മണമ്പൂര് സുരേഷ്
ലണ്ടന്: ഈ വര്ഷത്തെ ബ്രിട്ടനിലെ ദേശീയ അവാര്ഡായ ഓര്ഡര് ഓഫ് ബ്രിട്ടീഷ് എംപയര് സൗത്ത് ക്രോയ്ഡനില് താമസിക്കുന്ന പ്രതിഭ രാംസിങ്ങിനു (46) ലഭിച്ചു. ഇന്ത്യയിലെ പത്മ വിഭൂഷന്, പത്മ ഭൂഷന്, പത്മശ്രീ തുടങ്ങിയ അവാര്ഡുകള്ക്ക് തുല്യമായ അവാര്ഡാണ് OBE. ലഭ്യമായ വിവരങ്ങള് അനുസരിച്ച് ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് പ്രതിഭ.
ഡിപാര്ട്ട്മെന്റ് ഓഫ് വര്ക്ക് ആന്റ് പെന്ഷന്സില് ഡിസ്ട്രിക്റ്റ് ഒപറേഷന്സ് മാനേജര് ആയി സേവനം അനുഷ്ഠിക്കുന്ന പ്രതിഭ ലണ്ടന് നഗരത്തിലെ സങ്കീര്ണ്ണമായ പ്രശ്നങ്ങള്ക്കിടയില് നിന്ന് വരുന്ന മനുഷ്യരെ സഹായിക്കുന്നതിനുള്ള പദ്ധതികള് ആവിഷ്കരിച്ചു നടപ്പാക്കിയതു പരിഗണിച്ചാണ് ദേശീയ പുരസ്കാരം നല്കിയത്.
തിരുവനന്തപുരം ജില്ലയില് ആറ്റിങ്ങല് അവനവഞ്ചേരി വിശ്വപ്രകാശില് കെ. വിശ്വംഭരന്റെയും ദമയന്തിയുടെയും മകളായ പ്രതിഭ മൂന്ന് വയസു മുതല് ലണ്ടനിലാണ് വളര്ന്നതും പഠിച്ചതും. കൊല്ലം പാലസ് വാര്ഡില് പത്മ ഭവനിലെ രാംസിങ്ങാണ് ഭര്ത്താവ്.
ലണ്ടന്റെ തെക്ക് ഭാഗത്തുള്ള സൗത്ത് ക്രോയ്ഡനിലാണ് താമസം. മക്കള് അനീഷ, അരുണ്. കൊളോണിയല് കാലഘട്ടത്തില് തുടങ്ങിയതു കൊണ്ട് തന്നെ ഓര്ഡര് ഒഫ് ദി ബ്രിട്ടീഷ് എമ്പയര് എന്ന പേരില് (OBE) ഈ അവാര്ഡ് ഇപ്പോഴും തുടരുന്നു.
ഇംഫാല്: രാജ്യത്തിന്റെ വടക്കു കിഴക്കന് ഇന്ന് പുലര്ച്ചെ അനുഭവപ്പെട്ട ഭൂചലനത്തില് അഞ്ചു മരണം. റിക്ടര് സ്കെയിലില് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില് നാല്പ്പത് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്ന്നേക്കുമെന്നാണ് റിപ്പോര്ട്ട്. വൈദ്യുതി, വാര്ത്താവിനിമയ സംവിധാനങ്ങള് തകരാറിലായത് രക്ഷാപ്രവര്ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന് പടിഞ്ഞാറായി ഭൂമിയ്ക്കടിയില് 57 കിലോമീറ്റര് ഉളളിലായാണ് ചലനമുണ്ടായത്. മ്യാന്മര് അതിര്ത്തിയിലാണിത്.
മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലമുണ്ടായത്. പല വീടുകളുടെയും മേല്ക്കൂരകളും പടിക്കെട്ടുകളും തകര്ന്നു. ഇംഫാലിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. നിര്മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് ആളുകള് കുടുങ്ങിയിട്ടുണ്ടാകുമെന്ന സംശയമുണ്ട്. എന്നാല് എത്ര പേര് ഇവിടെയുണ്ടായിരുന്നെന്ന് കാര്യം വ്യക്തമല്ല. മിക്കവരും തങ്ങളുടെ വീട് വിട്ട് ഓടിപ്പോയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. അധികൃതര് രക്ഷാപ്രവര്ത്തനങ്ങളില് അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്.
സര്ക്കാര് കൃത്യമായ വിവരങ്ങള് നല്കുന്നില്ലെന്ന് രക്ഷാപ്രവര്ത്തകരും പരാതിപ്പെടുന്നു. എന്നാല് സര്ക്കാര് ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സംസ്ഥാന സര്ക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങള് വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. 1176 കിലോമീറ്റര് അകലെയുളള മ്യാന്മറിലെ യാന്ഗോണില് വരെ പ്രകമ്പനമുണ്ടായാതായി അവിടെ നിന്നുളള റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ലണ്ടന്: ലോകത്ത് വിമാനയാത്ര സുരക്ഷിതമല്ലാതാകുന്നുവെന്ന് സൂചന. കഴിഞ്ഞ രണ്ട് വര്ഷത്തിനിടെ 900 വിമാനയാത്രക്കാരാണ് കൊല്ലപ്പെട്ടത്. വിമാനദുരന്തങ്ങളിലേറെയും സംഭവിച്ചത് സുരക്ഷാ പിഴവുകള് കാരണമാണെന്ന് ഡച്ച് സുരക്ഷാ കണ്സള്ട്ടന്സിയായ ടു70 വ്യക്തമാക്കി. രണ്ട് മലേഷ്യന് എയര്ലൈന്സ് വിമാനങ്ങള്ക്ക് സംഭവിച്ച ദുരന്തങ്ങളും ഇവര് ചൂണ്ടിക്കാട്ടുന്നു. എംഎച്ച് 370യുടെ തിരോധാനത്തെക്കുറിച്ച് ഇനിയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഉക്രൈയിന് മുകളില് വച്ച് എംഎച്ച് 17 വെടിവച്ചിടപ്പെട്ടു. ഇക്കൊല്ലം ജര്മന് വിമാനം ആല്പ്സിന് മുകളില് തകര്ന്ന് വീണതും സിനായ് പ്രവിശ്യയിലെ മെട്രോ ജെറ്റ് ദുരന്തവും മരണസംഖ്യ ഉയര്ത്തി.
വിമാനപകടങ്ങളിലേറെയും സംഭവിക്കുന്നത് യാത്രക്കാരുടെ അനാവശ്യ ഇടപെടലുകള് മൂലമാണെന്ന് ടു70യിലെ ഏവിയേഷന് കണ്സള്ട്ടന്റ് ആന്ഡ്രിയാന് യങ് പറഞ്ഞു. ഇത് ലോകവ്യാപകമായി തന്നെ തടയപ്പെടണം. എയല്ലൈന് ജീവനക്കാര് വിമാനത്താവളത്തിനുളളില് കടക്കുന്ന വഴികളാണ് ആശങ്ക ഉയര്ത്തുന്നത്. ആരൊക്കെ എന്തിനൊക്കെ അകത്തേക്ക് പോകുന്നു എന്ന് പരിശോധിക്കാന് പല വിമാനത്താവളങ്ങളിലും ഏറെ ദുര്ബലമായ സംവിധാനങ്ങളാണുളളത്. ഷറം അല് ഷെയ്ഖ് വിമാനത്താവളത്തില് നിന്ന് സെന്റ് പീറ്റേഴ്സ് ബര്ഗിലേക്ക് പോയ മെട്രോ ജെറ്റിലെ 224 പേരുടെ ജീവനെടുത്തത് ഭീകരരുടെ ഒരു ബോംബാക്രമണമാണ്. എന്നാല് ഒരു സ്ഫോടകവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ഈജിപ്ഷ്യന് അന്വേഷണസംഘത്തിന്റെ വിശദീകരണം.
ബോംബ് സ്ഥാപിച്ചതിന് തെളിവുകള് ലഭിച്ചതായി റഷ്യ അവകാശപ്പെടുന്നു. അതി ശക്തമായ സ്ഫോടകവസ്തുവാണ് വിമാനം തകര്ത്തതെന്ന് ഏവിയേഷന് സെക്യൂരിറ്റി ഇന്റര്നാഷണലിന്റെ എഡിറ്റര് ഫിലിപ്പ് ബാം പറയുന്നു. യാത്ര പുറപ്പെടും മുമ്പ് തന്നെ വിമാനത്തിനുളളില് ബോംബ് സ്ഥാപിച്ചതായാണ് ബ്രിട്ടന് കണ്ടെത്തിയിട്ടുളളത്. ഈജിപ്തിലേക്കുളള മുഴുവന് വിമാന സര്വീസുകളും ബ്രിട്ടന് ഇനിയും പുനരാരംഭിച്ചിട്ടില്ല.
സ്റ്റോക്ക്ഹോം: സ്വീഡനില് വേട്ടയാടലിന് നിലവിലുള്ള വിലക്കുകള് മറികടന്ന് വന്തോതിലുള്ള ചെന്നായ് വേട്ട ആരംഭിച്ചു. മധ്യ സ്വീഡനില് നിന്നുളള വേട്ടക്കാരാണ് വന് തോതില് ചെന്നായ്ക്കളെ കൊന്നൊടുക്കാന് തുടങ്ങിയത്. പെറ്റുപെരുകിയ ഇവയുടെ എണ്ണം കുറച്ച് വന്യജീവികളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. ഈ മാസം രണ്ട് മുതല് ഇവയെ കൊല്ലാനുളള താത്ക്കാലിക ലൈസന്സ് രാജ്യത്തെ പരമോന്നത കോടതി നല്കിയിട്ടുണ്ട്. അടുത്ത മാസം പതിനഞ്ച് വരെയാണ് ഇവയെ കൊല്ലാന് അനുമതി നല്കിയിട്ടുളളത്. എന്നാല് ചില മൃഗസംരക്ഷക പ്രവര്ത്തകരുടെ പരാതിയെ തുടര്ന്ന് മൂന്ന് പ്രാദേശിക കോടതികള് ചെന്നായ വേട്ടയെ താത്ക്കാലികകമായി നിരോധിച്ചിരുന്നു. എന്നാല് മറ്റ് കോടതികള് ചെന്നായ വേട്ടയുമായി മുന്നോട്ട് പോകാന് അനുമതി നല്കിയിട്ടുണ്ട്.
രാജ്യത്ത് 400 ചെന്നായകളുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ ഏജന്സിയുടെ കണക്കുകള്. നിയന്ത്രിത വേട്ടയിലൂടെ ഇവയുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് നിര്ദേശം. 1970കളില് രാജ്യത്ത് വംശനാശഭീഷണി നേരിട്ട ജീവി വര്ഗമാണിത്. പിന്നീട് ഇവയ്ക്ക് വംശവര്ദ്ധനയുണ്ടായി. ഇപ്പോള് അനുവദിച്ചിട്ടുളള സമയപരിധിയ്ക്കിടെ പതിനാല് ചെന്നായ്ക്കളെ കൊല്ലാം. 46 എണ്ണത്തെക്കൊല്ലാനാണ് അനുമതി തേടിയിരുന്നത്. നാട്ടുമ്പുറങ്ങളില് കായിക മത്സരങ്ങള്ക്കായുള്ള മൃഗങ്ങളെയും വേട്ട നായ്ക്കളെയും ഇവ ഉപദ്രവിക്കുന്നതായി പരാതി ഉയര്ന്നിട്ടുണ്ട്.
ചെന്നായ്ക്കളെ കൊല്ലാനുളള സ്വീഡന്റെ തീരുമാനം 2011ല് യൂറോപ്യന് കമ്മീഷനെ ചൊടിപ്പിച്ചിരുന്നു.
ചെന്നായ് അടക്കമുളള വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ വാദം. എന്നാല് ഇപ്പോള് ചെന്നായ്ക്കളെ കൊല്ലാന് യൂറോപ്യന് യൂണിയന് അംഗങ്ങള് അനുവദിക്കുന്നു. എന്നാല് കൃത്യമായ മാര്ഗനിര്ദേശങ്ങള് പാലിച്ചാകണം അതെന്ന് നിര്ദേശമുണ്ട്. 2011ല് സ്വീഡന് തങ്ങള് നല്കിയ മാര്ഗനിര്ദേശങ്ങള് പാലിക്കുന്നതില് വീഴ്ച വരുത്തിയെന്ന് കമ്മീഷന് ആക്ഷേപമുണ്ട്. ഒരു ചെന്നായയെ കൊല്ലുന്നതിനുളള ശരിയായ പാരിസ്ഥിതിക തന്ത്രം മുന്നോട്ട് വയ്ക്കാനും സ്വീഡനായില്ല. സ്വീഡനിലെ ചെന്നായകളുടെ എണ്ണം വളരെ ചെറുതാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും വംശവര്ദ്ധനയും ഇവയ്ക്ക് ഭീഷണിയാകുന്നു.
ലണ്ടന്: സൂപ്പര്മാര്ക്കറ്റുകളില് വീണ്ടും ഇന്ധന വില മത്സരം മുറുകുന്നു. മോറിസണ് ഡീസല് വില ഒരു പൗണ്ടിനും താഴെയായി കുറച്ചു. ആറ് വര്ഷത്തിനിടെ ആദ്യമാണ് മോറിസണില് ഡീസല് വില ഒരു പൗണ്ടിനും താഴെയെത്തുന്നത്. അസ്ദയും ടെസ്കോയും ഇന്ന് വിലകുറച്ചേക്കുമെന്ന് സൂചനയുണ്ട്. പുതുവര്ഷത്തില് തങ്ങളുടെ ഉപഭോക്താക്കള്ക്ക് ഇത്രയും വില കുറച്ച് ഡീസല് നല്കാനാകുന്നതില് ഏറെ സന്തോഷമുണ്ടെന്നാണ് അസ്ദയുടെ സീനിയര് പെട്രോള് ഡയറക്ടര് ആന്ഡി പീക്ക് പ്രതികരിച്ചത്. ഈ രംഗത്ത് വഴികാട്ടാന് കഴിഞ്ഞതിലുളള ചാരിതാര്ത്ഥ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
ഡീസല് വാഹനങ്ങള് ഓടിക്കുന്നവര്ക്ക് ഇതൊരു നല്ല വാര്ത്തയാണെന്ന് സെയിന്സ്ബറി തലവന് അവിഷായ് മൂര് പറഞ്ഞു. ഏതായാലും 2016 ഇവര്ക്ക് നല്ലൊരു തുടക്കമാകും. വാഹനമുടമകളുടെ ബജറ്റിനും ഇത് ഏറെ പ്രയോജനകരമാകും.
ആര്എസി വിലകുറയ്ക്കലിനെ സ്വാഗതം ചെയ്തു. എന്ത് കൊണ്ടാണ് ഇത് വ്യാപകമായ തോതിലുളള ഒരു വിലപേശലിന് വഴി വയ്ക്കാത്തതെന്ന ചോദ്യവും ആര്എസി ഉയര്ത്തുന്നു.
വന്കിട സൂപ്പര്മാര്ക്കറ്റുകളുടെ ഈ തീരുമാനത്തെ തീര്ച്ചയായും വാഹന ഉടമകള് സ്വാഗതം ചെയ്യും. ഈ നടപടി എല്ലാ സൂപ്പര്മാര്ക്കറ്റുകളും ഡീലര്മാരും പിന്തുടരേണ്ടതുണ്ടെന്നും ഇവര് പറയുന്നു. അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ ഫലം കിട്ടുന്ന എല്ലാവരും ഡീസല് വില കുറയ്ക്കാന് തയാറാകണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്.
ദമാസ്കസ്: അഞ്ച് ബ്രിട്ടീഷ് ചാരന്മാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ദൃശ്യങ്ങള് ഐസിസ് പുറത്ത് വിട്ടു. സിറിയയിലെ ഐസിസിനെതിരെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് നടത്തുന്ന പ്രചാരണങ്ങള് നിര്ത്തണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്കുന്നതെന്നും ഇവര് വ്യക്തമാക്കുന്നു. റഖയിലുളള ഐസിസിന്റെ മാധ്യമസംഘമാണ് വീഡിയോ പുറത്ത് വിട്ടത്. ഓറഞ്ച് നിറത്തിലുളള ജമ്പ് സ്യൂട്ടാണ് ഇവര് അണിഞ്ഞിട്ടുളളത്. ബ്രിട്ടന്റെ സുരക്ഷാസേവനങ്ങളുടെ ഭാഗമായി ചാരപ്രവൃത്തി നടത്തിയതില് ഇവര് കുറ്റസമ്മതം നടത്തുന്നതായും ദൃശ്യങ്ങളിലുണ്ട്.
പിന്നീട് ഇവര് മുട്ടുകുത്തി നില്ക്കുന്നതും ഇതില് കാണാം. പത്ത് മിനിറ്റോളം ദൈര്ഘ്യമുളള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുളളത്. ഇവരെ ബ്രിട്ടന് ഉപേക്ഷിച്ചിരിക്കുന്നുവെന്ന് ഒരു തീവ്രവാദി ബ്രിട്ടീഷ് ചുവയുളള ഇംഗ്ലീഷില് പറയുന്നു. ചാരന്മാര് ബ്രിട്ടീഷ് പൗരന്മാരല്ലെന്നാണ് സൂചന. ബ്രിട്ടന് വേണ്ടി പ്രവര്ത്തിച്ചതിനാണ് ഇവരെ വധിച്ചത്. ബ്രിട്ടന് വേണ്ടി ഇവര് റഖയില് നിന്ന് ഫോട്ടോകളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്റലിജന്സ് വഴി ബ്രിട്ടീഷ് സൈനികര്ക്ക് കൈമാറിയെന്നും ഐസിസിന്റെ മാധ്യമ വിദഗ്ദ്ധന് പറയുന്നു.
ഇത് ഡേവിഡ് കാമറൂണിനുളള മുന്നറിയിപ്പാണെന്നും മുഖം മൂടി ധരിച്ച ഒരു തോക്കുധാരി പറയുന്നുണ്ട്. കാമറൂണിനെ ദുര്ബലനെന്നും വൈറ്റ് ഹൗസിന്റെ അടിമയെന്നുമാണ് അയാള് വിശേഷിപ്പിച്ചത്. ഒരിക്കല് നിങ്ങളുടെ രാജ്യം ഞങ്ങള് കയ്യേറുമെന്നും ബ്രിട്ടീഷ് ജനതയോട് ഐസിസ് പറയുന്നു. അവിടെ ഞങ്ങള് ശരിയ നിയമം നടപ്പാക്കും. മുന് പ്രധാനമന്ത്രിമാരായ ഗോര്ഡന് ബ്രൗണിനോടും ടോണി ബ്ലയറിനോടും താരതമ്യം ചെയ്യുമ്പോള് കാമറൂണ് ധിക്കാരിയും വിഡ്ഢിയും ആണെന്നും ഭീകരര് ഈ ദൃശ്യങ്ങളില് വിലയിരുത്തുന്നു.
ഇറാഖിലെയും അഫ്ഗാനിലെയും പോലെ ഈ യുദ്ധത്തിലും നിങ്ങള് തോല്ക്കുമെന്നും അവര് പറയുന്നു. അടുത്ത കൊലപാതക സൂചനകള് നല്കിക്കൊണ്ടാണ് ഈ ദൃശ്യങ്ങള് അവസാനിക്കുന്നത്. തീവ്രവാദികളുടെ വേശഷത്തില് നില്ക്കുന്ന ഒ രു കുട്ടിയേക്കൊണ്ട് ബ്രിട്ടീഷ് ഇംഗ്ലീഷില് അവിശ്വാസികളെ കൊല്ലുമെന്ന് പറയിക്കുകയും ചെയ്യുന്നുണ്ട്. ഇറാഖ് നഗരമായ റമാദി നഷ്ടപ്പെട്ട ശേഷം ഐസിസ് ധാരാളം പ്രചാരണ ദൃശ്യങ്ങള് പുറത്ത് വിടുന്നുണ്ടെന്ന് മധ്യപൂര്വ്വ ദേശങ്ങളിലെ നിരീക്ഷകര് വിലയിരുത്തുന്നു. ദൃശ്യങ്ങളെക്കുറിച്ച് ബ്രിട്ടന് പ്രതികരിച്ചിട്ടില്ല.
ലണ്ടന്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില് അംഗത്വം ലഭിക്കുന്നതിന് ബ്രിട്ടന് വഹിച്ച പങ്കിനെക്കുറിച്ച് വ്യക്തമാക്കണമെന്ന ആവശ്യം ഉയര്ന്നിരിക്കുന്നതായി റിപ്പോര്ട്ട്. സൗദി 47 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്ന്നത്. സൗദി അറേബ്യയുടെ നടപടി വന് പ്രതിഷേധമുയര്ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില് ഇരുരാജ്യങ്ങളുടെയും അംഗത്വം ഉറപ്പാക്കാനായി ബ്രിട്ടന് സൗദിയുമായി രഹസ്യമായി വോട്ട് കച്ചവടം നടത്തിയതായി കഴിഞ്ഞ വര്ഷം വിക്കീലീക്സ് പുറത്ത് വിട്ടു നയതന്ത്ര കേബിളുകള് സൂചിപ്പിക്കുന്നു. 2013 നവംബറില് നടന്ന വോട്ടെടുപ്പിലാണ് ഇത് സംബന്ധിച്ച ഇടപാടുകള് നടന്നതെന്ന് ദ ആസ്ട്രേലിയന് എന്ന പത്രവും റിപ്പോര്ട്ട് ചെയ്തു.എന്നാല് വാര്ത്തയോട് ബ്രിട്ടന് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് 47 അംഗ മനുഷ്യാവകാശ കൗണ്സിലില് ഇരുരാജ്യങ്ങളും ഇടം പിടിക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ് കണ്ടില്ലെന്ന് നടിക്കുന്നതായി മനുഷ്യാവകാശ പ്രവര്ത്തകര് ആരോപിക്കുന്നു. ഈയാഴ്ച പ്രമുഖ ഷിയ പുരോഹിതനായ നിമര് അല് നിമര് അടക്കമുളളവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടന് പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കണമെന്ന് രാജ്യത്തെ വിവിധ പാര്ട്ടികള് ആവശ്യപ്പെട്ടിട്ടുളളത്. സൗദി അറേബ്യയിലെ കൂട്ടക്കുരുതിയുടെ സാഹചര്യത്തില് മനുഷ്യാവകാശ കൗണ്സിലിലെ സൗദി അംഗത്വം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഗ്രീന് പാര്ട്ടി നേതാവ് നതാലി ബെന്നറ്റ് പറയുന്നു.
വീക്കിലീക്സിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സര്ക്കാര് തലത്തില് തന്നെ അന്വേഷണം വേണമെന്നും ഇവര് ആവശ്യപ്പെടുന്നു. കൂടാതെ സൗദിയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം പരിശോധിക്കാതെ ഇവരെ പിന്തുണച്ച ബ്രിട്ടീഷ് നടപടിയെക്കുറിച്ചും അന്വേഷണം വേണമെന്ന് അവര് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്ട്ട് പൊതുജനസമക്ഷം വയ്ക്കണമെന്നും അവര് പറഞ്ഞു. സൗദി അറേബ്യയിലേക്കുളള ആയുധ കയറ്റുമതി ഉടനവസാനിപ്പിക്കണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്. ഇപ്പോള് തന്നെ ഏറെ ദുര്ബലമായ നയതന്ത്ര പ്രതികരണങ്ങള് ശക്തമാക്കണം.
സൗദി അറേബ്യയെ മനുഷ്യാവകാശ സമിതിയില് ഉള്പ്പെടുത്താന് ബ്രിട്ടന് പിന്തുണച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താനുളള ശരിയായ സമയം ഇതാണെന്ന് ലിബറല് ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന് പറയുന്നു. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില്, അത് നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളോട് കാട്ടിയ അനാദരവാണെന്നും അദ്ദേഹം പറയുന്നു. നമ്മുടെ സഖ്യരാജ്യങ്ങളോട് ശക്തമായ നിലപാടുകള് തന്നെ സ്വീകരിക്കണം. മനുഷ്യാവകാശ ലംഘനങ്ങള് പൊറുക്കാനാകില്ലെന്ന കാര്യം വ്യക്തമായി അറിയിക്കണം. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില് സര്ക്കാരിന് മനുഷ്യാവകാശത്തിന് ഉപരിയായി എന്തെങ്കിലും ലാഭം ഉണ്ടായിട്ടുണ്ടാകുമെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്.
സൗദിയില് നടന്ന കൂട്ട വധശിക്ഷകള്ക്കെതിരെ രാജ്യാന്തര സമൂഹത്തില് നിന്ന് വന് പ്രതിഷേധം ഉയര്ന്നിട്ടും ബ്രിട്ടന്റെ ഭാഗത്ത് നിന്ന് നാമമാത്രമായ പ്രതികരണം മാത്രമാണ് ഉണ്ടായിട്ടുളളത്. ഏത് രാജ്യമായാലും വധശിക്ഷയെ തങ്ങള് എല്ലാ സാഹചര്യത്തിലും എതിര്ക്കുന്നുവെന്നാണ് ബ്രിട്ടന് വ്യക്തമാക്കിയിട്ടുളളത്. മനുഷ്യവര്ഗത്തിന്റെ അന്തസിനെ ഹനിക്കുന്ന നടപടിയാണിത്. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള് തടയാനാകുമെന്ന് തങ്ങള് കരുതുന്നില്ലെന്നും ബ്രിട്ടന് പ്രതികരിച്ചു.
സ്വന്തം ലേഖകന്
തൃശൂര് : ആം ആദ്മി പാര്ട്ടി കേരളത്തിന്റെ പുതിയ അമരക്കാരനായി പ്രമുഖ എഴുത്തുക്കാരനും പരിസ്ഥിതി പ്രവര്ത്തകനുമായ ശ്രീ സി. ആര്. നീലകണ്ഠനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയാണ് ഈക്കാര്യം പ്രഖ്യാപിച്ചത്.
തൃശൂര് ജില്ലയിലെ കരുവന്നൂരില് 1957 ഏപ്രില് 2 ന് സി.പി. രാമന് നമ്പൂതിരിയുടേയും സാവിത്രി അന്തര്ജനത്തിന്റെയും മകനായി ജനിച്ച സി. ആര്. നീലകണ്ഠന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര് ഗവ. എന്ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില് നിന്ന് വിദ്യാഭ്യാസം നേടി. എസ്.എഫ്.ഐ യുടെ തൃശൂര് ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില് ഒരു വര്ഷത്തെ പരിശീലനം നേടി. 1983 ല് അരൂരിലെ കെല്ട്രോണ് കണ്ട്രോള്സില് ജോലിയില് ചേര്ന്ന സി. ആര്. നീലകണ്ഠന് അവിടുത്തെ ഡെപ്പ്യൂട്ടി ജനറല് മാനേജര് പദവി വഹിച്ചു.
പരിസ്ഥിതി വിഷയത്തില് വ്യക്തമായ നിലപാട് ഉയര്ത്തിപ്പിടിക്കുന്ന സി. ആര്. നീലകണ്ഠന് പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള് കേന്ദ്രീകരിച്ച് ലേഖനങ്ങള് എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.
ഒരു കാലത്ത് സി. പി. എം ന്റെ സഹയാത്രികനായിരുന്ന സി ആര് നീലകണ്ഠന്, അവരുടെ പരിസ്ഥിതി – ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളില് കക്ഷി രാഷ്ട്രീയങ്ങള്ക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും, സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്തിരുന്നു. 2014 ല് ആം ആദ്മി പാര്ട്ടിയില് ചേര്ന്ന സി. ആര്. നീലകണ്ഠന് സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറായി പ്രവര്ത്തിച്ചു വരുകയായിരുന്നു.
ആം ആദ്മി പാര്ട്ടിയുടെ കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാക്കുവാന് സ്ഥാപിച്ച മിഷന് വിസ്താര് കാലാവധി പൂര്ത്തിയാവുകയും അതേ തുടര്ന്ന് സംസ്ഥാന നേതൃത്വം രാജി കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിക്ക് നല്കുകയും ചെയ്തിരുന്നു. കേരളത്തിലെ കണ്വീനര് ആയിരുന്ന ശ്രീമതി സാറാ ജോസഫ് ശ്രീ സി. ആര്. നീലകണ്ഠന്റെ പേര് നിര്ദ്ദേശിച്ചതിനെ തുടര്ന്ന് ഇന്ന് കേരളത്തിലെ വളണ്ടിയര്മാരുമായി നടന്ന ഗൂഗിള് ഹാങ്ങ് ഔട്ടിന് ശേഷം സോമനാഥ് ഭാരതി പുതിയ കണ്വീനറായി സി. ആര്. നീലകണ്ഠനെ പ്രഖ്യാപിക്കുകയുമായിരുന്നു.
പൂണെ: ഐസിസില് ചേരാന് ഇന്ത്യയില് നിന്ന് ഒരു കൗമാരക്കാരി ഐസിസില് ചേരാന് തയ്യാറായി നില്ക്കുന്നു എന്ന് കേട്ടപ്പോള് എല്ലാവരും ഞെട്ടിത്തരിച്ചുപോയി. ഇന്ത്യന് ഓയില് കോര്പ്പറേഷന് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സിറാജുദ്ദീന് അറസ്റ്റിലായപ്പോഴാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വിവരം പുറത്ത് വന്നത്. എന്തായാലും ആ പതിനേഴുകാരിയുടെ വിവരങ്ങള് പോലീസ് പുറത്ത് വിട്ടില്ല. മറിച്ച്, ആ കുട്ടിയെ കൗണ്സിലിങ്ങിനും യഥാര്ത്ഥ മത ഉപദേശങ്ങള്ക്കും വിധേയയാക്കുകയായിരുന്നു. അതിപ്പോള് ഗുണം ചെയ്തു എന്ന് വേണം കരുതാന്. എങ്ങനെയാണ് തന്നെ ഐസിസ് വലയിലാക്കാന് ശ്രമിച്ചതെന്ന് ആ പെണ്കുട്ടി തന്നെ പറയുന്നു.
2015 ഏപ്രിലിനും ആഗസ്റ്റിനും ഇടയിലുള്ള കാലം. കോളേജില് ചേരുന്നതിന് മുമ്പുള്ള ചെറിയ ഇടവേള. ഈ സമയത്താണ് അവള് ഐസിസിനെ കുറിച്ച് കൗതുകത്തോടെ അന്വേഷിയ്ക്കാന് തുടങ്ങിയത്. പിന്നീട് ഐസിസിനെ കുറിച്ചുളള വിവരങ്ങള് ശേഖരിയ്ക്കാനും വായിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് ആളുകള് ഐസിസിനെ പിന്തുണയ്ക്കുന്നത് എന്ന് അന്വേഷിച്ചു.
ഇസ്ലാം മതം അനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങള് എന്തൊക്കെ? ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് എന്തൊക്കെ? അന്വേഷണം തുടര്ന്നപ്പോള് കിട്ടിയത് ഇത്തരം വിവരങ്ങളാണ്.
പിന്നീട് ഫേസ്ബുക്കിലെത്തി. അതിന് ശേഷമാണ് ഐസിസുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളില് എത്തിപ്പെടുന്നത്. ഇതോടെ വസ്ത്രധാരണ രീതിയെല്ലാം മാറി. പര്ദ്ദ ഉപയോഗിയ്ക്കാന് തുടങ്ങി.
ഓണ്ലൈനിലെ ഐസിസ് ഗ്രൂപ്പുകളില് ഇവളായിരുന്നു ഏറ്റവും ചെറുപ്പം. അതുകൊണ്ട് തന്നെ എല്ലാവരും തുടര്ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. 24 മണിക്കൂറും ഓണ്ലൈനില് എന്ന അവസ്ഥയിലെത്തി. മെഡിക്കല് വിദ്യാഭ്യാസം നല്കാം എന്നായിരുന്നു ഐസിസിന്റെ ഭാഗത്ത് നിന്നുള്ള വാഗ്ദാനം. പരിക്കേല്ക്കുന്ന പോരാളികളെ ചികിത്സിയ്ക്കാനും പരിചരിയ്ക്കാനും വേണ്ടിയാണിത്.
ഭീകര വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര് വീട്ടിലെത്തിയപ്പോള് ആദ്യം ശരിയ്ക്കും ഭയന്നുപോയി. പക്ഷേ അവരോടിപ്പോള് നന്ദിയാണുള്ളത്. ഐസിസിന്റെ കറുത്ത കരങ്ങളില് നിന്ന് രക്ഷിച്ചത് അവരാണ്. മത പണ്ഡിതര് തനിയ്ക്ക് സത്യമെന്താണന്ന് ബോധ്യപ്പെടുത്തിത്തന്നു. ഇതിന് സഹായിച്ചത് ഭീകര വിരുദ്ധ സേനയാണ്.
ഇത് തന്നെ സംബന്ധിച്ച് ഒരു പുതിയ ജീവിതമാണ്. ഐസിസിന്റെ ചതിക്കുഴികളില് വീഴുന്നവരെ തിരികെ മാറ്റിയെടുക്കാന് സഹായിക്കാമെന്ന് തീവ്രവാദ വിരുദ്ധ സേനയ്ക്ക് ഉറപ്പ് നല്കിയിട്ടുണ്ട്
സ്വന്തം ലേഖകന്എടത്വാ : കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുമ്പോള് ആരുടെയും മനസ്സില് തെളിയുന്ന ചിത്രങ്ങള് കുട്ടനാടിന്റേതാണ് . കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്വയലുകളും വഞ്ചികളൊഴുകുന്ന തോടുകളും ഇരുകരകളിലുമായി ആടിയുലയുന്ന തെങ്ങുകളും തീര്ക്കുന്ന ദൃശ്യവിസ്മയങ്ങളാല് മനോഹരമായ നാട്ടിന്പുറങ്ങള് നിറഞ്ഞയിടം . അതാണ് ഏതൊരു മലയാളിയുടേയും മനസ്സിലെ കുട്ടനാട് .
പക്ഷേ, യഥാര്ത്ഥത്തില് ഇന്ന് ! കുട്ടനാട് ക്യാന്സറിന്റെ സ്വന്തം നാടാവുകയല്ലേ ? ചുരുങ്ങിയപക്ഷം അവിടെ ജീവിക്കുന്നവരുടെ അവസ്ഥ അതാണ് . വെള്ളത്താല് ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്തെ ജലം പൂര്ണമായും മലിനമാണ് . പമ്പ , അച്ചന്കോവില് , മണിമല എന്നീ മൂന്നു പുഴകളാല് ചുറ്റപ്പെട്ട് കടല് നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട് . തണ്ണീര്മുക്കം ബണ്ട് അടയ്ക്കുന്നതോടെ ഏതാനും മാസം വെള്ളത്തിന്റെ ഒഴുക്ക് പൂര്ണമായും നിലയ്ക്കും . നെല്വയലുകളിലടിച്ച കീടനാശിനികളും പുഴകളിലൂടെ ഒഴുകിവന്ന മാലിന്യങ്ങളും വീടുകളില്നിന്നും ഹൗസ്ബോട്ടുകളില്നിന്നും ഒഴുകുന്ന മനുഷ്യവിസര്ജ്യങ്ങളും എണ്ണപ്പാടകളും കെട്ടിക്കിടക്കുന്ന ഒരിടം . ആ വെള്ളമാണ് വലിയൊരു വിഭാഗം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് . ഫലമോ , ജലജന്യരോഗങ്ങളും ക്യാന്സറും അനുദിനം വര്ദ്ധിക്കുന്നു.
കോട്ടയം മെഡിക്കല് കോളേജ് കമ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. സെയ്റു ഫിലിപ്പിന്റെ നേതൃത്വത്തില് 2009ല് കൈനകരിയില് നടന്ന സര്വേയുടെ ഫലം ഇതിന്റെ വ്യക്തമായ സൂചനയാണ് . 8091 ജനങ്ങള്വരുന്ന 1809 വീടുകളിലാണ് ക്യാന്സര് കണ്ടെത്താനുള്ള സര്വേ നടന്നത്. ആയിരത്തില് 4.5 ആളുകള്ക്ക് ക്യാന്സറുണ്ടെന്നായിരുന്നു ഫലം . അഞ്ചാം വാര്ഡില് ആയിരത്തിന് 8.1 ആളുകള്ക്കാണ് ക്യാന്സര്രോഗം കണ്ടത് .
ക്യാന്സര് വിദഗ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്വേ അല്ലെന്നതിനാല് ഈ ഫലം സ്വീകാര്യമല്ല . പുതുതായി രോഗമുണ്ടായവരുടെ കണക്ക് കിട്ടിയാലേ അവര് ഒരു പ്രദേശത്ത് ക്യാന്സര് കൂടുതലാണെന്ന് സമ്മതിക്കൂ . അതുകൊണ്ടുതന്നെ അഞ്ചുവര്ഷത്തിനിടെ നടന്ന മരണമോ അവിടെ കണ്ട മൊത്തം ക്യാന്സര് രോഗികളുടെ എണ്ണമോ അവര് പരിഗണിക്കില്ല . എന്നാല് 2004 നും 2009 നുമിടയില് ആ പ്രദേശത്ത് 27.2 ശതമാനം പേര് മരിച്ചത് ക്യാന്സര് മൂലമാണെന്ന വസ്തുത കാണാതെ പോയതാണ് ഏറെ സങ്കടകരം. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണനിരക്ക് 19.4 ശതമാനം മാത്രമായിരുന്നു . ജീവിത ശൈലീരോഗം മൂലം 7.9 ശതമാനം പേരും മരിച്ചുവെന്നാണ് കണ്ടെത്തല്.
കുട്ടനാട്ടിലെ ജീവിതാവസ്ഥ അവിടെ ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നവരുടെ മൊഴികളിലൂടെ നോക്കാം . പൊതുവേ പ്രദേശത്ത് ക്യാന്സര് കൂടുതലുണ്ടെന്നു വിശ്വസിക്കുന്നവരാണിവര് . പേരുപറഞ്ഞാല് ഉന്നതങ്ങളില്നിന്ന് വിശദീകരണം ചോദിക്കുമെന്ന ആശങ്കയുള്ള ഒരു ഡോക്ടര് പറഞ്ഞത് , അദ്ദേഹത്തിന്റെ അനുഭവത്തില് വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്ക്ക് നല്ലപോലെയുണ്ടെന്നാണ് . കോശങ്ങള്ക്കു നാശമുണ്ടാക്കുന്ന സെല്ലുലൈറ്റിസ് രോഗം മറ്റു പ്രദേശങ്ങളിലുള്ളതിലുമേറെ കുട്ടനാട്ടിലുണ്ട് . ചിലര്ക്ക് രണ്ടുമാസംവരെ ജോലിക്കുപോകാന് കഴിയാത്ത അവസ്ഥയുണ്ടാകും .
കൊയ്ത്ത് കഴിഞ്ഞാല് അടികള കളയാന് കീടനാശിനി പ്രയോഗിക്കും . പോള അഥവാ പായല് വാരാന് കൂലിച്ചെലവായതിനാല് അതിനും വിഷപ്രയോഗം . പായല് ചീഞ്ഞ് വെള്ളത്തിലലിയുമല്ലോ . പാടം വറ്റിയാല്പ്പിന്നെ അടുത്ത കൃഷിയിറക്കുന്നതിനുള്ള രാസവള പ്രയോഗമായി . പുളിങ്കുന്ന് താലൂക്ക് ആസ്പത്രിയിലെ നാട്ടുകാരന് കൂടിയായ ഹെല്ത്ത് ഇന്സ്പെക്ടര് വി. ജി. ദാസിന്റെ വാക്കുകളില്നിന്ന് മണ്ണും വെള്ളവും വിഷമയമാകുന്നതിന്റെ ചിത്രം വ്യക്തമാകും . മനുഷ്യവിസര്ജ്യം മൂലമുണ്ടാകുന്ന ഇകോളി ബാക്ടീരിയ വെള്ളസാമ്പിളില് പരമാവധി പത്തുമാത്രമേ പാടുള്ളൂ . കുട്ടനാട്ടിലെ വെള്ളത്തില് അത് 1450വരെ കണ്ടെന്നും ദാസ് പറയുന്നു .
കൈനകരിയിലെ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്ത്തകനും റിട്ട . അധ്യാപകനുമായ ജോസഫ് ഈ ഭീകരാവസ്ഥ മനസ്സിലാക്കിയാണ് മഴവെള്ള സംഭരണി പ്രോത്സാഹിപ്പിക്കാന് ശ്രമിച്ചത് . കുട്ടനാട്ടിലുടനീളം അദ്ദേഹം മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുവേണ്ടി ക്ലാസുകളെടുത്തു . വലിയ ബാധ്യതവരാതെ സ്ഥാപിക്കാമെന്നിരിക്കെ , അതിന് കഴിവുള്ളവര്പോലും സംഭരണിക്കു മെനക്കെടാതെ വിഷജലത്തെ ആശ്രയിക്കുകയാണ് . കുട്ടനാട്ടിലേക്ക് തിരുവല്ലയില്നിന്ന് കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റി പദ്ധതിയുണ്ടെങ്കിലും ഫലപ്രദമല്ല . നീരേറ്റുപുറത്തുനിന്ന് വെള്ളമെത്തിക്കുന്ന മറ്റൊരു പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു . പക്ഷേ, വെള്ളംമാത്രം വരുന്നില്ല . ചുരുക്കിപ്പറഞ്ഞാല് നേരാംവണ്ണം കുടിവെള്ളം കിട്ടുന്നില്ല . കുടിക്കുന്ന വെള്ളമാണെങ്കില് കീടനാശിനിയും മറ്റും അലിഞ്ഞ് മലിനവും.
ക്യാന്സര് കൂടുന്നുവെന്നറിഞ്ഞിട്ടും രാഷ്ട്രീയക്കാര് കാണിച്ച അനാസ്ഥതന്നെയാണ് കുടിവെള്ളപദ്ധതികളുടെ കാര്യത്തിലുമുള്ളത് . കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം വരുന്ന ജനങ്ങള് അത്രയേ അര്ഹിക്കുന്നുള്ളൂവെന്ന അലസമനോഭാവം . ക്യാന്സര് കൂടുന്നുവെന്ന് തെളിയിക്കുന്ന സര്വേഫലമൊന്നും അവര്ക്കു വേണ്ട . വേണ്ടത് പുതുതായി ക്യാന്സര് കൂടുന്നവരുടെ എണ്ണം. അതാരാണെടുക്കേണ്ടത് ? ഇനി കണക്കുകളില്ലെന്ന് എങ്ങനെ പറയാനാകും ? കഥപറയുന്ന കണക്കുകളിലേക്ക് തന്നെ പോകാം .
കുട്ടനാട്ടില് ക്യാന്സര് രോഗികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു . ആലപ്പുഴ കളക്ട്രേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന ജില്ലാ വികസന സമിതിയുടെ കണ്ടെത്തല് പ്രകാരം 715 പേര്ക്കാണ് ക്യാന്സര് രോഗം ഉള്ളത് . എന്നാല് ഈ കണക്ക് തെറ്റാണ്. കുട്ടനാടിന്റെ സമീപ പ്രദേശങ്ങളില് ഉള്ള ആശുപത്രികളില് നിന്ന് ശേഖരിച്ചതാവാം ഇത് . എന്നാല് കുട്ടനാട്ടില് 7000 ത്തില് അധികം ക്യാന്സര് രോഗികള് ഉണ്ടെന്നാണ് ആലപ്പുഴ മെഡിക്കല് കോളേജിലെ വിദ്യാര്ത്ഥികള് നടത്തിയ സര്വ്വേയില് കണ്ടെത്തിയത് .
ചില രാഷ്ട്രീയ ഉന്നതര് നടത്തിയ ഇടപെടലിനെ തുടര്ന്ന് ഈ പഠന റിപ്പോര്ട്ട് പുറം ലോകം കണ്ടില്ല . സത്യസന്ധമായ അന്വേഷണം നടത്താന് ആരോഗ്യമന്ത്രിയും , വകുപ്പും തയ്യാറായാല് ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തു വരിക . വകുപ്പും മന്ത്രിയും പ്രതികളാകുന്ന അന്വേഷണത്തിന് അവര് തയ്യാറാവുമോ? നിലവില് ക്യാന്സര് ബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആയിരങ്ങള് വേറെയുമുണ്ട് . എന്തെങ്കിലും വിധത്തിലുള്ള പരിശോധനകള്ക്ക് വിധേയരാകാത്ത കര്ഷകരും , കര്ഷക തൊഴിലാളികളും , കൂലിപ്പണിക്കാരനും , കട്ട കുത്തുകാരനും , കക്കാ വരുന്നവനും , മീന് പിടിച്ച് ഉപജീവനം കഴിക്കുന്നവരുമാണ് കുട്ടനാട്ടിലെ ഭൂരിഭാഗം ജനങ്ങളും . മറ്റെന്തെങ്കിലും രോഗവുമായി ആശുപത്രിയില് എത്തുമ്പോള് മാത്രമാണ് തങ്ങള് ക്യാന്സര് ബാധിതരാണെന്ന് അവര് അറിയുന്നത് . പിന്നെ ഉള്ളതെല്ലാം വിറ്റു പെറുക്കി അതുകൊണ്ട് കിട്ടാവുന്ന സ്വകാര്യ ആശുപത്രിയെ സമീപിക്കും . ബസ്സില് സ്വകാര്യ ആശുപത്രിയിലേക്ക് പോയ രോഗി ആംബുലന്സിലാണ് തിരിച്ചെത്തുക . ഒന്നര രണ്ടു മാസത്തെ ചികിത്സയ്ക്കിടയില് ആള് ‘വടിയാകും’ . അല്ലെങ്കില് അവര് വടിയാക്കും . പണം കയ്യിലുണ്ടെങ്കില് ചികിത്സ വര്ഷങ്ങളോളം നീളും . ക്രൂരമായി തോന്നുമെങ്കിലും ഇതാണ് യാഥാര്ത്ഥ്യം . ചികിത്സയും മരുന്നും പരിശോധനകളും നിശ്ചയിക്കുന്നത് ഡോക്ടര്മാര് ആകുന്നതു കൊണ്ടു തന്നെ രോഗിയുടെ അഭിപ്രായത്തിന് പ്രസക്തിയുമില്ല . അത് അങ്ങനെയാണ് വേണ്ടതും . പക്ഷെ ഇവിടെ സ്വകാര്യന്മാര്ക്ക് കൊള്ളയടിക്കാന് ഡോക്ടര്മാര് അവരുടെ കടമയും ഉത്തരവാദിത്വവും മറന്ന് കൂട്ടുനില്ക്കുകയാണ് . പറഞ്ഞു വന്നതില് നിന്നു മാറി… അതായത് കുട്ടനാട്ടിലെ ക്യാന്സര് രോഗികളെപ്പറ്റി ചിന്തിക്കാന് അധികൃതര് തയ്യാറാവണം . എന്തുകൊണ്ട് കുട്ടനാട്ടില് ക്യാന്സര് രോഗികള് പെരുകുന്നു എന്നതിനെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന് തയ്യാറാവണം . കീടയുടെയും , കളനാശിനിയുടെയും , രാസവളങ്ങളുടെ അശാസ്ത്രീയ ഉപയോഗവും തന്നെയാണ് ക്യാന്സറിന് കാരണമാകുന്നതെന്ന് തിരുവനന്തപുരം റീജണല് ക്യാന്സര് സെന്ററിലെ ഡോക്ടര്മാരുടെ വിദഗ്ദ്ധ സംഘം നടത്തിയ പഠനത്തില് കണ്ടെത്തിയിരുന്നു . നിരോധിച്ച കീടനാശിനികള് പേര് മാറ്റി ഇന്നും കുട്ടനാട്ടിലെ മാര്ക്കറ്റുകളില് ലഭ്യമാണ് .
ഓരോ കൃഷിക്കാലത്തും വിഷക്കമ്പിനികളുടെ എക്സിക്യൂട്ടീവ്മാര് കര്ഷകരെ സമീപിച്ച് അവരുടെ വിഷത്തിന്റെ മേന്മകള് നിരത്തും . ഈപ്പേന് , കുട്ടന് കുത്ത് , എരിച്ചില്പ്പുഴു , തണ്ടു ഇരപ്പന് , ഗാളീച്ച മുഞ്ഞ , ഇലകരിച്ചില് , മഞ്ഞളിപ്പ് തുടങ്ങി എല്ലാത്തരം കീടങ്ങളേയും മരുന്ന് പ്രതിരോധിക്കും എന്നാണ് അവര് പറയുന്നത്. കൊടിയ വിഷത്തെ ‘ മരുന്ന് ‘ എന്ന് വിളിക്കുന്ന ലോകത്തിലെ ഒരേ ഒരു ജനതയാണ് പ്രബുദ്ധ മലയാളികള് . വിഷം തളിക്കല് ഉപജീവനമാക്കിയെടുത്തവര് യാതൊരു പ്രതിരോധ മാര്ഗ്ഗവും സ്വീകരിക്കാതെയാണ് തൊഴില് ചെയ്യുന്നത് ഇവരുമായി നടത്തിയ ആശയ വിനിമയത്തില് അവര്ക്ക് മുമ്പ് ഈ തൊഴില് ചെയ്തവരെല്ലാം 60 വയസിനു മുമ്പ് മരിച്ചവരാണ് . രോഗം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അവര് പറയുന്നു . മാരക കീടനാശിനികളെക്കുറിച്ചും അത് മണ്ണിലും ജലത്തിലും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പുതിയ തലമുറയ്ക്ക് അവബോധമുണ്ടാക്കണം . ജനങ്ങളേയും കര്ഷകരേയും ബോധവത്ക്കരിക്കണം . അമിതമായി വിഷപ്രയോഗം നടത്തുന്നവരെ നിയമപരമായോ കായികമായിത്തന്നെയോ എതിരിടണം . ഇത് എതിര്ക്കപ്പെടണം അല്ലെങ്കില് അടുത്ത തലമുറയോട് നമ്മള് കാട്ടുന്ന നീതികേടാവും അത് . ഒരു അധികാരവര്ഗ്ഗവും നമുക്കൊപ്പം നില്ക്കില്ല . കുത്തക മുതലാളി വിദേശ വിഷക്കമ്പിനികളുടെ ഓക്കാനംവരെ തിന്നുന്ന കൊഞ്ഞാണന്മാരാണ്.
കുട്ടനാട്ടില് ഇനിയും പ്രയോഗിക്കാനിരിക്കുന്നതും പ്രയോഗിച്ചവയുമായ കീടനാശിനികളും , ടണ് കണക്കിന് രാസവളങ്ങളും കുട്ടനാടിനെ മറ്റൊരു എന്ടോസള്ഫാന് ദുരന്ത ഭൂമി ആക്കുവാന് ഇനിയും അധിക കാലം കാത്തിരിക്കേണ്ടി വരില്ല . കാന്സര് കുട്ടനാടിനെ വിഴുങ്ങുന്നു എന്നുള്ള സത്യം ഓരോ കുട്ടനാട്ടുകാരനും മനസിലാക്കേണ്ടിയിരിക്കുന്നു . ചുറ്റും ജലത്താല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇന്ന് പകര്ച്ചവ്യാധികളുടെ പിടിയിലാണ് . അത് ഉണ്ടാകിതിരിക്കാനുള്ള വഴികള് ആലോചിച്ചില്ല എങ്കില് കുട്ടനാടും അവിടുത്തെ ജനങ്ങളും അനുഭവിക്കാന് പോകുന്ന ദുരന്തം എന്താണ് എന്ന് പറയാനാവില്ല . കണക്കുകള് കാണുക .
കുട്ടനാട്ടിലെ പാലിയേറ്റീവ് കെയര് കേന്ദ്രങ്ങളില് മാത്രം 429 പേര് ഇപ്പോള് ചികിത്സയിലുണ്ട് . സര്ക്കാരിന്റെ കാന്സര് പെന്ഷന് കുട്ടനാട്ടിലെ 14 വില്ലേജിലായി 312 പേര് പെന്ഷന് തുകയായ ആയിരം രൂപ പ്രതിമാസം വാങ്ങുന്നുണ്ട് .
2011 ലെ സെന്സസ് പ്രകാരം 1.93 ലക്ഷമാണ് കുട്ടനാട്ടിലെ ജനസംഖ്യ. അതില് 312 പേര്ക്കാണ് കാന്സര് പെന്ഷന് . തികച്ചും ദാരിദ്ര്യാവസ്ഥയില് കുട്ടനാട്ടില്ത്തന്നെ കഴിയുന്നവരാണെന്നതാണ് സത്യം . വാങ്ങാത്തവരും മറ്റു സ്ഥലങ്ങളില ചികിത്സ തേടി പോകുന്ന പെന്ഷന് വരും ഇതില് എത്രയോ അധികം ഉണ്ടാകും എന്ന് മനസിലാക്കുമ്പോഴാണ് കുട്ടനാട്ടിലെ ഇതിന്റെ മാരകമായ അവസ്ഥ മനസിലാക്കാന് പറ്റുന്നത് .
ആലപ്പുഴയ്ക്കും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കുമിടയിലാണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്. കുട്ടനാട്ടിലേക്കുള്ള പ്രധാന പാത തന്നെ മണ്ണിട്ടു നികത്തിയുണ്ടാക്കിയ ആലപ്പുഴ ചങ്ങനാശ്ശേരി പാതയാണ് . അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ കാന്സര് രോഗികള് ചികിത്സാര്ഥം ആലപ്പുഴയിലേക്കും കോട്ടയത്തേക്കും പോകുന്നവരാണ് . രണ്ടിടത്തേയും റേഡിയോ തെറാപ്പി വിഭാഗത്തിലെത്തിയ രോഗികളുടെ എണ്ണം പരിഗണിക്കുമ്പോള് കുട്ടനാട്ടില് നിന്നെത്തുന്ന കാന്സര് രോഗികളുടെ എണ്ണം വളരെ കൂടുതലാണ് .
കോട്ടയത്തോടടുത്തുള്ള കുട്ടനാട് താലൂക്കില്നിന്ന് 2010 മുതല് 2013 വരെയുള്ള വര്ഷങ്ങളില് യഥാക്രമം 106, 113, 85, 107 എന്ന ക്രമത്തിലും ആലപ്പുഴയിലേക്ക് രോഗികള് വന്നു. അതേസമയം , കോട്ടയം മെഡിക്കല് കോളേജിലേക്ക് 2010 ല് 465 കാന്സര് രോഗികളും 2012 ല് 398 പേരും 2012 ല് 437 പേരും 2013 ല് 500 പേരും ആലപ്പുഴയില് നിന്നെത്തി. ഇവരില് നല്ലൊരു വിഭാഗം കുട്ടനാട്ടില് നിന്നുള്ളവരാണ് .
കുട്ടനാട്ടിലെ പഞ്ചായത്തുകളില് ക്യാന്സര് പെന്ഷന് ലഭിക്കുന്ന രോഗികളുടെ കണക്കുകള് കാണുക .
ചമ്പക്കുളം 80 , പുളിങ്കുന്ന് 40 , തലവടി 42 , കാവാലം 37 , തകഴി 18 ,
മുട്ടാര് 29 , രാമങ്കരി 12 ,വെളിയനാട് 11 ,നീലമ്പേരൂര് 17 , നെടുമുടി എട്ട് , എടത്വ 13 , കൈനകരി 11
സാന്ത്വന പരിചരണ വിഭാഗത്തെ ആശ്രയിക്കുന്ന കാന്സര് രോഗികള്
വെളിയനാട് 22 , പുളിങ്കുന്ന് 46 , കാവാലം 39 , നീലമ്പേരൂര് 41 ,
രാമങ്കരി 18 , മുട്ടാര് 30 , നെടുമുടി 40 , തകഴി 52 , തലവടി 39 , എടത്വ 40 , കൈനകരി 18 , ചമ്പക്കുളം 44 .
ഓര്ക്കുക കുട്ടനാടിനെ രക്ഷിക്കാന് എല്ലാവരും ഒരുമിച്ച് നിന്നില്ലെങ്കില് ഈ സുന്ദരമായ നാട് ദുരിതം പിടിച്ചവരുടെ നാടായ് മാറാന് അധികകാലം വേണ്ടി വരില്ല . അത് കുട്ടനാടിന് മാത്രമല്ല മറിച്ച് കേരളത്തിന് മൊത്തം തീരാ നഷ്ടമായി മാറും .
ഈ സത്യം ഓരോ കുട്ടനാടുകാരനും അതോടൊപ്പം ഓരോ മലയാളിയും മനസ്സിലാക്കി സ്വയം പ്രതിരോധിക്കുക , പ്രതിഷേധിക്കുക . എഴുതിപ്പെരുപ്പിച്ച് അളാവാനല്ല . മറിച്ച് കുട്ടനാട് പോലെ സുന്ദരമായ ഒരു നാട് വേറെയില്ലാത്തതിനാല് ആ നല്ല നാടിനെ രക്ഷിക്കുവാനും , അതോടൊപ്പം നിങ്ങള് ജനിച്ച ആ മണ്ണില് പുതിയ തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാനും നടത്തുന്ന പരിശ്രമത്തില് ദയവായി പങ്കാളിയാവുക . അതുകൊണ്ട് ഈ ന്യൂസ് പരമാവധി ഷെയര് ചെയ്ത് അധികാരികളില് എത്തിക്കുക .
ഉടന് പ്രസിദ്ധീകരിക്കുന്നു
കുട്ടനാടിന് വേണ്ടത് രാഷ്ട്രീയക്കാരന് നിര്ണ്ണയിക്കുന്ന വികസനമോ അതോ ഓരോ കുട്ടനാടുകാരന്റെയും ജീവന് നിലനിര്ത്താന് കഴിയുന്ന തരം വികസനമോ ?