കൊളോണ്‍: സ്ത്രീകള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം വേണമെന്ന് കൊളോണ്‍ മേയര്‍. ഇവര്‍ക്കു നേരെയുളള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഹെന്റിറ്റെ റെക്കര് വാദിക്കുന്നത്. പുതുവര്‍ഷ രാവില്‍ ആയിരത്തോളം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമായതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ നിര്‍ദേശം ഇവര്‍ മുന്നോട്ടു വച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പൊലീസ് മേധാവി വൂള്‍ഫ് ഗാന്ഗ് അല്ബെഴ്സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേയര്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്.
ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നും മേയര്‍ റെക്കര് പറഞ്ഞു. മറ്റിടങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെ്. സ്ത്രീകള്‍ക്കും യുവതികള്‍ക്കുമായി പ്രത്യേക പെരുമാറ്റച്ചട്ടം രൂപീകരിക്കണം. നിലവിലുളളത് മാറ്റുകയും വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. പെരുമാറ്റച്ചട്ടം ഓണ്‍ലൈനിലൂടെ പുതുക്കിയിരിക്കണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്.
അപരിചിതരില്‍ നിന്ന് അകലം പാലിക്കണമെന്നും, നിങ്ങളുടെ കൂട്ടത്തോടൊപ്പം നില്‍ക്കണമെന്നും ആക്രമണം നേരിടേണ്ടി വന്നാല്‍ അടുത്തുളളവരോട് സഹായം ആവശ്യപ്പെടണമെന്നതും അടക്കമുളള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. അതുമല്ലെങ്കില്‍ പൊലീസില്‍ വിവരമറിയാക്കമെന്നും ചട്ടം പറയുന്നു. അടുത്തമാസം നഗരത്തില്‍ നടക്കുന്ന കാര്‍ണിവലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്നും മേയര്‍ ഉറപ്പ് നല്കി. മദ്യപാനത്തെക്കുറിച്ചും യുവതികള്‍ക്ക അവര്‍ മുന്നറിയിപ്പ് നല്കുന്നു.
മേയറുടെ നിലപാടില്‍ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ഇരകളെ കുറ്റക്കാരാക്കുന്ന നടപടിയാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഉണ്ടായ ആക്രമണങ്ങളിലെ പ്രതികള്‍ വടക്കന്‍ ആഫ്രിക്കക്കാരും അറബികളുമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അക്രമികളെല്ലാം തന്നെ പുതുതായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളല്ലെന്നാണ് മേയറുടെ പക്ഷം. ഇവരെ പൊലീസിന് നേരത്തെ അറിയാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മേയര്‍ക്ക് തന്നെ ഗുരുതരമായ ആക്രമണം നേരിട്ടു. ഒരാള്‍ ഇവരെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ദമാസ്കസ്: പിടികൂടിയ വനിതാ സന്നദ്ധ പ്രവര്‍ത്തകയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഐസിസ് അവരെ വധിച്ച ശേഷം മൂന്നു മാസത്തോളം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ മറ്റ് എതിരാളികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് റുക്കിയ ഹസന് എന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചത്. സിറിയയിലെ പ്രമുഖ ഐസിസ് വിരുദ്ധ സംഘടനയിലെ ഒരംഗമാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. റുക്കിയ ഹസന് എന്ന ഐസിസിന്റെ ശക്തയായ ഈ എതിരാളിയെ മൂന്ന് മാസം മുമ്പ് ഐസിസ് പിടികൂടി വധിച്ചിരുന്നു. ഐസിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു എന്നതായിരുന്നു ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ തുടര്‍ന്നും ഐസിസ് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോന്നു.
ഐസിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഇരകളില്‍ ഒരാളാണ് റുക്കിയ. കഴിഞ്ഞ ദിവസവും അഞ്ച് പേരെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു. ഇവരെ വധിച്ച ശേഷം ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചതായി ഐസിസിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ആര്‍ബിഎസ്എസിലെ ഒരു സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പറയുന്നു. മറ്റ് വിമര്‍ശകരെ കണ്ടെത്താനായിരുന്നു ഈ നടപടി. ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ക്ക് ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ അയക്കുന്നതായും അയാള്‍ പറയുന്നു. അവരുമായി ബന്ധപ്പെടുന്ന സുഹൃത്തുക്കളെ വലയിലാക്കുകയാണ് ഐസിസിന്റെ ഉദ്ദേശം.
ഞാന്‍ റഖയിലാണുളളത്. എന്റെ ജീവന് ഭീഷണിയുണ്ട്. ഐസിസ് പിടികൂടി എന്നെ കൊല്ലുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അപമാനിക്കപ്പെട്ട് ജീവിക്കുന്നതിലും ഭേദം അതാണെന്ന് താന്‍ കരുതുന്നതായും റുക്കിയ തന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അലെപോ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഇവര്‍ 2011 മുതല്‍ തുടങ്ങിയ സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെതിരെയുളള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. 2013ല്‍ മിതവാദികള്‍ റഖ പിടിച്ചെടുക്കും വരെ ഇവര്‍ ഇവിടെ തടുര്‍ന്നു. അതേ വര്‍ഷം തന്നെ നഗരം ഐസിസ് പിടിച്ചെടുക്കുകയും ചെയ്തു.
ലണ്ടന്‍: ഐസിസ് ശാസ്ത്രജ്ഞരും ആയുധ വിദഗ്ദ്ധരും ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിക്കുന്ന ഹൈടെക് ആയുധങ്ങള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹീറ്റ് സീക്കിംഗ് സാങ്കേതികത ഉപയോഗിക്കുന്ന മിസൈലുകളും ഇവര്‍ വികസിപ്പിച്ചിട്ടുണ്ടെന്നാണ് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ സേന ഇറാഖിനു നല്കിയ സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഐസിസ് പിടിച്ചെടുത്തിരുന്നു. ഇവയുടെ കാലാവധി കഴിഞ്ഞ തെര്‍മല്‍ ബാറ്ററികള്‍ക്കു പകരം ഐസിസ് വിദഗ്ദ്ധര്‍ തദ്ദേശീയമായി പുതിയവ വികസിപ്പിച്ചതായാണ് വിവരം. ഇത്തരം ഒരു മിസൈലിന്റെ നിര്‍മാണ വീഡിയോ സ്കൈ ന്യൂസ് പുറത്തു വിട്ടു.
ഐസിസ് വികസിപ്പിച്ച തെര്‍മല്‍ ബാറ്ററികള്‍ ഉപയോഗിച്ച് പാശ്ചാത്യരുടെ സൈനിക വിമാനങ്ങളും യാത്രാവിമാനങ്ങളും തകര്‍ക്കാന്‍ കഴിയും. ഇവ 99 ശതമാനം കൃത്യതയോടെ തന്നെ ഉപയോഗിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി ഐആര്‍എ അടക്കമുളള ഭീകരസംഘനടകള്‍ക്ക് തെര്‍മല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ആയുധങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.
യൂറോപ്പില്‍ രക്തപ്പുഴയൊഴുക്കാനായി ഇവര്‍ ഭീകരസംഘത്തിന് പുതുപുത്തന്‍ ആയുധങ്ങള്‍ നിര്‍മിച്ച് നല്കുന്നു. സിറിയന്‍ നഗരമായ റഖയിലെ ജിഹാദി സര്‍വകലാശാലയില്‍ റിമോട്ട് കണ്ട്രോളില് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വാഹനങ്ങളും മറ്റും വികസിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവയുപയോഗിച്ച് ചാവേറുകളില്ലാതെ തന്നെ വിനാശകരമായ ബോംബാക്രമണം നടത്താന്‍ സാധിക്കും. പിടിയിലായ ഐസിസ് ഗവേഷണ സംഘാംഗത്തില്‍ നിന്ന് ലഭിച്ച എട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുളളത്. തുര്‍ക്കി വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ഫ്രീ സിറിയന്‍ ആര്‍മിയാണ് പിടികൂടിയത്.
ഈ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചതായി യുകെയിലെ പ്രത്യേക മുന്‍ ദൗത്യ സേനാംഗമായ മേജര്‍ ക്രിസ് ഹണ്ടര്‍ പ്രതികരിച്ചു. ഐസിസുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുകളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഐസിസ് മുമ്പ് പുറത്ത് വിട്ടിട്ടുളള പ്രചാരണ വീഡിയോകളില്‍ അവരുടെ നേട്ടങ്ങള്‍ നമുക്ക് വായിച്ചെടുക്കാനാകും. വിവരങ്ങള്‍ കൈമാറാന്‍ വേണ്ടി മാത്രം തയാറാക്കിയ ദൃശ്യങ്ങളാണ് ഇവ. ഇവര്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നതിന്റെ വിശദാംശങ്ങള്‍ ഈ ദൃശ്യങ്ങള്‍ പറഞ്ഞ് തരുന്നുണ്ട്. ഭീകരര്‍ ചെയ്യാനുദ്ദേശിക്കുന്നത് എന്താണെന്നതും വ്യക്തമാണ്. നാം നേരിടുന്ന വെല്ലുവിളിയുടെ ആഴവും ഈ ദൃശ്യങ്ങള്‍ പറഞ്ഞ് തരുന്നതായി അദ്ദേഹം വ്യക്തമാക്കി.
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ് 2 വിന്റെ ഓഡിഷന് പുരോഗമിക്കുമ്പോള്‍ നിരവധി സംഗീത പ്രതിഭകളെയാണ് യുകെ മലയാളികള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്നത്. അവരുടെ ശ്രേണിയിലേക്ക് കടന്ന് വന്നിരിക്കുകയാണ് അനു നിശാന്ത് എന്ന ഗായിക കൂടി. വര്‍ഷം എന്ന സിനിമയ്ക്ക് വേണ്ടി കോന്നിയൂര്‍ ഭാസ് രചന നിര്‍വ്വഹിച്ച് ജോണ്സണ് മാഷ് ഈണം നല്കി എസ്. ജാനകി പാടിയ മോഹം കൊണ്ട് ഞാന്‍….. എന്ന മനോഹര ഗാനം പാടിയാണ് സുവര്‍ണ്ണഗീതം റൗണ്ടില്‍ അനു നിശാന്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.
ലണ്ടനിലെ പേളിയില്‍ താമസിക്കുന്ന അനു നിശാന്ത് ജോലിത്തിരക്കിനും കുടുംബ തിരക്കുകള്‍ക്കും ഇടയിലും സംഗീതത്തെ ഉപാസിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നു എന്ന അതിശയത്തിലാണ് അനുവിന്റെ സുഹൃത്തുക്കള്‍. പോസ്റ്റ് ഓഫീസ് കസ്റ്റമര്‍ കെയറില്‍ തിരക്ക് പിടിച്ച ജോലിയും നാലും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ ഉത്തരവാദിത്വവും അനുവിനെ പൊതു വേദികളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. നാഷണല്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നിശാന്ത് എല്ലാ വിധ സപ്പോര്‍ട്ടും നല്‍കിയിരുന്നെങ്കിലും സംഗീത പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവിന് സമയം കിട്ടിയിരുന്നില്ല.
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ് 2 സ്വര സൗകുമാര്യത്തിന്റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം
മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ് 2 വില്‍ തരംഗമാകുന്നു
രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍
പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍
അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ് 2 വില്‍
ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ അനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ് 2 വില്‍ പങ്കെടുക്കനായതില്‍ അതീവ സന്തോഷവതിയാണ്. അനു സുവര്‍ണ്ണ ഗീതം റൗണ്ടില്‍ പാടിയ പാട്ട് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്രിക്കറ്റ് ചരിത്രത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ 15കാരന് പ്രണവ് ധന്‍വാഡെ. ഒറ്റ ഇന്നിംഗ്സില്‍ പുറത്താകാതെ 1000 റണ്‍സ് എടുത്തിരിക്കുകയാണ് ഈ ഇന്ത്യന്‍ പയ്യന്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി പ്രണവ് ധനവാഡെയാണ് ഒരു നൂറ്റോണ്ടോളം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞത്.
ഇതാണ് പ്രണവിന്റെ അത്ഭുത ഇന്നിംഗ്സ്
റണ്‍സ് : 1009*
നേരിട്ട പന്തുകള്‍: 323
സ്ട്രൈക്ക് റൈറ്റ്: 312.38
സിക്സ്: 59
ഫോര്‍: 129
കഴിഞ്ഞ ദിവസം പ്രണവ് 199 പന്തുകളില്‍ നിന്ന് 652 റണ്‍സ് നേടിയിരുന്നു. ആര്യ ഗുരുകുല്‍ സ്കൂളിനായി പാഡണിഞ്ഞ പ്രണവ് തന്റെ ഇന്നിങ്സ് മികവില്‍ ടീം ടോട്ടല്‍ 1400 കടത്തിയിട്ടുണ്ട്. കെസി ഗാന്ധി സ്കൂളിനെതിരെയാണ് പ്രണവിന്റെ അത്ഭുത പ്രകടനം. മത്സരത്തില്‍ ആര്യ ഗുരുകുല്‍ സ്കൂള്‍ ഒന്നാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 1465 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.
ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും നിലവിലുള്ള ഒരു ദിവസത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന ഖ്യാതിയാണ് പ്രണവിന്റെ വിസ്ഫോടനത്തില്‍ തകര്‍ന്നടിഞ്ഞത്.
ഇംഗ്ലീഷുകാരനായ കോളിന്‍സ് 1899ല്‍ നേടിയ 628 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഹാരിഷ് ഷീല്‍ഡ് കപ്പില്‍ പൃഥ്വി ഷാ നേടിയ 546 റണ്‍സ് എന്ന ഇന്ത്യയിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറും പ്രണവ് മറികടന്നു.
കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മകന്റെ വ്യക്തിഗത സ്കോര്‍ 300 കടന്ന ശേഷം നാട്ടുകാര്‍ അറിയിച്ച ശേഷമാണ് പിതാവ് പ്രശാന്ത് കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. 400 റണ്‍സ് എത്തുന്നതു വരെ റെക്കോഡ് തന്റെ ചിന്തകളില്‍ പോലും ഇല്ലായിരുന്നുവെന്ന് പ്രണവ് പറഞ്ഞു.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ച കേസില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത് തൃപ്പൂണിത്തുറ എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെജിയെയാണ്. പരാതി നല്‍കിയത് മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പേജില്‍ അപമാനകരമായ കമന്റിട്ടതിനെ തുടര്‍ന്നാണ്.
തിരുവനന്തപുരം ഹൈടെക് സെല്‍ മഞ്ജുവാര്യര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു. പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത് ഹൈടെക് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
കുവൈറ്റ്: പൊതുമാപ്പോ ഇളവുകളോ അനധികൃത താമസക്കാര്‍ക്ക് അനുവദിക്കില്ലെന്നു കുവൈറ്റ് വ്യക്തമാക്കി. നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന കര്‍ശനമാക്കും. പാസ്പോര്ട്ടില് ചുരുങ്ങിയത് രണ്ടു വര്‍ഷം കാലാവധി ഇല്ലാത്തവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ല. ഗാര്‍ഹിക വില്പന നടത്തുന്നത് തടയാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം മേധാവി തലാല്‍ അല്‍ മഅറഫിയാണ് ഇഖാമ വിസ നിയമങ്ങളില്‍ പുതു വര്‍ഷത്തോടെ നടപ്പാക്കിയ പരിഷ്കരണങ്ങളെ കുറിച്ച് വിശദീകരിച്ചത്. നിയമപരമായ രേഖകളോടെ അല്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളോട് യാതൊരുതരത്തിലുള്ള വിട്ടു വീഴ്ചക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്നു അദ്ദേഹം ആവര്‍ത്തിച്ചു. പൊതുമാപ്പോ പിഴ കൂടാതെ രാജ്യം വിടാനുള്ള ഇളവ് കാലമോ അനുവദിക്കില്ല. രാജ്യവ്യാപകമായി അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരും. ഇടയ്ക്കിടെ പൊതു മാപ്പ് പ്രഖ്യാപിക്കുന്നത് സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനു പുറമേ അനധികൃത താമസക്കാര്‍ക്ക് നിയമ ലംഘനം ആവര്‍ത്തിക്കാന്‍ പ്രോത്സാഹനം കൂടിയാവുകയാണ്.
50 വര്‍ഷത്തിലേറെയായി ഈടാക്കി വന്ന വിസ ഇഖാമ ഫീസ് നിരക്കുകളില്‍ താമസിയാതെ വര്‍ദ്ധന നടപ്പാക്കുമെന്നും തലാല്‍ അല്‍ മഅറഫി അറിയിച്ചു. വിദേശികളുടെ പാസ് പോര്‍ട്ട് താമസാനുമതി എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ സംവിധാനത്തിലൂടെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ജവാസാത്തുകളും സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുക. പുതിയ സംവിധാനം അനുസരിച്ച് ചുരുങ്ങിയത് 2 വര്‍ഷത്തെ കാലാവധി ഇല്ലാത്ത പാസ്പോര്‍ട്ടുകളില്‍ പുതുതായി തൊഴില്‍ വിസ അനുവദിക്കില്ല. സന്ദര്‍ശന വിസ അനുവദിക്കാന്‍ ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
ആശ്രിത വിസയില്‍ ഉള്ളവരുടെ ഇഖാമ കാലാവധി സ്പൊന്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ ഇകാമ കാലാവധി വരെ മാത്രമായിരിക്കും. 1 വര്‍ഷത്തില്‍ കുറഞ്ഞ കാലാവധി ഉള്ള പാസ്പോര്‍ട്ടുകളില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല ഗാര്‍ഹിക വിസയില്‍ വിദേശികളെ കൊണ്ട് വന്നു പുറത്തു ജോലിക്കയക്കുന്ന പ്രവണത തടയാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും തലാല്‍ അല്‍ മഅറഫി കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുമസ് ആഘോഷത്തിന് തൊട്ടു പിന്നാലെ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി ഈ ലോകത്തോട് യാത്ര പറഞ്ഞ അശ്വിന് മോന് ഇന്നലെ പീറ്റര്‍ബോറോയില്‍ യുകെ മലയാളി സമൂഹം വിട നല്കി. പീറ്റര്‍ബോറോ സെന്റ് ജൂഡ്സ് ദേവാലയത്തില്‍ ഇന്നലെ അശ്വിന് മോന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിന് മലയാളികളാണ് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തി ചേര്‍ന്നത്. ഒരു ചെറിയ മലയാളി സമൂഹം മാത്രം താമസിക്കുന്ന പീറ്റര്‍ബോറോയിലേക്ക് അശ്വിനെ അവസാനമായി ഒരു നോക്ക് കാണാനും അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കനുമായി എത്തി ചേര്‍ന്നത് അനേകം പേര് ആയിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത് പോലെ കൃത്യം ഒരു മണിക്ക് തന്നെ അശ്വിന് മോന്റെ കുരുന്നു ശരീരവും വഹിച്ച് കൊണ്ട് ഫ്യുണറല്‍ ഡയരക്ടേഴ്സിന്റെ വാഹനം പള്ളിയങ്കണത്തില്‍ എത്തി ചേര്‍ന്നു. അശ്വിന് മോന്റെ ഇഷ്ടപ്പെട്ട കളര്‍ ആയ ഓറഞ്ച് വസ്ത്രം ധരിച്ച് നിന്ന കുട്ടികളുടെ നടുവില്‍ കൂടി അശ്വിന്റെ മൃതദേഹപേടകം പള്ളിയുടെ ഉള്ളിലേക്ക് കൊണ്ട് വന്നപ്പോള്‍ കൂടി നിന്നവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. പള്ളിയില്‍ വച്ച പൊന്നു മോന്റെ മൃതദേഹത്തിന് സമീപം ഇരുന്ന പിതാവ് ജെനുവിനെയോ മാതാവ് ലിന്‍ഡയേയോ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ വൈദികന് റവ. ഫാ. ജോയ് ജോര്‍ജ്ജ് മുഖ്യ കാര്മ്മികന് ആയിരുന്നു. ഫാ. അനൂപ് എബ്രഹാം, പള്ളി വികാരി ടോം ജേക്കബ് എന്നിവര്‍ സഹ കര്‍മ്മികരായി. ഇവരെ കൂടാതെ വിവിധ ഇടവകകളില്‍ നിന്നായി എത്തിയ ഫാ. ഡോ. തോമസ് ഫിലിപ്പ്, ഫാ. അബ്രഹാം മാത്യു, ഫാ. വിനോജ് വര്‍ഗീസ്, ഫാ. വില്‍ ക്രോഫ്റ്റ്, പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ്, പാസ്റ്റര്‍ സാമുവേല്‍ എന്നിവരും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
അശ്വിനെ പാലിയേറ്റീവ് കെയറില്‍ ശുശ്രൂഷിച്ചിരുന്ന മിസ്സിസ് ഹെലനും, കെയറര്‍മാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അശ്വിന് വളരെ ധൈര്യശാലിയായ കുട്ടിയായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിച്ചു. അശ്വിന് പഠിച്ചിരുന്ന പീറ്റര്‍ബോറോ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നിന്നും ഹെഡ് ടീച്ചര്‍ മിസ്റ്റര്‍ കൂപ്പറുടെ നേതൃത്വത്തില്‍ എല്ലാ അദ്ധ്യാപകരും എത്തിയിരുന്നു.
അശ്വിന്റെ കുടുംബം മുന്‍പ് താമസിച്ചിരുന്ന വാറ്റ്ഫോര്ഡില് നിന്നും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ നേതൃത്വത്തില്‍ വളരെയധികം മലയാളികള്‍ എത്തി ചേര്‍ന്നിരുന്നു. പീറ്റര്‍ബോറോ മലയാളികള്‍ക്കൊപ്പം സംസ്കാര ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വാറ്റ്ഫോര്‍ഡ് മലയാളികളും കൂടെയുണ്ടായിരുന്നു.
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലെയിന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ്, ഇമ്മാനുവല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, സെന്റ് മാര്‍ത്തോമാ ചര്‍ച്ച് പീറ്റര്‍ബോറോ, സീനായ് മാര്‍ത്തോമാ ചര്‍ച്ച് ഹാരോ, ഹോളി സ്പിരിറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, കേരള കാത്തോലിക് കമ്മ്യൂണിറ്റി ഓഫ് പീറ്റര്‍ബോറോ, കെസിഎഫ് വാറ്റ്ഫോര്‍ഡ്, ചൈതന്യ കള്‍ച്ചറല്‍ അസോസിയേഷന് പീറ്റര്‍ബോറോ, സെന്റ്ഗ്രിഗോറിയോസ് ജാക്കൊബൈറ്റ് ചര്‍ച്ച് പീറ്റര്‍ബോറോ, എക്യുമെനിക്കല്‍ പ്രയര്‍ ഗ്രൂപ്പ് പീറ്റര്‍ബോറോ, ബ്രിസ്റ്റോള്‍ മാര്‍ത്തോമ ചര്‍ച്ച്, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലണ്ടന്‍, ഹാര്‍പ്പ് ലെയര്‍ മ്യൂസിക് അക്കാദമി, ബഥേല്‍ പെന്തക്കോസ്ത് ചര്‍ച്ച് കേംബ്രിഡ്ജ് തുടങ്ങിയവയുടെ ഒക്കെ പ്രതിനിധികള്‍ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുകയും പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ഉണ്ടായി.
രണ്ട് വര്‍ഷം മുന്‍പ് അശ്വിന്റെ രോഗം തിരിച്ചറിഞ്ഞത് മുതല്‍ അശ്വിന് മോന് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്ത എല്ലാവരും തന്നെ ഇന്നലെ നിറകണ്ണുകളോടെ പീറ്റര്‍ബോറോ സെന്റ് ജൂഡ് ദേവാലയത്തില്‍ എത്തിയിരുന്നു. അശ്വിന്റെ കുടുംബത്തിന് വേണ്ടി കുടുംബ സുഹൃത്ത് സതീഷും ഇടവകാ സമൂഹത്തിന് വേണ്ടി വികാരി ടോം ജേക്കബും കൃതജ്ഞത അറിയിച്ചു.
ബുധനാഴ്ച അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അശ്വിന്റെ കുടുംബവും സുഹൃത്ത് സജിയും മൃതദേഹത്തെ അനുഗമിച്ച് നാട്ടിലേക്ക് പോകും. ഒന്‍പതാം തീയതി ശനിയാഴ്ച മാവേലിക്കരയിലെ കുറത്തിക്കാട് സെന്റ് ജോണ്‍സ് മലങ്കര പള്ളിയില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 00919287200595, 00919048824253 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെ ഒരു മൃതദേഹവും കൂടി ലഭിച്ചതായി റിപ്പോര്‍ട്ട്. ആറാമത്തെ ഭീകരന്റെ ശരീരമാണ് ഇതെന്നാണ് നിഗമനം. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ദേശീയ സുരക്ഷാ ഗാര്‍ഡ്സിന്റെ തെരച്ചില്‍ 77 മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ ഇന്നു പുലര്‍ച്ചെയും വെടിയൊച്ചകള്‍ കേട്ടതായാണ് വിവരങ്ങള്‍. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, കര നാവിക വ്യോമ സേനാ തലവന്മാര് എന്നിവരുടെ സംഘം ഇന്ന് പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നുണ്ട്.
ഇന്നലെവരെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ കൊലപ്പെടുത്തിയതായി എന്‍എസ്ജി ഔദ്യോഗിക വൃത്ത ങ്ങള് അറിയിച്ചിരുന്നു. കൂടാതെ ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ അവകാശവാദവും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.പാകിസ്താനിലെയും, കശ്മീരിലെയും പതിമൂന്ന് സംഘടനകളുടെ കൗണ്‍സിലായ യുണൈറ്റഡ് ജിഹാദി ഇന്നലെ വൈകിട്ടാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്.
തീവ്രവാദികള്‍ തട്ടിയെടുത്തു എന്നു പറയപ്പെടുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, പാചകക്കാരന് മദന്‍ഗോപാല്‍ എന്നിവരില്‍ നിന്നും എന്തെങ്കിലും സഹായം തീവ്രവാദികള്‍ക്ക് കിട്ടിയിരുന്നോ എന്നറിയാനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണം നടത്താനെത്തിയ തീവ്രവാദികള്‍ തങ്ങളെ തട്ടിക്കൊണ്ടു പോകുകയും തുടര്‍ന്ന് വനത്തില്‍ തങ്ങളെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തെന്നാണ് ഇവര്‍ അറിയിച്ചത്.
ഈ വാഹനത്തിലാണ് വ്യോമതാവളത്തിന് ഒന്നരകിലോമീറ്റര്‍ അടുത്ത് വരെ ഭീകരര്‍ എത്തിയത്. അതേസമയം കാര്‍ തടഞ്ഞുനിര്‍ത്തി തന്റെ കണ്ണുകള്‍ ഭീകരര്‍ കെട്ടിയതിനാല്‍ ഒന്നും കാണാനായില്ലെന്നും, അഞ്ചുപേരോളമുണ്ടായിരുന്ന ഭീകരരുടെ കൈയില്‍ എകെ 47 തോക്കുകള്‍ ഉണ്ടായിരുന്നെന്നും, അവര്‍ ഉറുദുവിലും, ഹിന്ദിയിലും, പഞ്ചാബിയിലുമാണ് സംസാരിച്ചിരുന്നതെന്നുമാണ് എസ്പി സല്‍വീന്ദര്‍ സിങ് വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റുമുട്ടലില്‍ ഇതുവരെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു എന്‍.എസ്.ജി കമാന്‍ഡോയുമടക്കം ഏഴ് ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 20 സൈനികര്‍ക്ക് പരിക്കേറ്റു. അഞ്ച് ഭീകരരെ വധിച്ചതായും ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് നിരഞ്ജന് മരിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം പാലക്കാട്ടെ എളമ്പുലാശേരിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്ക്കരിച്ചു.
ലണ്ടന്‍: ലേബര്‍ എംപി സൈമണ്‍ ഡാന്‍ചുക്കിനെതിരേ ബലാല്‍സംഗക്കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റോഷ്ഡെയ്ല്‍ എംപിയായ ഡാന്‍ചുക്കിനെതിരേ പരാതി ലഭിച്ചതായി ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 2006ല്‍ നടന്നതായി കരുതുന്ന സംഭവത്തിലാണ് അന്വേഷണം. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസാണ് ഈ വിവരം പുറത്തു വിട്ടത്. 49 വയസുള്ള ഒരു സ്ത്രീയാണ് പരാതിക്കാരിയെന്ന് പോലീസ് വക്താവ് അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. എംപിക്കെതിരേ സ്വകാര്യ ജീവിതം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് ഡിസംബര്‍ 31ന് ഡാന്‍ചുക്കിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു കൗമാരക്കാരിക്ക് ലൈംഗികച്ചുവയുള്ള എസ്എംഎസ് അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍കൂടിയായിരുന്നു സസ്പെന്ഷന്.
വിഷയത്തില്‍ തന്റെ തെറ്റ് അംഗീകരിക്കുന്ന വിധത്തിലായിരുന്നു ഡാന്‍ചുക്ക് ട്വിറ്ററില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയല്ലെങ്കിലും തനിക്ക് തെറ്റുകള്‍ പറ്റിയതായി ഡാന്‍ചുക് പറഞ്ഞു. തന്റെ പെരുമാറ്റം ശരിയായിരുന്നില്ല. അതിന് താന്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ഡാന്‍ചുക് ട്വിറ്ററില്‍ കുറിച്ചു. പുതിയ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.