ന്യൂസ് ഡെസ്ക്.
എൻ. എച്ച്. എസിന്റെ പെർഫോർമൻസ് ടാർജറ്റിൻറെ അടുത്തെങ്ങും എത്താനാവാതെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർതേൺ അയർലണ്ടിലെ ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടുന്നു. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ബിർമ്മിങ്ങാമിലെയും ലെസ്റ്ററിലെയും പ്രമുഖ ഹോസ്പിറ്റലുകളും ഈ പട്ടികയിൽ ഉണ്ട്. ക്യാൻസർ രോഗികൾ ചികിത്സ കിട്ടാൻ 62 ദിവസം കാത്തിരിക്കണം എന്ന അവസ്ഥയാണുള്ളത്. A E യിൽ ഡോക്ടറെ കാണാൻ വെയിറ്റിംഗ് ടൈം നാലുമണിക്കൂറിൽ താഴെ നിലനിർത്താൻ മിക്ക ഹോസ്പിറ്റലുകളും പരാജയപ്പെട്ടു. നിരവധി ഓപ്പറേഷനുകളും ട്രീറ്റ് മെന്റുകളും ദിവസേന മാറ്റി വയ്ക്കപ്പെടുന്നുണ്ട്. ബിബിസിയും എൻ മാസേയും നടത്തിയ റിസർച്ചിലാണ് വിവരങ്ങൾ പുറത്തു വന്നത്. യുകെയിലെ 160 ഓളം ഹോസ്പിറ്റലുകളിൽ വിദഗ്ദരുടെ സംഘം പഠനം നടത്തി.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലപരിമിതിയും ടാർജറ്റ് നേടുന്നതിൽ തടസമാകുന്നുണ്ട്. ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത് വെയിൽസിലെ ഹോസ്പിറ്റലുകളാണ്. സ്കോട്ട്ലൻഡിലെ സ്ഥിതി ഇംഗ്ലണ്ടിനെ അപേക്ഷിച്ച് മെച്ചമാണ്. എമർജൻസിയിൽ എത്തുന്ന രോഗികളിൽ 11 ശതമാനത്തിന് 4 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. നിലവിൽ 500,000 രോഗികൾ വിവിധ ചികിത്സയ്ക്കായി NHS ൽ വെയിറ്റ് ലിസ്റ്റിൽ ഉണ്ട്.
കഴിഞ്ഞ ഒരു വർഷമായി ടാർജറ്റ് നേടാത്ത ലിസ്റ്റിൽ വൂസ്റ്റർ, വോൾവർഹാംപ്റ്റൺ, ഗ്ലോസ്റ്റർ, ലീഡ്സ്, മെയിഡ് സ്റ്റോൺ, കോൾച്ചെസ്റ്റർ, ഹൾ, ലിങ്കൺ, ബാസിൽഡൺ, നോർത്ത് മിഡ്ലാൻഡ്സ്, ഈസ്റ്റ് കെന്റ് എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിൽ ക്യാൻസർ കെയറിന്റെ ടാർജറ്റ് 85 ശതമാനമായിരിക്കെ 67.3 ശതമാനം കൈവരിക്കാനെ കഴിഞ്ഞുള്ളു. ഓപ്പറേഷൻ ആൻഡ് കെയറിൽ 92 ൽ 90.5ഉം എമർജൻസിയിൽ 87.9 ശതമാനവും മാത്രമാണ് നേടാനായത്. യുകെയിലെ മിക്ക ഹോസ്പിറ്റലുകളും രോഗികളുടെ ബാഹുല്യത്താൽ ടാർജറ്റ് നേടാനാവാതെ നട്ടം തിരിയുകയാണ്. വിന്റർ എത്തുന്നതോടെ എമർജൻസി സംവിധാനങ്ങളടക്കം സമ്മർദ്ദത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ലണ്ടന്‍: ബ്രിട്ടന്‍ അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെയാണ് നേരിടുന്നതെന്ന് എംഐ5 ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രൂ പാര്‍ക്കര്‍. ഭീഷണികളില്‍ നാടകീയമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അവ ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭീഷണിയിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വളരെ പെട്ടെന്ന് ഉടലെടുക്കുന്നതും വിചാരിക്കാന്‍ കഴിയാത്ത വേഗതയില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതുമാണ് രീതി. പലതലങ്ങളിലുള്ള ഭീഷണിയാണ് ഇവയെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഭീകരാക്രമണങ്ങളില്‍ ഇത്രയും തീവ്രത കാണുന്നത്. ഇക്കാലത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അവ വളരെ വേഗത്തിലാണ് നമുക്ക് നേരെയുണ്ടാകുന്നത്. തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാകുന്ന വിധത്തിലാണ് ഇവ നടക്കുന്നതെന്നും പാര്‍ക്കര്‍ പറഞ്ഞു.
യുകെ അടുത്ത കാലത്ത് നേരിട്ട നാല് ഭീകരാക്രമണമങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാന്‍ കഴിയാത്തതില്‍ എംഐ 5 ഏറെ പഴി കേട്ടിരുന്നു. ചാരസംഘടനയിലെ അംഗങ്ങളുടെ എണ്ണം 4000ല്‍ നിന്ന് 5000 ആയി വര്‍ദ്ധിപ്പിക്കാനിരിക്കെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണം നല്‍കാന്‍ സുരക്ഷാ സ്‌പെഷ്യലിസ്റ്റ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കിടെ 20ഓളം ഭീകരാക്രമണ ശ്രമങ്ങള്‍ തടയാന്‍ ഏജന്‍സിക്ക് കഴിഞ്ഞതായും പാര്‍ക്കര്‍ അവകാശപ്പെട്ടു. .
ശനിയാഴ്ച ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കിരീട നേട്ടം കെവിസി ബര്‍മിംഗ്ഹാമിന്. ഫൈനലില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ സ്പൈക്കേഴ്സ് കേംബ്രിഡ്‌ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെവിസി ബര്‍മിംഗ്ഹാം വിജയ കിരീടത്തില്‍ മുത്തമിട്ടത്. പത്ത് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെവിസിയോട് മാത്രം പരാജയപ്പെട്ട സ്പൈക്കേഴ്സ് കേംബ്രിഡ്ജ് റണ്ണേഴ്സ് അപ്പ് ആയി.
രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ പ്രാഥമിക റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലായിരുന്നു നടന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകള്‍ ആയി തിരിച്ചായിരുന്നു പ്രാഥമിക റൗണ്ടുകള്‍ നടന്നത്. ലിവര്‍പൂള്‍ വോളിബോള്‍ ക്ലബ്, വോക്കിംഗ് വോളി ടീം, ഈഗിള്‍സ് പ്ലിമൌത്ത്, ലണ്ടന്‍ സ്ട്രൈക്കേഴ്സ്, മാര്‍ട്ട്യന്‍സ് ലണ്ടന്‍ എന്നിവരടങ്ങുന്ന പൂള്‍ എയില്‍ നിന്നും വിജയികളായി സെമിയില്‍ പ്രവേശിച്ചത് ലിവര്‍പൂളും പ്ലിമൌത്തും ആയിരുന്നു.
കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ്, ഷെഫീല്‍ഡ് വോളി ടീം, എഎംഎ ആഷ്ഫോര്‍ഡ്, ഇഎംസിസി ലണ്ടന്‍ എന്നീ ടീമുകള്‍ അണി നിരന്ന പൂള്‍ ബിയില്‍ നിന്നും കെവിസി ബര്‍മിംഗ്ഹാം, സ്പൈക്കേഴ്സ് കേംബ്രിഡ്ജ് എന്നീ ടീമുകള്‍ സെമിയിലെത്തി. ആവേശകരമായ മത്സരം അരങ്ങേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ എല്ലാ ടീമുകളും ഏറ്റവും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മിന്നുന്ന സ്മാഷുകളും നീണ്ടു നിന്ന വോളികളുമായി കാണികളില്‍ ആവേശം ഉയര്‍ത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തി കേംബ്രിഡ്ജും, പ്ലിമൌത്തിനെ പരാജയപ്പെടുത്തി ബര്‍മിംഗ്ഹാമും ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

വിജയികളായ ബര്‍മിംഗ്ഹാം ടീം: സാവിയോ ചാക്കോ (ക്യാപ്റ്റന്‍), സണ്ണി അയ്യാമല, ജയിംസ് ജോസഫ്, പ്രദീഷ് പനച്ചിക്കല്‍, കിരണ്‍ ജോസഫ്, കെവിന്‍ ബിക്കു, ബിന്‍സു ജോണ്‍, ലിബിന്‍ മാത്യു. ബിക്കു ജേക്കബ് (കോച്ച്), വര്‍ഗീസ് ജോണ്‍ (മാനേജര്‍)
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലണ്ടനില്‍ മലയാളികള്‍ക്ക് മാത്രമായി ഒരു വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് അരങ്ങേറിയത്. വിവിധ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ പിറവിയെടുത്ത ലണ്ടന്‍ സ്പോര്‍ട്സ് ലീഗ് ആണ് ഇതിന് അവസരമൊരുക്കിയത്. ബിജു പിള്ള, സനേഷ് ബേബി, നിഷാര്‍ വിശ്വനാഥന്‍, സഞ്ജു കാര്‍ത്തികേയന്‍, റിയാസ് തുടങ്ങിയവര്‍ ആണ് എല്‍എസ്എല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചുക്കാന്‍ പിടിച്ചത്.

കേരളീയ കായിക പ്രേമികളുടെ ഏറ്റവും ഇഷ്ടവിനോദമായ വോളിബോള്‍ മത്സരത്തെ ആവേശപൂര്‍വ്വമായിരുന്നു യുകെ മലയാളികള്‍ വരവേറ്റത് എന്നതിന് തെളിവായിരുന്നു യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി ലണ്ടനില്‍ എത്തിച്ചേര്‍ന്ന ടീമുകളും കാണികളും. കൂടുതല്‍ വോളിബോള്‍ മത്സരങ്ങള്‍ യുകെയില്‍ നടത്തുന്നതിന് വിവിധ സ്ഥലങ്ങളിലെ സംഘാടകര്‍ക്ക് പ്രചോദനമായിരിക്കുകയാണ് ലണ്ടന്‍ എല്‍എസ്എല്‍ വോളിയുടെ വിജയം.
ലിവര്‍പൂളില്‍ ഒക്ടോബര്‍ 28നും ഷെഫീല്‍ഡില്‍ നവംബര്‍ നാലിനും വോളിബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഷെഫീല്‍ഡില്‍ നടക്കുന്നത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ആണ്.


ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിലേറെയായി ബിബിസി സംപ്രേഷണം ചെയ്തുവരുന്ന ക്രൈംവാച്ച് എന്ന പരിപാടി ബിബിസി അവസാനിപ്പിക്കുന്നു. ചുരുളഴിയാത്ത കുറ്റകൃത്യങ്ങള്‍ ദൃശ്യങ്ങളില്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള ആഖ്യാനശൈലിയുമായി പ്രേക്ഷകപ്രീതി നേടിയ പരിപാടി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുതിയ അവതാരകനായ ജെറമി വൈന്‍ ആണ് അവതരിപ്പിക്കുന്നത്. അതേസമയം പരിപാടിയുടെ പകല്‍ സമയ അനുബന്ധ വേര്‍ഷനായ ക്രൈംവാച്ച് റോഡ്‌ഷോ തുടരുമെന്ന് ബിബിസി അറിയിച്ചു.
ക്രൈവാച്ച് റോഡ്‌ഷോയില്‍ പിന്തുടരുന്ന ഫോര്‍മാറ്റ് ആണ് ഈ പരിപാടിക്ക് യോജിച്ചതെന്നാണ് വിലയിരുത്തലെന്ന് ബിബിസി വക്താവ് പറഞ്ഞു. വര്‍ഷം രണ്ട് സീരീസുകള്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇതിന്റെ എപ്പിസോഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് പറഞ്ഞു. ക്രൈംവാച്ചിന് വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ജനപ്രീതിയില്‍ അഭിമാനമുണ്ടെന്നും ക്രൈംവാച്ച് റോഡ്‌ഷോ അതിന് അനുസൃതമായി തയ്യാറാക്കുമെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ പ്രേക്ഷകര്‍ ഏറ്റവും കൂടുതലുള്ള ക്രൈംവാച്ചിന്റെ സമയത്ത് പുതിയ പരിപാടി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നതെന്നും വക്താവ് പറഞ്ഞു. 1984ല്‍ ആരംഭിച്ച പരിപാടി 1983ല്‍ നോട്ടിംഗ്ഹാംഷയറില്‍ കൊലചെയ്യപ്പെട്ട 16കാരി കോളറ്റ് അറാമിന്റെ കഥയാണ് ആദ്യം ചിത്രീകരിച്ചത്. സ്യൂ കുക്കും നിക്ക് റോസുമായിരുന്നു ആദ്യത്തെ അവതാരകര്‍. പിന്നീട് 1995ല്‍ കുക്ക് കൊല്ലപ്പെട്ടതിനു ശേഷം ജില്‍ ഡാന്‍ഡോ വന്നു. കുക്കിന്റെ കൊലപാതകവും ഒരു മാസത്തിനു ശേഷം ക്രൈംവാച്ച് ചര്‍ച്ച ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്റര്‍നെറ്റ് തീവ്രവാദികള്‍ ഉപയോഗിക്കുന്നവയാണെന്ന സങ്കല്പത്തിന് മാറ്റം വരുന്നു. ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ആലോചിക്കുന്നത് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദുബായ് നഗരം ഇപ്പോള്‍ത്തന്നെ സ്വന്തമായി ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് വരികയാണ്. എംക്യാഷ് എന്ന പേരിലുള്ള ഈ കറന്‍സി വിവിധ ക്രയവിക്രയങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നു.
ദുബായ് ഇക്കോണമി ഡിപ്പാര്‍ട്ട്‌മെന്റ് അനുബന്ധ സ്ഥാപനമായ എംക്രെഡിറ്റ് ലിമിറ്റഡും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്ജക്ട് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് എംക്യാഷിന് തുടക്കമിട്ടത്. ദുബായ് നഗരത്തിന്റെ ആക്‌സിലറേറ്റര്‍ ഇനിഷ്യേറ്റീവിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ കറന്‍സിക്ക് അതിവേഗത്തിലുള്ള പ്രോസസിംഗ്,
സങ്കീര്‍ണ്ണതകളുടെ കുറവ് തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ടെന്ന് ദുബായ് ഇക്കോണമി ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം പ്രസ്താവനയില്‍ പറഞ്ഞു.
ദുബായിലെ ജനങ്ങളുടെ ജീവിതത്തിനും ബിസിനസുകള്‍ക്കും കാതലായ മാറ്റം കൊണ്ടുവരാന്‍ ഈ കറന്‍സി സഹായിക്കും. നഗരത്തിന്റെ പുരോഗതിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനികമായ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയാണ് എംക്യാഷ് ഉപയോഗിക്കുന്നത്. എംവാലറ്റ് എന്ന പെയ്‌മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് വിവിധ ട്രാന്‍സാക്ഷനുകള്‍ക്ക് ഉപയോഗിക്കാം.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു. ഏപ്രിൽ മാസത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുകയാണ് രാജ ദമ്പതികൾ. പ്രിൻസ് വില്യത്തിൻറെയും പ്രിൻസസ് കേറ്റിൻറെയും മൂന്നാമത്തെ കുട്ടിയെയാണ് വരവേൽക്കാൻ രാജകുടുംബം ഒരുങ്ങുന്നത്. ജനിക്കാനിരിക്കുന്നത് രാജകുമാരനോ അതോ രാജകുമാരിയോ എന്ന ആകാംഷയിലാണ് ബ്രിട്ടീഷ് ജനത. രാജകിരീടത്തിന്റെ അവകാശികളിൽ അഞ്ചാം സ്ഥാനമാണ് ജനിക്കുന്ന കുഞ്ഞിന്.
പ്രിൻസ് ജോർജിന് നാലും പ്രിൻസസ് ഷാർലറ്റിന് രണ്ടും വയസാണ് പ്രായം. പ്രിൻസ് ചാൾസ്, പ്രിൻസ് വില്യം, പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലറ്റ് എന്നിവരാണ് നിലവിൽ രാജ കിരീടത്തിന് അവകാശമുള്ളവർ. പുതിയ അവകാശിയുടെ വരവോടെ പ്രിൻസ് ഹാരിയുടെ സ്ഥാനം ആറാമതായി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് പുതിയ അവകാശിയ്ക്ക് ജന്മം നല്കുക. കെൻസിംഗ്ടൺ പാലസ് ഒദ്യോഗികമായി കുഞ്ഞ് ജനിക്കുന്ന മാസം പുറത്തു വിട്ടെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല.
വില്യമിന്റെയും കേറ്റിന്റെയും ഏഴാം വിവാഹ വാർഷികം ഏപ്രിൽ 29നാണ്. ക്വീൻ എലിസബത്തിന് ഏപ്രിൽ 21 ന് 92 മത് പിറന്നാളാണ്. സെൻറ് ജോർജസ് ഡേ ഏപ്രിൽ 23 നാണ്. 2018 ഏപ്രിൽ രാജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാകും. കേറ്റ് രാജകുമാരി പ്രിൻസ് വില്യത്തിനൊപ്പം പാഡിംഗ്ടണിൽ നടന്ന ഒരു ചാരിറ്റി ഇവൻറിൽ തിങ്കളാഴ്ച പങ്കെടുത്തു.


ലണ്ടന്‍: കുട്ടികളിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുന്നു. എന്‍എസ്പിസിസി ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പ്രതിദിനം ശരാശരി ആത്മഹത്യാ ചിന്തകളുമായി വിളിക്കുന്ന 60 കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിയതായി ചൈല്‍ഡ്‌ലൈന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ് ഇത്. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളും ആത്മഹത്യാ പ്രവണത കാട്ടുന്നുവെന്നാണ് വിശദീകരിക്കപ്പെടുന്നത്.
കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മാനസികാരോഗ്യ പരിപാലനം ലഭിക്കുന്നതിലുണ്ടാകുന്ന താമസത്തേക്കുറിച്ചും എന്‍എസ്പിസിസി സൂചന നല്‍കി. ആത്മഹത്യാപ്രവണത കൂടുന്നുണ്ടെങ്കിലും സഹായം തേടാനുള്ള സന്നദ്ധത് ഇവര്‍ക്കുണ്ടെന്ന വസ്തുതയാണ് സഹായം തേടിയുള്ള ഫോണ്‍ കോളുകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ചാരിറ്റി അറിയിക്കുന്നു. ആത്മഹത്യാക്കുറിപ്പ് വരെ തയ്യാറാക്കിയ ശേഷം വിളിക്കുന്നവരാണ് പലരും.
ചാരിറ്റിയുടെ കണക്ക് അനുസരിച്ച് 2000ത്തിലേറെ കുട്ടികള്‍ ഈ വിധത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയശേഷം വിളിച്ചിട്ടുണ്ട്. അങ്ങനെ വിളിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഒരു 12 കാരനാണ്. ചൈല്‍ഡ്‌ലൈന്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. കൂടുതല്‍ വോളന്റിയര്‍മാര്‍ രംഗത്ത് വരണമെന്നും കുട്ടികളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നും ചാരിറ്റി ആവശ്യപ്പെടുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തക്കു പിന്നാലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നുവെന്ന അവകാശവാദവുമായി ക്രിപ്‌റ്റോകറന്‍സി സമൂഹം. ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റില്‍ കോയിനെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സിക്ക് ഇന്ത്യ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. രൂപയ്‌ക്കൊപ്പം പദവിയുള്ള ഓള്‍ട്ട്‌കോയിന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായി കോയിനെക്‌സ് മാറുമെന്ന് കോയിനെക്‌സ് സ്ഥാപകരിലൊരാളായ രാഹുല്‍ രാജ് പറഞ്ഞതായി ബിറ്റ്‌കോയിന്‍ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നു.
കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഭാവിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും കോയിനെക്‌സ് അറിയിച്ചു. മാര്‍ക്കറ്റില്‍ പുതിയ കോയിനുകള്‍ അവതരിപ്പിക്കാനാണ് പദ്ധതി. കൂടുതല്‍ സുരക്ഷയുള്ള കോയിനുകളായിരിക്കും അവതരിപ്പിക്കുക. രണ്ടാഴ്ക്കുള്ളില്‍ ആദ്യത്തെ ബിറ്റ്‌കോയിന്‍ കറന്‍സികള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും. ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 11ന് ശേഷം ഒരു വാലറ്റ് ലഭിക്കും. ഇതിലൂടെ ക്രിപ്‌റ്റോകറന്‍സി ഉപയോക്താക്കള്‍ക്ക് അവ പണമാക്കി മാറ്റാനുള്ള അവസരമാണ് വരുന്നതെന്ന് കോയിനെക്‌സ് പറയുന്നു.
ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചില്‍ അംഗീകാരമുള്ള ഏക എക്‌സ്‌ചേഞ്ച് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കായി ഐഎന്‍ആര്‍ വാലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് രാഹുല്‍ രാജ് വ്യക്തമാക്കി.
ശാസ്ത്രലോകത്തിന് വിസ്മയം സമ്മാനിച്ചുകൊണ്ട് നക്ഷത്രങ്ങളുടെ കൂട്ടിയിടി. വാഷിംഗ്ടണ്‍, ലൂസിയാന എന്നിവിടങ്ങളിലെ ലിഗോ ഡിറ്റക്ടറുകളിലാണ് ഈ വന്‍ സ്‌ഫോടനത്തേത്തുടര്‍ന്നുള്ള ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ രേഖപ്പെടുത്തിയത്. വന്‍തോതില്‍ ദ്രവ്യമടങ്ങിയ നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലാണ് നടന്നത്. ഭൂമിയില്‍ നിന്ന് 130 ദശലക്ഷം പ്രകാശവര്‍ഷം അകലെ നടന്ന ഈ നക്ഷത്ര സംയോജനത്തില്‍ വലിയ തോതില്‍ സ്വര്‍ണ്ണവും ഘന മൂലകങ്ങളായ പ്ലാറ്റിനവും യുറേനിയലും പുറന്തള്ളിയിട്ടുണ്ട്.
ഈ സംഭവം ആസ്‌ട്രോഫിസിക്‌സില്‍ പുതിയൊരു പഠനമേഖലയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ വിറപ്പിച്ചുകൊണ്ടുള്ള സ്‌ഫോടനമാണ് ഉണ്ടായത്. ഭൂമിയില്‍ ഗ്രാവിറ്റേഷണല്‍ തരംഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയ അഞ്ചാമത്തെ സംഭവമാണ് ഇത്. പ്രപഞ്ചത്തിലുണ്ടായ തരംഗങ്ങളിലൂടെ മാത്രമല്ല ഈ കൂട്ടിയിടി സ്ഥിരീകരിച്ചത്. ഉപഗ്രഹങ്ങളിലും ഭൂമിയിലുമുള്ള ടെലിസ്‌കോപ്പുകളിലൂടെ സ്‌ഫോടനഫലമായുണ്ടായ വികിരണങ്ങളും പ്രകാശവും കാണാനും ശാസ്ത്രജ്ഞര്‍ക്കായി. സ്‌ഫോടനം സൃഷ്ടിച്ച പ്രകാശവലയം കിലോനോവ എന്നാണ് അറിയപ്പെടുന്നത്.
നക്ഷത്രങ്ങളുടെ സൃഷ്ടിയേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതേക്കുറിച്ച് നടക്കുന്ന കൂടൂതല്‍ പഠനങ്ങള്‍ സഹായിക്കും. ശതകോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നടന്ന തമോഗര്‍ത്തങ്ങളുടെ സംയോജനം മൂലമുണ്ടായ ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ മാത്രമാണ് ഇതേ വരെ ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യമായാണ് നക്ഷത്രങ്ങള്‍ തമ്മില്‍ നടന്ന കൂട്ടിമുട്ടലിലുണ്ടായ തരംഗങ്ങള്‍ കണ്ടെത്തുന്നത്. പ്രത്യ.ക്ഷത്തില്‍ വളരെ ദൂരെയാണെങ്കിലും മറ്റു സംഭവങ്ങളെ അപേക്ഷിച്ച് താരതമ്യേന അടുത്ത് നടന്ന മഹാവിസ്‌ഫോടനമാണ് ഇതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.
ന്യൂട്രോണ്‍ സ്റ്റാറുകളാണ് കൂട്ടിമുട്ടിയത്. അതുകൊണ്ടുതന്നെ വളരെ വ്യത്യസ്തമായ സ്‌ഫോടനമായിരുന്നു ഇത്. സൂര്യനേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ള നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളായ ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ ഭൂമിയിലെ ഒരു ടീസ്പൂണോളം മാത്രം വലിപ്പമുള്ള വസ്തുവിന് കോടിക്കണക്കിന് ടണ്‍ ഭാരമുണ്ടാകും. അത്രയും പിണ്ഡമുള്ള 12 മൈല്‍ വീതം ചുറ്റളവുള്ള രണ്ട് നക്ഷത്രങ്ങളാണ് കൂട്ടിമുട്ടിയത്. ഇതുമൂലമുണ്ടായ ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ പ്രപഞ്ചമൊട്ടാകെ പ്രകാശ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.
ന്യൂസ് ഡെസ്ക്
ഹരിക്കെയിൻ ഒഫീലിയ യുകെയിലും അയർലണ്ടിലും സംഹാരതാണ്ഡവം തുടരുന്നു. ഇതു വരെ മൂന്നു പേർ മരിച്ചു. 80 മൈൽ സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. യുകെയിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാർ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ഹൈവേകളിൽ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതിനാൽ യുകെയുടെ പല ഭാഗങ്ങളിലും ആകാശം ചുവപ്പ് നിറമായി മാറി. അയർലണ്ടിൽ സ്കൂളുകൾക്ക് ഇന്ന് അവധി നല്കി. നാളെയും സ്കൂളുകൾക്ക് അയർലണ്ട് എഡ്യൂക്കേഷൻ മിനിസ്റ്റർ അവധി നല്കിയിരിക്കുകയാണ്.
