ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ വൈദ്യുതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍. രാജ്യത്തെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബ്രെക്‌സിറ്റ് ബാധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. യൂറോപ്യന്‍ ആണവ ഏജന്‍സിയായ യൂറാറ്റമില്‍ നിന്ന് യുകെ വിട്ടുപോകുന്നത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശദീകരണം. ആണവ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന ഈ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടന്റെ ആണവോര്‍ജ വ്യവസായത്തിന് ആഘാതമാകുമെന്നും ഉദ്പാദനത്തെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

യുകെയിലെ ആണവോര്‍ജ മേഖലയില്‍ വിദേശ നിക്ഷേപം കുറയുന്നതാണ് പിന്‍മാറ്റത്തിന്റെ അനന്തഫലങ്ങളില്‍ ഒന്ന്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും ആണവ സാങ്കേതികതയില്‍ ലോകത്തെ മുന്‍നിരക്കാര്‍ എന്ന സ്ഥാനം ബ്രിട്ടന് നഷ്ടമാകുകയും ചെയ്യും. ഈ സാഹചര്യം ആശങ്കാജനകമാണെന്ന് യുകെ ആറ്റോമിക് എനര്‍ജി ഏജന്‍സി ചെയര്‍മാന്‍ പ്രൊഫസര്‍ റോജര്‍ ക്യാഷ്‌മോര്‍ പറഞ്ഞു. യൂറാറ്റമിലെ അംഗങ്ങള്‍ യൂറോപ്യന്‍ നീതിന്യായ കോടതിയുടെ അധികാരപരിധിയില്‍ ഉള്ളവരായിരിക്കണമെന്നതാണ് ഒരു നിബന്ധന. എന്നാല്‍ ബ്രെക്‌സിറ്റോടെ യുകെ യൂറോപ്യന്‍ കോടതിയുടെ പരിധിയില്‍ നിന്ന് പുറത്തു വരും.

സമ്പുഷ്ട യുറേനിയത്തിന്റെ പ്രമുഖ ഉദ്പാദക രാജ്യമെന്ന നിലയില്‍ യൂറാറ്റം നിബന്ധനകള്‍ക്ക് പകരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ യുകെ എങ്ങനെ കൊണ്ടുവരും എന്ന കാര്യത്തിലും വ്യക്തതയില്ല. ആണവ ഇന്ധനമായ സമ്പുഷ്ട യുറേനിയം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യുകെയാണ് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്നത്. ഇവ കൊണ്ടുപോകുന്നതില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.