ബിഷ്‌കെക്ക്: മഞ്ഞ് വീണുകിടന്ന നടപ്പാതയിലൂടെ നടക്കാനാകാതെ വീണു പോയ ആണ്‍കുഞ്ഞിനെ തൊഴിച്ച പിതാവ് അറസ്റ്റില്‍. രണ്ട് വയസോളം പ്രായം തോന്നിക്കുന്ന കുഞ്ഞ് നടക്കാനാകാതെ വീണപ്പോള്‍ പിതാവ് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കുകയും അതിനു കഴിയാതെ കുഞ്ഞ് വീണ്ടും കിടന്നപ്പോള്‍ പിതാവ് കുട്ടിയെ തൊഴിക്കുകയുമായിരുന്നു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലാണ് സംഭവമുണ്ടായത്.

സമീപത്തെ കെട്ടിടത്തില്‍ നിന്ന് ആരോ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞില്‍ വീണുകിടക്കുന്ന കുട്ടി എഴുന്നേല്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ആദ്യം മുട്ടില്‍ കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ വരുന്നതോടെ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയിലേക്ക് വീഴുന്നു.

എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന പിതാവ് ഇതോടെ കുട്ടിയെ തൊഴിക്കുകയും കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നടത്തുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുഞ്ഞിന്റെ ഇടുപ്പിലാണ് തൊഴിയേല്‍ക്കുന്നത്. ഈ സംഭവം നടക്കുന്നതിനു മുമ്പ് കുട്ടി പിതാവിനോട് വഴക്കിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 50കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.