സ്വകാര്യ വിമാനങ്ങള്‍ക്കായി സ്റ്റാര്‍ ജെറ്റ്സ് ഇന്റര്‍നാഷണല്‍ എല്‍എല്‍സി ബിറ്റ്കോയിന് ഇടപാടുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചു. അഡ്വാന്‍സ്ഡ് ഡിഫന്‍സ് ടെക്നോളജീസ് ഐഎന്‍സി എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയാണ് ഇത്. 5000 ആഭ്യന്തര സര്‍വീസുകളും 15,000 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്ന കമ്പനിക്ക് ബിറ്റ്കോയിന് ഇടപാടുകള്‍ അനുവദിച്ചതിലൂടെ പുതിയ സാധ്യതകള്‍ തെളിഞ്ഞു കിട്ടിയതായി ബിറ്റ്കോയിന് ഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിറ്റ്കോയിന് ഇടപാടുകള്‍ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാന് കമ്പനിക്ക് സാധിക്കില്ലെന്ന് സ്റ്റാര്‍ ജെറ്റ്സ് സിഇഒ റിക്കി സിറ്റോമര്‍ പറഞ്ഞു. കമ്പനിയുടെ പേര് മാറ്റുന്നതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദഹം വിശദീകരിച്ചു. വ്യോമയാന മേഖലയില്‍ ബിറ്റ്കോയിന് ഇടപാടുകള്‍ വ്യാപകമാകുന്നതായുള്ള സൂചനകളാണ് ഇത് നല്‍കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ജപ്പാനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനായ പീച്ച് ഏവിയേഷന്‍ ലിമിറ്റഡ് ടിക്കറ്റുകള്‍ക്കായി ബിറ്റ്കോയിനുകള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ ജാപ്പനീസ് കമ്പനിയാണ് പീച്ച്. പ്രൈവറ്റ് ജെറ്റ് കമ്പനികളില്‍ ഈ മാറ്റം ആദ്യമായി സ്വീകരിക്കുന്ന കമ്പനിയാണ് സ്റ്റാര്‍ ജെറ്റ്സ്. പ്രൈവറ്റ്ഫ്ളൈഡോട്ട്കോം ഇപ്പോള്‍ ബിറ്റ്കോയിനുകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ലണ്ടന്‍: യുകെയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ ശമ്പളമെന്ന് റിപ്പോര്‍ട്ട്. ജിഎംബി യൂണിയന് ശേഖരിച്ച ട്രഷറി രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഏഴ് വര്‍ഷമായി തുടരുന്ന പൊതുധനവിനിയോഗത്തിലെ നിയന്ത്രണം ഈ സ്ഥിതിവിശേഷദത്തിലേക്കാണ് ജീവനക്കാരെ എത്തിച്ചിരിക്കുന്നത്. അടുത്ത മാസത്തെ ബജറ്റില്‍ ശമ്പള നിയന്ത്രണം എടുത്തുകളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് 0.6 ശതമാനം കുറഞ്ഞ ശമ്പളമാണ് അതേ ജോലി സ്വകാര്യമേഖലയില്‍ ചെയ്യുന്നവരെ അപേക്ഷിച്ച് ലഭിച്ചത്. മണിക്കൂറില്‍ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കനുസരിച്ചാണ് ഇത്. പോലീസ്, ജയില്‍ ജീവനക്കാര്‍ എന്നിവരുടെ ശമ്പള നിയന്ത്രണം 1 ശതമാനം എടുത്തുകളയുമെന്ന് കഴിഞ്ഞ മാസം ഹാമണ്ട് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സമ്മര്‍ദ്ദം ഹാമണ്ടിനു മേല്‍ ഉണ്ടാകുന്നുണ്ടെന്നും സൂചനയുണ്ട്.
കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ജീവനക്കാര്‍ ഈ ഓട്ടമില്‍ പ്രതി ഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ലണ്ടന്‍: പൊതുധനം ഉപയോഗിച്ച് വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന മരുന്നുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നല്‍കുന്നത് കോടികളാണെന്ന് വെളിപ്പെടുത്തല്‍. ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് പൊതുധനം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകള്‍ വാങ്ങിയ ഇനത്തില്‍ എന്‍എച്ച്എസിന് കഴിഞ്ഞ വര്‍ഷം 1 ബില്യനിലേറെ പൗണ്ട് ചെലവായെന്നാണ് കണക്കുകള്‍.
സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന എന്‍എച്ച്എസില്‍ നിന്ന് ഇങ്ങനെ പണം വാങ്ങുന്നത് പൊതുജനത്തെ കബളിപ്പിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റോപ്പ് എയിഡ്സ്, ഗ്ലോബല്‍ ജസ്റ്റിസ് നൗ എന്നിവയുടെ പുതിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് വാങ്ങുന്ന വിലയേറിയ ജീവന് രക്ഷാ ഔഷധങ്ങളില്‍ അഞ്ചില്‍ രണ്ടെണ്ണമെങ്കിലും പൊതുഖജനാവില്‍ നിന്നുള്ള സഹായം സ്വീകരിച്ച് വികസിപ്പിച്ചവയാണ്.
പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള അബിറാറ്റെറോണ്‍ എന്ന മരുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് എന്ന പൊതുഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. പിന്നീട് ജോണ്സണ് ആന്‍ഡ് ജോണ്സണ് അനുബന്ധ സ്ഥാപനം ഈ മരുന്നിന്റെ അവകാശം സ്വന്തമാക്കി. ഈ മരുന്ന് ഒരു രോഗിക്ക് നല്കണമെങ്കില് 98 പൗണ്ടാണ് എന്‍എച്ച്എസിന് ഇപ്പോള്‍ ചെലവാകുന്നത്. എന്നാല്‍ 4 പൗണ്ട് മാത്രം ചെലവാകുന്ന ഇതിന്റെ ജാനറിക് വകഭേദം മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ആരോഗ്യരംഗത്തെ ഗവേഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ബ്രിട്ടനുള്ളത്. അതായത് മരുന്ന് കമ്പനികള്‍ ഈടാക്കുന്ന വന്‍വില രാജ്യത്തിന്റെ ബജറ്റിനെത്തന്നെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശകലനം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ മരുന്നുകള്‍ക്കായുള്ള എന്‍എച്ച്എസ് ചെലവ് 29 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന കണക്കുകളും ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു.
പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് യുവതി നീലച്ചിത്ര കമ്പനിക്ക് വിറ്റു. മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള മുപ്പത്തിയാറു വയസുകാരിയായ ഡാന്‍ ഡേവീസാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് ബ്ലൂഫിലിം നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സംഭവത്തില്‍ ഡാന്‍ ഡേവീസിനെ 15 വര്‍ഷം തടവിലിടാന്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി വിധിച്ചു. കുട്ടിയെ തന്റെ ഫ്ലാറ്റില്‍ എത്തിച്ചാണ് യുവതി പീഡിപ്പിച്ചത് എന്നാണ് കോടതി കണ്ടെത്തിയത്.
ഇപ്പോള്‍ 16 വയസുള്ളആണ്‍കുട്ടി പൊലീസിന് നല്കിയ പ്രസ്താവനയിലൂടെയാണ് പുറംലോകം ഞെട്ടിപ്പിക്കുന്ന സംഗതികള്‍ അറിഞ്ഞത്. യുവതി തന്നെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് കുട്ടിയുടെ മൊഴി പറയുന്നു. സംഭവത്തിന് ശേഷം തീര്‍ത്തും വിഷാദാവസ്ഥയിലേക്ക് കുട്ടി പ്രവേശിച്ചുവെന്നാണ് പ്രോസിക്യൂട്ടറായ ഹെന് ട്രി ബ്ലാക്ക്ഷാ കോടതിയെ അറിയിച്ചത്.
2012 ജനുവരിക്കും 2014 ഏപ്രിലിനും ഇടയില്‍ പലപ്പോഴായി കുട്ടിയെ ഡാന്‍ ഡേവീസണ്‍ ഉപയോഗിച്ചു. യുവതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിത് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വ്യക്തമായ തെളിവുകളോടെ തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളും ഡാന്‍ നിഷേധിച്ചിരുന്നു.
ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്നും യുവതി വാദിച്ചിരുന്നു. കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂര്‍വമായ കേസാണിതെന്നും കോടതി വിധിയില്‍ പറയുന്നു. ആണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 വരെ ബ്രിട്ടന് സന്ദര്‍ശിക്കാന്‍ എത്തില്ല. വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ട്രംപ് സത്യപ്രതിജ്ഞ ചെയ്തശേഷം അമേരിക്കയിലെത്തി ആദ്യം സന്ദര്‍ശനം നടത്തിയ നേതാവാണ് തെരേസ മേയ്. ഈ സന്ദര്‍ശനത്തില്‍ത്തന്നെ യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ മേയ് ക്ഷണിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ പിന്നീട് ട്രംപ് സന്ദര്‍ശനത്തിന് എത്തിയെങ്കിലും ബ്രിട്ടീഷ് സന്ദര്‍ശനം അനിയന്ത്രിതമായി നീളുകയാണ്.
ട്രംപ് സ്റ്റേറ്റ് വിസിറ്റ് ആണോ വര്‍ക്കിംഗ് വിസിറ്റ് ആണോ ബ്രിട്ടനിലേക്ക് നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് പറഞ്ഞു. വര്‍ക്കിംഗ് വിസിറ്റില്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയോ രാജകീയ ബഹുമതികളോ ഉണ്ടായിരിക്കില്ല. സന്ദര്‍ശനം തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ വിവരം അറിയിക്കുമെന്നും സാന്‍ഡേഴ്സ് പറഞ്ഞു. സന്ദര്‍ശനം അടുത്ത വര്‍ഷം ഉണ്ടായേക്കാം എന്നല്ലാതെ കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് ഇപ്പോള്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് ജനത പിന്തുണക്കുന്നില്ലെങ്കില് ഒരു സ്റ്റേറ്റ് വിസിറ്റുമായി മുന്നോട്ടു നീങ്ങാന്‍ താല്പര്യപ്പെടുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ജൂണില്‍ തെരേസ മേയെ അറിയിച്ചിരുന്നു. ട്രംപ് അധികാരത്തിലേറിയ സമയത്ത് ബ്രിട്ടനിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ട്രംപ് വിരുദ്ധ റാലികള്‍ നടന്നിരുന്നു. ട്രംപ് വിരുദ്ധ വികാരം ബ്രിട്ടീഷ് ജനതയില്‍ പ്രകടമായതിനാല്‍ പ്രതിഷേധങ്ങള്‍ ഭയന്നാണ് സന്ദര്‍ശനം നീളുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
ലണ്ടന്‍: റോഡ് അറ്റകുറ്റപ്പണികള്‍ക്കിടെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വേഗപരിധി ഉയര്‍ത്താന്‍ ആലോചന. പരിധി 60 മൈല്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഗതാഗതക്കുരുക്കും അറ്റകുറ്റപ്പണികള്‍ ഗതാഗതത്തെ ബാധിക്കുന്നതും ഒഴിവാക്കാനാണ് പുതിയ നിര്‍ദേശമെന്ന് ഹൈവേ്സ് ഇംഗ്ലണ്ട് വ്യക്തമാക്കി. 2016 മുതല്‍ അറ്റകുറ്റപ്പണികള്‍ക്കിടെ വ്യത്യസ്ത വേഗപരിധികള്‍ പരീക്ഷിച്ചു വരികയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കമ്പനി. അറ്റകുറ്റപ്പണികള്‍ നടക്കുന്നയിടങ്ങളിലൊക്കെ 60 മൈല്‍ എന്ന പരിധി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈവേയ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ജിം ഓ സള്ളിവന് പറഞ്ഞു.
എന്നാല്‍ വീതി കുറഞ്ഞ ലെയിനുകളിലും കോണ്ട്രാഫ്ളോസിലും റോഡിനോട് ഏറ്റവുമടുത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നയിടങ്ങളില്‍ കുറഞ്ഞ വേഗം മാത്രമേ അനുവദിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ ഒട്ടേറെ നടക്കുന്നുണ്ട്. ഇത് ഈ നിരക്കില്‍ നീങ്ങുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ അവ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നുവെന്നും സള്ളിവന് വ്യക്തമാക്കി. കൂടുതല്‍ വേഗത്തിലുള്ള ട്രാഫിക്ക് സുരക്ഷിതമാണെന്ന് തോന്നുന്നയിടങ്ങളില്‍ 55 മുതല്‍ 60 മൈല്‍ വരെ വേഗത അനുവദിക്കാനാണ് പദ്ധതി.
36 പേരാണ് ഇതിനായുള്ള ട്രയലുകളില്‍ പങ്കെടുത്തത്. ഡാഷ്ക്യാമുകളും ഹൃദയസ്പന്ദനം രേഖപ്പെടുത്തുന്ന വാച്ചുകളും ജിപിഎസ് ട്രാക്കറുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. എം5ല്‍ ബ്രോംസ്ഗ്രൂവിലെ ജംഗ്ഷന് 4എയില്‍ നിന്ന് വോഴ്സ്റ്ററില് 6 വരെയുള്ള ഭാഗത്ത് 60 മൈല്‍ വേഗതയിലും എം3യില്‍ സറേയില്‍ ജംഗ്ഷന് 3നും 4എക്കുമിടയിലുള്ള ഭാഗത്ത് 55 മൈല്‍ വേഗതയിലുമാണ് പരീക്ഷണം നടത്തിയത്. വേഗത നിയന്ത്രണമുള്ള മേഖലകളില്‍ ഡ്രൈവര്‍മാരുടെ ശരാശരി ഹൃദയമിടിപ്പില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും മോശം ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ ഏതൊക്കെയാണെന്ന് വിശദീകരിച്ച് സര്‍വേ. രാജ്യത്തെ ഏതാണ്ട് എല്ലാ ഉപഭോക്താക്കള്‍ക്കും കഴിഞ്ഞ വര്‍ഷം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ മോശമായാണ് ലഭിച്ചത്. സ്പീഡ് കുറവാണെന്ന പരാതിയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. വിര്‍ജിന്‍ മീഡിയ, ടോക്ക് ടോക്ക്, സ്കൈ, ബിടി എന്നിവരുടെ ഉപഭോക്താക്കള്‍ക്കാണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. 53 ശതമാനം ഉപഭോക്താക്കള്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിച്ച് കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് സര്‍വേയിലാണ് ഇവ് വ്യക്തമായത്.
വിര്‍ജിന്‍ ഉപഭോക്താക്കള്‍ നിരക്ക് വര്‍ദ്ധനയേക്കുറിച്ചാണ് പ്രധാനമായും പരാതിപ്പെട്ടത്. 38 ശതമാനം പേര് ഈ പരാതി ഉന്നയിച്ചു. ടോക്ക് ടോക്കിന്റെ 33 ശതമാനംവും ബിടിയുടെ 22 ശതമാനവും ഉപഭോക്താക്കള്‍ കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത്തേക്കുറിച്ചാണ് പരാതി ഉന്നയിച്ചത്. ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരില്‍ അഞ്ചിലൊരാളെങ്കിലും സ്പീഡിനേക്കുറിച്ചുള്ള പരാതി ഉന്നയിച്ചിട്ടുണ്ട്. 17 ശതമാനം പേര് കണക്ഷന് ഇടക്കിടെ വിച്ഛേദിക്കപ്പെടുന്നതിനെക്കുറിച്ചും 12 ശതമാനം പേര് വയര്‍ലെസ് റൂട്ടറിനേക്കുറിച്ചും 8 ശതമാനം പേര് മണിക്കൂറുകളോളമോ ചിലപ്പോള്‍ ഒരു ദിവസം മുഴുവനായോ കണക്ഷന് ഇല്ലാതിരുന്നതിനെക്കുറിച്ചോ പരാതിപ്പെട്ടിട്ടുണ്ട്.
ബ്രോഡ്ബാന്‍ഡ് വ്യവസായത്തിലുള്ള ഉപഭോക്തൃ വിശ്വാസം 41 ശതമാനമായി ഇടിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 3 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ജൂണ്‍-ജൂലൈ കാലയളവില്‍ 1709 ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്.
ലണ്ടന്‍: രണ്ടെണ്ണം അകത്തു ചെന്നാല്‍ ചറപറാ ഇംഗ്ലീഷ് പറയുന്നതിന് കാരണം കണ്ടെത്തി ശാസ്ത്രലോകം. മദ്യം മറ്റുഭാഷകളില്‍ മനുഷ്യനുള്ള പ്രാവീണ്യം കൂട്ടുമെന്നാണ് പുതിയ കണ്ടെത്തല്‍. ഒന്നോ രണ്ടോ ഡ്രിങ്കുകള്‍ അകത്തു ചെന്നാല്‍ മലയാളികള്‍ ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധരാകുന്നതാണ് നമുക്ക് പരിചയം. എന്നാല്‍ ഇത് എല്ലായിടത്തെയും മനുഷ്യരില്‍ കണ്ടുവരുന്നതാണത്രേ. ജിസിഎസ്ഇയില്‍ ബി ഗ്രേഡ് വാങ്ങിയവരും രണ്ടെണ്ണം അകത്തു ചെന്നാല്‍ കൂളായി ജര്‍മന്‍ സംസാരിക്കുന്നതാണ് പഠനത്തില്‍ ഉദാഹരണമായി പറയുന്നത്.
മറ്റ് ഭാഷകളില്‍ അത്യാവശ്യം പരിചയമുള്ളവര്‍ക്ക് മദ്യത്തിന്റെ സഹായത്താല്‍ സംസാരിക്കാന്‍ സാധിക്കും. ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി, മാസ്ട്രിച്ച് യൂണിവേഴ്സിറ്റി, കിംഗ്സ് കോളേജ് ലണ്ടന്‍ എന്നിവയാണ് പഠനം നടത്തിയത്. മാസ്ട്രിച്ച് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന 50 ജര്‍മന്‍ വിദ്യാര്‍ത്ഥികളിലായിരുന്നു പഠനം. പ്രാദേശിക ഭാഷയായ ഡച്ച് അത്യാവശ്യം പരിചയപ്പെട്ടു വരുന്ന ഘട്ടത്തിലായിരുന്നു ഇത്. ഇവര്‍ക്ക് ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ ഡ്രിങ്കുകള്‍ നല്‍കിയതിനു ശേഷം ഡച്ച് ഭാഷയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
ശരീരഭരത്തിന് അനുസരിച്ച് ഇവര്‍ക്ക് ആല്‍ക്കഹോള്‍ നല്കി. 70 കിലോ ഭാരമുള്ള പുരുഷന് 5 ശതമാനം വീര്യമുള്ള 460 മില്ലിലിറ്റര്‍ ബിയര്‍ എന്ന കണക്കിനാണ് നല്‍കിയത്. ഇവരുടെ സംസാരം റെക്കോര്‍ഡ് ചെയ്യുകയും ഡച്ച് ഭാഷ സംസാരിക്കുന്ന പ്രദേശവാസികളെക്കൊണ്ട് അവ വിശകലനം ചെയ്യിക്കുകയും ചെയ്തു. ആരൊക്കെയാണ് മദ്യം കഴിച്ചിരുന്നതെന്ന് ഇവര്‍ക്ക് അറിയുമായിരുന്നില്ല. മദ്യം ഉള്ളിലുണ്ടായിരുന്നവരുടെ ഉച്ചാരണം മികച്ചതായിരുന്നെന്നാണ് പരീക്ഷണത്തില്‍ വ്യക്തമായത്.
എന്നാല്‍ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. കൂടിയ അളവില്‍ മദ്യപിച്ചാല്‍ സ്വന്തം ഭാഷ പോലും മറ്റുള്ളവര്‍ക്ക് മനസിലാക്കാനാകില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുടെ ആവശ്യമില്ലല്ലോ!
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന കയ്യേറ്റങ്ങളില്‍ വര്‍ദ്ധന. 2014-15 വര്‍ഷത്തേതിനേക്കാള്‍ നാല് ശതമാനം വര്‍ദ്ധന 2015-16 വര്‍ഷത്തില്‍ രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. അതിക്രമങ്ങള്‍ 67,864 ആയിരുന്നത് 70,555 ആയി ഉയര്‍ന്നുവെന്ന് എന്‍എച്ച്എസ് പ്രൊട്ടക്റ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കണക്കുകള്‍ ഇപ്പോള്‍ കാര്യക്ഷമമായി ശേഖരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിനു പകരം ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന സര്‍വേയില്‍ വിവരശേഖരണം നടത്താനാണ് പദ്ധതിയെന്ന് മന്ത്രിമാര്‍ സൂചന നല്കി. ഇത് ശരിയായ രീതിയല്ലെന്ന് നഴ്സിം സംഘടനാ നേതൃത്വങ്ങള്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കണ്ണടക്കുകയാണെന്ന് ഇ വര് കുറ്റപ്പെടുത്തുന്നു. തന്റെ സഹപ്രവര്‍ത്തകയുടെ കഴുത്തില്‍ കത്രിക ഉപയോഗിച്ച് ഒരാള്‍ കുത്തുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്ന് ഒരു ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി നഴ്സ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഒരു രോഗി ഐവി ഡ്രിപ്പ് വലിച്ചൂരി നഴ്സുമാരുടെ ദേഹത്തേക്ക് രക്തം ചീറ്റിച്ചുനില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. എമര്‍ജന്‍സി ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തലുകള്‍.
ലേബര്‍ ബാക്ക്െബഞ്ചറായ ക്രിസ് ബ്രയന്റ് അവതരിപ്പിച്ച ബില്ലിന് സര്‍ക്കാര്‍ പിന്തുണയുണ്ട്. പോലീസുകാര്‍, ജയില്‍ ജീവനക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ബില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അറിയിച്ചു. സ്റ്റാഫ് സര്‍വേ കൊണ്ടുമാത്രം അതിക്രമങ്ങളുടെ യഥാര്‍ത്ഥ തോത് മനസിലാക്കാന്‍ കഴിയില്ലെന്നും ആര്‍സിഎന്‍ പ്രതിനിധി വ്യക്തമാക്കി.
മോസ്കോ: റഷ്യ പുതിയ ക്രിപ്റ്റോകറന്‍സി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്റ്റോറൂബിള്‍ എന്ന പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഡിജിറ്റല്‍ നാണയം പ്രഖ്യാപിച്ചതായാണ് വിവരം. നാണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ റഷ്യന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മാസ് മീഡിയ മന്ത്രി നിക്കോളായ നികിഫോറോവ് പുറത്തുവിട്ടു. മോസ്കോ ക്യാപിറ്റല്‍ ക്ലബിലെ യോഗത്തില്‍ വെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എഐഎഫ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനോട് കഴിഞ്ഞയാഴ്ച ക്രിപ്റ്റോകറന്സികള്ക്കെതിരായി അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് പുടിന് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിച്ചുകൊണ്ടാണ് നികിഫോറോവിന്റെ പ്രസ്താവന. നാം ക്രിപ്റ്റോകറന്‍സി പുറത്തിറക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാം. രണ്ടു മാസത്തില്‍ അത് പുറത്തിറക്കിയില്ലെങ്കില്‍ യൂറേഷ്യന്‍ സാമ്പത്തിക മേഖലയിലുള്ള നമ്മുടെ അയല്‍ രാജ്യങ്ങള്‍ അവ പുറത്തിറക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വളരെ വേഗത്തില്‍ ക്രിപ്റ്റോറൂബിള്‍ പുറത്തിറക്കുമെന്ന പ്രത്യാശയാണ് നികിഫോറോവ് പങ്കുവെക്കുന്നത്. വ്യക്തിഗത ആദായ നികുതി വരുമാനം വര്‍ദ്ധിക്കാന്‍ ഈ കറന്‍സി അവതരിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരും അവകാശപ്പെടുന്നത്. ഇപ്പോള്‍ 13 ശതമാനമാണ് രാജ്യത്തിന്റെ ഇന്‍കം ടാക്സ് നിരക്ക്. ഈ നിരക്ക് 2018ല്‍ പുനര്‍നിര്‍ണ്ണയിച്ച് 2019ല്‍ നടപ്പാക്കാന്‍ പുടിന് ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയെ ഉദ്ദീപിപ്പിക്കാന്‍ ഇതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.