Main News

ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍: ലിവര്‍പൂളില്‍ വീണ്ടും മറ്റൊരു മലയാളി മരണം കൂടി. കഴിഞ്ഞ വര്‍ഷം മൂന്ന്‍ മലയാളി മരണങ്ങള്‍ നടന്ന ലിവര്‍പൂളിനു പുതുവര്‍ഷത്തിലും ദുഖ വാര്‍ത്തയ്ക്ക് വിരാമമില്ല. ലിവര്‍പൂള്‍ മലയാളികള്‍ക്ക് പ്രിയംകരനായ പുനലൂര്‍ അഞ്ചല്‍ സ്വദേശിയായ 42 കാരന്‍ വിനു ജോസഫാണ് ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞത്. അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ ലിനിയും മൂന്ന്‍ കുട്ടികളുമൊത്ത് ലിവര്‍പൂള്‍ നോട്ടി ആഷില്‍ താമസിച്ച് വരികയായിരുന്നു.

കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു വിനു ജോസഫ്. ഏകദേശം മൂന്നാഴ്ചക്കാലമായി അസുഖം കൂടിയതിനെ തുടര്‍ന്ന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ആയിരുന്ന വിനു ഇന്ന്‍ രാവിലെയാണ് ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. വിനുവിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികള്‍ ഹോസ്പിറ്റലില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.

മാതാപിതാക്കളുടെ ഏകമകനായ വിനു ജോസഫിന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ലിവര്‍പൂള്‍ മലയാളികള്‍ ചേര്‍ന്ന്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണ്. യുകെയിലെത്തിയ കാലം മുതല്‍ ലിവര്‍പൂളില്‍ തന്നെയായിരുന്നു വിനുവും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ ലിനി ലിവര്‍പൂളിലെ സിടിസി ആശുപത്രിയില്‍ നഴ്സ് ആണ്.

ന്യൂഡല്‍ഹി: നാളെ നടത്താനിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പി്ന്‍മാറി. ഇപ്പോഴത്തെ നിലയില്‍ ചര്‍ച്ച സാധ്യമല്ലെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. ചര്‍ച്ചകള്‍ക്ക് മറ്റൊരു തിയതി നിശ്ചയിക്കാമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. അതേ സമയം ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അറസ്റ്റുവിവരം സ്ഥിരീകരിക്കാനും പാകിസ്ഥാന്‍ തയ്യാറായില്ല. അസര്‍ അറസ്റ്റിലായതായി പാക് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് നേരത്തേ പറഞ്ഞിരുന്നു. രണ്ട് ദിവസത്തേക്ക് ഇയാളെയും കൂട്ടാളികളെയും തടവിലാക്കിയിരിക്കുകയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ യഥാസമയം നടക്കുമെന്നാണ് ഇന്ത്യ ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത്.

പത്താന്‍കോട്ടിലെ ആക്രമണങ്ങളില്‍ ഉത്തരവാദികളായവരെ പാകിസ്ഥാന്‍ മാതൃകപരമായി ശിക്ഷിക്കുമെന്ന് കരുതുന്നതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷെരീഫ് വിഷയത്തില്‍ ഉറപ്പ് നല്‍കുകയും് ചെയ്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നാണ് പാക് നിലപാട്.

പത്താന്‍കോട്ടില്‍ നിന്ന് ഭീകരര്‍ വിളിച്ച ഫോണ്‍ നമ്പരുകളടങ്ങിയ തെളിവുകള്‍ പാകിസ്ഥാന്‍ തളളി. ഇത് പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നമ്പരുകളല്ലെന്നാണ് പാക് അധികൃതര്‍ പറയുന്നത്. ഇന്ത്യയിലേക്ക് ഒരു അന്വേഷണസംഘത്തെ അയക്കാമെന്ന് തങ്ങള്‍ പറഞ്ഞെങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും പാകിസ്ഥാന്‍ പരാതിപ്പെടുന്നു.

1994ല്‍ അസറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 1999ല്‍ റാഞ്ചികള്‍ കൈക്കലാക്കിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ വിട്ട് കിട്ടാന്‍ വേണ്ടി മറ്റ് രണ്ട് പാക് തീവ്രവാദികള്‍ക്കൊപ്പം ഇയാളെ പിന്നീട് വിട്ടയച്ചു. 155 യാത്രക്കാരുമായി പോയ വിമാനമാണ് കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ട് പോയത്.

ബെര്‍ലിന്‍: രാജ്യത്ത് അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ജര്‍മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് കടുത്ത ആശങ്ക. അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ് പാര്‍ട്ടി തങ്ങളുടെ ആശങ്ക പങ്ക് വച്ചത്. ബില്‍ഡ് മാസികയാണ് സര്‍വേ നടത്തിയത്. ഇന്ന് നടക്കുന്ന ഫെഡറല്‍ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പതിനൊന്നര ശതമാനം വോട്ട് നേടുമെന്നും മാസിക വിലയിരുത്തി. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്ക് മുപ്പത്തഞ്ച് ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 21.5 ശതമാനം വോട്ട് കരസ്ഥമാക്കും. ഗ്രീന്‍ പാര്‍ട്ടിക്കും ഇടത് പാര്‍ട്ടിക്കും പത്ത് ശതമാനം വീതം വോട്ട് ലഭിക്കും. ലിബറല്‍ പാര്‍ട്ടിയായ എഫ്ഡിപിയ്ക്ക് ആറ് ശതമാനം വോട്ടേ ലഭിക്കൂ. എങ്കിലും പാര്‍ലമെന്റില്‍ പുനഃപ്രവേശിക്കാന്‍ പാര്‍ട്ടിക്കാകും. അടുത്തിടെ നടന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെട്ടിരുന്നു. ജര്‍മനിയാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുത്തിരിക്കുന്ന രാജ്യം. വര്‍ഷത്തില്‍ പത്ത് ലക്ഷം അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കുമെന്നാണ് ചാന്‍സിലര്‍ ആഞ്ചേല മെര്‍ക്കലിന്റെ പ്രഖ്യാപനം.

കൊളോണിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മെര്‍ക്കല്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. ആക്രമണങ്ങളെ തുടര്‍ന്ന് തീവ്ര വലതുപക്ഷ വാദികള്‍ ലെയ്‌സിഗിലുളള കടകളും മറ്റും അടിച്ച് തകര്‍ത്തിരുന്നു. ഇവിടെ ഏറെയും വംശീയ ന്യൂനപക്ഷങ്ങളാണ് വ്യവസായം നടത്തുന്നത്. അടുത്തിടെ മെര്‍ക്കലും തന്റെ നിലപാടില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. യൂറോ കറന്‍സിയില്‍ നിന്നും ജര്‍മനി പിന്‍മാറണമെന്ന് എഎഫ്ഡി ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയനുമായുളള അടുപ്പവും അവസാനിപ്പിക്കണം. കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും കടുത്ത നിലപാട് സ്വീകരിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.

ലണ്ടന്‍: ചൊവ്വാഴ്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഇരുപത്തിനാല് മണിക്കൂര്‍ സമരത്തില്‍ പകുതിയോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തില്ലെന്ന് എന്‍എച്ച്എസ്. ഇവര്‍ പതിവ് പോലെ ജോലി ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് സമരം ആരംഭിച്ചത്. എന്നാല്‍ എന്‍എച്ച്എസിന്റെ കണക്കുകള്‍ പ്രകാരം 47.4 ശതമാനം ഡോക്ടര്‍മാര്‍ അന്ന് ജോലി ചെയ്തു. അടിയന്തര വിഭാഗത്തില്‍ ജോലി ചെയ്തവരുടെ അടക്കമുളള കണക്കുകളാണ് എന്‍എച്ച്എസ് പുറത്ത് വിട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. അപകട, അടിയന്തര വിഭാഗങ്ങളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കാറില്ല. 1975 മുതല്‍ തുടരുന്ന കീഴ് വഴക്കമാണിതെന്നും ബിഎംഎ ചൂണ്ടിക്കാട്ടുന്നു.
അടിയന്തര ചികിത്സയില്‍ ശസ്ത്രക്രിയകളും ഗര്‍ഭിണികള്‍ക്കുളള സേവനങ്ങളും പെടുന്നുണ്ട്. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തു. രാജ്യമെമ്പാടുമായി 150 പിക്കറ്റുകളാണ് നടന്നത്. ഈ മാസം 26നും ഡോക്ടര്‍മാര്‍ സമരം നടത്തുന്നുണ്ട്. അന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 26ന് രാവിലെ എട്ടു മുതല്‍ സമരം തുടങ്ങും. ഈ സമരത്തിനിടയിലും അടിയന്തര അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

എന്‍എച്ച്എസ് പുറത്ത് വിട്ട കണക്കുകളോട് ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ സമര ദിവസം വിട്ട് നിന്ന് നാല്‍പ്പത് ശതമാനം ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകല്‍ മുതല്‍ പിറ്റേന്ന് രാവിലെ വരെ ജോലി ചെയ്ത ഡോക്ടര്‍മാരുടെ കണക്കാണ് തങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് എന്‍എച്ച്എസ് അവകാശപ്പെടുന്നു. ഡോക്ടര്‍മാരുടെ സമരം മൂലം ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വച്ചിരുന്നു. ആയിരക്കണക്കിന് അപ്പോയ്ന്റ്‌മെന്റുകളും പുനക്രമീകരിച്ചു.

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പര. നഗരത്തില്‍ പലയിടത്തായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു സമീപവും സ്‌ഫോടനമുണ്ടായി. സംഭവങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു തീയറ്റര്‍ സമുച്ചയത്തിനുള്ളില്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു. പാലീസ് ഈ പ്രദേശം വളഞ്ഞഇരിക്കുകയാണ്. ഒരു പൊലീസ് എയ്ഡ്‌പോസ്റ്റിനടുത്ത് ആറു സ്‌ഫോടനങ്ങളും, നഗരത്തിലെ കഫെയില്‍ വെടിവെപ്പും നടന്നതായും വിവരങ്ങളുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
ബോബ് സ്‌ഫോടനങ്ങളാണ് നഗരത്തില്‍ നടന്നതെന്ന് ജക്കാര്‍ത്ത പോലീസ് അറിയിച്ചു. പത്തു മുതല്‍ പതിനഞ്ചു പേര്‍ വരെയാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചാവേറുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഇന്ത്യോനേഷ്യയ്ക്ക് നേരെ നിരവധി ആക്രമണ ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നുണ്ട്. ആക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന.

പ്രസിഡന്റിന്റെ കൊട്ടാരം, തുര്‍ക്കി, പാകിസ്ഥാന്‍ എംബസികള്‍ എന്നിവയ്ക്കു സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടായി. നഗരതത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ സറീന മാളിന് സമീപവും സ്‌ഫോടനമുണ്ടായിട്ടുണ്ട്. സ്റ്റാര്‍ബക്‌സ് കഫേയില്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ പോലീസ് ആസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി. കാര്‍ബോംബ് സ്‌ഫോടനമാണ് ഇവിടെയുണ്ടായത്. അഞ്ചു പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ലണ്ടന്‍: രാജ്യത്തെ മ്യൂസിയങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകരില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കും. സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതിനത്തുടര്‍ന്നാണ് ഈ തീരുമാനം. ബ്രൈറ്റന്‍ മ്യൂസിയങ്ങളിലും യോര്‍ക്ക് ആര്‍ട്ട് ഗ്യാലറിയിലുമാണ് ഇപ്പോള്‍ പ്രവേശ ഫീസ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഇക്കൊല്ലം ഇത് കൂടുതല്‍ മ്യൂസിയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ എട്ട് ശതമാനം മ്യൂസിയങ്ങളും ഇപ്പോള്‍ സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഇക്കൊല്ലം പന്ത്രണ്ട് ശതമാനം മ്യൂസിയങ്ങള്‍ കൂടി ഫീസ് ഈടാക്കുമെന്നാണ് സൂചന.
2010ന് ശേഷം രാജ്യത്ത് 44 മ്യൂസിയങ്ങള്‍ അടച്ചു. രാജ്യത്തെ കമ്മി പരിഗണിച്ചാണ് ഇത്. 2017ഓടെ 52 ശതമാനം ബജറ്റ് കുറയ്ക്കാനും ആലോചനയുണ്ട്. 2010 മുതല്‍ 2017 വരെ മൊത്തം 69 ശതമാനം സഹായം നിര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. മ്യൂസിയങ്ങളിലെ വസ്തുക്കളില്‍ കുറവ് വരുത്തി സംഭരണ ചെലവ് കുറയ്ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മ്യൂസിയങ്ങളുടെ ഈ ദുരിതത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വന്‍ തോതില്‍ മ്യൂസിയങ്ങള്‍ അടച്ചിടേണ്ടി വരുമെന്നാണ് ആശങ്ക.

വടക്കന്‍ അയര്‍ലന്റ്, വടക്കന്‍ ഇംഗ്ലണ്ട്, തുടങ്ങിയ മേഖലകളിലെ മ്യൂസിയങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് പോയ വര്‍ഷങ്ങളില്‍ അനുഭവിച്ചത്. പ്രാദേശിക മ്യൂസിയങ്ങളുടെ വരുമാനത്തിലും കുറവുണ്ടായി. പല മ്യൂസിയങ്ങളും തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്നുമുണ്ട്. നോര്‍താംപ്ടണ്‍ ബറോ കൗണ്‍സില്‍ ഇവിടുത്തെ സെഖെംല പ്രതിമ 15.8 മില്യന്‍ പൗണ്ടിന് വിറ്റിരുന്നു.

ലണ്ടന്‍: ജനിതകമാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം യാഥാര്‍ത്ഥ്യമാകുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചിരിച്ചു. എന്നാല്‍ ഈ കണ്ടെത്തലിന് അംഗീകാരം ലഭിക്കുമൊയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പതിനാല് ദിവസത്തില്‍ കൂടുതല്‍ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിന് പുറത്ത് വയ്ക്കാന്‍ നിയമാനുമതിയില്ല. എന്നാല്‍ ജനിതക വ്യതിയാനം വരുത്തിയ ഭ്രൂണത്തിന് ഇതില്‍ ഒരു ദിവസത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണ് ഈ ആവശ്യം ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്.
അനുമതി ലഭിക്കുകയാണെങ്കില്‍ ഗവേഷണ പരിപാടികളുമായി മുന്നോട്ട് പോകാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങനെയായാല്‍ ആദ്യ ജനിതക മാറ്റം വരുത്തിയ മനുഷ്യ ഭ്രൂണം ആഴ്ചകള്‍ക്കകം സംഭവിക്കുമന്നും ഇവര്‍ വ്യക്തമാക്കുന്നു. ജനിതക വ്യതിയാനം വരുത്തിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനായി ഇത്തരം ഭ്രൂണത്തെ ഗര്‍ഭത്തില്‍ നിക്ഷേപിക്കുന്നതും രാജ്യത്തെ നിലവിലെ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ ഈ രംഗത്ത് വിജയം കൈവരിക്കാനായാല്‍ ഐവിഎഫ് ചികിത്സയിലിരിക്കുന്ന സ്ത്രീകള്‍ക്ക് വിജയകരമായി ഗര്‍ഭം ധരിക്കാനാകും.

കുഴപ്പങ്ങള്‍ പരിഹരിച്ച് യോഗ്യമായ ഭ്രൂണങ്ങള്‍ മാത്രമാകും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. അതിനാല്‍ യാതൊരു കുഴപ്പവുമില്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതിനെതിരെ എതിര്‍വാദവുമായെത്തിയിട്ടുളളവര്‍ പുതിയ സാങ്കേതികതയില്‍ ധാര്‍മികത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എച്ച്എഫ്ഇഎയോട് നിര്‍ദേശിക്കുന്നു. വടക്കന്‍ ലണ്ടനിലെ മില്‍ ഹിലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ കാതി നിയാകിന്‍ ആണ് ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത്.

ആല്‍പ്സ്: ഫ്രാന്‍സിലെ ആല്‍പ്സ്  പര്‍വ്വത നിരകളില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ പെട്ട് സ്കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം കുട്ടികളെ കാണാനില്ല. അവധിക്കാലം ആഘോഷിക്കാനായി സ്കീയിംഗ് സൗകര്യമുള്ള ഒരു റിസോര്‍ട്ടില്‍ എത്തിയ കുട്ടികളും അദ്ധ്യാപകരും ആണ് അപകടത്തില്‍ പെട്ടത്. ചില വിനോദ സഞ്ചാരികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു ഉക്രേനിയന്‍ വിനോദ സഞ്ചാരിയെയും മൂന്ന്‍ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്ത് കുട്ടികളും ഒരധ്യാപകനും അടങ്ങുന്ന ഗ്രൂപ്പിന് മേല്‍ ആണ് വലിയ ഒരു മഞ്ഞുപാളി വന്ന്‍ ഇടിച്ചത്. ഈ സംഘത്തില്‍ പെട്ട നാല് കുട്ടികള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു സംഘത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഇരുപതോളം കുട്ടികളെ മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളും സ്നിഫ്ഫര്‍ ഡോഗുകളും ഉള്‍പ്പെടെയുള്ള രക്ഷാസംഘം തിരച്ചില്‍ തുടരുകയാണ്.

skii2

ഇന്ന്‍ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫ്രാന്‍സിലെ ലൈസിസെന്റ്‌ എക്സുപ്പെറി സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  അപകട സാദ്ധ്യതാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സ്കീയിംഗില്‍ ഏര്‍പ്പെട്ടതാണ് ഇത്രയും വലിയ ദുരന്തത്തിനു കാരണമായതെന്ന് കരുതുന്നു. അപകട സാധ്യത അഞ്ചില്‍ നാല് ആണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി പ്രാദേശിക കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോലാണ്ടെ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം കാണാതായവരെ കണ്ടെത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

skii3

മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദത്തിന് ഉടമ ദുര്‍ഗയാണെന്ന ഫാസിലിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ മനസ്സ് തുറന്നു. സംവിധായകനും നടനുമായ സൗന്ദര്‍രാജന്റെ ഭാര്യയായ ദുര്‍ഗ ഇതാദ്യമായാണ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. 23 വര്‍ഷമായി മൂടിവയ്ക്കപ്പെട്ട സത്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ഇപ്പോള്‍ എന്ന്‍ ദുര്‍ഗ്ഗ വെളിപ്പെടുത്തി. ഇത്ര കാലം എന്റെ മനസ്സിലുണ്ടായിരുന്ന വേദനയും നിരാശയുമാണ് ഫാസില്‍ സാറിന്റെ വാക്കുകളിലൂടെ ഇല്ലാതായത് എന്നും ദുര്‍ഗ്ഗ പറയുന്നു.
ഈ മേഖലയിലുള്ള പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഇത്. കേരളത്തിലെ മാധ്യമങ്ങളോട് വലിയ കടപ്പാടുണ്ട്. ഫാസില്‍ സാറിന്റെ വെളിപ്പെടുത്തലിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് എന്നെ തേടിയെത്തുന്നത്. വൈകിയാണെങ്കിലും എന്റെ പ്രയത്‌നത്തിന് കേരളത്തില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദുര്‍ഗ്ഗ ഒരഭിമുഖത്തില്‍ പറഞ്ഞു.

മണിച്ചിത്രത്താഴ് സൂപ്പര്‍ഹിറ്റ് ആയ സമയത്ത് താന്‍ തീര്‍ത്തും നിസ്സഹായ ആയിരുന്നു. വെറുമൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തമിഴ്‌നാട്ടില്‍ ഇരുന്ന് എങ്ങനെ , ആ ശബ്ദം എന്റേതാണ് എന്ന് സ്ഥാപിച്ചെടുക്കും. 23 വര്‍ഷമായി മറ്റൊരാള്‍ നാഗവല്ലിയുടെ ക്രെഡിറ്റ് സ്വന്തമാക്കി വച്ചിരിക്കുകയാണെന്നും കേരളത്തിലുള്ള പലരും അറിയിച്ചിരുന്നു. സിനിമ റിലീസ് ആയതിന് ശേഷം ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലല്ലോ. എന്റെ ജോലി ഞാന്‍ കൃത്യമായി നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ ഞാന്‍ മറ്റ് സിനിമകളുടെ ഡബ്ബിംഗ് തിരക്കിലേക്ക് പോയി. ആ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്‍പ്പിനെ കുറിച്ചോ അവാര്‍ഡുകളെ കുറിച്ചോ ഒന്നും ആരും എന്നെ അറിയിക്കുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എന്റെ ശബ്ദമാണെന്ന് ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അത് മറ്റൊരാളുടേതായി സ്ഥാപിക്കാനുളള ശ്രമങ്ങളുമാണ് ഉണ്ടായിരുന്നത്. ദുര്‍ഗ്ഗ കൂട്ടി ചേര്‍ക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരുന്നു സിനിമയ്ക്ക് വേണ്ടി ആദ്യം ഉപയോഗിച്ചിരുന്നത്, അത് കൊണ്ടാവും അവര്‍ തെറ്റിദ്ധരിച്ചത് എന്നാണ് ഫാസില്‍ പറഞ്ഞത് എന്നതിനെ കുറിച്ച് താനൊന്നും സംസാരിക്കുന്നില്ലയെന്നും ഏതായാലും 23 വര്‍ഷത്തിന് ശേഷം സത്യം പുറത്തുവന്നല്ലോ എന്നുമാണ് ദുര്‍ഗ്ഗ പറഞ്ഞത്. തന്‍റെ പേര് സ്ഥാപിച്ച് കിട്ടാന്‍ വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലയെന്നും അവകാശവാദവുമായി വരുകയോ തര്‍ക്കത്തിന് നില്‍ക്കുകയോ ചെയ്തിട്ടില്ലയെന്നും പറഞ്ഞ ദുര്‍ഗ്ഗ പലരുടെയും ആത്മാര്‍ത്ഥമായ ശ്രമഫലമായാണ് ഇപ്പോള്‍ ഇക്കാര്യം പുറത്തുവന്നത് എന്നും പറയുന്നു. തനിക്ക് ആരോടും പരാതിയില്ലയെന്നും ശോഭന തമിഴില്‍ ചെയ്ത എല്ലാ സിനിമകള്‍ക്കും ശബ്ദം നല്‍കിയത് ഞാനായിരുന്നതിനാല്‍ ശോഭന എന്റെ ശബ്ദം തിരിച്ചറിഞ്ഞിട്ടുണ്ടാകും എന്നാണ് വിശ്വാസിക്കുന്നതെന്നും പറഞ്ഞ ദുര്‍ഗ്ഗ ശോഭനയുമായി ഇക്കാര്യം ഇതേവരെ സംസാരിച്ചിട്ടില്ല എന്നും പറഞ്ഞു.

 

മുണ്ടക്കയം: ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ മുറിച്ചതായി പരാതി. മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ യുവിന്‍ സജിയുടെ മുടിയാണ് മുറിച്ചത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് മുടി മുറിച്ചുനീക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം.
ശബരിമലയില്‍ പോകുന്നതിനാല്‍ മകന്‍ വ്രതമനുഷ്ഠിക്കുകയായിരുന്നെന്ന് പിതാവ് സജി പറഞ്ഞു. വ്യാഴാഴ്ച ശബരിമലയാത്രയ്‌ക്കൊരുങ്ങവെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മുടി മുറിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ക്ലാസ് ടീച്ചര്‍ തന്നെ ഫോണില്‍ വിളിക്കുകയും യുവിന്‍ മുടി വളര്‍ത്തി വസ്‌കൂളില്‍ വരുന്നതിനാല്‍ തങ്ങള്‍ ബാര്‍ബറെ വിളിച്ച് മുടിവെട്ടിയെന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പിതാവ് സജി പറയുന്നു.

sabarimala

പുറത്ത് നിന്ന് ബാര്‍ബറെ വരുത്തി സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ വെച്ച് മുടിവെട്ടുമ്പോള്‍ തന്റെ മകന്‍ നന്നായി മാനസിക പ്രയാസം അനുഭവിച്ചെന്നും അതുകൊണ്ട് താന്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെന്നും സജി പറഞ്ഞു. മുടി ബലമായി മുറിച്ചത് കൂടാതെ, വിഷയം വിവാദമാകുമോ എന്ന സംശയമുള്ളതിനാല്‍ ശബരിമല വ്രതം അനുഷ്ഠിക്കുന്നില്ലെന്ന് യുവിനെക്കൊണ്ട് പറയിപ്പിക്കുകയും, ഫോണില്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. മുടി വെട്ടേണ്ട കാര്യം സ്‌കൂളധികൃതര്‍ നേരത്തെ അറിയിച്ചില്ല. വെട്ടിക്കഴിഞ്ഞ ശേഷം വിളിച്ചറിയിക്കുകയായിരുന്നു.

താന്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിനില്ലെന്നും പിതാവ് സജി പറയുന്നു.സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. അതേസമയം മുടി മുറിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും കുട്ടിയോട് സ്‌കൂളില്‍ മുടി വളര്‍ത്തി വരരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും അനുസരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു തുണ്ടിയില്‍ പറഞ്ഞു.

Copyright © . All rights reserved