍ സ്ത്രീയെ രക്ഷിക്കാന്‍ താന്‍ തിരിച്ചു വരാമെന്ന് മകന് പറഞ്ഞെങ്കിലും ഹെലികോപ്ടര്‍ എത്തുന്നുണ്ടെന്നും വരേണ്ട ആവശ്യമില്ലെന്നും അവര്‍ മറുപടി നല്കി. എന്നാല്‍ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായതുപോലെയുള്ള വന്‍ തീപ്പിടിത്തങ്ങളില്‍ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാറില്ലെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഒട്ടേറെ ശവശരീരങ്ങള്‍ക്കു മുകളിലൂടെയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഫ്ളോറയുടെ മകന് ഫര്‍ഹാദ് പറഞ്ഞു. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പരിക്കുകള്‍ മൂലം ഫര്‍ഹാദിന്റെ പിതാവ് മൊഹമ്മദ് മരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുംബത്തോടൊപ്പം യുകെയിലെത്തിയ ഫര്‍ഹാദ് കിംഗ്സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ്. മുകള്‍ നിലയില്‍ നിന്ന് തന്റെ മാതാവിനെ എടുത്തുകൊണ്ട് ഓടിയാണ് ഇയാള്‍ സുരക്ഷിതമായി താഴെയെത്തിയത്.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന് സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന് പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില്‍ മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്‍ത്തും വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര്‍ വെളിപ്പെടുത്തി.
യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന്‍ വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.