ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ യുകെയും യൂറോപ്യന്‍ യൂണിയനും സമവായത്തിലെത്തിയെന്ന വാര്‍ത്തക്കു പിന്നാലെ പൗണ്ടിന്റെ മൂല്യം കുതിച്ചുയര്‍ന്നു. അടുത്ത മാസത്തോടെ നിര്‍ണ്ണായകമായ വാണിജ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സമവായത്തിലൂടെ സാധിക്കുമെന്നതിനാലാണ് പൗണ്ടിന് ഉണര്‍വുണ്ടായത്. ഡോളറിനെതിരെ 0.9 ശതമാനം മൂല്യം ഉയര്‍ന്ന പൗണ്ട് ഇപ്പോള്‍ 1.3367 ഡോളര്‍ നിരക്കിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി 44 മുതല്‍ 55 ബില്യന്‍ യൂറോയുടെ നഷ്ടപരിഹാര വ്യവസ്ഥക്കാണ് അംഗീകാരമായത്.

യൂറോക്കെതിരെ പൗണ്ടിന്റെ മൂല്യം ഒരു ശതമാനത്തിലേറെ വര്‍ദ്ധിച്ച് 1.1271 യൂറോ നിരക്കിലെത്തി. 2019ല്‍ നടക്കുമായിരുന്ന പ്രതിസന്ധികള്‍ നിറഞ്ഞ ബ്രെക്‌സിറ്റ് ഒഴിവാക്കിക്കൊണ്ടാണ് ഡിവോഴ്‌സ് ബില്ലിന് അംഗീകാരമായത്. ഡിസംബറില്‍ ഇടക്കാല വാണിജ്യ ഉടമ്പടികള്‍ നിലവില്‍ വരാനുള്ള സാധ്യതകളും ഇതോടെ തെളിഞ്ഞു. ഈ വ്യവസ്ഥയനുസരിച്ച് രൂപീരിച്ച രീതിശാസ്ത്രമനുസരിച്ചായിരിക്കും അവസാന ഘട്ടത്തില്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനു അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനുമിടയിലുണ്ടാകാനിടയുള്ള അതിര്‍ത്തി പ്രതിസന്ധി ഏതു വിധത്തില്‍ പരിഹരിക്കാമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. വാണിജ്യ ചര്‍ച്ചകള്‍ക്ക് മുമ്പായി ഈ പ്രശ്‌നവും ഡിവോഴ്‌സ് ബില്‍, യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലുള്ള അവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിരുന്നു. ഡോളറിനും യൂറോയ്ക്കും താഴേക്ക് പോയ പൗണ്ട് ഇപ്പോള്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.