ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന് അറ്റകുറ്റപ്പണികൾ നടത്തുന്ന സമയത്ത് പാർലമെന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിൽ വിയോജിപ്പില്ലെന്ന് എംപിമാർ. ആറ് വർഷം നീളുന്ന അറ്റകുറ്റപ്പണികളാണ് വെസ്റ്റമിൻസ്റ്റർ കൊട്ടാരത്തിൽ നടക്കാനിരിക്കുന്നത്. പണികൾ നടക്കുന്നതിനിടെ പാർലമെന്റിന്റെ പ്രവർത്തനം പൂർണ്ണമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കാനായി പുതിയ കമ്മിറ്റിയെ നിയോ​ഗിക്കാനുള്ള സർക്കാർ നീക്കത്തെ തള്ളിക്കൊണ്ടാണ് പാർലമെന്റ് മാറ്റാനുള്ള നീക്കത്തെ എംപിമാർ വോട്ട് ചെയ്ത് അം​ഗീകരിച്ചത്.

220നെതിരെ 236 വോട്ടുകൾക്കാണ് എംപിമാർ ഈ നീക്കത്തിന് അം​ഗീകാരം നൽകിയത്. സർക്കാർ തീരുമാനം നടപടികളെ വീണ്ടും വൈകിപ്പിക്കുമെന്ന് എംപിമാർ വിലയിരുത്തി. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ പാർലമെന്റിന്റെ പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് രണ്ട് മുൻ പാർലമെന്റ് കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. പാർലമെന്റിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് വിദ​ഗ്​ദ്ധർ ആവശ്യപ്പെട്ടിരുന്നു.

തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹൗസ് ഓഫ് ലോർഡ്സിനും ഹൗസ് ഓഫ് കോമൺസിനും അടുത്ത ആറ് വർഷത്തേക്ക് പ്രവർത്തിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തേണ്ടി വരും. ഹൗസ് ഓഫ് ലോർഡ്സ് ഇപ്പോൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രവർത്തിക്കുന്ന വൈറ്റ്ഹാളിലെ റിച്ച്മണ്ട് ഹൗസിലേക്ക് മാറാനാണ് സാധ്യത.പാർലമെന്റ് സ്ക്വയറിന് അടുത്തുള്ള ക്വീൻ എലിസബത്ത് 2 കോൺഫറൻസ് സെന്ററിലേക്കായിരിക്കും ഹൗസ് ഓഫ് ലോർഡ്സ് പ്രവർത്തനം മാറുക.