തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി സിബിഐ രണ്ടു വട്ടം നോട്ടീസ് നല്‍കിയെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. ആറുമാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇപ്പോള്‍ രണ്ടാംതവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.
ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സിബിഐ അറിയിച്ചു.
ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുകയാണെങ്കിലും ജയരാജനെതിരെ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ പ്രതിയാക്കാനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന് ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.
ജനുവരി നാലിന് ഹാജരാകുവാന്‍ സിബിഐ ജയരാജനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ഒരാഴ്ചത്തേക്ക് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പിന്നീട് 12ന് ഹാജരാകുവാന്‍ നോട്ടീസ് നല്‍കി. സിബിഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ സംഘവുമായി സഹകരിക്കാനും, ഹാജരാകാനും തയ്യാറാണെന്നും അഭിഭാഷകന്‍ മുഖേന ജാമ്യാപേക്ഷയില്‍ വിശദമാക്കിയിരുന്നു.
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ച് പമ്പയില്‍ നടക്കുന്ന ആറാട്ടിനും ഇനി മുതല്‍ സ്ത്രീകള്‍ക്ക് വിലക്ക്. ഈ വര്‍ഷം മുതല്‍ ആറാട്ടിന് സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ ആറാട്ടിനു പങ്കെടുക്കുന്നത് ദേവഹിതത്തിന് എതിരാണ്. അതുകൊണ്ട് ഇത്തവണ പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ എത്തുന്നത് തടയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 23നാണ് പമ്പയില്‍ ആറാട്ട് നടക്കുന്നത്.
തന്ത്രിമാരും, ദൈവജ്ഞന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ആറാട്ട് സമയത്ത് സ്ത്രീകള്‍ എത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ എത്തി ഭഗവാനെ കാണുവാന്‍ കഴിയാത്തതിനാല്‍ പമ്പയില്‍ ആറാട്ടുസമയത്ത് കണ്ടുതൊഴാം എന്നാണ് വിശ്വാസികളായ സ്ത്രീകള്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്നും ഇനിയുളള കാലം ഇത് തുടരാന്‍ കഴിയില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് വൃശ്ചിക മാസത്തിലെ കറുത്തവാവിന് പമ്പയില്‍ എത്താമെന്നും അദ്ദേഹം വിശദീകരിച്ചു. അന്നേദിവസം നടക്കുന്ന ദശരഥ ജടായു ബലിതര്‍പ്പണ ദിനത്തില്‍ സ്ത്രീകള്‍ക്ക് പമ്പയിലിറങ്ങി ബലിതര്‍പ്പണം നടത്താം. പമ്പയിലെ ഗണപതി, ഹനുമാന്‍,ദേവി, ശ്രീരാമ ക്ഷേത്രങ്ങളില്‍ അന്നേദിവസം സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുളള സജ്ജീകരണങ്ങള്‍ ദേവസ്വം ഒരുക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബെര്‍ലിന്‍: ജര്‍മനിയിലെ മഞ്ഞുകാല വിനോദസഞ്ചാര കേന്ദ്രമായ ആള്‍ട്ടന്‍ബര്‍ഗില്‍ ഹിറ്റ്‌ലര്‍ മീശയും സ്വസ്തിക പതിച്ച ഹെല്‍മെറ്റുമായെത്തിയയാള്‍ അഭയാര്‍ത്ഥികളെ ആക്രമിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ഇയാള്‍ ആക്രമിച്ചത്. ഓര്‍ മലനിരകളില്‍ സ്‌കീയിംഗിന് എത്തിയ അഭയാര്‍ത്ഥികളായ രണ്ടു യുവാക്കളെയാണ് ഇയാള്‍ ആക്രമിച്ചത്. ഹെല്‍മെറ്റു കൊണ്ട് തലക്കടിയേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21ഉം 26ഉം വയസുള്ള യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സ്വസ്തിക ചിഹ്നം പതിച്ച ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി അഭയാര്‍ത്ഥികള്‍ക്കു നേരേ ചെല്ലുകയും ആക്രമണമഴിച്ചു വിടുകയുമായിരുന്നു. യുവാക്കളിലൊരാളുടെ തലയില്‍ ഹെല്‍മെറ്റു കൊണ്ട് ഇടിച്ച ഇയാള്‍ കണ്ടു നിന്നവര്‍ ഇടപെടുന്നതു വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തു നിന്ന് പോകുന്നതിനു മുമ്പ് ഇയാള്‍ ഒരു നാസി സല്യട്ട് ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജര്‍മനി നിരോധിച്ചിട്ടുള്ള നാസി സല്യൂട്ട് ചെയ്യുകയും നാസി ചിഹ്നങ്ങള്‍ അണിയുകയും ചെയ്തതിന്റെ പേരിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അക്രമിക്ക് 25 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് അറിയിച്ചു.
പുതുവല്‍സരാഘോഷത്തിനിടെ കൊളോണില്‍ ഉണ്ടായ ലൈംഗികാതിക്രമത്തേത്തുടര്‍ന്ന് ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരേയുള്ള അക്രമസംഭവങ്ങള്‍ പെരുകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ നോര്‍ത്ത് ആഫ്രിക്കന്‍ അറബ് വംശത്തില്‍പ്പെടുന്ന ആയിരത്തോളം പേരാണ് കൊളോണ്‍ ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.1 മില്യന്‍ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ എത്തിയതായാണ് കണക്ക്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.
വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭാഗ്യത്തിനു പിന്നില്‍ ഹനുമാന്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്ന ഒബാമയുടെ പോക്കറ്റില്‍ ഒരു ഹനുമാന്‍ പ്രതിമയുണ്ട്. ഒരു പോക്കറ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപമാലയും മറ്റൊന്നില്‍ ഹനുമാന്‍ വിഗ്രഹവുമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രകള്‍.
വര്‍ഷം എട്ടായി ഒബാമയുടെ പോക്കറ്റില്‍ ഹനുമാന്‍ പ്രതിമ സ്ഥിരം താമസക്കാരനായിട്ട്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ കിട്ടിയതോടെയാണ്. അന്ന് ആകെ നാലു ഭാഗ്യചിഹ്നങ്ങളായിരുന്നെങ്കില്‍ ഇന്നു പല പോക്കറ്റുകളിലായി വിശ്രമിക്കുന്നത് അഞ്ചോളം ഭാഗ്യവസ്തുക്കള്‍. ഇതുമാത്രമല്ല ഒബാമയുടെ ഭാഗ്യ ചിഹ്നങ്ങള്‍, വെള്ളികൊണ്ടുള്ള ഒരു പോക്കര്‍ ചിപ്പും ശ്രീബുദ്ധന്റെ ചെറുപ്രതിമ, ഇത്യോപ്യയില്‍നിന്നുള്ള കുരിശ് എന്നിവയൊക്കെയുണ്ട് ഒബാമയുടെ ശേഖരത്തില്‍.
കഴിഞ്ഞ ചൊവ്വാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി പുറത്തിറങ്ങിയ യൂട്യൂബ് അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെയും കോട്ടിന്റെയും പോക്കറ്റുകളില്‍ കയ്യിട്ട് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പുറത്തെടുത്ത ഭാഗ്യചിഹ്നങ്ങളാണ്.
തന്റെ ഇന്നോളം വരെയെത്തിയ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഈ വിശ്വാസങ്ങളുണ്ടെന്നും അന്ധവിശ്വാസിയൊന്നുമല്ലെങ്കിലും ഇതൊക്കെ പോക്കറ്റിലുള്ളത് ഒരു ബലമാണെന്നുമാണ് ഒബാമ പറയുന്നത്. ക്ഷീണം തോന്നുമ്പോഴോ ദുഃഖിച്ചിരിക്കുമ്പോഴോ പോക്കറ്റില്‍ കയ്യിട്ട് ഇവയിലൊന്നു തൊട്ടാല്‍ ഉന്മേഷം ലഭിയ്ക്കാറുണ്ടെന്നും പറയുന്നു.
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്‌റ്റ് ചെയ്‌തു. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ റിയാസ് എന്ന യുവാവാണ് അറസ്‌റ്റിലായത്. ഇയാള്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശന്‍ എന്നയാളാണെന്നും പേരുമാറ്റി പത്താന്‍കോട്ടില്‍ കഴിഞ്ഞുവരുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ലോഡ്‌ജുകളില്‍ എന്‍.ഐ.എ നടത്തിയ തെരച്ചിലിന് ഒടുവിലാണ് അറസ്‌റ്റ്. റിയാസിനൊപ്പം അഞ്ച് മാലിദ്വീപ് സ്വദേശികളും പിടിയിലായിരുന്നു. ഇവരെക്കുറിച്ച് നടത്തിയ വിശദ അന്വേഷണത്തില്‍ റിയാസിന്റെ ഫോണില്‍നിന്നും പാകിസ്‌താനിലേക്ക് നിരവധി ഫോണ്‍കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. ഇയാള്‍ നല്‍കിയ റിയാസ് എന്ന പേര് കള്ളമാണെന്നും ദിനേശനെന്നാണ് യഥാര്‍ത്ത പേരെന്നും തെളിഞ്ഞതോടെ എന്‍.ഐ.എ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മലയാളിയാണെന്ന കണ്ടെത്തലില്‍ ദിനേശനെകുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി. തുടര്‍ന്ന് മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌പിരിറ്റുകേസില്‍ പ്രതിയായി 13 വര്‍ഷം മുമ്പ് സൗദി അറേബ്യയിലേക്ക് നാടുവിട്ടയാളാണ് ദിനേശനെന്നും കണ്ടെത്തി. രാജ്യംവിട്ട ദിനേശന്‍ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന. നാടുവിട്ടതിന് ശേഷം ഇയാള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇടത്തരം കുടുംബത്തില്‍നിന്നുള്ളയാളാണ് ദിനേശന്‍.
ബിന്‍സു ജോണ്‍
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിഖ്യാതമായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്തത് വിദേശ കമ്പനിയില്‍ വിദേശത്താണ് എന്ന വിമര്‍ശനത്തിന്‍റെ മുനയൊടിയുന്നു. വിദേശ രാജ്യങ്ങളിലെ തൊഴിലുടമകളെയും നിക്ഷേപകരെയും ഇന്ത്യയില്‍ മുതല്‍ മുടക്കാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാക്കാനും ക്ഷണിച്ചു കൊണ്ടുള്ള കാമ്പയിന്‍ ആയിരുന്നു മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. മോദി തന്നെ തന്നെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി തീരുമാനിച്ച് പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കൂടി ആയിരുന്നു മേക്ക് ഇന്‍ ഇന്ത്യ.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈനിംഗും പ്രചാരണ ചുമതലയും വെയ്ഡന്‍ + കെന്നഡി (Wieden+Kennedy) എന്ന വിദേശ കമ്പനിയെയാണ് ഏല്‍പിച്ചതെന്നും ഇത് വഴി പദ്ധതിയുടെ ഉദ്ദേശ ലക്‌ഷ്യം തന്നെ പാളിയെന്നും ആയിരുന്നു വിമര്‍ശകരുടെ ആരോപണം. ഇതിന് വേണ്ടി 11 കോടി രൂപ വിദേശ കമ്പനിയ്ക്ക് നല്‍കിയത് സര്‍ക്കാരിനെതിരെയുള്ള ആരോപണമായും ഉന്നയിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വെയ്ഡന്‍ + കെന്നഡിയുടെ ഇന്ത്യന്‍ ഡിവിഷനിലെ ഇന്ത്യക്കാരനായ ക്രിയേറ്റിവ് ഡയറക്ടര്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത് എന്ന് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്‍ഡസ്ട്രിയല്‍ സെക്രട്ടറി അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു.
വെയ്ഡന്‍ + കെന്നഡിയിലെ ക്രിയേറ്റിവ് ഡയറക്ടര്‍ കണ്ണൂര്‍ സ്വദേശിയായ വി. സുനില്‍ ആണ് മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ ഡിസൈന്‍ ചെയ്തത് എന്നും പുറത്ത് വന്നു. കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ 1967ല്‍ ജനിച്ച വി. സുനില്‍ പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്‍റെ കലാപരമായ കഴിവുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയാണ്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി തേടി ബാംഗ്ലൂരിലേക്ക് പോയ ഇദ്ദേഹം തുടര്‍ന്ന്‍ ഒരു മെക്കാനിക്ക് ആയി മാറുകയായിരുന്നു.
ബാംഗ്ലൂരില്‍ അമ്മാവന്‍റെ കൂടെ താമസിച്ച് ജോലി ചെയ്യുന്ന സമയത്ത് ഒരു അയല്‍വാസിയാണ് സുനിലിന്‍റെ കലാപരമായ കഴിവുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന്‍ ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ഒരു ഗുജറാത്തി കമ്പനിയുടെ ഭക്തി ഗാന കാസറ്റുകളുടെ കവര്‍ ഡിസൈന്‍ ചെയ്യുന്ന ജോലി ഇദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന്‍ എക്സിബിഷനുകളും ഇവന്‍റുകളും സംഘടിപ്പിക്കുന്ന ഒരു ഗ്ലോബല്‍ കമ്പനിയില്‍ ഇദ്ദേഹത്തിന് ജോലി ലഭിച്ചു. തുടര്‍ന്ന്‍ ഇദ്ദേഹം ഈ കമ്പനിയുടെ ഡല്‍ഹി ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് വെയ്ഡന്‍ + കെന്നഡിയുടെ ഭാഗമാകുന്നതും മേക്ക് ഇന്‍ ഇന്ത്യയ്ക്ക് വേണ്ടി ലോഗോ ഡിസൈനിംഗ് ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുക്കുന്നതും. എന്തായാലും ഈ കമ്പനിയും വിട്ട സുനില്‍ ഇപ്പോള്‍ സുഹൃത്തായ മോഹിതിനൊപ്പം സ്വന്തമായി പരസ്യ ഡിസൈനിംഗ് കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
ശ്രീ. അമിതാഭ് കാന്ത് കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ കേരളത്തെ ഗോഡ്സ് ഓണ്‍ കണ്ട്രിയായി വിശേഷിപ്പിച്ച് ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിച്ചപ്പോള്‍ അതിന്‍റെ പരസ്യ ഡിസൈനുകളുടെ ചുമതലയും സുനിലിന് ആയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ മലയാളിയായ ഒരാള്‍ ഡിസൈന്‍ ചെയ്ത ലോഗോയുടെ പേരിലായിരുന്നു ഈ വിവാദങ്ങള്‍ എന്നത് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. എന്തിനായിരുന്നു വസ്തുതകള്‍ മറച്ച് വച്ച് ഈ വിവാദങ്ങള്‍ സൃഷ്ടിച്ചത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
ദമാസ്‌കസ്: ദാര്‍ അല്‍ സൂറില്‍ ഐസിസ് നടത്തിയ ചാവേര്‍ ബോംബാക്രമണത്തിനു ശേഷം 400 പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി സൂചന. ചാവേര്‍ ആക്രമണങ്ങളില്‍ 300ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണ്ക്ക്. മരിച്ചവരില്‍ 50 പേര്‍ സൈനികരും തീവ്രവാദികളുമാണ്. സാധാരണക്കാരായ 80 പേര്‍ മരിച്ചതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ അല്‍ ബഗ്ലിയാഹ്, അല്‍ ജുറ പ്രദേശങ്ങളിലായാണ് കാര്‍ ബോംബാക്രമണവും ചാവേറാക്രമണവും നടന്നത്.
പ്രദേശത്ത് നിന്ന് 400 പേരെ കാണാതായിട്ടുണ്ട്. ഇവരെ ഐസിസ് തട്ടിക്കൊണ്ടു പോയതായാണ് നിഗമനം. ഐസിസ് ആറ് ചാവേറുകളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് അയച്ചെങ്കിലും ആക്രമണം നടത്താന്‍ കഴിഞ്ഞില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെയും തട്ടിക്കൊണ്ടുപോയവരുടെയും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം മൂന്നറിലേറെ പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സിറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണം 250നും 280നും ഇടയ്ക്കാണെന്ന് ചില നിരീക്ഷണ സംഘടനകള്‍ പറഞ്ഞു. 42 ഐസിസ് പോരാളികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഇറാഖിനോട് വളരെയടുത്തു കിടക്കുന്ന നഗരമാണ് ദാര്‍ അല്‍ സൂര്‍. അടുത്തിടെയായി സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്.
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയുടെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സര്‍വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ അഞ്ച് ദളിത് ഗവേഷണ വിദ്യാര്‍തിഥികളിലൊരാളായ രോഹിത് വെമുലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിനകത്ത് സംഘടനയുടെ കൊടിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രോഹിത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന രോഹിത് കഴിഞ്ഞ 12 ദിവസമായി സസ്‌പെന്‍ഷനിലായിരുന്നു. രോഹിതിനെ കൂടാതെ മറ്റു നാല് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.
മുസാഫര്‍ നഗര്‍ വര്‍ഗീയ കലാപത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പങ്കിനെ കുറിച്ച് പറയുന്ന ‘മുസാഫര്‍നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. പ്രദര്‍ശനം എ.ബി.വി.പി തടസ്സപ്പെടുത്തുകയും എ.എസ്.എ വിദ്യാര്‍ഥികള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെ ഇവര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് മാപ്പ് എഴുതി നല്‍കേണ്ടിവന്നു.
ഈ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്താത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
എഎസ്എയ്‌ക്കെതിരെ എബിവിപിയും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതായി വിസി നോട്ടീസ് പുറപ്പെടുവിച്ചു. ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മകളില്‍ പങ്കെടുക്കരുതെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് പിന്‍വലിച്ചു.
തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വിസി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. വധശിക്ഷയ്‌ക്കെതിരെ തുടക്കം മുതലെ നിലപാടുള്ള സംഘടനയാണ് എഎസ്എയെന്നും ഇവര്‍ അവകാശപ്പെടുന്നു.
വിദ്യാര്‍ത്ഥികളുടെ പുറത്താക്കല്‍ നടപടിക്ക് പിന്നാലെ ആത്മഹത്യ കൂടി ഉണ്ടായതോടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് തുടരുന്നത്. ദളിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശ നിഷേധമാണ് ഇവിടെ നടന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. എസ്എഫ്‌ഐ, എസ്‌ഐഒ, എംഎസ്എഫ്, എന്‍എസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിസിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. തുടര്‍ന്ന് ക്യാംപസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പത്തുവിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ഭൂമിക്കു പുറത്ത് ആദ്യമായി ഒരു പുഷ്പം വിടര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് സംഭവം. സീറോ ഗ്രാവിറ്റിയില്‍ ആദ്യമായാണ് ഒരു പൂ വിടരുന്നത്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകന്‍ സ്‌കോട്ട് കെല്ലിയാണ് ചരിത്ര സംഭവം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. പതിമൂന്ന് ഇതളുകളുള്ള ഓറഞ്ച് നിറത്തിലുള്ള പൂവിന്റെ ചിത്രവും കെല്ലി ട്വീറ്റ് ചെയ്തു. സീറോ ഗ്രാവിറ്റിയില്‍ സസ്യങ്ങളുടെ വളര്‍ച്ചയും പുഷ്പിക്കലും പഠനവിധേയമാക്കാന്‍ നടത്തിയ പരീക്ഷണത്തിനായി വളര്‍ത്തിയ സീനിയയാണ് ബഹിരാകാശത്തു പൂക്കാലമൊരുക്കിയത്.
തലതാഴ്ത്തി നില്‍ക്കുന്ന സീനിയച്ചെടിയുടെ ചിത്രം കഴിഞ്ഞ മാസം കെല്ലി പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഇലകളും വാടിയ നിലയിലായിരുന്നു. അത് കൊണ്ട് തന്നെ ചൊവ്വയില്‍ മനുഷ്യന് വസിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയും കെല്ലി തന്റെ ട്വീറ്റില്‍ പങ്ക് വച്ചു. ലെറ്റിയൂസും ഗോതമ്പും ഒക്കെ ഇവിടെ വളര്‍ത്തിയെങ്കിലും ഇവയൊന്നും പൂത്തില്ല.
എന്നാല്‍ സീനിയ മറ്റ് ചെടികളെപ്പോലെയല്ലെന്നും ഏത് പരിസ്ഥിതിയുമായും വേഗം ഇണങ്ങിച്ചേരുമെന്നും നാസയുടെ ബ്ലോഗില്‍ പ്രോജക്ട് മാനേജരായ ട്രെന്റ് സ്മിത്ത് പറയുന്നു. അറുപത് മുതല്‍ എണ്‍പത് ദിവസം വരെ മാത്രം മതി ഇിതിന് വളരാന്‍. ഏതായാലും പൂവിന്റെ സാനിധ്യം ബഹിരാകാശ കേന്ദ്രത്തിലുളളവര്‍ക്ക് ഒരു പുതിയ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു.
ഭാവിയില്‍ കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സസ്യങ്ങള്‍ ഉപകാരപ്പെട്ടേക്ുമെന്നാണ് നിഗമനം. ബഹിരാരാകാശ യാത്രികര്‍ക്ക് ഭൂമിയെ ഇടക്കിടെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഇതിലൂടെ ഒഴിവാക്കാനാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.
റിയാദ്: ലോകരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീങ്ങിയതോടെ ഇറാനും ആഗോള എണ്ണവിപണിയില്‍ സജീവമായി. ഇത് എണ്ണഉദ്പാദക രാജ്യങ്ങളില്‍ മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം കനത്ത ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ തന്നെ വിലക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന എണ്ണവിപണിയിലേക്ക് ഇറാനും എത്തുന്നതോടെ കൂടുതല്‍ എണ്ണയുടെ ഒഴുക്ക് ഉണ്ടാകും. ഇതോടെ രാജ്യാന്തര എണ്ണവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സൂചന.
ഉപരോധം നീക്കിയതോടെ ഇറാന് ലോകത്തെവിടേക്കും എണ്ണ കയറ്റുമതി ചെയ്യാനാകും. പത്ത് ലക്ഷം ബാരല്‍ എണ്ണ ദിവസവും കയറ്റുമതി ചെയ്യാനാണ് ഇപ്പോള്‍ ടെഹ്‌റാന്‍ തീരുമാനിച്ചിട്ടുളളത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും ഇറാനും തമ്മിലുളള എണ്ണ വിലയുദ്ധം അറബ് ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണിയായ തദാവുല്‍ ഓള്‍ ഷെയര്‍ സൂചികയില്‍ 5.4ശതമാനം നഷ്ടമുണ്ടാക്കി. ഇക്കൊല്ലം ഇതുവരെ 20 പോയിന്റ് ഇടിവാണ് സൗദി വിപണിയില്‍ ഉണ്ടായിരിക്കുന്നത്.
എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഖത്തറിലും ദുബായിലും ഓഹരി വിപണികള്‍ യഥാക്രമം 7.2, 4.6 ശതമാനം വീതം ഇടിഞ്ഞു. അബുദാബിയിലെ പ്രധാന ഓഹരി സൂചിക 4.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇറാനിലെ മുഖ്യ ഷിയാ പുരോഹിതനായിരുന്ന നിമര്‍ അല്‍ നിമറിന്റെ വധത്തോടെ സൗദിയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരുന്നു. എണ്ണ വിപണനത്തിലെ യുദ്ധം ഇരുരാജ്യങ്ങളും തമ്മിലുളള സ്പര്‍ദ്ധ വളര്‍ത്താനേ ഉപകരിക്കൂ എന്നാണ് വിലയിരുത്തുന്നത്. നിമറിന്റെ വധത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ സൗദി നയതന്ത്ര കാര്യലയത്തിന് മുന്നില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് റിയാദ് ഇറാനുമായുളള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.
സിറിയയിലെയും യെമനിലെയും ആഭ്യന്തരയുദ്ധത്തിലും ഇരുരാജ്യങ്ങളും വിരുദ്ധ ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതും രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് തടസമാകും. എന്നാല്‍ സൗദി അറേബ്യയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനുമേലുളള ഉപരോധം നീക്കിയ സമയം തെറ്റായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എണ്ണ വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ സ്ഥിതി വഷളാക്കുകയേ ഉളളൂവെന്നും ഇവര്‍ പറയുന്നു.
പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ എണ്ണവിപണിയില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ പതിനെട്ട് മാസം കൊണ്ട് എണ്ണ വില വീപ്പയ്ക്ക് 29 ഡോളറിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഇത് പത്ത് ഡോളറാകുമെന്നാണ് വിദഗ്്ദ്ധര്‍ വിലയിരുത്തുന്നത്.