ലണ്ടന്‍: ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പുതുക്കിയ ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാപനമാണ് ഇത്. ഇംഗ്ലീഷിലും കണക്കിലുമാണ് പുതിയ ഗ്രേഡിംഗ് ഈ വര്‍ഷം നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ വിജയശതമാനം ഇക്കുറി പ്രതീക്ഷിക്കരുതെന്ന് ഹെഡ്ടീച്ചര്‍മാര്‍ പറയുന്നു. 30 വര്‍ഷം മുമ്പ് ഒ ലെവല്‍ എടുത്തു കളഞ്ഞുകൊണ്ട് ജിസിഎസ്ഇ നിലവില്‍ വന്നതിനു ശേഷം പരീക്ഷാ രീതികളില്‍ വരുത്തുന്ന കാതലായ മാറ്റമാണ് ഇത്.
9 മുതല്‍ 1 വരെയുള്ള ഗ്രേഡുകളാണ് ഈ സമ്പ്രദായത്തില്‍ നല്‍കുന്നത്. 2020ഓടെ മറ്റു വിഷയങ്ങളിലും ഈ രീതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ് ആണ് ഈ സമ്പ്രദായം മുന്നോട്ടു വെച്ചത്. ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയാണ് ഇത്. ഫൈനല്‍ ഗ്രേഡുകളില്‍ കോഴ്സ് വര്‍ക്കിന് ഈ സമ്പ്രദായം കാര്യമായ പ്രാധാന്യം നല്‍കുന്നില്ല.
എന്നാല്‍ ഈ രീതിക്കെതിരെ കാര്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കിയിരുന്ന ഗ്രേഡിംഗ് രീതിയില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചിരുന്നില്ല. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പറഞ്ഞ് മനസിലാക്കാന്‍ സ്കൂള്‍ ലീഡര്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 9 അംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആധാര്‍ പദ്ധതിയെ വരെ സ്വാധീനിക്കുന്ന വിധിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ വന്ന ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ടു. ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതല്ലേ എന്ന ചോദ്യമുന്നയിച്ചാണ് ഇത് 9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ലും 1962ലും ഉണ്ടായ സുപ്രീം കോടതി വിധികളാണ് അസാധുവായത്.
ഭരണഘടനയില്‍ വ്യക്തമായി സൂചനയില്ലാത്തതിനാല്‍ സ്വകാര്യതയില്‍ നിയന്ത്രണങ്ങളാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മറ്റു മൗലികാവകാശങ്ങളെപ്പോലെ സമ്പൂര്‍ണ്ണ അവകാശമല്ലെങ്കിലും സ്വകാര്യത മൗലികാവകാശം അല്ലാതാകുന്നില്ലെന്നായിരുന്നു കേരളം കോടതിയില്‍ സ്വീകരിച്ച നിലപാട്.
ലണ്ടന്‍: ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ കസ്റ്റഡിയിലാകുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവയില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ യുകെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ 3699 യൂറോപ്യന്‍ പൗരന്മാരെ എത്തിച്ചുവെന്നാണ് ഹോംഓഫീസിന്റെ കണക്ക്. 2015നെ അപേക്ഷിച്ച് 1000 പേരെ അധികമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വ്യക്തമാകുന്നത്.
ഈ വര്‍ഷം ഈ സംഖ്യ ഉയരാനാണ് സാധ്യത. വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകളേക്കാള്‍ 19 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2010ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തേക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡണ്‍ ലൂയിസ് ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്.
യുകെ പൗരന്മാരല്ലാത്ത എല്ലാവരും ബന്ദികളാക്കപ്പെട്ടുവെന്ന തോന്നലുളവാക്കാനാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്സ് വക്താവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെക്കുറിച്ച് മോശം പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലുണ്ടാക്കാന്‍ മാത്രമേ ഇത്തരം നയങ്ങള്‍ ഉപകരിക്കൂ എന്നും ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ഇത് തിരിച്ചടിയുണ്ടാകുമെന്നും ഡേവി വ്യക്തമാക്കി.
ലണ്ടന്‍: ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ജിസിഎസ്ഇ പരീക്ഷാരീതിയിലെ പരിഷ്കാരം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസോസിയേഷന് ഓഫ് സ്കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി എട്ട് മണിക്കൂര്‍ അധികം ഇരിക്കേണ്ടതായി വരുന്നുണ്ടെന്ന് സ്കൂള്‍ ലീഡര്‍മാര്‍ വിലയിരുത്തുന്നു. പുതിയ രീതിയില്‍ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവരും.
പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്കരണം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്കൂള്‍ ലീഡര്‍മാര്‍ അറിയിക്കുന്നത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് എഎസ്സിഎല്‍ ജനറല്‍ സെക്രട്ടറി ജെഫ് ബാര്ട്ടന് പറഞ്ഞു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്നങ്ങള്‍ ഒന്നുകൂടി കൂട്ടാനേ ഈ പരിഷ്കരണം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേപ്പറുകള്‍ എഴുതാനുള്ള പുതിയ ജിസിഎസ്ഇ കുട്ടികളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും ബാര്ട്ടന് വ്യക്തമാക്കി.
ഇപ്പോള്‍ കണക്ക് ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മാത്രമാണ് പുതിയ ഗ്രേഡിംഗ് നടപ്പാക്കിയിരിക്കുന്നതെങ്കിലും 2020ഓടെ ഇത് എല്ലാ വിഷയങ്ങളിലും ബാധകമാക്കും. വാര്‍ഷിക പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ബ്രിട്ടീഷ് സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്കരണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.
ലണ്ടന്‍: വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് യുകെയിലെ യിലുകളില്‍ കഴിയുന്നവര്‍ക്ക് വിചിത്രമായ ശിക്ഷ നല്കി ജയില്‍ അധികൃതര്‍. ഇവരുടെ മക്കളെ കാണുന്നതിനുള്ള അവസരങ്ങള്‍ കുറച്ചുകൊണ്ടാണ് ഈ ക്രൂരമായ ശിക്ഷ നടപ്പാക്കുന്നത്. മാസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രമാണ് ജയില്‍പ്പുള്ളികള്‍ക്ക് തങ്ങളുടെ മക്കളെ കാണാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് മാനസികാഘാതമുണ്ടാക്കുമെന്നും ജയില്‍ അന്തേവാസികളില്‍ തിരിച്ചടിക്കാനുള്ള തോന്നലിന് കാരണമാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
2013ല്‍ അവതരിപ്പിച്ച പദ്ധതിയനുസരിച്ച് സന്ദര്‍ശകാനുമതിയുള്ള ജയില്‍പ്പുള്ളികള്‍ക്കു പോലും തങ്ങളുടെ കുട്ടികളെ കാണുന്നതിന് മാസം രണ്ട് മണിക്കൂര്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇവരുടെ പെരുമാറ്റം തൃപ്തികരമാണെന്ന് വിലയിരുത്തിയാല്‍ സന്ദര്‍ശന സമയം നാല് മണിക്കൂറായി ഉയര്‍ത്തും. പെരുമാറ്റത്തിലെ മാറ്റം, വിദ്യാഭ്യാസം നേടാനുള്ള താല്പര്യം, മറ്റ് തടവുകാരെയും ജയില്‍ ജീവനക്കാരെയും സഹായിക്കാനുള്ള താല്പര്യം മുതലായ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇവരുടെ സ്റ്റാറ്റസ് മാറ്റുന്നത്.
എന്നാല്‍ ഈ രീതിയനുസരിച്ച് അനേകം ജയില്‍പ്പുള്ളികള്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നതെന്നാണ് സന്നദ്ധസംഘടനകള്‍ വിലയിരുത്തുന്നത്. സന്ദര്‍ശകരെ അനുവദിക്കാനുള്ള അടിസ്ഥാന യോഗ്യതയുള്ള തടവുകാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായപ്പോള്‍ അതില്‍ നിന്ന് സ്റ്റാറ്റസ് മെച്ചപ്പെടുത്തിയവരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ദ്ധന മാത്രമാണ് രേഖപ്പെടുത്തിയത്. പുരുഷന്മാരായ തടവുകാരുടെ കാര്യത്തില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങള്‍ ഉള്ളത്.
കാലിഫോര്‍ണിയ: ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്ക് വന്‍ തിരിച്ചടി സമ്മാനിച്ചുകൊണ്ട് വീണ്ടും കോടതി വിധി. അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച ഈവ എച്ചവേറിയ എന്ന 62കാരിക്ക് 417 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചു. ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡര്‍ സ്വകാര്യ താന്‍ 50 വര്‍ഷത്തിലേറെയായി സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരികയാണെന്നും അണ്ഡാശയ ക്യാന്‍ സറിന് ഇതാണ് കാരണമായതെന്നുമായിരുന്നു എച്ചവേറിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ഇവരുടെ പരാതിയില്‍ മാസങ്ങളോളം വാദം കേള്‍ക്കുകയും വിദഗ്ദ്ധ പരിശോധനകള്‍ നടത്തുകയും ചെയ്ത ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതിലൂടെ മറ്റൊരു സ്ത്രീക്ക് ക്യാന്‍സര്‍ ബാധിച്ചതിന്റെയും അതിന് വന്‍ തുക നഷ്ടപരിഹാരമായി ജോണ്സണ് ആന്‍ഡ് ജോണ്സണ് നല്‍കണമെന്നും മെയ് മാസത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 110 മില്യന്‍ ഡോളറാണ് 62കാരിയായ ക്യാന്‍സര്‍ രോഗിക്ക് നല്കാന് കോടതി വിധിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇവരും കോടതിയെ സമീപിച്ചത്.
ഈ സമയത്ത് ഇവര്‍ ക്യാന്‍സറിന് പത്തു വര്‍ഷത്തെ ചികിത്സ പൂര്‍ത്തിയാക്കിയിരുന്നു. ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുമായി നിലനില്‍ക്കുന്ന ടാല്‍ക്കം പൗഡര്‍ കേസുകളില്‍ കോടതി വിധിയ്ക്കുന്ന ഉയര്‍ന്ന തുകയാണിത്. 70 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരമായും, 347 മില്ല്യണ്‍ ഡോളര്‍ പിഴയായും നല്‍കണമെന്നാണ് വിധി.
ലണ്ടന്‍: ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ലോകനിലവാരത്തിലെത്തിക്കാനായി വിഭാവനം ചെയ്ത പുതിയ മൂല്യനിര്‍ണ്ണയ രീതി വിജയശതമാനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍. 3,60,000ലേറെ വിദ്യാര്‍ത്ഥികള്‍ ശരാശരിയിലും കുറഞ്ഞ ഗ്രേഡുകള്‍ മാത്രമേ നേടാന്‍ ഇടയുള്ളുവെന്നാണ് എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോക നിലവാരത്തില്‍ എത്തണമെങ്കില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിദ്യാഭ്യാസ സമ്പ്രദായം ഇനിയും ഏറെ വികസിക്കണമെന്നും തിങ്ക് ടാങ്ക് അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലയെ ലോക നിലവാരവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
ഹോങ്കോംഗ്, ഫിന്‍ലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇവയുമായി മത്സരിക്കണമെങ്കില്‍ ജിസിഎസ്ഇ ഇംഗ്ലീഷിലും കണക്കിലും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കേണ്ടി വരും. ഒരു എഡ്യുക്കേഷണല്‍ പവര്‍ഹൗസ് ആയി യുകെ മാറണമെങ്കില്‍ സി ഗ്രേഡ് എന്ന മുന്‍ അളവുകോല്‍ മതിയാവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. നാളെയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തു വരുന്നത്. പുതിയ ഗ്രേഡിംഗ് രീതിയനുസരിച്ച് ഇംഗ്ലീഷ്, കണക്ക് എന്നിവയുടെ ഫലത്തിലാണ് കൂടുതല്‍ പേരും ആശങ്ക പുലര്‍ത്തുന്നത്.
നിലവിലുണ്ടായിരുന്ന എ സ്റ്റാര്‍ മുതല്‍ ജി വരെ ഗ്രേഡുകള്‍ നല്കുന്ന സമ്പ്രദായത്തിനു പകരം 9 മുതല്‍ 1 വരെ ഗ്രേഡുകള്‍ നല്‍കുന്നതാണ് പുതിയ രീതി. ഇതില്‍ 5 നേടുന്നത് മികച്ച ഗ്രേഡായി കണക്കാക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രീതി ആവിഷ്കരിച്ചതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ഈ രീതി മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
ലണ്ടന്‍: ലണ്ടന്‍ നഗരത്തിന്റെ സ്പന്ദനമായ ബിഗ്ബെന്‍ ഇനി നാല് വര്‍ഷത്തേക്ക് ശബ്ദിക്കില്ല. അറ്റകുറ്റപ്പണികള്‍ക്കായാണ് ബിഗബെന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. എന്നാല്‍ ചില പ്രത്യേക അവസരങ്ങളില്‍ ബിഗ്ബെന്‍ തന്റ മണികള്‍ മുഴക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്ലോക്ക്ടവറില്‍ 1859 മുതലാണ് ബിഗ്ബെന്‍ എന്ന ഭീമന് ക്ലോക്ക് പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ എല്ലാ ദിവസവും ഓരോ മണിക്കൂറിലും ബിഗ്ബെന്‍ തന്റെ വിഖ്യാതമായ മണിശബ്ദം മുഴക്കിയിരുന്നു.
പാര്‍ലമെന്റ് അംഗങ്ങളും ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും ടൂറിസ്റ്റുകളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ബിഗ്ബെന്‍ അവസാനത്തെ മണി മുഴക്കിയത്. ഇനി 2021ല്‍ മാത്രമേ ഈ മണികള്‍ വീണ്ടും മുഴങ്ങുകയുള്ളു. അവസാന മണികള്‍ മുഴങ്ങിയതിനു ശേഷം വെസ്റ്റമിന്‍സ്റ്റര്‍ ആബിയിലെ മണികള്‍ മുഴക്കിയാണ് ബിഗ്ബെന്നിന് താല്‍ക്കാലിക വിട നല്‍കിയത്.
ക്ലോക്കിന് അത്യാവശ്യമായി നടത്തേണ്ടി വന്ന അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിന് വലിയ ശബ്ദത്തിലുള്ള മണികള്‍ തൊഴിലാളികള്‍ക്ക് തടസമാകാതിരിക്കാനാണ് ഇവ നിര്‍ത്തിവെച്ചതെന്നാണ് വിശദീകരണം. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് ഉള്‍പ്പെടെ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ ബിഗ്ബെന്‍ നാല് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലണ്ടന്‍: പഴയ വാഹനങ്ങള്‍ക്ക് സ്ക്രാപ്പേജ് സ്കീം പ്രഖ്യാപിച്ച് വാഹന നിര്‍മ്മാണ ഭീമനായ ഫോര്‍ഡ്. 2009 ഡിസംബറിനു മുമ്പ് റോഡിലിറങ്ങിയ ഏതു കമ്പനിയുടെയും കാറുകളോ വാനുകളോ പെട്രോള്‍, ഡീസല്‍ മോഡല്‍ ഭേദമില്ലാതെ മാറ്റിവാങ്ങാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ നല്കുമ്പോള് പരമാവധി 7000 പൗണ്ട് വരെ പുതിയ വാഹനങ്ങള്‍ക്ക് ഡിസ്കൗണ്ടും ലഭിക്കും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പദ്ധതി ഈ വര്‍ഷം അവസാനം വരെ ലഭിക്കും.
ഡീലര്‍മാരെയും വായ്പാപദ്ധതികളിലാണോ വാഹനം വാങ്ങാന്‍ ഉദ്ദേശുക്കുന്നത് എന്നിവയനുസരിച്ചായിരിക്കും ഡിസ്കൗണ്ട് തുക വ്യത്യാസപ്പെടുന്നത്. പഴയ വാഹനങ്ങള്‍ക്ക് പരമാവധി വില ലഭിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി അത്തരം വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഴയ ഡീസല്‍ കാറുകള്‍ നല്കുമ്പോള് പുതിയവയ്ക്ക് വിലയില്‍ ഇളവ് നല്കുന്ന പദ്ധതി അവതരിപ്പിച്ച ബിഎംഡബ്ലുവിനോടാണ് ഇക്കാര്യത്തില്‍ ഫോര്‍ഡ് മത്സരിക്കുന്നത്.
പഴയ ഡീസല്‍ കാറുകള്‍ക്ക് സ്ക്രാപ്പേജ് പദ്ധതിയുമായി ഫോക്സ് വാഗണും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ ഇവര്‍ അവതരിപ്പിച്ച് പദ്ധതിയില്‍ പരമാവധി 9000 പൗണ്ടിനു തുല്യമായ ഡിസ്കൗണ്ടാണ് നല്‍കുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തപം സ്ക്രാപ്പേജ് പദ്ധതി അവതരിപ്പിച്ചതെന്ന് ഫോര്‍ഡ് അറിയിച്ചു.
അബുദാബി: ബാര്‍ബി ഡോളിനുള്ളിലും മീറ്റ് ഗ്രൈന്‍ഡറിനുള്ളിലും സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തി വിമാനം തകര്‍ക്കാനുള്ള പദ്ധതി പരാജയപ്പെടുത്തി. ഓസ്ട്രേലിയയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര് പിടിയിലായിട്ടുണ്ട്. ലെബനീസ്-ഓസ്ട്രേലിയന്‍ പശ്ചാത്തലമുള്ള നാല് സഹോദരന്മാരാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അമീര്‍ ഖയ്യാത്ത് എന്നയാള്‍ ലെബനനില്‍ പിടിയിലായപ്പോള്‍ ഖാലിദ്, മഹ്മൂദ് ഖയ്യാത്ത് എന്നിവര്‍ ഓസ്ട്രേലിയയിലും അറസ്റ്റിലായി.
ഇവരുടെ മറ്റൊരു സഹോദരനായ നാലാമന് താരിഖ് ഖയ്യാത്ത് ഐസിസ് തീവ്രവാദിയാണ്. ഇയാള്‍ ഇപ്പോള്‍ സിറിയയിലെ ഐസിസ് തലസ്ഥാനമായ റഖയിലാണ് താമസിക്കുന്നതെന്നാണ് വിവരം. 400 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ അമീര്‍ ബോംബുമായി കയറാനും ടേക്ക്ഓഫ് ചെയ്ത് 20 മിനിറ്റിനു ശേഷം വിമാനം തകര്‍ക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇയാളുടെ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗിന് അനുവദനീയമായ ഏഴ് കിലോയിലും കൂടുതല്‍ ഭാരം ഉണ്ടായിരുന്നതാണ് പദ്ധതി പൊളിയാന്‍ കാരണം. ജൂലൈ പകുതിയോടെയായിരുന്നു സംഭവം.
മുമ്പ് ഒട്ടേറെ തവണ ഓസ്ട്രേലിയയ്ക്കും ലെബനനുമിടയില്‍ യാത്ര ചെയ്തിട്ടുള്ള അമീര്‍ വിവാഹത്തിനെന്ന പേരിലാണ് ഇത്തവണ വരാനൊരുങ്ങിയത്. ഇയാളെ ലെബനനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഐസിസിനെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്ട്രേലിയയും യുഎഇയും പങ്കെടുക്കുന്നുണ്ട്. ഇതിനു പകരം വീട്ടാനായിരുന്നു സഹോദരന്മാരുടെ ശ്രമം.