ലണ്ടന്‍: കാമറൂണ്‍ വിന്‍കിള്‍വോസിനെയും ടൈലര്‍ വിന്‍കിള്‍വോസിനെയും ഓര്‍മയുണ്ടോ? ഫേസ്ബുക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നിയമപോരാട്ടം നടത്തിയ ഇരട്ട സഹോദരന്‍മാര്‍. അവര്‍ ഇപ്പോള്‍ ശതകോടീശ്വരന്‍മാരാണ്. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാണ് ഇവര്‍ പണക്കാരായതെന്നാണ് വാര്‍ത്ത. ബിറ്റ്‌കോയിന്‍ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിച്ചതോടെയാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

2004ലാണ് ഇവര്‍ സക്കര്‍ബര്‍ഗിനെതിരെ പരാതി നല്‍കിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഇവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനായി ഒരു വെബ്‌സൈറ്റെന്ന ആശയം സക്കര്‍ബര്‍ഗ് മോഷ്ടിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്. കമ്പനിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേസ് തീര്‍പ്പായപ്പോള്‍ 65 മില്യന്‍ ഡോളര്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ആ തുകയില്‍ നിന്നാണ് ഇവരുടെ ജൈത്രയാത്ര തുടങ്ങുന്നത്.

11 മില്യന്‍ ഡോളര്‍ ഇവര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. 2013ല്‍ 120 ഡോളറായിരുന്നു ഒരു ബിറ്റ്‌കോയിന്റെ മൂല്യം. ഇപ്പോള്‍ മൂല്യം ഉയര്‍ന്നപ്പോള്‍ ഇവരുടെ നിക്ഷേപം ഒരു ബില്യന്‍ ഡോളറിലേറം മൂല്യമുള്ളതായിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്കെല്ലാം അതിന്റെ മൂല്യം ഉയര്‍ന്നതിന്റെ പ്രയോജനം ലഭിച്ചെങ്കിലും ഇത്രയും വലിയ തുക ലഭിക്കുന്ന അറിയപ്പെടുന്ന വ്യക്തികളെന്ന പേര് ഈ ഇരട്ടകള്‍ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ജെമിനി എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു എക്‌സ്‌ചേഞ്ച് ഇവര്‍ ആരംഭിച്ചിരുന്നു.