Main News

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനും യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡണ്ടുമായിരുന്ന രഞ്ജിത് കുമാറിന്‍റെ വേര്‍പാട് യുകെ മലയാളി സമൂഹത്തിന് കനത്ത ആഘാതമായി. സുഹൃത്തുക്കളും പരിചയക്കാരും എല്ലാം സ്നേഹപൂര്‍വ്വം രഞ്ജിത് ചേട്ടന്‍ എന്ന് മാത്രം വിളിച്ചിരുന്ന രഞ്ജിത് കുമാര്‍ യുകെയിലെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയിരുന്നു. കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ പ്രാരംഭ കാലം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജിത് കുമാര്‍. അസോസിയേഷന്‍റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ രഞ്ജിത് കുമാര്‍ ഇക്കാലയളവില്‍ അലങ്കരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് മലയാളികളുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നിന്നിരുന്ന രഞ്ജിത് കുമാര്‍ സൗമ്യമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു.

യുക്മയുടെ പ്രാരംഭം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജിത്ത് കുമാര്‍ ആ നിലയില്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. യുക്മയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിനും അതീതനായി നില കൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പ്രിയ സുഹൃത്ത് ആയിരുന്നു രഞ്ജിത് കുമാര്‍. തന്‍റെ അസുഖത്തിനും ചികിത്സകള്‍ക്കും ഇടയില്‍ സംഘടനാ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാനും ഒരിക്കല്‍ പരിചയപ്പെട്ട എല്ലാവരെയും ഇടയ്ക്ക് ഫോണ്‍ വിളിച്ച് കുശലാന്വേഷണം നടത്താനും രഞ്ജിത് കുമാര്‍ ഒരിക്കലും മടി കാണിച്ചിരുന്നില്ല.

തലച്ചോറിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സ നടത്തിക്കൊണ്ടിരുന്ന കേംബ്രിഡ്ജിലെ രഞ്ജിത് കുമാറിന്റെ സ്ഥിതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഷളാവുകയും ഇന്നു വെളുപ്പിന് റോയല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ആയിരുന്നു. 55 വയസ് മാത്രമായിരുന്നു രഞ്ജിത്തിന്റെ പ്രായം.

തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് രഞ്ജിത്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും പൂര്‍ണമായും അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നില്ല. ഓരോ ദിവസങ്ങളിലായി മുഴുവന്‍ ശരീരാവയവങ്ങളെയും രോഗം ബാധിക്കുകയായിരുന്നു. അത് കിഡ്‌നിയെ കഴിഞ്ഞ ദിവസം ഗുരുതരമായി ബാധിക്കുകയും ന്യുമോണിയ ആവുകയും ചെയ്തതോടെ മരണത്തിന് കീഴടങ്ങേണ്ടി വരുകയായിരുന്നു.

രണ്ട് കൊല്ലം മുമ്പ് ആദ്യ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന രഞ്ജിത് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പുകള്‍ യുകെ മലയാളികള്‍ക്ക് പ്രചോദനാത്മകമായി മാറിയിരുന്നു. രോഗാവസ്ഥയിലും സാമൂഹ്യ ബോധത്തില്‍ അടിയുറച്ചു നിന്ന രഞ്ജിത് കഴിഞ്ഞ യുക്മ തെരഞ്ഞെടുപ്പില്‍ വീണ്ടും ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രോഗം ഉണ്ടായപ്പോള്‍ ഉണ്ടായിരുന്ന സ്ഥാനം വീണ്ടും നിലനിര്‍ത്തിയാണ് അംഗീകാരം നല്‍കിയത്. കഴിഞ്ഞ യുക്മ കലാമേളയില്‍ സദസിനിടയില്‍ നിന്നും വിളിച്ച് ആദരിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത ആയിരുന്നു.

തലച്ചോറില്‍ തുടരെയുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് രഞ്ജിത്ത് കുമാര്‍ 2015 ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.  അന്ന് സുഖം പ്രാപിച്ച് തിരിച്ചു വന്നപ്പോള്‍ ആറുമാസത്തെ ആയുസ് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, അതിനെ എല്ലാം അതിജീവിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം രഞ്ജിത് കുമാര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രസന്നവദനനായി നടന്ന രഞ്ജിത്ത് ഇത്തവണ സുഖമില്ലാതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ കാത്തിരുന്നവരെയെല്ലാം സങ്കട കടലിലാഴ്ത്തി ഇന്ന് പുലര്‍ച്ചെ മരണ വാര്‍ത്ത എത്തുകയായിരുന്നു.

കടുത്ത തലവേദനയോടെയാണ് രഞ്ജിത്തിന് അസുഖം തുടങ്ങിയത്. ജോലിത്തിരക്കും സംഘടനാപ്രവര്‍ത്തനവുമായി ഓടിനടന്നിരുന്നതിനാല്‍ തലവേദന രഞ്ജിത്ത് കാര്യമായി എടുത്തിരുന്നില്ല. തലവേദനിക്കുമ്പോള്‍ പാരസെറ്റാമോളോ മറ്റെതെങ്കിലും വേദനാസംഹാരികളോ കഴിച്ച് ജോലികളില്‍ വ്യാപൃതനാവുകയായിരുന്നു രഞ്ജിത്തിന്റെ പതിവ്. എന്നാല്‍ തലവേദന കൂടിയതല്ലാതെ കുറഞ്ഞില്ല. ഇതിനിടെ വയറ്റിലും കലശലായ വേദന തുടങ്ങി. തലവേദനയും വയറുവേദനയും കലശലായതോടെ  രഞ്ജിത്തിനെ കേംബ്രിഡ്ജ് ആഡംബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രഞ്ജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അടിയന്തരമായി സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. അടിയന്തര സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടതെങ്കിലും നാലുദിവസം കഴിഞ്ഞാണ് ഓപ്പറേഷന്‍ നടത്തിയത്. ആശുപത്രിയിലെ തിരക്കുമൂലമാണ് ഓപ്പറേഷന്‍ വൈകിയത്. ഇതില്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതും രഞ്ജിത്തിന്റെ സ്ഥിതി വഷളാകാന്‍ കാരണമായെന്നാണ് അനുമാനം.

തുടര്‍ന്ന് ആദ്യ സര്‍ജറി നടത്തി സുഖംപ്രാപിച്ചു വരുന്നതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി രഞ്ജിത്തിന്റെ തലച്ചോറില്‍ വീണ്ടും രക്തസ്രാവമുണ്ടായി. ഇതിനാല്‍ അടുത്ത ദിവസം തന്നെ രണ്ടാമതും രഞ്ജിത്തിനെ ഓപ്പറേഷനു വിധേയനാക്കി. എന്നാല്‍ അതുകൊണ്ടും രക്തസ്രാവം നിലച്ചില്ല. അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടാകുകയും ഇതിനെതുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. അങ്ങനെ നിരവവധി ശസ്ത്രക്രിയകള്‍ക്കും സ്‌നേഹിതരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് രഞ്ജിത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ജാന്‍സിയാണ് രഞ്ജിത്തിന്റെ ഭാര്യ. ശരണ്യ മകളാണ്. ഭര്‍ത്താവിനൊപ്പം യുകെയില്‍ തന്നെയാണ് ശരണ്യയും. രണ്ട് കുട്ടികളും ഉണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജിലാണ് ഇവരുടെ താമസം.

രഞ്ജിത് കുമാറിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ബ്രിട്ടന് മുന്നറിയിപ്പായി പുതിയ ന്യൂക്ലിയര്‍ മിസേല്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. ഹിരോഷിമയില്‍ ദുരന്തം വിതച്ച അമേരിക്കന്‍ ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ള മിസേലാണ് റഷ്യ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്. ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള രാജ്യത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പ്രാപ്തിയുള്ളതാണ് satan-2 എന്ന് പേരിട്ടിരിക്കുന്ന ന്യൂക്ലിയര്‍ മിസേല്‍. പുതിയ മിസേല്‍ പരീക്ഷണത്തോടെ ലോകത്തിന് യുദ്ധ സന്ദേശം നല്‍കുകയെന്നതാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ലക്ഷ്യം വെക്കുന്നത്. റഷ്യയുടെ ഭീഷണി ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്‍കുന്നത് ബ്രിട്ടനാണ്. റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ് 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പുറത്താക്കിയിരുന്നു. നടപടി റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ന്യൂക്ലിയര്‍ ആയുധം പരീക്ഷിക്കുന്നതിലൂടെ സൈനിക നീക്കത്തിന് തയ്യാറാണെന്ന സന്ദേശം നല്‍കുകയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. സാധാരണ കാണുന്ന ന്യൂക്ലിയര്‍ ആയുധങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് satan-2. ഫ്രാന്‍സിനെയും ബ്രിട്ടനെയും വെറും ഒരു മിസേല്‍ ആക്രമണത്തില്‍ തുടച്ചു നീക്കാനുള്ള ശക്തി ഈ ആയുധത്തിനുണ്ട്. താഴ്ന്ന പ്രതലത്തിലൂടെ സഞ്ചരിച്ച ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ കഴിവുള്ള മിസേലിനെ ലോഞ്ച് ചെയ്തതിനു ശേഷം കണ്ടെത്തുക അസാധ്യമാണ്. നോര്‍ത്ത് പോളിനേക്കാളും ദൂരകൂടുതലുള്ള സൗത്ത് പോളിലൂടെ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കന്‍ സാറ്റ്‌ലെറ്റുകള്‍ക്ക് ഇവയെ കണ്ടെത്തുക അസാധ്യമായിരിക്കും.

50 മെഗാടണ്‍ ന്യൂക്ലിയര്‍ വാഹക ശക്തിയുള്ള ഈ മിസേലുകള്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ 3000 മടങ്ങ് ശക്തിയുള്ളവയാണ്. രാജ്യം ആര്‍എസ്-28ന്റെ രണ്ടാം ഘട്ട പരീക്ഷണത്തിനായി തയ്യാറാണെന്ന് റഷ്യന്‍ ജനറല്‍ വാലെറി ഗെറാസിമോവ് റഷ്യന്‍ മാധ്യമം ടിഎഎസ്എസ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മിസേലിന്റെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ ഡിസംബര്‍ അവസാനം നടന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജനറല്‍ പറഞ്ഞു. satan-2 അടുത്ത വര്‍ഷം ആദ്യത്തോടെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകും.

എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. രോഗികള്‍ക്ക് മോര്‍ഫിനടക്കമുള്ള പെയിന്‍ കില്ലറുകള്‍ നല്‍കുന്നതിന്റെ നിരക്ക് ഗണ്യമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടിക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. മോര്‍ഫിന്‍ തുടങ്ങിയ അഡിക്ഷന്‍ ഉണ്ടാക്കുന്ന ഏകദേശം 24 മില്ല്യണ്‍ ഡ്രഗുകളാണ് 2017ല്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതിലാണ് വിതരണം നടന്നിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. അതീവ ഗൗരവത്തിലെടുക്കേണ്ട കണക്കാണിത്. എന്‍എച്ച്എസ് ഡ്രഗ് അഡിക്ടുകളെ സൃഷ്ടിക്കുന്നതായി മുന്‍ ഡ്രഗ് കൗണ്‍സിലര്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഡിക്ഷന്‍ ഉണ്ടാക്കുന്ന ഇത്തരം മരുന്നുകള്‍ പെട്ടന്നുള്ള രോഗ ശാന്തിക്ക് വേണ്ടിയാണ് ഡോക്ടര്‍മാര്‍ പ്രിസിക്രൈബ് ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് ജിപി വ്യക്തമാക്കി. ഒപിയോഡ്‌സ് മരുന്നുകളായ മോര്‍ഫിന്‍, ട്രാമഡോള്‍ തുടങ്ങിയ മരുന്നുകള്‍ വിപണിയിലെ ഏറ്റവും ശക്തിയേറിയ പെയിന്‍ കില്ലറുകളാണ്. ഇവയ്ക്ക് അഡിക്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം അഡിക്ടീവ് മരുന്നുകളുടെ ദുരുപയോഗം മനുഷ്യന്റെ ജീവനെടുക്കാന്‍ വരെ സാധ്യതകളുണ്ട്. 2016-17 കാലഘട്ടത്തില്‍ ബ്രിട്ടനിലെ 2 മില്ല്യണിലധികം വരുന്ന തൊഴിലെടുക്കുന്ന പ്രായക്കാര്‍ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്രയും പേര്‍ ഉപയോഗിക്കുന്ന പ്രിസ്‌ക്രിപ്ഷനുകള്‍ അവര്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ എഴുതി നല്‍കിയവയല്ല എന്നുള്ളതാണ് വാസ്തവം. ശരാശരി ഒരു മണിക്കൂറില്‍ 2,700 പായ്ക്കറ്റുകള്‍ തോതില്‍ 23.8 മില്ല്യണ്‍ ഒപിയോഡ് പെയിന്‍ കില്ലറുകളാണ് 2017 വിതരണം ചെയ്തിരിക്കുന്നത്. 2007ലേക്കാളും 10 മില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനുകളാണ് 2017ല്‍ രോഗികള്‍ക്ക് നല്‍കിയിരിക്കുന്നത്. ലണ്ടനേക്കാളും നാല് മടങ്ങ് കൂടുതലാണ് നോര്‍ത്തേണ്‍ ഇഗ്ലണ്ടില്‍ അഡിക്ഷനുണ്ടാക്കുന്ന പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബിംഗ് നടന്നിരിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഒപിയോഡ് സംബന്ധിയായ ഡ്രഗുകളുടെ ദുരുപയോഗം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇഗ്ലണ്ടിലും വെയില്‍സിലുമാണ് ഇത്തരം മരണനിരക്ക് കൂടിയിരിക്കുന്നത്. ഡ്രഗ് ദുരൂപയോഗത്താല്‍ 2016ല്‍ മാത്രം മരിച്ചവരുടെ എണ്ണം ഏകദേശം 3,700 ആണ്. ഇവരില്‍ 2000ത്തിലധികം പേരുടെ ജിവനെടുത്തത് ഒപിയോഡ് ഡ്രഗിന്റെ ഉപയോഗം മൂലമാണെന്ന് ദ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. ഹെറോയിന്‍ ഉപയോഗം മൂലമുള്ള മരണം സംഭവിച്ചവരും ഈ കണക്കുകളില്‍ ഉള്‍പ്പെടും. ഒപിയോഡ്‌സുകളുടെ ദുരുപയോഗം വളരെ ചെറിയ പ്രായത്തില്‍ തന്നെ ആരംഭിക്കുന്നു. എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പെയിന്‍ കില്ലറുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ശരീരത്തിന്റെ ചലനങ്ങളിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ലഹരി പോലെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് നിക്കി ഹാരി പറയുന്നു. വിവിധ സര്‍ജറികള്‍ക്കായി നിരവധി പെയിന്‍ കില്ലറുകള്‍ നിക്കി ഹാരി ഉപയോഗിച്ചിട്ടുണ്ട്. ഇവ പിന്നീട് അഡിക്ഷനായി മാറുകയായിരുന്നു. എന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട്. ഈ സമയത്ത് പെയിന്‍ കില്ലറുകള്‍ ലഭ്യമാകുമെന്നതായിരുന്നു എന്റെ ആശ്വാസം നിക്കി പറയുന്നു. യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റിനായി ജോലി ചെയ്യുകയാണ് നിക്കി ഹാരി ഇപ്പോള്‍. ജിപിമാര്‍ ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നതിന് മുന്‍പ് നിരവധി ചോദ്യങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ടെന്ന് നിക്കി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ഫണ്ടിംഗില്‍ വര്‍ധനവ് വരുത്തിയതായി അവകാശ വാദമുന്നയിച്ച പുതിയ വിദ്യാഭ്യാസ സെക്രട്ടറി പ്രസ്താവന പിന്‍വലിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്റിന്റെ പ്രസ്താവന തെറ്റാണെന്ന് ഔദ്യോഗിക സ്റ്റാറ്റിറ്റിക്‌സ് നിരീക്ഷണ സമിതി കണ്ടെത്തി. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവനയും തെറ്റായ അവകാശ വാദമാണെന്ന് നിരീക്ഷകര്‍ പറയുന്നു. 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയതായി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്റെ നിര്‍ദേശ പ്രകാരം ഇതു സംബന്ധിച്ച ഔദ്യോഗിക കോമണ്‍സ് രേഖകള്‍ തിരുത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ തന്നെ പ്രസ്താവനയില്‍ കൃത്യത പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പൊതു ചര്‍ച്ചകളില്‍ നടത്തുന്ന പ്രസ്താവനകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും ലേബര്‍ പാര്‍ട്ടി ആരോപിച്ചു.


സ്‌കൂള്‍ ഫണ്ടിംഗ് രീതികള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാമെന്ന് ലേബര്‍ പാര്‍ട്ടി എംപി കോമണ്‍സില്‍ പ്രസ്താവിച്ചതിന് വിദ്യഭ്യാസ സെക്രട്ടറി തെറ്റിധാരണ പരത്തുന്ന മറുപടി നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സമീപകാലത്തൊന്നും നല്‍കാത്തത് അത്രയും ഫണ്ടുകള്‍ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതായി സെക്രട്ടറി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന തുകയില്‍ വര്‍ധവ് ഉണ്ടായതായി നമുക്കെല്ലാവര്‍ക്കും അറിയാം. നാഷണല്‍ ഫോര്‍മുല ഉപയോഗപ്പെടുത്തി രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കുന്ന ഫണ്ടില്‍ ചെറിയ വര്‍ധനവെങ്കിലും കാണാന്‍ കഴിയുമെന്ന് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫണ്ടില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും സെക്രട്ടറിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.

സ്‌കൂള്‍ ഫണ്ടുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം കാലങ്ങളായി നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നിര്‍ദേശങ്ങളിലൊന്നാണ്. എന്നിട്ടും ഫണ്ടുകളില്‍ വര്‍ധനവുണ്ടായി എന്ന സെക്രട്ടറിയുടെ പ്രസ്താവന അതീവ നിരാശാജനകമാണെന്ന് ലേബര്‍ എജ്യൂക്കേഷന്‍ വക്താവ് ആഞ്ചല റൈനര്‍ പറഞ്ഞു. തെറ്റായ പ്രസ്താവന ആവര്‍ത്തിച്ചാല്‍ അത് പിന്നീട് ശരിയായി മാറില്ലെന്ന് സെക്രട്ടറി ഓര്‍ക്കണമെന്നും റൈനര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫണ്ടില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്നും 2020 വരെ ഫണ്ട് വിതരണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നതായി യുകെ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി ചെയര്‍മാന്‍ സര്‍ ഡേവിഡ് നോര്‍ഗ്രോവ് സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക രേഖകളില്‍ വന്ന പിഴവാണ് ഫണ്ട് വര്‍ധിപ്പിച്ചുവെന്ന് പ്രസ്താവനയ്ക്ക് പിന്നിലെന്നും അത് തിരുത്താന്‍ നിര്‍ദേശം നല്‍കിയതായും ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ തങ്ങളോട് വ്യക്തമാക്കിയതായി ലേബര്‍ നേതാവ് മിസ് റൈനര്‍ക്ക് അയച്ച കത്തില്‍ സര്‍ ഡേവിഡ് പറയുന്നു.

യുകെയിലെ നഴ്‌സുമാര്‍ക്ക് ബക്കിംങ്ങാം പാലസിന്റെ ആദരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 350 നഴ്‌സുമാരാണ് ബക്കിംങ്ങാം പാലസില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാഥിതികളായി ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഗ്രന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ പങ്ക് വഹിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ബുധനാഴ്ച്ച രാജസദസിലെത്തി ചേര്‍ന്നത്. ആഘോഷ പരിപാടിയില്‍ പ്രിന്‍സ് ചാള്‍സും നഴ്‌സുമാരുടെ ഒപ്പം ചേര്‍ന്നു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രിന്‍സ് ചാള്‍സിനെ കൂടാതെ വെസക്‌സ് പ്രഭു പത്‌നി സോഫിയയും പരിപാടിയുടെ ഭാഗമായിരുന്നു. ഭീകരമായ അപകടങ്ങളിലൂടെ കടന്നു പോയ പലരില്‍ നിന്നും ആശുപത്രി ജീവിതത്തെക്കുറിച്ച് അമ്പരപ്പിച്ച കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു.

തന്റെ ആശുപത്രി ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുവാനും 69കാരന്‍ പ്രിന്‍സ് ചാള്‍സ് മറന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു ഓപ്പറേഷന്‍ സംബന്ധമായി ആശുപത്രി ജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. അപ്പന്‍ഡിക്‌സ് രോഗം ബാധിച്ച ഞാന്‍ ചികിത്സ തേടിയത് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയാലായിരുന്നു. അന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ എന്നെ പരിചരിച്ച രീതി എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയധികം കരുതലും സ്‌നേഹത്തോടെയുമായിരുന്നു നഴ്‌സുമാരുടെ പെരുമാറ്റം. വിന്റ്‌സോര്‍ കൊട്ടാരത്തിലേക്ക് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ സത്യത്തില്‍ ആശുപത്രി വിട്ടുപോകാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ലെന്നും പ്രിന്‍സ് ചാള്‍സ് പറയുന്നു. പ്രിന്‍സ് ചാള്‍സിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതൊരു അനുഗ്രഹമാണെന്നും പരിപാടിയില്‍ പങ്കെടുത്ത നഴ്‌സ് മെലേനിയ ഡേവിയസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം 2017ല്‍ കരസ്ഥമാക്കിയത് ഡേവിയസായിരുന്നു.

സാധാരണയായി നഴ്‌സുമാര്‍ വാര്‍ത്തായാകുന്നത് വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ്. നഴ്‌സുമാര്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നത് എന്തുകൊണ്ടും നല്ലകാര്യമാണ്. ഞങ്ങള്‍ മികച്ച പ്രവര്‍ത്തനം തന്നെയാണ് കാഴ്ച്ചവെക്കുന്നതെന്നും ഡേവിയസ് കൂട്ടിച്ചേര്‍ത്തു. ഇക്കാലത്ത് വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ നഴ്‌സിംഗ് രംഗത്തേക്ക് കടന്നു വരുന്നുള്ളുവെന്ന് സ്റ്റുഡന്റ് നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ സോയ ബട്ട്‌ലറിനെ അഭിനന്ദിച്ചുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു. നഴ്‌സിംഗ് നിയമനം പ്രതിസന്ധിയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന സമയത്ത് പുതിയ തലമുറയെ ഇത്തരം പരിപാടിയിലേക്ക് കൊണ്ടുവരുന്നത് വളരെ നല്ലൊരു നീക്കമാണെന്ന് പ്രിന്‍സ് ചാള്‍സ് അഭിപ്രായപ്പെട്ടു. രാജസദസിലേക്ക് എത്താന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമാണ്. ആര്‍ക്കും ആഗ്രഹം തോന്നാവുന്നൊരു കാര്യമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുക എന്നത്. ഞാന്‍ നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ചിട്ട് വെറും ആറ് മാസം തികയുന്നതെയുള്ളു, എന്നിട്ടും കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടത് വലിയ കാര്യമാണെന്നും ബട്ട്‌ലര്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ച ഹീത്രൂ വിമാനത്താവളത്തിലെ ടെര്‍മിനല്‍-5 ന്റെ വാര്‍ഷികാഘോഷത്തില്‍ പങ്ക് ചേര്‍ന്ന പ്രിന്‍സ് ചാള്‍സ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലണ്ടന്‍: ശീതയുദ്ധകാലത്തിനു ശേഷം ഏറ്റവും മോശം അവസ്ഥിയില്‍ നില്‍ക്കുന്ന റഷ്യ-യുകെ ബന്ധം യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒരു യുദ്ധത്തിന കാരണമായാല്‍ ബ്രിട്ടനില്‍ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും പിന്നീട് നടക്കുക. സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ ആക്രമണം വിശദീകരിക്കണമെന്ന് തെരേസ മേയ് റഷ്യക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അത് തള്ളിയ റഷ്യ ഒരു ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിട്ടന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇക്കാര്യത്തിന് തന്റെ പ്രസംഗത്തില്‍ അടിവരയിടുകയും ചെയ്തു. ശക്തമായ ആണവായുധങ്ങളുടെ കലവറ തന്നെ റഷ്യക്കുണ്ടെന്നും ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടെന്നും പുടിന്‍ പറഞ്ഞു. അത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബാക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്നതാണ് യുകെ നിവാസികളുടെ മുന്നിലുള്ള ചോദ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകളൊന്നും ഇപ്പോളില്ല. നാല് മിനിറ്റ് മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകളും നിലവിലില്ല.

അത്തരമൊരു ആക്രമണമുണ്ടായാല്‍ ഗവണ്‍മെന്റ് എല്ലാ മൊബൈല്‍ ഫോണുകളുടെയും നിയന്ത്രണം ഏറ്റെടുക്കും. അവയിലൂടെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കും. റഷ്യയില്‍ നിന്ന് തൊടുക്കുന്ന ഒരു മിസൈല്‍ ലണ്ടനിലെത്തണമെങ്കില്‍ 20 മിനിറ്റ് സമയമെടുക്കും. മറ്റ് നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് മുകളിലൂടെയായിരിക്കും ഈ മിസൈല്‍ സഞ്ചരിക്കുകയെന്നതിനാല്‍ മുന്നറിയിപ്പുകള്‍ ലഭിക്കും. അതിനാല്‍ ആക്രമണത്തെ നേരിടാന്‍ ബ്രിട്ടന് 10 മിനിറ്റായിരിക്കും സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങള്‍ തേടാനുള്ള സന്ദേശം എത്തിക്കണം. ഇതിനുള്ള ശേഷി ജിസിഎച്ച്ക്യുവിനുണ്ടെന്നാണ് വിവരം.

മൊബൈലുകളിലെ ഔട്ട്‌ഗോയിംഗ് സംവിധാനം ബ്ലോക്ക് ചെയ്യുകയാണ് അടുത്ത പടി. അടിയന്തര സര്‍വീസുകള്‍ക്ക് വേണ്ടി മാത്രം മൊബൈല്‍ സിഗ്നലുകള്‍ ലഭ്യമാക്കാനും സുപ്രധാന നിര്‍ദേശങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജപ്പാനില്‍ ഇത്തരമൊരു അണുവായുധ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കെട്ടിടങ്ങളും അവയുടെ ഭൂഗര്‍ഭ നിലകളും കണ്ടെത്താനായിരുന്നു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജാപ്പനീസ് ടിവി സംപ്രേഷണം നിര്‍ത്തിവെച്ച് കറുത്ത സ്്ക്രീനില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടാനുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒമ്പത് രാജ്യങ്ങലില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഓര്‍ബ് മീഡിയ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഒരു ലിറ്ററില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങളെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. മനുഷ്യരുടെ തലമുടിയേക്കാള്‍ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിന്ന് കണ്ടെത്തിയത്. 250 കുപ്പി വെള്ളമായിരുന്നു പഠനത്തിന് ഉപയോഗിച്ചത്.

ന്യയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് പഠനം നടന്നത്. എല്ലാ ബ്രാന്‍ഡുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഷെറി മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഒരു സര്‍വ്വവ്യാപിയായ വസ്തുവായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിലും ഇതിന്റെ സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏവിയന്‍. അക്വാഫീന, ദസാനി, നെസ്ലെ പ്യുവര്‍ ലൈഫ്, സാന്‍ പല്ലേഗ്രീനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ ഇപ്യൂര, ജര്‍മനിയിലെ ജെറോള്‍സ്‌റ്റെയിനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കുപ്പികള്‍ വാങ്ങിയതിനു ശേഷം മാലിന്യം കലര്‍ത്തിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ കടകളില്‍ നിന്ന് ഇവ വാങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തി. അമേരിക്കയില്‍ ചില പര്‍ച്ചേസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നൈല്‍ റെഡ് എന്ന ഏജന്റ് കുപ്പികളില്‍ ചേര്‍ത്താണ് പരിശോധന നടത്തിയത്. കടല്‍ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സാങ്കേതികതയാണ് ഇത്. പ്ലാസ്റ്റിക് കണങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ഈ ഏജന്റ് ചെയ്യുന്നത്. ഇപ്രകാരമാണ് വെള്ളത്തിലടങ്ങിയ പ്ലാസ്റ്റിക് ശാസ്ത്രജ്ഞന്‍മാര്‍ അരിച്ചെടുത്തത്. അതേസമയം തങ്ങളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ആധുനിക സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പികള്‍ അവകാശപ്പെടുന്നു.

പോളി പ്രോപ്പിലീന്‍. നൈലോണ്‍, പോളി എത്തിലീന്‍ ട്രെപ്താലെറ്റ് തുടങ്ങിയവയാണ് വെള്ളത്തില്‍ കണ്ടെത്തിയത്. ഇവ വെള്ളക്കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചശേഷം മൂടുന്ന ഘട്ടത്തിലാണ് ഈ പ്ലാസ്റ്റിക് കണങ്ങള്‍ കലരുന്നതെന്നാണ് മനസിലാക്കുന്നതെന്നും മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കണങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

മയക്കത്തില്‍ നിന്ന് ഉണര്‍ന്നു വരുമ്പോള്‍ വയറില്‍ എന്തോ കുത്തിയിറങ്ങുന്ന കടുത്ത വേദന! ഓപ്പറേഷനിടെ ബോധം തെളിഞ്ഞ യുവാവ് തന്റെ അനുഭവം പറഞ്ഞത് ഇപ്രകാരമാണ്. തൊണ്ടയില്‍ കൂടി ഒരു ട്യൂബ് ഇട്ടിരുന്നതിനാല്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണോ താന്‍ എന്ന് തോന്നിയതായും ഫെന്‍ സെറ്റില്‍ എന്ന ഇരുപത്തഞ്ചുകാരന്‍ പറഞ്ഞു. ബ്രാഡ്‌ഫോര്‍ഡ് സ്വദേശിയായ സെറ്റില്‍ അപ്പന്‍ഡിക്‌സ് ഓപ്പറേഷനിടെ അനസ്‌തേഷ്യയില്‍ നിന്ന് ഉണരുകയായിരുന്നു. പിന്നീടുണ്ടായത് നരകതുല്യ അനുഭവമാണെന്ന് ഇയാള്‍ പറഞ്ഞു.

കണ്ണുകള്‍ ചിമ്മിയും കൈകാലുകളിലെ വിരലുകള്‍ ചലിപ്പിച്ചു ഡോക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഓപ്പറേഷന്‍ മേശയില്‍ മൂത്രമൊഴിക്കാന്‍ തീരുമാനിച്ചുവെന്ന് സെറ്റില്‍ പറയുന്നു. ഓപ്പറേഷനായി പോകുമ്പോള്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടക്ക് ബോധം തെളിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ തടഞ്ഞിരിക്കുന്നതായാണ് തോന്നിയത്. അത് തുപ്പിക്കളയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസംമുട്ടി മരിക്കാന്‍ പോകുകയാണെന്നാണ് തനിക്ക് തോന്നിയത്.

അതിനു പിന്നാലെ ആളുകള്‍ സംസാരിക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാനും മെഷീനുകളുടെ ബീപ് ശബ്ദങ്ങള്‍ കേള്‍ക്കാനും തുടങ്ങി. വയറില്‍ എന്തോ കുത്തിയിറങ്ങിയതായും തോന്നി. എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. തനിക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുകള്‍ തുറക്കാനും അലറി വിളിക്കാനുമൊക്കെ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സെറ്റില്‍ പറഞ്ഞു. എല്ലാം ഒരു സ്വപ്‌നമായിരുന്നെന്നാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ നഴ്‌സ് പറഞ്ഞത്. ഓപ്പറേഷനില്‍ സംഭവിച്ചതിനേക്കുറിച്ച് ഓര്‍മ്മ കാണുമെന്ന് ഡോക്ടറും പിന്നീട് പറഞ്ഞു. സംഭവത്തില്‍ കാല്‍ഡര്‍ഡെയില്‍ ആന്‍ഡ് ഹഡ്ഡേഴ്‌സ്ഫീല്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റ് ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് സെറ്റിലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.


ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു.

കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.

ലണ്ടന്‍: വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ ബ്രിട്ടന് സമയമായിട്ടില്ല. സ്പ്രിംഗിലേക്കും മഞ്ഞുകാലം തുടരുകയാണ്. സ്പ്രിംഗിന്റെ തുടക്കത്തില്‍ രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ രണ്ടാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പ് പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എന്‍വയണ്‍മെന്റ് ഏജന്‍സി ഇന്നലെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും റോഡ്, റെയില്‍ ഗതാഗതം തകരാറിലാക്കിയിരുന്നു. ഇവയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രണ്ടാമന്‍ എത്തുന്നത്. സൗത്ത് വെസ്റ്റിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് നിക്കി മാക്‌സി പറഞ്ഞു.

50 മില്ലീമീറ്റര്‍ വരം മഴ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യമെത്തുന്നതോടെ തണുത്ത കാറ്റ് ശക്തമാകുകയും താപനില കാര്യമായി കുറയുകയും ചെയ്യും. ഇത് മഞ്ഞു വീഴ്ചയ്ക്ക് കാരണമാകും. താപനില മൈനസ് 3 വരെയായേക്കാമെന്ന് നിക്കി മാക്‌സി സൂചിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved