Main News

സ്വന്തം ലേഖകന്‍

യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന് ജയില്‍ ശിക്ഷ. ബാസില്‍ഡനില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.

2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.

നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.

യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്‍കുന്നിടം വരെയെത്തി നില്‍ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്‍റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.

സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.

എന്തായാലും പലിശ ബിസിനസ്സുകാരന്‍ ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര്‍ അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.

തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും പരാതി വസ്തുതാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുളളതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ന്യായീകരണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജും തുടര്‍ന്ന് പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ നിഷേധിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരമആനുമതി നിഷേധിക്കുകയും ചെയ്തു. ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കെഎസ്യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാര്‍ജിന്റെ ഫോട്ടോകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രകോപനമില്ലാതെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എന്നാല്‍ കല്ലുകളും വടികളുമായിട്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മനപൂര്‍വം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്ക് അടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ലണ്ടന്‍: ജനപ്രിയ നയങ്ങളും വന്‍കിടക്കാര്‍ക്ക് നികുതി വര്‍ദ്ധനയുമായി ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രഖ്യാപിച്ചു. വന്‍തുക ശമ്പളയിനത്തില്‍ ചെലവാക്കുന്ന കമ്പനികള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്ന ഫാറ്റ് ക്യാറ്റ് ടാക്‌സ് എന്ന പദ്ധതിയടക്കമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3,30,000 പൗണ്ടിനു മേല്‍ ശമ്പളത്തിന് 2.5 ശതമാനം ലെവിയും 5 ലക്ഷത്തിനു മേല്‍ ശമ്പളമുള്ളവര്‍ക്ക് 5 ശതമാനം ലെവിയുമാണ് ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക പൊതുമേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.

രണ്ട് വയസ് മുതല്‍ സ്‌കൂള്‍ പഠനം ആരംഭിക്കുന്നത് വരെയുള്ള കാലയളവില്‍ കുട്ടികള്‍ക്ക് നല്കുന്ന പരിചരണം വര്‍ദ്ധിപ്പിക്കുമെന്നും ലേബര്‍ വാഗ്ദാനം നല്‍കുന്നു. 80,000 പൗണ്ടിനു മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ ആദായ നികുതി 45 ശതമാനമായി വര്‍ദ്ധിപ്പിക്കാനും 1,23,000 പൗണ്ടിനു മുകളിലുള്ളവര്‍ക്ക് ഇത് 50 ശതമാനമാക്കാനുമുള്ള നിര്‍ദേശവും പ്രകടനപത്രികയിലുണ്ട്. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുയരുന്ന സ്വയംഭരണാവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ഫെഡറല്‍ സ്വഭാവത്തിലേക്ക് രാജ്യം നീങ്ങുമെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നവയേക്കാള്‍ വ്യത്യസ്തമായ പ്രകടനപത്രികയാണ് ലേബര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വീണ്ടും സന്തുലിതമാക്കാനുള്ള ശ്രമങ്ങളാണ് ലേബര്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇതിനോട് കോര്‍ബിന്‍ പ്രതികരിച്ചത്. ഉയര്‍ന്ന ശമ്പളം ചിലര്‍ക്ക് മാത്രം നല്‍കുന്ന രീതി സമൂഹത്തില്‍ അസമത്വം വളര്‍ത്തുമെന്നും അതുകൊണ്ടാണ് ഈ രീതി നിയന്ത്രിക്കാന്‍ ലേബര്‍ ശ്രമിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

ജനീവ: കമ്പ്യൂട്ടറുകളിലും മൊബൈല്‍, ടാബ്ലറ്റ് എന്നിവയിലും ഏറെനേരം ചെലവഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഉപകരണങ്ങള്‍ക്കു മുന്നില്‍ ഏറെ നേരം ചെലവഴിക്കാന്‍ തുടങ്ങിയത്. 11 വയസ് വരെ പ്രായമുള്ള കുട്ടികളും ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവും ആവശ്യമായ വ്യായാമം ചെയ്യാന്‍ പോലും യുവാക്കള്‍ തയ്യാറാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ദിവസവും രണ്ട് മണിക്കൂറിലേറെ സമയം സോഷ്യല്‍മീഡിയയും മറ്റും ഉപയോഗിക്കുന്നതായാണ് വ്യക്തമായത്. 2002 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. സ്ത്രീകളിലും പുരുഷന്‍മാരിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. 15 വയസും അതിനു മേലും പ്രായമുള്ള പെണ്‍കുട്ടികളുടെ ഇടയില്‍ ഇത് മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

2014ല്‍ ഇംഗ്ലണ്ടിലെ 11നും 15നുമിടയില്‍ പ്രായമുള്ള 74.6 ശതമാനം പെണ്‍കുട്ടികളും 83.6 ശതമാനം ആണ്‍കുട്ടികളും ദിവസവും രണ്ടു മണിക്കൂര്‍ കംപ്യൂട്ടര്‍, ടാബ്ലറ്റ്, ഫോണ്‍ എന്നിവ ഉപയോഗിച്ചിരുന്നു. സ്‌കോട്ട്‌ലന്‍ഡില്‍ ഈ കണക്ക് 79.9 ശതമാനം, 83.6 ശതമാനം എന്നിങ്ങനെയാണ്. 42 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പെണ്‍കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ സ്‌കോട്ട്‌ലന്‍ഡിനാണ് ഒന്നാം സ്ഥാനം. വെയില്‍സ് നാലാം സ്ഥാനത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും എത്തി. രണ്ട് ലക്ഷം കുട്ടികളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്.

മലയാളം യുകെ ന്യൂസ് ടീം.

പ്രകാശത്തിന്റെ തിരിനാളങ്ങൾ തെളിയിക്കപ്പെട്ടു.. വേദനയുടെയും നിരാശയുടെയും ലോകത്ത് നിന്ന് മോചനം നല്കുന്ന പ്രതീക്ഷയുടെ രശ്മികൾ വഹിച്ച് കരുണയുടെ മാലാഖമാർ സദസിൽ നിന്നും വേദിയിലെത്തി. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി  നഴ്സുമാരുടെ പ്രതിനിധികളായി 11 കരുണയുടെ മാലാഖമാർ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ ആദരണീയമായ സദസിന്റെ അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങിക്കൊണ്ട് മുന്നോട്ട് വന്നു. ലെസ്റ്ററിന്റെ പ്രണാമം ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി സമർപ്പിക്കപ്പെട്ടു. മെയ് 13 ശനിയാഴ്ച മലയാളം യുകെ അവാർഡ് നൈറ്റ് നഴ്സുമാർക്കായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുകയായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വേദി ആതുരസേവനം തപസ്യയാക്കി മാറ്റിയ നഴ്സുമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വേദിയായി മാറി.

പ്രതീകാത്മക ലാമ്പ് ലൈറ്റിംഗ് സെറിമണി ലെസ്റ്ററിലെ മെഹർ സെൻററിൽ പുനരാവിഷ്കരിക്കപ്പെട്ടു. ‘You raise me up….’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ.. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ..  വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ  ലോകത്തേയ്ക്ക് നയിക്കുന്നവർ.. വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളായ നഴ്സുമാർ.. പ്രകാശം പരത്തുന്ന നന്മയുടെ മാലാഖമാർ സ്റ്റേജിലേക്ക് കത്തിച്ച തിരികളുമായി കടന്നു വന്നു. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ തിങ്ങി നിറഞ്ഞ സദസിന്റെ മുന്നിൽ അണിനിരന്നപ്പോൾ ഹർഷാരവത്താൽ മെഹർ സെൻറർ മുഖരിതമായി.

കരുണയുടെ.. സ്നേഹത്തിന്റെ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന ഈ പ്രകാശവാഹകർക്ക് നന്ദിയേകാൻ പുതുതലമുറയും തുടർന്ന് എത്തിച്ചേർന്നു. കൈകളിൽ സ്നേഹത്തിന്റെ പൂക്കളുമായി.. പുതുതലമുറയെ പ്രതിനിധീകരിച്ച് 11 കുട്ടികൾ ശുഭ്രവസ്ത്രധാരികളായി സ്നേഹത്തിന്റെ പുഞ്ചിരിയുമായി നഴ്സുമാർക്ക് സ്നേഹാദരം അർപ്പിക്കുവാൻ എത്തി. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ..  വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ  ലോകത്തേയ്ക്ക് നയിക്കുന്നവർ.. നഴ്സിംഗ് സമൂഹത്തിന് അർഹിച്ച ആദരം നല്കാൻ മലയാളം യുകെ സംഘടിപ്പിച്ച ചടങ്ങ് നഴ്സുമാരുടെ അഭൂത പൂർവ്വമായ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി..

കൃതജ്ഞതയുടെ നറുപുഷ്പങ്ങളുമായി നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും സ്റ്റേജിൽ തലമുറകളുടെ സംഗമമായി അണിനിരന്നപ്പോൾ നഴ്സിംഗ് സമൂഹത്തിന് നല്കാവുന്ന ഏറ്റവും വലിയ നന്ദി സമർപ്പണമായി ലെസ്റ്റർ ഇവൻറ് മാറുകയായിരുന്നു. അന്താരാഷ്ട്ര നഴ്സസ് ദിന സ്മരണയിൽ The Nightingale Pledge ന് നേതൃത്വം നല്കിയത് എലിസ മാത്യു ആയിരുന്നു. സ്റ്റേജിൽ ഉള്ള നഴ്സുമാർക്കൊപ്പം സദസിൽ ഉപവിഷ്ടരായിരുന്ന നഴ്സുമാരും ഇതിൽ പങ്കെടുത്തു. തുടർന്ന് നന്ദി സൂചകമായി ആതുര ശുശ്രൂഷാ ലോകത്തെ മാലാഖമാർക്ക് കുട്ടികൾ പൂക്കൾ സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ ലീഡ് തിയറ്റർ നഴ്സ് മിനിജാ ജോസഫ് നഴ്സസ് ദിന സന്ദേശം നല്കി.

നഴ്സുമാരെ പ്രതിനിധീകരിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നഴ്സുമാരായ റീനാ ഷിബു, ലിറ്റി ദിലീപ്, ലവ് ലി മാത്യു, ആൻസി ജോയി, എൽസി തോമസ്, ജിജിമോൾ ഷിബു, ജീനാ സെബാസ്റ്റ്യൻ, സിൽവി ജോസ്, അനുമോൾ ജിമ്മി, ബീനാ സെൻസ്, വിൻസി ജെയിംസ് എന്നിവർ സ്റ്റേജിൽ തിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.

നഴ്സസ് ദിനത്തിൽ മലയാളം യുകെയെ പ്രതിനിധീകരിച്ച്  മലയാളം യുകെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്റുമായ ബിനോയി ജോസഫ് ആശംസകളർപ്പിച്ചു. സാമൂഹിക മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളം യുകെയ്ക്ക്  അഭിമാന നിമിഷമാണ് ഇതെന്നും കൂടുതൽ കരുത്തോടെ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും നഴ്സിംഗ് രംഗത്തെ  മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ പിന്തുണ മലയാളം യുകെ വാഗ്ദാനം ചെയ്യുന്നതായും ആശംസ അർപ്പിച്ചു കൊണ്ട് ബിനോയി ജോസഫ് പറഞ്ഞു. നഴ്സുമാരായ ലിസാ ബിനോയി, നിധി ബിൻസു, അൽഫോൻസാ തോമസ് തുടങ്ങിയവർ സെറിമണിയ്ക്ക് നേതൃത്വം നല്കി.

നഴ്സസ് ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Also Read:

അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..

ജോജി തോമസ്

ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ലേബര്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേകളില്‍ ഒന്നിലാണ് ലേബര്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തിലെ പുരോഗതി രേഖപ്പെടുത്തിയത്. ഇതിന് പ്രധാന കാരണമായത് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനമാണ്.

പ്രതിവര്‍ഷം മൂവായിരം പൗണ്ട് മാത്രമായിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഒറ്റയടിക്കാണ് ഒന്‍പതിനായിരം പൗണ്ടായി വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് ബ്രിട്ടനിലെ സാധാരണക്കാരേയും ഇടത്തരക്കാരേയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ വിദ്യാഭ്യാസവായ്പ എടുക്കുന്നവര്‍ക്ക് വലിയൊരു ബാധ്യതയ്ക്ക് ഇത് കാരണമാകുകയും ചെയ്തിരുന്നു. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന കണ്‍സര്‍വേറ്റീവുകളുടെ നയവും ചിന്താഗതിയും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്തായാലും യൂണിവേഴ്‌സിറ്റി പഠനം സൗജന്യമാക്കുമെന്ന ലേബറിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നു തന്നെയാണ് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന മലയാളികളടങ്ങിയ ഇന്ത്യന്‍ സമൂഹവും ലേബറിന്റെ ഈ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

റോയല്‍ മെയിലും റെയില്‍വേയും ദേശസാത്കരിക്കുമെന്നലേബറിന്റെ പ്രഖ്യാപനവും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വോട്ടവകാശം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പതിനാറാക്കാനുള്ള ലേബറിന്റെ നീക്കം യുവജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. എന്തായാലും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ അമ്പരപ്പില്‍ നിന്ന് മുക്തമായി ഇലക്ഷന്‍ പ്രചരണ രംഗത്ത് ലേബര്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.

ലണ്ടന്‍: ഡിസെബിലിറ്റി ബെനഫിറ്റുകള്‍ പിന്‍വലിച്ചതില്‍ പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിച്ച് ഭിന്നശേഷിയുള്ള വോട്ടര്‍. കാത്തി എന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയാണ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ നേരിട്ട് രംഗത്തെത്തിയത്. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ തെരേസ മേയ് പ്രചാരണപരിപാടികളുമായി എത്തിയപ്പോളായിരുന്നു സംഭവം. ഡഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് തിരികെ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 100 പൗണ്ടിന് ഒരു വര്‍ഷം ജീവിക്കാന്‍ തനിക്ക് ആവില്ലെന്നും പ്രധാനമന്ത്രിയോട് അവര്‍ വ്യക്തമാക്കി.

മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് തെരേസ മേയ് പറയാന്‍ ശ്രമിച്ചെങ്കിലും തനിക്ക് വേണ്ടി മാത്രമല്ലെന്നും ഭിന്നശേഷിയുള്ളവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് കാത്തി ഇടപെട്ടു. അബിംഗ്ടണ്‍ മാര്‍ക്കറ്റില്‍ വെച്ചാണ് കാത്തി പ്രധാനമന്ത്രിയെ നേരിട്ടത്.ലേണിംഗ് ഡിസെബിലിറ്റിയുള്ളവര്‍ക്ക് എന്ത് സഹായമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. തങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി ലേണിംഗ് ഡിസെബിലിറ്റി ചാരിറ്റി മെന്‍ക്യാപ് രംഗത്തെത്തി. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് പ്രതിഷേധമുണ്ടെന്നും ചാരിറ്റി വ്യക്തമാക്കി. വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്താനുള്ള ശ്രമത്തിനിടെ ജനങ്ങള്‍ ഇറങ്ങിവരാതുന്നത് കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

ന്യൂജഴ്‌സി: അമേരിക്കയിലെ ചില സ്‌റ്റേറ്റുകളില്‍ നിലവിലുള്ള ബാല വിവാഹം നിരോധിക്കാനുള്ളള ആവശ്യത്തിന് തിരിച്ചടി. മതാചാരങ്ങളെ ഹനിക്കുമെന്ന് കാട്ടി ന്യൂജഴ്‌സി ഗവര്‍ണ്ണര്‍ ഈ ആവശ്യം നിരാകരിച്ചു. 18 വയസില്‍ താഴെ പ്രായമുള്ളവരുടെ വിവാഹം നിയമപരമായി നിരോധിക്കുന്ന ബില്ലാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറായ ക്രിസ് ക്രിസ്റ്റി പാസാക്കാന്‍ തയ്യാറാകാതിരുന്നത്. മതാചാരങ്ങളെ ബാധിക്കുമെന്ന് പറഞ്ഞെങ്കിലും ഏത് മതവിഭാഗത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തനായ വക്താവായി അറിപ്പെടുന്നയാളാണ് ക്രിസ് ക്രിസ്റ്റി.

അമേരിക്കയില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000ത്തിനും 2010നുമിടയില്‍ 1,70,000 കുട്ടികള്‍ വിവാഹിതരായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 38 സ്റ്റേറ്റുകളില്‍ നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 18 വയസാണ് വിവാഹം കഴിക്കാനുള്ള കുറഞ്ഞ പ്രായപരിധിയെങ്കിലും സ്‌റ്റേറ്റുകളുടെ നിയമങ്ങളിലെ ഇളവുകള്‍ കുട്ടികളുടെ വിവാഹങ്ങള്‍ അംഗീകരിക്കുന്നുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ളവരുടെ വിവാഹം പൂര്‍ണ്ണമായി നിരോധിക്കുന്ന വിധത്തിലായിരുന്നു ന്യൂജഴ്‌സി ബില്‍ വിഭാവനം ചെയ്തിരുന്നത്.

സ്‌റ്റേറ്റ് ലെജിസ്ലേച്ചര്‍ അവതരിപ്പിച്ച ബില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വീറ്റോ ചെയ്യുകയും തിരിച്ചയക്കുകയുമായിരുന്നു. 16 വയസ് മുതല്‍ പ്രായമുള്ളവരുടെ വിവാഹം അംഗീകരിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ന്യൂജഴ്‌സിയിലെ സമൂഹങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിഷേധിക്കാന്‍ ആവില്ലെന്നും പ്രസ്താവനയില്‍ ക്രിസ് ക്രിസ്റ്റി പറഞ്ഞു..

ലണ്ടന്‍: ഒരു ചെറിയ ജലദോഷമോ പനിയോ ബ്രിട്ടീഷ് തൊഴിലാളികളെ ജോലിക്കെത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് സര്‍വേ. ഇന്‍ഷുറന്‍സ് കമ്പനിയായ അവിവ നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കടുത്ത ജോലിഭാരവും തൊഴിലുടമകള്‍ നടപ്പില്‍ വരുത്തുന്ന നയങ്ങളും മൂലം അസുഖങ്ങളുണ്ടെങ്കിലും ഇവര്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിതരാകുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന പത്തില്‍ ഏഴ് ജീവനക്കാരും ഇത്തരത്തില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ദേശീയ തലത്തില്‍ ഇവരുടെ എണ്ണം 18 മില്യന്‍ വരുമെന്നാണ് കണക്ക്.

ജീവനക്കാരുടെ ആരോഗ്യത്തേക്കാള്‍ കമ്പനിയുടെ പ്രകടനമാണ് തങ്ങളുടെ തൊഴിലുടമകളുടെ പരിഗണനയെന്ന് സര്‍വേയില്‍ പങ്കെടുത്ത 2000ത്തോളം ജീവനക്കാരില്‍ അഞ്ചില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ജോലികള്‍ കുന്നുകൂടിയാലുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു 40 ശതമാനം പേര്‍ പറഞ്ഞത്. എന്നാല്‍ അസുഖങ്ങളുമായി ജോലിക്കെത്തുന്നവര്‍ക്ക് കാര്യക്ഷമമായി ജോലികള്‍ ചെയ്യാനാവില്ലെന്ന് മാത്രമല്ല, അവര്‍ മറ്റു ജീവനക്കാരുടെ ആരോഗ്യത്തിനും ദോഷമുണ്ടാക്കുമെന്ന് അവിവ പറയുന്നു. ആരോഗ്യമില്ലാത്ത ജീവനക്കാര്‍ തെറ്റായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുമെന്ന് അവിവ യുകെ ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡൗഗ് റൈറ്റ് പറഞ്ഞു.

രോഗങ്ങളുള്ളപ്പോള്‍ ജോലിക്കെത്താന്‍ നിര്‍ബന്ധിക്കാതിരിക്കുന്ന വിധത്തിലുള്ള ഒരു തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കണമെന്നും ജീവനക്കാരുടെ ്അസാന്നിദ്ധ്യത്തില്‍ അവരുടെ കുറവ് നികത്താന്‍ കഴിയണമെന്നും അദ്ദേഹം ബിസിനസ് ഉടമകളോട് ആവശ്യപ്പെടുന്നു. എല്ലാ ദിവസവും ഹാജര്‍ എന്ന സമീപനം ബിസിനസ് പ്രകടനത്തെ ആകമാനം ബാധിക്കും. ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കുകയും ഉദ്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

മലയാളം യുകെ ന്യൂസ് ടീം.

പ്രതിഭകളുടെ സംഗമഭൂമിയായി മാറിയ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ സദസിനെ ഇളക്കിമറിച്ചത് റാമ്പിലെ മിടുമിടുക്കികൾ. ക്യാറ്റ് വാക്കിൻറെ അകമ്പടിയിൽ  ആത്മവിശ്വാസത്തോടെ മോഡലിംഗ് ഫാഷൻ രംഗത്തെ നാളെയുടെ വാഗ്ദാനങ്ങൾ ലെസ്റ്ററിലെ മെഹർ സെൻററിൽ തിങ്ങി നിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി തങ്ങളുടെ ബുദ്ധികൂർമ്മതയും വ്യക്തിത്വവും മനോഹരമായി വേദിയിൽ വിന്യസിച്ചു. മെയ് 13 ശനിയാഴ്ച നടന്ന മിസ് മലയാളം യുകെ 2017ൽ ലെസ്റ്ററിൽ നിന്നുള്ള അൻജോ ജോർജ് വിജയിയായി. ഫസ്റ്റ് റണ്ണർ അപ്പ് ആയി സ്വീൻ സ്റ്റാൻലിയും സെക്കന്റ് റണ്ണർ അപ്പായി സ്നേഹാ സെൻസും തിരഞ്ഞെടുക്കപ്പെട്ടു.

മിസ് മലയാളം യുകെ ആയി തിരഞ്ഞെടുക്കപ്പെട്ട അൻജോ ജോർജ് ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ  വിദ്യാർത്ഥിനിയാണ്. നീനാ വൈശാഖ് അൻജോയെ മിസ് മലയാളം യുകെ 2017 കിരീടം അണിയിച്ചു. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിന്റെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിന്റെ മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കിയ ആദ്യ മിസ് മലയാളം യുകെ 2017 മത്സരത്തിൽ വിജയിയായതിൽ വലിയ സന്തോഷത്തിലാണ് അൻജോ.

റാമ്പിലെത്തിയ സ്വീൻ സ്റ്റാൻലിയും സുസൈൻ സ്റ്റാൻലിയും ഇരട്ടകളാണ്.  സ്വീൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സുസൈന് ബെസ്റ്റ് സ്മൈൽ കിരീടവും ലഭിച്ചു. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസി കിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിന്റെയും ഡെർബി റോയൽ NHS ൽ നഴ്സായ എൽസി തോമസിന്റെയും മക്കളാണ് ഇവർ.

സെക്കന്റ് റണ്ണറപ്പായ സ്നേഹാ സെൻസ് കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്.  നനീറ്റൺ കേരളാ ക്ലബിൻറെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് സ്നേഹാ സെൻസ്.

മത്സരത്തിൽ പങ്കെടുത്ത വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. മെരിറ്റാ ജോസ് ബെസ്റ്റ് ഹെയർ വിഭാഗത്തിലും ബെല്ലാ ജോസ് മിസ് ഫോട്ടോ ജനിക് ആയും കിരീടം നേടി. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാം സ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ റാണി ജോസിൻറെയും മക്കളാണ് ഇവർ.

ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ ബെസ്റ്റ് വോയ്സ് വിഭാഗത്തിൽ വിജയിയായി. എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ.  2gether NHS ൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിന്റെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ അഗ്യഗണ്യയായ ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്.

ബെസ്റ്റ് ഐ വിഭാഗത്തിൽ ലെസ്റ്ററിലെ ഹെലൻ മരിയ ജയിംസ് കിരീടം നേടി. റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിന്റെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിന്റെയും മകളാണ് ഹെലൻ.

മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെയുടെ  മത്സരത്തിൽ മാസ്റ്റർ ഓഫ് സെറമണീസ്സ് ആയത്.  സദസുമായും മത്സരാർത്ഥികളുമായും സരളമായി ആശയവിനിമയം നടത്തി ഊർജസ്വലതയോടെ മത്സരാവേശം നിലനിർത്താൻ മോനിയ്ക്കും റോബിയ്ക്കും കഴിഞ്ഞു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെ 2017 കോർഡിനേറ്റ് ചെയ്തത്. LKC യുടെ നിലവിലുള്ള പ്രസിഡൻറ് അജയ് പെരുമ്പലത്ത് സോണിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി മത്സരത്തിൻറെ സുഗമമായ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി.

മൂന്നു റൗണ്ടുകളിലായാണ് മത്സരം നടന്നത്. സാരീ റൗണ്ട് ആണ് ആദ്യം മത്സരത്തിൽ നടന്നത്. തുടർന്ന് നടന്ന മോഡേൺ ഡ്രെസ് റൗണ്ടിൽ മത്സരാർത്ഥികളോട് ജഡ്ജുമാർ വ്യക്തിഗത ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ വിലയിരുത്തി. ഫൈനൽ റൗണ്ടിൽ സെറ്റ് സാരിയായിരുന്നു  മത്സരാർത്ഥികൾ ധരിച്ചത്. ഫൈനലിൽ എല്ലാ മത്സരാർത്ഥികൾക്കും പൊതുവായ ചോദ്യം നല്കി. വിജയം എന്നതിനെ നിർവ്വചിക്കാനാണ് ജഡ്ജിമാർ മത്സരത്തിൽ പങ്കെടുത്ത എട്ടുപേരോടും ഫൈനൽ റൗണ്ടിൽ ആവശ്യപ്പെട്ടത്.

മിസ്‌ മലയാളം യുകെ മത്സരത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

Copyright © . All rights reserved