ലണ്ടന്‍: ആറ് തരത്തിലുള്ള ക്യാന്‍സറുകള്‍ ബാധിച്ചവര്‍ 5 വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് പഠനം. ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ അഞ്ച് മടങ്ങ് കുറവാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. മറ്റ് 11 തരം ക്യാന്‍സറുകളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. പാന്‍ക്രിയാസ്, കരള്‍, മസ്തിഷ്‌കം, ശ്വാസകോശം, അന്നനാളം, ഉദരം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളാണ് ഏറ്റവും മാരകം. ഇവ ബാധിച്ചവര്‍ രോഗമുക്തി നേടുന്നതിന്റെ നിരക്കാണ് വിശകലന വിധേയമാക്കിയത്. അഞ്ച് ചാരിറ്റികള്‍ ചേര്‍ന്ന് രൂപീകരിച്ച ലെസ് സര്‍വൈവബിള്‍ ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കിയത്.
ഈ ക്യാന്‍സറുകള്‍ ബാധിച്ചവര്‍ 5 വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കുന്നത് വെറും 14 ശതമാനം മാത്രമാണ്. അതേ സമയം മറ്റുവിധത്തിലുള്ള ്അര്‍ബുദങ്ങള്‍ ബാധിച്ചവരില്‍ 64 ശതമാനം പേര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കാറുണ്ട്. വളരം വിരളവും എന്നാല്‍ മാരകവുമായ ക്യാന്‍സറുകളേക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടക്കാത്തതും ഈ പ്രശ്‌നത്തിന് കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. രോഗം കണ്ടെത്തുന്നതില്‍ നേരിടുന്ന കാലതാമസവും ലക്ഷണങ്ങളേക്കുറിച്ച് ധാരണയില്ലാത്തതും ചികിത്സക്കുള്ള സൗകര്യങ്ങളുടെ കുറവും മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
യുകെയില്‍ ഇത്തരം മാരക ക്യാന്‍സറുകളുടെ പഠനങ്ങള്‍ക്കായി മറ്റ് ക്യാന്‍സറുകളുടെ പഠനത്തിന് അനുവദിച്ചതിന്റെ 17 ശതമാനം തുക മാത്രമാണ് യുകെയില്‍ അടുത്ത കാലത്ത് ലഭിച്ചത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ യുകെ, ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റ്, ബ്രെയിന്‍ ട്യൂമര്‍ ചാരിറ്റി, ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹാര്‍ട്ട്‌ബേണ്‍ കോര്‍ എന്നീ ചാരിറ്റികളാണ് ഈ പഠനത്തിനായി ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്.
ലണ്ടന്‍: ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാന്‍ ശ്രമിച്ച ഉപഭോക്താവിനെ കോസ്റ്റ കോഫി ജീവനക്കാരന്‍ അതിന് അനുവദിച്ചില്ല. വാട്ടര്‍ലൂ സ്റ്റേഷനിലെ ഔട്ട്‌ലെറ്റിലാണ് സംഭവം. ഏഡ്രിയന്‍ പിന്‍സെന്റ് എന്നയാളാണ് ഭിക്ഷക്കാരന് ഒരു സാന്‍ഡ് വിച്ചും സോഫ്റ്റ് ഡ്രിങ്കും വാങ്ങി നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ ഔട്ടലെറ്റിലെ ബാരിസ്റ്റ ഇവ നല്‍കാന്‍ തയ്യാറായില്ലെന്ന് പിന്‍സെന്റ് അറിയിച്ചു. ജീവനക്കാരനുമായുള്ള സംഭാഷണം മൊബൈലില്‍ ചിത്രീകരിച്ചതും പുറത്തു വിട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ താന്‍ പ്രോസിക്യൂട്ട് ചെയ്‌തേക്കാമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
സ്റ്റേഷന്‍ പോളിസികള്‍ക്കു വിരുദ്ധമാണ് ഭിക്ഷക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് ജീവനക്കാരന്‍ പിന്‍സെന്റിനോട് പറയുന്നത്. ഇത് തങ്ങളുടെ നയമല്ലെന്നും സ്‌റ്റേഷന്‍ നിയമങ്ങളു പോലീസും അപ്രകാരമാണ് പറയുന്നതെന്നുമാണ് ജീവനക്കാരന്‍ പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ സ്റ്റേഷനോ അതിന്റെ നടത്തിപ്പുകാരായ തങ്ങള്‍ക്കോ അങ്ങനെ ഒരു നയം ഇല്ലെന്ന് നെറ്റ് വര്‍ക്ക് റെയില്‍ അറിയിച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭിക്ഷക്കാരന് ഭക്ഷണം വാങ്ങി നല്‍കാനാണ് പിന്‍സെന്റ് ശ്രമിക്കുന്നതെന്ന് കോസ്റ്റ കോഫി ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. എന്ത് ഭക്ഷണമാണ് വേണ്ടത് എന്നറിയാന്‍ അയാളെയും പിന്‍സെന്റ് കൂടെ കൊണ്ടുവന്നിരുന്നു. സംഭവം തനിക്ക് വലിയ അപമാനമായെന്ന് പിന്‍സെന്റ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭക്ഷണം വാങ്ങാന്‍ വരുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ നയമല്ലെന്നായിരുന്ന കോസ്റ്റയുടെ ഔദ്യോഗിക വിശദീകരണം. ജീവനക്കാര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാവാമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോഫി ഹൗസ് ചെയിന്‍ ആയ കോസ്റ്റ കോഫി വിശദീകരിച്ചു.
ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന ആസിഡ് ആക്രമണങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ ഇരയായത് പൂര്‍ണ്ണ ഗര്‍ഭിണിയായ സത്രീ. ലണ്ടനില്‍ കഴിഞ്ഞ നാലാം തിയതിയാണ് സംഭവം ഉണ്ടായത്. മൈല്‍ എന്‍ഡില്‍ ബോ റോഡിലൂടെ നടന്നു വരികയായിരുന്ന ദമ്പതികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അതിരാവിലെ നടക്കുകയായിരുന്ന ഇവരെ സമീപിച്ച ഒരാള്‍ ദമ്പതികള്‍ക്കു നേരെ ആഡിഡ് എറിയുകയായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയുടെ വയര്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇവരുടെ വയറിന് പൊള്ളലേറ്റു. പങ്കാളിയുടെ മുഖത്തും പൊള്ളല്‍ ഏറ്റിട്ടുണ്ട്.
ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പൊള്ളലേറ്റ സ്ത്രീയുടെ വയറിനാണ് പരിക്ക്. എന്നാല്‍ മറ്റു സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രോസിക്യൂട്ടര്‍ കവിത താഴ്‌സണ്‍ പറഞ്ഞു. സ്ത്രീയുടെ പങ്കാളിയുടെ മുഖത്താണ് പരിക്കേറ്റത്. ഈ ആക്രമണത്തിനു മുമ്പായി സോമാലി വംശജരുടെ സംഘവുമായി ഇവര്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. മുസ്തഫ അഹമ്മദ് എന്ന 19 കാരനാണ് സംഭവത്തില്‍ പിടിയിലായത്.
ലണ്ടനില്‍ ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പേര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ക്കാണ് പരിക്കേറ്റത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആലോചിക്കുന്നതാണ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് നിരോധിക്കുന്നതും പൊതുസ്ഥലത്ത് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുന്നത് ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് തുല്യമായി കണക്കാക്കുന്നത് അടക്കമുള്ള നിയമനിര്‍മാണങ്ങളാണ് ആലേചിക്കുന്നത്.
ഷിജു ചാക്കോ
യുകെ മലയാളിക്ക് ദുഖകരമായ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് നിത്യതയിലേക്ക് യാത്രയായ ടീന പോളിന് ഇന്നലെ യുകെ മലയാളികള്‍ കണ്ണീരോടെ വിട ചൊല്ലി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീനയുടെ സുഹൃത്തുക്കളും മറ്റ് മലയാളികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളാണ് അവസാനമായി ടീനയെ ഒരു നോക്ക് കാണുന്നതിനായി ഇന്നലെ കാര്‍ഡിഫില്‍ എത്തിച്ചേര്‍ന്നത്. നിറഞ്ഞ പുഞ്ചിരിയുടെയും സൗമ്യമായ പെരുമാറ്റത്തോടെയും രോഗാവസ്ഥയില്‍ പോലും കണ്ടിരുന്ന ടീന കാര്‍ഡിഫ് മലയാളികള്‍ക്ക് എത്ര മാത്രം പ്രിയങ്കരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ടീനയെ കാണാനെത്തിയ ഓരോരുത്തരുടെയും മുഖത്ത് കണ്ട കണ്ണീരിന്‍റെ നനവ്.
രാവിലെ 11.30ന് ക്രമീകരിച്ച പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രാര്‍ത്ഥനയിലും തിരുക്കര്‍മ്മങ്ങളിലും കാര്‍മ്മികരായി വൈദികരായി ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍, ഫാദര്‍ ആംബ്രോസ്, ഫാദര്‍ മാത്യു ചൂരപൊയ്കയില്‍, ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഡീക്കന്‍ ജോസഫ് ഫിലിപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച്ച എമിറേറ്റ്‌സ് ഫ്‌ലൈറ്റില്‍ ടീനയുടെ ഭൗതിക ശരീരം നാലിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച ഇടവക പള്ളിയായ തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ ആണ് ടീനയുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ കാര്‍ഡിഫ് ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായത്. 30 വയസ് മാത്രമായിരുന്നു പ്രായം. 2010ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് കാന്‍സര്‍ രോഗം പിടികൂടിയത്. ആരും പതറി പോകുന്ന അവസ്ഥ ആയിട്ടുകൂടി രോഗത്തോട് പോരാടി 2013ല്‍ പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്ന് 2015 ജനുവരിയില്‍ അങ്കമാലി സ്വദേശി സിജോയെ വിവാഹം ചെയ്തു. 2012 ആണ് ആദ്യമായി ടീനയില്‍ രക്താര്‍ബുദം പിടികൂടിയത്.

ചികിത്സ തുടരുമ്പോഴും മനോധൈര്യത്തോടെ അസുഖത്തോടു പോരാടി എല്ലാവരോടും ചിരിക്കുന്ന പ്രകൃതമായിരുന്നു റ്റീനയ്ക്കെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 2017ല്‍ ആണ് ടീനയ്ക്ക് വീണ്ടും അര്‍ബുദ രോഗം പിടിപെട്ടത്. ടീനയുടെ മാതാവ് അന്ത്യ സമയത്ത് കൂടെ ഉണ്ടായിരുന്നു. പിതാവും സഹോദരിയും യുകെയിലേക്ക് പുറപ്പെടാന്‍ വേണ്ടി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചപ്പോളാണ് ടീനയുടെ മരണം സംഭവിച്ചത്.

ഇന്നലെ നടന്ന ചടങ്ങിലെ ആമുഖ പ്രസംഗത്തില്‍ കാര്‍ഡിഫ്‌സ് പീറ്റേഴ്‌സ് റോമന്‍ കാത്തലിക് പള്ളി വികാരി ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ ടീന പോളിനെ അനുസ്മരിച്ചത് കൂടിയിരുന്ന നൂറുകണക്കിന് ആളുകളുടെ മിഴികള്‍ നിറച്ചു. ബിഷപ്പ് സ്രാമ്പിക്കല്‍ പിതാവ് റ്റീനയെക്കുറിച്ചു പറഞ്ഞത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ടീന ഉറങ്ങുന്നതായിട്ടാണ് തോന്നിയത് എന്നാണ്.
ടീനയുടെ എല്ലാ കാര്യങ്ങളിലും ആദ്യാവസാനം വരെ നിറമനസ്സോടെ ശ്രുശൂഷിച്ച ജോണ്‍ പോളിനെ എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല എന്നാണ് അനുശോചനത്തില്‍ ഓരോരുത്തരും പറഞ്ഞത്. സ്വന്തം മകളുടെ കാര്യങ്ങള്‍ കൂടി മറന്നു കൊണ്ട് ആയിരുന്നു രോഗാവസ്ഥയില്‍ ജോണ്‍ പോളും ഭാര്യയും ടീനയെ ശ്രുശൂഷിച്ചതെന്നു ഫാദര്‍ ജോര്‍ജ് എം പുത്തൂര്‍ പറയുകയുണ്ടായി. ടീനക്ക് അന്ത്യ യാത്ര നല്‍കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഫാദര്‍ ആംബ്രോസ് നന്ദി രേഖപ്പെടുത്തി.
ലണ്ടന്‍: ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത നഴ്‌സിന് ഒന്നര ലക്ഷം പൗണ്ട് പിഴ. ഇന്‍ഡിഗോ പാര്‍ക്ക് സര്‍വീസസ് എന്ന സ്വകാര്യ കമ്പനിക്കാണ് പിഴ നല്‍കേണ്ടത്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്രയും വലിയ തുക ഇവര്‍ക്ക് നല്‍കേണ്ടി വരുന്നത്. കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ നഴ്‌സിനാണ് ഈ പിഴ ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് കാലയളവിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന പാര്‍ക്കിങ്ങില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ ഇവര്‍ സന്ദര്‍ശകര്‍ക്കായുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. 8500 പാര്‍ക്കിംഗ് സ്‌പേസ് ആണ് ആശുപത്രി നല്‍കുന്നത്. അവയില്‍ 1800 എണ്ണം ജീവനക്കാര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. അതായത് ജീവനക്കാര്‍ക്ക് ആവശ്യമായ പാര്‍ക്കിംഗ് സ്‌പേസ് ഇവിടെ ലഭ്യമല്ല. നൂറ് പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസുകള്‍ക്കു മേല്‍ ലഭിച്ച മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് കമ്പനി പരാതി നല്‍കിയത്.
ആശുപത്രിയിലെ 75 ജീവനക്കാരില്‍ ബാക്കിയുള്ളവരെയും കേസില്‍ ഉള്‍പ്പെടുത്തി പിഴ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പാര്‍ക്കിംഗ് ചാര്‍ജിലെ പിഴയായി 39,000 പൗണ്ട് വീതം ആദ്യം അടയ്ക്കാനും 26,000 പൗണ്ട് കോടതിച്ചെലവായി നല്‍കാനും ഒരു ടിക്കറ്റിന് 128 പൗണ്ട് വീതം നല്‍കാനുമാണ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ പിഴ ലഭിച്ച നഴ്‌സിന്റെ പേര് പുറത്തു വിട്ടിട്ടില്ല.
വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനായ സജിയുടെ പേരില്‍ മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ബാലഭവന്റെ ചുമതലക്കാരനായിരുന്നു ഇയാള്‍.
കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു. പീഡനത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കി. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലണ്ടന്‍: ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും യുകെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടുന്നവരുടെ നിരക്ക് യുകെയില്‍ കുറവാണെന്നും മരുന്ന് ഉദ്പാദകരുടെ സംഘടന പറയുന്നു. വന്‍കുടല്‍, ശ്വാസകോശം, സ്തനം, അണ്ഡാശയം, പ്രോസ്‌റ്റേറ്റ്, വൃക്ക എന്നിവയിലുള്‍പ്പെടെ ബാധിക്കുന്ന 10 തരം ക്യാന്‍സറുകൡ 9ല്‍ നിന്നും മോചനം നേടുന്നവരുടെ എണ്ണം യൂറോപ്യന്‍ ശരാശരിയേക്കാള്‍ കുറവാണ്.
ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ നിന്ന് മുക്തി നേടുന്നതില്‍ ഏറ്റവും മോശം പ്രകടിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാമതാണ് യുകെയെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വീഡിഷ് ഗവേഷകര്‍ നല്‍കുന്ന വിവരം അനുസരിച്ച് നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി ചെലവിടുന്ന തുകയുടെ 20 ശതമാനം കുറവാണ് യുകെ ചെലവഴിക്കുന്നത്. ജര്‍മനിയുടെ രോഗമുക്തി നിരക്ക് യുകെ കൈവരിച്ചാല്‍ ക്യാന്‍സര്‍ നിര്‍ണ്ണയം കഴിഞ്ഞ 35,000 രോഗികളെങ്കിലും അതിനു ശേഷം 5 വര്‍ഷത്തോളം ജീവിച്ചിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫ്രാന്‍സിന്റെ ക്യാന്‍സര്‍ മരണ നിരക്ക് യുകെ കൈവരിക്കുകയാണെങ്കില്‍ രോഗബാധിതരായ 1,00,000 സ്ത്രീകളുടെ മരണങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ കഴിയും. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ അവതരിപ്പിക്കപ്പെട്ട ക്യാന്‍സര്‍ മരുന്നുകളില്‍ 10 ശതമാനം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. അതായത് യുകെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പഴയ ക്യാന്‍സര്‍ മരുന്നുകളാണെന്ന് സംഘടന പറയുന്നു.
ലണ്ടന്‍: യുകെയിലെ കാര്‍ ഉടമകള്‍ അടക്കേണ്ടി വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രീമിയം തുക. പോളിസികളുടെ ശരാശരി പ്രീമിയത്തില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 11 ശതമാനം വര്‍ദ്ധനവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്റെ കണക്ക് അനുസരിച്ച് 484 പൗണ്ടായാണ് പ്രീമിയം ഉയര്‍ന്നത്. ആദ്യ പാദത്തിലെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ പ്രീമിയം നിരക്കിനേക്കാള്‍ 48 പൗണ്ട് അധികം കാറുടമകള്‍ക്ക് ഈ വര്‍ഷം അടക്കേണ്ടി വന്നിട്ടുണ്ട്. പ്രായം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്കും പെന്‍ഷനേഴ്‌സിനും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ അടക്കേണ്ടതായും വരുന്നു.
സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 4.8 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്. ആദ്യപാദത്തില്‍ 462 പൗണ്ടായിരുന്ന പ്രീമിയം മൂന്നു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന പ്രീമിയം നിരക്ക് വര്‍ദ്ധിക്കുന്നതിന്റെ ഉയര്‍ന്ന വേഗതയും കാണിക്കുന്നു. വേതനക്കുറവും നാണയപ്പെരുപ്പവും മൂലം സാമ്പത്തിക ഞെരുക്കത്തിലായ യുകെയിലെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കിലെ വര്‍ദ്ധനെന്നും വിലയിരുത്തപ്പെടുന്നു. 2012 മുതലാണ് പ്രീമിയം നിരക്ക് വര്‍ദ്ധന സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് രേഖപ്പെടുത്തിത്തുടങ്ങിയത്. അതില്‍ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നാണയപ്പെരുപ്പത്തേക്കാള്‍ നാലിരട്ടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ വര്‍ദ്ധനവ്. പേഴ്‌സണല്‍ ഇന്‍ജുറി ഡിസ്‌കൗണ്ട് നിരക്കുകള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് നിരക്കുകള്‍ ശരവേഗത്തില്‍ കുതിക്കാന്‍ കാരണമെന്ന് എബിഐ വിശദീകരിക്കുന്നു. അതു മൂലം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ജൂണ്‍ ഒന്ന് മുതല്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.
ലണ്ടന്‍: യുകെയുടെ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായുള്ള സംഘത്തില്‍ ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ ജെറമി കോര്‍ബിനും പങ്കാളിത്തം നല്‍കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ ചുമതലക്കാരന്‍ ഗയ് വെര്‍ഹോഫ്‌സ്റ്റാറ്റ്. തെരഞ്ഞെടുപ്പില്‍ തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടി അവരുടെ ഹാര്‍ഡ് ബ്രെക്‌സിറ്റ് പദ്ധതികള്‍ ജനങ്ങള്‍ നിരസിക്കുന്നതിന്റെ സൂചനയാണെന്നും ഈ ശബ്ദങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പരിഗണിക്കേണ്ടതാണെന്നും മുന്‍ ബെല്‍ജിയം പ്രധാനമന്ത്രികൂടിയായ വെര്‍ഹോഫ്‌സ്റ്റാറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സെല്‍ഫ് ഗോള്‍ ആണെന്ന വിമര്‍ശനവും തെരേസ മേയ്‌ക്കെതിരെ അദ്ദേഹം ഉയര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചകളില്‍ മുഖവിലയ്ക്ക് എടുക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാരിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രെക്‌സിറ്റ് യുകെയിലെ എല്ലാ പൗരന്‍മാരയെന്നതുപോലെ യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരെയും ബാധിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം പോലെയല്ല ഈ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ഭിന്ന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അപ്പോള്‍ തെരഞ്ഞെടുപ്പില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റ് ആശയങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുക്കേണ്ടതായി വരും. മറ്റു പാര്‍ട്ടികളുടെ പ്രതിനിധികളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ലണ്ടന്‍: സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തൊഴില്‍ രഹിതരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പ്രധാന കാരണമാണെന്ന് വിലയിരുത്തല്‍. തൊഴില്‍ രഹിതരിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. അമിത ആകാംക്ഷ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 50 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആനുകൂല്യങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചെന്ന് യുകെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വ്യക്തമാക്കി.
എന്‍എച്ച്എസ് ജിപി രോഗികളില്‍ നിന്ന് തയ്യാറാക്കിയ വിവരങ്ങള്‍ അനുസരിച്ച് 2017 മാര്‍ച്ചില്‍ മാത്രം 15.2 ശതമാനം തൊഴില്‍രഹിതര്‍ തങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2013 ജൂണിലെ കണക്കുകളേക്കാള്‍ 10.1 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണ്ണയിച്ചതും നാണയപ്പെരുപ്പത്തിന്റെ സമയത്ത് ബെനഫിറ്റുകള്‍ മരവിപ്പിച്ചതും ഭിന്നശേഷിക്കാര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും ജനങ്ങളില്‍ സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്.
ബെനഫിറ്റുകള്‍ ഇനിയും കുറയ്ക്കുമെന്നുള്ള ഭീഷണികള്‍ ഈ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിച്ചു. 2016 മുതലാണ് നാല് വര്‍ഷത്തേക്ക് ബെനഫിറ്റുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.