ന്യൂഡല്ഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാള് ജയിലിലേക്ക് പോകാന് ഒരുങ്ങിക്കൊളളാന് ബിജെപി. ഡല്ഹി ക്രിക്കറ്റ് ബോഡിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാരിനെതിരെ കേജരിവാള് ആരോപണമുന്നയിച്ച സാഹചര്യത്തിലാണിത്. ധനമന്ത്രി അരുണ് ജെയ്റ്റ്ലി കേജരിവാളിനെതിരെ മാനനഷ്ടക്കേസ് ഫയല് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പരിഹാസം.കേജരിവാളിന്റെ സര്ക്കാര് തികഞ്ഞ പരാജയമാണെന്നും ബിജെപി ആരോപിച്ചു. ഒന്നിന് പിന്നാലെ ഒന്നായി ബോധമില്ലാത്ത പ്രവൃത്തികളാണ് കേജരിവാള് ചെയ്യുന്നത്. സ്വന്തം പരാജയം മറച്ച് വയ്ക്കാനായി മുഖ്യമന്ത്രി തങ്ങള്ക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുകയാണെന്നും ബിജെപി പറഞ്ഞു. കേജരിവാളും കൂട്ടാളികളും ജയിലില് പോകാന് തയാറായിക്കൊളളൂവെന്നാണ് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്മ പറഞ്ഞത്.
കോടതിയില് കാണാമെന്നാണ് ഇതിനോട് കേജരിവാള് പ്രതികരിച്ചത്. അരുണ് ജെയ്റ്റ്ലിക്കെതിരെ കേജരിവാളും അപകീര്ത്തിക്കേസ് നല്കിയിട്ടുണ്ട്. ഡല്ഹി ക്രിക്കറ്റ് അസോസിയേഷന് തലപ്പത്തിരുന്ന് പതിമൂന്ന് വര്ഷം അഴിമതി നടത്തിയെന്നാണ് ജെയ്റ്റ്ലിക്കെതിരെ കേജരിവാള് ആരോപിക്കുന്നത്.
ഇസ്ലമാബാദ്: പത്താന്കോട്ട് ആക്രമണത്തില് ഇന്ത്യയെ പരിഹസിച്ച് ജെയ്ഷെ മുഹമ്മദിന്റെ വീഡിയോ സന്ദേശം. അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയ എയര് ഇന്ത്യവിമാനം മോചിപ്പിക്കുന്നതിന് ഇന്ത്യ വിട്ടയച്ച മൗലാന മസൂദ് അസ്ഹറിന്റെ നേതൃതത്വത്തിലുള്ള തീവ്രവാദിസംഘടനയാണ് ജയ്ഷെ മുഹമ്മദ്. ആക്രമണത്തിനേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയില് അതിന്റെ ഉത്തരവാദിത്തവും അസ്ഹര് ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യയുടെ രഹസ്യാന്വേഷണ, പ്രതിരോധ ഏജന്സികളെയാണ് ജയ്ഷെ മുഹമ്മദ് പരിഹസിക്കുന്നത്.
ഇന്ത്യയുടെ സൈനിക നടപടി ഇത്രദിവസം നീണ്ടുപോയത് തങ്ങളുടെ ദൗത്യത്തിന്റെ വിജയമാണെന്ന് ജെയ്ഷെ മുഹമ്മദ് വീഡിയോയില് അവകാശപ്പെടുന്നു. ആദ്യം അവര് പറഞ്ഞു ആറു ഭീകരര് കൊല്ലപ്പെട്ടുവെന്ന്, പിന്നീട് അത് അഞ്ചായി അവസാനം നാലും. എന്നിട്ട് ഭീരുക്കളെപ്പോലെ കരയുകയും ചെയ്യുന്ന വലിയ രാജ്യം വിരലുകളുയര്ത്തി കുറ്റം ആരോപിക്കുകയും ചെയ്യുകയാണെന്നാണ് പതിമൂന്ന് മിനിറ്റുളള വീഡിയോയില് ജെയ്ഷെ മുഹമ്മദിന്റെ പരിഹാസം. www.alqalamionline.com എന്ന സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
പത്താന്കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന് പാകിസ്താന് ഇന്നലെ ഉത്തരവിട്ടിരുന്നു. അതേസമയം ഇന്ത്യ നല്കുന്ന തെളിവുകള് പാകിസ്താന് സ്വീകരിക്കരുതെന്നും, ഇന്ത്യയുടെ മുന്നില് മുട്ടുമടക്കുകയാണ് പാകിസ്താന് ചെയ്യുന്നതെന്നും സന്ദേശത്തില് ജയ്ഷെ മുഹമ്മദ് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തില് കൊല്ലപ്പെട്ട നിരഞ്ജന് കുമാറുള്പ്പെടെയുള്ള സൈനികരെയും വീഡിയോ സന്ദേശത്തില് തീവ്രവാദ സംഘടന പരിഹസിക്കുന്നുണ്ട്.
ലണ്ടന്: ബ്രിട്ടീഷ് നാഷണല് പാര്ട്ടിക്ക് ഇനി മുതല് ഔദ്യോഗിക പദവി ഉണ്ടാകില്ല. ഇലക്ടറല് കമ്മീഷന് ബിഎന്പിയെ തങ്ങളുടെ ഔദ്യോഗിക ലിസ്റ്റില് നിന്ന് നീക്കം ചെയ്തു. ഇന്നലെ പുറത്തിറങ്ങിയ പട്ടികയില് നിന്ന് പുറത്തായയോടെ വരുന്ന തെരഞ്ഞെടുപ്പുകളില് സ്ഥാനാര്ത്ഥികളെ നിര്ത്താന് ഇനി ബിഎന്പിക്ക് കഴിയില്ല. രജിസ്ട്രേഷന് രേഖകള് നല്കുന്നതില് പാര്ട്ടി വീഴ്ച വരുത്തിയത് മൂലമാണ് ബിഎന്പിയുടെ രജിസ്ട്രേഷന് റദ്ദാക്കിയത്. വര്ഷം തോറും ഫീസിനത്തില് പാര്ട്ടി 25 പൗണ്ട് നല്കേണ്ടതുണ്ട്. ഇതിലും ബിഎന്പി വീഴ്ച വരുത്തി. ഈ മാസം ഏഴിന് മുമ്പ് ഇതെല്ലാം സമര്പ്പിക്കേണ്ടതായിരുന്നു. ഈ ദിവസം വരെ പാര്ട്ടിയില് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാര്ട്ടിയുടെ അംഗീകാരം റദ്ദാക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ തങ്ങള് പുനര്രജിസ്ട്രേഷന് നടത്തുമന്ന് ബിഎന്പി സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് ചെറിയൊരു ക്ലറിക്കല് പിഴവാണെന്നും പാര്ട്ടി ചൂണ്ടിക്കാട്ടി. യുകിപിന്റെ ഉദയത്തോടെ പാര്ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പല സാമൂഹ്യ പ്രശ്നങ്ങളിലും പാര്ട്ടി വളരെ സജീവമായി ഇടപെടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ബിഎന്പി സജീവമാണ്. പുതുവത്സരാഘോഷത്തിനിടെ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടതിനെതിരെ വന് പ്രതിഷേധമാണിവര് ഓണ്ലൈനിലൂടെ ഉയര്ത്തുന്നത്. ഇനിമേലില് ഇത്തരം സംഭവങ്ങള് രാജ്യത്ത് ആവര്ത്തിക്കരുതെന്നും അവര് ആവശ്യപ്പെടുന്നു.
പാര്ട്ടി വെബ്സൈറ്റിലൂടെ സംഭാവനകള് സ്വീകരിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല് ഇവയ്ക്കൊന്നും വലിയ പ്രതികരണങ്ങള് ലഭിക്കുന്നില്ല. എന്നാല് 2014ല് നിക്ക് ഗ്രിഫിനെ പുറത്താക്കി പാര്ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ആഡം വാല്ക്കര് പറയുന്നത് പാര്ട്ടിയുടെ അത്ഭുതകരമായ കാലഘട്ടമാണിതെന്നാണ്. പൊതുജനങ്ങളില് നിന്ന് പാര്ട്ടിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ പിന്തുണയെ വോട്ടാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യം. ഇതിലൂടെ ഒരു യഥാര്ത്ഥ തെരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. എന്നാല് മെയില് നടന്ന പൊതുതെരഞ്ഞെടുപ്പില് പാര്ട്ടി തൂത്തെറിയപ്പെട്ടു എന്നതാണ് യാഥാര്ത്ഥ്യം. വെറും 1667 വോട്ടുകള് മാത്രമാണ് പാര്ട്ടിക്ക് നേടാനായത്. തൊട്ട് മുമ്പത്തെ വര്ഷം ഇത് അഞ്ച് ലക്ഷമായിരുന്നു.
ബിഎന്പി ദേശീയതയിലൂന്നിയാണ് പ്രവര്ത്തിക്കുന്നത്. കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഇവരുടേത്. വംശീയതയും ഫാസിസവും ഇസ്ലാമോഫോബിയയും സെമിറ്റിക് വിരുദ്ധതയും ഇവര് വച്ച് പുലര്ത്തുന്നു. ചെറിയൊരു ക്ലറിക്കല് പിശകിനെച്ചൊല്ലി മാധ്യമങ്ങള് വലിയ വാര്ത്തകള് പ്രചരിപ്പിക്കുന്നുവെന്നാണ് പാര്ട്ടിയുടെ ട്വീറ്റ്. പാര്ട്ടി മുങ്ങിമരിച്ചെന്ന പോലെയാണ് പ്രചാരണമെന്നും ട്വിറ്ററില് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില് വീണ്ടും രജിസ്റ്റര് ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.
മെക്സിക്കോ സിറ്റി: കഴിഞ്ഞ ജൂലൈയില് തടവ് ചാടിയ കുപ്രസിദ്ധ മയക്കുമരുന്ന് ഭീകരന് എല് ചാപോ എന്ന ജൊവാക്വിന് ഗുസ്മാന് ലോറയെ പിടികൂടിയതായി മെക്സിക്കന് അധികൃതര് അറിയിച്ചു. പ്രസിഡന്റ് എന്റിക്വ് പെന നെയ്റ്റോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം പൂര്ത്തിയായിരിക്കുന്നു. നമ്മള് അവനെ പിടികൂടി, ഗുസ്മാന് പിടിയിലായകാര്യം എല്ലാ മെക്സിക്കോക്കാരെയും അറിയിക്കാന് ഞാന് ആഗ്രഹിക്കുന്നു എന്നാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്. 58കാരനായ ഗുസ്മാനെ തേടി ജൂലൈ മുതല് പൊലീസ് പരക്കം പായുകയായിരുന്നു. മെക്സിക്കോ സിറ്റിയില് നിന്ന് 56 മൈല് പടിഞ്ഞാറുളള അല്ട്ടിപ്ലാനോ ജയിലില് നിന്ന് ജൂലൈയിലാണ് ഇയാള് തടവ് ചാടിയത്.
അതീവ സുരക്ഷ മറികടന്നാണ് ഇയാള് രക്ഷപ്പെട്ടത്. ഇയാളുടെ സെല്ലിനടിയില് നിന്ന് ജയിലിന് പുറത്ത് ഒരു മൈല് അകലെയുളള ഒരു കെട്ടിടത്തിലേക്ക് ഒരു തുരങ്കം നിര്മിച്ചാണ് ഇയാള് രക്ഷപ്പെട്ടത്. ലോസ് മോചിസില് വച്ച് മെക്സിക്കന് മറീനുകളുമായുളള ഏറ്റുമുട്ടലിനിടെയാണ് ഇയാള് പിടിയിലായത്. സ്വന്തം നഗരമായ പസഫിക് തീരത്തുളള സിനലോവയില് വച്ചാണ് ഇയാള് പിടിയിലായത്. ഇവിടെ ഒരു വീട്ടില് അയാളുണ്ടെന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടാനായത്.
ഈ പോരാട്ടത്തിനിടെ ഇയാളുടെ കൂട്ടാളികളില് അഞ്ച് പേര്മരിച്ചതായും റിപ്പോര്ട്ടുണ്ട്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്സിക്കന് മെറിനുകളില് ഒരാള്ക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് ആയുധങ്ങളും ഹാര്ഡ് വെയറുകളും പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങള് നിറച്ച വാഹനവും ഒരു റോക്കറ്റ് പ്രൊപ്പല്ഡ് ഗ്രനേഡ് ലോഞ്ചറും സ്ഥലത്ത് നിന്ന് കണ്ടെത്തി.
കുളളന് എന്നര്ത്ഥം വരുന്ന ഗുസ്മാന് സിനലോവയിലെ മയക്ക് മരുന്ന് സാമ്രാജ്യത്തിന്റെ അധിപനാണ്. 1993ല് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാം തവണയാണ് ഇയാള് ജയില് ചാടുന്നത്. 2001ലാണ് അയാള് ആദ്യമായി തടവ് ചാടിയത്. ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാള് ആദ്യം തടവ് ചാടിയത്. 2014ല് ഇയാളെ പിടികൂടാനായി. കഴിഞ്ഞ വര്ഷം വീണ്ടും തടവ് ചാടുകയായിരുന്നു. ഇയാളെ പിടികൂടുന്നവര്ക്ക് 2.3 മില്യന് പൗണ്ട് പ്രതിഫലം നല്കുമെന്ന് സര്ക്കാര് പ്രഖ്യാപിച്ചിരുന്നു.ട
ലണ്ടന്: കാലാവസ്ഥ കടുത്തതോടെ എട്ട് ത്രെറ്റ് ടു ലൈഫ് മുന്നറിയിപ്പുകള് രാജ്യത്ത് പുറപ്പെടുവിച്ചു. 58 കൊല്ലത്തിനിടയിലെ ഏറ്റവും തണുത്ത കാലാവസ്ഥയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന് പോകുന്നതെന്നാണ് നിഗമനം. കടുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളില് പുറപ്പെടുവിക്കുന്ന യെല്ലോ വാര്ണിംഗാണ് ഇപ്പോള് രാജ്യത്ത് പുറപ്പെടുവിച്ചിട്ടുളളത്. ഈ കാലാവസ്ഥ മനുഷ്യ ജീവന് ഭീഷണിയായേക്കാമെന്നും മറ്റു നാശനഷ്ടങ്ങള് സൃഷ്ടിക്കുമെന്നുമാണ് നിരീക്ഷകര് നല്കുന്ന മുന്നറിയിപ്പ്. സ്കോട്ട്ലാന്ഡ്, വടക്കന് ഇംഗ്ലണ്ട് മേഖലയിലാണ് ഏറ്റവും കൂടുതല് പ്രശ്നങ്ങളുണ്ടാകുകയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
താപനിലയില് ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സതേണ് സ്കോട്ട്ലാന്ഡില് കഴിഞ്ഞ ദിവസങ്ങളില് മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളില് ഇത് ആവര്ത്തിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്ന്ന പ്രദേശങ്ങളില് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അബര്ദീന്, ഡന്ഡീ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളോട് അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സൈബീരിയയില് നിന്നും ഉത്തരധ്രുവത്തില് നിന്നും എത്തിയിട്ടുളള തണുത്ത കാലാവസ്ഥ ആര്ട്ടിക്കിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കും. ഇത് വെളളപ്പൊക്കത്തിനും കൊടും തണുപ്പിനും കാരണമായേക്കാം. കനത്ത മഴ ദുരിതം വിതച്ച രാജ്യത്തിന് ഇത് മറ്റൊരാഘാതം സൃഷ്ടിക്കുമെന്നും വിലയിരുത്തലുണ്ട്. ഡോണ് നദി കരവിഞ്ഞൊഴുകിയതോടെ സ്കോട്ട്ലന്റ് ദുരിതത്തിലായിരിക്കുകയാണ്.
അബര്ദീനില് നിന്ന് ധാരാളം പേരെ മാറ്റിപ്പാര്പ്പിച്ചു. കഴിഞ്ഞ ദിവസം അബര്ദീന് വിമാനത്താവളത്തിലെ ഗതാഗതത്തെയും കാലാവസ്ഥ തടസപ്പെടുത്തി. വാരാന്ത്യത്തോടെ കാലാവസ്ഥ കൂടുതല് കടുക്കുമെന്നാണ് റിപ്പോര്ട്ട്. ഇരുപത് വെളളപ്പൊക്ക മുന്നറിയിപ്പുകളും 100 ജാഗ്രതാ നിര്ദേശങ്ങളും രാജ്യത്ത് നിലവിലുണ്ട്.
ജോമോന് ജേക്കബ്.ഹൂസ്റ്റണ്. പിയര്ലാന്റ് സെന്റ്. മേരീസ് സീറോ മലബാര് ദേവാലയത്തിന്റെ നിര്മ്മാണ ചിലവിനെ ലക്ഷ്യം വെച്ചുകൊണ്ട് SMCC ഒന്നായി സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ് ട്രിനിറ്റി മാര്ത്തോമ്മാ ചര്ച്ചില് നാളെ നടക്കും. വൈകുന്നേരം 5.30ന് ബഹു: വില്സണ് അച്ചന്റെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിക്കുന്ന പരിപാടിയില് SMCC കുടുംബങ്ങളുടെ കലാപരിപാടികള് അരങ്ങേറും. ഗ്രാമീണ കലയായ ചെണ്ടമേളം പരിപാടിയില് ശ്രദ്ധ നേടും. നൃത്തവും സംഗീതവും പാട്ടും വാദ്യോപകരണ സംഗീതവും കോമഡിയുമായി പുതിയ വര്ഷത്തിലെ ഒരു രാത്രി. ആഘോഷങ്ങള്ക്കിടയില് റാഫെള് ടിക്കറ്റിന്റെ നറുക്കെടപ്പും നടക്കും. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായ ലാപ്പ്ടോപ്പും, ടി വി യും , ക്യാമറയും പിന്നെ കൈ നിറയെ മറ്റു സമ്മാനങ്ങളും. ഒന്നാം സമ്മാനമായ ലാപ്ടോപ്പ് സ്പോണ്സര് ചെയ്യുന്നത് ലിഡാ തോമസ് & ഡാനിയേല് ടീമാണ്. ഫാമിലി നൈറ്റില് നിന്ന് സ്വരൂപിക്കുന്ന വരുമാനമത്രയും പുതുതായി നിര്മ്മിക്കുന്ന സെന്റ്. മേരീസ് ദേവാലയത്തിന്റെ നിര്മ്മാണച്ചിലവിലേയ്ക്കാണന്ന് സംഘാടകര് അറയ്ച്ചു. പള്ളിയുടെ ആരംഭം മുതല് ഇന്നേവരെ SMCC സ്തുത്യര്ഹമായ സേവനങ്ങളാണ് നല്കി കൊണ്ടിരിക്കുന്നത്. സോണി ഫിലിപ്പിന്റെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് തിരശ്ശീല വീഴും. മെയ് 29 ന് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടക്കും
കൊല്ലം: കുളത്തൂപ്പുഴ അരിപ്പയില് ആദിവാസി ദലിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില് ‘കോളനിവിട്ടു കൃഷിഭൂമിയിലേക്ക്’ എന്ന ആശയവുമായി തുടരുന്ന ഭൂസമരത്തിന്റെ മൂന്നാം വാര്ഷികാഘോഷം സിനിമാനടന് സുരേഷ്ഗോപി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് അരിപ്പ സമരഭൂമിയില് ഉദ്ഘാടനം ചെയ്യും. മുതിര്ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കര് മുഖ്യാതിഥിയാവും. ശ്രീരാമന് കൊയ്യോന് അധ്യക്ഷതവഹിക്കും. തുടര്ന്നു കലാപരിപാടികളും നടക്കും. ഡിസംബര് 31നു മുന്പു ജില്ലാ കലക്ടറുടെ നേതൃത്വത്തില് അരിപ്പ സരമഭൂമി സന്ദര്ശിച്ചു കൈയേറ്റക്കാരുടെ ലിസ്ററ് തയാറാക്കുമെന്നും ജനുവരിയില് ഭൂമി കണ്ടെത്തി വിതരണം ചെയ്യാമെന്നും ഉറപ്പു നല്കിയെങ്കിലും സര്ക്കാര് വാക്കു പാലിച്ചില്ലെന്ന് എ.ഡി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന് പത്രസമ്മേളനത്തില് പറഞ്ഞു. ആദിവാസിദലിത് ഭൂസമരങ്ങളോടുള്ള സര്ക്കാരിന്റെ നിഷേധാത്മക നിലപാടുകള്ക്കെതിരെയും വാഗ്ദാന ലംഘനത്തിനെതിരെ മുത്തങ്ങ ദിനമായ ഫെബ്രുവരി 19നു പരിഷത്ത് സ്ഥാപകന് ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില് നൂറു കണക്കിനു ഭൂസമരക്കാര് പങ്കെടുക്കുന്ന സത്യഗ്രഹ പരിപാടി സെക്രട്ടേറിയറ്റ് പടിയ്ക്കല് നടക്കും. അന്നേദിവസം വൈകിട്ട് ഗാന്ധിപാര്ക്കില് ‘ദേശീയ ഭൂപരിഷ്കരണ നയവും ദലിതരും’ എന്ന വിഷയത്തില് സെമിനാറും സംഘടിപ്പിക്കും. വ്യാജ ആധാരങ്ങള് ചമച്ചും കൃത്രിമമായി പാട്ടകരാറുണ്ടാക്കിയും അനധികൃതമായി കൈവശം വച്ചുവരുന്ന തോട്ടങ്ങള് സര്ക്കാര് ഏറ്റെടുക്കുന്നതിന് ഇപ്പോഴത്തെ എറണാകുളം ജില്ലാ കലക്ടര് ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷല് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സര്ക്കാരിന് ആത്മാര്ഥതയുണ്ടെങ്കില് ഒന്നരവര്ഷം മുന്പു രാജമാണിക്യം കണ്ടെത്തിയിട്ടുള്ളതും ഹൈക്കോടതി ശരിവച്ചിട്ടുള്ളതുമായ ഹാരിസണ് മലയാളത്തിന്റെ കൈവശമുള്ളതും മുറിച്ചു വിറ്റിട്ടുള്ളതുമായ മുഴുവന് തോട്ടം ഭൂമിയും തിരിച്ചു പിടിച്ചു ഭൂരഹിതര്ക്കു വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില് ആദിവാസി ദലിത് മുന്നേറ്റ സമിതി സെക്രട്ടറി രതീഷ് ടി. ഗോപി, കൊല്ലം ജില്ലാ പ്രസിഡന്റ് വി. രമേശന്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി. ശശി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സത്യന് കല്ലറ എന്നിവരും പങ്കെടുത്തു.
കോട്ടയം: കോഴഞ്ചേരി മഹിളാ മന്ദിരത്തില് പെണ്കുട്ടികള് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. 15നും 17നും ഇടയില് പ്രായമുള്ള അഞ്ച് പെണ്കുട്ടികളാണ് ആത്മഹത്യാശ്രമം നടത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ഇവര് ആത്മഹത്യയ്ക്കു ശ്രമിച്ചത്.സ്കൂളില് നിന്നും മടങ്ങിവന്ന വിദ്യാര്ത്ഥിനികള് ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു. തുടര്ന്ന് സംശയം തോന്നി അധികൃതര് വിവരം തിരക്കിയപ്പോഴാണ് ഉറക്കഗുളിക കഴിച്ച കാര്യം കുട്ടികള് തുറന്നു പറഞ്ഞതെന്നാണ് അധികൃതര് പറയുന്നത്.
തുടര്ന്ന് ഇവരെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇവര് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരം മഹിളമന്ദിരം അധികൃതര് പൊലീസിനെ അറിയിക്കാതെ മൂടിവച്ചുവെന്നും ആരോപണങ്ങള് ഉയര്ന്നിട്ടുണ്ട്. രണ്ടാഴ്ചക്ക് മുന്പ് ഇവരില് രണ്ട് പേരെ കാണാതായിരുന്നു. തുടര്ന്നുള്ള അന്വേഷണത്തില് ഇവരെ കണ്ടെത്തി. തുടര്ന്ന് അഞ്ച് പേരെയും മേട്രന് വഴക്ക് പറഞ്ഞതാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് കരുതുന്നത്.
റാഖ: ഐഎസ് പ്രവര്ത്തനം വിട്ട് തിരിച്ച് വരാന് നിര്ബന്ധിച്ച മാതാവിനെ യുവാവ് ആള്ക്കൂട്ടത്തിനു നടുവില് വച്ച് വെടിവച്ചു കൊന്നു. സിറിയയിലെ റാഖയിലാണ് 20വയസ്സുകാരനായ അലി സഖര് അല് ഖ്വാസിം എന്ന യുവാവ് 45കാരിയായ തന്റെ മാതാവിനെ വന് ജനാവലിക്കു മുന്നില് വച്ച് തലയിലേക്കു വെടിയുതിര്ത്തു കൊലപ്പെടുത്തിയത്. ഖ്വാസിം ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിനു മുന്നിലാണ് കൊല നടന്നത്. ഐഎസ് പ്രവര്ത്തനങ്ങളില് നിന്നും വിട്ടുവരാനായി ഖ്വാസിമിന്റെ മാതാവ് ലെന നിരന്തരം നിര്ബന്ധിച്ചതിന്റെ ഫലമായാണ് ഈ ക്രൂരകൊലപാതകമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
ലിവര്പൂളില് ബോംബ് ഭീഷണിയെ തുടര്ന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. ലിവര്പൂള് മേഴ്സിസൈഡിലെ ഒരു അഞ്ചു നില കെട്ടിടത്തില് പ്രവര്ത്തിക്കുന്ന സോളിസിറ്റര് സ്ഥാപനത്തില് എത്തിയ ഒരാളെ പോലീസ് സംശയാസ്പദമായി തടഞ്ഞു വച്ച് ചോദ്യം ചെയ്തു വരുന്നു. ഈ കെട്ടിടത്തില് നിന്നും സമീപ സ്ഥലങ്ങളില് നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പോലീസും ബോംബ് സ്ക്വാഡും ഈ സ്ഥലങ്ങളില് തെരച്ചില് നടത്തി കൊണ്ടിരിക്കുന്നു.
നിരവധി സ്ട്രീറ്റുകള് കനത്ത പോലീസ് ബന്തവസ്സില് സീല് ചെയ്തിരിക്കുകയാണ്. ടിതെബാന് സ്ട്രീറ്റ്, ഓള്ഡ് ഹാള് സ്ട്രീറ്റ്, യൂണിയന് സ്ട്രീറ്റ് ജംക്ഷന് ഇവിടങ്ങളില് നിന്നെല്ലാം പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ചാപ്പല് സ്ട്രീറ്റ്, ജോര്ജ്ജ് സ്ട്രീറ്റ്, എക്സ്ചേഞ്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ യാത്ര ഒഴിവാക്കാന് പോലീസ് ആളുകളോട് ആവശ്യപ്പെടുന്നുണ്ട്.