ലണ്ടന്‍: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദത്തില്‍ പ്രധാനമന്ത്രി തെരേസ മേയെ ഉത്തരമം മുട്ടിച്ച് ഭിന്നശേഷിക്കാരിയായ യുവതി. ഒന്നര വര്‍ഷമായി എന്‍എച്ച്എസിന്റെ കൗണ്‍സലിംഗ് കാത്തിരിപ്പു പട്ടികയില്‍ തുടരുകയാണ് താനെന്ന് ഭാഗികമായി അന്ധയും മാനസിക പ്രശ്‌നങ്ങളുമുള്ള യുവതി തെരേസ മേയോട് പറഞ്ഞു. ഫിറ്റ്‌നസ് ടു വര്‍ക്ക് പരിശോധനയില്‍ ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ച് തന്നെ അപമാനിച്ചെന്നും തന്റെ കാഴ്ച പരിശോധിക്കാന്‍ അവര്‍ വിട്ടുപോയെന്നും യുവതി പറഞ്ഞു.
മാനസികരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ എന്‍എച്ച്എസ് പൂര്‍ണ്ണ പരാജയമാണെന്ന വാദമാണ് യുവതി ഉയര്‍ത്തിയത്. 2015 അവസാനമാണ് താന്‍ കൗണ്‍സലിംഗിനായി അപേക്ഷിച്ചത്. അടുത്ത ചൊവ്വാഴ്ചയാണ് തനിക്ക് ആദ്യമായി ലഭിച്ച അപ്പോയിന്റ്‌മെന്റ് എന്നും യുവതി വെളിപ്പെടുത്തി. ഒന്നര വര്‍ഷമായി ഇതിനു വേണ്ടി താന്‍ കാത്തിരിക്കുകയാണ്. ഇക്കാലയളവില്‍ തന്റെ തൊഴില്‍ ശേഷി പരിശോധനയുടെ ഫലം മൂലം ഏറെ ബുദ്ധിമുട്ടിയെന്നും അവര്‍ പറഞ്ഞു. ഭാഗികമായേ തനിക്ക് കാഴ്ചശക്തിയുള്ളു, മാനസികമായി പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്. താടിയെല്ലിന് തകരാറുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്.
തൊഴില്‍ ശേഷി പരിശോധിക്കാന്‍ എത്തിയ തന്നോട് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് നഴ്‌സ് ചോദിച്ചത്. നഴ്‌സിന്റെ ഈ വിധത്തിലുള്ള പെരുമാറ്റം മൂലം കരഞ്ഞുകൊണ്ടാണ് താന്‍ പുറത്തുവന്നത്. തന്റെ കാഴ്ച പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന നഴ്‌സ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ താനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മാനസികരോഗ ചികിത്സയില്‍ നാം ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്നും മാത്രമായിരുന്നു തെരേസ മേയുടെ പ്രതികരണം.
ലണ്ടന്‍: ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ജൂണ്‍ 16 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കാനാണ് തീരുമാനം. യുണൈറ്റ് യൂണിയന്‍ അംഗങ്ങളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഐടി തകരാറ് മൂലം യാത്രാതടസമുണ്ടായ എയര്‍ലൈന് സമരം കനത്ത നഷ്ടമായിരിക്കും സമ്മാനിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. സാങ്കേതികത്തകരാറ് മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ 75,000 യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
പോവര്‍ട്ടി പേ വിഷയത്തില്‍ മുമ്പ് സമരം ചെയ്ത ജീവനക്കാര്‍ക്ക് ചില വിലക്കുകള്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. സമരത്തേത്തുടര്‍ന്ന് കമ്പനി ജീവനക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നടപടികള്‍ തുടരുകയായിരുന്നു. കഴിഞ്ഞ സമരകാലത്ത് മറ്റ് സര്‍വീസുകളില്‍ നിന്ന വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തും ഫ്‌ളൈറ്റുകള്‍ സംയോജിപ്പിച്ചും യാത്രക്കാരെ ലക്ഷ്യങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ തകരാറ് മൂലമുണ്ടായ പ്രതിസന്ധി പോലെയുള്ള പ്രശ്‌നങ്ങള്‍ സമരം മൂലമുണ്ടാകില്ലെന്നും കമ്പനി പറയുന്നു.
ഐടി തകരാറിന്റെ കാരണം കമ്പനി അന്വേഷിച്ച് വരികയാണ്. മെയിന്റനന്‍സ് ജീവനക്കാരന്‍ അബദ്ധത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് കാരണമെന്ന് വിവരമുണ്ടെങ്കിലും കമ്പനിയുടെ ഡേറ്റ സെന്ററിന്റെ വൈദ്യുതി വിതരണം കൈകാര്യം ചെയ്യുന്ന കരാര്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. തകരാറിന് കാരണമെന്തെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു എന്നാണ് വിവരം.
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതാവായ ലിയോ വരാഡ്കര്‍ ആണ് പുതിയ പ്രധാനമന്ത്രി. 38കാരനായ വരാഡ്കറിന്റെ പിതാവ് മുംബൈയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് കുടിയേറിയയാളും അമ്മ അയര്‍ലന്‍ഡ്കാരിയുമാണ്. പ്രധാനമന്ത്രിയായിരുന്ന എന്‍ഡകെന്നി രാജിവെച്ച ഒഴിവിലാണ് വരാഡ്കര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ കരസ്ഥമാക്കിയ വരാഡ്കര്‍ പ്രഖ്യാപിത സ്വവര്‍ഗ പ്രേമി കൂടിയാണ്.
നിലവിലെ മന്ത്രിസഭയില്‍ ക്ഷേമകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടുകള്‍ നേടിയതോടെയാണ് വരാഡ്കര്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരിസ്ഥിതി മന്ത്രിയായ സൈമണ്‍ കോവെനിയെയാണ് വരാഡ്കര്‍ പരാജയപ്പെടുത്തിയത്. വരുന്ന 13-ാം തിയതി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
2007ലാണ് പാര്‍ലമെന്റംഗമായി വരാഡ്കര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ മൂന്ന് ക്യാബിനറ്റ് ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1960 മുതല്‍ എല്ലാ പ്രധാനമന്ത്രിമാരും ധനകാര്യം, വിദേശകാര്യം എന്നിവയിലേതെങ്കിലും ചുമതലകള്‍ വഹിച്ചിരുന്നു. വരാഡ്കറുടെ മുന്‍ഗാമിയായ കെന്നിയാണ് ഈ പതിവ് തെറ്റിച്ചത്. 2015ലാണ് വരാഡ്കര്‍ സ്വവര്‍ഗ പ്രേമിയാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. സ്വവര്‍ഗ വിവാഹം ആദ്യമായി നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലന്‍ഡ്.
ബിനോയി ജോസഫ്
നന്മയുടെ പുസ്തകത്തിൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കപ്പെടും.. കാരുണ്യത്തിന്റെ നീരുറവ വറ്റാത്ത യുവതലമുറയുടെ പ്രതീകങ്ങളായി, ജനമനസുകളുടെ സ്നേഹസാന്ത്വനമായി അവർ മാറുകയാണ്.. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏവർക്കും മാതൃകയാവുകയാണ് യുകെയിലെ മലയാളി ദമ്പതികളായ ബിജു ചാക്കോയും ലീനുമോളും. പൂർണ പിന്തുണയുമായി ബിജുവിൻറെ അമ്മയും സഹോദരൻ ബിജോയിയും സഹോദരിമാരുമുണ്ട്. ഓർമ്മകളിൽ മാത്രം ജീവിക്കുന്ന പ്രിയപ്പെട്ട അച്ചാച്ചൻറെ സ്മരണയിൽ ലിങ്കൺ ഷയറിലെ ഗ്രിംസ്ബിയിൽ താമസിക്കുന്ന ബിജു ചാക്കോയും പത്നി ലീനു മോളുമാണ് പാവപ്പെട്ടവർക്കായി ഭവനങ്ങൾ ഒരുക്കുന്നത്. കോട്ടയം മാഞ്ഞൂരിലാണ് നാടിൻറെ ഉത്സവമായി മാറുന്ന ഈ ജീവകാരുണ്യ സംരംഭം ഫലപ്രാപ്തിയിലെത്തുന്നത്. ലോകത്തിനു മുഴുവൻ മാതൃകയാവുന്ന ഈ സുമനസുകളെ അനുഗ്രഹാശിസുകൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കൾ.

ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് സുരക്ഷിതമായുറങ്ങാൻ ഒരു കൊച്ചു ഭവനം സമ്മാനമായി നല്കാൻ കഴിഞ്ഞതിൽ ദൈവത്തോടു നന്ദി പറയുകയാണ് ബിജു ചാക്കോയും ലീനുമോളും. ബിജുവിൻറെ പിതാവ് എം.കെ ചാക്കോ മൂശാരിപറമ്പിലിൻറെ ഓർമ്മയ്ക്കായി, അദ്ദേഹത്തിൻറെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് കോട്ടയം മാഞ്ഞൂർ പഞ്ചായത്തിൽ ഈ സ്നേഹഭവനങ്ങൾ ഒരുങ്ങുന്നത്. മക്കൾ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കാൻ ബിജുവിൻറെ അമ്മ മറിയാമ്മ ചാക്കോ സന്തോഷത്തോടെ മുന്നിൽ തന്നെയുണ്ട്. ഭവന നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് മറിയാമ്മ ചാക്കോ.
പതിനാറ് വർഷങ്ങൾക്കു മുൻപാണ് ബിജുവും ലീനുമോളും യുകെയിലേയ്ക്ക് കുടിയേറിയത്. 2001 ൽ യുകെയിൽ എത്തിയ ഇരുവരും ബി എസ് സി നഴ്സുമാരാണ്. ഇവർക്ക് നാല് ആൺകുട്ടികൾ ഉണ്ട്. ഇയർ 7 ൽ പഠിക്കുന്ന ജെയ്ക്ക്, ഇയർ 5 ൽ പഠിക്കുന്ന ജൂഡ്, ഇയർ 3 ൽ പഠിക്കുന്ന എറിക് പിന്നെ നഴ്സറി വിദ്യാർത്ഥിയായ ഏബൽ. നഴ്സിംഗ് ജോലിയോടൊപ്പം യു കെയിൽ ചെറിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട ഇവർ പടിപടിയായി വിവിധ ബിസിനസ് മേഖലകളിൽ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ഡുറം വിൻഗേറ്റിലുള്ള ഡിവൈൻ കെയർ സെന്റർ ഇവരുടെ ഉടമസ്ഥതയിലുള്ള എൽബാ ഹെൽത്ത് കെയറിൻറെ ഭാഗമാണ്. യുകെയിൽ റീറ്റെയിൽ ബിസിനസ് ആരംഭിച്ച ധാരാളം മലയാളികൾക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്. യുകെയിലെ ക്നാനായ സഭയുടെ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ബിജുവും കുടുംബവും. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇവർക്ക് യുകെയിലും പുറത്തും വളരെ വലിയ ഒരു സുഹൃദ് വലയവുമുണ്ട്. കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്ന ബിജുവും ലീനുമോളും യുകെയിലെ മിക്ക ഇവന്റുകളിലും നിറസാന്നിധ്യമാണ്.

പാവപ്പെട്ടവരോട് എന്നും അനുകമ്പയോടെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്ന തൻറെ പിതാവിൻറെ പ്രവർത്തന മാതൃകയാണ്, പാവപ്പെട്ടവർക്ക് സൗജന്യ ഭവനപദ്ധതി എന്ന ആശയത്തിലേക്ക് തന്നെ നയിച്ചത് എന്ന് ബിജു ചാക്കോ പറഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, ചാമക്കാല സെന്റ് ജോൺസ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം പരേതനായ എം.കെ ചാക്കോ മൂശാരിപറമ്പിൽ കാഴ്ച വച്ചിട്ടുണ്ട്. ബിജുവിൻറെ സഹോദരൻ ബിജോയി ചാക്കോയും കുടുംബവും അമേരിക്കയിലാണ്. സഹോദരിമാരായ മിനിയും മേഴ്സിയും യുകെയിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി സിസ്റ്റർ ഫ്രാൻസി മോനിപ്പള്ളി എം.യു. എം ഹോസ്പിറ്റലിൻറെ അഡ്മിനിസ്ട്രേറ്റർ ആണ്.
ജൂൺ 11 ന് എം.കെ ചാക്കോ അനുസ്മരണവും ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനവും നടക്കും. രാവിലെ 10 മണിക്ക് ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻറെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീടുകളുടെ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും. ചാമക്കാല ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറ സമ്മേളനത്തിൽ സ്വാഗതമാശംസിക്കും. മോൻസ് ജോസഫ് എം.എൽ.എ, പി.കെ ബിജു എം.പി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കിൽ എന്നിവർ പ്രസംഗിക്കും. ബിജു ചാക്കോ നന്ദി പ്രകാശനം നടത്തും.
യുകെ മലയാളികൾക്കെല്ലാം മാതൃകയായി മാറുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന ബിജു ചാക്കോയ്ക്കും ലീനുമോൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
യുകെയിൽ പുതിയ കെട്ടിടം പണിയാനുളള ഒരുക്കത്തിലാണ് ഗൂഗിൾ. കെട്ടിടത്തിന്റെ രൂപരേഖ കാംഡെൻ കൗൺസിലിനു മുൻപാകെ ഗൂഗിൾ സമർപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുളളത്.

മൂന്നു ലൈനിലുളള സ്വിമ്മിങ് പൂൾ, മസാജ് മുറികൾ, വ്യായാമം ചെയ്യാനുളള മുറികൾ, ബാസ്കറ്റ്ബോൾ, സോക്കർ, ബാഡ്മിന്റൻ എന്നിവ കളിക്കാനായി പ്രത്യേക സ്ഥലങ്ങൾ, സ്റ്റെയർകേസിൽനിന്നും കളിക്കാൻ താൽപര്യമില്ലാത്തവർക്ക് കളി കാണാനുളള സൗകര്യം തുടങ്ങി വലിയ സൗകര്യങ്ങളാണ് ജോലിക്കാർക്കായി ഗൂഗിൾ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. കിങ്സ് ക്രോസിലെ നിലവിലെ കമ്പനിയോട് ചേർന്ന് ഒരു മില്യൻ സ്ക്വയർ ഫീറ്റിലായിരിക്കും കെട്ടിടം നിർമിക്കുക.

കെട്ടിടത്തിന്റെ മേൽക്കൂര പൂന്തോട്ടം കൊണ്ടായിരിക്കും മറയ്ക്കുക. 300 മീറ്റർ നീളമാണ് പൂന്തോട്ടത്തിന് ഉണ്ടായിരിക്കുക. ഇതിനുപുറമേ ഓടാനുളള ട്രാക്കും വിശ്രമിക്കാനുളള സ്ഥലങ്ങളും ഭാഗികമായി പൂക്കളാൽ നിറയ്ക്കും. ഒരുകൂട്ടം പ്രശസ്തരായ ആർക്കിടെക്കുകളെയും ഡിസൈനർമാരെയും ആണ് ലണ്ടനിലെ ഓഫിസ് നിർമാണത്തിന് ഗൂഗിൾ ചുതമലപ്പെടുത്തിയിരിക്കുന്നത്. കാലിഫോർണിയയിൽ കമ്പനിയുടെ ഓഫിസ് നിർമാണത്തിൽ പങ്കാളിയായ തോമസ് ഹെതർവിക്കും ഇക്കൂട്ടത്തിലുണ്ട്.

10 നിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാവുക. 7,000 ത്തോളം ജീവനക്കാരായിരിക്കും ഈ ഓഫിസിൽ ജോലി ചെയ്യുക. കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷത്തോടെ തുടങ്ങും.

മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റര്‍: മലയാളം യുകെ ഓണ്‍ ലൈന്‍ ന്യൂസ് പേപ്പര്‍ ആദ്യമായി നടത്തിയ എക്സല്‍ അവാര്‍ഡ് നൈറ്റ് വന്‍ വിജയമായി മാറിയപ്പോള്‍ അതിന് കാരണക്കാരായ ഒരു കൂട്ടം നിസ്വാര്‍ഥരായ സംഘാടകരെ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളേയും നേരിട്ട് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും മെഹര്‍ സെന്ററിലേയ്ക്ക് ഒഴുകിയെത്തിയ എല്ലാ കലാസ്നേഹികള്‍ക്കും മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളാണ് ഈ അവാര്‍ഡ് നൈറ്റ് വിജയത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. അതോടൊപ്പം നീണ്ട പരിശീലനങ്ങള്‍ക്ക് ശേഷം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിച്ച ഓരോ കലാകാരന്മാര്‍ക്കും, അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും മലയാളം യുകെയുടെ വന്ദനം.
ഏതൊരു കലാസന്ധ്യയും വിജയിക്കുന്നത് കഠിനാധ്വാനികളായ ഒരു കൂട്ടം സന്മനസ്സുകളുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരിക്കും എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നൈറ്റിന് ഇത്രവലിയ വിജയം സമ്മാനിച്ചതിന്റെ പിന്നിലും ഇതേപോലെ ഒരു കൂട്ടം സന്മനസ്സുകള്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയാണെന്ന് തുറന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.


ഏറ്റവും അധികം നന്ദി പറയേണ്ടത് ലെസ്റ്റര്‍ കേരള കമ്മൂണിറ്റി എന്ന മഹത്തായ സംഘടനയോടാണ്. ആദ്യം മുതല്‍ അവസാനം വരെ ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി എല്‍ കെ സി സ്വീകരിച്ച നിലപാടുകളാണ് ഈ കലാസന്ധ്യയെ ഇത്രയും മനോഹരമാക്കിയത്. ആത്മാര്‍ത്ഥയുള്ള ഒരു കൂട്ടം കുടുംബങ്ങള്‍ ഈ അവാര്‍ഡ് നൈറ്റിനെ സ്വന്തം കുടുംബ പരിപാടിപോലെ ഏറ്റെടുത്തപ്പോള്‍ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ വിജയം ഉറപ്പായിരുന്നു. തലേദിവസം മുതല്‍ അവാര്‍ഡ് നൈറ്റിന്റെ അവസാനം വരെ മെഹര്‍ കമ്മൂണിറ്റി സെന്ററിന്റെ മുക്കും മൂലയും എല്‍ കെ സിയുടെ കഴിവുറ്റ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അജയ് പെരുമ്പലത്തിന്റെയും, രാജേഷ് ജോസഫിന്റെയും, ടെല്‍സ്മോന്‍ തോമസിന്‍റെയും, ജോസ് തോമസിന്റെയും, സോണി ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജ് എടത്വായുടെയും നേതൃത്വത്തില്‍ അനേകം കുടുംബങ്ങള്‍ ആണ് ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി അക്ഷീണം പ്രയഗ്നിച്ചത്.



പ്രൌഡിയേറിയ ഓഡിറ്റോറിയം, രണ്ടായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങള്‍, മനോഹരമായി തയ്യാറാക്കിയ സ്റ്റേജ്, കലാഭവന്‍ നൈസ്സും, സോണി ജോര്‍ജ്ജും അണിയിച്ചൊരുക്കിയ നിലവാരമുള്ള കലാവിരുന്നുകള്‍, മിതമായ നിരക്കില്‍ സ്വാദേറിയ ഭക്ഷണം, മാഗ്നാവിഷന്‍ ടി വി ചാനലിലൂടെ തല്‍സമയ സംപ്രക്ഷണം, ലണ്ടന്‍ മലയാളം റേഡിയോയിലൂടെ തല്‍സമയ സംപ്രക്ഷണം, മികവാര്‍ന്ന ലൈറ്റ് ആന്റ് സൌണ്ട് സിസ്റ്റം, ആവശ്യത്തിലധികം പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഇതെല്ലാം ഇക്കഴിഞ്ഞ അവാര്‍ഡ് നൈറ്റിലെ പ്രത്യേകതകള്‍ ആയിരുന്നു..

ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി ആദ്യ ആലോചനകള്‍ മുതല്‍ അവസാനം വരെ എല്ലാവിധ നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ സഹായിച്ച സോണി ജോര്‍ജ്ജ്, സ്റ്റാന്‍ലി തോമസ്സ്, റോബി മേക്കര, മോനി ഷിജോ, കുശാല്‍ സ്റ്റാന്‍ലി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
അവാര്‍ഡ് നൈറ്റ് വിജയകരമാക്കുവാന്‍ കുടുംബസുഹൃത്തിനെപ്പോലെ ഞങ്ങള്‍ക്ക് സഹായിയായിരുന്ന സ്റ്റാന്‍ലി തോമസ്സിനെയും കുടുംബത്തെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റില്‍ സ്റ്റാന്‍ലി തോമസ് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
https://www.facebook.com/stanly.thomas.374/posts/1326731687382666?pnref=story

യുകെ മലയാളികളുടെ സ്വന്തമായ ബിറ്റിഎം ഫോട്ടോഗ്രാഫി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ബിറ്റിഎം ഫോട്ടോഗ്രാഫിക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളി പകര്‍ത്തിയ വര്‍ണ്ണ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ അവതാരകരായ ജോഷി വാലയില്‍, മരിയ, എലിസ എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയിലെ കൂറ്റന്‍ എല്‍ഇഡി വാളില്‍ സാങ്കേതിക തികവോടെ പശ്ചാത്തല ചിത്രങ്ങളും വീഡിയോയും ഒരുക്കിയ ജെയിംസ് ജോണ്‍, എബിസന്‍, ഷൈന്‍, ഫെര്‍ണാണ്ടസ് തുടങ്ങിയവരും ഒക്കെ ഈ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണ വിജയമാകാന്‍ കാരണക്കാരായവര്‍ ആണ്. ഈ അവാര്‍ഡ് നൈറ്റിനെ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ നല്ല യുകെ മലയാളികള്‍ക്കും മലയാളം യുകെയുടെ നന്ദി ,,, നന്ദി,, നന്ദി,,,

ജോജി തോമസ്
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ എല്ലാവരും എഴുതിത്തള്ളിയിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ യഥാര്‍ത്ഥ താരമായി മാറുകയാണ്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ ബാധ്യതയായി വിലയിരുത്തിയിരുന്ന ജെറമി കോര്‍ബിന്റെ നേതൃത്വമാണ് ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പിനെ ഇപ്പോള്‍ പ്രചനാതീതവും, ഒരുപക്ഷെ ഒരു തൂക്കു പാര്‍ലമെന്റിന്റെ സാധ്യതകളിലേയ്ക്കും നയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ പോള്‍ അനുസരിച്ച് കണ്‍സര്‍വേറ്റീവുകള്‍ക്ക് ലേബറിന്റെ മേലുള്ള മുന്‍തൂക്കം 3 ശതമാനം മാത്രമാണ്.
ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജെറമി കോര്‍ബിന്റെ ജനപ്രീതി തന്നെയായിരുന്നു. എന്നാല്‍ ഒരു രാത്രി വെളുത്തപ്പോള്‍ ബ്രിട്ടണിലെ ഏറ്റവും ജനകീയനായ നേതാവായി ജെറമി കോര്‍ബിന്‍ മാറിയിരിക്കുകയാണ്. ജെറമി കോര്‍ബിനെ ശരിയായി വിലയിരുത്തുന്നതില്‍ ആദ്യമായല്ല ബ്രിട്ടീഷ് രാഷ്ട്രീയം പരാജയപ്പെടുന്നത്. 2015-ല്‍ ആദ്യമായി ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോഴും കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റിനു ശേഷം ലേബര്‍ പാര്‍ട്ടിയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ സമയത്തുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.
തിരിച്ചടികളില്‍ പിടിച്ചുനില്‍ക്കാനും തിരിച്ചുവരവിനുമുള്ള കോര്‍ബിന്റെ കഴിവ് അത്ഭുതാവഹമാണ്. സ്വന്തം നേതൃത്വത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്ന ലേബര്‍ പാര്‍ട്ടിയെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ജെറോമി കോര്‍ബിന്‍ തെരഞ്ഞെടുപ്പിന്റെ മുഖ്യധാരയിലെത്തിച്ചത്.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ബി.സി സംവാദത്തില്‍ നിന്ന് വിട്ടുനിന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായി. തെരേസ മേയ്ക്ക് പകരം ടോറികളെ പ്രതിനിധാനം ചെയ്ത്, ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് ആണ് ബി.ബി.സി. സംഘടിപ്പിച്ച ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍ സംവാദത്തില്‍ പങ്കെടുക്കവെ ജെറമി കോര്‍ബിന്‍ പണം കായ്ക്കുന്ന അത്ഭുതമരത്തിലാണ് വിശ്വസിക്കുന്നതെന്ന് ആംബര്‍ റൂഡ് കുറ്റപ്പെടുത്തി.
ഇലക്ഷന്‍ ദിനം അടുക്കുന്തോറും ടോറികളുടെ ലീഡ് കുറഞ്ഞുവരുന്നത് കണ്‍സര്‍വേറ്റീവ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ ലേബറിന്റെ മേല്‍ ടോറികള്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം 18 ശതമാനം ആയിരുന്നു. അതാണ് ചുരുങ്ങി മൂന്ന് ശതമാനമായിരിക്കുന്നത്. എന്തായാലും ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പ്രവചനാതീത സ്വഭാവം കൈവരിച്ചിരിക്കുകയാണ്. ജെറമി കോര്‍ബിന്‍ കറുത്ത കുതിരയാകുമോ അതോ തെരേസ മേയുടെ കണക്കുക്കൂട്ടലുകള്‍ ശരിയാകുമോ എന്ന് അറിയാന്‍ ഇനിയും അധികം കാത്തിരിക്കേണ്ടി വരില്ല.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീക്ക് ബോധം വന്നപ്പോള്‍ അറിയാനായത് തന്റെ എട്ട് വയസുള്ള മകളുടെ മരണ വാര്‍ത്ത. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എട്ട് വയസുകാരിയായ സാഫി റൂസോസ്. ലാന്‍കാഷയറിലെ ലെയ്‌ലാന്‍ഡില്‍ നിന്നുള്ള സാഫി തന്റെ അമ്മ ലിസ, മൂത്ത സഹോദരി ആഷ്‌ലീ ബ്രോംവിച്ച് എന്നിവര്‍ക്കൊപ്പമാണ് അരിയായ ഗ്രാന്‍ഡേയുടെ സംഗീത പരിപാടി കാണാന്‍ പോയത്. ലിസയെയും ആഷ്‌ലിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലാണ് ലിസയെ ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ട അവരെ കാത്തിരുന്നത് മകളുടെ ദുരന്തത്തിന്റെ വാര്‍ത്തയായിരുന്നു. ലെയ്‌ലാന്‍ഡ് മെമ്മറീസ് എന്ന ഫേസ്ബുക്ക് പേജില്‍ ഇവരുടെ കുടുംബ സുഹൃത്തായ മൈക്ക് സ്വാനിയാണ് ഈ വിവരം പങ്കുവെച്ചത്. ലിസ റൂസോസ് ഇപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ആശുപത്രിയില്‍ തന്നെ തുടരുന്ന ലിസയ്ക്ക് ഇപ്പോള്‍ കാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് സ്വാനി ലാന്‍കാഷയര്‍ ഈവനിംഗ് പോസ്റ്റിനോട് പറഞ്ഞു. സാഫിയുടെ പിതാന് ആന്‍ഡ്രൂവിന്റെ ധൈര്യത്തെയും സ്വാനി പ്രകീര്‍ത്തിക്കുന്നു. അടുത്തയാഴ്ചയോടെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ സംഭവിച്ച പിഴവ് മൂലം കുഞ്ഞ് മരിച്ചു. കുഞ്ഞിന് പകരം അമ്മയുടെ ഹൃദയമിടിപ്പാണ് നഴ്‌സുമാര്‍ രേഖപ്പെടുത്തിയത്. സാഡി പൈ എന്ന് പേരിട്ട കുഞ്ഞ് പ്രസവ സമയത്ത് ഓക്‌സിജന്‍ കിട്ടാതെ വന്നതിനേത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. 2011ലാണ് സംഭവമുണ്ടായത്. റോയല്‍ ബോള്‍ട്ടന്‍ ഹോസ്പിറ്റലില്‍ പ്രവോശിപ്പിക്കപ്പെട്ട ഡാനിയല്‍ ജോണ്‍സ്റ്റണ്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഹൃദയമിടിപ്പ് വല്ലാതെ ഉയര്‍ന്നതായും 30 സെക്കന്‍ഡിനു ശേഷം അത് സാധാരണ നിലയിലായെന്നും മിഡ്‌വൈഫുമാര്‍ പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു.
ഒരു ഡോക്ടറാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്താന്‍ പറഞ്ഞത്. പക്ഷേ ഒരു ട്രെയിനി മിഡ്‌വൈഫിനെയാണ് നിയോഗിച്ചത്. ഡോക്ടര്‍ തിരിച്ചു വന്നതുമില്ല. തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രസവ സമയത്ത് സിടിജി മോണിറ്റര്‍ നോക്കിയ മിഡ് വൈഫിന് ആശങ്കയുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. പിന്നീടാണ് ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്നതില്‍ പിശകുണ്ടായെന്ന് സ്ഥിരീകരിച്ചത്.
കുഞ്ഞിന്റെ ഹൃദയമിടിപ്പ് നേരത്ത് കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ പ്രസവം കുറച്ചുകൂടി നേരത്തേ ആക്കാമായിരുന്നെന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രസവത്തിനു ശേഷവും പൊക്കിള്‍ക്കൊടി മുറിക്കുന്നതിലും മിഡ് വൈഫുമാര്‍ താമസം വരുത്തിയെന്നും ജോണ്‍സ്റ്റണ്‍ ആരോപിക്കുന്നു. പിന്നീട് വിറാലിലെ ആരോ പാര്‍ക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയ കുഞ്ഞിന്റെ മസ്തിഷ്‌കത്തിന് കാര്യമായ തകരാര്‍ ഉണ്ടായെന്ന് കണ്ടെത്തി. പിന്നീട് ഹൃദയ സ്തംഭനവുമുണ്ടായ കുഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഇവ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. 2025ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ഉടമ്പടിയെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്‍തുണച്ചിരുന്നു. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍.
വൈറ്റ് ഹൗസിലെ പ്രത്യേകയോഗത്തില്‍ വെച്ചാണ് ഈ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. ലോകത്ത് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാര്‍ എന്നും കാലാവസ്ഥാ സംരക്ഷണം തട്ടിപ്പാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിനായാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചതെന്നും ട്രംപ് ആരോപിച്ചു.