ലണ്ടന്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടും ബ്രിട്ടന്‍ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. 2011 സെപ്റ്റംബര്‍ മുതല്‍ 2015 വരെ യുകെ ബഹ്‌റൈന് 45 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ കൈമാറിയതായാണ് കണക്ക്. അറബ് വസന്തത്തെ അധികൃതര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് പേരെ ജയിലിലും അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനും ബഹ്‌റൈനും തമ്മിലുളള ആയുധ ഇടപാടുകളിലും വന്‍ വര്‍ദ്ധനയുണ്ടായതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു.
ബഹ്‌റൈനില്‍ ഒരു നാവിക ആസ്ഥാനം സ്ഥാപിക്കാനും ബ്രിട്ടന്‍ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതികള്‍ ബഹ്‌റൈനിലെ നികുതി ദായകര്‍ക്ക് ഏറെ സഹായകമാകുമെന്നാണ് ബ്രിട്ടന്റെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സഹായങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. അറബ് വസന്തത്തിന്റെ ഓര്‍മകള്‍ പുതുക്കാന്‍ രാജ്യത്ത് വിവിധ പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു.
മെഷീന്‍ ഗണ്ണുകളും തോക്കുകളും അടക്കമുളള ആയുധങ്ങളാണ് ബഹ്‌റൈന് നല്‍കിയതെന്നും ആയുധ വ്യാപാര വിരുദ്ധ പ്രചാരക സംഘം പറഞ്ഞു. അറബ് വസന്തത്തിന് മൂന്ന് വര്‍ഷം മുമ്പ് വരെ ഇരുരാജ്യങ്ങളും തമ്മിലുളള ആയുധ ഇടപാടുകള്‍ വെറും ആറ് മില്യന്‍ പൗണ്ട് മാത്രമായിരുന്നു. സൗദി അറേബ്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ കവചിത വാഹനങ്ങളും അവര്‍ ബഹ്‌റൈന്റെ സംരക്ഷണത്തിന് വേണ്ടി വിട്ടു നല്‍കിയിരുന്നു. രാജ്യത്ത് ഉയര്‍ന്നു വന്ന ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഇതിലൂടെ ബഹ്‌റൈന്‍ രാജവംശത്തിന് കഴിഞ്ഞു. രാജ്യത്തെ ഷിയാ മുസ്ലീങ്ങളാണ് പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത്. സര്‍ക്കാരിന്റെ പ്രത്യാക്രമണങ്ങളില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ഡോക്ടര്‍മാരെപ്പോലും അധികാരികള്‍ പീഡിപ്പിച്ചു.
സമരം നയിച്ച പലരും ഇന്നും ജയിലിലാണ് ഇവരെ പുറത്തിറക്കണമെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സമരത്തില്‍ പങ്കെടുത്തതിന് ബഹ്‌റൈനില്‍ നിന്ന് നാടുകടത്തിയ ഇസാ ഹൈദര്‍ അലാലി പറഞ്ഞു. തനിക്ക് പഠനത്തിനുളള രണ്ട് വര്‍ഷം നഷ്ടമായി. ഇപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തന്നെപ്പോലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായതായും ഇസ പറഞ്ഞു. 2013ല്‍ അറസ്റ്റ് ചെയ്യപ്പെട്ട താന്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്നാണ് ഇരയായത്. നടക്കാനോ ഇരിക്കാനോ കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു താനെന്നും ഇസ വ്യക്തമാക്കി. കുളിക്കാനോ ഡോക്ടറെ കാണാനോ പോലും അധികൃതര്‍ അനുവദിച്ചില്ല. മൂന്ന് മാസത്തിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടതെന്നും ഈസ വ്യക്തമാക്കി..
കൊച്ചി: ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭരതം, സദയം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത് തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977ല്‍ പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. 15ലേറെ മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ഏറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു.
അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരും കാര്‍ത്ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റെക്കോര്‍ഡും ആനന്ദക്കുട്ടന്റെ പേരിലാണ്. ഒരു വര്‍ഷം 12 സിനിമകള്‍ക്കു വരെ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1954ല്‍ ജനിച്ച അദ്ദേഹം പ്രീഡിഗ്രി പഠനത്തിനു ശേഷം ഛായാഗ്രഹണം പഠിക്കാനായി ചെനൈയിലെത്തി. ഒരു സ്റ്റുഡിയോയില്‍ സഹായിയായാണ് തുടക്കം. പ്രമുഖ ഛായാഗ്രാഹകരായ വിന്‍സെന്റ് മാസ്റ്റര്‍, ജി.കെ. രാമു എന്നിവരുടെ സഹായിയായി പിന്നീട് ചലച്ചിത്രലോകത്തെത്തുകയായിരുന്നു.
ഫാസിലിന്റെ രചനയില്‍ നവോദയ അപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച തീക്കടല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഫാസില്‍-ആനന്ദക്കുട്ടന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് ഫാസിലിന്റെ നിരവധി ചിത്രങ്ങള്‍ക്ക് ആനന്ദക്കുട്ടന്‍ ദൃശ്യങ്ങളൊരുക്കി. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീത. മൂന്നു മക്കളുണ്ട്.
ടോം ജോസ് തടിയംപാട്
ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന കോട്ടയം സംക്രാന്തി സ്വദേശി സാബു തോമസ് പുഴികുന്നേല്‍ (47 വയസ്സ്) ആണ് മരിച്ചത്. കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ആണ് മരണം സംഭവിച്ചത്.
കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാബുവിന്റെ ആരോഗ്യനില അല്‍പം ഭേദമായപ്പോള്‍ സാബുവിന്റെ ആവശ്യപ്രകാരം തന്നെ വീട്ടിലേക്ക് മാറുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.
ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് ജീവിതത്തെ അവസാനമായി സമീപിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സാബു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ഇന്നലെ ആംബുലന്‍സിലേയ്ക്ക് കയറും മുമ്പ് താന്‍ നട്ടു വളര്‍ത്തിയ ചെടികളെയും പൂക്കളെയും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം പ്രകടിപ്പിച്ച സാബുവിനെ ആംബുലന്‍സ് ജീവനക്കാര്‍ അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് സാബുവിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ദീപയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം.
സാബുവിന് മാതാവിനെ കൂടാതെ മൂന്ന് സഹോദരങ്ങളുള്ളത്. പിതാവ് നേരത്തെ നിര്യാതനായിരുന്നു. സാബുവിന്റെ മരണത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. യുകെകെസിഎയുടെ നോര്‍ത്തേണ്‍ അയര്‍ലന്റ് ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സാബു. സാബുവിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സാബുവിന്റെ അന്ത്യാഭിലാഷമനുസരിച്ച് ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോമെര്‍ലി പള്ളിയിലായിരിക്കും സംസ്‌കാരം നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ചെലവ് നോര്‍ത്തണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗം വഹിക്കുമെന്ന് സെക്രട്ടറി ടോമി ജോസഫ് അറിയിച്ചു. സൗദിയിലുള്ള സഹോദരന്‍ എത്തേണ്ടതിനാല്‍ തീയതി പിന്നീട് തീരുമാനിക്കും.
ഫെബ്രുവരി 14ന് നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിന്റെ 15 ാമത് വാര്‍ഷികം നടക്കാനിരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പ്രധാനമായും സ്‌കൂളുകളെ ലക്ഷ്യം വെച്ചാണ് അക്രമങ്ങള്‍.
രാജ്യത്തെ പല എലമെന്ററി സ്‌കൂളുകളിലേയ്ക്കുമുള്ള റോഡുകളില്‍ അക്രമികള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഈ റോഡുകള്‍ തടസപ്പെടുത്തുന്ന രീതിയിലാണ് അക്രമങ്ങള്‍ നടത്തുന്നത്.
വ്യാഴാഴ്ച വടക്കന്‍ ഗവേര്‍ണറ്റിലെ പ്രൈമറി ഗേള്‍സ് സ്‌കൂളിലേയ്ക്കുള്ള വഴിയ്ക്ക് കുറുകെ ചിലര്‍ സ്ഥാപിച്ച കൂര്‍ത്ത മുനകളുള്ള ഇരുമ്പ് ദണ്ഡുകളാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
സാര്‍ എലമെന്ററി സ്‌കൂളിലേയ്ക്കുള്ള വഴിയിലും മുന്‍പ് ഇതേ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലേയ്ക്കുള്ള ഗതാഗതം തടയുകയും, അത് വഴി കുട്ടികളും അദ്ധ്യപകറരും ക്ലാസ്സില്‍ എത്തുന്നത് തടയുകയും ആണ് അക്രമികളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ സ്‌കൂളിനു നേരെ മുന്‍പ് കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളജിലും മലയാ!ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.
1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങള്‍
. ആരെയും ഭാവ ഗായകനാക്കും…
. ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ…
. ഒരു ദലം മാത്രം വിടര്‍ന്നൊരു….
. സാഗരങ്ങളേ….
. നീരാടുവാന്‍ നിളയില്‍….
. മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി….
. ഓര്‍മകളേ കൈവള ചാര്‍ത്തി………
. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍…..
. വാതില്പഴുതിലൂടെന്‍ മുന്നില്‍…..
. ആദിയുഷസന്ധ്യപൂത്തതിവിടെ…
കവിതാ സമാഹാരങ്ങള്‍
പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും!, ഗാനമാല!, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും!, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ
സാഹിത്യമേഖലയിലെ പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1971 (അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ പുരസ്‌കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം.
ചലച്ചിത്രമേഖലയിലെ പുരസ്‌കാരങ്ങള്‍
മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (1989 വൈശാലി)
മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
2008 (ഗുല്‍മോഹര്‍), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), 1986 (നഖക്ഷതങ്ങള്‍), 1984 (അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉള്‍ക്കടല്‍), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം)
മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം 2009 (പഴശ്ശിരാജ)
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഡീബാര്‍ ചെയ്തു. ഇവരെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി എടുത്തത്. എന്നാല്‍ ഇവര്‍ക്ക് ഹോസ്റ്റല്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഇന്നലെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ക്യാംപസില്‍ പൊലീസ് സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസുകാരെ ക്യാംപസില്‍ നിന്നും ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം വിദ്യാര്‍ഥികള്‍ക്ക് എതിരെയുളള നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധവും അരങ്ങേറുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചത്. ഇതിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചത്.
ലണ്ടന്‍: ലോകത്തെ മൂന്നില്‍ രണ്ട് ശതമാനം ജനങ്ങളും വര്‍ഷത്തില്‍ ഒരുമാസമെങ്കിലും കൊടിയ ജലദൗര്‍ലഭ്യം അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകം നേരിടുന്ന കൊടും ഭീഷണിയാണിതെന്നും പഠനം സൂചിപ്പിക്കുന്നു. നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ് കുടിവെളള പ്രശ്‌നം. അഞ്ഞൂറ് ദശലക്ഷം ജനതയ്ക്ക് എല്ലാവര്‍ഷവും മഴ മൂലം ലഭിക്കുന്ന വെളളത്തിന്റെ ഇരട്ടിയോളം ആവശ്യമുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴുന്നത് ഇവരെ കടുത്ത പ്രതിസന്ധിയിലേക്ക് തളളി വിടുന്നു. ഇന്ത്യയിലും ചൈനയിലുമാണ് വളരെ ദുര്‍ബലമായ കുടിവെളള സ്രോതസുകള്‍ ഉളളത്. പശ്ചിമ മധ്യ അമേരിക്കയിലും ആസ്‌ട്രേലിയയിലും ലണ്ടന്‍ നഗരത്തിലും സ്ഥിതി ഏതാണ്ട് സമാനമാണ്. ജനസംഖ്യാ വര്‍ദ്ധനയും വെളളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
അടുത്ത പതിറ്റാണ്ടില്‍ ജനങ്ങളെയും സമ്പദ്ഘടനയെയും ബാധിക്കുന്ന മൂന്ന് വെല്ലുവിളികളില്‍ പ്രധാനം ജലദൗര്‍ലഭ്യമാണെന്ന് ലോകസാമ്പത്തിക ഫോറം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും അഭയാര്‍ത്ഥി പ്രശ്‌നവുമാണ് മറ്റ് രണ്ട് വെല്ലുവിളികള്‍. സിറിയ പോലുളള രാജ്യങ്ങളില്‍ ഇവ മൂന്നും ഒന്നിച്ച് തന്നെ സംഭവിക്കുന്നു. 2007 മുതല്‍ 2010 വരെയുണ്ടായ കാലാവസ്ഥാ വ്യതിയാനം കടുത്ത വരള്‍ച്ചയിലേക്ക് ലോകത്തെ നയിച്ചു. ഇതോടെ കാര്‍ഷിക മേഖല തകരാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കര്‍ഷകര്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് പലായനം ചെയ്യാനും ആരംഭിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിച്ചാല്‍ പ്രമുഖ സ്ഥാനം വെളളമില്ലായ്മയ്ക്കാണ് പ്രഥമ സ്ഥാനമെന്ന് കാണാനാകും.
യെമനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത യാഥാര്‍ത്ഥ്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്‌സിലെ ട്വെന്റെ സര്‍വകലാശാലയിലെ പ്രൊഫ.അര്‍ജന്‍ ഹൊക്‌സ്ത്ര പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ യെമനിലെ വെളളം മുഴുവന്‍ തീരും. പാകിസ്ഥാന്‍, ഇറാന്‍, മെക്‌സികോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെയും വലിയ താമസമില്ലാതെ തന്നെ ജലസ്രോതസുകള്‍ അപ്രത്യക്ഷമാകും. ആസ്‌ട്രേലിയയിലെ മുറെ-ഡാര്‍ലിംഗ് തടത്തിലും ജലനിരപ്പ് താഴുകയാണ്. വന്‍ നഗരമായ ലണ്ടനിലും വെളളം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ദ ജേണല്‍ സയന്‍സ് അഡ്വാന്‍സസില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ആഗോള ജലദൗര്‍ലഭ്യത്തെ മാസാടിസ്ഥാനത്തില്‍ ഒരു പഠനം വിശകലനം ചെയ്യുന്നത്. 1996 മുതല്‍ 2005 വരെയുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പുനഃസ്ഥാപിക്കപ്പെടുന്ന വെളളത്തേക്കാള്‍ രണ്ട് മടങ്ങ് ഉപയോഗം വര്‍ദ്ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 1.8 ബില്യന്‍ ജനതയ്ക്ക് ആറ് മാസവും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു.
കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെളളം ഉപയോഗിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണവും വേണം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യശീലങ്ങളും ജലദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വരുമാനമുളളവര്‍ കൂടുതല്‍ മാംസം കഴിക്കുന്നുണ്ട്. ഒരു കിലോ ബീഫ് തയാറാക്കണമെങ്കില്‍ 15,000 ലിറ്റര്‍ വെളളം വേണമെന്നും പഠനം പറയുന്നു. മനുഷ്യരുടെ മറ്റൊരു പ്രധാന ഭക്ഷ്യവിഭവമായ മത്സ്യങ്ങള്‍ക്കും ജലം ആവശ്യമാണ്.
ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളത്തിന്റെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് കുറയ്ക്കാനുളള മാര്‍ഗങ്ങളും ആവിഷ്‌ക്കരിക്കണം. ജല സുസ്ഥിരത ഓരോ കമ്പനികളും തങ്ങളുടെ നയരൂപവത്ക്കരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
ലണ്ടന്‍: ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന നിര്‍ദേശത്തിന് ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേരുടെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ പ്രശ്‌നം പാര്‍ലമെന്റ് ചര്‍ച്ച ചെയ്‌തേക്കുമെന്ന് സൂചന. ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ പുതിയ കരാറുകള്‍ ഏകപക്ഷീയമായി നടപ്പാക്കാനുളള ഹണ്ടിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുളളത്. ഡോക്ടര്‍മാരുടെ അഭിപ്രായം തേടാതെയാണ് ഹണ്ട് ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നത്തില്‍ മതിയായ ചര്‍ച്ചകളും ഉണ്ടായിട്ടില്ല.
പാരാമെഡിക്കല്‍ ജീവനക്കാരെ വെറും ആംബുലന്‍സ് ഡ്രൈവര്‍മാരായി വിശേഷിപ്പിച്ചതും ഹണ്ടിനെതിരേ രോഷമുയരാന്‍ കാരണമായിട്ടുണ്ട്. ദീര്‍ഘകാലത്തിന് ശേഷം എന്‍എച്ച്എസില്‍ ഒരു സമരമുണ്ടാകാന്‍ കാരണം ഹണ്ടിന്റെ നടപടികളാണെന്ന വിമര്‍ശനവും ഉയരുന്നു. ഹണ്ട് എന്‍എച്ച്എസിലെ എല്ലാ ജീവനക്കാരുടെയും ആത്മവിശ്വാസം കെടുത്തുകയാണ്. ഇതിന് പുറമെ ഹണ്ടിന്റെ നിലപാടുകള്‍ പുതിയ ജീവനക്കാരുടെ നിയമനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഒരുലക്ഷത്തിലേറെ പിന്തുണ ലഭിക്കുന്ന എല്ലാ പരാതികളും പാര്‍ലമെന്റ് പരിഗണിക്കാറുണ്ട്. ഇക്കാര്യവും പതിനൊന്നംഗ പാര്‍ലമെന്റ് സമിതി പരിഗണിക്കും. ഇതേതുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രശ്‌നം ചര്‍ച്ചക്ക് വരുമെന്നും സൂചനയുണ്ട്.
പുതിയ കരാര്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതോടെ ആരോഗ്യമേഖലയിലെ അസ്ഥിരത അവസാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഹണ്ട് പറഞ്ഞത്. പുതിയ കരാറിനെതിരെ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലാണ്. ഡോക്ടര്‍മാര്‍ ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരുന്നത് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. പുതിയ കരാര്‍ അനുസരിച്ച് വാരാന്ത്യങ്ങളിലും ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന അധിക വേതനം ഇതിന് ലഭിക്കുകയുമില്ല.
ബിന്‍സു ജോണ്‍
യുക്മ വെയില്‌സ് റിജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെയില്‍സിലുള്ള മലയാളികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലേഖന മത്സരം, പെന്‍സില്‍ ഡ്രോയിംഗ് ആന്‍റ് കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യം നടത്തുന്നത് ലേഖന മത്സരമാണ്. ‘ആധുനിക ജീവിതത്തില്‍ സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം’ എന്ന വിഷയത്തില്‍ ആണ് ലേഖന മത്സരം സംഘടിപ്പിക്കുന്നത്. ലേഖന മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ലേഖന മത്സരത്തിന്‍റെ നിബന്ധനകള്‍ താഴെ കൊടുത്തിരിക്കുന്നു,
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 07912874607, 07841463255 എന്നീ മൊബൈല്‍ നമ്പരുകളില്‍ വിളിച്ച് നേരിട്ടോ, secretaryuukmawales @gmail .com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ഇമെയില്‍ പിഡിഎഫ് ഫയല്‍ ആയോ, ജെപിജി ഫയല്‍ ആയോ അയയ്ക്കണം. നാട്ടിലും പ്രവാസ ലോകത്തുമുള്ള പ്രശസ്തരായ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ ജഡ്ജിംഗ് പാനലായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
യുക്മ റിജിയണല്‍ കമ്മിറ്റി ഒക്ടോബറില്‍ നടത്തുന്ന പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലേഖന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് മൊമെന്റോയും പ്രശസ്തി പത്രവും കൂടാതെ ആകര്‍ഷകമായ പാരിതോഷികവും നല്‍കും. യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍, നാഷണല്‍ കമ്മറ്റിയംഗം സിബി പറപ്പള്ളി, വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍ തുടങ്ങിയവര്‍ മത്സര സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കും
നഗാല: അഭയാര്‍ത്ഥി ക്യാമ്പില്‍ ബോക്കോ ഹറാം നടത്താന്‍ തീരുമാനിച്ച ആക്രമണത്തില്‍ നിന്ന് കൗമാരക്കാരിയായ ചാവേര്‍ അവസാന നിമിഷം പിന്‍വാങ്ങി. അരയില്‍ ബന്ധിച്ചിരുന്ന ബോംബുകള്‍ ഊരിയെറിഞ്ഞ് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നൈജീരിയയിലെ ദിക്വാ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്‌ഫോടനം നടത്തി. സംഭവത്തില്‍ അമ്പത്തെട്ട് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടത്താന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ പിന്നീട് പ്രാദേശിക സേന കസ്റ്റഡിയിലെടുത്തു. ബോക്കോ ഹറാം ആസൂത്രണം ചെയ്തിട്ടുളള മറ്റ് ബോംബാക്രമണങ്ങളുടെ വിവരങ്ങള്‍ ഈ പെണ്‍കുട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
താന്‍ ആളുകളെ കൊല്ലാന്‍ പോകുകയാണെന്ന് മനസിലായതോടെ പെണ്‍കുട്ടി ഭയന്നതായി അവളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തന്നെ ക്യാംപിലെത്തിച്ചയാളുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവള്‍ക്കു ഭയമുണ്ടായിരുന്നു. മാസങ്ങളായി ഭീകരര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍പ്പെട്ടവളാണ് ഈ പെണ്‍കുട്ടി. താന്‍ ചെയ്ത കാര്യങ്ങള്‍ പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് വിവരിച്ചു. തന്റെ നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ സംഭവിക്കാവുന്ന ദുരന്തം അവളെ സങ്കടപ്പെടുത്തുന്നുമുണ്ട്.
അവരുടെ നിര്‍ദേശം അനുസരിച്ചെങ്കില്‍ സ്വന്തം പിതാവിനെ ഉള്‍പ്പെടെയുളളവരെ താന്‍ കൊല്ലേണ്ടി വരുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ദൗത്യത്തില്‍ നിന്ന് പിന്‍മാറാന്‍ കൂട്ടത്തിലുണ്ടായിരുന്നവരോടും താന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവരുടെ മനസ് മാറ്റാന്‍ തനിക്കായില്ല. താന്‍ വലിച്ചെറിഞ്ഞ ബോംബുകളും പെണ്‍കുട്ടി സൈനികര്‍ക്ക് കാട്ടിക്കൊടുത്തു. ആറ് വര്‍ഷമായി ബോക്കോഹറാം നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 20,000 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഇരുപത്തഞ്ച് ലക്ഷം പേര്‍ക്ക് വിടു,കളും നഷ്ടമായി.