Main News

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസ് ആശുപത്രികളെ ബുദ്ധമുട്ടില്‍ നിന്ന് കരകയറ്റാന്‍ വിചിത്രമായ പദ്ധതിയെന്ന് ആരോപണം. നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി വില്‍പന നടത്താനുള്ള രഹസ്യ പദ്ധതി തയ്യാറാകുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വില്‍പനയ്ക്കായുള്ള ഭൂമിയുടെ അളവ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഇരട്ടിയാക്കിയെന്നും രേഖകള്‍ പറയുന്നു. ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി പോലും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നാണ് വിവരം. 1300 ഹെക്ടറില്‍ പകുതിയുടെ വിവരങ്ങള്‍ വിവാദമാകുമെന്നതിനാല്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

എന്‍എച്ച്എസിനു വേണ്ടി 10 ബില്യന്‍ പൗണ്ട് കണ്ടെത്തുന്നതിനാണ് വസ്തു വില്‍പനയ്ക്ക് തെരേസ മേയ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അതിനായി നിഷ്‌ക്രിയ ആസ്തിയായി കിടക്കുന്ന ഭൂമി കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ആണ് വിവാദത്തിന് കാരണമായ വെളിപ്പെടുത്തല്‍ നടത്തിയത്. വില്‍പനയ്ക്കായി കണ്ടെത്തിയ 543 പ്ലോട്ടുകളില്‍ 117 എണ്ണവും നിലവില്‍ ആശുപത്രി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ ആരോപിക്കുന്നു. ഈ ഭൂമി മെഡിക്കല്‍, ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണെന്ന് ലേബര്‍ നടത്തിയ അവലോകനത്തില്‍ കണ്ടെത്തി.

1332 ഹെക്ടറാണ് വില്‍പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 63 സൈറ്റുകളിലായുള്ള 734 ഹെക്ടറിനേക്കുറിച്ചുള്ള വിവരങ്ങളാണ് രഹസ്യമായി വെച്ചിരിക്കുന്നത്. വിവാദ സാധ്യത മുന്നില്‍ക്കണ്ടാണ് ടോറികളുടെ ഈ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്. വര്‍ഷങ്ങളായി ആവശ്യത്തിന് ഫണ്ടുകള്‍ നല്‍കാത്തതു മൂലമാണ് എന്‍എച്ച്എസ് പ്രതിസന്ധിയിലായതെന്നും അതുമൂലമാണ് ഈ വിധത്തില്‍ ഭൂമി വില്‍പന നടത്തേണ്ടി വരുന്നതെന്നും ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

രാജേഷ് ജോസഫ്

ലെസ്റ്റർ: മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേൽക്കാൻ ലെസ്റ്റർ ഒരുങ്ങുന്നു. ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന കേരളത്തിൻറെ തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേയ്ക്കു കടന്നു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ പൊന്നോണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. ജി .സി എസ്. ഇയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു.സെപ്റ്റംബർ രണ്ടു വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ഓഗസ്റ്റ് 26 ശനിയാഴ്ച പാചക മത്സരവും ചീട്ടുകളിയും ഫൺഡേയും സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ ഫൺ ഗെയിമുകൾ ഇത്തവണത്തെ പ്രത്യേകകതയാണ്. പാചക മത്സരത്തിനും ചീട്ടുകളിയ്ക്കും കാഷ് പ്രൈസുകൾ ഉണ്ട്. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

 

ഫ്രാൻസിനെ വീണ്ടും വിറപ്പിച്ച് സൈനികർക്ക് നേരെ അജ്ഞാത ആക്രമണം. പാരിസ് നഗരത്തിന് അടുത്തുള്ള ലാവലോയിസ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം. നഗരത്തിന്റെ സുരക്ഷ ചുമതല വഹിക്കുന്ന സൈനികർക്ക് നേരെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

Image result for car-hits-soldiers-in-paris-at-least-6-injured

സംഭവത്തിൽ 6 സൈനികർക്ക് പരുക്കേറ്റു. 2 സൈനികരുടെ നില ഗുരുതരമാണ്. സമീപത്തുണ്ടായിരുന്ന ജനങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീവ്രവാദി ആക്രമണമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനികരെ ആക്രമിച്ച വ്യക്തിക്കായി തിരച്ചൽ തുടരുകയാണ്.

ലണ്ടന്‍: ജോഗിംഗിനിടെ എതിര്‍ദിശയില്‍ നടന്നു വന്ന സ്ത്രീയെ ബസിനു മുന്നിലേക്ക് തള്ളിയിട്ടയാളെ അന്വേഷിച്ച് പോലീസ്. പട്‌നി പാലത്തില്‍ വെച്ച് മെയ് 5ന് രാവിലെയാണ് സംഭവമുണ്ടായത്. പാലം കടന്ന് സമീപത്തുള്ള ട്യൂബ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ജോഗിംഗ് നടത്തിക്കൊണ്ടിരുന്നയാള്‍ ഒരു പ്രകോപനവും കൂടാതെ സ്ത്രീയെ രണ്ടു കൈകളും ഉപയോഗിച്ച് തള്ളിയിടുകയായിരുന്നു. ഒരു ബസിനു നേരെയാണ് സ്ത്രീ വീണത്. ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റിയതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

33 വയസുള്ള സ്ത്രീയാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ബസില്‍ നിന്നിറങ്ങിയ യാത്രാക്കാര്‍ സ്ത്രീയെ പരിചരിക്കുന്നതിനിടെ അക്രമി അടുത്തുകൂടി പോകുന്നതും പിന്നീടുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് ഇരയായ സ്ത്രീ ഇയാളോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറാകുന്നില്ല.

ബസ് ഡ്രൈവര്‍ അവസരോചിതമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇവര്‍ക്ക് അപകടമൊന്നും സംഭവിക്കാതിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥനായ സെര്‍ജന്റ് മാറ്റ് നോള്‍സ് പറഞ്ഞു. അക്രമിയെ തിരിച്ചറിയുന്നതിനായാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കണമെന്ന് മെട്രോപോളിറ്റന്‍ പോലീസ് ആവശ്യപ്പെട്ടു.

ലണ്ടന്‍: 5 വയസുള്ള കുട്ടികള്‍ പോലും ലൈംഗികമായ ദുഷ്‌പെരുമാറ്റത്തിന് സ്‌കൂളുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. പോണ്‍ ചിത്രങ്ങള്‍ കാണുക, അശ്ലീല ചിത്രങ്ങള്‍ കൈമാറുക തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് താല്‍ക്കാലികമായോ പൂര്‍ണ്ണമായോ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. കുറഞ്ഞ പ്രായത്തില്‍ ഇത്തരം നടപടികള്‍ നേരിടുന്നതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പമാണ്. പ്രസ് അസോസിയേഷന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പുറത്തു വിട്ട 18 സംഭവങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും ഇത്തരം പ്രവൃത്തികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുറത്താക്കപ്പെട്ടു. 14 വയസ് പ്രായമുള്ളവരാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. 2013 ജൂലൈക്കും 2017 ഏപ്രിലിനുമിടയില്‍ 754 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെട്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. വിവരത്തിനായി സമീപിച്ച പല കൗണ്‍സിലുകളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പുനര്‍വിചിന്തനം വേണമെന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ നിയമം അനുസരിച്ച നാല് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വ്യക്തിബന്ധങ്ങളേക്കുറിച്ച് വിദ്യാഭ്യാസം നല്‍കണം. സെക്കന്‍ഡറി സ്‌കൂള്‍ മുതലാണ് അവരുടെ പ്രായത്തിന് അനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത്. എന്നാല്‍ മതവുമായി ബന്ധപ്പെട്ട് ചില സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഒഹിയോ: മുറിവുകള്‍ ഉണക്കാനും രക്തക്കുഴലുകള്‍, നാഡികള്‍, തകരാറിലായ അവയവങ്ങള്‍ എന്നിവ പുനഃസൃഷ്ടിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തി. ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മെഡിക്കല്‍ സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മൈക്രോ ചിപ്പ് നിര്‍മിച്ചത്. ടിഷ്യൂ നാനോട്രാന്‍സ്‌ഫെ്ക്ഷന്‍ എന്ന സാങ്കേതികത ഉപയോഗിക്കുന്ന ഈ മൈക്രോചിപ്പ് നാനോടെക്‌നോളജി ചികിത്സാരംഗത്തിന് നല്‍കുന്ന ഏറ്റവും മികച്ച സംഭാവനയാണ്. ത്വക്കിലെ കോശങ്ങളില്‍ നിന്ന് മറ്റു പല വിധത്തിലുള്ള കോശങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചിപ്പ് ആണ് വികസിപ്പിച്ചിരിക്കുന്നത്.

ഒരു പെന്നി നാണയത്തോളം വലിപ്പമുള്ള ഈ ചിപ്പ് ത്വക്കിലെ കോശങ്ങളിലേക്ക് ജനറ്റിക് കോഡുകള്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ആവശ്യമുള്ള വിധത്തിലുള്ള കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ത്വക്കില്‍ സ്ഥാപിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. എലികളിലും പന്നികളിലും ഈ ചിപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ചിപ്പ് സ്ഥാപിച്ച് ഒരാഴ്ചക്കു ശേഷം രക്തക്കുഴലുകളും നാഡീ കോശങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു.

ഒരു പരീക്ഷണത്തില്‍ എലിയുടെ തകര്‍ന്ന കാലിലൂടെയുള്ള തടസപ്പെട്ട രക്തപ്രവാഹം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. രക്തക്കുഴലുകള്‍ ഈ സാങ്കേതികതയിലൂടെ പുനഃസൃഷ്ടിച്ചാണ് ഇത് സാധിച്ചത്. ഈ വിധത്തില്‍ സൃഷ്ടിച്ച നാഡീകോശങ്ങള്‍ എലിയുടെ മസ്തിഷ്‌കത്തില്‍ കുത്തിവെച്ച് പക്ഷാഘാതം മാറ്റാനും കഴിഞ്ഞു. ചിന്തിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത ഇക്കാര്യം ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുകയാണെന്ന് ഗവേഷകരിലൊരാളായ ഡോ.ചന്ദന്‍ സെന്‍ പറഞ്ഞു. മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ്, നാഡികള്‍ നശിക്കുന്ന രോഗം, പക്ഷാഘാതം എന്നിവയുടെ ചികിത്സക്ക് ഈ സങ്കേതം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പത്‌നി ബ്രിഗിറ്റ് മാക്രോണിനെ പ്രഥമ വനിതയാക്കുന്നതിനെതിരെ 2 ലക്ഷത്തോളം പേര്‍ ഒപ്പുവെച്ച പരാതി. നടനും എഴുത്തുകാരനുമായ തിയറി പോള്‍ വാലറ്റ് ആരംഭിച്ച പെറ്റീഷനില്‍ തിങ്കളാഴ്ച രാവിലെ വരെ 2 ലക്ഷത്തോളെ ആളുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ നിലവില്‍ പ്രഥമ വനിത എന്ന പദവിയില്ല. പ്രസിഡന്റിന്റെ പത്‌നി എന്ന നിലയില്‍ ചെലവുകള്‍ പൊതു ഖജനാവില്‍ നിന്ന് തന്നെയാണ് ചെലവഴിക്കപ്പെടുന്നത്.

എന്നാല്‍ ഈ പദവി ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന് പ്രത്യേക ശമ്പളം ഇല്ലെങ്കിലും പ്രത്യേക ഓഫീസും ജീവനക്കാരും ബജറ്റും ആവശ്യമായി വരും. നിങ്ങള്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കില്‍ നിങ്ങളുടെ ദിനവും രാത്രിയും പൊതു ജീവിതവും സ്വകാര്യ ജീവിതവും രാജ്യത്തിനായി നല്‍കുകയാണെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒപ്പം ജീവിക്കുന്ന പങ്കാളിക്കും ഈ പദവിയില്‍ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഹൗസിംഗ് ബെനഫിറ്റ്, പ്രതിരോധം എന്നിവയിലെ വിഹിതം കുറയ്ക്കാന്‍ മാക്രോണ്‍ എടുത്ത തീരുമാനം ഈ പ്രഖ്യാപനത്തെ വിവാദത്തിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വലിയ ജനപ്രീതിയുണ്ടായിരുന്ന മാക്രോണിന് കഴിഞ്ഞ മാസം അത് വലിയ തോതില്‍ ഇടിയുന്ന അനുഭവവും നേരിടേണ്ടി വന്നു. 1995ല്‍ ജാക്ക് ഷിറാഖിനുണ്ടായതിലും വലിയ തിരിച്ചടിയാണ് മാക്രോണിന് നേരിടേണ്ടി വന്നത്.

ലണ്ടന്‍: കുറച്ചുകൂടി ഉയര്‍ന്ന നിരക്കിലുള്ള വിദ്യാഭ്യാസ നിരക്ക് ഉണ്ടായിരുന്നെങ്കില്‍ യുകെ ഇനിയും യൂറോപ്യന്‍ യൂണിയനില്‍ തുടരുമായിരുന്നുവെന്ന് പഠനം. ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. മൂന്ന് ശതമാനം ആളുകള്‍ കൂടിയെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിയിരുന്നെങ്കില്‍ ഹിതപരിശോധനനാ ഫലം മറിച്ചാകുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. വേള്‍ഡ് ഡെവലപ്പമെന്റ് എന്ന ജേര്‍ണലില്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിതപരിശോധനയില്‍ വോട്ട് ചെയ്തവരെ വിശകലനം ചെയ്തപ്പോളാണ് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിച്ച വിഭാഗം ഇതിനെ സമീപിച്ച രീതി വ്യക്തമായത്.

പ്രായം, ലിംഗം, കുടിയേറ്റക്കാരുടെ എണ്ണം, വോട്ട് ചെയ്യുന്നവരുടെ വരുമാനം എന്നീ ഘടകങ്ങള്‍ പരിശോധിച്ചെങ്കിലും അതിനേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസത്തിന് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി. പ്രായവും ലിംഗവും നിര്‍ണ്ണായക ഘടകങ്ങളാണെങ്കിലും വിദ്യാഭ്യാസം നിലപാടുകളെ സ്വാധീനിക്കുന്ന അത്രയും ഇവയ്ക്ക് പ്രാധാന്യമില്ല. വരുമാനവും കുടിയേറ്റക്കാരുടെ സാന്നിധ്യവും ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും കണ്ടത്തി. ഹിതപരിശോധന ഉയര്‍ത്തിയ ചര്‍ച്ചകളും ഊഹങ്ങളും മറ്റും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയിലെ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറായ ഡോ.ഐഹുവ ഴാങ് പറഞ്ഞു.

ഒട്ടേറെ ഘടകങ്ങള്‍ ബ്രെക്‌സിറ്റ് വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ ഫലവും പ്രവചനാതീതമായിരുന്നു. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് പുറത്തേക്കുപോകണമെന്ന ജനഹിതം നിരീക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. കഴിഞ്ഞ ദശകങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ പോലും കാണാത്ത വിധത്തില്‍ ജനങ്ങള്‍ വോട്ടിംഗില്‍ നിന്ന് ഒഴിഞ്ഞു നിന്നുവെന്നതും അതിശയകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. 48 നെതിരെ 52 ശതമാനം വോട്ടുകള്‍ക്കാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തത്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചിടുന്നതില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. 2013ല്‍ മാത്രം 382 തവണയെങ്കിലും ഗര്‍ഭിണികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന വിധത്തില്‍ യൂണിറ്റുകള്‍ അടച്ചിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ മെറ്റേണിറ്റി വാര്‍ഡുകള്‍ അടക്കുന്നതില്‍ 70 ശതമാനം വര്‍ദ്ധനയുണ്ടായെന്ന് ക്യാംപെയ്‌നേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് വാഹനങ്ങളിലും മറ്റുമുള്ള പ്രസവങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയും ഇവര്‍ അറിയിക്കുന്നു.

ജീവനക്കാരുടെ കുറവും ആവശ്യത്തിന് കിടക്കകള്‍ ലഭ്യമല്ലാത്തതുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് ലേബര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു.കഴിഞ്ഞ വര്‍ഷം മാത്രം 42 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഇതു മൂലം യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. ഇവയില്‍ 14 യൂണിറ്റുകള്‍ പത്തിലേറെ തവണ അടച്ചിട്ടു. ഇവ വീണ്ടും തുറക്കാന്‍ 24 മണിക്കൂറിലേറെ വേണ്ടിവന്നുവെന്നും ട്രസ്റ്റുകള്‍ സമ്മതിക്കുന്നു. ഈ വിധത്തില്‍ 382 തവണയാണ് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് മെറ്റേണിറ്റി യൂണിറ്റുകള്‍ അടച്ചിട്ടത്.

മുന്‍വര്‍ഷം ഇത് 375 തവണയായിരുന്നു. 2014ലെ 225 തവണ എന്ന നിരക്കിനേക്കാള്‍ 70 ശതമാനം വര്‍ദ്ധന ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കുകള്‍ പുറത്തു വന്നതോടെ വിമര്‍ശനവുമായി ക്യാംപെയിന്‍ ഗ്രൂപ്പുകളും രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് മിഡ് വൈഫുമാര്‍ ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇത് ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നയമാണ് വിമര്‍ശന വിധേയമാകുന്നത്.

മലയാളം യുകെ ന്യൂസ് ടീം.

പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു.

ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. സമരത്തിൽ പങ്കെടുക്കുന്ന നഴ്സുമാരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പീഡനത്തിനു വിധേയമാക്കി കൊണ്ടാണ് മാനേജ്മെന്റ് സമരം തകർക്കാൻ ശ്രമിക്കുന്നത്. ചിലരെ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റി. മറ്റു ചിലരെ പിരിച്ചു വിടുമെന്ന ഭീഷണിയും നിലവിലുണ്ട്. വൻ പോലീസ് സംഘം ഭാരത് ഹോസ്പിറ്റലിനു മുമ്പിൽ കാവലുണ്ട്. പിരിച്ചുവിടപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കുവാൻ മാനേജ്മെൻറ് തയ്യാറാവണമെന്ന് കോട്ടയം യുഎൻഎ പ്രസിഡന്റ് സെബിൻ സി മാത്യു പറഞ്ഞു. നഴ്സുമാർക്ക് എതിരെയുള്ള പ്രതികാര നടപടികൾ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ അവസാനിപ്പിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് സെബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്. ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിന്റെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. ഒൻപത് നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിരുന്നു.

ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിന്റെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിന്റെ ഭീഷണി നേരിടുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved