ലണ്ടന്‍: 2040ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി 255 മില്യന്‍ പൗണ്ടിന്റെ ഫണ്ട് കൗണ്‍സിലുകള്‍ക്ക് അനുവദിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാനാണ് ഈ പദ്ധതി. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനുള്ള 3 ബില്യന്‍ പൗണ്ടിന്റെ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഇത്.
അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷതയ്ക്കെതിരെ കോടതി നിര്‍ദേശമനുസരിച്ച് നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. നയങ്ങള്‍ പ്രഖ്യാപിക്കാന്‍ കോടതി അനുവദിച്ച സമയപരിധി കഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫ്രാന്‍സ് കഴിഞ്ഞ മാസം സമാനമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാനാണ് ഫ്രാന്‍സിന്റെ പദ്ധതി.
മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനേക്കുറിച്ച് വോള്‍വോ നേരത്തേതന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ഓക്സ്ഫോര്‍ഡ് പ്ലാന്റില്‍നിന്ന് ഇലക്ട്രിക് മിനി ഉദ്പാദിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്നലെ അറിയിച്ചു. എന്നാല്‍ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ നിരോധിക്കുന്നതിന് 2040 വരെ സമയം നല്‍കിയതിനെ വിമര്‍ശകര്‍ എതിര്‍ക്കുകയാണ്. 2025ല്‍ത്തന്നെ ഇത്തരം വാഹനങ്ങള്‍ നിരോധിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഇത്തരം വാഗ്ദാനങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയാണെന്ന് ലേബര്‍ ഷാഡോ എനര്‍ജി സെക്രട്ടറി എഡ് മിലിബാന്‍ഡ് പറഞ്ഞു.
യോര്‍ക്ക്: തന്റെ ഗ്രാജ്വേഷന് സെറിമണിയില്‍ കുടുംബത്തെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വന്ന സംഭവത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ വിവേചനാരോപണമുന്നയിച്ച് എത്യോപ്യന്‍ വംശജ. ആസ്റ്റര്‍ അബീബി എന്ന യുവതിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ബ്രസല്‍സ് വിമാനത്താവളത്തില്‍ വെച്ചാണ് യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അബീബിയുടെ ബന്ധുക്കളെ തടഞ്ഞത്. ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷം തന്റെ ഗ്രാജ്വേഷനില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് തടഞ്ഞതെന്ന് അബീബി പറഞ്ഞു.
യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ 15-ാം തിയതിയായിരുന്നു അബീബിയുടെ ഗ്രാജ്വേഷന്. തന്റെ പിതാവും, ആന്റിയും, നാല് കസിനുകളും ഉള്‍പ്പെടെ ആറ് പേരായിരുന്നു യാത്രക്ക് എത്തിയത്. റയന്‍എയറിന്റെ ബ്രസല്‍സില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള വിമാനത്തില്‍ ബോര്‍ഡ് ചെയ്യാന്‍ എത്തിയപ്പോളാണ് ഇവരെ തടഞ്ഞത്. മൂന്ന് കസിന്‍സിനെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ബെല്‍ജിയന്‍ ഉദ്യോഗസ്ഥര്‍ എല്ലാ പരിശോധനകള്‍ക്കും ശേഷം കടത്തി വിട്ട തങ്ങലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മാത്രമാണ് തടഞ്ഞതെന്നും ബോര്‍ഡിംഗ് ഗേറ്റില്‍ വെച്ചാണ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അബീബി പറയുന്നു. ഇത് വിവേചനമല്ലാതെ മറ്റൊന്നുമല്ലെന്നും ഈ 21കാരി വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് ടീം.
അക്ഷര നഗരിയായ കോട്ടയത്തിനും സാക്ഷര കേരളത്തിനും നാണക്കേട് സമ്മാനിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ മാനേജ്മെൻറിൻറെ നടപടികൾ പൊതുജന മധ്യത്തിൽ വിമർശന വിധേയമാകുന്നു. ഡ്യൂട്ടിക്ക് എത്തിയ നഴ്സിനോട് നിങ്ങളുടെ കോൺട്രാറ്റ് ഇന്ന് കൊണ്ട് തീർന്നിരിക്കുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല എന്ന രണ്ടു വാചകത്തിൽ, വർഷങ്ങളായി ഇവിടെ ജോലി ചെയ്തിരുന്നവരെ പുറത്താക്കി കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഹോസ്പിറ്റൽ മാനേജ്മെൻറ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ യൂണിറ്റ് ആരംഭിച്ചതു മുതൽ ആണ് മാനേജ്മെന്റിൻറെ പ്രതികാര നടപടികൾ ആരംഭിച്ചത്. പ്രശ്നം പരിഹരിക്കാൻ ഇടപെടേണ്ട ചില ഉദ്യോഗസ്ഥർ അവരുടെ ബന്ധുക്കൾക്ക് ഇവിടെ സൗജന്യ ചികിത്സ തരപ്പെടുത്തിയതായി പറയപ്പെടുന്നു. മാനേജ്മെന്റിൻറെ സൗജന്യ സുഖചികിത്സ ലഭിക്കുന്നതിനാൽ ഉത്തരവാദിത്വപ്പെട്ട മേലധികാരികൾ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നതിൽ വിമുഖത കാട്ടുകയാണ്.

യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിൻറെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്.
ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിൻറെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. അഞ്ചു നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്‍കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിൻറെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെൻറെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിൻറെ ഭീഷണി നേരിടുന്നുണ്ട്.
ലണ്ടന്‍: ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവെന്ന് ഐഎംഎഫ് വിലയിരുത്തല്‍. യുകെയെക്കുറിച്ചുള്ള പ്രവചനത്തില്‍ നിരക്കുകള്‍ കുറവായാണ് ഐഎംഎഫ് കാണിച്ചിരിക്കുന്നത്. ഈ വര്‍ഷം യുകെയുടെ സാമ്പത്തിക വളര്‍ച്ച 1.7 ശതമാനം മാത്രമായിരിക്കുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ശതമാനമായിരുന്നു പ്രവചനം. 2018ല്‍ ഇത് 1.5 ശതമാനം മാത്രമായിരിക്കുമെന്നും പ്രവചനം പറയുന്നു. വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് ഐഎംഎഫിന്റെ പ്രവചനം.
കഴിഞ്ഞ ജൂണിലെ ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം യുകെ സാമ്പത്തിക വ്യവസ്ഥ പിന്നോട്ടാണ് നീങ്ങിയത്. പൗണ്ടിന്റെ മൂല്യം ഇടിയുകയും നാണയപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്തു. 2017ന്റെ ആദ്യപാദത്തില്‍ 0.2 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ച. 2016ന്റെ അവസാന പാദത്തില്‍ രേഖപ്പെടുത്തിയ 0.7 ശതമാനം വളര്‍ച്ചയില്‍ നിന്ന് കാര്യമായി പിന്നോട്ടു പോകുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും സാവധാനം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള വികസിത രാജ്യം എന്ന പദവിയാണ് ഇതോടെ യുകെ സ്വന്തമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഇതിന്റെ രൂക്ഷത ഒന്നുകൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രൊഫണല്‍ സര്‍വീസ് സ്ഥാപനമായ പിഡ്ബ്ലുസി രാജ്യത്തിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 1.5 ശതമാനമായിരിക്കുമെന്ന് വിലയിരുത്തിയിരുന്നു. 2018ല്‍ അത് 1.4 ശതമാനമായിരിക്കുമെന്നുമാണ് പ്രവചനം. 1.7 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു മുന്‍ പ്രവചനങ്ങള്‍ പറഞ്ഞിരുന്നത്.
ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ച സംഭവത്തില്‍ ബിബിസി മാധ്യമപ്രവര്ത്തകന് കുറ്റക്കാരന്‍. 26 വീഡിയോകളും 9 ചിത്രങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗേറ്റ്സ്ഹെഡ് സ്വദേശിയായ ലോയ്ഡ് വാട്ട്സണ് എന്ന 33കാരനാണ് കുറ്റവാളി. അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കിയതിന് 3 ചാര്‍ജുകളാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ബിബിസിയുടെ ന്യൂസ് വെബ്സൈറ്റിലെ ജീവനക്കാരനായിരുന്ന ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇയാളുടെ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തത്. ഡാര്‍ക്ക് വെബ്ബില്‍ നിന്നാണ് ഇയാള്‍ ഈ ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്തി. ന്യൂകാസില്‍ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നതുള്‍പ്പെടെയുള്ള വീഡിയോകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരം വീഡിയോകളും ചിത്രങ്ങളും സൃഷ്ടിച്ചവരാണ് കുറ്റക്കാരെന്നുമാണ് വാട്ടസണ്‍ പറഞ്ഞത്.
9 മാസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് ശിക്ഷ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടതിലൂടെ വാട്ട്സണും കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന് കോടതി സൂചിപ്പിച്ചു. ലൈംഗികക്കുറ്റവാളികളുടെ പട്ടികയില്‍ ഇയാളുടെ പേര് 10 വര്‍ഷത്തേക്ക് ചേര്‍ക്കാനും കോടതി വിധിച്ചു.
ബിനോയി ജോസഫ്
അനശ്വരതയുടെ പൂന്തോപ്പിൽ ആ കൊച്ചു മാന്ത്രികൻ വിരാജിക്കുന്നു. റോണി ജോൺ വിടവാങ്ങിയിട്ട് ഇന്നു മൂന്നു വർഷം പൂർത്തിയാവുന്നു. യുവത്വത്തിൻറെ പ്രസരിപ്പിൽ ഹണ്ടിംഗ്ടണിൻറെ ആവേശമായിരുന്ന റോണിയെ സ്കൂൾ അവധിക്കാലത്താണ് ദുരന്തം തേടിയെത്തിയത്. യുകെയിലെ മലയാളി സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി റോണി 2014 ജൂലൈ 24 ന് ഹണ്ടിംഗ്ടണിലെ ഗ്രേറ്റ് ഔസ് നദിയിൽ കാണാതാവുകയായിരുന്നു. മലയാളി സമൂഹത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന വിഫലമായി. എമർജൻസി സർവീസുകൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം റോണിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്ത മജീഷ്യനായ റോയി കുട്ടനാടിൻറെയും ലിസി ജോണിൻറെയും മകനായ റോണി ജോണിൻറെ വേർപാട് ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ശ്രവിച്ചത്. സെന്റ് പീറ്റേർസ് സ്കൂളിലെ ഇയർ 9 സ്റ്റുഡൻറായിരുന്നു ജോൺ. തൻറെ കൂട്ടുകാരോടൊപ്പം നദിയിൽ സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഇറങ്ങിയ റോണിയെ വിധി തട്ടിയെടുത്തു.
റോണി ജോണിൻറെ മൂന്നാം ചരമദിനത്തിൽ മലയാളം യുകെ കുടുംബത്തിൻറെ സ്നേഹപുഷ്പങ്ങൾ സമർപ്പിക്കുന്നു.


പീറ്റർബറോയിലാണ് റോയിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. റോണിയുടെ ഓർമ്മയിൽ പ്രാർത്ഥനാ പുഷ്പങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും റോയിയുടെ വസതിയിൽ ഇന്ന് ജൂലൈ 24 ന് ഒത്തു ചേർന്നു. ഫാ. ജേക്കബ് എബ്രാഹാമിൻറെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടന്നു. ബാബു പുല്ലാട് അനുസ്മരണാ പ്രഭാഷണം നടത്തി. റോണി ജോണിൻറെ സ്മരണയിൽ ഒന്നാം ചരമവാർഷികത്തിൽ ഹണ്ടിംഗ് ടൺ അലയൻസ് ഫോർ ഇന്ത്യൻസ്, ലോക്കൽ കൗൺസിലിൻറെ സഹകരണത്തോടെ ഹണ്ടിംഗ്ടണിലെ പാർക്കിൽ റോണി ജോൺ മെമ്മോറിയൽ ബെഞ്ച് സ്ഥാപിച്ചിരുന്നു.
നിരവധി സ്റ്റേജുകളിൽ മാന്ത്രിക വിദ്യയുടെ രസച്ചരടുകൾ സദസിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ തൻറെ പിതാവ് റോയി കുട്ടനാടിൻറെ വലംകൈയായിരുന്നു റോണി. കലാകായിക പഠനരംഗത്തും മിടുക്കനായിരുന്ന റോണിയുടെ അകാല വേർപാട് പിതാവ് റോയിക്ക് അമ്മ ലിസിയും അനുജൻ റോഷനും താങ്ങാനാവുന്നതിൽ ഏറെയായിരുന്നു. ഹണ്ടിംഗ്ടണിലെ മലയാളി കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്നു റോണി ജോൺ. റോണിയുടെ മരണത്തെ തുടർന്ന് റോയി കുട്ടനാട് തൻറെ സ്റ്റേജ് ഷോകൾക്ക് ഇടവേള നല്കി. ഒരു വർഷത്തിനുശേഷം റോണിയുടെ അനുജൻ റോഷൻ തൻറെ പിതാവിനൊപ്പം മാജിക് ഷോ പുനരാരംഭിച്ചു.


2011 ലാണ് റോയി കുട്ടനാടും കുടുംബവും യുകെയിലെത്തുന്നത്. ദുബായിയിൽ 18 വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് റോയി മണലാരണ്യത്തോട് വിട പറഞ്ഞത്. മാജിക്കിനെ ജീവനോളം സ്നേഹിക്കുന്ന റോയി എടത്വ പള്ളിപറമ്പിൽ കുടുംബാംഗമാണ്. യുഎഇയിൽ 800 ഓളം സ്റ്റേജുകളിൽ റോയി ഇന്ദ്രജാല പ്രകടനം നടത്തിയിട്ടുണ്ട്. യുകെയിലും നിരവധി സ്റ്റേജുകളിൽ റോയി മാന്ത്രിക ചാരുത പുറത്തെടുത്തു കഴിഞ്ഞു. മാജിക് വിദ്യകൾ യുകെയിലെമ്പാടും എത്തിച്ച് കൂടുതൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമത്തിലാണ് റോയി കുട്ടനാട്. (Mobile :07988444567

വര്‍ഷങ്ങള്‍ക്കു മുൻപ് ആ ദിവസം ഓർത്തെടുത്തു രാജകുമാരന്മാർ പാരീസിൽ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോൺ കോൾ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും. തിടുക്കത്തിൽ അവസാനിപ്പിച്ച ആ ഫോൺസംഭാഷണത്തെ ചൊല്ലി ജീവിതത്തിൽ ദുഃഖിക്കുകയാണെന്നും രാജകുമാരന്മാർ പറഞ്ഞു.
മരണത്തിലേക്കുള്ള അപകടയാത്രയ്ക്ക് തൊട്ട്മുമ്പ് ഡയാനരാജകുമാരി നടത്തിയ ഫോൺസംഭാഷണമായിരുന്നു അത്. പാരീസിൽ നിന്നുള്ള ആ വിളിക്ക് ഏതാനു മണിക്കൂറുകൾക്ക ശേഷം വില്യമിനെയും ഹാരിയെയും തേടിയെത്തിയത് അമ്മയുടെ മരണവാർത്തയായിരുന്നു.ഡയാനയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയിലാണ് വില്യമും ഹാരിയും അന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കുന്നത്. ഡയാന ഔവർ മദർ:ഹെർ ലൈഫ് ആന്റ് ലെഗസി എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് ഐടിവിയാണ്.
![]()
രാജകുടുംബത്തിന്റെ ഗരിമയിലൊതുങ്ങാതെ പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടേത്. അതുകൊണ്ട് തന്നെയാകും ഹോളിവുഡ് സിനിമകളെ വെല്ലുന്ന കഥയാണ് ഡയാനയുടെ ജീവിതം എന്ന് വിലയിരുത്തപ്പെടുന്നതും. ചാൾസ് രാജകുമാരനുമായുള്ള പ്രണയം, വിവാഹം,വിവാഹമോചനം,വ്യവസായി ഡോഡി അൽ ഫയാദുമായുള്ള അടുപ്പം, പാപ്പരാസികളുടെ ശല്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം, ഒടുവിൽ കാറപടത്തിൽ ദാരുണാന്ത്യം. ഇതൊക്കെയാണ് ലോകമറിയുന്ന ഡയാന. എന്നാൽ, വില്യമും ഹാരിയും ഡോക്യുമെന്ററിയിൽ തുറന്നുപറയുന്നത് മറ്റൊരു ഡയാനയെക്കുറിച്ചാണ്.
മക്കളെ കുസൃതിക്കാരായി വളർത്താൻ വലിയ ഇഷ്ടമായിരുന്നു ഡയാനയ്ക്ക്. എപ്പോഴും കുട്ടിത്തം മനസ്സിലുണ്ടാവണമെന്ന് ഇരുവരെയും ഉപദേശിക്കാറുമുണ്ടായിരുന്നു. അമ്മയെക്കുറിച്ചോർക്കുമ്പോഴൊക്കെ ആ നിറഞ്ഞ ചിരിയാണ് ആദ്യം മനസ്സിലെത്തുകയെന്നും ഇരുവരും പറയുന്നു.ഡയാന മരിക്കുമ്പോൾ വില്യമിന് 15ഉം ഹാരിക്ക് 12ഉം വയസ്സായിരുന്നു. പിന്നീടിങ്ങോട്ട് അമ്മയില്ലാതെ ജീവിക്കേണ്ടിവന്നതിന്റെ വിഷമങ്ങളും ഇരുവരും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. അമ്മയും മക്കളുമൊത്തുള്ള അപൂർവ്വ ചിത്രങ്ങളും ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ലണ്ടന്‍: ലേബര്‍ സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് തീര്‍ച്ചയായും പിന്മാറുമെന്ന് ജെറമി കോര്ബിന്. യൂറോപ്യന്‍ യൂണിയന് അംഗത്വത്തെ ആശ്രയിച്ചാണ് സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും നിലനില്‍ക്കുന്നത് എന്നതാണ് കാരണം. എന്നാല്‍ സ്വതന്ത്ര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ എല്ലാം ലഭിക്കുന്ന വിധത്തിലുള്ള ഒരു കരാറില്‍ എത്താന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്ബിന് വ്യക്തമാക്കി. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ലേബര്‍ നേതാവ് പാര്‍ട്ടിയുടെ ബ്രെക്സിറ്റ് നയം വ്യക്തമാക്കിയത്.
യൂറോപ്പുമായി ഭാവിയിലും സഹകരണവും താരിഫ് രഹിത സ്വതന്ത്ര വ്യാപാര ബന്ധവുമാണ് നാം ആഗ്രഹിക്കുന്നത് എന്നാണ് കോര്ബിന് അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കസ്റ്റംസ് യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ല. കസ്റ്റംസ് യൂണിയനും യൂറോപ്യന്‍ യൂണിയന്റെ തന്നെ ഭാഗമാണെന്ന് കോര്ബിന് പറഞ്ഞു. എന്നാല്‍ മുന്‍ ഷാഡോ ബിസിനസ് സെക്രട്ടറിയും സോഫ്റ്റ് ബ്രെക്സിറ്റിനായി പാര്‍ട്ടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിക്കുന്നയാളുമായ ചുക ഉമുന്ന കോര്‍ബിന്റെ ഈ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയന് അംഗത്വം ഇല്ലാതെതന്നെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്ന നോര്‍വേ, തുര്‍ക്കി പോലെയുള്ള രാജ്യങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉമുന്നയുടെ വാദം. ഈ വിധത്തില്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സാമൂഹ്യനീതിക്കും നിലവില്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ്ചുരുക്കല്‍ നടപടികള്‍ അവസാനിപ്പിക്കാനും സഹായിക്കുമെന്നും ഉമുന്ന വ്യക്തമാക്കി.
ലണ്ടന്‍: അമിത മദ്യപാനം മൂലം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 63,000 പേര് ഇംഗ്ലണ്ടില്‍ മരിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് ഏര്‍പ്പെടുത്തണമെന്നും മദ്യത്തെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഇല്ലാതാതക്കണമെന്നും മുതിര്‍ന്ന ആരോഗ്യവിദഗ്ദ്ധരും ഹെല്‍ത്ത് ചാരിറ്റികളും ആവശ്യപ്പെടുന്നു.
മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗങ്ങളാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്. മദ്യത്തിന്റെ അമിത ഉപയോഗം മൂലം 2017നും 2022നുമിടയില്‍ ഇത്രയും മരണങ്ങള് ഉണ്ടാകുമെന്ന് ആല്‍ക്കഹോള്‍ റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഇത്രയു പേര്‍ക്ക് മദ്യോപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിക്കാന്‍ എന്‍എച്ച്എസിന് 16.74 ബില്യന്‍ പൗണ്ട് ചെലവാകുമെന്നും പഠനം പറയുന്നു.
ലിവര്‍ ക്യാന്‍സര്‍ മൂലം 32,475 മരണങ്ങള് ഉണ്ടാകുമെന്നാണ് പ്രവചനം. അതായത് ഓരോ ദിവസവും 35 പേര് വീതം അമിതമദ്യപാനം മൂലം മരണപ്പെടും. കരള്‍ രോഗങ്ങള്‍ മൂലം 22,519 പേര് മരണത്തിന് കീഴടങ്ങുമെന്നും പഠനം പറയുന്നു. ഫൗണ്ടേഷന് ഫോര്‍ ലിവര്‍ റിസര്‍ച്ചിനു വേണ്ടി നടത്തിയ പഠനത്തിലാണ് മദ്യത്തിന്റെ ദുരുപയോഗം മൂലമുണ്ടാകാനിടയുള്ള ദുരന്തത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്താന്‍ ഉള്ളതിനാല്‍ ജാമ്യം നല്കാന് കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ദിലീപിന് വന്‍ തിരിച്ചടിയാണ്. ശാസ്ത്രീയ തെളിവുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതി ഉന്നതനായതുകൊണ്ട് ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന് വാദവും കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപി റിമാന്‍ഡില്‍ തുടരും. റിമാന്‍ഡ് കാലാവധിയും ഇന്നാണ് അവസാനിക്കുന്നത്.
നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമ ചരിത്രത്തിലെ ആദ്യ ബലാല്‍സംഗ ക്വട്ടേഷനാണ് സംഭവമെന്നും ഹൈക്കോടതിയില്‍ പ്രോസിക്യൂഷന് വാദിച്ചു. പ്രധാന തെളിവുകളായ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇനിയും പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രോസിക്യൂഷന് പറഞ്ഞിരുന്നു.