ബെയ്ജിംഗ്: ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ വില്‍പന അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ചൈന. ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ചൈനയിലേത്. പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉദ്പാദനവും വിപണനവും നിര്‍ത്താനുള്ള സമയക്രമം തീരുമാനിക്കാനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ സിന്‍ ഗുവോബിന്‍ പറഞ്ഞു. പീപ്പിള്‍സ് ഡെയിലിയും സിന്‍ഹുവ ന്യൂസ് ഏജന്‍സിയുമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉദ്പാദനവും വില്‍പനയും അവസാനിപ്പിക്കുമെന്ന് ഫ്രാന്‍സും ബ്രിട്ടനും അറിയിച്ചിരുന്നു. ജൂലൈയിലാണ് ഈ രാജ്യങ്ങള്‍ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. കാര്‍ബണ്‍ പുറന്തള്ളലും മലിനീകരണവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ബ്രിട്ടനും ഫ്രാന്‍സും കൈക്കൊണ്ടത്.