Main News

കൊച്ചി: സോളാര്‍ കമ്മീഷനില്‍ സരിതയുടെ വിസ്താരം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരേയാണ് സരിത ഇന്ന് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത കമ്മീഷനില്‍ പറഞ്ഞു. ചാണ്ടി ഉമ്മനും സോളാര്‍ കേസിലെ മറ്റൊരു പ്രതിയായ സ്ത്രീയുമായി ബന്ധമുണ്ട്. ഇവര്‍ ദുബായില്‍ പോയിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കയ്യിലുണ്ട്. എന്നാല്‍ സ്തീയുടെ പേര് താന്‍ പറയില്ലെന്നും സരിത വ്യക്തമാക്കി.
മന്ത്രിസഭാ പുനഃസംഘടനാ സമയത്ത് ഈ സിഡി ഉപയോഗിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനെ കമ്പനി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രണ്ടു തവണ കണ്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കുരുവിളയുടെ ഫോണ്‍ ആണ് ചാണ്ടി ഉമ്മനും ഉപയോഗിച്ചത്. തോമസ് കുരുവിളക്ക് പണം കൈമാറിയത് ചാണ്ടി ഉമ്മനെ വിളിച്ചതിനു ശേഷമാണ്. വിശ്വാസത്തിനു വേണ്ടിയാണ് ചാണ്ടി ഉമ്മനെ വിളിച്ചത്.

അനെര്‍ട്ടില്‍ നിന്ന് 35 ലക്ഷത്തിന്റെ കുടിശ്ശിക കിട്ടുന്നതിന് മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നു പറഞ്ഞത് കള്ളമാണ്. നുണ പറഞ്ഞാല്‍ മതിയെങ്കില്‍ താനും പതിനാലു മണിക്കൂര്‍ കമ്മീഷനില്‍ നുണ പറയാം. സോളാര്‍ കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ആര്യാടന്‍ സഹായം നല്‍കിയിട്ടുണ്ട്. സുരാന കമ്പനി വഴി കുറഞ്ഞ ടെന്‍ഡര്‍ നേടിത്തരാനാണ് ആര്യാടന്‍ സഹായിച്ചതെന്നും സരിത പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഐ ഗ്രൂപ്പില്‍ പടയൊരുക്കം. മുഖ്യമന്ത്രി തുടരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഐഎന്‍ടിയുസി അധ്യക്ഷനും ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ കരുണാകരനെ പിന്നില്‍നിന്ന് കുത്തിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുകയാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയേകി മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയും രംഗത്തെത്തി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ലീഗും കേരള കോണ്‍ഗ്രസും അറിയിച്ചു.
പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ ഇന്നത്തെ പൊതുപരിപാടികളെല്ലാം റദ്ദാക്കി. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടതായിരുന്നു. പ്രതിഷേധം ഭയന്ന് ആ പരിപാടിയില്‍നിന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഒഴിവായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജിലന്‍സ് കോതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ അപ്പീലുകളായിരിക്കും നല്ഡമുഖ്യമന്ത്രിയും ആര്യാടനും ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയനുസരിച്ചായിരിക്കും തുടര്‍ നീക്കങ്ങളുണ്ടാവുക.

പാര്‍ട്ടി നിര്‍ണായക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്നവരുടെ കാര്യത്തില്‍ ഗൗരമായി ആലോചിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കി. ആര്‍ ചന്ദ്രശേഖരന്റെയും അജയ് തറയിലിന്റെയും പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സുധീരന്റെ പ്രതികരണം. ആദര്‍ശധീരന്മാര്‍ എവിടെ പോയി എന്നായിരുന്നു അജയ് തറയിലിന്റെ പ്രതികരണം. അജയ് തറയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗമാണെന്നും സുധീരന്‍ പറഞ്ഞു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി ശ്രീനിവാസന് എസ്ഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് ശ്രീനിവാസന് മര്‍ദ്ദനമേറ്റത്. നടന്നു വരികയായിരുന്ന ശ്രീനിവാസനെ പ്രകടനം നടത്തിയിരുന്നവര്‍ തടഞ്ഞു വെയ്ക്കുകയും ഒരു പ്രവര്‍ത്തകന്‍ മുഖത്തടിക്കുകയുമായിരുന്നു. തന്നെ മര്‍ദിക്കുമ്പോള്‍ പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും, അവര്‍ സഹായിക്കുക പോലും ചെയ്തില്ലെന്നും ടി.പി.ശ്രീനിവാസന്‍ വ്യക്തമാക്കി.
പൊലീസ് സംരക്ഷണം നല്‍കുകയാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും, എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ പരുക്കേറ്റെന്നും ശ്രീനിവാസന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുവാനാണ് മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും അടക്കമുളളവര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച എസ്എഫ്‌ഐ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പ്രത്യേക വിദ്യാഭ്യാസ മേഖലയ്ക്കും, അക്കാദമിക് സിറ്റിക്കുമായുളള കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ അപലപിക്കുന്നുവെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം പൊലീസുകാര്‍ ഇതില്‍ ഇടപെടാത്തതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു വ്യക്തമാക്കി.വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സാനു കൂട്ടിച്ചേര്‍ത്തു.

കോവളം ലീലാ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ സംസ്ഥാനമെങ്ങും ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഇന്നത്തെ പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഇന്നു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. അതേസമയം വിദ്യാഭ്യാസ സംഗമം നടക്കുന്ന കോവളം ലീലാ ഹോട്ടലിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ അശ്ലീല ചിത്രം കാണിച്ചുവെന്ന കേസില്‍ ജയിലിലായ മലയാളി വൈദികനെ സഹായിച്ചില്ലെന്നാരോപിച്ച് കത്തോലിക്കാ സഭാധികൃതര്‍ തന്നെ തരം താഴ്ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഐറിഷ് വൈദീകന്‍ രംഗത്ത്. തന്നെ ഭ്രാന്തനെന്നു മുദ്ര കുത്തി നാടുകടത്താനുള്ള ശ്രമമാണ് യൂ എസ് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ഫാ.ജോണ്‍ എ ഗാലഗര്‍ എന്ന ഈ വൈദീകന്റെ ആരോപണം.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത്.അക്കാലത്ത് ഫാ.ജോസിനൊപ്പം താമസിച്ചിരുന്ന ലണ്ടന്‍ ഡറി ലോംഗ് ടവര്‍ പള്ളിയിലെ മുന്‍ വികാരിയും കൌണ്ടി റ്റൈറോണില്‍ നിന്നുള്ളയാളുമായ ഫാ.ഗാലഗറാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.

മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു.ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്.
എന്നാല്‍ സഭാധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല എന്ന പേരില്‍ അധികാരികള്‍ പ്രതികാരപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെന്നാണ് ഐറിഷ് വൈദികന്റെ ആരോപണം.

jp

മലയാളി വൈദീകന് എതിരെ പരാതി ഉയര്‍ന്നപ്പോഴേ സഭാധികാരികള്‍ തന്നെ ബന്ധപ്പെട്ട് ഫാ.ജോസിനെ ഇന്ത്യയിലേയ്ക്കുള്ള വിമാനം കയറ്റി വിടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഫാ.ജോസിനെതിരെ സാക്ഷിമൊഴികള്‍ ഒന്നും ഉണ്ടാകാതിരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.ഫാ.ഗാലഗര്‍ പറഞ്ഞു.

എന്നാല്‍ സഭാ ചട്ടം അനുസരിച്ച് കുട്ടികളോട് ലൈംഗീക അതിക്രമം കാണിക്കുന്നവരോട് സീറോ ടോളറന്‍സേ കാണിക്കാവു എന്നചട്ടം ഉള്ളതിനാല്‍ മുതിര്‍ന്ന അധികാരികള്‍ പറയുന്നത് അനുസരിക്കാന്‍ താന്‍ തയ്യാറായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം പോലിസിനെ വിളിച്ചു വരുത്തി ഫാ.ജോസിനെ ചോദ്യം ചെയ്തു സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിച്ചു.പോലിസ് സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ വെച്ചും താന്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് ഫാ.ജോസ് സമ്മതിച്ചുവെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.

സഭയുടെ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള അനന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നാണ് താന്‍ അപ്പോഴും കരുതിയത് .അതനുസരിച്ച് വെസ്റ്റ് പാം ബീച്ചിലെ പോലിസ് ഷരീഫിനെ വിവരം ധരിപ്പിച്ചു അവരോട് ഫാ.ജോസിന് എതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവങ്ങള്‍ പെട്ടന്നു മാറി മറിയുകയായിരുന്നു. ഇടവകയിലെ ജനങ്ങള്‍ക്ക് സംഭവത്തില്‍ അഭിപ്രായ ഐക്യമില്ലാതെ വരികയും, ഫാ ജോസ് ജയിലില്‍ ആവുകയും ചെയ്തതോടെ രൂപതാ ബിഷപ് ജറാള്‍ഡ് ബാര്‍ബര്‍ഷ്യോ തന്നെ വിളിച്ചു വരുത്തി.

സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ക്ക് പ്രതിഫലമായി പ്രൊമോഷന്‍ നല്കാനാവും ബിഷപ്പിന്റെ മീറ്റിംഗ് എന്ന് കരുതിയെങ്കിലും അപ്രധാനമായ ഒരു ചാപ്പലിന്റെ ചുമതലയിലേയ്ക്ക് തന്നെ തരം താഴ്ത്തുകയാണ് ഉണ്ടായത്.ഐറിഷ് വൈദീകന്‍ പറഞ്ഞു. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങോട്ട് മാറാന്‍ തയാറെടുക്കവേ തനിക്ക് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ശുശ്രീഷിക്കാന്‍ കൂടെ ഉണ്ടായിരുന്ന കന്യാസ്ത്രിയെ ഫാ.ജോസ് പാലിമറ്റവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ എടുക്കാന്‍ വിട്ടെങ്കിലും ഇടവകക്കാരും,പള്ളി അധികൃതരും അത് സമ്മതിച്ചില്ല.

ആശുപത്രിയില്‍ നിന്നും തിരികെ പ്രീസ്റ്റ് ഹൌസില്‍ ചെന്നപ്പോഴാകട്ടെ അതിന്റെ താഴു പോലും മാറ്റി മറ്റൊരെണ്ണം പിടിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ എനിക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐറിഷ് ഇന്‍ഡിപെണ്ടിനു നല്‍കിയ അഭിമുഖത്തില്‍ ഫാ.ഗാലഗര്‍ പറഞ്ഞു.

പിന്നീട് ബിഷപ് തനിക്കയച്ച കത്തില്‍ മാനസീകാസ്വാസ്ഥ്യം ഉള്ളതിനാല്‍ ചികിത്സ ആവശ്യമുണ്ടെന്നും പെന്‍സില്‍വാനിയയായിലെ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോകണമെന്നും അതിനുള്ള ചിലവ് രൂപത നല്‍കി കൊള്ളാമെന്നും അറിയിച്ചെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.എന്നാല്‍ ഇതിനു തയാറാവത്തതിനാല്‍ ഇദ്ദേഹത്തെ ശമ്പളം കൊടുത്ത് അവധിയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍.

ഫാ.ജോസ് പാലിമുറ്റം കുറ്റക്കാരനല്ല എന്ന നിലപാടാണ് ഇപ്പോള്‍ ഇടവകക്കാരും രൂപതാ അധികൃതരും സ്വീകരിച്ചിരിക്കുന്നതത്രേ. ഇതേ തുടര്‍ന്നാണ് മലയാളി വൈദീകനെ ജയിലില്‍ അയയ്ക്കാന്‍ അവസരം ഒരുക്കിയാളെന്ന നിലയില്‍ പ്രദേശവാസികളുടെ കനത്ത എതിര്‍പ്പും ഈ ഐറിഷ് വൈദീകന് നേരിടേണ്ടി വന്നിരിക്കുകയാണ്.

സ്വന്തം ലേഖകന്‍
ടീം സോളാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അതിന്റെ പരകോടിയിലെത്തി നില്ക്കുകയാണ്. ആരൊക്കെ താഴെ വീഴുമെന്നൊ ആര്‍ക്കൊക്കെ പരിക്ക് പറ്റുമെന്നോ പറയാന്‍ വയ്യാത്ത അവസ്ഥ . ഓഫീസ് ബോയ്‌ മുതല്‍ മുഖ്യമന്ത്രി വരെ , ഡ്രൈവര്‍ മുതല്‍ എം പി വരെ സരിത ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു . ആ സോളാര്‍ ചൂടേറ്റവര്‍ കേരളത്തില്‍ ആരൊക്കെ എന്നു നോക്കാം

ummenഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത്. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പെണ്ട് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് യു ഡി എഫ് മന്ത്രിസഭയിലെ തന്നെ പ്രധാന പാര്‍ട്ടി ആയ കേരള കോണ്‍ഗ്രസ്‌ മുഖവാരിക ആയ ‘പ്രതിച്ഛായ’യും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധം ഉള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിയുകയും ചെയ്തു . ഈ കേസില്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട പ്രമുഖ വ്യവസായി ശ്രീധരന്‍നായര്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വച്ച് നേരിട്ട് കാണുകയും അദ്ദേഹം നല്‍കിയ ഉറപ്പിന്‍പ്രകാരമാണ് സോളാര്‍ പദ്ധതിയില്‍ വീണ്ടും പണം നിക്ഷേപിച്ചത് എന്നും കോടതിയിലും മാധ്യമങ്ങളോടും വെളിപ്പെടുത്തുകയുണ്ടായി . ശ്രീധരന്‍നായരെ കണ്ടിട്ടില്ല എന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് ശ്രീധരന്‍നായര്‍ ഓഫീസില്‍ വന്നിരുന്നെന്നും ക്വാറി ഉടമകളുടെ പ്രശ്നം ചര്‍ച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മാറ്റിപ്പറഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാറില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. മുഖ്യമന്ത്രി രാജിവെക്കില്ല എന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ സോളാര്‍ കേസ് അന്വേഷണം പ്രഹസനമായി . ഏതാനും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം വെളിപ്പെട്ടതോടെ മുഖ്യമന്ത്രി രാജിവച്ചു അന്വേഷണത്തെ നേരിടണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. 2016 ജനുവരി 25 നു സോളാര്‍ കമ്മീഷനില്‍ ഹാജരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായ 14 മണിക്കൂര്‍ ചോദ്യം ചെയ്തു.

josek maniജോസ് കെ മാണി

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കുറിപ്പ് പുറത്തു വന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ എംപിയും കെ എം മാണിയുടെ മകനും ആയ ജോസ് കെ മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു കുറിപ്പില്‍. അതോടെ കേരള രാഷ്ട്രീയം ഇളകി മറിഞ്ഞു. എന്നാല്‍, കത്ത് തന്‍റെ അല്ലെന്നും തന്റെ കൈയ്യക്ഷരം അല്ല കത്തില്‍ ഉള്ളതെന്നും സരിത വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് പറഞ്ഞു ജോസ് കെ മാണിയും രംഗത്ത് വന്നു. ബ്ലാക്‌മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.

Aryadan_shoukath

ആര്യാടന്‍ ഷൗക്കത്ത്

സോളാര്‍ വിവാദനായിക സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ എം.എല്‍.എ.മോഹം പൊലിയുന്നു. സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലാണ് ആര്യാടന്‍ കുടുംബത്തെ ഊരാക്കുടുക്കിലാക്കിയത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ കൊലപാതകക്കേസും ഇതോടെ പുതിയ തലത്തിലേക്കെത്തി.
സരിത എസ്. നായര്‍ തന്റെ ബിസിനസ്സിനായി നിലമ്പൂരില്‍ നിരവധി തവണ എത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ആര്യാടന്‍ മുഹമ്മദും മന്ത്രി എ.പി.അനില്‍കുമാറുമായിരുന്നു സരിതയുടെ അഭ്യുദയാകാംക്ഷികള്‍. തിരുവനന്തപുരത്തു വച്ച് ഈ രണ്ടുമന്ത്രിമാരുമായുള്ള സരിതയുടെ ബന്ധമാണ് സരിതയെ നിലമ്പൂരിലെത്തിക്കുന്നത്. രാധാവധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുപേരെ ബലിക്കോഴികളാക്കി ഒതുക്കിയെന്ന ആക്ഷേപവും ഇതോടെ ശക്തിപ്പെട്ടു. കേവലം പകയില്‍ മാത്രമൊതുക്കി കേസ് ഒതുക്കി തീര്‍ക്കാനുള്ള അന്നത്തെ സി.ഐ. പി.പി.ചന്ദ്രന്റെ നീക്കം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ഒടുവില്‍ ചന്ദ്രനു സ്ഥലംമാറ്റവും ലഭിച്ചു.

aryadam muhammed

ആര്യാടന്‍ മുഹമ്മദ്‌

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് തോമസ് കുരുവിളയുടെ പക്കലാണ് ഒരു കോടി 10 ലക്ഷം രൂപ നല്‍കിയത്. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയിലും എത്തിച്ചു. ആര്യാടെന്റ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ച് ആദ്യം 25 ലക്ഷം നല്‍കി. പിന്നീട് സ്റ്റാഫ് മുഖാന്തരം 15 ലക്ഷവും കൈമാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആര്യാടനെ കണ്ടത്. ആര്യാടെന്റെ പി.എ കേശവന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും സരിത മൊഴി നല്‍കി.

salim

സലിം രാജ്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് താന്‍ വിളിച്ചിരുന്നതായി മുന്‍ ഗണ്‍മാന്‍ സലിം രാജ്. നാനൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സോളര്‍ കമ്മീഷന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി. സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും നമ്പര്‍ നല്‍കി. 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുന്നതിന് തലേദിവസം സന്ധ്യക്കുശേഷം തന്‍െറ മൊബൈല്‍ ഫോണിലേക്ക് അവര്‍ വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം സരിത ക്ളിഫ് ഹൗസിലെ ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചു. സരിതയുടെ ആവശ്യത്തിന് മറുപടി നല്‍കാനായി താന്‍ ഈ ഫോണില്‍നിന്ന് തിരിച്ച് വളിച്ചതായും സലിം രാജ് പറഞ്ഞു.

ഇതല്ലാതെയും സരിതയെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് വിളിച്ചിട്ടുണ്ടെന്നും സരിതക്ക് പല ഉന്നതരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നെന്നും ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. പൊലീസ് ശേഖരിച്ച ഫോണ്‍ വിളി സംബന്ധിച്ച രേഖകള്‍ ശരിയാണെന്ന് സലിം രാജ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി അന്നത്തെ ഇന്‍റലിജന്‍റ്സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍ തന്നോട് നേരിട്ട് ചോദിച്ചിരുന്നു.

തോമസ്‌ കുരുവിള
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും ഉമ്മന്‍ചാണ്ടിയുടെ ന്യൂഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടത് 200ലേറെ തവണ എന്നാ വെളിപ്പെടുത്തല്‍ പുറത്തുവന്നു. സരിതയുടെ രണ്ട് ഫോണ്‍നമ്പറുകളില്‍നിന്നും തോമസ് കുരുവിളയുടെ ഒരു നമ്പറില്‍നിന്നും ഇവര്‍ തമ്മില്‍ വിളിച്ചിരുന്നതായി വെളിപ്പെടുത്തുന്ന വിശദാംശങ്ങള്‍ സോളാര്‍ കമീഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ തോമസ് കുരുവിളയെ വിസ്തരിക്കുന്നതിനിടയിലാണ് അഡ്വ. ഹരികുമാര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയത്.

സരിത അറസ്റ്റ് ചെയ്യപ്പെട്ട 2013 ജൂണ്‍ രണ്ടിന് അവരുടെ ഒരു നമ്പറില്‍നിന്ന് കുരുവിളയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. മറ്റൊരു നമ്പറില്‍നിന്ന് 2013 ഫെബ്രുവരി 13നും ജൂണ്‍ രണ്ടിനുമിടയില്‍ 72 തവണ സരിതയും കുരുവിളയും തമ്മില്‍ സംസാരിച്ചു. രണ്ടാമത്തെ നമ്പറില്‍നിന്ന് 2012 ഡിസംബര്‍ 27നും 2013 മെയ് 21നുമിടയില്‍ 133 തവണയാണ് സംസാരിച്ചതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ 2012 ഡിസംബര്‍ 27ന് ഉമ്മന്‍ചാണ്ടി എത്തിയപ്പോഴാണ് സരിത എസ് നായര്‍ തന്നെ ആദ്യമായി വിളിച്ചതെന്ന് തോമസ് കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സരിത വിളിച്ചത്. അന്ന് വൈകിട്ടും സരിത വിളിച്ചിരുന്നു. തമ്മില്‍ കണ്ടില്ല. മുഖ്യമന്ത്രി ഉള്ളപ്പോഴല്ല സരിത വിളിച്ചതെന്ന തോമസ് കുരുവിളയുടെ മൊഴിയില്‍ കമീഷന്റെ അഭിഭാഷകന്‍ സംശയം പ്രകടിപ്പിച്ചു. അന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും രാത്രി ഒമ്പതരയ്ക്കുമിടയില്‍ 16 തവണ സരിതയും തോമസ് കുരുവിളയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സരിത വിളിച്ചസമയം താന്‍ കൃത്യമായി ഓര്‍ക്കുന്നില്ലെന്നായിരുന്നു തോമസ് കുരുവിളയുടെ മറുപടി.

venu

കെ സി വേണു ഗോപാല്‍

കെസി വേണുഗോപാലിന് രണ്ടുവട്ടം പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍. ടീം സോളാര്‍ കമ്പനിക്ക് ഊര്‍ജമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായാണ് പണം നല്‍കിയതെന്നും ബിജു പറഞ്ഞു.
കെ സി വേണുഗോപാലിന് 35 ലക്ഷം രൂപ നല്‍കി. വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജന്റെ പക്കലാണ് പണം നല്‍കിയത്. ആദ്യ തവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവുമാണ് നല്‍കിയതെന്നും സോളാര്‍ കമ്മീഷന് മുമ്പാകെ ബിജു മൊഴി നല്‍കി. സോളാര്‍ കമ്മീഷന്‍ സെക്രട്ടറിയ്‌ക്കെതിരെയും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ സെക്രട്ടറി ഹരികുമാര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. താന്‍ ചെന്നിത്തലയുമായി സംസാരിച്ച ശേഷമേ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താവു എന്ന് ഹരികുമാര്‍ നിര്‍ദ്ദേശിച്ചെന്നും ബിജു വെളിപ്പെടുത്തി. ആലപ്പുഴയില്‍ വച്ച് ചെന്നിത്തലയും ഹരികുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബിജു പറഞ്ഞു.

സരിത എസ്‌ നായരുടെ ഫോണിന്റെ കോള്‍ ലിസ്‌റ്റ്‌ മാധ്യമങ്ങള്‍ പുറത്തു വിട്ടതനുസരിച്ച് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌, കെ.സി.ജോസഫ്‌, അടൂര്‍പ്രകാശ്‌,എ.പി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെ.സി വേണു ഗോപാല്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളെയെല്ലാം പലതവണകളായി സരിത ഫോണില്‍ വിളിച്ചതായി പുറത്തു വന്നു. അതോടെ കോണ്‍ഗ്രസ്‌ വന്‍ പ്രതിസനധിയിലായി.

Untitled-1

മോന്‍സ് ജോസഫ്‌

മോന്‍സ് ജോസഫ് ടീം സോളാറില്‍ നിന്ന് കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ശിവരാജന്‍ കമീഷന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി. മോന്‍സ് ജോസഫുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. കെ.സി വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നല്‍കി എന്നും ബിജു പറഞ്ഞു. ഗണേഷ് കുമാറിന് 40 ലക്ഷം നല്‍കിയെന്നും കോട്ടയത്ത് ഒരു പരിപാടിക്കെത്തിയ ആര്യാടന്‍ മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് 15 ലക്ഷം രൂപയാണ് കൈമാറിയതെന്നും ബിജു മൊഴി നല്‍കിയിരുന്നു.

jikku

ജിക്കുമോന്‍ ജേക്കബ്‌

സരിതയുമായി രണ്ട് നമ്പറുകളില്‍നിന്നും തിരിച്ചും 500 ലേറെതവണ വിളികളുണ്ടായിട്ടുണ്ടെന്ന വസ്തുതയെക്കുറിച്ച് ഇപ്പോള്‍ തനിക്ക് പറയാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ ഓര്‍മയിലില്ലെന്നും ജിക്കുമോന്‍ പറഞ്ഞു. സോളാറുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ താന്‍ സ്വമേധയാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്  സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് ജിക്കുമോന്‍ ജേക്കബ് പറഞ്ഞു. സരിതയെ ആദ്യമായി കാണുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി വന്നപ്പോഴാണ്. അതിനുശേഷം ഒരിക്കല്‍ സെക്രട്ടറിയറ്റ്‌ വളപ്പിലും കണ്ട് സംസാരിച്ചു. മൂന്നാംതവണ സെക്രട്ടറിയറ്റിനു സമീപമുള്ള ഹോട്ടലിലാണ് കണ്ടത്. അതിനുശേഷം ഫോണിലൂടെ സംസാരിച്ചു. പിന്നീട് ആ സൗഹൃദം വളര്‍ന്നു. പലപ്പോഴും കുടുംബകാര്യങ്ങളും ഭര്‍ത്താവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളും മറ്റുമാണ് സംസാരിച്ചിരുന്നത്. ടീം സോളാര്‍ കമ്പനിയുടെ മാനേജര്‍ ലക്ഷ്മി നായരെന്ന നിലയിലാണ് പരിചയപ്പെട്ടത്. പലപ്പോഴും രാത്രിയിലാണ് വിളിച്ചിരുന്നത്.

ഇതുകൂടാതെ സരിതയുടെ കേസ്സുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ ഒട്ടേറെയുണ്ട്. മുഴുവനും എഴുതാന്‍ ഈ കോളം തികയാതെ വരും. രാഷ്ട്രീയപരമായി സരിതയുടെ കേസ്സിന്റെ ചൂടറിഞ്ഞവര്‍ ഏതായാലും കുറെ നാളത്തെക്കെങ്കിലും അത് മറക്കില്ലെന്നുറപ്പ്‌.

മസ്‌കത്ത്: ബസപകടത്തില്‍ ഒമാനിലെ നിസ്വയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച മലയാളികള്‍ നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി മുഹമ്മദ് ഷമാസ്, കോട്ടയം സ്വദേശി സജാദിന്റെ മകള്‍ റൂയ എന്നിവരാണ്. മരിച്ച മറ്റൊരാള്‍ ഇന്ത്യക്കാരനായ സ്കൂള്‍ ടീച്ചറും രണ്ടുപേര്‍ ബസ് ജീവനക്കാരായ ഒമാന്‍ സ്വദേശികളുമാണ്. അപകടത്തില്‍ പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസാണ്. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് മരിച്ച ഇരുവരും.
ബഹ്ലയിലേക്ക് പോയ ബസില്‍ മീന്‍ കൊണ്ടുപോയ ട്രക്കിടിയ്ക്കുകയായിരുന്നു. നിസ്വ ആശുപത്രിയില്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്. റൂയയുടെ മൃതദേഹം നിസ്വ ആശുപത്രിയിലും മുഹമ്മദ് ഷമാസിന്റെ മൃതദേഹം ബഹ്ല ആശുപത്രിയിലും സൂക്ഷിച്ചിരിയ്ക്കുകയാണ്.

അപകടത്തില്‍ പെട്ട ബസില്‍ 33 പേര് ആയിരുന്നു യാത്ര ചെയ്തിരുന്നത്. നാല് ബസുകളിലായി 120 വിദ്യാര്‍ഥികള്‍ ആയിരുന്നു വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.

മദ്യപിച്ച് ലക്കുകെട്ട് യൂബര്‍ ടാക്‌സി ഡ്രൈവറെ തല്ലുകയും തെരുവില്‍ അഴിഞ്ഞാടുകയും ചെയ്ത മലയാളി വനിതാ ഡോക്ടര്‍ അഞ്ജലി രാമകൃഷ്ണന്‍ ക്ഷമാപണവുമായി ടിവിയില്‍. അഞ്ജലിയുടെ വിക്രീയകള്‍ ക്യാമറയില്‍ പതിയുകയും സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്തതോടെ കുടുംബത്തിനുണ്ടായ മാനഹാനിയാണ് ക്ഷമാപണവുമായി രംഗത്തുവരാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്.
മയാമിയിലാണ് അഞ്ജലിയെന്ന 30കാരി മദ്യപിച്ച് അലമ്പുണ്ടാക്കിയത്. സംഗതി ലോകമെമ്പാടും പരന്നതോടെ, അഞ്ജലിയെ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് സമൂഹത്തിന് മുന്നില്‍ ക്ഷമാപണം നടത്താന്‍ അവര്‍ മുന്നോട്ടുവന്നത്.

anjali2

ബുധനാഴ്ച രാവിലെ ഗുഡ്‌മോണിങ് അമേരിക്ക എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലി തന്നെ ആ രാത്രി ആ നിലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ജോര്‍ജ് സ്‌റ്റെഫാനോപൗലോസിനോട് സംസാരിക്കവെ അവര്‍ പലകുറി വിതുമ്പുകയും ചെയ്തു. ആ വീഡിയോ താനും കണ്ടുവെന്നും അത്രയ്ക്ക് അപമാനകരമായി പെരുമാറാന്‍ തനിക്കെങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതപ്പെടുന്നുവെന്നും അഞ്ജലി പറഞ്ഞു.

അസുഖബാധിതനായി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയറിഞ്ഞതിന് പിന്നാലെ കാമുകനുമായി പിരിയേണ്ടിവന്നതും തന്റെ താളം തെറ്റിച്ചുവെന്നും അതോടെയാണ് അന്ന് മദ്യത്തില്‍ അഭയം തേടിയതെന്നും അഞ്ജലി പറഞ്ഞു. കാറോടിച്ച് വീട്ടിലേക്ക് പോകാനാവില്ലെന്ന് മനസ്സിലായതോടെ, യൂബര്‍ ടാക്‌സി വിളിക്കുകയായിരുന്നു.

കാറില്‍ കയറുന്നതിനിടെ ഡ്രൈവറെ ചവിട്ടുകയും ഇടിക്കുകയും ചെയ്ത അഞ്ജലി കാറിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേയ്ക്ക് എറിയുകയും ചെയ്തിരുന്നു. ഡ്രൈവറെ അസഭ്യം പറയുന്നുമുണ്ട്. താന്‍ ചെയ്തതിന് ഒരു ന്യായീകരണവും പറയാനില്ലെന്ന് വ്യക്തമാക്കിയ അഞ്ജലി തന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായിരുന്നു അതെന്നും വ്യക്തമാക്കി.

anjali

കൊച്ചി: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ രാജിക്കു വരെ കാരണമായ വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഉത്തരവ് രണ്ടു മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് സ്റ്റേ പ്രഖ്യാപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിട്ടതില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അനാവശ്യ ധൃതി കാണിച്ചതായി ഹൈക്കോടതി പറഞ്ഞു.

പത്തു ദിവസത്തികം ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് കോടതി ഇത്തരത്തില്‍ ഇടപെട്ടത് അനൗചിത്യമാണെന്ന വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. ജുഡീഷ്യല്‍ മര്യാദകളുടേയും മുന്‍ ഉത്തരവുകളുപടേയും ലംഘനമാണ് വിജിലന്‍സ് കോടതി നടത്തിയതെന്നും ജസ്റ്റിസ് പി. ഉബൈദ് വിലയിരുത്തി.

ബാര്‍ തുറക്കുന്നതിനായി എക്‌സൈസ് മന്ത്രിയായിരുന്ന ബാബു ബാര്‍ ഉടമയില്‍ നിന്ന് 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കോടതി ബാൂബുവിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. ജോസ് വട്ടുകളം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി.

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവും പ്രതിസന്ധിയിലാക്കിയ യുഡിഎഫ് സര്‍ക്കാരിന് ആദ്യപ്രഹരം സ്വന്തം ക്യാമ്പില്‍ നിന്ന്. ആര്‍എസ്പി എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. ആര്‍എസ്പിയില്‍ എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിയമസഭാംഗമായിരുന്നു കുന്നത്തൂര്‍ എംഎല്‍എ ആയിരുന്ന കുഞ്ഞുമോന്‍. യുഡിഎഫില്‍ തുടരുന്ന ആര്‍എസ്പിയുടെ നിലപാടിനെതിരേ നേരത്തേ കുഞ്ഞുമോന്‍ രംഗത്തെത്തിയിരുന്നു.
അതേ സമയം മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനു നേരേ ചീമുട്ടയേറും കല്ലേറുമുണ്ടായി. ആര്യാടനും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരേ പോലീസ് ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയും ആര്യാടനും മലപ്പുറത്ത് പ്രതികരിച്ചത്. രാജിവെക്കില്ലെന്നും ഇരുവരും വ്യക്തമാക്കി. ധാര്‍മികകതയ്ക്ക് അപ്പുറമാണ് മനഃസാക്ഷിയുടെ ശക്തി. അതുകൊണ്ടുതന്നെ ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നും ഹൈക്കമാന്‍ഡുമായും കോണ്‍ഗ്രസിലെ മറ്റു നേതാക്കളുമായും ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തില്ല എന്ന മനഃസാക്ഷിയുടെ ഉറപ്പ് തങ്ങള്‍ക്കുണ്ട്. പതിനാലു മണിക്കൂര്‍ കമ്മീഷനു മുന്നില്‍ താന്‍ മൊഴി നല്‍കി. സരിതയുടെ അഭിഭാഷകന്‍ അന്ന് ഒരു ചോദ്യം പോലും തന്നോട് ചോദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂജഴ്‌സി: അവധിയാഘോഷിക്കാന്‍ പുറത്ത് പോയ കുടുംബത്തിലെ അമ്മയും ഒരു വയസുളള കുഞ്ഞും കാറിനുളളില്‍ മരിച്ചു. അച്ഛന്‍ കാറിന് പുറത്തുളള മഞ്ഞ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ച് മരിച്ചത്. ഇവരുടെ മൂന്ന് വയസുളള മറ്റൊരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടി അതിജീവിക്കുന്ന കാര്യം സംശയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തണുപ്പ് അസഹനീയമായതിനാലാണ് അമ്മയും കുഞ്ഞുങ്ങളും കാറില്‍ നിന്ന് പുറത്തിറങ്ങാതിരുന്നത്. പിതാവ് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ടെയില്‍ പൈപ്പ് അടഞ്ഞതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായത്. ഇത് വഴി അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുളളിലെത്തുകയും കാറിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും മിനിറ്റുകള്‍ക്കുളളില്‍ മരിക്കുകയുമായിരുന്നു.
സാഷലിന്‍ റോസ (23) മകന്‍ മിഷയ (01) എന്നിവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.  മകള്‍ സാനിയ (03) ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. നിറവും മണവുമില്ലാത്ത കാര്‍ബണ്‍ മോണോക്‌സൈഡിനെ നിശബ്ദ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. അതീവ വിഷവാതകമാണിത്. ഇത് ശ്വസിക്കുന്നവര്‍ക്ക് മിനിറ്റുകള്‍ക്കുളളില്‍ തന്നെ ബോധം നഷ്ടപ്പെടും. കാറിന്റെ ടെയില്‍ പൈപ്പില്‍ മഞ്ഞ് മൂടിയാല്‍ ആദ്യം പിന്നില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യണമെന്ന് പോലീസ് ബറ്റാലിയന്‍ ചീഫ് ക്രിസ് ഡി ബെല്ലാ മുന്നറിയിപ്പ് നല്‍കി. പിന്നീട് ടെയില്‍ പൈപ്പിലുളള മഞ്ഞും നീക്കണം. സെന്റേഴ്‌സ് ഫോര്‍ കാര്‍ബണ്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം 1999 മുതല്‍ 2010 വരെ അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് 5100 പേരാണ് മരിച്ചിട്ടുളളത്.

carbon victim

ന്യൂജഴ്‌സിലെ പല മുനിസിപ്പാലിറ്റികളും ലോക്കല്‍ പൊലീസും ടെയില്‍ പൈപ്പില്‍ നിന്നുളള മഞ്ഞ് നീക്കം ചെയ്ത ശേഷം മാത്രമേ കാറിനുളളിലേക്ക് കടക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മഞ്ഞ് നീക്കാത്ത പക്ഷം അത് ഗുരുതരമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം കാറിനുള്ളില്‍ നിറയാന്‍ കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ സ്റ്റാര്‍ട്ടാക്കും മുമ്പ് തന്നെ ടെയില്‍ പൈപ്പ് തുറന്ന് തന്നെ ഇരിക്കുകയാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

RECENT POSTS
Copyright © . All rights reserved