വാഷിംഗ്ടണ്‍: പൈലറ്റുമാരുടെ വിന്യാസത്തിലുണ്ടായ പിഴവ് മൂലം പ്രതിസന്ധിയിലായ റയന്‍എയറിന് ഒരു പിന്‍ഗാമി. മറ്റൊരു എയര്‍ലൈന്‍ ഭീമനായ അമേരിക്കന്‍ എയര്‍ലൈനിന് ക്രിസ്തുമസ് സീസണില്‍ സര്‍വീസുകള്‍ നടത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. 15,000 സര്‍വീസുകളിലേക്ക് ആവശ്യമായ പൈലറ്റുമാരില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പൈലറ്റുമാര്‍ക്ക് ക്രിസ്തുമസ് അവധി നല്‍കിയതില്‍ സംഭവിച്ച പിഴവാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. റയന്‍എയറില്‍ പൈലറ്റുമാരുടെ വിന്യാസം പിഴച്ചത് സെപ്റ്റംബറില്‍ മാത്രം 20,000 സര്‍വീസുകളുടെ റദ്ദാക്കലിലേക്ക് നയിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് കമ്പനി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വരാനിരിക്കുന്ന അവധി ദിവസങ്ങളില്‍ ആവശ്യത്തിന് പൈലറ്റുമാരില്ലെന്ന് കമ്പനി അറിയിച്ചതായി അലൈഡ് പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധാരണ നിരക്കുകളേക്കാള്‍ 50 ശതമാനം അധികം പ്രതിഫലം ഓഫര്‍ ചെയ്തിരിക്കുകയാണ് കമ്പനി. എന്നാല്‍ ഈ പ്രശ്‌നമുണ്ടാക്കിയതിന് കമ്പനി തന്നെയാണ് ഉത്തരവാദി എന്ന നിലപാടാണ് യൂണിയന്‍ എടുത്തിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാനാണ് ശ്രമം. ഡിസംബറില്‍ സര്‍വീസുകള്‍ നടത്താന്‍ റിസര്‍വ് പൈലറ്റുമാര്‍ ഉണ്ട്. കോണ്‍ട്രാക്റ്റില്‍ പറഞ്ഞതിന്റെ 150 ശതമാനം അധികം തുക പൈലറ്റുമാര്‍ക്ക് നല്‍കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ശ്രമിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.
സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന നിരവധി നൂതന ആശയങ്ങള്‍ മുന്‍പോട്ട് വച്ചു കൊണ്ട് ലണ്ടന്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 സമാപിച്ചു. ലോകത്തിലെ ഒട്ടുമിക്ക വികസിത രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികളും, ബാങ്കിംഗ് പ്രൊഫഷണല്‍സും, സാമ്പത്തിക വിദഗ്ദരും, മറ്റ് സാങ്കേതിക, ബിസിനസ് രംഗത്ത് നിന്നുള്ള പ്രമുഖരും പങ്കെടുത്ത മീറ്റിംഗ് ഇന്നലെ കാലത്ത് 08.30 മുതല്‍ വൈകുന്നേരം 06.00 വരെ ലണ്ടന്‍ ഒളിമ്പിയയില്‍ ആണ് നടന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ് കോയിന് ഡോളറുമായുള്ള വിനിമയ നിരക്കില്‍ വന്‍ കുതിച്ച് കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ വന്‍ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്.

ആധുനിക ലോകത്തിന്‍റെ നവസാമ്പത്തിക വിപ്ലവമായ ബ്ലോക്ക് ചെയിന്‍ രംഗത്ത് ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യവും ഉണ്ടായത് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമായി മാറുന്നത് കാണുവാനും ബ്ലോക്ക് ചെയിന്‍ ലണ്ടന്‍ സമ്മിറ്റ് വേദിയായി. എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ടിനെ പോലെ ഭരണ രംഗത്തും സാമ്പത്തിക രംഗത്തും ഉള്ള വിദഗ്ദര്‍ പങ്കെടുത്ത സമ്മിറ്റിലെ നിര്‍ണ്ണായകമായ പാനല്‍ ഡിസ്കഷനില്‍ പങ്കെടുക്കാന്‍ ബ്ലോക്ക് ചെയിന്‍ ആന്‍റ് ക്രിപ്റ്റോകറന്‍സിയില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് ക്ഷണം ലഭിച്ചതോടെ ആണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം കരഗതമായത്. യുകെയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ലോയിഡ്സ് ബാങ്കിംഗ് ഗ്രൂപ്പിന്‍റെ പ്രതിനിധി ആഷ്‌ലി പാട്രിക്സും ബാങ്ക് ഓഫ് ഫ്രാന്‍സിന്‍റെ പ്രതിനിധി ഗ്വില്ല്യം ആന്ദ്രെയും ആയിരുന്നു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റ് രണ്ട് പേര്‍. പാരീസ് ആസ്ഥാനമായ ബാങ്ക് ഓഫ് ഫ്രാന്‍സ് ഫ്രാന്‍സിലെ സെന്‍ട്രല്‍ ബാങ്ക് ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് 1848 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളെ കരകയറ്റിയത്. യൂറോപ്പ്യന്‍ സിസ്റ്റം ഓഫ് സെന്‍ട്രല്‍ ബാങ്കിന്‍റെ പലിശ നിരക്ക് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും ബാങ്ക് ഓഫ് ഫ്രാന്‍സ് ആണ് വഹിക്കുന്നത്.

ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ ലീഗല്‍ സൈഡില്‍ ഉപദേശം നല്‍കുന്നതിനായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു മലയാളി നിയമ വിദഗ്ദനെ ക്ഷണിച്ചത് എസ്റ്റോണിയന്‍ വൈസ് പ്രസിഡണ്ട് ട്രാവി റോയ്വാസ്, ബാര്‍ക്ക്ലെയ്സ് ബാങ്കിന്‍റെ മൊബൈല്‍ ഇന്നവേഷന്‍ ഹെഡ് ജൂലിയന്‍ വില്‍സണ്‍, ലീഗല്‍ ആന്‍റ് ജനറല്‍ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ മാര്‍ട്ടിന്‍ എക്ടര്‍സ്, ഇഡിഎഫ് ഡിജിറ്റല്‍ ഹെഡ് ഡേവിഡ് ഫെര്‍ഗൂസന്‍, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലാന്റ് ഇന്നവേഷന്‍ ഹെഡ് റിച്ചാര്‍ഡ് ക്രൂക്ക്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധി മൈക്കല്‍ കര്‍ട്ടോണി, എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് സ്റ്റുവര്‍ട്ട് സൂദ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത മീറ്റിങ്ങില്‍ ആണെന്നത് സമാനതകളില്ലാത്ത അഭിമാന നേട്ടമാണ്.

2016 ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ബ്ലോക്ക് ചെയിന്‍ മീറ്റില്‍ ലോകപ്രശസ്ത ക്രിപ്റ്റോ കറന്‍സിയായ എതൂരിയം സ്ഥാപകന്‍ വിറ്റാലിക് ബുട്ടെരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച സെമിനാര്‍ നയിച്ചതും ബ്ലോക്ക്ചെയിന്‍ ആന്‍റ് ക്രിപ്റ്റോ കറന്‍സി രംഗത്ത് ആഗോള തലത്തില്‍ നിയമോപദേശം നല്‍കുന്ന അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. ഈ രംഗത്ത് അഡ്വ. സുഭാഷിനുള്ള നിയമ പാണ്ഡിത്യം തന്നെയാണ് ലണ്ടനില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജിന് അവസരമൊരുക്കിയതും.
യുകെയില്‍ ആദ്യമായിട്ടാണ് ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് നടന്നത്. അടുത്ത ബ്ലോക്ക് ചെയിന്‍ സമ്മിറ്റുകള്‍ക്ക് വേദിയാകുന്നത് സിംഗപ്പൂരും ദുബായിയും ആണ്. ഇവിടങ്ങളിലും ലീഗല്‍ സൈഡിലുള്ള നിയമോപദേശം നല്‍കുന്നതിനുള്ള ക്ഷണവും അഡ്വ. സുഭാഷ് ജോര്‍ജ്ജ്അ മാനുവലിന്ന ലഭിച്ചിട്ടുണ്ട്ന്. അനന്ത സാധ്യതകള്‍ ഉള്ള ഇന്‍വെസ്റ്റ് രംഗം എന്ന നിലയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി മേഖലയുടെ വാതായനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും രണ്ടാമത്തെ മകന്‍ ഹാരി രാജകുമാരന്റെയും വിവാഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ വിന്‍സര്‍ കാസിലില്‍ വെച്ചായിരിക്കും ഇവരുടെ വിവാഹം. മുന്‍ ഹോളിവുഡ് നടിയായ മെഗാന്‍ മാര്‍ക്കിള്‍ ആണ് ഹാരിയുടെ വധു. അമേരിക്കയിലെ ലോസാഞ്ചലസ് സ്വദേശിയായ മെഗാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരന്റെ വധുവാകുമ്പോള്‍ ചില അപൂര്‍വതകള്‍ കൂടിയുണ്ട് പറയാന്‍. രാജകുടുംബത്തിലേക്ക് ഒരും മിശ്ര വംശജ വധുവായി എത്തുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
അതേ, മെഗാന്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരിയുടെയും വെളുത്ത വര്‍ഗ്ഗക്കാരന്റെയും മകളാണ്. 1987ല്‍ മെഗാന് ആറ് വയസുള്ളപ്പോള്‍ വിവാഹമോചിതരായവരാണ് മാതാപിതാക്കള്‍. ഡച്ച്-ഐറിഷ് പാരമ്പര്യമുള്ള തോമസ് മാര്‍ക്കിള്‍ ആണ് മെഗാന്റെ പിതാവ്. ആഫ്രിക്കന്‍ അമേരിക്കന്‍ പാരമ്പര്യമുള്ള ഡോറിയ മാതാവും. ഡോറിയയുടെ മുതുമുത്തച്ഛന്‍ അമേരിക്കയില്‍ അടിമത്തം പുലര്‍ന്ന കാലത്ത് പിറന്നയാളാണ്. 1865ലെ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ മോചിതനായ ഇദ്ദേഹം തന്റെ പേരില്‍ വിസ്ഡം എന്ന് കൂട്ടിച്ചേര്‍ത്തു. ഈ അടിമ വംശത്തില്‍ നിന്നുള്ള ഒരാള്‍ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വധുവായി എത്തുന്നത് ചരിത്രപരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണിനെപ്പോലെ മെഗാനും പേരിനൊപ്പം രാജകുമാരി എന്ന വിശേഷണത്തിന് അര്‍ഹയായിരിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. രാജരക്തമല്ലാത്തവരെ രാജകുമാരി എന്ന പേരില്‍ വിളിക്കാന്‍ ബ്രിട്ടീഷ് രാജവംശത്തിന്റെ ആചാരം അനുവദിക്കുന്നില്ല. എന്നാല്‍ പ്രിന്‍സസ് ഹാരി ഓഫ് വെയില്‍സ് എന്ന പേരില്‍ മെഗാന്‍ അറിയപ്പെടും. ഡയാന പ്രിന്‍സസ് ചാള്‍സ് ഓഫ് വെയില്‍സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹമോചനത്തിനു ശേഷം വെയില്‍സ് രാജകുമാരി എന്നും ഡയാന അറിയപ്പെട്ടു.
ലണ്ടന്‍: അടുപ്പക്കാരില്‍ നിന്നും സംരക്ഷണച്ചുമതലയുള്ള മുതിര്‍ന്നവരിവല്‍ നിന്നും കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. എന്‍എസ്പിസിസി കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2014 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ 80 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പ്രൊഫഷണല്‍മാരായ അധ്യാപകര്‍, കെയര്‍ ജീവനക്കാര്‍, യൂത്ത് ജസ്റ്റിസ് വര്‍ക്കര്‍മാര്‍ എന്നിവര്‍ അവരുടെ സംരക്ഷണയിലുള്ളവര്‍ക്കു നേരെ നടത്തിയിട്ടുള്ള അതിക്രമങ്ങളുടെ എണ്ണം ഈ വര്‍ഷം ജൂണില്‍ 290 ആയതായാണ് വിവരം.
അതേ സമയം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് 159 എണ്ണം മാത്രമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 1000 കുറ്റകൃത്യങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഓരോ വര്‍ഷവും ഇതിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 15 വയസില്‍ പള്ളി ഗ്രൂപ്പിലെ യൂത്ത് ലീഡര്‍ പീഡിപ്പിക്കാന്‍ ആരംഭിച്ച കുട്ടിയുടെ കഥയും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമൊക്കെ തനിക്കൊപ്പം സമയം ചെലവിടാനും മെസേജുകള്‍ ചെയ്യാനും തുടങ്ങിയ യൂത്ത് ലീഡര്‍ തനിക്ക് 16 വയസായതോടെ മറ്റൊരു വിധത്തില്‍ പെരുമാറാന്‍ തുടങ്ങിയതായി കുട്ടി വെളിപ്പെടുത്തുന്നു. അയാള്‍ക്കെതിരെ സംസാരിക്കാന്‍ കഴിയാത്ത വിധത്തില്‍ താന്‍ ആശയക്കുഴപ്പത്തിലായിപ്പോയെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.
നിലവിലുള്ള നിയമ വ്യവസ്ഥകള്‍ കുട്ടികളുടെ സംരക്ഷണം പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നില്ലെന്നാണ് ക്യാംപെയിനര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്ന സ്‌പോര്‍ട്‌സ് കോച്ചുമാര്‍, മതനേതാക്കള്‍, കലാപ്രവര്‍ത്തകര്‍ മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ കാര്യത്തില്‍ ചില ഇളവുകള്‍ ഈ നിയമം നല്‍കുന്നുണ്ട്. 16-17 വയസ് പ്രായമുള്ളവരുമായി ഇവരുടെ ലൈംഗികബന്ധം നിയമവിരുദ്ധമായി കാണാന്‍ കഴിയില്ല. സ്‌പോര്‍ട്‌സ് കോച്ചുമാരുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെ വരുത്തിയിട്ടുണ്ട്. മറ്റ് മേഖലകളിലും നിയന്ത്രണം വരുത്തണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് ബില്ലില്‍ യുകെയും യൂറോപ്യന്‍ യൂണിയനും സമവായത്തിലെത്തിയെന്ന വാര്‍ത്തക്കു പിന്നാലെ പൗണ്ടിന്റെ മൂല്യം കുതിച്ചുയര്‍ന്നു. അടുത്ത മാസത്തോടെ നിര്‍ണ്ണായകമായ വാണിജ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ സമവായത്തിലൂടെ സാധിക്കുമെന്നതിനാലാണ് പൗണ്ടിന് ഉണര്‍വുണ്ടായത്. ഡോളറിനെതിരെ 0.9 ശതമാനം മൂല്യം ഉയര്‍ന്ന പൗണ്ട് ഇപ്പോള്‍ 1.3367 ഡോളര്‍ നിരക്കിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി 44 മുതല്‍ 55 ബില്യന്‍ യൂറോയുടെ നഷ്ടപരിഹാര വ്യവസ്ഥക്കാണ് അംഗീകാരമായത്.
യൂറോക്കെതിരെ പൗണ്ടിന്റെ മൂല്യം ഒരു ശതമാനത്തിലേറെ വര്‍ദ്ധിച്ച് 1.1271 യൂറോ നിരക്കിലെത്തി. 2019ല്‍ നടക്കുമായിരുന്ന പ്രതിസന്ധികള്‍ നിറഞ്ഞ ബ്രെക്‌സിറ്റ് ഒഴിവാക്കിക്കൊണ്ടാണ് ഡിവോഴ്‌സ് ബില്ലിന് അംഗീകാരമായത്. ഡിസംബറില്‍ ഇടക്കാല വാണിജ്യ ഉടമ്പടികള്‍ നിലവില്‍ വരാനുള്ള സാധ്യതകളും ഇതോടെ തെളിഞ്ഞു. ഈ വ്യവസ്ഥയനുസരിച്ച് രൂപീരിച്ച രീതിശാസ്ത്രമനുസരിച്ചായിരിക്കും അവസാന ഘട്ടത്തില്‍ നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
ബ്രെക്‌സിറ്റിനോടനുബന്ധിച്ച് യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനു അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനുമിടയിലുണ്ടാകാനിടയുള്ള അതിര്‍ത്തി പ്രതിസന്ധി ഏതു വിധത്തില്‍ പരിഹരിക്കാമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. വാണിജ്യ ചര്‍ച്ചകള്‍ക്ക് മുമ്പായി ഈ പ്രശ്‌നവും ഡിവോഴ്‌സ് ബില്‍, യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലുള്ള അവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ കാര്യമായ ഇടിവ് ഉണ്ടായിരുന്നു. ഡോളറിനും യൂറോയ്ക്കും താഴേക്ക് പോയ പൗണ്ട് ഇപ്പോള്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
എൻ എച്ച് എസിലേക്ക് ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമായി 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് അറിയിച്ചു. ആദ്യ ബാച്ചിൽ പെട്ട500 നഴ്സുമാർ മാർച്ചിൽ എത്തും. തത്ക്കാലിക നിയമനം മാത്രമാണ് ഇവർക്ക് ലഭിക്കുക. തങ്ങളുടെ കോൺട്രാക്റ്റ് കഴിഞ്ഞാൽ അതാത് രാജ്യങ്ങളിലേയ്ക്ക് മടങ്ങണം എന്ന നിബന്ധനയോടെയാണ് റിക്രൂട്ട്മെന്റ് ചെയ്യുന്നത്. യുകെയിൽ എത്തുന്ന നഴ്സുമാർക്ക് ട്രെയിനിംഗ് നല്കി എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ നിയമിക്കും. എത്ര കാലത്തേക്കാണ് നിയമനമെന്ന് വ്യക്തമാക്കിയിട്ടില്ല.
യുകെയിലുള്ള നഴ്സിംഗ് ഗ്രാജ് വേറ്റുകൾ പ്രഫഷൻ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നഴ്സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോർട്ടേജ് കാരണം എൻ എച്ച് എസ് വൻ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവർസീസ് നഴ്സുമാരെ തത്കാലികാടിസ്ഥാനത്തിൽ കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. ദീർഘകാല പദ്ധതി വഴി സ്റ്റാഫ് ഷോർട്ടേജ് കുറയ്ക്കുന്നതിനു പകരം കുറുക്കു വഴി തേടുന്നത് ഗുണകരമല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ വിമർശനമുന്നയിച്ച് കഴിഞ്ഞു. 5000 ജി.പിമാരെ വിദേശ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യാനും പദ്ധതിയുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം മേയില്‍. അടുത്തവര്‍ഷം വിവാഹം ഉണ്ടാകുമെന്ന് തിങ്കളാഴ്ച ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരന്‍ വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ വിവാഹത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. എലിസബത്ത് രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാകും താലികെട്ട്. പ്രൊട്ടസ്റ്റന്റുകാരിയായ മെഗാന്‍ മെര്‍ക്കല്‍ വിവാഹത്തിനുമുമ്പ് ആംഗ്ലിക്കന്‍ സഭയുടെ ആചാരങ്ങള്‍ അനുസരിച്ചുള്ള മാമോദീസയും മറ്റ് കൂദാശകളും സ്വീകരിച്ച് രാജകീയ വധുവായി ഒരുങ്ങും. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വവും സ്വീകരിക്കും.
നിയമപരമായ നടപടികളും പാസ്‌പോര്‍ട്ട് നിയമങ്ങളും പാലിച്ചാകും ഇത്. ചാള്‍സിനു ശേഷം കിരീടാവകാശിയായ ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും വിവാഹം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ വച്ചായിരുന്നു. ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ വന്‍നിരതന്നെ വിവാഹചടങ്ങിന് എത്തും. ഹാരിയുടെ അടുത്ത സുഹൃത്തായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാണെങ്കിലും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ക്ഷണമുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശികളുടെയെല്ലാം വിവാഹത്തിന് അമേരിക്കന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. വില്യമിന്റെ വിവാഹത്തിനുള്‍പ്പെടെ അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ട്രംപിനെ ഇക്കുറി ക്ഷണിതാക്കളുടെ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം പ്രതിഷേധങ്ങള്‍ ഭയന്ന് ട്രംപ് ഇനിയും ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയിട്ടില്ല.
പ്രിൻസ് രാജകുമാരന്റെ വിവാഹ ദിവസം ബാങ്ക് ഹോളിഡേ ലഭിച്ചിരുന്നു. എന്നാൽ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മെഗാന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം ദിവസം പൊതു അവധി ലഭിക്കാനുള്ള സാധ്യത ബക്കിങ്ങ്ഹാം പാലസ് നേരെത്തെ തള്ളിയിരുന്നു.
ശനിയാഴ്ച സായാഹ്നത്തില്‍ പോര്‍ട്ട്‌ചെസ്റ്ററിലെ കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേര്‍ന്ന സംഗീതാസ്വാദകര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരനുഭവതതിന്റെ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച് കൊണ്ടായിരിക്കും മടങ്ങി പോയത് എന്ന് തീര്‍ച്ചയാണ്. അത്രയേറെ ഹൃദയസ്പര്‍ശിയായ ഒരു സംഗീത സായാഹ്നം ആയിരുന്നു ടീം സംഗീത് മല്‍ഹാര്‍ അണിയിച്ചൊരുക്കിയത്. പഴയതും പുതിയതുമായ ഗാനങ്ങള്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി അനുഗ്രഹീത ഗായകരുടെ കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയപ്പോള്‍ അത് മറക്കാനാവാത്ത അനുഭവമായി മാറി.
ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു ‘സംഗീത് മല്‍ഹാര്‍’ എന്ന മനോഹര പരിപാടിക്ക് ആരംഭം കുറിച്ചത്. പ്രശസ്ത ഗാന രചയിതാവായ പ്രകാശ് അഞ്ചല്‍ ആണ് ഭദ്രദീപം കൊളുത്തി സംഗീത് മല്‍ഹാര്‍ ഉദ്ഘാടനം ചെയ്തത്. അനുഗ്രഹങ്ങളുമായി ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. അനൂപും, റവ. ഫാ. വര്‍ഗീസും പ്രകാശിനൊപ്പം നിലവിളക്കിലെ തിരിനാളങ്ങള്‍ തെളിയിച്ചു. ടീം സംഗീത് മല്‍ഹാര്‍ സാരഥികളായ നോബിള്‍ മാത്യു, രാജേഷ് ടോംസ്, മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, അവതാരിക രശ്മി രാജേഷ്, മറ്റ് സംഘാടകര്‍, ഗായകര്‍ തുടങ്ങിയവരും പ്രൌഡ ഗംഭീരമായ സദസ്സിനൊപ്പം ആ ധന്യ നിമിഷത്തിനു സാക്ഷികളായി മാറി.


യുകെയിലെ ഏറ്റവും മികച്ച പാട്ടുകാര്‍ ഒന്നൊന്നായി വേദിയിലെത്തിയ അസുലഭ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്. ഓരോ പാട്ടുകളും നിറഞ്ഞ കരഘോഷത്തോടെ ആയിരുന്നു കാണികള്‍ സ്വീകരിച്ചത്. ജൂനിയര്‍ എ ആര്‍ റഹ്മാനും യതീന്ദ്രദാസും വേദിയില്‍ എത്തിയതോടെ സദസ്സ് ഇളകി മറിഞ്ഞു. അടിപൊളി ഗാനങ്ങളോടെ ഇരുവരും അരങ്ങ് തകര്‍ത്തപ്പോള്‍ അത് തികച്ചും വേറിട്ട അനുഭവമായി മാറി.

ഹൃദയഹാരിയായ ഗാനങ്ങള്‍ക്കൊപ്പം തന്നെ കണ്ണുകള്‍ക്ക് കാഴ്ച്ചയുടെ അമൃതം നല്‍കി മനോഹരമായ നൃത്തച്ചുവടുകളും അരങ്ങിലെത്തി. ബോളിവുഡ് ഗാനങ്ങള്‍ക്കും മലയാള ഗാനങ്ങള്‍ക്കും ഒപ്പം ചുവടു വച്ച നര്‍ത്തകര്‍ സദസ്യരെ ഇളക്കി മറിച്ചു. കൂടാതെ രസച്ചരട് തീര്‍ക്കാന്‍ മികച്ച കോമഡി സ്കിറ്റുകളും അരങ്ങേറി. വരുണ്‍ മയ്യനാടും ശോഭന്‍ ബാബുവും ചേര്‍ന്ന് ശബ്ദാനുകരണത്തിന്‍റെ അത്ഭുത വിദ്യകള്‍ അവതരിപ്പിച്ചത് കയ്യടി നേടി.
ഓര്‍മ്മയില്‍ എന്നെന്നും കാത്തു സൂക്ഷിക്കാന്‍ പറ്റിയ ഈ സായാഹ്നം ആസ്വദിക്കാന്‍ നവംബറിലെ കൊടും ശൈത്യം പോലും കാര്യമാക്കാതെ എത്തിയ അഞ്ഞൂറിലധികം വരുന്ന കാണികളെ കാത്ത് രുചികരമായ വിഭവങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. മിതമായ വിലക്ക് നല്‍കിയ നാടന്‍ ഭക്ഷണം ഏവരും നന്നായി ആസ്വദിച്ചു.

സംഗീത് മല്‍ഹാറിന്‍റെ നാലാം എപ്പിസോഡ് മറ്റൊരു ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തില്‍ പരിപാടികള്‍ക്ക് തിരശ്ശീല വീണത് രാത്രി പത്ത് മണിയോട് കൂടി ആയിരുന്നു. യുകെ മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഈ പ്രോഗ്രാം സംഘാടന മികവിലും അവതരണ ശൈലിയിലും മികച്ച് നിന്ന ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം. ഗ്രേസ് മെലഡിയോസ് പോര്‍ട്സ്മൗത്ത്, ഹെവന്‍ലി വോയ്സ് സാലിസ്ബറി, മേഘ വോയ്സ് സൌത്താംപ്ടന്‍, മഴവില്‍ സംഗീതം ബോണ്‍മൌത്ത് തുടങ്ങിയ ടീമുകളില്‍ നിന്നുള്ള ഗായകര്‍ ആയിരുന്നു ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഗാനങ്ങള്‍ ആലപിച്ചത്.





ലണ്ടന്‍: വിന്റര്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് ഡിസംബര്‍ ഒന്നിനാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് പത്ത് വരെയെത്തി. ഇതോടെ ജനങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ പ്രദേശങ്ങളായ ടീസ്‌ഡെയില്‍, കൗണ്ടി ഡര്‍ഹാം എന്നിവിടങ്ങള്‍ മഞ്ഞ് പുതച്ചു കഴിഞ്ഞു. ഐസ് ലാന്‍ഡ് തലസ്ഥാനത്തേക്കാള്‍ തണുപ്പ് ബ്രിട്ടനില്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. റെയ്ക്യാവിക്കില്‍ ഉയര്‍ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസും ഹെല്‍സിങ്കില്‍ 3 മുതല്‍ 4 ഡിഗ്രി വരെയുമാണ് ഈയാഴ്ച പ്രതീക്ഷിക്കുന്നത്.
സ്‌കോട്ട്‌ലന്‍ഡിന്റെ വടക്കന്‍ ഭാഗങ്ങളില്‍ രാത്രിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വ്യാഴവും വെള്ളിയും താപനില ഏറ്റവും കുറഞ്ഞ ദിവസങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്‌ലന്‍ഡിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മൈനസ് പത്ത് വരെ താപനില താഴും. കടുത്ത ശൈത്യം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പ്രായമുള്ളവരുടെയും കുട്ടികളുടെയു കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.
ഹൃദയ രോഗികള്‍ക്കും ശ്വാസകോശ രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കണം. വീടുകള്‍ക്കുള്ളിലെ താപനിയ 18 ഡിഗ്രിയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള ഒരു വസ്ത്രം മാത്രം ധരിക്കാതെ കനം കുറഞ്ഞ ഒന്നിലേറെ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉത്തമമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ റോഡുകളില്‍ മഞ്ഞ്മൂടി തെന്നലുണ്ടാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളേക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും കുട്ടികള്‍ രോഗബാധിതരായെന്ന് തോന്നിയാല്‍ ജിപിമാരെ സമീപിക്കണമെന്നും ജനങ്ങള്‍ക്ക് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുന്നു.
10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നതെങ്കിലും ഏത് പ്രായക്കാര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. തൊണ്ടയടപ്പ്, തലവേദന എന്നിവയോട്കൂടിയ പനിയും ചര്‍മ്മത്തില്‍ സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് ഉരച്ചതുപോലെയുള്ള ചുവന്ന പാടുകളുമാണ് പ്രധാന ലക്ഷണങ്ങള്‍. ന്യുമോണിയ, സെപ്‌സിസ്, കരള്‍, വൃക്ക തകരാറുകള്‍ എന്നിവ ഈ രോഗത്തിന് അനുബന്ധമായി ഉണ്ടാകുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് വിഭാഗത്തിലുള്ള ഒരു ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരും.
വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ രോഗം കാണാറുണ്ടെങ്കിലും സ്പ്രിംഗിലാണ് ഏറ്റവും കൂടുതലുള്ളത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കുട്ടികളുടെ മരണങ്ങള്‍ക്ക് ഏറ്റവും വലിയ കാരണക്കാരന്‍ ഈ രോഗമായിരുന്നു. 1900 മുതല്‍ 1930 വരെയുള്ള സമയത്ത് ഈ രോഗം മൂലം ഇംഗ്ലണ്ടിലും വെയില്‍സിലും മരിച്ചവരുടെ എണ്ണം 100,000 കടന്നിരുന്നു. ഇപ്പോള്‍ ഈ രോഗം വ്യാപകമാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും വിയറ്റ്‌നാം, ചൈന, സൗത്ത് കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ ഈ രോഗം പടരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്നതും യുകെയിലെ രോഗവ്യാപനവുമായി നേരിട്ട് ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സ്‌ട്രെപ്‌റ്റോകോക്കല്‍ രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ മേധാവി ഡോ.തെരേസ ലമാഗ്നി പറഞ്ഞു.