Main News

ടോമിച്ചന്‍ കൊഴുവനാല്‍
വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭ്യമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളെയെല്ലാം കടത്തി വെട്ടി അതിഗംഭീരമായി മാറി . അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതീക്ഷിച്ചതിലും വലിയ ഒരു ജന പങ്കാളിത്തം ആയിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടിക്ക് . കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയും പുതിയ ഭരണ സമിതിയും സംയുക്തമായി നടത്തിയ ആഘോഷ പരിപാടി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു . നേപ്പാള്‍ കമ്മ്യുണിറ്റിയുടെ പ്രതിനിധി രാജ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തി . മുന് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് ക്രിസ്തുമസ് കേക്ക് മുറിച്ച് , കേക്കും വൈനും അംഗങ്ങള്‍ക്ക് പങ്കു വച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി .

woking2

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സുഹാസ് ഹൈദ്രോസിന്‍റെയും , വൈസ് പ്രസിഡന്റ് ബിനു തോമസ്, ട്രഷറര്‍ സ്മൃതി ജോര്‍ജ് , ജോയിന്റ് സെക്രട്ടറി ബിന്‍സി അരുണ്‍ , ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അമ്പിളി സോണി  മറ്റു ഭാരവാഹികള്‍ എന്നിവരുടെ കരവിരുതില്‍ സമയ ബന്ധിതമായി സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തത യാര്‍ന്ന കലാ പരിപാടികള്‍ ആയിരുന്നു ആഘോഷ പരിപാടിയില്‍ ശ്രദ്ധേയമായി മാറിയത് . ആഘോഷ വേദിയില്‍ ഈശ്വര പ്രാര്‍ത്ഥന മുതല്‍ അവസാനം അവതരിപ്പിച്ച കരോള്‍ ഗാനം വരെ എല്ലാ പരിപാടികളും നിലക്കാത്ത കയ്യടിയോടെയാണ് അംഗങ്ങള്‍ ഏറ്റുവാങ്ങിയത് .

woking3

‘സീക്രട്ട് സാന്ത ‘ പരിപാടിയില്‍ പങ്കെടുത്ത എഴുപതിലധികം കുട്ടികള്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്ന പുതുമയാര്‍ന്ന പരിപാടിയും,വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും , കൂടാതെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയുമായിരുന്നു ആഘോഷ പരിപാടിയിലെ മുഖ്യ ആകര്‍ഷണ കേന്ദ്രം . അസോസിയേഷന്‍റെ ഈ വര്ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ നന്ദി അറിയിച്ചു .

woking4

woking5

woking6

മണമ്പൂര്‍ സുരേഷ്
ലണ്ടന്‍: ഈ വര്‍ഷത്തെ ബ്രിട്ടനിലെ ദേശീയ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ സൗത്ത് ക്രോയ്ഡനില്‍ താമസിക്കുന്ന പ്രതിഭ രാംസിങ്ങിനു (46) ലഭിച്ചു. ഇന്ത്യയിലെ പത്മ വിഭൂഷന്‍, പത്മ ഭൂഷന്‍, പത്മശ്രീ തുടങ്ങിയ അവാര്‍ഡുകള്‍ക്ക് തുല്യമായ അവാര്‍ഡാണ് OBE. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് പ്രതിഭ.

ഡിപാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സില്‍ ഡിസ്ട്രിക്റ്റ് ഒപറേഷന്‍സ് മാനേജര്‍ ആയി സേവനം അനുഷ്ഠിക്കുന്ന പ്രതിഭ ലണ്ടന്‍ നഗരത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്ന് വരുന്ന മനുഷ്യരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതു പരിഗണിച്ചാണ് ദേശീയ പുരസ്‌കാരം നല്‍കിയത്.

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി വിശ്വപ്രകാശില്‍ കെ. വിശ്വംഭരന്റെയും ദമയന്തിയുടെയും മകളായ പ്രതിഭ മൂന്ന് വയസു മുതല്‍ ലണ്ടനിലാണ് വളര്‍ന്നതും പഠിച്ചതും. കൊല്ലം പാലസ് വാര്‍ഡില്‍ പത്മ ഭവനിലെ രാംസിങ്ങാണ് ഭര്‍ത്താവ്.

ലണ്ടന്റെ തെക്ക് ഭാഗത്തുള്ള സൗത്ത് ക്രോയ്ഡനിലാണ് താമസം. മക്കള്‍ അനീഷ, അരുണ്‍. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിയതു കൊണ്ട് തന്നെ ഓര്‍ഡര്‍ ഒഫ് ദി ബ്രിട്ടീഷ് എമ്പയര്‍ എന്ന പേരില്‍ (OBE) ഈ അവാര്‍ഡ് ഇപ്പോഴും തുടരുന്നു.

ഇംഫാല്‍: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഇന്ന് പുലര്‍ച്ചെ അനുഭവപ്പെട്ട ഭൂചലനത്തില്‍ അഞ്ചു മരണം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന് പടിഞ്ഞാറായി ഭൂമിയ്ക്കടിയില്‍ 57 കിലോമീറ്റര്‍ ഉളളിലായാണ് ചലനമുണ്ടായത്. മ്യാന്‍മര്‍ അതിര്‍ത്തിയിലാണിത്.
മിക്കവരും ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലമുണ്ടായത്. പല വീടുകളുടെയും മേല്‍ക്കൂരകളും പടിക്കെട്ടുകളും തകര്‍ന്നു. ഇംഫാലിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന സംശയമുണ്ട്. എന്നാല്‍ എത്ര പേര്‍ ഇവിടെയുണ്ടായിരുന്നെന്ന് കാര്യം വ്യക്തമല്ല. മിക്കവരും തങ്ങളുടെ വീട് വിട്ട് ഓടിപ്പോയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്.

സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകരും പരാതിപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. 1176 കിലോമീറ്റര്‍ അകലെയുളള മ്യാന്‍മറിലെ യാന്‍ഗോണില്‍ വരെ പ്രകമ്പനമുണ്ടായാതായി അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലണ്ടന്‍: ലോകത്ത് വിമാനയാത്ര സുരക്ഷിതമല്ലാതാകുന്നുവെന്ന് സൂചന. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 900 വിമാനയാത്രക്കാരാണ് കൊല്ലപ്പെട്ടത്. വിമാനദുരന്തങ്ങളിലേറെയും സംഭവിച്ചത് സുരക്ഷാ പിഴവുകള്‍ കാരണമാണെന്ന് ഡച്ച് സുരക്ഷാ കണ്‍സള്‍ട്ടന്‍സിയായ ടു70 വ്യക്തമാക്കി. രണ്ട് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എംഎച്ച് 370യുടെ തിരോധാനത്തെക്കുറിച്ച് ഇനിയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഉക്രൈയിന് മുകളില്‍ വച്ച് എംഎച്ച് 17 വെടിവച്ചിടപ്പെട്ടു. ഇക്കൊല്ലം ജര്‍മന്‍ വിമാനം ആല്‍പ്‌സിന് മുകളില്‍ തകര്‍ന്ന് വീണതും സിനായ് പ്രവിശ്യയിലെ മെട്രോ ജെറ്റ് ദുരന്തവും മരണസംഖ്യ ഉയര്‍ത്തി.
വിമാനപകടങ്ങളിലേറെയും സംഭവിക്കുന്നത് യാത്രക്കാരുടെ അനാവശ്യ ഇടപെടലുകള്‍ മൂലമാണെന്ന് ടു70യിലെ ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ്രിയാന്‍ യങ് പറഞ്ഞു. ഇത് ലോകവ്യാപകമായി തന്നെ തടയപ്പെടണം. എയല്‍ലൈന്‍ ജീവനക്കാര്‍ വിമാനത്താവളത്തിനുളളില്‍ കടക്കുന്ന വഴികളാണ് ആശങ്ക ഉയര്‍ത്തുന്നത്. ആരൊക്കെ എന്തിനൊക്കെ അകത്തേക്ക് പോകുന്നു എന്ന് പരിശോധിക്കാന്‍ പല വിമാനത്താവളങ്ങളിലും ഏറെ ദുര്‍ബലമായ സംവിധാനങ്ങളാണുളളത്. ഷറം അല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോയ മെട്രോ ജെറ്റിലെ 224 പേരുടെ ജീവനെടുത്തത് ഭീകരരുടെ ഒരു ബോംബാക്രമണമാണ്. എന്നാല്‍ ഒരു സ്‌ഫോടകവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് ഈജിപ്ഷ്യന്‍ അന്വേഷണസംഘത്തിന്റെ വിശദീകരണം.

ബോംബ് സ്ഥാപിച്ചതിന് തെളിവുകള്‍ ലഭിച്ചതായി റഷ്യ അവകാശപ്പെടുന്നു. അതി ശക്തമായ സ്‌ഫോടകവസ്തുവാണ് വിമാനം തകര്‍ത്തതെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി ഇന്റര്‍നാഷണലിന്റെ എഡിറ്റര്‍ ഫിലിപ്പ് ബാം പറയുന്നു. യാത്ര പുറപ്പെടും മുമ്പ് തന്നെ വിമാനത്തിനുളളില്‍ ബോംബ് സ്ഥാപിച്ചതായാണ് ബ്രിട്ടന്‍ കണ്ടെത്തിയിട്ടുളളത്. ഈജിപ്തിലേക്കുളള മുഴുവന്‍ വിമാന സര്‍വീസുകളും ബ്രിട്ടന്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല.

സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ വേട്ടയാടലിന് നിലവിലുള്ള വിലക്കുകള്‍ മറികടന്ന് വന്‍തോതിലുള്ള ചെന്നായ് വേട്ട ആരംഭിച്ചു. മധ്യ സ്വീഡനില്‍ നിന്നുളള വേട്ടക്കാരാണ് വന്‍ തോതില്‍ ചെന്നായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. പെറ്റുപെരുകിയ ഇവയുടെ എണ്ണം കുറച്ച് വന്യജീവികളെ സംരക്ഷിക്കുന്നതിനായാണ് ഈ നടപടി. ഈ മാസം രണ്ട് മുതല്‍ ഇവയെ കൊല്ലാനുളള താത്ക്കാലിക ലൈസന്‍സ് രാജ്യത്തെ പരമോന്നത കോടതി നല്‍കിയിട്ടുണ്ട്. അടുത്ത മാസം പതിനഞ്ച് വരെയാണ് ഇവയെ കൊല്ലാന്‍ അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ ചില മൃഗസംരക്ഷക പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പ്രാദേശിക കോടതികള്‍ ചെന്നായ വേട്ടയെ താത്ക്കാലികകമായി നിരോധിച്ചിരുന്നു. എന്നാല്‍ മറ്റ് കോടതികള്‍ ചെന്നായ വേട്ടയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്ത് 400 ചെന്നായകളുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ കണക്കുകള്‍. നിയന്ത്രിത വേട്ടയിലൂടെ ഇവയുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. 1970കളില്‍ രാജ്യത്ത് വംശനാശഭീഷണി നേരിട്ട ജീവി വര്‍ഗമാണിത്. പിന്നീട് ഇവയ്ക്ക് വംശവര്‍ദ്ധനയുണ്ടായി. ഇപ്പോള്‍ അനുവദിച്ചിട്ടുളള സമയപരിധിയ്ക്കിടെ പതിനാല് ചെന്നായ്ക്കളെ കൊല്ലാം. 46 എണ്ണത്തെക്കൊല്ലാനാണ് അനുമതി തേടിയിരുന്നത്. നാട്ടുമ്പുറങ്ങളില്‍ കായിക മത്സരങ്ങള്‍ക്കായുള്ള മൃഗങ്ങളെയും വേട്ട നായ്ക്കളെയും ഇവ ഉപദ്രവിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ചെന്നായ്ക്കളെ കൊല്ലാനുളള സ്വീഡന്റെ തീരുമാനം 2011ല്‍ യൂറോപ്യന്‍ കമ്മീഷനെ ചൊടിപ്പിച്ചിരുന്നു.

ചെന്നായ് അടക്കമുളള വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍ ഇപ്പോള്‍ ചെന്നായ്ക്കളെ കൊല്ലാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണം അതെന്ന് നിര്‍ദേശമുണ്ട്. 2011ല്‍ സ്വീഡന്‍ തങ്ങള്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കമ്മീഷന് ആക്ഷേപമുണ്ട്. ഒരു ചെന്നായയെ കൊല്ലുന്നതിനുളള ശരിയായ പാരിസ്ഥിതിക തന്ത്രം മുന്നോട്ട് വയ്ക്കാനും സ്വീഡനായില്ല. സ്വീഡനിലെ ചെന്നായകളുടെ എണ്ണം വളരെ ചെറുതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും വംശവര്‍ദ്ധനയും ഇവയ്ക്ക് ഭീഷണിയാകുന്നു.

ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീണ്ടും ഇന്ധന വില മത്സരം മുറുകുന്നു. മോറിസണ്‍ ഡീസല്‍ വില ഒരു പൗണ്ടിനും താഴെയായി കുറച്ചു. ആറ് വര്‍ഷത്തിനിടെ ആദ്യമാണ് മോറിസണില്‍ ഡീസല്‍ വില ഒരു പൗണ്ടിനും താഴെയെത്തുന്നത്. അസ്ദയും ടെസ്‌കോയും ഇന്ന് വിലകുറച്ചേക്കുമെന്ന് സൂചനയുണ്ട്. പുതുവര്‍ഷത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത്രയും വില കുറച്ച് ഡീസല്‍ നല്‍കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് അസ്ദയുടെ സീനിയര്‍ പെട്രോള്‍ ഡയറക്ടര്‍ ആന്‍ഡി പീക്ക് പ്രതികരിച്ചത്. ഈ രംഗത്ത് വഴികാട്ടാന്‍ കഴിഞ്ഞതിലുളള ചാരിതാര്‍ത്ഥ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഇതൊരു നല്ല വാര്‍ത്തയാണെന്ന് സെയിന്‍സ്ബറി തലവന്‍ അവിഷായ് മൂര്‍ പറഞ്ഞു. ഏതായാലും 2016 ഇവര്‍ക്ക് നല്ലൊരു തുടക്കമാകും. വാഹനമുടമകളുടെ ബജറ്റിനും ഇത് ഏറെ പ്രയോജനകരമാകും.
ആര്‍എസി വിലകുറയ്ക്കലിനെ സ്വാഗതം ചെയ്തു. എന്ത് കൊണ്ടാണ് ഇത് വ്യാപകമായ തോതിലുളള ഒരു വിലപേശലിന് വഴി വയ്ക്കാത്തതെന്ന ചോദ്യവും ആര്‍എസി ഉയര്‍ത്തുന്നു.

വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഈ തീരുമാനത്തെ തീര്‍ച്ചയായും വാഹന ഉടമകള്‍ സ്വാഗതം ചെയ്യും. ഈ നടപടി എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഡീലര്‍മാരും പിന്തുടരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ ഫലം കിട്ടുന്ന എല്ലാവരും ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ദമാസ്‌കസ്: അഞ്ച് ബ്രിട്ടീഷ് ചാരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു. സിറിയയിലെ ഐസിസിനെതിരെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്തുന്ന പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. റഖയിലുളള ഐസിസിന്റെ മാധ്യമസംഘമാണ് വീഡിയോ പുറത്ത് വിട്ടത്. ഓറഞ്ച് നിറത്തിലുളള ജമ്പ് സ്യൂട്ടാണ് ഇവര്‍ അണിഞ്ഞിട്ടുളളത്. ബ്രിട്ടന്റെ സുരക്ഷാസേവനങ്ങളുടെ ഭാഗമായി ചാരപ്രവൃത്തി നടത്തിയതില്‍ ഇവര്‍ കുറ്റസമ്മതം നടത്തുന്നതായും ദൃശ്യങ്ങളിലുണ്ട്.
പിന്നീട് ഇവര്‍ മുട്ടുകുത്തി നില്‍ക്കുന്നതും ഇതില്‍ കാണാം. പത്ത് മിനിറ്റോളം ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുളളത്. ഇവരെ ബ്രിട്ടന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്ന് ഒരു തീവ്രവാദി ബ്രിട്ടീഷ് ചുവയുളള ഇംഗ്ലീഷില്‍ പറയുന്നു. ചാരന്‍മാര്‍ ബ്രിട്ടീഷ് പൗരന്‍മാരല്ലെന്നാണ് സൂചന. ബ്രിട്ടന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് ഇവരെ വധിച്ചത്. ബ്രിട്ടന് വേണ്ടി ഇവര്‍ റഖയില്‍ നിന്ന് ഫോട്ടോകളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്റലിജന്‍സ് വഴി ബ്രിട്ടീഷ് സൈനികര്‍ക്ക് കൈമാറിയെന്നും ഐസിസിന്റെ മാധ്യമ വിദഗ്ദ്ധന്‍ പറയുന്നു.

ഇത് ഡേവിഡ് കാമറൂണിനുളള മുന്നറിയിപ്പാണെന്നും മുഖം മൂടി ധരിച്ച ഒരു തോക്കുധാരി പറയുന്നുണ്ട്. കാമറൂണിനെ ദുര്‍ബലനെന്നും വൈറ്റ് ഹൗസിന്റെ അടിമയെന്നുമാണ് അയാള്‍ വിശേഷിപ്പിച്ചത്. ഒരിക്കല്‍ നിങ്ങളുടെ രാജ്യം ഞങ്ങള്‍ കയ്യേറുമെന്നും ബ്രിട്ടീഷ് ജനതയോട് ഐസിസ് പറയുന്നു. അവിടെ ഞങ്ങള്‍ ശരിയ നിയമം നടപ്പാക്കും. മുന്‍ പ്രധാനമന്ത്രിമാരായ ഗോര്‍ഡന്‍ ബ്രൗണിനോടും ടോണി ബ്ലയറിനോടും താരതമ്യം ചെയ്യുമ്പോള്‍ കാമറൂണ്‍ ധിക്കാരിയും വിഡ്ഢിയും ആണെന്നും ഭീകരര്‍ ഈ ദൃശ്യങ്ങളില്‍ വിലയിരുത്തുന്നു.

ഇറാഖിലെയും അഫ്ഗാനിലെയും പോലെ ഈ യുദ്ധത്തിലും നിങ്ങള്‍ തോല്‍ക്കുമെന്നും അവര്‍ പറയുന്നു. അടുത്ത കൊലപാതക സൂചനകള്‍ നല്‍കിക്കൊണ്ടാണ് ഈ ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. തീവ്രവാദികളുടെ വേശഷത്തില്‍ നില്‍ക്കുന്ന ഒ രു കുട്ടിയേക്കൊണ്ട് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ അവിശ്വാസികളെ കൊല്ലുമെന്ന് പറയിക്കുകയും ചെയ്യുന്നുണ്ട്. ഇറാഖ് നഗരമായ റമാദി നഷ്ടപ്പെട്ട ശേഷം ഐസിസ് ധാരാളം പ്രചാരണ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നുണ്ടെന്ന് മധ്യപൂര്‍വ്വ ദേശങ്ങളിലെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദൃശ്യങ്ങളെക്കുറിച്ച് ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല.

ലണ്ടന്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം ലഭിക്കുന്നതിന് ബ്രിട്ടന്‍ വഹിച്ച പങ്കിനെക്കുറിച്ച് വ്യക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി 47 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സൗദി അറേബ്യയുടെ നടപടി വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇരുരാജ്യങ്ങളുടെയും അംഗത്വം ഉറപ്പാക്കാനായി ബ്രിട്ടന്‍ സൗദിയുമായി രഹസ്യമായി വോട്ട് കച്ചവടം നടത്തിയതായി കഴിഞ്ഞ വര്‍ഷം വിക്കീലീക്‌സ് പുറത്ത് വിട്ടു നയതന്ത്ര കേബിളുകള്‍ സൂചിപ്പിക്കുന്നു. 2013 നവംബറില്‍ നടന്ന വോട്ടെടുപ്പിലാണ് ഇത് സംബന്ധിച്ച ഇടപാടുകള്‍ നടന്നതെന്ന് ദ ആസ്‌ട്രേലിയന്‍ എന്ന പത്രവും റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ വാര്‍ത്തയോട് ബ്രിട്ടന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് 47 അംഗ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇരുരാജ്യങ്ങളും ഇടം പിടിക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കണ്ടില്ലെന്ന് നടിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈയാഴ്ച പ്രമുഖ ഷിയ പുരോഹിതനായ നിമര്‍ അല്‍ നിമര്‍ അടക്കമുളളവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കണമെന്ന് രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുളളത്. സൗദി അറേബ്യയിലെ കൂട്ടക്കുരുതിയുടെ സാഹചര്യത്തില്‍ മനുഷ്യാവകാശ കൗണ്‍സിലിലെ സൗദി അംഗത്വം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് നതാലി ബെന്നറ്റ് പറയുന്നു.

വീക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കൂടാതെ സൗദിയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം പരിശോധിക്കാതെ ഇവരെ പിന്തുണച്ച ബ്രിട്ടീഷ് നടപടിയെക്കുറിച്ചും അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് പൊതുജനസമക്ഷം വയ്ക്കണമെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യയിലേക്കുളള ആയുധ കയറ്റുമതി ഉടനവസാനിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഏറെ ദുര്‍ബലമായ നയതന്ത്ര പ്രതികരണങ്ങള്‍ ശക്തമാക്കണം.

സൗദി അറേബ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന്‍ പിന്തുണച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താനുളള ശരിയായ സമയം ഇതാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ പറയുന്നു. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍, അത് നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളോട് കാട്ടിയ അനാദരവാണെന്നും അദ്ദേഹം പറയുന്നു. നമ്മുടെ സഖ്യരാജ്യങ്ങളോട് ശക്തമായ നിലപാടുകള്‍ തന്നെ സ്വീകരിക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ പൊറുക്കാനാകില്ലെന്ന കാര്യം വ്യക്തമായി അറിയിക്കണം. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് മനുഷ്യാവകാശത്തിന് ഉപരിയായി എന്തെങ്കിലും ലാഭം ഉണ്ടായിട്ടുണ്ടാകുമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സൗദിയില്‍ നടന്ന കൂട്ട വധശിക്ഷകള്‍ക്കെതിരെ രാജ്യാന്തര സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ബ്രിട്ടന്റെ ഭാഗത്ത് നിന്ന് നാമമാത്രമായ പ്രതികരണം മാത്രമാണ് ഉണ്ടായിട്ടുളളത്. ഏത് രാജ്യമായാലും വധശിക്ഷയെ തങ്ങള്‍ എല്ലാ സാഹചര്യത്തിലും എതിര്‍ക്കുന്നുവെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുളളത്. മനുഷ്യവര്‍ഗത്തിന്റെ അന്തസിനെ ഹനിക്കുന്ന നടപടിയാണിത്. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ബ്രിട്ടന്‍ പ്രതികരിച്ചു.

സ്വന്തം ലേഖകന്‍
തൃശൂര്‍ : ആം ആദ്മി പാര്‍ട്ടി കേരളത്തിന്റെ പുതിയ അമരക്കാരനായി പ്രമുഖ എഴുത്തുക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ സി. ആര്‍. നീലകണ്ഠനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിയാണ് ഈക്കാര്യം പ്രഖ്യാപിച്ചത്.

തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ 1957 ഏപ്രില്‍ 2 ന്‌ സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച സി. ആര്‍. നീലകണ്ഠന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. എസ്.എഫ്.ഐ യുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നിട്ടുണ്ട്. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി. 1983 ല്‍ അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ ജോലിയില്‍ ചേര്‍ന്ന സി. ആര്‍. നീലകണ്ഠന്‍ അവിടുത്തെ ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ പദവി വഹിച്ചു.

പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സി. ആര്‍. നീലകണ്ഠന്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങള്‍ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.

ഒരു കാലത്ത് സി. പി. എം ന്റെ സഹയാത്രികനായിരുന്ന സി ആര്‍ നീലകണ്ഠന്‍, അവരുടെ പരിസ്ഥിതി – ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ഇടപെട്ടു കൊണ്ടിരിക്കുകയും, സമരക്കാരുമായും സമാനസംഘടനകളുമായും സജീവമായി സഹകരിച്ചുവരികയും ചെയ്തിരുന്നു. 2014 ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന സി. ആര്‍. നീലകണ്ഠന്‍ സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാക്കുവാന്‍ സ്ഥാപിച്ച മിഷന്‍ വിസ്താര്‍ കാലാവധി പൂര്‍ത്തിയാവുകയും അതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം രാജി കേരളത്തിന്റെ ചുമതല വഹിക്കുന്ന സോമനാഥ് ഭാരതിക്ക് നല്‍കുകയും ചെയ്തിരുന്നു. കേരളത്തിലെ കണ്‍വീനര്‍ ആയിരുന്ന ശ്രീമതി സാറാ ജോസഫ്‌ ശ്രീ സി. ആര്‍. നീലകണ്ഠന്റെ പേര് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലെ വളണ്ടിയര്‍മാരുമായി നടന്ന ഗൂഗിള്‍ ഹാങ്ങ്‌ ഔട്ടിന് ശേഷം സോമനാഥ് ഭാരതി പുതിയ കണ്‍വീനറായി സി. ആര്‍. നീലകണ്ഠനെ പ്രഖ്യാപിക്കുകയുമായിരുന്നു.

 

പൂണെ: ഐസിസില്‍ ചേരാന്‍ ഇന്ത്യയില്‍ നിന്ന് ഒരു കൗമാരക്കാരി ഐസിസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചുപോയി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സിറാജുദ്ദീന്‍ അറസ്റ്റിലായപ്പോഴാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വിവരം പുറത്ത് വന്നത്. എന്തായാലും ആ പതിനേഴുകാരിയുടെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടില്ല. മറിച്ച്, ആ കുട്ടിയെ കൗണ്‍സിലിങ്ങിനും യഥാര്‍ത്ഥ മത ഉപദേശങ്ങള്‍ക്കും വിധേയയാക്കുകയായിരുന്നു. അതിപ്പോള്‍ ഗുണം ചെയ്തു എന്ന് വേണം കരുതാന്‍. എങ്ങനെയാണ് തന്നെ ഐസിസ് വലയിലാക്കാന്‍ ശ്രമിച്ചതെന്ന് ആ പെണ്‍കുട്ടി തന്നെ പറയുന്നു.
2015 ഏപ്രിലിനും ആഗസ്റ്റിനും ഇടയിലുള്ള കാലം. കോളേജില്‍ ചേരുന്നതിന് മുമ്പുള്ള ചെറിയ ഇടവേള. ഈ സമയത്താണ് അവള്‍ ഐസിസിനെ കുറിച്ച് കൗതുകത്തോടെ അന്വേഷിയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ഐസിസിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിയ്ക്കാനും വായിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് ആളുകള്‍ ഐസിസിനെ പിന്തുണയ്ക്കുന്നത് എന്ന് അന്വേഷിച്ചു.

ഇസ്ലാം മതം അനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെ? ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ? അന്വേഷണം തുടര്‍ന്നപ്പോള്‍ കിട്ടിയത് ഇത്തരം വിവരങ്ങളാണ്.
പിന്നീട് ഫേസ്ബുക്കിലെത്തി. അതിന് ശേഷമാണ് ഐസിസുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളില്‍ എത്തിപ്പെടുന്നത്. ഇതോടെ വസ്ത്രധാരണ രീതിയെല്ലാം മാറി. പര്‍ദ്ദ ഉപയോഗിയ്ക്കാന്‍ തുടങ്ങി.

ഓണ്‍ലൈനിലെ ഐസിസ് ഗ്രൂപ്പുകളില്‍ ഇവളായിരുന്നു ഏറ്റവും ചെറുപ്പം. അതുകൊണ്ട് തന്നെ എല്ലാവരും തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. 24 മണിക്കൂറും ഓണ്‍ലൈനില്‍ എന്ന അവസ്ഥയിലെത്തി. മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാം എന്നായിരുന്നു ഐസിസിന്റെ ഭാഗത്ത് നിന്നുള്ള വാഗ്ദാനം. പരിക്കേല്‍ക്കുന്ന പോരാളികളെ ചികിത്സിയ്ക്കാനും പരിചരിയ്ക്കാനും വേണ്ടിയാണിത്.

ഭീകര വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ആദ്യം ശരിയ്ക്കും ഭയന്നുപോയി. പക്ഷേ അവരോടിപ്പോള്‍ നന്ദിയാണുള്ളത്. ഐസിസിന്റെ കറുത്ത കരങ്ങളില്‍ നിന്ന് രക്ഷിച്ചത് അവരാണ്. മത പണ്ഡിതര്‍ തനിയ്ക്ക് സത്യമെന്താണന്ന് ബോധ്യപ്പെടുത്തിത്തന്നു. ഇതിന് സഹായിച്ചത് ഭീകര വിരുദ്ധ സേനയാണ്.

ഇത് തന്നെ സംബന്ധിച്ച് ഒരു പുതിയ ജീവിതമാണ്. ഐസിസിന്റെ ചതിക്കുഴികളില്‍ വീഴുന്നവരെ തിരികെ മാറ്റിയെടുക്കാന്‍ സഹായിക്കാമെന്ന് തീവ്രവാദ വിരുദ്ധ സേനയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്

RECENT POSTS
Copyright © . All rights reserved