അനീഷ് ജോണ്, പിആര്ഒ യുക്മ
പ്രവാസി മലയാളി പ്രസ്ഥാനങ്ങളില് ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് സൗത്താംപ്റ്റണില് നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യത്തെ ആയുധ ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .
യുക്മ ദേശീയ കുടുംബ സംഗമം എന്ന പേരില് അറിയപ്പെടുന്ന ‘യുക്മ ഫെസ്റ്റ് 2016’ മാര്ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്റ്റണില് വെച്ചാണ് നടക്കുന്നത്. 2014, 2015 വര്ഷങ്ങളില് സംഘടനയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും യുക്മയുടെ പ്രവര്ത്തനങ്ങളില് സഹകരിച്ചവര്ക്കും, വിവിധ മേഖലകളില് നേട്ടങ്ങള് കൈവരിച്ച യു.കെ.മലയാളികള്ക്കും അവാര്ഡുകള് നല്കി ആദരിക്കുവാനുള്ള വേദി കൂടിയാകുന്നു ‘യുക്മ ഫെസ്റ്റ് 2016’ . യുക്മ ദേശീയ കലാമേള കഴിഞ്ഞാല് ഏറ്റവുമധികം ജനപ്രിയമായ ദേശീയ പരിപാടി എന്ന നിലയില് ‘യുക്മ ഫെസ്റ്റ്’ ന്റെ പ്രസക്തി വളരെ വലുതാണ്. കൂട്ടായ പ്രവര്ത്തന മികവിലുടെ ദേശിയ കായിക മേള, ബാഡ്മിന്ടന് മത്സരം, നേപ്പാള് ചാരിറ്റി അപ്പീല് , യുക്മ ദേശിയ റിജിയണല് കലാമേളകള് എന്നിവയുടെ വിജയം യു കെ മലയാളികളെ മുഴുവന് യുക്മയിലേക്ക് ആഴത്തില് ഉറപ്പിച്ചു എന്ന കാര്യത്തിനു തര്ക്കമില്ല.
സൗത്താംപ്റ്റണില് വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില് വിവിധ മേഖലകളില് യുക്മയോടൊപ്പം പ്രവര്ത്തിച്ചവരെയും, യുക്മ വേദികളില് മികവു തെളിയിച്ചവരെയും ആദരിക്കുന്നത്തിനൊപ്പം വിവിധ അസ്സോസ്സിയെഷനുകളെയും, മികച്ച പ്രവര്ത്തകരെയും യുക്മയെ നാളിതു വരെ സഹായിച്ച മുഴുവന് വ്യക്തികളെയും ആദരിക്കും.
യുക്മ വേദികളില് എക്കാലവും മികച്ച പ്രവര്ത്തനം കാഴ്ച വെക്കുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ്. ഇത്തവണ സൗത്ത് ഈസ്റ്റ് റീജിയനിലെ സൗത്താംപ്ടണില് വെച്ച് നടക്കുന്നത് കൊണ്ട് റീജിയന്റെ മികച്ച പിന്തുണയോടെയാണ് യുക്മ ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് .എല്ലാ റീജിയനിലെയും യുക്മയുടെ മികച്ച കലാകാരന്മാരെ അണിനിരത്തി കൊണ്ട് സംഘടിപ്പിക്കുന്ന യുക്മഫെസ്റ്റ് എല്ലാ വര്ഷവും ആവേശത്തോടെയാണ് യുക്മ സ്നേഹികള് നോക്കി കാണുന്നത്.
യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഏറ്റവും വലിയ അസോസിയേഷനുകളില് ഒന്നായ മലയാളീ അസോസിയേഷന് ഓഫ് സൗത്താംപ്റ്റണ് (MAS) ന്റെ ആതിഥേയത്വത്തില് ആണ് ‘യുക്മ ഫെസ്റ്റ് 2016’ അരങ്ങേറുന്നത്. അസോസിയേഷന് പ്രസിഡണ്ട് ശ്രീ.റോബിന് എബ്രഹാമിന്റെയും സെക്രട്ടറി ശ്രീ.ബിനു ആന്റണിയുടെയും നേതൃത്വത്തില് അസോസിയേഷനിലെ 150 ല് അധികം വരുന്ന കുടുംബങ്ങളുടെ സഹകരണം ഇത്തവണത്തെ യുക്മ ഫെസ്റ്റിന്റെ വിജയം ഉറപ്പ് വരുത്തുന്നു.
ആട്ടവും പാട്ടും സാംസ്കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന് നീണ്ടു നില്ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്റ്. ഈ വര്ഷത്തെ യുക്മയുടെ പ്രവര്ത്തനത്തില് മികവ് പുലര്ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില് യുക്മ മറക്കാറില്ല. രുചികരമായ ഭക്ഷണങ്ങള് മിതമായ വിലക്ക് യുക്മ ഫെസ്റ്റ് വേദിയില് ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്ത്തനങ്ങളില് സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില് പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില് പങ്കുചേരണമെന്ന് യുക്മ നാഷണല് പ്രസിഡന്റ് അഡ്വ. ഫ്രാന്സിസ് മാത്യുവും യുക്മ നാഷണല്ട്രഷററും യുക്മ ഫെസ്റ്റ് കണ്വീനറുമായ ഷാജി തോമസും അഭ്യര്ത്ഥിച്ചു .
യുക്മ യുടെ അംഗ അസോസിയേഷനുകളില് നിന്നുമുള്ള കലാകാരികള്ക്കും കലാകാരന്മാര്ക്കും, മത്സരത്തിന്റെ സമ്മര്ദമില്ലാതെ വിവിധ കലാപരിപാടികള് അവതരിപ്പിക്കുവാനുള്ള സുവര്ണാവസരം കൂടിയാണ് ‘യുക്മ ഫെസ്റ്റ്’. പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന് വേണ്ടി, അവതരിപ്പിക്കുവാന് ഉദ്ദേശിക്കുന്ന പരിപാടികള് എത്രയും വേഗം രജിസ്റ്റര് ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന് ഭാരവാഹികള് ഫെബ്രുവരി അഞ്ചു വെള്ളിയാഴ്ചക്ക് മുന്പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല് സെക്രട്ടറി സജീഷ് ടോം (07706913887), ‘യുക്മ ഫെസ്റ്റ്’ ജനറല് കണ്വീനര് ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ പേര് രജിസ്റ്റര് ചെയ്യാവുന്നതാണ്.
കോട്ടയം: കേന്ദ്രസര്ക്കാരിന്റെ റബ്ബര് ഇറക്കുമതി നയത്തിലും റബ്ബറിന്റെ വിലയിടിവിലും പ്രതിഷേധിച്ച് സമരം നടത്തുന്ന ജോസ് കെ മാണി എംപിയെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടര്ന്നാണ് പൊലീസ് എത്തി ജോസ് കെ മാണിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. കോട്ടയം തിരുനക്കര മൈതാനത്ത് കഴിഞ്ഞ ആറു ദിവസമായി നടത്തി വരുന്ന സമരമാണ് ഇപ്പോള് അറസ്റ്റിനെ തുടര്ന്ന് അവസാനിച്ചിരിക്കുന്നത്. ഡോക്ടര്മാരുമായി സമരപന്തലില് എത്തിയശേഷം ജോസ് കെ മാണിയുടെ ആരോഗ്യനില പരിശോധിക്കുകയും, നില വഷളാണെന്ന് കണ്ട് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഡോക്ടര്മാര് പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്കു നീക്കാന് ശ്രമം നടത്തിയെങ്കിലും ജോസ് കെ.മാണി വഴങ്ങിയിരുന്നില്ല. ഇന്നു പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു നീക്കുകയായിരുന്നു. അതേസമയം, സമരം തുടരുമെന്നു ജോസ് കെ.മാണിയും കേരളാ കോണ്ഗ്രസ്-എം ചെയര്മാന് കെ.എം. മാണിയും അറിയിച്ചു.
റബ്ബര് ഇറക്കുമതി ചെയ്യില്ലെന്ന ഉറപ്പു നല്കണമെന്നും, 500 കോടി രൂപയെങ്കിലും വിലസ്ഥിരതാ ഫണ്ടില്നിന്നും കര്ഷകര്ക്ക് അനുവദിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. കിലോഗ്രാമിനു 200 രൂപയെങ്കിലും റബ്ബറിനു വില ലഭിക്കണം. റബര് വിലയിടിവിനെതിരെ നടത്തുന്ന സമരങ്ങള് കേരള കോണ്ഗ്രസ് തുടരുക തന്നെ ചെയ്യും. സമരത്തിന്റെ കേന്ദ്രം കോട്ടയം തന്നെ ആകണമെന്നില്ല. വിവിധ രൂപത്തില് സമരം തുടരുമെന്നും മാണി പറഞ്ഞു.
എക്സൈസ് മന്ത്രി കെ ബാബു രാജിവെച്ചു. കെ ബാബുവിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന തൃശൂര് വിജിലന്സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജി വെച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില് ബാബു മുഖ്യമന്ത്രിയാമായി കൂടിക്കാഴ്ച്ച നടത്തി. പിന്നീട് ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു. നാല് പേജുള്ള കത്തുമായാണ് ഗസ്റ്റ്ഹൗസില്വെച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കോടതി ഉത്തരവ് വന്നതോടെ താന് മന്ത്രിസ്ഥാനം രാജി വയ്ക്കാന് തയ്യാറാണെന്ന് കെ ബാബു കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്ന്ന് വിളിച്ചു ചേര്ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
രാജി വയ്ക്കുമെന്ന് നേരത്തെ തന്നെ സഹപ്രവര്ത്തകരെ അറിയിച്ചിരുന്നുവെന്നും റിപ്പോര്ട്ടുകളുണ്ട്. മാണിയുടെ രാജി വൈകിയതിനെത്തുടര്ന്ന് സര്ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന ആരോപണമുയര്ന്നതിനെത്തുടര്ന്നാണ് രാജിക്കാര്യത്തില് വേഗത്തില് തീരുമാനം.
മന്ത്രിയുടെ രാജി ആവശ്യം ഘടകകക്ഷികളില് നിന്നു തന്നെ ഉയര്ന്നെന്ന സൂചനയുമുണ്ട്. കെഎം മാണിക്കും കെ ബാബുവിനും ഇരട്ട നീതിയെന്ന് നേരത്തെ തന്നെ മുന്നണിയില് ആക്ഷേപമുയര്ന്നിരുന്നു.
വിജിലന്സിന് ആത്മാര്ത്ഥതയും സത്യസന്ധതയുമില്ലെന്നാണ് കോടതി പറഞ്ഞത്. കോടതിയെ വിജിലന്സ് കൊഞ്ഞനം കുത്തുകയാണോ എന്നും, കോടതിയെ മണ്ടനാക്കരുതെന്നും കോടതി പരമാര്ശമുണ്ടായി. കെ ബാബു പത്ത് കോടി വാങ്ങിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയെത്തുടര്ന്നാണ് കോടതി ഉത്തരവ്.
പരാതി തെളിയിക്കാനുള്ള ബാധ്യത സര്ക്കാരിന്റേതാണ്. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്സ് അടച്ചിടണോ എന്നും കോടതി ചോദിച്ചു. ബിജു രമേശിനെതിരേയും കേസെടുക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്ട്ട സമര്പ്പിക്കാനും ഉത്തരവുണ്ട്. ഇനി അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാവും.
കേംബ്രിഡ്ജ്: യുകെയില് ജോലി ചെയ്യുന്നവര് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില് ഒന്നാണ് നിയമങ്ങള് പാലിക്കപ്പെടുന്ന കാര്യത്തില് ഇവിടെയുള്ളവര് വളരെ കണിശത ഉള്ളവരാണ് എന്നത്. ജോലി സ്ഥലങ്ങളില് ഉള്പ്പെടെ ഓരോ വ്യക്തിയുടെയും സ്വകാര്യതയ്ക്ക് വളരെയധികം വില കല്പ്പിക്കുന്ന രാജ്യമാണ് ഇത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില് വ്യക്തമായ നിയമങ്ങളും പോളിസികളും ഓരോ സ്ഥാപനങ്ങള്ക്കും ഉണ്ട് താനും. ഇത് ലംഘിക്കപ്പെടുന്നത് ഇവിടെ വളരെ ഗുരുതരമായ തെറ്റ് ആണ് താനും.
യുകെയില് മലയാളികള് ഏറ്റവും അധികം ജോലി ചെയ്യുന്നത് എന്എച്ച്എസില് ആണ്. സ്വകാര്യതാ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു സ്ഥാപനമാണ് എന്എച്ച്എസ്. 1998 ലെ ഡേറ്റ പ്രൊട്ടക്ഷന് ആക്റ്റ് അനുസരിച്ചിട്ടുള്ള നിയമ നിര്മ്മാണം ആണ് എന്എച്ച്എസ് ഇക്കാര്യത്തില് പിന്തുടരുന്നത്. ഈ നിയമം അനുസരിച്ച് ജോലിയുടെ ഭാഗമായി തങ്ങള് കൈകാര്യം ചെയ്യേണ്ടി വരുന്ന രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള് ഒരു കാരണവശാലും ഇവിടുത്തെ ജീവനക്കാര് മറ്റാളുകളോട് വെളിപ്പെടുത്തുവാന് പാടുള്ളതല്ല.
രോഗിയുടെ പേര് വിവരങ്ങള്, ജനന തീയതി, രോഗാവസ്ഥ തുടങ്ങിയ പല വിവരങ്ങളും കൈകാര്യം ചെയ്യുന്ന എന്എച്ച്എസ് ജീവനക്കാര് ഇക്കാര്യങ്ങള് എല്ലാം സ്വകാര്യമായി സൂക്ഷിക്കാന് ചുമതലപ്പെട്ടവര് ആണ്. ഇങ്ങനെയുള്ള കാര്യങ്ങള് വെളിപ്പെടുത്തരുത് എന്നത് പോലെ തന്നെ പ്രധാനമാണ് ജോലിയുടെ ഭാഗമായി തങ്ങള് അറിയേണ്ട കാര്യങ്ങള് അല്ലാതെയുള്ള കാര്യങ്ങള് അറിയാന് ശ്രമിക്കാതിരിക്കുക എന്നത്. എന്നാല് മലയാളികള് പലപ്പോഴും ഇത്തരം കാര്യങ്ങളില് വളരെയധികം അലംഭാവം കാണിക്കാറുണ്ട്.
ഇതിന്റെ ഭവിഷ്യത്തുകള് അറിയാതെ അല്ലെങ്കില് അവഗണിച്ച് ജോലി സംബന്ധമായ കാര്യങ്ങളില് പെരുമാറിയാല് എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് കേംബ്രിഡ്ജ് ജനറല് ഹോസ്പിറ്റലില് ജോലി ചെയ്ത മൂന്ന് മലയാളി നഴ്സുമാരുടെ അനുഭവം. ആത്മഹത്യാ ശ്രമത്തെ തുടര്ന്ന് കേംബ്രിഡ്ജ് ഹോസ്പിറ്റലില് പ്രവേശിപ്പിക്കപ്പെട്ട ഒരു മലയാളി യുവതി മരണവുമായി മല്ലിട്ട് ഹോസ്പിറ്റലില് കിടന്നപ്പോള് ഇവരെ സംബന്ധിച്ച വിവരങ്ങള് അറിയാനായി ഹോസ്പിറ്റല് റിക്കാര്ഡുകള് അനാവശ്യമായി പരിശോധിച്ചതിന് മൂന്ന് മലയാളി നഴ്സുമാര് ഇപ്പോള് അച്ചടക്ക നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്.
ജോലി സംബന്ധമായ ഇത്തരം വിവരങ്ങള് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് പോലും തെറ്റാണ് എന്നിരിക്കെ ഇവര് ഈ രോഗിയെ സംബന്ധിച്ച വിവരങ്ങള് അനാവശ്യമായി പരിശോധിക്കുകയും രോഗിയുമായി ബന്ധമില്ലാത്ത ആളുകള്ക്ക് വിവരം കൈമാറുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണം ആണ് ഇവര് നേരിട്ട് കൊണ്ടിരിക്കുന്നത്. ഈ കേസില് അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്യപ്പെട്ടത് മൂന്ന് മലയാളി നാഴ്സുമാരാണ്. അവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങള് പുറത്ത് വിടാതെ ഇത് സംബന്ധിച്ച് ഞങ്ങള് വാര്ത്ത നല്കുന്നത് ഇത് മറ്റുള്ളവര്ക്ക് ഒരു മുന്നറിയിപ്പ് ആകട്ടെ എന്ന് കരുതിയാണ്.
നിയമങ്ങളെ അവഗണിച്ച് മുന്നോട്ട് പോയാല് ഇവിടെ ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല കടുത്ത ശിക്ഷാ നടപടികളും നേരിടേണ്ടി വരും എന്നത് ഉറപ്പായ കാര്യമാണ്. അത് കൊണ്ട് ജോലി സ്ഥലത്തെ സ്വകാര്യത പാലിക്കാന് കൂടുതല് ശ്രദ്ധിക്കാന് എല്ലാവരും തയ്യാറാകണമെന്ന പാഠം ആണ് ഈ സംഭവം ഓര്മ്മിപ്പിക്കുന്നത്
കെന്റക്കി: പതിനേഴു വയസുളള പെണ്കുട്ടി മുട്ടുകുത്തി നില്ക്കാന് സ്കൂളിലെ പ്രഥമാധ്യപകന് നിര്ദേശിച്ചതായി പരാതി. കെന്റക്കിയിലെ എഡ്മോന്സണ് കൗണ്ടി ഹൈസ്കൂളിലാണ് സംഭവം. അമാന്ഡ ഡര്ബിന് എന്ന പെണ്കുട്ടിയാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ചുവപ്പും കറുപ്പും നിറത്തിലുളള ഇറക്കം കുറഞ്ഞ പാവാടയാണ് അമാന്ഡ ധരിച്ചത്. പാവാട കാല്മുട്ടിന് അഞ്ച് ഇഞ്ച് മുകളില് വരെയേ എത്തുന്നുള്ളുവെന്നും ഇത് സ്കൂള് ചട്ടങ്ങള്ക്ക് വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു നടപടി.
ഡ്രസിന് ഇറക്കക്കുറവാണെന്ന കാരണം പറഞ്ഞ് പ്രധാനാദ്ധ്യാപകന് തന്നെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചതായി കുട്ടി പറയുന്നു. പിന്നീടാണ് നിലത്ത് മുട്ടുകുത്തി നില്ക്കാന് ആവശ്യപ്പെട്ടത്. ഡ്രസിന്റെ ഇറക്കം അളക്കണമെങ്കില് അങ്ങനെ നിന്നാലേ സാധിക്കൂ എന്നും അധ്യാപകന് കുട്ടിയോട് പറഞ്ഞു. തനിക്ക് പ്രിന്സിപ്പാളിന്റെ മുന്നില് അങ്ങനെ നില്ക്കാന് ബുദ്ധിമുട്ടുണ്ടെന്ന് കുട്ടി വ്യക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് കുട്ടിയുടെ രക്ഷിതാക്കള് ഹാജരാകാന് അദ്ദേഹം നിര്ദേശിച്ചു.
അവരെത്താന് രണ്ട് മണിക്കൂറെടുത്തു. ഈ സമയമത്രയും ക്ലാസില് പോകാന് അനുവദിച്ചില്ല. മുട്ടിന് താഴെയിറങ്ങിക്കിടക്കുന്ന വസ്ത്രങ്ങള് തനിക്ക് അസൗകര്യമായത് കൊണ്ടാണ് ഇങ്ങനെയുളളവ ധരിക്കുന്നതെന്ന് കുട്ടി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില് കുട്ടിയുടെ വസ്ത്രത്തിന് സ്കൂള് നിയമം നിഷ്കര്ഷിക്കുന്ന ഇറക്കം ഉളളതായി കണ്ടെത്തി. പിന്നീട് മുറിയില് അങ്ങോട്ടും ഇങ്ങോട്ടും കൈവീശി നടക്കാന് അധികൃതര് ആവശ്യപ്പെട്ടു. ആ സമയം വീണ്ടും ഇറക്കം പരിശോധിച്ചപ്പോള് അത് സ്കൂളിന് അനുവദനീയമായ അളവുണ്ടായിരുന്നില്ല. അധികൃതര് അമാന്ഡയോട് വീട്ടില് പോകാന് നിര്ദേശിക്കുകയും ചെയ്തു.
എല്ലാവര്ക്കും സ്കൂളിലെ വസ്ത്രധാരണ നിയമങ്ങളെക്കുറിച്ച് അറിവുളളതാണെന്ന് പ്രിന്സിപ്പല് പറയുന്നു. പെണ്കുട്ടികള് ധരിക്കുന്ന വസ്ത്രം മുട്ടില് നിന്ന് അഞ്ച് ഇഞ്ചില് കൂടുതല് മുകളില് നിന്നാല് അത് അനുവദിക്കാനാകില്ല. സ്കൂള് വര്ഷം ആരംഭിച്ചപ്പോള് തന്നെ രക്ഷിതാക്കള് ഇത് സംബന്ധിച്ച ധാരണയില് ഒപ്പിട്ടിരുന്നതായും അധികൃതര് പറയുന്നു. തന്റെ ഈ വസ്ത്ര ധാരണം ഒരു പ്രതിഷേധമാണെന്നാണ് പെണ്കുട്ടിയുടെ വാദം. സ്കൂളിലേത് മോശം വസ്ത്ര നിയമമാണെന്നും അവള് പറയുന്നു.
തന്റെ അഭിപ്രായത്തോട് സഹപാഠികള്ക്കും എതിര്പ്പുണ്ട്. എന്നാല് തന്റെ പ്രതിഷേധം തനിക്ക് അഭിമാനം പകരുന്നുവെന്ന് അവള് വ്യക്തമാക്കി. പെണ്കുട്ടികള് ചില വസ്തുക്കളെപ്പോലെയല്ലെന്ന് തിരിച്ചറിയാന് തന്റെ കൂട്ടുകാരികള്ക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അമാന്ഡ കൂട്ടിച്ചേര്ത്തു.
ലണ്ടന്: ആരോഗ്യമേഖലയിലെ ഉപകരണങ്ങള് വിതരണം ചെയ്യുന്ന അമേരിക്കന് കമ്പനികളില് ഒന്ന് ബ്രിട്ടനില് നിന്ന് വന്തോതില് നികുതി വെട്ടിച്ചെന്ന് ആരോപണം. ജിഇ ഹെല്ത്ത് കെയര് എന്ന സ്ഥാപനമാണ് ഈ തീവെട്ടിക്കൊളള നടത്തുന്നതെന്നാണ് ആരോപണം. ബ്രിട്ടിഷ് ആശുപത്രികളിലും ക്ലിനിക്കുകളിലും ഇവര് ലക്ഷക്കണക്കിന് പൗണ്ടുകളുടെ ഇടപാടുകളാണ് വര്ഷം തോറും നടത്തുന്നത്. എന്നാല് കോര്പ്പറേറ്റ് നികുതിയിനത്തില് ഒരു പെനി പോലും ഇവര് അടയ്ക്കുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഇവര് ഈ പകല് കൊളള തുടരുന്നു.
2003 മുതല് ബേക്കിംഗ്ഹാം ഷെയര് ആസ്ഥാനമാക്കി ഒരു അമേരിക്കക്കാരമാണ് ജിഇ ഹെല്ത്ത് കെയര് നടത്തുന്നത്. അര്ബുദ, ഹൃദ്രോഗ ചികിത്സകള്ക്കാവശ്യമായ ഉപകരണങ്ങള് നിര്മിക്കുന്ന ബ്രിട്ടീഷ് ബഹുരാഷ്ട്ര മെഡിക്കല് സ്ഥാപനമായ നൈകോമ്ഡ് ആമെര് ഷാമിനെ ജിഇ ഹെല്ത്ത് കെയര് ഏറ്റെടുത്തിരുന്നു. നൈകോമ്ഡ് ആമെര്ഷാം വര്ഷം തോറും എട്ട് മില്യന് പൗണ്ട് കോര്പ്പറേഷന് നികുതിയിനത്തില് സര്ക്കാരിലേക്ക് അടയ്ക്കാറുണ്ടായിരുന്നു. ഇതിന് പുറമെ വിദേശ രാജ്യങ്ങളില് നിന്നുളള വരുമാനത്തിന്റെ നികുതിയായി അമ്പത് മില്യന് മുതല് 90 മില്യന് വരെ കമ്പനി നികുതി അടച്ചിരുന്നു. എന്നാല് കമ്പനിയെ ജിഇ 2003ല് ഏറ്റെടുത്ത ശേഷം ഇതുവരെയായി അടച്ചിട്ടുളളത് വെറും പതിനാറ് ലക്ഷം പൗണ്ട് മാത്രമാണ്.
നികുതി വെട്ടിപ്പിന് അമേരിക്കയില് കുപ്രസിദ്ധി നേടിയ കമ്പനിയാണ് ജിഇ. പുതിയ നികുതി വെട്ടിപ്പ് വാര്ത്ത പുറത്ത് വന്നതോടെ എന്എച്ച്എസിന്റെ കരാറുകള് കമ്പനി എങ്ങനെ നേടിയെടുത്തു എന്ന അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എന്എച്ച്എസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള് നികുതിയിനത്തില് അവര്ക്ക് ലഭിക്കാനുളള ഓരോ പെനിയും കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് കടമയാണെണ് യൂണൈറ്റ് എന്ന യൂണിയന്റെ അസിസ്റ്റന്റ് ജനറല് സെക്രട്ടറി ഗെയില് കാര്ട്ട്മെയ്ല് പ്രതികരിച്ചു. രാജ്യത്തിന്റെ ആരോഗ്യത്തിന് നമ്മള് നല്കുന്ന നികുതി അത്യന്താപേക്ഷിതമാണ്. നമ്മുടെ രാജ്യത്ത് നിന്ന് വന്തോതില് ലാഭമുണ്ടാക്കുന്ന കമ്പനികള് നികുതി വെട്ടിപ്പ് നടത്തുന്നത് ഒരിക്കലും അന്തസുളള പ്രവൃത്തിയല്ല.
കമ്പനിയ്ക്കെതിരെ എന്എച്ച്എസും പ്രതിഷേധം ഉയര്ത്തിക്കഴിഞ്ഞു. എന്നാല് പ്രവര്ത്തിക്കുന്ന എല്ലാ രാജ്യത്തെയും നികുതി വ്യവസ്ഥകള് കര്ശനമായി പാലിക്കുന്നവരാണ് തങ്ങളെന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഗവേഷണത്തിനും മറ്റുമായി ബ്രിട്ടനില് അഞ്ഞൂറ് മില്യന് പൗണ്ട് തങ്ങള് ചെലവാക്കിയെന്നാണ് ജിഇയുടെ വാദം. ജീവശാസ്ത്ര പ്രവര്ത്തനങ്ങള്ക്കായി വന്തുക ചെലവഴിച്ച് ഒരു നൂതന വില്ലേജും തങ്ങള് കാര്ഡിഫില് ആവിഷ്ക്കരിച്ചതായി ജിഇ പറയുന്നു. അമേര്ഷാമില് നിന്ന് അമേരിക്കയിലേക്ക് കമ്പനി തങ്ങളുടെ ആസ്ഥാനം മാറ്റാന് പോകുന്നതായുളള വാര്ത്തകള് പുറത്ത് വന്നതോടെയാണ് കമ്പനിയുടെ നികുതി ചരിത്രം പരിശോധിച്ചത്. കമ്പനിയുടെ ആസ്ഥാനം മാറ്റുന്നതോടെ വന് തോതില് തൊഴില് നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് പ്രാദേശികമായി ചില വിഷമങ്ങള് സൃഷ്ടിച്ചേക്കും.
കഴിഞ്ഞ കൊല്ലം മാത്രം കമ്പനിക്ക് എന്എച്ച്എസിന്റെ 30 മില്യന് പൗണ്ടിന്റെ കരാര് ലഭിച്ചിരുന്നു. എക്സേറേകള്ക്കും ക്ലൗഡ് കമ്പ്യൂട്ടിംഗിനുമായാണ് ഇത് ചെലവഴിക്കപ്പെട്ടത്.
മാഞ്ചസ്റ്റര്: നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള് നിങ്ങള് മൊബൈലില് എടുത്ത് സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ഫോണിലെ ചിത്രങ്ങളെല്ലാം ഒരു അപരിചിതന്റെ കൈവശം ഉണ്ടെന്നറിഞ്ഞാല് നിങ്ങള് എന്ത് ചെയ്യും? ഇത്തരമൊരു ഭീകരാനുഭവം ആണ് മാഞ്ചസ്റ്ററില് നിന്ന് ഒരു അമ്മയ്ക്കുണ്ടായിരിക്കുന്നത്. എട്ട് വയസ്സുള്ള തന്റെ മകള് കുളിമുറിയില് നഗനയായി നില്ക്കുന്ന ഫോട്ടോ ഉള്പ്പെടെ ഒരപരിചിതന്റെ ഫോണില് ആയിപ്പോയ ഭീതിദമായ അനുഭവമാണ് മാഞ്ചസ്റ്ററില് നിന്നുള്ള പമീല ജാക്സന് സംഭവിച്ചത്.
ചാരിറ്റി അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന മിസ്. ജാക്സന്റെ ഫോണില് ഉണ്ടായിരുന്ന ആയിരത്തോളം ചിത്രങ്ങള് ആണ് ഇവര്ക്ക് യാതൊരു പരിചയവും ഇല്ലാത്ത ആന്ഡേര്സന് എന്നയാളുടെ ഫോണില് എത്തിയത്. തീര്ത്തും അപരിചിതനായ ആന്ഡേര്സന് മിസ് ജാക്സനെ കണ്ടെത്തി മക്കള് ഐമോഗന്റെയും ഫ്ലോറന്സിന്റെയും നഗ്ന ചിത്രങ്ങള് ഉള്പ്പെടെ ആയിരത്തോളം ചിത്രങ്ങള് തന്റെ ഫോണില് ഉണ്ടെന്ന് പറഞ്ഞപ്പോള് താന് ഞെട്ടിപ്പോവുകയായിരുന്നു എന്ന് ജാക്സന് പറയുന്നു.
ജാക്സന് തന്റെ അമ്മ ആന് സിംസിന് കുട്ടികളുടെ ഉള്പ്പെടെയുള്ള ചിത്രങ്ങള് അയച്ച് കൊടുത്തിരുന്നു. ഇത് ആന് സിംസിന്റെ ഫോണില് ഉണ്ടായിരുന്നു. ഒരിക്കല് ഫോണ് കേടായതിനെ തുടര്ന്ന് മാഞ്ചസ്റ്റര് ഫോര്ട്ടിലെ ചീതംഹില്ലിലെ ഇഇ മൊബൈല് ഷോപ്പില് ഇവര് ഫോണ് റിപ്പയര് ചെയ്യാന് കൊടുത്തിരുന്നു. ഇവിടെ തന്നെ ആയിരുന്നു ആന്ഡേര്സന് തന്റെ ഫോണും റിപ്പയര് ചെയ്യാന് കൊടുത്തത്.
ഫോണ് തിരികെ കിട്ടിയ ആന്ഡേര്സന് തന്റെ ഫോണിലെ എല്ലാ ഡേറ്റകളും നഷ്ടപ്പെട്ടിരുന്നു. എന്നാല് വിശദമായി പരിശോധിച്ചപ്പോള് ആണ് ഇമേജ് ഫോള്ഡറില് ആയിരത്തോളം ഫോട്ടോകള് ഉള്ളതായി കണ്ടത്. ഈ ഫോട്ടോകളിലൊന്നില് മിസ്. ജാക്സന്റെ അഡ്രസ്സ് ഉള്പ്പെടെയുള്ള ഒരു ഇന്വിറ്റേഷന് കാര്ഡും ഉള്പ്പെട്ടിരുന്നതിനാലാണ് ആന്ഡേര്സന് ഇവരെ കണ്ടു പിടിച്ചത്.
മാന്യനും സത്യസന്ധനും ആയ ഒരാളുടെ കൈവശം ആയിരുന്നു ഫോട്ടോകള് ലഭിച്ചത് എന്നതിനാല് ഇവ ദുരുപയോഗം ചെയ്യപ്പെട്ടില്ല. മറിച്ചായിരുന്നെങ്കില് എന്ത് തന്നെ സംഭവിക്കില്ല എന്നാണ് മിസ് ജാക്സന് ചോദിക്കുന്നത്. എന്നാല് എങ്ങനെ ഇത് സംഭവിച്ചു എന്നതിന് ഉത്തരം നല്കാന് മൊബൈല് ഷോപ്പുകാര്ക്കും ആകുന്നില്ല. എന്തായാലും ഇഇയുടെ മൊബൈല് ഷോപ്പിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് ഇവര്. പരാതി ഗൌരവമുള്ളത് ആണെന്നും തങ്ങള് ഇക്കാര്യത്തില് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും ഇഇ വക്താവ് അറിയിച്ചു.
ബംഗലൂരു: കുസുമറാണിയും സുഖ്ബീര് സിംഗും ഫെസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ട് വെറും പത്തൊന്പത് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പക്ഷെ ഈ പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവിതം തന്നെയാണ്. ബാംഗ്ലൂര് ഐബിഎമ്മിലെ ജീവനക്കാരിയായ കുസുമറാണിയെ ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട സുഖ്ബീര് സിംഗ് കഴുത്തില് കുരുക്കിട്ടും പേന കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഹൂവിലെ എന്ജിനീയര് ആയ സുഖ്ബീര് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബര് 31നാണ് സുഖ്ബീര് സിംഗും കുസുമറാണിയും ഫെസ്ബുക്കിലൂടെ പരിചയത്തില് ആകുന്നത്. ചാറ്റിംഗിലൂടെ ഇരുവരും അടുപ്പത്തിലാവുകയും ഫോണ് നമ്പര് കൈമാറുകയും ചെയ്തു. തുടര്ന്ന് ഫോണിലൂടെ നിരന്തരം ബന്ധം പുലര്ത്തുകയും ചെയ്തു. ഒടുവില് കഴിഞ്ഞ പത്തൊന്പതിന് ബാംഗ്ലൂരില് എത്തിയ സുഖ്ബീര് കുസുമറാണിയോട് 50000 രൂപ ആവശ്യപ്പെട്ടു. മുന്പൊരിക്കല് ക്രെഡിറ്റ് കാര്ഡ് തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുള്ളതിനാല് കുസുമം ഇതിന് തയ്യാറായില്ല.
തുടര്ന്ന് വിമാന ടിക്കറ്റിന്റെ പണമെങ്കിലും നല്കാന് ഇയാള് ആവശ്യപ്പെയുകയായിരുന്നു. ഇതിനും കുസുമം തയ്യാറാവാതെ വന്നതോടെ സുഖ്ബീര് കുസുമത്തെ ആക്രമിക്കുകയായിരുന്നു. കുസുമത്തെ കൊലപ്പെടുത്തിയ സുഖ്ബീര് ക്രെഡിറ്റ് കാര്ഡും മൊബൈല് ഫോണും ഉള്പ്പെടെ കൈപ്പെടുത്തിയ ശേഷം കടന്നു കളയുകയും ചെയ്തു.
ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് ഇയാള് ബാംഗ്ലൂരില് നിന്ന് 10000 രൂപയും പിന്നീട് ഡല്ഹിയില് നിന്ന് 30000 രൂപയും പിന്വലിക്കുകയും ചെയ്തു. സുഖ്ബിയര് കൈവശപ്പെടുത്തിയ മൊബൈല് ഫോണിന്റെ ലൊക്കേഷന് പിന്തുടര്ന്ന പോലീസ് ഡല്ഹിയിലെ ഗുഡ്ഗാവില് വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്ഹിയിലെ ഐബിഎമ്മില് ജോലി ചെയ്തിരുന്ന കുസുമറാണി ആറു മാസങ്ങള്ക്ക് മുന്പാണ് ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റം കിട്ടി വന്നത്.
രാഷ്ട്രീയപാര്ട്ടീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജാഥകള് കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന് മോഹന്ലാല്. ‘നേരുന്നു ശുഭയാത്രകള്’ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്ലാല് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.രാഷ്ട്രീയനേതാക്കളും മതനേതാക്കളും അമ്പലത്തിന്റേയും പള്ളിയുടേയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്നും നിങ്ങളുടെ യാത്രകളും ഉത്സവങ്ങളഉം നേര്ച്ചകളും കാരണം സാധാരണ ജനങ്ങളുടെ വഴി തടയപ്പെടരുതെന്നും മോഹന് ലാല് പറയുന്നു. റോഡിലെ ബ്ലോക്കില്പ്പെട്ട് പോയ സുഹൃത്തിന്റെ അനുഭവം വിവരിച്ച് കൊണ്ടാണ് മോഹന്ലാല് തന്റെ ബ്ലോഗ് ആരംഭിക്കുന്നത്. വരും മാസങ്ങളില് രാഷ്ട്രീയപരമായും മതപരമായും നിരവധി പരിപാടികള് നടക്കാന് പോകുന്നുണ്ട്.
എല്ലാ രാഷ്ട്രീയ പാര്ട്ടികളുടെയും ജാഥകള് കാസര്കോഡു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉത്സവങ്ങള്, നേര്ച്ചകള്, പള്ളിപ്പെരുന്നാളുകള് എല്ലാം ഈ മാസങ്ങളിലാണ് അവയെല്ലാം നല്ലതിന് തന്നെ എന്നാല് ഈ ആഘോഷങ്ങള്ക്കിടയില് സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്ന് മോഹന്ലാല് പറയുന്നു.
എന്റെ യാത്രയെ തടയാന് നിങ്ങള്ക്ക് എന്തവകാശം ?നിങ്ങളുടെ വിജയാഹ്ലാദങ്ങള്ക്കും മതാഘോഷങ്ങള്ക്കും വേണ്ടി ഞാന് എന്തിനാണ് സഹിക്കുന്നത് ? നിങ്ങളാല് തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്നങ്ങളെ കുറിച്ച് നിങ്ങള്ക്കെന്തറിയാം തുടങ്ങിയ ചോദ്യങ്ങളായിരിക്കും റോഡിലിറങ്ങുന്ന മതങ്ങളോടം രാഷ്ട്രീയത്തോടും സാധാരണക്കാരനായ മനുഷ്യന് ചോദിക്കുന്നത്.
ആഘോഷങ്ങള്ക്കു വേണ്ടി പൊതുറോഡുകള് മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാന് ബാധ്യസ്ഥരാണെന്നും മോഹന് ലാല് പറയുന്നു.
രാഷ്ട്രീയജാഥകളും മതാഘോഷങ്ങളും എല്ലാം നമുക്ക് വേണം. പക്ഷേ മറ്റുള്ളവരുടെ പ്രശ്നങ്ങള് അറിയുക എന്ന നന്മയോടെയും മറ്റുള്ളവരെ മാനിക്കുക എന്ന സംസ്ക്കാരത്തോടും മാത്രമാവണം അത്. അതറിഞ്ഞില്ലെങ്കില് പിന്നെ എന്ത് രാഷ്ട്രീയം?എന്ത് മതം? എന്നും ലാല് തന്റെ കുറിപ്പില് ചോദിക്കുന്നു.
വാഷിംഗ്ടണ്: അമേരിക്കയുടെ കിഴക്കന് തീരത്ത് ഇന്ന് കനത്ത ഹിമവാതത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 ഇഞ്ച് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് നിഗമനം. കാറ്റും പ്രദേശത്തെ സംസ്ഥാനങ്ങളെ നിശ്ചലമാക്കുമെന്നാണ് റിപ്പോര്ട്ട്. വാഷിംഗ്ടണ് ഡിസി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെന്നസി, നോര്ത്ത് കരോലിന, വിര്ജീനിയ,മേരിലാന്റ്, പെന്സില്വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. രക്ഷാപ്രവര്ത്തനങ്ങളില് പങ്കെടുക്കാന് 300 സൈനികര് തയാറായി നില്പ്പുണ്ടെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.
ഹിമക്കാറ്റിനു പുറമേ അപകടകരമായ വെളളപ്പൊക്കത്തിനും കനത്ത മഞ്ഞ് വീഴ്ചയ്ക്കുമുളള എല്ലാ സാധ്യതകളും ഒന്നിച്ച് വന്നിരിക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ സര്വീസിന്റെ ഡയറക്ടര് അറിയിച്ചു. 50 മില്യന് ജനങ്ങളെ ബാധിക്കുന്ന തരത്തിലുളള കൊടുങ്കാറ്റിന് സാധ്യതയുണ്ട്. വാഷിംഗ്ടണ് ആയിരിക്കും ഇതിന്റെ മുഖ്യ ഇര. ന്യൂയോര്ക്കില് നേരിയ തോതില് കാലാവസ്ഥ വ്യതിയാനം ബാധിക്കും. സാന്ഡി ചുഴലിക്കാറ്റിനെപ്പോലെ വിപത്തുണ്ടാക്കില്ലെങ്കിലും എല്ലാവരും കരുതിയിരിക്കണമെന്ന മുന്നറിയിപ്പുണ്ട്. ഡെലാവര് മുതല് ന്യൂയോര്ക്ക് വരെ ഉള്നാടന് വെളളപ്പൊക്കത്തിന് ഇത് കാരണമായേക്കാം.
വാഷിംഗ്ടണിലും ബാള്ട്ടിമോറിലും മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം കാലാവസ്ഥ വളരെ മോശമാകുമെന്നാണ് റിപ്പോര്ട്ട്. 2010ല് വാഷിംഗ്ടണില് ഉണ്ടായതിന് സമാനമായ കാലാവസ്ഥയാകും ഇനിയുണ്ടാകുന്നതെന്നും മുന്നറിയിപ്പുണ്ട്. ജീവനക്കാരുടെയും യാത്രാക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി ഇന്ന് വൈകുന്നേരം മുതല് ഞായറാഴ്ച വരെയുളള സര്വീസുകള് പൂര്ണമായും നിര്ത്തി വച്ചതായി ദി വാഷിംഗ്ടണ് മെട്രോപൊളിറ്റന് ഏരിയ ട്രാന്സിറ്റ് അതോറിറ്റി അറിയിച്ചു. ഇന്ന് മുതല് ആരും പുറത്തിറങ്ങരുതെന്ന് ന്യൂയോര്ക്ക് മേയര് ബില് ദെ ബ്ലാസിയോയും വാഷിംഗ്ടണ് മേയര് മ്യൂറിയല് ബ്രൗസറും അറിയിച്ചിട്ടുണ്ട്.