Main News

ലണ്ടന്‍: വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതോടെ യുകെയിലെ ഹൗസിംഗ് വിപണിയില്‍ ഇടിവ്. വാങ്ങാന്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ ബാധിക്കുന്നതെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. നിലവിലെ സാഹചര്യങ്ങളില്‍ സാമ്പത്തിക മേഖലയില്‍ തകര്‍ച്ചയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. അടുത്ത കാലത്തെങ്ങും പ്രോപ്പര്‍ട്ടി വിപണി കരകയറാനിടിയില്ലെന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഒാഫ് ചാര്‍ട്ടേര്‍ഡ് സര്‍വേയേഴ്‌സ് നല്‍കുന്ന സൂചന.

സാമ്പത്തിക പ്രതിസന്ധിയുടെ സമ്മര്‍ദ്ദം മൂലം കുടുംബങ്ങള്‍ ബജറ്റ് വെട്ടിക്കുറയ്ക്കുന്നത് പ്രോപ്പര്‍ട്ടി വിപണിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏപ്രിലില്‍ പ്രോപ്പര്‍ട്ടി വിലയില്‍ 0.1 ശതമാനം ഇടിവ രേഖപ്പെടുത്തിയെന്നാണ് ഹാലിഫാക്‌സ് അറിയിക്കുന്നത്. അതായത് ഡിസംബറില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 3000 പൗണ്ട് കുറവാണ് കഴിഞ്ഞ മാസത്തെ വില. രാജ്യ വ്യാപകമായി മാര്‍ച്ചില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലില്‍ ഈ നിരക്ക് 0.4 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വീടുകള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഇലക്ട്രിക് കാറുകളും ഐപാഡുകളും മറ്റും പ്രോപ്പര്‍ട്ടി കമ്പനികള്‍ ഓഫര്‍ നല്‍കുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ലണ്ടനിലെ ചില ഭാഗങ്ങളില്‍ കനത്ത വിലയിടിവാണ് ഉണ്ടായത്. വീടുകള്‍ വാങ്ങുന്നതിനായി ആളുകളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഇങ്ങനെ വ്യത്യസ്തമായ തന്ത്രങ്ങള്‍ പയറ്റുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വിവരങ്ങള്‍ പുറത്തായി. വിവരങ്ങള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങളാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല, റെയില്‍വേ എന്നിവ ദേശസാല്‍ക്കരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കൂടാതെ എന്‍എച്ച്എസിനായി 6 ബില്ല്യണ്‍ പൗണ്ടും സാമൂഹ്യ സുരക്ഷയ്ക്കായി 1.6 ബില്ല്യണ്‍ പൗണ്ടും നീക്കിവെക്കുമെന്നും പത്രിക വാഗ്ദാനം നല്‍കുന്നു. ശിശുസംരക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒട്ടേറെ പദ്ധതികളാണ് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള ട്യൂഷന്‍ ഫീസുകള്‍ ഈടാക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിലൂന്നിയുള്ള സമഗ്ര പദ്ധതിക്കാണ് കേര്‍ബിന്‍ പൂര്‍ണ്ണമായും പ്രാധാന്യം നല്‍കുന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ മേഖലയുടെ സംരക്ഷണം, വിവിധ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണം എന്നിവയ്ക്കും പാര്‍ട്ടി പ്രകടന പത്രികയില്‍ മുന്‍തൂക്കം നല്‍കുന്നു. പെന്‍ഷന്‍ പ്രായപരിധി 67 വയസ്സാക്കി ഉയര്‍ത്തുമെന്നും 43 പേജുള്ള പത്രിക വാഗ്ദാനം നല്‍കുന്നുണ്ട്. കോര്‍ബിന്റെ പോളിസി ചീഫ് ആന്‍ഡ്രൂ ഫിഷറാണ് പ്രകടന പത്രിക തയ്യാറാക്കിയത്.

നേരത്തേ പ്രഖ്യാപിച്ച ഇന്‍കം ടാക്‌സ് പരിധികളും പത്രികയിലുണ്ട്. 80,000 പൗണ്ട് വരെ വരുമാനമുള്ളവരുടെ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ വാഗ്ദാനം ചെയ്യുന്നു. ബ്രിട്ടന്റെ ആണവ നയത്തിലും വ്യക്തമായ നിര്‍ദേശങ്ങള്‍ ലേബര്‍ നല്‍കുന്നുണ്ട്. ആണവായുധങ്ങള്‍ കുറയ്ക്കണമെന്ന് നിലപാടാണ് കോര്‍ബിന് ഉള്ളതെങ്കിലും ട്രൈഡന്റ് പദ്ധതി നവീകരണം പ്രധാന അജണ്ടയായി ചേര്‍ത്തിട്ടുണ്ട്.

തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ യുകെ മലയാളികളുടെ യുവജനോത്സവമായ യുക്മ നാഷണല്‍ കലാമേളയിലെ കലാപ്രതിഭ. അന്ന് പ്രായം നാല്‍പ്പത്തിനാല്. കേള്‍ക്കുമ്പോള്‍ വൈരുധ്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. യുകെയിലെ യുവതലമുറ സ്റ്റേജ് നിറഞ്ഞാടിയിട്ടും സര്‍വ്വ തന്ത്രങ്ങള്‍ പയറ്റിയിട്ടും അവര്‍ക്ക് നാണക്കേട് ഉണ്ടാക്കി രണ്ടു തവണ കലാപ്രതിഭാപട്ടം സ്വന്തമാക്കിയ അതുല്യപ്രതിഭ. അതും ഈ പ്രായത്തില്‍.!

ഇത്, ഫ്രാങ്ക്ളിൻ ഫെര്‍ണാണ്ടെസ്. മെയ് പതിനഞ്ചിന് അമ്പത് വയസ്സ് തികയുന്ന ഈ കലാപ്രതിഭ മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പത്തൊമ്പതാം വയസ്സില്‍ ചിലങ്കയഴിച്ച ഫ്രാങ്ക്ളിന്റ മനസ്സില്‍ നിന്നും ചിലങ്കയുടെ ശബ്ദം വിട്ട് പോയിരുന്നില്ല. മുപ്പത്തിമൂന്നാം വയസ്സില്‍ ഒരു ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ഒരിക്കല്‍ അഴിച്ച ആ ചിലങ്ക ഫ്രാങ്ക്ളിൻ വീണ്ടുമണിഞ്ഞു. ഇപ്പോള്‍ ഫ്രാങ്ക്ളിന്‍ ഭരതനാട്യം പഠിക്കുന്ന മകളുടെ ഗുരുനാഥനും കൂടിയാണ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനടുത്തുള്ള പുതുക്കുറിച്ചിയാണ് ഫ്രാങ്ക്ളിന്റെ ഗ്രാമം. ജനിച്ച ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാനാണ് ഇഷ്ടവും. നന്നായി നൃത്തം ചെയ്തിരുന്ന സഹോദരിക്ക് കൂട്ട് പോയതുമാത്രമാണ് ഫ്രാങ്ക്ളിന്റെ നൃത്തത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസം. അത് സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഫ്രാങ്ക്ളിനെ നിരവധി അംഗീകാരങ്ങള്‍ക്ക് ഉടമയാക്കി.

രണ്ടായിരത്തില്‍ ഫ്രാങ്ക്ളിനും കുടുംബവും ഇംഗ്ലണ്ടില്‍ എത്തി. അമ്പിളി ഫെര്‍ണ്ണാണ്ടെസാണ് ഭാര്യ. രണ്ടു പേരും ചെല്‍ട്ടന്‍ഹാം ജനറല്‍
ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ലിയോ, നിയോ, റിയാ, ഇത് മൂന്നും ഇവരുടെ മക്കളാണ്.

മലയാളി അസ്സോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാമിനെ പ്രതിനിധീകരിച്ചാണ് ഫ്രാങ്ക്ളിനും കൂട്ടരും മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ ലെസ്റ്ററിലെത്തുന്നത്. ഇന്ത്യന്‍ സെമീക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് ഇവര്‍ മികവ് തെളിയിക്കുന്നത്. പങ്കെടുക്കുന്നവരുടെ പ്രായം തന്നെയാണ് ഈ നൃത്തത്തിന്റെ പ്രത്യേകത. പലർക്കും പതിനെട്ട് വയസ്സിന് മുകളിലുള്ള മക്കളുണ്ട്. സ്‌കൂളിലും കോളേജിലുമായി ബാല്യകാലം ആടിത്തകര്‍ത്തവരാണ് ഇവരെല്ലാം. കൊഴിഞ്ഞു പോയ ബാല്യകാലം വീണ്ടെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഫ്രാങ്ക്ളിൻ പറഞ്ഞു.

ആശ അശോക്, അനിതാ ബൈജു, റിനു ജിമ്മി, റ്റെമി തോമസ്, ജിജി ജോര്‍ജ് എന്നിവര്‍ ഭരതനാട്യത്തില്‍ തിളങ്ങുമ്പോള്‍ സജിനി ജോജി, ഷിജി ജേക്കബ്, ശില്പാ ജെസ്വിന്‍, മഞ്ചു ഗ്രിംസണ്‍, ജ്യോതി എന്നിവര്‍ സിനിമാറ്റിക് ഡാന്‍സില്‍ അരങ്ങ് തകര്‍ക്കും.

യുകെ മലയാളികള്‍ ഇതുവരെയും കാണാത്ത കലാമാമാങ്കമാണ് ലെസ്റ്ററില്‍ ഒരുങ്ങുന്നത്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രം. പ്രായപരിധികളൊന്നുമില്ലിവിടെ. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകും. ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് ആണ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ജോയിസ് ജോര്‍ജ്ജ് എം പിയും സ്പെഷ്യല്‍ ഗസ്റ്റ് ആയി അവാര്‍ഡ് നൈറ്റ് വേദിയിലെത്തുന്നുണ്ട്.

മെയ് പതിമൂന്ന് ശനിയാഴ്ച. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് യുകെയുടെ നാനാഭാഗത്തു നിന്നുമായി ഇരുനൂറോളം താരങ്ങള്‍ ഒന്നിക്കുകയാണ്. ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി അതിഥികളെ സ്വീകരിക്കാന്‍  ഒരുങ്ങിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന, യുകെ മലയാളികള്‍ കണ്ടെതില്‍ വെച്ചേറ്റവും വലിയ ആഘോഷത്തിന് തിരി തെളിയാന്‍ ഇനി മൂന്ന് നാളുകള്‍ കൂടി മാത്രം.

മലയാളം യുകെ ന്യൂസ്

അശരണർക്കും ആലംബഹീനർക്കും ആശ്വാസവും സാന്ത്വനവുമൊരുക്കി ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തേക്ക് ചുവടു വയ്ക്കാൻ LKC തയ്യാറെടുക്കുകയാണ്.  യുകെയിലെ മലയാളി അസോസിയേഷനുകളിൽ പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘടനാ ശേഷികൊണ്ടും അംഗബലം കൊണ്ടും  ഒന്നാം നിരയിലുള്ള ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ചാരിറ്റി ഉദ്ഘാടനം മെയ് 13ന് നടക്കും. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ അനുഗ്രഹാശിസുകളോടെ LKC യുടെ ഫ്ലാഗ് ഷിപ്പ് പ്രോജക്ടായ ഷെയർ ആൻഡ് കെയർ ചാരിറ്റി പ്രവർത്തനമാരംഭിക്കും.

മൂന്നൂറോളം കുടുംബങ്ങൾ ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട്. ലെസ്റ്റർ കേരള കമ്യൂണിറ്റി സ്കൂളിന്റെയും ലെസ്റ്റർ കേരളാ ഡാൻസ് അക്കാഡമിയുടെയും ലോഗോ പ്രകാശനവും ഇതേ വേദിയിൽ നടക്കും. കുട്ടികൾക്കായി വിവിധ ഡാൻസ് ക്ലാസുകളും പാഠ്യേതര പ്രവർത്തനങ്ങളും  ഡാൻസ്  അക്കാഡമിയുടെയും കമ്യൂണിറ്റി സ്കൂളിൻറെയും നേതൃത്വത്തിൽ നടന്നു വരുന്നു. ലെസ്റ്ററിലും യുകെയിലെമ്പാടും ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനാണ് LKC ഷെയർ ആൻഡ് കെയർ പദ്ധതിയിടുന്നത്.

 

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനായി പോരാടി  തീവ്രവാദികളുടെ അക്രമത്തിനിരയാവുകയും ചെയ്ത നൊബേല്‍ സമ്മാനാര്‍ഹയായ മലാല യൂസഫ് സായിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍. നൊബേല്‍ നല്‍കി ആദരിക്കാനും മാത്രം മലാല ഒന്നും ചെയ്തിട്ടില്ലെന്നാണ് രവിശങ്കറിന്റെ വിമര്‍ശനം. കൂടാതെ തനിക്ക് നൊബേല്‍ സമ്മാനം ലഭിച്ചാലും അത് സ്വീകരിക്കേണ്ടെന്ന നിലപാടാണുള്ളത്. നേരത്തെ നൊബേല്‍ തരാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു എന്നാല്‍ താനത് വേണ്ടന്നു വെക്കുകയായിരുന്നു.

ജോലി ചെയ്യുന്നതില്‍ മാത്രമാണ് തനിക്ക് വിശ്വസമുള്ളതെന്നും അതിന്റെ പേരില്‍ ആദരവോ പുരസ്‌കാരങ്ങളോ സ്വീകരിക്കുന്നതില്‍ അര്‍ത്ഥമുള്ളതായി തോനുന്നില്ലെന്നും രവിശങ്കര്‍ പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിക്കേണ്ടത്. മലാല യൂസഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയ നിലപാടിനോട് പൂര്‍ണ്ണമായും എതിര്‍പ്പാണുള്ളതെന്നും ആ നടപടി കൊണ്ട് ഒരു ഉപകാരവുമില്ലെന്നുമായിരുന്നു രവിശങ്കറിന്റെ പ്രതികരണം.

ലാത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് രവിശങ്കറിന്റെ പ്രതികരണം. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌ക്കാര ജേതാവാണ് മലാല യൂസഫ് സായി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സ്വാത് താഴ്വരയിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പോരാടിയ നിലപാടിനാണ് മലാലക്ക് നൊബേല്‍ നല്‍കി ലോകം ആദരിച്ചത്.

ലണ്ടന്‍: ഡ്രേയ്ട്ടണ്‍ മാനര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 11 വയസുള്ള പെണ്‍കുട്ടി മരിച്ചു. സ്പ്ലാഷ് കാന്യന്‍ വാട്ടര്‍ റൈഡില്‍ നിന്ന് വീണാണ് കുട്ടി മരിച്ചതെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ലെസ്റ്റര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ കുട്ടിയെ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ജാമിയ ഗേള്‍സ് അക്കാഡമി എന്ന ഫെയ്ത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയാണ് ദുരന്തമായി മാറിയത്. ഡ്രേയ്ട്ടണ്‍ മാനറിലേക്ക് സ്‌കൂളില്‍ നിന്ന് യാത്ര പോയതാണെന്ന് ലെസ്റ്റര്‍ മുസ്ലിം അസോേസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപകടം നടന്നതായി പാര്‍ക്ക് ഡയറക്ടര്‍ ജോര്‍ജ് ബ്രയാനും സ്ഥിരീകരിച്ചു. കുട്ടി വെള്ളത്തില്‍ വീണതായി അറിയിപ്പ് കിട്ടിയതിനേത്തുടര്‍ന്ന് പരിശീലനം നേടിയ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതായും വെസ്റ്റ് മിഡ്‌ലാന്‍ഡ് എയര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റുകയുമായിരുന്നുവെന്നും ബ്രയാന്‍ പറഞ്ഞു.

എല്ലാ കുട്ടികളുടെയും രക്ഷാകര്‍ത്താക്കള്‍ക്ക് യാത്രയേക്കുറിച്ച് അറിയാമായിരുന്നുവെന്ന് ജാമിയ അക്കാഡമി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തേത്തുടര്‍ന്ന് തീം പാര്‍ക്ക് ബുധനാഴ്ച അടച്ചിട്ടു. 1940കളിലാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

ഡെര്‍ബി: ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് ആറ് ദിവസം. ഡെര്‍ബിഷയര്‍ സ്വദേശിയായ റസല്‍ ഡേവിസണ്‍ എന്നയാളാണ് ഭാര്യ വെന്‍ഡി ഡേവിസണിന്റെ മൃതദേഹത്തിനൊപ്പം ആറ് ദിവസം കഴിച്ചുകൂട്ടിയത്. പത്ത് വര്‍ഷത്തോളം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗിയായിരുന്ന വെന്‍ഡി കഴിഞ്ഞ മാസമാണ് മരിച്ചത്. ഭാര്യയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന റസല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിച്ചില്ല. വീട്ടില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിയമവിധേയമാണെന്നും ഡേവിസണിന്റെ ജിപി മരണം റിപ്പോര്‍ട്ട് ചെയ്തതായും ഡെര്‍ബിഷയര്‍ കോറോണര്‍ കോര്‍ട്ട് സ്ഥിരീകരിച്ചു.

മരണത്തേക്കുറിച്ചുള്ള ധാരണകള്‍ മാറ്റുന്നതിനായാണ് താന്‍ ഇപ്രകാരം ചെയ്തതെന്നാണ് ഡേവിസണ്‍ പറഞ്ഞത്. ആരും ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല. തന്റെ ഭാര്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനോ ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറാനോ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബെഡ്‌റൂമില്‍ത്തന്നെയാണ് മൃതദേഹം സൂക്ഷിച്ചത്. അതേ മുറിയില്‍ത്തന്നെയാണ് താന്‍ ഉറങ്ങിയതെന്നും റസല്‍ വ്യക്തമാക്കി. 2006ല്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം ചികിത്സയിലും പ്രകൃതിദത്തമായ സമീപനമായിരുന്നു സ്വീകരിച്ചത്.

ഡോക്ടര്‍മാര്‍ക്ക് തന്റെ ഭാര്യയുടെ ജീവന്‍ കൈമാറാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ലെന്ന് റസല്‍ പറഞ്ഞു. സ്വന്തമായി ഗവേഷണത്തിലൂടെ വികസിപ്പിച്ച ചികിത്സകളാണ് നടത്തിയത്. കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും പൂര്‍ണ്ണമായി വര്‍ജ്ജിച്ചു. ഇതാണ് വെന്‍ഡിയുടെ ജീവന്‍ ഇത്രയും കാലം നീട്ടിക്കിട്ടിയതിനു കാരണം. 2014ല്‍ ആറ് മാസം കൂടി മാത്രമേ വെന്‍ഡി ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ യൂറോപ്പിലേക്ക് യാത്ര പോകുകയാണ് ദമ്പതികള്‍ ചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ വേദന കലശലായപ്പോള്‍ ഇവര്‍ തിരികെ വീട്ടിലെത്തി. റോയല്‍ ഡെര്‍ബി ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാനും മരണം വീട്ടില്‍ വെച്ച് തന്നെ നടക്കട്ടെയെന്നും ഇവര്‍ തീരുമാനിക്കുകയായിരുന്നു. സംസ്‌കാരം വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാനും റസല്‍ തീരുമാനിച്ചു.

ലണ്ടന്‍: വിമാനത്തില്‍ പക്ഷിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും സാധാരണമാണ്. വലിയ അപകട സാധ്യതയുള്ള പക്ഷിയിടിക്കല്‍ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും യാത്ര തന്നെ മുടക്കുകയും ചെയ്യും. എന്നാല്‍ പക്ഷികള്‍ക്ക് മറ്റു പല തരത്തിലും വിമാനത്തിന്റെ യാത്ര മുടക്കാനാകും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം. ഹീത്രൂവില്‍ നിന്ന് ന്യൂജഴ്‌സിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ യാത്ര മുടക്കിയത് ഒരു ചെറിയ പക്ഷിയാണ്. കോക്പിറ്റിലാണ് പക്ഷി കുഴപ്പമുണ്ടാക്കിയത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാരുടെ സീറ്റില്‍ പക്ഷിക്കാഷ്ഠം കണ്ടതിനെത്തുടര്‍ന്ന് ബോര്‍ഡിംഗ് പൂര്‍ത്തിയായ വിമാനത്തില്‍ യാത്രക്കാരെ ഇരുത്തിക്കൊണ്ടുതന്നെ ജീവനക്കാര്‍ സീറ്റ് കവറുകള്‍ മാറ്റി. യാത്രക്ക് അനുമതി ലഭിച്ച വിമാനം റണ്‍വേയില്‍ തയ്യാറായി എത്തിയപ്പോള്‍ കോക്ക്പിറ്റില്‍ ഒളിച്ചിരുന്ന പക്ഷി പൈലറ്റിന്റെ മുഖത്തിനു നേരെ പറന്നു. വിമാനത്തിന്റെ ശബ്ദത്തില്‍ പരിഭ്രാന്തനായ പക്ഷി കോക്പിറ്റില്‍ തലങ്ങും വിലങ്ങും പറന്നതോടെ സംഗതി കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങി. പക്ഷിയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പേടിച്ചരണ്ട പക്ഷി എവിടെയോ ഒളിച്ചു.

ഇതോടെ വിമാനം സര്‍വീസ് റദ്ദാക്കാന്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്തില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം റദ്ദാക്കിയിരുന്നു.

സ്വന്തം ലേഖകന്‍

ഡൽഹി : ഇന്ത്യന്‍ ജനാധിപത്യം അതിക്രൂരമായി മോഡിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനത ഞെട്ടിത്തരിക്കുന്ന തെളിവുകളാണ് ആം ആദ്മി പാര്‍ട്ടി ഡൽഹി നിയമസഭയില്‍ എല്ലാ എം എല്‍ എ മാരുടെയും മുന്‍പില്‍ വച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.

ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്‍റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നല്‍കിയതോടെ എ.എ.പിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.

വോട്ടിങ് യന്ത്രവുമായി നിയമസഭയില്‍ എത്തിയ സൗരഭ് ഭരദ്വാജ് എംഎല്‍എയാണ് തത്സമയം ഇക്കാര്യം എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു. രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവതരിപ്പിച്ച് കാട്ടിയത്. 

എം.എല്‍.എ. ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചു കാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നു കഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തില്‍ മാറ്റം വരുത്താനാകും.


പുതിയ എഞ്ചിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്. സമ്മതിദാനം വിനിയോഗിക്കുവാന്‍ എത്തിച്ചേരുമ്പോള്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് എന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു-സൗരഭ് ഭരദ്വാജ് പറയുന്നു

വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ എൻ ഡി ടി വിയാണ് പുറത്തു വിട്ടത്. എങ്ങനെ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയാണ് നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ തെളിയിച്ചത്. ഇത് സത്യമാണെങ്കിൽ കേജരിവാൾ പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ അവസാനമാണ്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സമാന രീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. പത്തു വർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെകൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി.എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്ന് കെജ്‌രിവാള്‍ മുൻപ് പറഞ്ഞിരുന്നു.

Read more.. മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മാര്‍. സ്രാമ്പിക്കല്‍ തിരി തെളിക്കും.. ആദ്യസഹായം ഫാ. ചിറമേലിന്. കരുണയുടെ ലോകത്തേയ്ക്ക് മലയാളം യുകെയും….

 

ഈ ശനിയാഴ്ച ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷി നിര്‍ത്തി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും തിരി തെളിയുമ്പോള്‍ യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ഒപ്പിയെടുക്കുന്നു. മലയാളം യുകെ എക്സല്‍ അവാർഡ്‌ നിശയുടെ മീഡിയ പാർട്ണർ ആയ മാഗ്നാവിഷൻ ടിവി. അവാര്‍ഡ് നിശ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.

ഇതിനോടകം തന്നെ യുകെ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മാഗ്നാവിഷൻ ടിവി മലയാളം യുകെ അവാർഡ്‌ നൈറ്റ്‌ 2017 അത്യാധുനികമായ 5 കാമറകൾ ഉപയോഗിച്ച്‌ മിഴിവോടെ പകർത്തി നിങ്ങളുടെ മുൻപിലെത്തിക്കുന്നു. പൂര്‍ണ്ണമായും യുകെയിൽ നിന്നും സംപ്രേഷണം നടത്തുന്ന മാഗ്നാവിഷൻ ടിവി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. പ്രധാനമായും യു.കെ, യൂറോപ്പ്‌ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രേക്ഷകർക്കായാണ്‌ ഈ ചാനൽ എങ്കിലും ലോകമെമ്പാടും ലഭ്യമാണെന്നതാണ്‌ മാഗ്നാവിഷന്റെ ഒരു പ്രത്യേകത.

ആപ്പിൾ, ആൻഡ്രോയിഡ്‌ ഫോണുകളിലും, ഇന്റർനെറ്റ്‌ ബ്രൗസേഴ്സ്‌ ഉള്ള എല്ലാ ഫോണുകളിലും, കമ്പ്യൂട്ടർ, സ്മാർട്ട്‌ ടിവികളിലും, റോക്കുബോക്സിലും മാഗ്നാവിഷൻ ടിവി ചാനൽ തികച്ചും സൗജന്യമായി ലഭ്യമാണ്‌. (www.magnavision.co.uk). നല്ല സംസ്കാരവും ജീവിത രീതികളും വിജ്ഞാനവും വിവരവും പകർന്നു നൽകുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക്‌ മനസ്സിലാക്കി ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട്‌ സത്യത്തിലേയ്ക്കും അന്തസ്സിലേയ്ക്കും സേവനത്തിലേയ്ക്കും നയിക്കാനുതകുന്ന നല്ല പ്രോഗ്രാമുകൾ നിറഞ്ഞ ഒരു സെക്കുലർ ചാനലാണ്‌ മാഗ്‌നാവിഷൻ‌.

എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുപോലെ നന്മയുടെ, സ്നേഹത്തിന്റെ, ശാന്തിയുടെ സന്ദേശം പകരാൻ കഴിയുന്ന ഒരു നല്ല ചാനലാകാനാണ്‌ മാഗ്നാവിഷൻ ടിവി ആഗ്രഹിക്കുന്നത്‌‌. നല്ല ഗാനങ്ങൾ, സിനിമകൾ, ജീവിത വിജയത്തിനുതകുന്ന പരിപാടികൾ,  വിവിധ പഠന ക്ലാസ്സുകൾ, മറ്റുള്ളവർക്ക്‌ മാതൃകയായ്‌ തീർന്നിട്ടുള്ളവരുടെ ജീവിതാനുഭങ്ങൾ, വളർന്നു വരുന്ന കലാകാരന്മാർക്ക്‌ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ, കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമായ പരിപാടികൾ എന്നിവയാണ്‌ മാഗ്നാവിഷൻ ചാനൽ എന്ന ഈ ടിവി ചാനലിലൂടെ സാധ്യമാകുക. നല്ല ആശയങ്ങൾ, വാർത്തകൾ, അറിവു പകർന്നു നൽകുന്ന പരിപാടികളെല്ലാമാണ് ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്നത്‌.

മലയാളം യുകെ അവാർഡ്‌ നൈറ്റ്‌ മാഗ്നവിഷന്‍ ടിവിയില്‍  സംപ്രേക്ഷണം ചെയ്യുന്ന സമയവും തീയതിയും പിന്നീട്‌ അറിയിക്കുമെന്ന് മാഗ്നാവിഷൻ ടിവി അറിയിച്ചു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ് മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടകന്‍. വൈശാഖും കുടുംബവും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യുകെയില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മികച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ മികവ് തെളിയിച്ചവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

നൃത്തച്ചുവടുകളില്‍ സോനയും, അലീനയും, അനീറ്റയും.. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ ഒരു സാലിസ്ബറി തിളക്കം..

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

Copyright © . All rights reserved