Main News

സാവോ പോളോ: ബാങ്കിന്റെ പണം സൂക്ഷിക്കുന്ന വോള്‍ട്ടിലേക്ക് തുരങ്കം നിര്‍മിച്ച് കവര്‍ച്ചക്ക് ശ്രമം. ബ്രസീലിലാണ് ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് വിശേഷിപ്പിക്കാമായിരുന്ന കവര്‍ച്ചക്ക് ശ്രമമുണ്ടായത്. സാവോ പോളോയിലെ ബാങ്ക് ഓഫ് ബ്രസീലിന്റെ വോള്‍ട്ടിലേക്ക് 500 മീറ്റര്‍ നീളമുള്ള തുരങ്കമാണ് കൊള്ളസംഘം നിര്‍മിച്ചത്. 240 മില്യന്‍ പൗണ്ടിന് തുല്യമായ പണം ഈ വോള്‍ട്ടില്‍ ഉണ്ടായിരുന്നു. നാല് മാസമെടുത്താണത്രേ ഈ തുരങ്കം സാവോപോളോ തെരുവുകള്‍ക്ക് അടിയിലൂടെ സംഘം നിര്‍മിച്ചത്.

ഇരുമ്പ് ദണ്ഡുകളും തടിക്കഷണങ്ങളും ഉപയോഗിച്ച് ബലപ്പെടുത്തിയ തുരങ്കത്തിന്റെ തുടക്കം സാന്റോ അന്റോണിയോയിലെ ഒരു വാടകക്കെടുത്ത വീട്ടിലാണെന്ന് കണ്ടെത്തി. തുരങ്കം കണ്ടെത്തിയതോടെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സെപ്റ്റംബര്‍ 27ന് തുരങ്കം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. സംഘത്തിന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായി ഇത് മാറുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സേഫ് വരെയെത്താന്‍ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും വോള്‍ട്ടിന്റെ പുറംചട്ടവരെ ഇവര്‍ എത്തി.

കൊള്ളയ്ക്കായുള്ള തയ്യാറെടുപ്പിനു മാത്രം ഈ സംഘത്തിന് 1.27 മില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുക ചെലവായെന്ന് അന്വേഷണ സംഘത്തലവന്‍ ഫാബിയോ പിന്‍ഹേരിയോ ലോപ്പസ് പറഞ്ഞു. 6340 ഡോളര്‍ വീതം ഓരോ സംഘാംഗവും ഓഹരിയായി നല്‍കി. 317 മില്യന്‍ ഡോളറിനു തുല്യമായ തുക വോള്‍ട്ടില്‍ നിന്ന് മോഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സംഘത്തിലെ ഏകദേശം എല്ലാവരെയും അറസ്റ്റ് ചെയ്തുകഴിഞ്ഞതായി ലോപ്പസ് വ്യക്തമാക്കി.

 

ലണ്ടന്‍: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5000 നഴ്‌സുമാര്‍ക്കുവേണ്ടി ഫണ്ട് അനുവദിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിലാണ് പ്രഖ്യാപനം. ഓരോ വര്‍ഷവും നഴ്‌സിംഗ് പരിശീലനത്തിനുള്ള സീറ്റുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താനാണ് ഉദ്ദേശിക്കുന്നത്. എന്‍എച്ച്എസില്‍ തുടരുന്ന റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. 40,000 തസ്തികകള്‍ എന്‍എച്ച്എസില്‍ നികത്താതെ കിടക്കുന്നുണ്ട്. അതേസമയം നഴ്‌സിംഗ് പരിശീലനത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ഈ വര്‍ഷം 8 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

നഴ്‌സിംഗ് പരിശീലനത്തിന് ലഭിച്ചിരുന്ന 6000 പൗണ്ട് ബര്‍സറി ഒഴിവാക്കിയതോടെയാണ് അപേക്ഷകളില്‍ കുറവുണ്ടായത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ നഴ്‌സിംഗ് പരിശീലനത്തിന് ആശുപത്രികള്‍ക്ക് ചിലവാകുന്ന പണം തിരികെ നല്‍കാനായി 35 മില്യന്‍ പൗണ്ട് വകയിരുത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ശ്രമിക്കുന്നത്. ഈ ഫണ്ടിംഗ് കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ അനുവദിക്കാന്‍ യൂണിവേഴ്‌സിറ്റികളെ പ്രോത്സാഹിപ്പിക്കുമെന്നും ഈ വര്‍ഷത്തെ 20,680 സീറ്റുകള്‍ എന്നത് 2018-19 വര്‍ഷത്തോടെ 25,850 ആയി മാറുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.

രണ്ട് വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ചെയ്യുന്ന നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ എണ്ണം 5500 ആയി ഉയര്‍ത്തുമെന്നും ഹണ്ട് അറിയിച്ചു. നഴ്‌സുമാരില്ലാതെ എന്‍എച്ച്എസ് ഇല്ല, നിങ്ങളുടെ കഴിവുകളും, അനുകമ്പയും ഞങ്ങള്‍ക്ക് ആവശ്യമാണെന്നും ഹണ്ട് പറഞ്ഞു. ഈ പ്രഖ്യാപനത്തോടെ നഴ്‌സിംഗ് പരിശീലന പരിപാടിയില്‍ എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതിക്കാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കണ്ണൂര്‍: രാജ്യവ്യാപകമായി സിപിഐഎമ്മിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നാളെ മുതല്‍ 17 വരെ ഡല്‍ഹി എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ പ്രതിഷേധമുണ്ടാകും. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്താണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവർത്തകർക്ക് ഉണ്ടാകണം. സിപിഐഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയശേഷമാണ് ജനരക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പയ്യന്നൂരിലെത്തിയത്. സിപിഐഎം അക്രമങ്ങള്‍ വിവരിക്കുന്ന ഫോട്ടോ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തശേഷം അമിത് ഷാ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

വൈകീട്ട് 3 മണിക്ക് പയ്യന്നൂരില്‍ ഗാന്ധി സ്ക്വയറില്‍‌ നിന്ന് കുമ്മനത്തിന്റെ ജനരക്ഷാ യാത്ര ആരംഭിക്കും. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍‌ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രക്കൊപ്പം പങ്കെടുക്കും. മറ്റന്നാള്‍ ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയും അമിത് ഷാ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പതിനേഴിന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

കൊ​ല്ലം : ഏ​രൂ​രി​ൽ അ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വും മ​റ്റു​ള്ള​വ​രും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റിയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന് പ​രി​സ​ര​വാ​സി​ക​ൾ കേ​ടു​പാ​ട് വ​രു​ത്താ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​ർ​എ​ന്നു​മ​ട​ങ്ങി​വ​ന്നാ​ലും അ​വ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നു​മ​ട​ങ്ങി​യെ​ത്തു​മെ​ന്നു​ള്ള വി​വ​രം ഇ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കും. കൊ​ല്ല​പ്പെ​ട്ട പെൺകുട്ടിയുടെ മാ​താ​വ് , അ​വ​രു​ടെ സ​ഹോ​ദ​രി , ഇ​വ​രു​ടെ മാ​താ​വ് എ​ന്നി​വ​രുൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന് വീ​ടു​വി​ട്ട് പോ​യ​ത്. ഇ​വ​ർ​ക്ക് വേ​ണ്ട സം​ര​ക്ഷ​ണ​വും പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ര​ണ്ട് വ​ർ​ഷമാ​യി ഭാര്യയുമായി പി​ണ​ങ്ങി ക​ഴി​യു​ക​യാ​ണ്. ബന്ധുവായ കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് രാ​ഗേ​ഷ് ഭ​വ​നി​ൽ രാ​ഗേ​ഷ് ര​ണ്ട് മാ​സം മു​മ്പാ​ണ് ഇ​വി​ടെ താ​മ​സ​മാ​ക്കി​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും കു​ട്ടി മു​ന്പും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ മാ​താ​വും ബ​ന്ധു​ക്ക​ളും ഇ​ത് മ​റ​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നും ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​ർ​ക്കെ​തി​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തു​ക​യും കൂ​ട്ട വി​ചാ​ര​ണ​ക്ക് ഇ​ര​യാ​ക്കി​യ​തും. വ​ൻ പോ​ലീ​സ് സം​ഘം നോ​ക്കി​നി​ൽ​ക്കേ ആയിരുന്നു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ന്ന​തോ​ടെ േപാ​ലീ​സ് മൂ​വ​രേ​യും വീ​ട്ടി​ൽ നി​ന്നും ഒ​ഴി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തേ​യും എ​തി​ർ​പ്പി​നേ​യും ഭ​യ​ന്ന് പി​താ​വി​ൻെ​റ വീ​ട്ടി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​റ്റ​മു​റി വീ​ട് നി​ൽ​ക്കു​ന്ന സ്ഥ​ലം മാ​ത്ര​മു​ള​ള കു​ടും​ബ​ത്തി​ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​താ​ണ് മ​റ്റൊ​രി​ട​ത്ത് സം​സ്ക​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​താ​വി​നും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​നും ഇ​വ​ക്ക് സ്വ​ന്തം വീ​ട് വി​ട്ടി​റ​ങ്ങി നാ​ടു​വി​ടേ​ണ്ട സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സം​സ്ഥാ​ന വ​നി​താ​ക​മ്മീ​ഷ​ൻ േപാ​ലീ​സി​നോ​ട് അ​വ​ശ്യ​പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ടും​ബ​വും വീ​ട്ടി​ല്‍​നി​ന്ന് മാ​റി​പ്പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം അ​ന്വേ​ഷി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഡ​യ​റ​ക്ട​ര്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും വി​ശ​ദീ​ക​ര​ണം ആ​രാ​യും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഷിബു മാത്യൂ

സീറോ മലബാര്‍ സഭയുടെ കീഴില്‍ ബ്രിട്ടണ്‍ കേന്ദ്രീകൃതമായി ഒരു രൂപത രൂപീകൃതമായിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂപതയ്ക്ക് വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതീക്ഷകളെ എത്രമാത്രം സഫലമാക്കാന്‍ സാധിക്കുന്നു എന്നൊരു വിലയിരുത്തലിന് പ്രസക്തിയേറുകയാണ്. പുതിയ രൂപതയും രൂപതാദ്ധ്യക്ഷനും നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെങ്കിലും ബ്രിട്ടണ്‍ പോലൊരു രാജ്യത്ത് രൂപതാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക എന്നത് ദുഷ്‌കരമാണെന്ന തിരിച്ചറിവോടുകൂടിത്തന്നെ ഒരു പിന്നോട്ടു നോട്ടം പ്രസക്തമാണ്.

വളരെയേറെ ആവേശത്തോടും പ്രതീക്ഷയോടുമാണ് യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ വരവേറ്റത്. പരിമിതികള്‍ക്കുള്ളില്‍ നിന്നും അന്നത്തെ ആവേശം കെടാതെ സൂക്ഷിക്കേണ്ട കൊച്ചു കൊച്ചു കാല്‍വയ്പുകള്‍ ഉണ്ടാകേണ്ടതായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് ഒരു രൂപതയെ സംബന്ധിച്ചിടത്തോളം അതിന്റെ അടിത്തറയായ ഇടവക രൂപീകരണത്തിനുള്ള ശ്രമങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ പുതതായി ഒരു ഇടവകയെങ്കിലും രൂപീകരിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അത് അഭിമാനകരമായ നേട്ടം തന്നെയായിരുന്നു.

സീറോ മലബാര്‍ സഭയിലെ ബ്രിട്ടണ്‍ മൊത്തത്തിലുള്ള സാഹചര്യം വിലയിരുത്തിയാല്‍ വിശ്വാസികള്‍ വിവിധ കുര്‍ബാന സെന്ററുകളിലായി ചിതറിക്കിടക്കുന്നതായും വൈദീകര്‍ കുര്‍ബാന അര്‍പ്പിക്കാന്‍ കുര്‍ബാന സെന്ററുകള്‍ക്കിടയില്‍ ഓടി നടക്കുന്നതുമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും മാസത്തില്‍ ഒരു കുര്‍ബാനയും കുട്ടികള്‍ക്കായി പരിമിതമായ വേദ പഠനവുമാണ് നടത്തുന്നത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലിവര്‍പ്പൂള്‍, മാഞ്ചെസ്റ്റര്‍, ബര്‍മ്മിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളില്‍പ്പോലും കുര്‍ബാന സെന്ററുകള്‍ ഏകോപ്പിക്കാന്‍ കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. സ്‌കോട്‌ലാന്റിലെയും വെയില്‍സിലെയും സ്ഥിതിയും വ്യത്യസ്ഥമല്ല.

ബ്രിട്ടണിലെ മറ്റൊരു പ്രധാനപ്പെട്ട മലയാളി കുടിയേറ്റ കേന്ദ്രമായ ലെസ്റ്ററിലാവട്ടെ സീറോമലബാര്‍ സഭയുടെ ചട്ടക്കൂടിന് പുറത്ത് നിന്നിരുന്ന കുര്‍ബാന സെന്റര്‍ കുറെക്കാലമായി ഒരു നാഥനില്ലാക്കളരിയായിരിക്കുകയായിരുന്നു. കുര്‍ബാന സെന്ററുകള്‍ വളര്‍ന്ന് ഇടവക രൂപീകരണത്തിലെത്തുന്നില്ലെങ്കില്‍ സഭയ്‌ക്കോ വിശ്വാസികള്‍ക്കോ ആത്മീയ തലത്തിലോ ഭൗതീകമായോ വളര്‍ച്ച സാധ്യമല്ല. കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ഇടവകയാക്കിയാല്‍ വിശ്വാസികള്‍ക്ക് കൂടുതലായി യാത്ര ചെയ്യേണ്ടി വരിക പതിനഞ്ചോ ഇരുപതോ മിനിറ്റായിരിക്കാം. നാട്ടില്‍ വിശ്വാസത്തിനായി കിലോമീറ്ററുകള്‍ നടക്കാറുണ്ടായിരുന്ന പൂര്‍വ്വീകരേയും നമ്മുടെ കുട്ടിക്കാലവും കണക്കിലെടുത്താല്‍ പത്തോ ഇരുപത് മിനിറ്റ് കാര്‍ യാത്ര അത്ര വിഷമം പിടിച്ചതാവില്ല. മാത്രമല്ല കുര്‍ബാന സെന്ററുകളുടെ ഏകോപനത്തിലൂടെയും ഇടവക രുപീകരണത്തിലൂടെയുമാണ് വൈദീകര്‍ക്ക് വിശ്വാസികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുക.

ഇതിലൂടെ ഇന്ന് പ്രവാസി സമൂഹത്തില്‍ കാണുന്ന സ്വയം പ്രഖ്യാപിത വൈദീകരുടെ സ്വാധീനം കുറയ്ക്കാനും വിശ്വാസികളുടെ വികാരങ്ങളെ മുറിവേല്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അവസാനിപ്പിക്കാനും സാധിക്കും. സഭയുടെ സംവിധാനങ്ങള്‍ യുകെയില്‍ വരുന്നതിന് മുമ്പ് പല അല്‍മായരും തെറ്റായ ഉദ്ദേശ ശുദ്ധിയോടു കൂടി സമൂഹത്തില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനായി സ്വയം പ്രഖ്യാപിത വൈദീകര്‍ ചമയുകയുമുണ്ടായി. ഇവരാണ് പിന്നീട് യു കെയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് പലവിധത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിച്ചത്. സമൂഹത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനവും സ്വാധീനവും നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.

ആള്‍ ദൈവങ്ങളെ കണ്ട് ശീലിച്ച നമുക്ക് സ്വയം പ്രഖ്യാപിത വൈദീകര്‍ പുതുമയല്ലെങ്കിലും ഒരു സ്വയം പ്രഖ്യാപിത വൈദീകന്‍ ഒരു ബിഷപ്പിനെ കൊണ്ടുവന്നു നടത്തിയ താരജാഡ നന്നായി പൊയ്‌ക്കൊണ്ടിരുന്ന ഒരു പ്രാദേശീക സമൂഹത്തില്‍ വരുത്തിവെച്ച കുഴപ്പങ്ങള്‍ ചില്ലറയല്ല.

ഇവിടെയാണ് പൊന്നേത്ത് മോഡലിന് പ്രസക്തിയേറുന്നതും സീറോ മലബാര്‍ സഭയുടെ കീഴില്‍ ലീഡ്‌സ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നതും.

എന്തുകൊണ്ട് പൊന്നേത്ത് മോഡലും ലീഡ്‌സും? ലീഡ്‌സ് പോലുള്ള സ്ഥലങ്ങളില്‍ ഇടവക ലഭിക്കാന്‍ വിശ്വാസികള്‍ എത്ര കാലം കാത്തിരിക്കണം????

ലോക കത്തോലിക്കാ സഭയില്‍ ഏറ്റവുംസജ്ജീവമായ റീത്തുകളില്‍ ഒന്നാണ് സീറോ മലബാര്‍ സഭയുടേത്. കേരളത്തില്‍ പ്രാദേശീകമായി രൂപമെടുത്ത സീറോ മലബാര്‍ സഭ മലയാളികളുടെ കുടിയേറ്റത്തെ പിന്‍തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗത്തും പല വിദേശ രാജ്യങ്ങളിലും സ്വാധീനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവും ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ബ്രിട്ടണിലേയ്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉണ്ടായ സീറോ മലബാര്‍ വിശ്വാസികളുടെ ഒഴുക്ക് ആണ് ബ്രിട്ടണ്‍ കേന്ദ്രീകൃതമായി സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു രൂപതയെന്ന ആശയത്തിന് തുടക്കം. ആരാധനയിലും വിശ്വാസത്തിലുമുള്ള പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാനും മാതൃഭാഷയിലുള്ള ആരാധന ക്രമത്തിലൂടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ദൈവാരാധാന നടത്താനുമുള്ള അവകാശത്തേക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗരേഖ സീറോ മലബാര്‍ സഭയുടെ വിദേശ രാജ്യങ്ങളിലെ രൂപതയ്ക്ക് അടിത്തറയേകി. ബ്രിട്ടണ്‍ ആസ്ഥാനമായി രൂപതയുണ്ടാകുന്നതിന് വളരെ മുമ്പുതന്നെ വൈദീകരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ സഭാതലത്തിലുള്ള ഏകോപനത്തോടു കൂടി തന്നെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുട്ടികള്‍ക്കായി വേദപഠനം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂരിഭാഗം കുര്‍ബാന സെന്ററുകളിലും വിശുദ്ധ കുര്‍ബാനയും വേദ പഠനവും മാസത്തില്‍ ഒന്ന് എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് ലീഡ്‌സിലെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥമാകുന്നതും ബ്രിട്ടണ്‍ മുഴുവന്‍ മാതൃകയാകുന്നതും.

ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ മലയാളികള്‍ കുടിയേറിയ ബ്രിട്ടണിലെ മറ്റു പല സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഡ്‌സിലെ സാഹചര്യങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നില്ല. വെസ്റ്റ് യോര്‍ക്ഷയറിലെ വിവിധ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി അമ്പതോളം മൈല്‍ ചുറ്റളവില്‍ വിശ്വാസികള്‍ ചിതറിക്കിടക്കുകയാണ്. പക്ഷേ, ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ലീഡ്‌സിലെ വിശ്വാസികള്‍ ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ സഭയുടെയും വിശ്വാസത്തിന്റെയും വളര്‍ച്ചയ്ക്ക് ഒരു ഇടവക എന്ന സങ്കല്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആറ് കുര്‍ബാന സെന്ററുകളെ ഏകോപ്പിച്ച് എല്ലാവര്‍ക്കും സൗകര്യപ്രദമായ ലീഡ്‌സില്‍ കുര്‍ബാന സെന്റര്‍ ആരംഭിക്കുകയും അതുവഴിയായി മാസത്തില്‍ ഒരു തവണ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അവസരമുണ്ടായിരുന്ന വിശ്വാസികള്‍ക്ക് അഴ്ചയിലെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സൗകര്യം ഒരുക്കുകയും അതുപോലെ കുട്ടികള്‍ക്കായുള്ള വേദപഠനം എല്ലാ ഞായറാഴ്ചകളിലും വളരെ ആസൂത്രിതമായ രീതിയില്‍ നടത്തുകയുമായിരുന്നു.

പരിശീലനം സിദ്ധിച്ച കാര്യക്ഷമതയുള്ള മുപ്പതോളം അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് വേദ പഠന ക്ലാസുകള്‍ നടക്കുന്നത്. ഇതിനു പുറമേ, കേരളത്തിലെ ഒരിടവകയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലീഡ്‌സില്‍ തുടക്കമിട്ടു. യുവാക്കള്‍ക്കായുള്ള വേദികളും മാതൃദീപ്തിയും ഇത്തരത്തില്‍ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ലീഡ്‌സ് രൂപതയിലെ വിശ്വാസികളെ മൊത്തത്തില്‍ ഉള്‍പ്പെടുത്തി ബൈബിള്‍ കലോത്സവം, സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി ചാപ്‌ളിയന്‍സി ഡേ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഫാ പൊന്നേത്ത് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തിരിച്ച് ഇന്ത്യയില്‍ പോയതിനു ശേഷവും പുതുതായി വന്ന ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഭംഗിയായി നടക്കുന്നു എന്നത് ആസൂത്രണമികവോടുകൂടിയുള്ള വ്യവസ്ഥാപിത സംവിധാനത്തിന് ലഭിക്കുന്ന സ്വീകാര്യതയും പ്രവര്‍ത്തനമികവും തെളിയിക്കുന്നു.

ലീഡ്‌സില്‍ കഴിഞ്ഞ ഏതാനും നാളുകളായി മാസത്തിലൊരിക്കല്‍ നടക്കുന്ന ചാരിറ്റി ഈവെന്റുകള്‍ വിശ്വാസികളുടെ സാമൂഹിക പ്രതിബന്ധതയ്ക്ക് ഉദാഹരണമാണ്.

മുകളില്‍ വിവരിച്ച നേട്ടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉദയം ചെയ്തതായിരുന്നില്ല. വ്യക്തമായ ആസൂത്രണവും, ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നു. അമ്പത് മൈല്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക എന്നത് ഫാ. പൊന്നേത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു. അതിനായി വിശ്വാസികളെ പരസ്പരം പരിചയപ്പെടുത്തുന്നതിനായി എല്ലാ കുര്‍ബാന സെന്ററുകളെയും ഏകോപിപ്പിച്ച് ചാപ്ലിന്‍സി ഡേയും ബൈബിള്‍ കലാത്സവും തുടങ്ങിയ പല പരിപാടികളും വര്‍ഷങ്ങളായി സംഘടിപ്പിച്ചു. പരസ്പരം അടുക്കുകയും പരിചയപ്പെടുകയും ചെയ്തപ്പോള്‍ വിശ്വാസികള്‍ക്ക് അകലം ഒരു പ്രതിബന്ധമാകാതിരിക്കുകയും സമൂഹ നന്മയ്ക്കായി ഒന്നിക്കാനുള്ള ആവേശവും അര്‍പ്പണബോധവും കൈവരുകയും ചെയ്തു.

ലീഡ്‌സ് രൂപതയില്‍ നിന്ന് സീറോ മലബാര്‍ വിശ്വാസികളുടെ സ്വതന്ത്ര ഉപയോഗത്തിനായി ഒരു ദേവാലയം നേടിയെടുത്തത് ഫാ. പൊന്നേത്തിന്റെ വ്യക്തിപരമായ നേട്ടമാണ്. കുറഞ്ഞ കാലം കൊണ്ട് രൂപതാ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന പാരീഷ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ചതിലൂടെ കൈവന്ന ബന്ധങ്ങള്‍ ഇതിന് മുതല്‍ക്കൂട്ടായി. ഇത്തരത്തിലുള്ള ആസൂത്രണവും ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയ്ക്ക് ഇന്നാവശ്യം. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ പ്രവര്‍ത്തന മാതൃക കാട്ടുന്ന സ്ഥലങ്ങളില്‍ ഇടവക പദവി നല്കുകയാണെങ്കില്‍ അത് ബ്രിട്ടണ്‍ മൊത്തത്തിലുള്ള വിശ്വാസികള്‍ക്ക് ആവേശം പകരാന്‍ സഹായകരമാകും.

ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ വളരണമെങ്കില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശ്വാസ തീഷ്ണത കൊണ്ട് ഭാരതത്തിലെത്തിയ തോമ്മാശ്ലീഹായുടെ തീഷ്ണതയുള്ള വൈദീക നേതൃത്വമാണ് ആവശ്യം. ഇത്തരത്തിലുള്ള ഒരു വൈദീക നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് ബ്രിട്ടണിലെ സീറോ മലബാര്‍ സഭയുടെ ഭാവി രൂപപ്പെടുന്നത്. ഇവര്‍ക്ക് മാത്രമേ സഭയേയും വിശ്വാസികളെയും നാളെകളില്‍ മാതൃകാപരമായി മുന്നോട്ട് നയിക്കാന്‍ സാധിക്കൂ. ഇതിന് ആവേശം പകരാന്‍ ലീഡ്‌സ് പോലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പ്രദേശങ്ങളില്‍ ഇടവകകള്‍ അനുവദിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദീകര്‍ക്ക് ആവശ്യമായ പിന്‍തുണയും പ്രോത്സാഹനവുമാണ് ഇന്നിന്റെ ആവശ്യം.

കംപാല: ഉഗാണ്ട പാര്‍ലമെന്റില്‍ കൂട്ടയടി. പ്രസിഡന്റിന്റെ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിച്ചത്. ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും കസേരകള്‍ ഉപയോഗിച്ച് തമ്മില്‍ തല്ലുകയും ഒരാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

മുപ്പതു വര്‍ഷത്തോളമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന യോവേരി മുസേവനിയുടെ കാലാവധി നീട്ടി നല്‍കാനുള്ള നീക്കം പ്രതിപക്ഷം എതിര്‍ത്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഉഗാണ്ടയുടെ ഭരണഘടനയനുസരിച്ച് 75 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ 73 വയസുള്ള മുസേവനിക്ക് 2021 വരെ കാലാവധി നീട്ടി നല്‍കാന്‍ നിയമനിര്‍മാണം നടത്താനായിരുന്നു ഭരണപക്ഷം നീക്കം നടത്തിയത്.

പ്രതിപക്ഷം ഇതില്‍ എതിര്‍പ്പ് അറിയിച്ചതിനു പിന്നാലെ പാര്‍ലമെന്റ് യുദ്ധക്കളമായി മാറുകയായിരുന്നു. മൈക്ക് സ്റ്റാന്‍ഡുകളും കസേരകളും ആയുധമാക്കിയായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ കയ്യാങ്കളി. ഇരുപക്ഷത്തെയും സമാധാനിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍പസമയത്തിനു ശേഷം സമാധാനം വീണ്ടെടുത്ത് സഭാനടപടികള്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം ദേശീയഗാനം ആലപിച്ചുകൊണ്ട് നടപടികള്‍ തടസപ്പെടുത്തി. സഭയിലെ ബഹളം തെരുവിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: അന്ധതയില്ലാതാക്കുന്ന ജനിതക തെറാപ്പിയുടെ പരീക്ഷണം എലികളില്‍ വിജയകരം. ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമുണ്ടാകുന്ന അന്ധത ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. റെറ്റിനയില്‍ ശേഷിച്ച നാഡീകോശങ്ങളെ ജനിതക തെറാപ്പിയിലൂടെ വീണ്ടും പ്രോഗ്രാം ചെയ്‌തെടുക്കുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ പഠനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഫലങ്ങള്‍ അന്ധത ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമങ്ങളില്‍ പ്രയോജനപ്പെടുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ സംഘത്തില്‍ അംഗമായ ഡോ.സമാന്ത ഡിസില്‍വ പറഞ്ഞു.

പ്രകാശത്തിനോട് പ്രതികരിക്കുന്ന വിധത്തിലായിരുന്നില്ല റെറ്റിനയിലെ കോശങ്ങള്‍. അവയെ ജനിതക സാങ്കേതികത ഉപയോഗിച്ച് കാഴ്ചക്ക് ഉതകുന്ന വിധത്തില്‍ മാറ്റിയെടുക്കുകയായിരുന്നു. അന്ധതയ്ക്ക് ഏറ്റവും വലിയ കാരണമായ ഗ്ലോക്കോമ ഉണ്ടാകുന്നത് തടയാനും ജനിതക തെറാപ്പിയിലൂടെ സാധിക്കുമെന്ന് എലികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ വ്യക്തമായി. ഇതേ രീതി മനിഷ്യരിലും ഫലപ്രദമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഒട്ടേറെപ്പേര്‍ അന്ധത മൂലം വിഷമിക്കുന്നുണ്ട്. ചികിത്സക്കായി എത്തുന്ന ഇവര്‍ക്ക് കാഴ്ച തിരികെ നല്‍കുന്നതിന് വളരെ ലളിതമായ രീതി ആവിഷ്‌കരിക്കപ്പെടുകയെന്നത് വളരെ ആവേശജനകമാണെന്ന് ഡോ.സമാന്ത പറഞ്ഞു. ഇത് രോഗികളില്‍ പരീക്ഷിക്കുന്നതാണ് അടുത്ത പടി. എലികള്‍ക്ക് എത്രമാത്രം കാഴ്ച തിരികെ ലഭിച്ചു എന്നത് മനസിലാക്കാന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ ബജറ്റ് എയര്‍ലൈനുകളില്‍ ഒന്നായ മൊണാര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമ്പത്തികമായി തകര്‍ന്ന എയര്‍ലൈന്‍ കുറച്ചുകാലമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ രക്ഷാ പാക്കേജിന്റെ പിന്‍ബലത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. കമ്പനി സാമ്പത്തികനില ഭദ്രമാണോ എന്ന കാര്യം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതോടെ 1,10,000 ാത്രക്കാരാണ് വിദേശത്തും യുകെയിലുമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ഈ യാത്രക്കാരെ തിരിച്ചെത്തിക്കാനായി പിന്നീട് വന്‍ ക്രമീകരണങ്ങളാണ് സിഎഎ ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്‍ തങ്ങളുടെ പൗരന്‍മാരെ രാജ്യത്ത് എത്തിക്കാന്‍ സമാധാനകാലത്ത് നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷന്‍ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തി. യാത്രക്കുള്ള പണം വാങ്ങാതെയാണ് ജനങ്ങളെ തിരികെയെത്തിച്ചത്. 7.5 ലക്ഷം ആളുകളുടെ ബുക്കിംഗ് ഇല്ലാതായത് കടുത്ത യാത്രാ പ്രതിസന്ധി സൃഷ്ടിക്കും. മറ്റൊരു ബജറ്റ് എയര്‍ലൈനായ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെയുണ്ടായ പ്രതിസന്ധിക്കു പുറമേയാണ് ഇപ്പോള്‍ മൊണാര്‍ക്കിന്റെ തകര്‍ച്ച വ്യോമഗതാഗത രംഗത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഒരു ദിവസത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് വന്നത്. ഇതോടെ രാവിലെ യാത്രക്കായെത്തിയവര്‍ ബുദ്ധിമുട്ടിലായി. ബോര്‍ഡിംഗിനു തൊട്ടുമുമ്പാണ് ചില യാത്രക്കാര്‍ക്ക് കമ്പനി തന്നെ ഇല്ലാതായെന്ന അറിയിപ്പ് ലഭിച്ചത്. പലരുടെയും ഹോളിഡേ പദ്ധതികള്‍ അവതാളത്തിലായി. മൊണാര്‍ക്കിന്റെ 2100 ജീവനക്കാരും പ്രതിസന്ധിയിലാണ്.

ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി ഒരു വനിത ചുമതലയേറ്റു.
ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി ബ്രെന്‍ഡ ഹേല്‍(77) ആണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഡേവിഡ് നീബേര്‍ഗറിന്റെ പിന്‍ഗാമിയായാണ് ഹേല്‍ സുപ്രീം കോടതി പ്രസിഡന്റാകുന്നത്. സര്‍ക്കാറും എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
1945-ല്‍ യോര്‍ക്ഷെയറില്‍ ജനിച്ച ഹെല്‍ കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ശേഷം മാഞ്ചസ്റ്റര്‍ വാഴ്സിറ്റിയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1984-ല്‍ ലോ കമീഷനില്‍ അംഗമായ ഹെല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് ഹൈകോടതി ജഡ്ജിയായി. 1999-ല്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ എത്തിയ ഹെല്‍ പിന്നീട് ലോ ലോര്‍ഡായി. 2013 ജൂണില്‍ സുപ്രീം കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയില്‍ എത്തി.

ജോജി തോമസ്

ബെര്‍മിംഗ്ഹാം :  ഇടം കൈ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ വലം കൈ അറിയരുതെന്നാണ് പ്രമാണം. പക്ഷെ മലയാളം യുകെ ആദ്യമായി നടത്തിയ ചാരിറ്റി അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റി ആയിരങ്ങള്‍ക്ക് ആശ്വാസമാകുമ്പോള്‍ ഞങ്ങളോട് സഹകരിച്ചവരോടും, സഹായിച്ചവരോടും നന്ദിയുടെ പ്രണാമം അര്‍പ്പിക്കാതെ കടന്നുപോകുന്നത് നീതികേടാവും. സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു പത്രമെന്ന നിലയില്‍ തങ്ങളാല്‍ സാധിക്കുന്ന തലങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് മലയാളം യുകെയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമെടുത്തത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ബെര്‍മിംഗ്ഹാമിലുള്ള ഒരുപറ്റം മലയാളികള്‍ പ്രിന്‍സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യയിലെ നിര്‍ധനരായ രോഗികള്‍ക്കായി ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളം യുകെയുടെ ആദ്യ ചാരിറ്റി സംരംഭത്തിന് അവസരം തുറക്കുകയായിരുന്നു. ഏതാണ്ട് മൂന്നുകോടി രൂപ വിലവരുന്ന ഡയാലിസിസ് മെഷിനുകള്‍ അയക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവായ മൂന്നു ലക്ഷം രൂപയില്‍ ഒന്നര ലക്ഷത്തോളം രൂപ ഒറ്റ ദിവസം കൊണ്ട് തന്ന് സഹായിച്ച നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സന്മനസിന് മുമ്പില്‍ മലയാളം യുകെ പ്രണാമം അര്‍പ്പിക്കുന്നു. ബാക്കി വന്ന തുകയ്ക്ക് വേണ്ടി കാത്തു നില്‍ക്കാതെ മലയാളം യുകെ ഡയറക്ടര്‍മാര്‍ തന്നെ അത് നല്‍കിയാണ്‌ ഇരുപത്തിയഞ്ചോളം മെഷീനുകള്‍ ഇന്ത്യയിലെത്തിച്ചത്.

അവയവദാനം രംഗത്ത് പ്രവര്‍ത്തിച്ച് ഇന്ത്യയൊട്ടാകെ മാതൃക സൃഷ്ടിച്ച ഫാ. ഡേവിസ് ചിറമേലാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ നയിക്കുന്നത്. അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ചിറമേലച്ചന്‍ സ്വന്തം കിഡ്‌നി ദാനം ചെയ്ത് സ്വയം മാതൃക സൃഷ്ടിച്ചിരുന്നു. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങളോട് ”ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു’ എന്നാണ് പ്രതികരിച്ചത്. അച്ചന്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം പ്രോത്സാഹിപ്പിച്ചു എന്നതിന് തെളിവാണ് ഈ വാക്കുകള്‍. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഡയാലിസ് മെഷിനുകള്‍ എത്തിച്ച് പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് തികച്ചും സൗജന്യമായി വൈദ്യസഹായം എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത്ര മഹത്തായ ഒരു കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളിയായി കരുണയുടെ ലോകത്തേയ്ക്ക് കാല്‍വയ്ക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്.

ഡയാലിസ് മെഷിനുകള്‍ ഇതിനോടകം നല്‍കിയിരിക്കുന്നത് മരിയന്‍ സെന്റര്‍ പാല, ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുതലക്കോട്, ദേവമാതാ ഹോസ്പിറ്റല്‍ എറണാകുളം, റിംസ് ഹോസ്പിറ്റല്‍ ഈരാറ്റുപേട്ട തുടങ്ങി അടിമാലിയിലെയും എന്തിന് കേരളത്തിനു പുറത്ത് പഞ്ചാബിലെ ജലന്ധറില്‍ വരെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെ സന്മനസിന്റെ ഫലം അനുഭവിക്കാന്‍ കഴിയും.

ഈയൊരു സംരംഭത്തില്‍ പ്രത്യേകം നന്ദി പറയേണ്ട മൂന്ന് വ്യക്തികളാണ് ചിറമേലച്ചനും പ്രിന്‍സ് ജോര്‍ജും മലയാളം യുകെ ഡയറക്ട് ബോര്‍ഡ് അംഗം ജിമ്മി മൂലംകുന്നും. ചിറമ്മേലച്ചന്റെ നിരന്തര പ്രോത്സാഹനവും ഉപദേശങ്ങളും വളരെ വിലപ്പെട്ടതായിരുന്നു. ഡയാലിസ് മെഷനുകള്‍ കൊച്ചി തുറമുഖത്ത് എത്തിയപ്പോള്‍ ഉണ്ടായ പ്രതിബന്ധങ്ങള്‍ അറിഞ്ഞ നിമിഷം ചിറമേലച്ചന്‍ സഹായമായി ഓടിയെത്തി. ബെര്‍മിംഗ്ഹാമിലെ ഹാര്‍ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസ് യൂണിയന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ് ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ നിന്ന് ഡയാലിസ് മിഷനുകള്‍ ലഭ്യമായത്. ജിമ്മി മൂലംകുന്നം ആണ് മലയാളം യുകെയ്ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഇതുകൂടാതൈ ബെര്‍മിംഗ്ഹാമിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ ചാരിറ്റി ഈവന്റില്‍ നിന്ന് ശേഖരിച്ച 7 ലക്ഷത്തോളം രൂപയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. വടംവലിയില്‍ യുകെയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച ചാരിറ്റി ഈവന്റില്‍ സഹകരിച്ച മറ്റ് സംഘടനകളായ നോര്‍ത്ത് ഫീല്‍ഡ് കേരള വേദി മലയാളി അസോസിയേഷന്‍, വാല്‍ഷാല്‍ മലയാളി അസോസിയേഷന്‍, സെട്ടന്‍ കോല്‍ട്ട് മലയാളി അസോസിയേഷന്‍, കോവന്‍ട്രി മലയാളി അസോസിയേഷന്‍, ഹിന്ദു സമാജം ബെര്‍മിംഗ്ഹാം തുടങ്ങി ബെര്‍മിംഗ്ഹാമിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ബെനിഫാക്‌ച്ചേഴ്‌സ് ഫോറം യുകെയുടെ ഉദ്ഘാടനവും പ്രസ്തുത വേദിയില്‍ വച്ച് നടത്തപ്പെടുകയുണ്ടായി.

കേരളത്തിന് അകത്തും പുറത്തുമായി 25-ഓളം കേന്ദ്രങ്ങളില്‍ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകുമ്പോള്‍ നല്ലവരായ വായനക്കാരുടെയും ചിറമേലച്ചന്റെയും പ്രിന്‍സ് ജോര്‍ജിന്റെയും സുഹൃത്തുക്കളുടെയും സന്മനസിന് മുമ്പില്‍ മലയാളം യുകെ ഒരിക്കല്‍ കൂടി പ്രണാമം അര്‍പ്പിക്കുന്നു. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കമാകട്ടെയെന്നും ബ്രിട്ടണിലെ നല്ലവരായ മലയാളികളും, മലയാളി സംഘടനകളും നാളെകളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരട്ടെയെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

RECENT POSTS
Copyright © . All rights reserved