Main News

ബംഗളൂരു: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കുടക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ബിജെപി നേതാവായ ചെങ്ങപ്പ എന്നയാള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. റിയാസ്, സുഹൈര്‍, അബ്ദുള്‍ സമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇവര്‍ തെരുവില്‍ പടക്കം പൊട്ടിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്.

മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി എന്നാണ് കേസ്. എന്നാല്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പാകിസ്ഥാന്‍ ടീമിന്റെ ക്രിക്കറ്റ് വിജയം ഇവര്‍ ആഘോഷിക്കുകയായിരുന്നെന്നും ഇതിനെതിരായി ലഭിച്ച പരാതിയിലാണ് തങ്ങള്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് കുടക് ബിജെപി പ്രസിഡന്റ് ബി.ബി ഭാരതീഷ് പറഞ്ഞു. ഇങ്ങനെയുള്ള സംഭവങ്ങള്‍ മുളയിലേ നുള്ളണമെന്നും ഭാരതീഷ് പറഞ്ഞു. അറസ്റ്റിലായവരെ കൗണ്‍സലിംഗ് നടത്തി വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വലതുപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുകയാണ്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് തീപ്പിടിത്തത്തില്‍ താമസസ്ഥലം നഷ്ടമായവര്‍ക്ക് കെന്‍സിംഗ്ടണിലും പരിസരങ്ങളിലുമുള്ള പ്രൈവറ്റ് പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുത്ത് നല്‍കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി തള്ളി. പരിസരത്തുള്ള ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ജെറമി കോര്‍ബിനാണ് നിര്‍ദേശിച്ചത്. സ്വകാര്യ പ്രോപ്പര്‍ട്ടികള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. ബറോയിലും പരിസരങ്ങളിലുമായി ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് വിശദീകരണം.

പ്രധാനമന്ത്രിയുടെ പദ്ധതിയേക്കാള്‍ ജനങ്ങള്‍ കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവിന്റെ പദ്ധതിക്കായിരുന്നു. ഇപ്പോഴും നിരവധിയാളുകള്‍ താമസസാകര്യമില്ലാതെ വലയുകയാണ്. ഏറ്റവും ദരിദ്രരായ ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. അതിന് ഇരയായവരെ അതേ പ്രദേശത്ത് തന്നെയാണ് പുനരധിവസിപ്പിക്കേണ്ടതെന്നായിരുന്നു കോര്‍ബിന്‍ ആവശ്യപ്പെട്ടത്. വീട് നഷ്ടപ്പെട്ടവര്‍ തെരുവില്‍ അലയുമ്പോള്‍ ലക്ഷ്വറി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇരകള്‍ക്കൊപ്പം ചെലവഴിക്കാനും കോര്‍ബിന്‍ സമയം കണ്ടെത്തിയപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാനോ ആദ്യഘട്ടത്തില്‍ ഇരകളെ കാണാനോ തയ്യാറാകാതിരുന്ന തെരേസ മേയ് വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളില്‍ ടവറില്‍ താമസിച്ചിരുന്നലവര്‍ക്ക് വീടുകള്‍ കണ്ടെത്താമെന്നാണ് മേയ് നല്‍കിയിരിക്കുന്ന വാഗ്ദാനം. തീപ്പിടിത്തത്തില്‍ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയമിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. തീപ്പിടിത്തതില്‍ കത്തിയെരിഞ്ഞ ടവറിനുള്ളില്‍ നടക്കുന്ന തെരച്ചില്‍ പുരോഗമിക്കുന്നതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്നലെ രാവിലെ 11 മണിക്ക് ദുരന്തത്തില്‍ മരിച്ചവരെ സ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൗനം ആചരിച്ചു. നാല് പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. തെരച്ചില്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് അഗ്നിശമന സേന നല്‍കുന്ന വിവരം.

ആന്തണി ഡിസ്സന്‍ (65), അബുഫാര്‍സ് ഇബ്രാഹിം (39), യാ-ഹാദി സിസി സായെ (ഖദീജ സായെ 24), 52കാരിയായ സ്ത്രീ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൊഹമ്മദ് അല്‍ഹജാലി എന്ന 23കാരനായ സിറിയന്‍ അഭയാര്‍ത്ഥിയെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഇയാളെയാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചറിഞ്ഞവരുടെ എണ്ണം 5 ആയി. ഗ്രെന്‍ഫെല്‍ഡ് ടവറില്‍ തീപ്പിടിത്ത സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്നത് അറിയുന്നതിനായി ഏജന്‍സികള്‍ ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനായി കഠിന പരിശ്രമമാണ് നടത്തുന്നത്. ടവറില്‍ ഉണ്ടെന്നു കരുതുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമല്ലെങ്കില്‍ അവര്‍ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സ്റ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. മരണ സംഖ്യ ഇനിയും കൂടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. പക്ഷേ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അത്രയും വര്‍ദ്ധന മരിച്ചവരുടെ എണ്ണത്തില്‍ ഇനിയുണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതവരെ ലഭിച്ച മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ബാലി. ചെലവു കുറഞ്ഞ സ്ഥലമെന്നതിനാല്‍ ഹണിമൂണ്‍ യാത്രകള്‍ക്കും ഈ ഇന്തോനേഷ്യന്‍ ദ്വീപ് ഏറെ അനുയോജ്യമാണ്. ഇന്തോനേഷ്യയിലെ ഏറ്റവും വികസിതമായ ദ്വീപും ഇതുതന്നെ. എന്നാല്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈയിടെ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചിക്കന്‍ എന്ന പേരില്‍ വിളമ്പുന്നത് മിക്കപ്പോളും പട്ടിയിറച്ചിയാണെന്ന് അന്വേഷണം സാക്ഷ്യപ്പെടുത്തുന്നു.

ബാലിയുടെ രഹസ്യ മാംസ വ്യാപാരവും അതിന്റെ ഓസ്‌ട്രേലിയന്‍ ടൂറിസം ബന്ധവും എന്ന പേരില്‍ അനിമല്‍സ് ഓസ്‌ട്രേലിയ എന്ന മൃഗ സംരക്ഷണ സംഘടന സംഘടിപ്പിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. തെരുവുകളില്‍ നിന്ന് പിടിക്കുന്ന നായകളെ കശാപ്പ് ചെയ്താണ് ഇറച്ചിയെടുക്കുന്നത്. പലപ്പോഴും വളര്‍ത്തുനായകളും ഈ വിധത്തില്‍ പിടിക്കപ്പെടാറുണ്ട്. മുളങ്കൂടുകളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ കൊണ്ടുവരുന്ന നായകളുടെ കാലുകള്‍ കെട്ടിയിടുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ ടേപ്പ് വെച്ച് ഒട്ടിക്കുകയും ചെയ്യാറുണ്ടെന്ന് അനിമല്‍ ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇവയെ ഈ വിധത്തില്‍ മണിക്കൂറുകളോളം കെട്ടിയിടുന്നത്. ഇവയുടെ മുന്നില്‍ വെച്ചുതന്നെയാണ് കശാപ്പ് നടക്കുന്നതും. ചൈനയിലെ കുപ്രസിദ്ധമായ യൂലിന്‍ പട്ടിയിറച്ചി ഉത്സവത്തിന് കൊല്ലുന്നതിനേക്കാള്‍ ഏഴ് മടങ്ങ് നായകളെ ബാലിയില്‍ ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്. വഴിയോര കച്ചവടക്കാരാണ് പട്ടിയിറിച്ചി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും 70 ശതമാനം റെസ്‌റ്റോറന്റുകളും ചിക്കന് പകരം പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍ ആണ്. നാല്‍പ്പത് വര്‍ഷക്കാലത്തിലധികമായി ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താര സാന്നിദ്ധ്യമാണ് അനില്‍ കപൂര്‍. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള അനില്‍ കപൂര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ്.

ഓണത്തിന് റിലീസ് ചെയ്യേണ്ട ലാല്‍ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ ആനന്ദ്‌ ടിവി അവാര്‍ഡ് നൈറ്റിന് എത്തില്ല എന്നറിയിച്ചിരിക്കുന്നത്. യുകെയിലെ ലാല്‍ ആരാധകരെ അദ്ദേഹത്തിന്‍റെ തീരുമാനം അല്‍പ്പം നിരാശയിലാക്കുമെങ്കിലും അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യവും നിറപ്പകിട്ടാര്‍ന്ന മറ്റ് പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് സംഘാടകരായ ആനന്ദ് ടിവിയുടെ അണിയറ പ്രവര്‍ത്തകര്‍.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഷോയില്‍ താരങ്ങള്‍ തന്നെ അവതരിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ യൂറോപ്പ് മലയാളികള്‍ക്ക് ലഭിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ഭാഗമാവുക എന്നത്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, എക്കാലത്തെയും മികച്ച നടിമാരായ മഞ്ജു വാര്യര്‍, ഭാവന, അഭിനയ ചക്രവര്‍ത്തിമാരായ മുകേഷ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ വൈശാഖ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങി വളരെ വലിയ ഒരു താരനിര തന്നെ അവാര്‍ഡ് നൈറ്റില്‍ അണി നിരക്കുന്നുണ്ട്.

 

ഭാവന അവതരിപ്പിക്കുന്ന നൃത്തവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ പരിപാടികളും അവാര്‍ഡ് നൈറ്റില്‍ മറ്റ് ആകര്‍ഷണങ്ങളാകും. ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ്‌ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് തുടക്കം കുറിക്കുന്നത്. മാഞ്ചസ്റ്റര്‍ നഗരത്തിന്‍റെ അഭിമാനമായ o2  അപ്പോളോയിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.

ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റുകളുടെ സിംഹഭാഗവും ഇപ്പോള്‍ തന്നെ വിറ്റ്‌ തീര്‍ന്നിരിക്കുകയാണ്. എങ്കിലും ഇനിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന സമയത്തെ തിരക്കില്‍ നിന്നും ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആര്‍ക്കെങ്കിലും മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറിയത് മൂലം പ്രോഗ്രാം കാണേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

അവാര്‍ഡ് നൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ആനന്ദ് മീഡിയയുടെ 02085866511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

മാഞ്ചസ്റ്റര്‍: 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും തളരാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു. ഒരു ലക്ഷത്തോളം ആളുകള്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തിന് ഇരയായ 22 പേരെ അനുസ്മരിച്ച് ബലൂണുകള്‍ ഏന്തിയ 22 പേരാണ് പരേഡ് നയിച്ചത്. പരേഡില്‍ ആവേശത്തോടെ മാഞ്ചസ്റ്റര്‍ മലയാളികളും പങ്കെടുത്തു. മുത്തുക്കുടകളും ഭരതനാട്യ വേഷമണിഞ്ഞ കുട്ടികളും തെയ്യത്തിന്റെ വലിയ രൂപവുമൊക്കെയായി മലയാളത്തിന്റെ പ്രാതിനിധ്യം നിറഞ്ഞുനില്‍ക്കുന്ന പരേഡ് ആണ് മാഞ്ചസ്റ്റര്‍ ദര്‍ശിച്ചത്.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് പരേഡില്‍ മലയാളികള്‍ അണിനിരന്നത്. രണ്ട് മാസത്തിലേറെ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അസോസിയേഷന്‍ പരേഡില്‍ പങ്കെടുത്തത്. ഭരതനാട്യവും കളരിച്ചുവടുകളുമൊക്കെയായി മലയാളികള്‍ പ്രത്യേകശ്രദ്ധ നേടുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിലും പരേഡുമായി മുന്നോട്ടു നീങ്ങാന്‍ കൗണ്‍സില്‍ തീരുമാനിച്ചതിനെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി അനീഷ് കുര്യന്‍ അഭിനന്ദിച്ചുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

80ഓളം വിവിധ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ പരേഡില്‍ പങ്കെടുത്തു. മാഞ്ചസ്റ്റര്‍ സെന്റര്‍ മുതല്‍ ട്രാന്‍സ് സമൂഹമായ ആഫ്റ്റര്‍നൂണ്‍ ടീ വരെയുള്ള സംഘങ്ങള്‍ ആവേശത്തോടെയാണ് പരേഡില്‍ പങ്കാളികളായത്. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ ഇടയിലായിരുന്നു പരേഡ് നടന്നത്. സായുധ പോലീസിന്റെ സാന്നിധ്യം എല്ലായിടത്തും ഉണ്ടായിരുന്നു. ചിലര്‍ ജനങ്ങള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു.

ലണ്ടന്‍: രാജ്യത്തെ അഗ്നിസുരക്ഷാ മാനദംണ്ഡങ്ങളെക്കുറിച്ചും സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും പുനര്‍വിചിന്തനത്തിന് ഗ്രെന്‍ഫെല്‍ഡ് ടവര്‍ അപകടം വഴിവെച്ചുവെന്നത് വാസ്തവമാണ്. എന്നാല്‍ അതിനായി ബലികഴിക്കേണ്ടി വന്നത് ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ്. 58 പേര്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചുകഴിഞ്ഞു. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ച് ക്യാംപെയിന്‍ നടത്തിയതിലൂടെ നിയമനടപടികള്‍ നേരിടുമെന്ന് ഭീഷണി ലഭിച്ച രണ്ട് സ്ത്രീകളും ഈ അപകടത്തില്‍ മരിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. എല്‍ഗ്വാറി എന്ന 27കാരിയും നാദിയ ചൗകെയര്‍ എന്ന 33കാരിയുമാണ് ടവറില്‍ വെന്തു മരിച്ചതായി സംശയിക്കപ്പെടുന്നത്.

കെട്ടിടങ്ങളിലെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനെതിരെ ഇവര്‍ പോരാടുകയായിരുന്നു. ടിഎംഒ ഇവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്ന് റാഡിക്കല്‍ ഹൗസിംഗ് നെറ്റ്‌വര്‍ക്ക് അംഗം പില്‍ഗ്രിം ടക്കര്‍ പറഞ്ഞു. ഈ ഗ്രൂപ്പ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്നു. ഈ വിധത്തിലുള്ള ഒരു ദുരന്തം ഒഴിവാക്കാനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. പക്ഷേ അത് ആരും മനസിലാക്കാന്‍ ശ്രമിച്ചില്ലെന്ന് ടക്കര്‍ പറഞ്ഞു.

ടിഎംഒ ഇവരെ പ്രശ്‌നക്കാരായി മുദ്രകുത്തുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. താമസക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവ പരിഹരിക്കുന്നതിനു പകരം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നവരെ കുറ്റക്കാരാക്കുന്ന സമീപനമാണ് ടിഎംഒ സ്വീകരിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഈ നിഷേധാത്മക സമീപനത്തില്‍ നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്.

ലണ്ടന്‍: നോര്‍ത്ത് ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിനു സമീപം കാല്‍നടയാത്രക്കാര്‍ക്കു മേല്‍ വാന്‍ പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് അറിയിച്ചത്. 12.20ഓടെയാണ് സംഭവമുണ്ടായത്. അപകടമാണോ അതോ മനപൂര്‍വം വാഹനം ഇടിച്ചു കയറ്റിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലണ്ടന്‍ ഭീകരാക്രമണത്തിലും വാഹനം ഇടിച്ചു കയറ്റിയിരുന്നതിനാല്‍ സ്ഥലത്ത് സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വാന്‍ ഓടിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

രണ്ട് മുസ്ലീം പള്ളികള്‍ക്ക് സമീപമാണ് സംഭവമുണ്ടായത്. പള്ളികളില്‍ എത്തിയ നിരവധി പേര്‍ക്ക് പരിക്കേറ്റതായി മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ അറിയിച്ചു. നിരവധി ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് അയച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഒട്ടേറെപ്പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ വാഹനത്തിന്റെ കീഴില്‍ കുടുങ്ങിയിരുന്നു. പോലീസുകാര്‍ വാഹനം ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പാരാമെഡിക്കല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

വെസ്റ്റ്മിന്‍സ്റ്ററിലും ലണ്ടന്‍ ബ്രിഡ്ജിലും നടന്ന ഭീകരാക്രമണങ്ങളില്‍ ജനങ്ങള്‍ക്കു നേരേ വാഹനമിടിച്ചു കയറ്റുകയായിരുന്നു ആദ്യം ചെയ്തത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഭീതിയിലാകുകയായിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കൂടുതല്‍ സുരക്ഷ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഫാ. ബിജു കുന്നയ്ക്കാട്ട്

അംഗീകാരവും പ്രശംസയും ലഭിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്ന് മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ആഗ്രഹമാണ്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ അംഗീകാരത്തിനും ആദരത്തിനും പ്രസക്തിയുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെയും അംഗീകാരം നേടിയെടുക്കണമെന്നു മാത്രം ചിന്തിക്കുകയും പ്രധാന വേദികളിലും ഫോട്ടോയുടെ വെള്ളി വെളിച്ചത്തിലും എപ്പോഴും താനുമുണ്ടാവണമെന്ന് ചിലര്‍ വാശിപിടിക്കുകയും ചെയ്യുമ്പോള്‍ അതു കാണുന്നവര്‍ നെറ്റി ചുളിക്കുകയും അല്പന്മാരെന്ന് വിലയിരുത്തപ്പെടുകയും ചെയ്യും.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന കൊച്ചി മെട്രോ റെയില്‍, ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ആഴ്ചയാണ് കടന്നുപോയത്. ഇതിന്റെ നിര്‍മാണ ആലോചനകളില്‍ തൊട്ട് ഉദ്ഘാടനം വരെ ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട ഒരു പേര് മെട്രോമാന്‍ ഇ. ശ്രീധരന്റേതായിരുന്നു. ഈ പേര് എപ്പോഴും ഉയര്‍ന്നുകേട്ടത് മറ്റ് പതിവ് നേതാക്കളെപ്പോലെ അഴിമതിയുടെയോ വെട്ടിപ്പിന്റെയോ പക്ഷപാതത്തിന്റെയോ പേരില്‍ വിവാദനായകനായല്ല. മറിച്ച് കഴിവിന്റെയും കര്‍മ്മകുശലതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും സര്‍വ്വോപരി നല്ല വ്യക്തിത്വത്തിന്റെയും പേരില്‍ ‘ഉത്തമ പുരുഷന്‍’ എന്ന രീതിയിലായിരുന്നു. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോഴും ആ രാജശില്‍പി അക്ഷോഭ്യനായി നിലകൊണ്ടു. അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും കേരള ജനത ഒന്നാകെ അദ്ദേഹത്തിനു വേണ്ടി വാശിപിടിച്ചപ്പോള്‍ കേന്ദ്രം കണ്ണുതുറന്നു. പത്ര റിപ്പോര്‍ട്ടുകളനുസരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കരഘോഷമാണ് ഇ. ശ്രീധരന്റെ പേര് മെട്രോ ഉദ്ഘാടന വേദിയില്‍ പറയപ്പെട്ടപ്പോഴൊക്കെ ലഭിച്ചത്. വേദിയില്‍ കയറാന്‍ അര്‍ഹതയുള്ളവര്‍ പോലും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ അത്ര അര്‍ഹതയില്ലാത്തവര്‍ എങ്ങനെയും വേദിയില്‍ കയറിക്കൂടുവാന്‍ ശ്രമം നടത്തിയത് അവരുടെ അല്പത്വത്തിന്റെ തെളിവായും മാറി.

അനാവശ്യ ഒച്ചപ്പാടുകളില്ലാതെ തന്റെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുകയും സ്വതസിദ്ധമായ കഴിവും സാമര്‍ത്ഥ്യവും സ്വയം പ്രശസ്തിക്കുവേണ്ടി ഉപയോഗിക്കാതെ തന്റെ സഹായം ആവശ്യമുള്ളവരുടെ കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുകയും ചെയ്ത് ജനഹൃദയങ്ങളില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സ്ഥാനം ലഭിച്ച മറ്റൊരു മഹദ്‌വ്യക്തിത്വമാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റേത്. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടപ്പോഴൊക്കെ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ചെയ്തു എന്നത് ഒരു രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം അവര്‍ക്ക് നേടിക്കൊടുത്തു. ഈ രണ്ടു വ്യക്തിത്വങ്ങള്‍ക്കും ജനമനസില്‍ നല്ല അംഗീകാരമുള്ളതിന്റെ തെളിവാണ് ഈ രണ്ടുപേരുടെയും പേരുകള്‍ അടുത്ത രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടത്. പക്ഷേ, വിനയം മകുടം ചാര്‍ത്തിയ ഈ വ്യക്തിത്വങ്ങള്‍ ഇത്തരം അഭ്യൂഹങ്ങളില്‍ മയങ്ങി വീഴാറില്ല. ”ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തിലെ സ്ഥാനത്തിനും നന്ദി ” എന്നുമാത്രം മെട്രോമാന്‍ പ്രതികരിച്ചപ്പോള്‍, ‘പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ‘ഞാന്‍ വിദേശകാര്യമന്ത്രിയാണ്, എന്നോട് രാജ്യാന്തര കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ’ എന്നാണ് സുഷമ സ്വരാജ് പ്രതികരിച്ചത്.

അംഗീകാരവും സ്നേഹവും മറ്റുള്ളവരില്‍ നിന്ന് പിടിച്ചുവാങ്ങേണ്ടവയല്ല, നമ്മിലേയ്ക്ക് സ്വയമേ വന്നു ചേരേണ്ടതാണ്. അര്‍ഹതപ്പെട്ട അംഗീകാരമാണെങ്കില്‍ ആര്‍ക്കും അതിനെ തടഞ്ഞുനിര്‍ത്താനാവില്ല. പിടിച്ചുവാങ്ങുന്ന അംഗീകാരങ്ങള്‍ക്കും പരിഗണനകള്‍ക്കും സംതൃപ്തി തരാനുമാവില്ല. തന്നെക്കാള്‍ അര്‍ഹരായവരെ പിന്നീട് കാണുമ്പോള്‍ ജാള്യതയും മനഃസാക്ഷിക്കുത്തും അനുഭവപ്പെടും. ഒരു നേട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല, പക്ഷേ അതു സ്വാഭാവിക മാര്‍ഗ്ഗങ്ങളിലൂടെയും തന്നെക്കാള്‍ അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ നമ്മെ തേടി വരാനും സഫലമായ ജീവിതത്തിനുടമയാകാനും എന്താണ് ചെയ്യേണ്ടത്?

രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് സാധാരണ ഗതിയില്‍ ഒരാള്‍ മറ്റൊരാളെ ബഹുമാനിക്കുന്നത്. അയാളുടെ കയ്യിലുള്ള പണം കണ്ടിട്ടും പെരുമാറ്റം കണ്ടിട്ടും. ‘നാണം കെട്ടും പണം നേടുകില്‍ നാണക്കേടാ പണം മാറ്റിടും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് കയ്യില്‍ പണമുള്ള കാലത്തോളം ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് ബഹുമാനം നേടിയെടുക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ കയ്യില്‍ പണം തീരുന്നതോടു കൂടി ആ ബഹുമാനവും തീരുന്നു. ആളുകള്‍ ബഹുമാനിക്കാനുള്ള രണ്ടാമത്തെ കാരണം സ്വഭാവ വൈശിഷ്ട്യമാണ്. പണമില്ലെങ്കിലും സ്ഥാനമാനങ്ങളില്ലെങ്കിലും ജീവിത നന്മയുടെ മഹിമകൊണ്ടും പെരുമാറ്റത്തിലെ കുലീനത കൊണ്ടും ജനഹൃദയങ്ങളെ കീഴടക്കാനാവും. മുകളില്‍ പേരു പ്രസ്താവിക്കപ്പെട്ട രണ്ടുപേരും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഉന്നത ജീവിത വീക്ഷണം കൊണ്ടും സര്‍വ്വോപരി പെരുമാറ്റ മര്യാദയുടെ ശ്രേഷ്ഠത കൊണ്ടും ജനമനസില്‍ ഇടം നേടിയവരാണ്.

ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും അതുവഴി നേടുന്ന വിജയങ്ങളുമാണ് അംഗീകാരങ്ങള്‍ തേടിവരാനുള്ള മറ്റൊരു മാര്‍ഗം. ‘Work is workship’ എന്ന മനോഭാവം ജോലിയില്‍ പുലര്‍ത്തുന്നവര്‍ക്ക് വിജയങ്ങളും കൂട്ടുകാരാവും. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ഉജ്ജ്വലവ്യക്തിത്വത്തിന് ഉടമയുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ചിന്തനീയമത്രേ. ”If you salute your duty, you no need to salute anybody. But if you pollute your duty, you have to salute everybody”. 1964ല്‍ നാല് ദിവസത്തിനുള്ളില്‍ പാമ്പന്‍ പാലം പുനര്‍ നിര്‍മിച്ചതോടുകൂടി ശ്രദ്ധിക്കപ്പെട്ട ഇ. ശ്രീധരന്റെ കഴിവും കഠിനാധ്വാനത്തിനും പിറന്നത് രാജ്യത്തിന് അഭിമാനം നല്‍കിയ നിരവധി പ്രോജക്ടുകള്‍. പ്രതിഫലങ്ങളും അംഗീകാരങ്ങളും ആഗ്രഹിക്കാതെ അര്‍പ്പണ മനോഭാവത്തോടെ ചെയ്ത ജോലികളുടെ സത്ഫലങ്ങള്‍! സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ ക്രിക്കറ്ററെ ഇത്ര പ്രഗത്ഭനായ കളിക്കാരനാക്കിയതും കഠിന പരിശ്രമങ്ങളും കളിയോടുള്ള ആത്മാര്‍ത്ഥതയും തന്നെ. ‘ബാറ്റ് ചെയ്യുന്നത് തന്റെ ദൈനം ദിന ജോലിയായിട്ടാണ് സച്ചിന്‍ കാണുന്നതെ’ന്നാണ് ഒരിക്കല്‍ ഒരു ക്രിക്കറ്റ് വിദഗ്ദ്ധന്‍ സച്ചിനെക്കുറിച്ച് പറഞ്ഞത്.

അര്‍ഹതയില്ലാത്ത സ്ഥാനവും അംഗീകാരവും ആഗ്രഹിക്കാതിരിക്കുകയും അതിന് അര്‍ഹതയുള്ളവരെ തടയാതിരിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. കുടുംബ ജീവിതത്തിലായാലും സമൂഹ ബന്ധങ്ങളിലായാലും അര്‍ഹതയില്ലാത്തതും തന്റെ കഴിവിന് ഇണങ്ങാത്തതുമായ സ്ഥാനവും അംഗീകാരവും കിട്ടണമെന്ന് ശഠിക്കാതിരിക്കുക. മറ്റുള്ളവരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുന്ന രീതിയില്‍ തന്റെ ജീവിതത്തിനുവേണ്ട മാറ്റം വരുത്തുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഉള്ളതിനെക്കാള്‍ വലുതായി തന്നെക്കുറിച്ച് ചിന്തിക്കുന്നിടത്ത് കിട്ടാത്ത അംഗീകാരങ്ങള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അതുവഴി മറ്റുള്ളവരുടെ മുമ്പില്‍ വലിയവരായി കാണപ്പെടാനുള്ള ആഗ്രഹവും ശക്തമാകും. സ്വയം മറക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരാകുന്ന അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

ഒരു രാജ്യത്തിന്റെ ഏറ്റവും പരമോന്നത പദവികളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും അനിതരസാധാരണമായ വിനയഭാവത്തോടും ഹൃദയ നന്മയോടും കൂടെ, ഉന്നത പദവിയുടെ പ്രലോഭനത്തില്‍ വീഴാതെ സ്വന്തം ജോലികളിലേയ്ക്കു മാത്രം ശ്രദ്ധിക്കുന്ന ഈ പുരുഷ – മഹതീ രത്നങ്ങള്‍ വി. ബൈബിളിലെ ഈ വാചകം ഓര്‍മ്മിപ്പിക്കുന്നു. ”അവര്‍ വന്നു തന്നെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഭാവിക്കുന്നു എന്നു മനസിലാക്കിയ ഈശോ വീണ്ടും തനിയെ മലമുകളിലേയ്ക്ക് പിന്മാറി. ” (യോഹന്നാന്‍ 6:15). ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന എളുപ്പപ്പണി ചെയ്ത് ഒഴിഞ്ഞുമാറാതെ സ്വയം ഉദാഹരണങ്ങളായി മാറുന്ന കഠിനാധ്വാനികളെ ഇനിയും ധാരാളമായി അംഗീകാരങ്ങള്‍ തേടിവരട്ടെയെന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 51’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. തീപിടിത്തത്തിലെ മരണസംഖ്യയില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാര്‍ പലതും മറച്ചുവെക്കുന്നതായും ആരോപിച്ച് ലണ്ടനില്‍ ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.

അപകടത്തെ തുടർന്ന് വീട് നഷ്ടമായവരെ ഉടൻ പുനരധിവസിപ്പിക്കുക, ഇവർക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വെക്കുന്നുണ്ട്. തെരേസ മെയ് അപകടത്തിൽ പെട്ടവരോട് സംസാരിച്ച് നിന്ന ഹാളിന് പുറത്ത് എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് അപകടത്തിൽ രക്ഷപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും അടക്കമുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ അഞ്ച് മില്യൺ പൗണ്ട് പ്രധാനമന്ത്രി തെരേസ മെയ് അനുവദിച്ചു.

Image result for grenfell-tower-fire-58-people-missing-and-presumed-dead

തദ്ദേശവാസികളാണ് വിവരങ്ങൾ മറച്ചുവച്ച പൊലീസിനും അഗ്നിശമന സേനയക്കുമെതിരെ കയർത്തത്. ഇതേ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാന്റർ സറ്റുവർട് കന്റിയാണ് മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പുറത്തുവിട്ടത്.

മരിച്ച മുപ്പത് പേരിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പട്ടിക ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇദ്ദേഹം വ്യക്തമാക്കിയതോടെ തീപിടിത്തത്തിന്റെ ഏകദേശ ചിത്രം പുറത്തുവന്നു.

Image result for grenfell-tower-fire-58-people-missing-and-presumed-dead

ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണെന്നും ഇവരിൽ പലരും മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയതോടെ മരണസംഖ്യ നൂറ് കടന്നേക്കുമെന്നാണ് സൂചന. കെട്ടിടം പുതുക്കി പണിതപ്പോൾ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇവിടെ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Image result for grenfell-tower-fire-58-people-missing-and-presumed-dead

കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.

Copyright © . All rights reserved